ഇശല്‍: കെസ്സ്
കൊല്ലം ഒരുനൂറ്റി മുപ്പത്താറിതില്‍
വെള്ളപ്പൊക്കം കൊണ്ടുള്ളാഫത്ത്-പിണ-
ഞ്ഞല്ലോ വളരെയിക്കാലത്ത്
കുന്നും മലയിടിഞ്ഞും കണ്ടിപൊട്ടി
മണ്ണും കല്ലും മണല്‍ പാടത്ത് -ചാടി
വന്നേറെ നഷ്ടം സമ്പാദിത്ത്
തുള്ളി മുറിയാതെ മാരി ചൊരിഞ്ഞും
നാരം ഉറഞ്ഞും-തോടും പുഴകളും
പാടം നിറഞ്ഞും-റോഡു കവിഞ്ഞും-വന്ന്-
പുരയില്‍ കടന്ന്-ചുമരും പുതര്ന്ന്
പൊട്ടിപ്പൊളിന്തിട്ടെ മനമുറ്റും തമര്ന്നാനേ
മുറ്റും തമര്ന്നതില് വീട്ടുസാമാനം
ഒട്ടാകെ ഇട്ടേച്ചുപോയിട്ടേ-മുതല്‍
ഒട്ടുക്കും വെള്ളത്തിലാണ്ടിട്ടേ
മുട്ടിമരം മുളയും തെരപ്പങ്ങള്‍
കെട്ടിപ്പുഴക്കല് കൊണ്ടോയിട്ടേ-സര്‍വ്വം
കെട്ടറ്റു വെള്ളത്തിലാണ്ടിട്ടേ
*************
അടിക്കുറിപ്പ് : കൊല്ലം ഒരുനൂറ്റിമുപ്പത്താറ്-കൊല്ലവര്‍ഷം 1136 ആഫത്ത്-ആപത്ത്, കണ്ടി-പാടത്തും തോട്ടിലും വെള്ളം തടയാന്‍വേണ്ടി കെട്ടുന്ന കൊച്ചുവരമ്പ്. നാരം-വെള്ളം. മനമുറ്റും-വീടുകള്‍ മുഴുക്കെ. തമര്‍ന്നു-തകര്‍ന്നു.
ഒട്ടേറെയാളുകള്‍ വീട്ടിന്നൊഴിച്ചും
കാട്ടില്‍ വസിച്ചും-ഊക്കം പാലം റോഡും
കുത്തിയൊലിച്ചും ചത്ത് മലച്ചും
പോയി-പട്ടിയും നായി-പൂച്ചയും കോയി
കൂടെപ്പെരുത്താടും പശുമാടും നശിച്ചാനേ.
മാടും നശിച്ച് വയല്‍കളില്‍ ജലം
മൂടി നെല്ലും വാഴത്തോട്ടമേ-ചീഞ്ഞ്
കേട് പൂളക്കും വന്നേറ്റമേ
മാറി ഗതാഗതം തീരെ നിന്നുപോയ്
കാറും ബസ്സും ലോറി ഓട്ടമേ-നില-
ച്ചേറെക്കുറെ പാട് മാറ്റമേ
പാടുവാന്‍ ആളപായങ്ങള്‍ ഭവിത്ത്-മുങ്ങി മരിത്ത്
പാമ്പും പന്നീകൂരന് മാനും ഒലിത്തെ-
ആനയും ചത്തെ
ശേഷം-ഏറിയെ നാശം-വന്നെ വിശേഷം
ഉന്നുന്നെനൈ ബന്നം കഥ പിന്നും അറിവീരെ
പിന്നെ തോണി മറിഞ്ഞ്-മുങ്ങിപെരുത്തെണ്ണം
ജനങ്ങള്‍ മരിത്തിടൈ-ശവം-മണ്ണിന്ന് മാന്തിയെടുത്തിടൈ
പേശിടുവാന് കടല്‍ കോപമുണ്ടായി
മോശ ഇരമ്പി അടുത്തിടൈ-പലെ
ദോഷങ്ങള്‍ വന്നു ഭവിത്തിടൈ
അന്നു കട ഹോട്ടല്‍ മുച്ചൂടും പൂട്ടി-കച്ചോടം മാറ്റി
അല്പം അരിനെല്ലും കിട്ടാതെയാട്ടി-കുട്ട്യോളും വീട്ടില്‍
പള്ള വിശന്നും പഷ്ണി കിടന്നും
അത്തരം ആപത്തിനി എത്രയും ഉണ്ട്.
*************
അടിക്കുറിപ്പ്: നായി-നായ, കോയി-കോഴി, ഉന്നുന്നെനൈ-ഞാന്‍ പറയാന്‍ ഒരുങ്ങുന്നു, ബന്നം- വളരെ,മോശ-മോസ, തിരമാല. ആട്ടി-സ്ത്രീ, പഷ്ണി-പട്ടിണി.
ഇശല്‍: വീണ് ബഹര്‍
ഉണ്ടനര്ഥം കേരളം മറ്റു പുരികളെല്ലാം
ഉന്നിയാല്‍ അതിന്നൊരു കയ്യും കണക്കുമില്ലാ
വിണ്ടത് കൊണ്ടെന്റെ കേരളത്തില്‍ വന്നെ നാശം
വിള്ളിടുവാന് മാത്രമേ ഉള്ളു എനിക്കുദ്ദേശം
കുണ്ടിടിഞ്ഞ് ആളപായം വന്ന് അട്ടപ്പാടി
കൂറുവാന്‍ കുറ്റ്യാടിയും ജബല്‍ ഉതിര്‍ന്ന് ചാടി
അണ്ടെപോലെ നാടുകാണി വീടിണിഞ്ഞുകൊണ്ടേ
അങ്ങുമിങ്ങും പോക്കും വരവും മുടങ്ങീട്ടുണ്ട്.
ഉന്നുവാന്‍ കേക്കന് മലയില്‍ നിന്ന് വന്ന പാമ്പ്
ഒഴുകി അങ്ങൊരു മരത്തിമ്മല് അടിച്ചു കേമ്പ്
പിന്നെ വന്നു ഊക്കനായൊരു മുതല പൊങ്ങി
വീണൊലിച്ച് പോണ പോത്തുംകുട്ടിനെ വിഴുങ്ങി.
വന്ന് വെള്ളം കേറി വീണുെള്ള പുരന്റെ കന്നം
പാടിയാല്‍ തീരാ നിലമ്പൂരാണധികം എണ്ണം
വന്നു അപ്പോലെ വടപുറം മുതല്‍ മമ്പാടും
വെക്കലില്ലാ വീണുപോയിട്ടുണ്ട് വീടെമ്പാടും
എമ്പുവാന് പതിയെടവണ്ണാ മസ്ജിദൊന്ന്
ഏന്തിയെ വെള്ളത്തില്‍ വീണൊലിച്ചുപോയി അന്ന്
അംബുദം കേറി അരുവിക്കോട് വാഴക്കാടും
അങ്ങിനെ ഫറൂഖിലും കല്ലായി കോഴിക്കോടും.
മുമ്പറഞ്ഞപോല് മലപ്പുറം തിരൂരങ്ങാടി
മൂടിടൈ പനമ്പുഴ ആനക്കയം നൂറാടി
തമ്പുരാനെ ഭാരതപ്പുഴക്ക് വന്ന ഊക്ക്
താങ്ങുവാന്‍ കയ്യാതെ പറ്റി
ഏറിയെ ഹലാക്ക്
ഏറിയെ ഹലാക്ക് വടക്കെ
മലബാറിന്നും
ഏശിടൈ ആലപ്പുഴ കൊച്ചി
പ്രദേശത്തിന്നും...
*************
അടിക്കുറിപ്പ്: മറ്റുപുരികള്-മറ്റു ദേശങ്ങളിലും, ജബല്‍-മല, നാടുകാണി-ചുരം, പോത്തുകുട്ടിനെ-പോത്തിന്‍കുട്ടിയെ. കന്നം-ഗണം, എണ്ണംവെക്കലില്ലാ-കുറവില്ല, ഏന്തിയെ-കയ്യുയര്‍ത്തിയ അംബുദം-വെള്ളം, അരുവിക്കോട്-അരീക്കോട്, രീതി ഒപ്പിക്കാന്‍ വേണ്ടി സ്ഥലനാമം പരത്തിയിരിക്കുന്നു, ഒരു പക്ഷേ ഇത് പഴയ രൂപമാകാം.
*************
കുറുവാന്‍ കടല്ക്കരെക്കുണ്ടായിടൈ ഉപദ്രം
കോപമായ് വെള്ളം അടിച്ച്
കേറ്റീടൈ സമുദ്രം
മോറി ഊറ്റിയ വിധം തിരുവിതാംകൂറെല്ലാം
മൂടി കൊല്ലത്തും പറയാന്‍ ഉണ്ടനേകം തൊല്ലാ.
കേരളം മദിരാശി മൈസൂരും പലെ സംസ്ഥാനം
കേടു ഭവിത്തീന്ത്യയില് ഇപ്പോലെ പെരുത്തൂനം
നീര്‍ത്തുവാന്‍ നഷ്ടപ്പരിഹാരത്തിനൊരു ഫണ്ട്
നീക്കിവെച്ച് നല്കിടുന്നുണ്ട് പണം
ഗവണ്മെന്റ്
ജോറിനാല് അന്വേഷണം നടത്തിടുന്നു വെള്ളി
സ്വല്പ്പമുള്ളൂ, ബാക്കി നഷ്ടം വന്നതൊക്കെ തള്ളീ
കേറിവെള്ളംകൊണ്ട് നാട്ടില്‍ വന്നണഞ്ഞിട്ടുള്ളാ
കേട് വേഗം തീര്‍ത്ത് രക്ഷിക്കേണമേ യാ അള്ളാ.
*************
അടിക്കുറിപ്പ്: ഹലാക്ക്-നാശം, കഷ്ടപ്പാട്. ഉപദ്രം - ഉപദ്രവം. മോറി ഊകിയ വിധം -തേച്ച് കഴുകിയപോലെ, തൊല്ലാ-ബുദ്ധിമുട്ട്. പെരുത്തൂനം-പെരുത്ത് ഊനം. നീര്‍ത്തുവാന്‍-പറയുവാന്‍. ജോറിനാല്-കേമമായി. യാ അള്ളാ-ദൈവമേ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..