പതിനാറാം നൂറ്റാണ്ടിലെ അജ്ഞാതരായ ശില്പികള്‍ കൊത്തിയെടുത്ത ലെപാക്ഷി


കെ. വിശ്വനാഥ്‌

'ഇവിടത്തെ ചുവര്‍ച്ചിത്രങ്ങള്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ ലെപാക്ഷി ക്ഷേത്രത്തിലെ നൃത്തമണ്ഡപത്തിന്റെ മേല്‍ക്കൂരയിലെ ചിത്രങ്ങള്‍കൂടിയൊന്ന് കാണണം.' ലെപാക്ഷി ക്ഷേത്രത്തെക്കുറിച്ച് പിന്നെയും ഏറെ കാര്യങ്ങള്‍ അവര്‍ പറഞ്ഞുതന്നിരുന്നു. അന്ന് ഉറപ്പിച്ചതാണ് ലെപാക്ഷി കാണണമെന്നത്.

ലെപാക്ഷിയിലെ വീരഭദ്ര ക്ഷേത്രം

രിത്രസ്മാരകങ്ങളിലേക്കുള്ള യാത്രയ്ക്കിടയില്‍ ആരെയെങ്കിലുമൊക്കെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കാറുണ്ട്. കാരണം അവിടെയെത്തുന്നവരില്‍ ചിലരെങ്കിലും ചരിത്രത്തെയും ശില്പകലയെയും കുറിച്ച് ആഴത്തില്‍ അറിവുള്ളവരും അത് മറ്റുള്ളവരുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നവരുമായിരിക്കും. പലപ്പോഴും അതതിടങ്ങളിലെ ഗൈഡുകള്‍ നല്കുന്നതിനെക്കാള്‍ ആധികാരികവും സത്യസന്ധവുമായ വിവരണങ്ങള്‍ നല്കാന്‍ അവര്‍ക്കു കഴിയും. കാരണം പല ഗൈഡുകളും പറയുന്ന കഥകളില്‍ ചരിത്രയാഥാര്‍ഥ്യങ്ങളെക്കാള്‍ ഐതിഹ്യങ്ങളും കെട്ടുകഥകളുമായിരിക്കും കൂടുതല്‍. അജന്താഗുഹകള്‍ സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെ പരിചയപ്പെട്ട പഞ്ചാബിസുന്ദരി ഇഷാനി കൗറാണ് ലെപാക്ഷി ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞത്. ചരിത്ര-ചിത്രകുതുകിയായ ഇഷാനി ഇത്രയേ പറഞ്ഞുള്ളൂ: 'ഇവിടത്തെ ചുവര്‍ച്ചിത്രങ്ങള്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ ലെപാക്ഷി ക്ഷേത്രത്തിലെ നൃത്തമണ്ഡപത്തിന്റെ മേല്‍ക്കൂരയിലെ ചിത്രങ്ങള്‍കൂടിയൊന്ന് കാണണം.' ലെപാക്ഷി ക്ഷേത്രത്തെക്കുറിച്ച് പിന്നെയും ഏറെ കാര്യങ്ങള്‍ അവര്‍ പറഞ്ഞുതന്നിരുന്നു. അന്ന് ഉറപ്പിച്ചതാണ് ലെപാക്ഷി കാണണമെന്നത്.

ബെംഗളൂരുവില്‍നിന്ന് ടാക്‌സിയിലാണ് ലെപാക്ഷിയിലേക്ക് യാത്രതിരിച്ചത്. ബെംഗളൂരു-ഹൈദരാബാദ് ഹൈവേയില്‍ 120 കിലോമീറ്ററോളം സഞ്ചരിക്കണം. ഈ ഹൈവേയിലൂടെയുള്ള യാത്ര രസകരമാണ്. ഏറെ ദൂരത്തോളം നേര്‍രേഖയില്‍ നില്ക്കുന്ന നാലുവരി പാത രാജ്യത്തെതന്നെ മികച്ച ഹൈവേകളില്‍ ഒന്നാണ്. നല്ല പച്ചപ്പുള്ള പ്രദേശം. വഴിയരികില്‍ റെസ്റ്റോറന്റുകളും മറ്റും തുലോം കുറവാണ്. ശബരിമലയിലേക്ക് കാല്‍നടയായി പോവുന്ന സ്വാമിമാരുടെ സംഘങ്ങളെ കണ്ടു. ചെരിപ്പുപോലുമില്ലാതെ ചുട്ടുപൊള്ളുന്ന റോഡിലൂടെയാണ് അവരുടെ യാത്ര. ഹൈദരാബാദില്‍നിന്നുള്ള ഒരു സംഘത്തെ കണ്ടുമുട്ടി. 150 പേരുള്ള വലിയ സംഘം. ശബരിമലയിലേക്ക് കാല്‍നടയായി ചെന്ന് തൊഴുകയെന്നത് വര്‍ഷങ്ങളായുള്ള ശീലമാണെന്ന് അവര്‍ പറഞ്ഞു. ഹൈവേയില്‍നിന്ന് കുറച്ച് ഉള്ളിലേക്ക് പോകുന്ന റോഡിലൂടെ സഞ്ചരിച്ചാല്‍ ക്ഷേത്രമെത്തി. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിന് മുന്‍പായി ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പരിപാലിക്കുന്ന ഒരു പാര്‍ക്ക് കാണാം. പാറകൊണ്ടുള്ള ഒരു കുന്നും അതിനു മുകളില്‍ ഉരുളന്‍കല്ലില്‍ സ്ഥാപിച്ചിരിക്കുന്ന ജടായുവിന്റെ ശില്പവുമാണ് ഇവിടെയുള്ളത്. കുന്നിന്‍മുകളിലേക്ക് കയറിപ്പോകാന്‍ നടപ്പാതയുണ്ട്. അകലെനിന്നേ കാണാവുന്ന രീതിയില്‍ സ്ഥാപിച്ചിരിക്കുന്ന ജടായുശില്പം പറന്നുയരാന്‍ ശ്രമിക്കുന്ന നിലയിലാണ്. രാമായണത്തിലെ കഥാപാത്രമായ ജടായുവുമായി ബന്ധമുള്ള സ്ഥലമെന്ന ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശത്തിന് ലെപാക്ഷി എന്ന് പേരുവന്നത്. പുഷ്പകവിമാനത്തില്‍ രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോകുമ്പോള്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് കുറുകെ വന്ന പക്ഷിയായ ജടായു രാവണനുമായുള്ള പോരാട്ടത്തില്‍ വെട്ടേറ്റ് ചിറകൊടിഞ്ഞ് നിലംപതിച്ചു. ജടായു അന്ത്യശ്വാസംവലിക്കുന്നതിന് മുന്‍പ് ശ്രീരാമന്‍ അവിടെ എത്തി. തന്റെ പത്‌നിയായ സീതയെ രക്ഷിക്കാന്‍ ശ്രമിച്ച ജടായുവിനെ ശ്രീരാമന്‍ 'ലെ പക്ഷി' എന്നു പറഞ്ഞ് അനുഗ്രഹിച്ചുവെന്നാണ് കഥ. ലെ പക്ഷി എന്ന തെലുഗുവാക്യത്തിന്റെ അര്‍ഥം 'ഉയരൂ പക്ഷി' എന്നാണ്.

jadayu

ലെപാക്ഷി പട്ടണത്തിന്റെ കിഴക്കുഭാഗത്ത് നിലകൊള്ളുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വീരഭദ്രനാണ്. കോപിച്ചുനില്ക്കുന്ന ശിവനാണ് വീരഭദ്രന്‍. കഠിനകോപത്തില്‍ നില്ക്കുന്ന ശിവന്റെ പ്രതീകം. ഈ പ്രദേശം വിജയനഗര സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന കാലത്താണ് ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. വിജയനഗര ചക്രവര്‍ത്തിയായിരുന്ന അച്യുതരായരുടെ ഗവര്‍ണര്‍മാരായിരുന്ന വിരൂപണ്ണ, വീരണ്ണ എന്നിവരാണ് ക്ഷേത്രനിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്. 1530-40 കാലഘട്ടത്തിലാണ് ക്ഷേത്രം നിര്‍മിക്കപ്പെട്ടതെന്ന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അനുമാനിക്കാം. ശിവപ്രതിഷ്ഠയുള്ള 'ദിവ്യക്ഷേത്ര'ങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ലെപാക്ഷിയെന്ന് സ്‌കന്ദപുരാണത്തില്‍ പറയുന്നു. ക്ഷേത്രത്തില്‍നിന്ന് കുറച്ചകലെ മാറി ഒരു വലിയ നന്ദിശില്പമുണ്ട്. ഒറ്റക്കല്ലില്‍ കൊത്തിയെടുത്തതാണ് ഇരുപത് അടി ഉയരമുള്ള ഈ ശില്പം. ഒറ്റക്കല്ലില്‍ കൊത്തിയ, ലോകത്തെത്തന്നെ വലിയ ശില്പങ്ങളിലൊന്നാണിത്.

Lepakshi

നന്ദിശില്പം പിന്നിട്ട് ക്ഷേത്രത്തിന്റെ പ്രധാന കവാടം കടന്ന് അകത്തു കയറിയാല്‍ എത്തുന്നത് പ്രദക്ഷിണവഴിയിലാണ്. ഈ പ്രദക്ഷിണവഴിയെ വലയംചെയ്തുകൊണ്ട് ഒരു ചുറ്റുമണ്ഡപമുണ്ട്. ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനോട് ചേര്‍ന്ന് നീണ്ട ഇടനാഴിപോലെയാണ് നിറയെ കല്‍ത്തൂണുകളുള്ള ഈ ചുറ്റുമണ്ഡപം. പ്രദക്ഷിണവഴിയിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ പണി മുഴുമിപ്പിക്കാത്തനിലയില്‍ മേല്‍ക്കൂരയില്ലാതെ ഉയരമുള്ള തറയും അതിനു മുകളില്‍ കല്ലില്‍ കൊത്തിയ വീതിയുള്ള തൂണുകളും കാണാം. ഈ തൂണുകളുടെ ഓരോ ഇഞ്ചിലും മനോഹരമായ ശില്പങ്ങളും കൊത്തുപണികളുമുണ്ട്. ഇതിനുള്ളില്‍ എഴുന്നുനില്ക്കുന്ന കുറേ വലിയ പാറക്കല്ലുകള്‍ കാണാം. ഇവയില്‍ ചിലതിലും കൊത്തുപണികളുണ്ട്. ചിലത് പൊട്ടിച്ചെടുത്തനിലയില്‍ വലിയ കല്ലുകളായിത്തന്നെ അവശേഷിക്കുന്നു. വിജയനഗരശൈലിയിലുള്ള വാസ്തുശില്പമാണ് ഈ ക്ഷേത്രത്തിന്. ശില്പഭംഗിതന്നെ പ്രധാന ആകര്‍ഷണം. വളരെ സൂക്ഷ്മമായ കൊത്തുപണികളാണിത്. ദേവതാരൂപങ്ങളിലെ ആഭരണങ്ങളും കിരീടങ്ങളും കൈകളിലുള്ള കലശങ്ങളും ആയുധങ്ങളും വാദ്യോപകരണങ്ങളുമെല്ലാം സൂക്ഷ്മമായിത്തന്നെ കൊത്തിയെടുത്തിരിക്കുന്നു. സമീപത്തുതന്നെ ഒരു ഗണപതിമണ്ഡപമുണ്ട്. ഇതിലെ വലിയ ഗണപതിശില്പം അവിടെ നേരത്തേയുണ്ടായിരുന്ന വലിയൊരു പാറയില്‍ കൊത്തിയെടുത്ത നിലയിലാണ്. അതിനു താഴെയായി ഗണപതിയുടെ വാഹനമായ മൂഷികനെയും കൊത്തിവെച്ചിരിക്കുന്നു.

ഗണപതിശില്പത്തോട് ചേര്‍ന്ന് ശിലകള്‍കൊണ്ടുതന്നെ മേല്‍ക്കൂരയുമുണ്ട്. അതിന് വശങ്ങളിലുള്ള പാറകളില്‍ ശിവലിംഗത്തെ പൂജിക്കുന്ന ആനയുടെയും ശൈവഗണങ്ങളുടെയുമെല്ലാം ശില്പങ്ങളുണ്ട്. ഗണപതിശില്പമുള്ള പാറയുടെ ഏകദേശം പിന്‍ഭാഗത്തായി നാഗലിംഗമുണ്ട്. അഞ്ചു തലകളുള്ള നാഗത്തിന്റെ വിരിഞ്ഞ പടത്തിനു കീഴേ ചുരുണ്ടുകിടക്കുന്ന നാഗശരീരത്തില്‍ നിലകൊള്ളുന്നരീതിയിലുള്ള ശിവലിംഗമാണിത്. അപൂര്‍വമായ ശില്പമാണിത്. നാഗലിംഗപ്രതിഷ്ഠയും പിന്നിട്ട് അകത്തേക്ക് കയറിയാല്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിലുള്ള നൃത്തമണ്ഡപത്തിലെത്താം. മനോഹരമായ കൊത്തുപണികളുള്ള തൂണുകള്‍ നിറയെയുണ്ട് ഈ മണ്ഡപത്തില്‍. ഇവിടെയുള്ള തൂണുകളിലൊന്ന് നിലംതൊടാതെ മേല്‍ക്കൂരയില്‍ തൂങ്ങിനില്ക്കുന്ന നിലയിലാണ്. സന്ദര്‍ശകരില്‍ ഏറെ കൗതുകമുയര്‍ത്തുന്നുണ്ട് ഈ തൂണ്‍. പലരും ദുപ്പട്ടയും മറ്റു തുണികളും ഈ തൂണിനടിയിലൂടെ വലിച്ച് മറുവശത്തേക്കെടുത്ത് തൂണ് നിലംതൊട്ടിട്ടില്ലെന്ന് പരീക്ഷിച്ചറിയുന്നു. ഓരോ തൂണിലുമുള്ള കൊത്തുപണികളും ശില്പങ്ങളും ഏറെ സമയമെടുത്ത് കാണേണ്ടതാണ്. ദേവരൂപങ്ങള്‍ക്കു പുറമേ പടയാളികളും കുതിരകളും സുന്ദരികളായ സ്ത്രീകളുമെല്ലാം കൊത്തുപണികളിലുണ്ട്. ശിവന്റെ പല രൂപത്തിലുള്ള ശില്പങ്ങള്‍ ഏറെ ആകര്‍ഷകമാണ്.

KV
പുസ്തകം വാങ്ങാം

നൃത്തമണ്ഡപത്തിന്റെ മേല്‍ക്കൂരയുടെ അടിഭാഗത്താവട്ടെ, മനോഹരമായ ബഹുവര്‍ണ പെയ്ന്റിങ്ങുകള്‍ കാണുന്നു. അജന്തയിലും മറ്റും കാണുന്ന ചുമര്‍ച്ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നവയാണ് ഇവ. അക്കാലത്ത് സസ്യങ്ങളുടെ ഇലകളിലും പൂക്കളിലും കായകളിലും നിന്നെല്ലാം ഉണ്ടാക്കിയെടുത്ത വര്‍ണങ്ങള്‍ ഉപയോഗിച്ച് വരച്ച ചിത്രങ്ങള്‍ വലിയ കേടുപാടുകള്‍കൂടാതെ നിലകൊള്ളുന്നു. മഹാഭാരതത്തിലെയും രാമായണത്തിലെയും കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും ഈ ചിത്രങ്ങളില്‍ ദൃശ്യവത്കരിച്ചിരിക്കുന്നു. ശ്രീകോവിലിനകത്തെ പ്രതിഷ്ഠ താരതമ്യേന വലുതാണ്. കൈകളില്‍ ആയുധങ്ങളും തലയോട്ടിയുമുണ്ട്. ശ്രീകോവിലിനോട് ചേര്‍ന്ന് ചെറിയൊരു ഗുഹയുണ്ട്. ഇവിടെ പ്രതിഷ്ഠ നടത്തിയ അഗസ്ത്യമുനി താമസിച്ചിരുന്ന ഇടമാണെന്നാണ് വിശ്വാസം. അതുപോലെ ക്ഷേത്രത്തിനകത്ത് നിലത്തു പതിഞ്ഞ കാല്പാദം സീതാദേവിയുടേതാണെന്നും പറയപ്പെടുന്നു. ലെപാക്ഷിക്ഷേത്രം ചുറ്റിനടന്നു കാണുന്നതിന് ഏകദേശം അഞ്ചുമണിക്കൂര്‍ വേണ്ടിവന്നു. കൊത്തുപണികളും ചിത്രങ്ങളും വിശദമായി ആസ്വദിക്കണമെങ്കില്‍ ഇനിയും കൂടുതല്‍ സമയം വേണ്ടിവരും. ഈ ക്ഷേത്രത്തിന്റെ ചുവരുകളും തൂണുകളും സന്ദര്‍ശകര്‍ക്കായി ഇനിയും വിസ്മയങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. പതിനാറാംനൂറ്റാണ്ടിലെ അജ്ഞാതരായ ശില്പികളുടെ വൈദഗ്ധ്യം തുടിക്കുന്ന വാസ്തുവിദ്യയും ശില്പഭംഗിയും കൊണ്ട് ലെപാക്ഷിക്ഷേത്രം സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കും.

'ബദാമി മുതല്‍ കൊണാര്‍ക്ക് വരെ' ഓണ്‍ലൈനില്‍ വാങ്ങാം

Content Highglights: Veerabhadra Temple, Lepakshi travelogue Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented