മിനുക്കിത്തേയ്ക്കാത്ത വെട്ടുകല്ലില്‍ അസാധാരണമായ ശില്പചാതുരിയോടെ പണിതുയര്‍ത്തിയ ഈ നാലുകെട്ടും പത്തായപ്പുരകളും ഒറ്റ നോട്ടത്തില്‍ത്തന്നെ പഴമയുടെയും ആഢ്യത്വത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതാപത്തിന്റെയും കഥകള്‍ വിളിച്ചുപറയുന്നു. ഗെയ്റ്റുകടന്ന് കാര്‍ ചെന്നുനില്ക്കുന്നത് പടിഞ്ഞാട്ടു മുഖമായി നില്ക്കുന്ന, പ്രധാന കെട്ടിടമായ മൂന്നു നിലയുള്ള നാലുകെട്ടിന്റെ മുന്നിലാണ്. ഈ നാലുകെട്ട് പണിതുയര്‍ന്നത് വരിക്കാശ്ശേരി ഇല്ലെത്ത വലിയപ്ഫന്‍ നമ്പൂതിരിപ്പാടിന്റെ മകന്‍ അനുജന്‍ (രവി) നമ്പൂതിരിപ്പാടിന്റെ മേല്‍നോട്ടത്തിലും ശ്രദ്ധയിലുമാണ്. ഇവിടെ നില്ക്കുമ്പോള്‍ അറിയാതെ ചോദിച്ചുപോകുന്നു, ഇത്ര വലിയ ഈ മനയിലേക്കു കടക്കാനുള്ള പടിപ്പുര എവിടെ? പടിപ്പുരയുണ്ടായിരുന്നു. പക്ഷേ, മാറിവന്ന കാലത്തിന്റെ കുത്തൊഴുക്കില്‍ പടിപ്പുരമാളിക പൊളിക്കേണ്ടി വന്നു. അതൊക്കെ പോട്ടെ. നാമിപ്പോള്‍ പൂമുഖത്തിനു മുന്നിലാണ്.
വരിക്കാശ്ശേരി ഇല്ലത്തെ ഇന്നത്തെ തലമുറയിലെ ഏറ്റവും ഇളയ അംഗമായ കുഞ്ഞുണ്ണിനമ്പൂതിരിപ്പാടിന്റെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍, 'ആരെടാ' എന്നു ചോദിക്കുന്ന, തലയെടുപ്പോടുകൂടിയ, വീതിയും നീളവും ഒത്ത ഒരു പൂമുഖം. ഈ പൂമുഖം പിന്നീട് നിര്‍മിച്ചതാണ്. അച്ഛന്‍ ഉണ്ണിനമ്പൂതിരിപ്പാടാണ് ഇതിനു മുന്‍കൈ എടുത്തത്. ഇവിടെയാണ് ദേവാസുരം എന്ന സിനിമയില്‍ ഭാനുമതി എന്ന കഥാപാത്രം ചിലങ്കകള്‍ കെട്ടി നൃത്തം ചെയ്തതും ഒടുവില്‍ ചിലങ്കകളഴിച്ചുവെച്ച് ഇനി നൃത്തം ചെയ്യില്ലെന്ന് ശപഥം ചെയ്തതുമായ രംഗം ഷൂട്ടു ചെയ്തത്.
ഞാന്‍ ഒരു രംഗം സൂചിപ്പിച്ചു എന്നേയുള്ളൂ. അങ്ങനെ എത്രയെത്ര തീവ്രഭാവങ്ങളും നാടകീയതയും മുറ്റിനിന്ന രംഗങ്ങള്‍ക്കാണ് ഈ പൂമുഖം സാക്ഷ്യം വഹിച്ചിട്ടുള്ളത്! ഇന്നത്തെ ഈ പൂമുഖം പണിയുന്നതിനു മുന്‍പ് ഇല്ലപ്പുരയ്ക്കു പടിഞ്ഞാറുഭാഗത്തായി ഒരു പത്തായപ്പുരയുണ്ടായിരുന്നു. ഇന്നത്തെ തലമുറയിലെ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ മകന്‍ വാസുദേവന്‍നമ്പൂതിരിപ്പാട് പറഞ്ഞ വിവരങ്ങളാണ്. ഈ പത്തായപ്പുരയുടെ താഴത്തെ നില പത്തായമായിട്ടുതന്നെയാണ് ഉപയോഗിച്ചിരുന്നത്. അനേകായിരം പറ നെല്ല് സൂക്ഷിച്ചിരുന്ന പത്തായം. ഒന്നാം നിലയിലായിരുന്നു മനയ്ക്കലെ പുരുഷപ്രജകളുടെ താമസം. ഇല്ലപ്പുരയുടെയും പത്തായപ്പുരയുടെയും ഒന്നാം നിലകളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു പാലവുമുണ്ടായിരുന്നുവത്രേ.
പിന്നീടെപ്പോഴോ ഈ പത്തായപ്പുര പൊളിക്കേണ്ടി വന്നു. അവിടെ തറ മാത്രമായി. തെക്കേ പത്തായപ്പുര അച്ഛന്‍ ഉണ്ണിനമ്പൂതിരിപ്പാടിന്റെ മാത്രം താവളമായപ്പോള്‍, ഇന്നത്തെ തലമുറയിലെ അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാട് അവര്‍ക്കും പത്തായപ്പുര വേണമെന്നാവശ്യം അച്ഛനെ അറിയിച്ചു. വാസ്തുവിദഗ്ധനെക്കൊണ്ടു നോക്കിച്ചപ്പോള്‍ ഇല്ലപ്പുരയ്ക്ക് ഒരു പൂമുഖംകൂടി ഉണ്ടായാല്‍, ഒരു പത്തായപ്പുരകൂടി ആകാമെന്നായി. അങ്ങനെ പൂമുഖത്തിന്റെ തച്ചുശാസ്ത്രം മാന്നാനംപറ്റ വക. പൂമുഖത്തിന്റെ ഡിസൈനര്‍, ഇന്നത്തെ തലമുറയിലെ കൃഷ്ണന്‍ (ശില്പിത്തമ്പുരാന്‍) നമ്പൂതിരിപ്പാടുമായിരുന്നു.
പൂമുഖം പണിതത് ശങ്കരനാശാരിയുടെ മേല്‍നോട്ടത്തില്‍. പൂമുഖത്തിനുള്ള മരത്തൂണുകള്‍ മുഴുവന്‍ കടഞ്ഞത് അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടായിരുന്നു. അദ്ദേഹത്തിനു സഹായികളായി കൃഷ്ണന്‍ നമ്പൂതിരിപ്പാടും ആര്‍ട്ടിസ്റ്റ് നമ്പൂതിരിപ്പാടിന്റെ സഹോദരന്‍ കുരുവാട് പരമേശ്വരന്‍ നമ്പൂതിരിപ്പാടും. അക്കാലത്ത് കൃഷ്ണന്‍ നമ്പൂതിരിപ്പാട് മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്ട്‌സില്‍ പഠിക്കുന്ന കാലമായിരുന്നു. സ്വാഭാവികമായും പാശ്ചാത്യരീതിയോടായിരുന്നു ഭ്രമം.
മനയുടെ പൂമുഖത്തിന്റെ വണ്ണം കുറഞ്ഞ നീണ്ട തൂണുകള്‍ വിക്‌ടോറിയന്‍രീതി വിളിച്ചുപറയുന്നവതന്നെ. ഏറ്റവും മുകളില്‍ തുറന്ന ടെറസ്സും. ഇല്ലപ്പുരയുടെ രീതിയില്‍നിന്ന് തികച്ചും വ്യത്യസ്തമായ പൂമുഖം. എങ്കിലും ആ വ്യത്യസ്തത തന്നെയായിരിക്കാം അതിന്റെ ആകര്‍ഷണീയത. വേറെയും ചെറിയ പ്രത്യേകതകള്‍കൂടി ശ്രദ്ധയില്‍പ്പെടും. പൂമുഖം ഇല്ലപ്പുരയുടെ മധ്യത്തില്‍ത്തന്നെയാണ്. സാധാരണ കുറച്ചുകൂടി തെക്കോട്ടു മാറി, പടിഞ്ഞാറ്റിയുടെ തെക്കുഭാഗത്തുള്ള ഇടനാഴിയുടെ മുന്‍പിലാണ് പതിവ്.
അതുപോലെ പടിഞ്ഞാറ്റിയില്‍നിന്ന് പൂമുഖത്തേക്ക് (അതായത് പടിഞ്ഞാട്ട്) ഈ സ്ഥാനത്ത് ഒരു വാതിലും പതിവില്ല. പൂമുഖത്തിന്റെ സിമന്റ്പണി, അക്കാലത്ത് പ്രശസ്തനായിരുന്ന തൃശൂര്‍ക്കാരന്‍ പൈലിയുടെതായിരുന്നു. പൈലി പല സ്ഥലങ്ങളിലും പണി ചെയ്ത് സ്വന്തമായൊരു സ്റ്റൈല്‍ ഉണ്ടാക്കിയെടുത്തിരുന്നു. വിശാലമായ പടിഞ്ഞാറ്റിയുടെ ഇടയ്ക്കുള്ള ചിത്രനിര്‍മിതികളുള്ള മരത്തൂണുകള്‍ക്ക് ഇന്നും നല്ല ആരോഗ്യമുണ്ട്.
നടുമുറ്റം ഒന്നു കാണേണ്ടതുതന്നെ. വളരെ വിശാലം. ഈ നടുമുറ്റം നിങ്ങളും ഓര്‍ക്കുന്നില്ലേ? പല കഥാപാത്രങ്ങളുടെയും തുളസിത്തറയുള്ള നടുമുറ്റമുള്ള തറവാടായി ഈ മന അഭ്രപാളികളില്‍ തിളങ്ങിയിട്ടുണ്ടല്ലോ? നമ്പൂതിരിഗൃഹങ്ങളില്‍ തുളസിത്തറയല്ല, മുല്ലത്തറയാണ് കാണാറുള്ളത്. ഈ നടുമുറ്റത്തിന്റെ ഏറ്റവും ഹൃദ്യമായ ചിത്രീകരണം ചന്ദ്രോത്സവത്തിലേതാണെന്നാണെനിക്കു തോന്നുന്നത്. ഒരു ആമ്പല്‍ പ്പൂക്കുളമായി മാറ്റിയിരിക്കുകയാണ് ഈ നടുമുറ്റത്തിനെ.
ഒരു സാധാരണ നാലുകെട്ടിന്റെ ഭൂമിശാസ്ത്രം നിങ്ങള്‍ക്കും സുപരിചിതമായിരിക്കും. ഒരു നടുമുറ്റം, അതിനു നാലുവശത്തുമായി വടക്കിനിയും കിഴക്കിനിയും പടിഞ്ഞാറ്റിനിയും തെക്കിനിയും. ഇതിലേറെ വലിയ നടുമുറ്റം കൂടല്ലൂര്‍, സ്വര്‍ണത്ത്, ഏലങ്കുളത്ത് എന്നീ മനകളിലുണ്ട.് പക്ഷേ, ഇവിടത്തെപ്പോലെ നടുമുറ്റത്തിന്റെയും നാലിറയങ്ങളുടെയും അളവുകള്‍ തമ്മില്‍ ഇത്രയധികമുള്ള പൊരുത്തം കാഴ്ചയില്‍ പെട്ടിട്ടില്ല. നടുമുറ്റത്തിനൊത്ത ഈ നാലിറയങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു.
ഇല്ലക്കാര്‍ വരിക്കാശ്ശേരിമനയില്‍ താമസിച്ചിരുന്നപ്പോള്‍ ഓരോ അറകളും എന്തിനാണ് ഉപയോഗിച്ചിരുന്നതെന്ന് രവിനമ്പൂതിരിപ്പാട് സസന്തോഷം പറഞ്ഞുതന്നു. വടക്കിനിയിലാണ് ഹോമം, ശ്രാദ്ധം, ഉപനയനം, വേളിക്രിയ, വിശേഷാല്‍ ഭഗവല്‍സേവ തുടങ്ങിയവ ചെയ്തിരുന്നത്. അതിനു പടിഞ്ഞാറ് ശ്രീലകം. അതിനും തെക്കുള്ള ഇടനാഴിയില്‍ നിത്യഗണപതിഹോമം പതിവായിരുന്നു. കിഴക്കിനിയാണ് കുടുംബത്തിലെ അംഗങ്ങളുടെ ഭക്ഷണമുറി. വടക്കിനിയുടെ കിഴക്ക് മേലടുക്കള സ്ത്രീകളുടെ ഭക്ഷണമുറിയായിരുന്നു. ഇതുകൂടാതെയുള്ള വടക്കടുക്കളയും കിഴക്കടുക്കളയും നിത്യേനയുള്ള ദേഹണ്ണത്തിനുള്ളതാണ്.
തെക്കിനിയില്‍ മൂന്നു സ്റ്റോര്‍ മുറികളാണ്. ഇടതുവശത്തെ മുറിയിലാണ് ഉപ്പുമാങ്ങയും കടുമാങ്ങയും ഇട്ട് സൂക്ഷിക്കുന്ന വലിയ ഭരണികള്‍ വെച്ചിരുന്നത്. വലതുഭാഗത്തുള്ള മുറിയില്‍ അച്ചാറുഭരണികള്‍. നടുക്കുള്ള മുറിയിലാണ് നിലവിളക്കുകളും കിണ്ടികളും ഓട്ടുരുളികളും ചരക്കുകളും മറ്റും സൂക്ഷിച്ചിരുന്നത്. അടുക്കളകളുടെ പടിഞ്ഞാറുഭാഗത്തുള്ള മുറിയാണ് സ്ത്രീകളുടെ തേവാരമുറി. ഇതും വേറെ കുറച്ചു മുറികളും ചേര്‍ന്നതാണ് സ്ത്രീകളുടെ അന്തഃപുരം. വലിയ ഹാളുകളും പുറത്തളവും കലവറയും മറ്റും ഇതില്‍പ്പെടും. പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം പൂജാമുറികളുണ്ടായിരുന്നു.
താഴത്തെ നിലയില്‍നിന്ന് മുകളിലേക്ക് നാലു കോണിപ്പടികളുണ്ട്. ഒന്ന് പൂമുഖത്തുനിന്നും മറ്റു മൂന്നെണ്ണം നാലിറയത്തിന്റെ മൂന്നു മൂലകളില്‍നിന്നും. ഒന്നാം നിലയില്‍ രണ്ടു വലിയ ഹാളുകളും നാലു ബാത്അറ്റാച്ച്ഡായിട്ടുള്ള, വലിയ കിടപ്പുമുറികളും വസ്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സ്‌റ്റോര്‍ മുറികളും. രണ്ടാംനിലയിലും ഇതേ സൗകര്യങ്ങളെല്ലാമുണ്ട്. അവിടത്തെ ചെറിയ മുറികളിലാണ് കിടക്കകളും പൂജാസാധനങ്ങളും സൂക്ഷിച്ചിരുന്നത്. താഴത്തെ നിലയില്‍ നാലിറയത്തിന്റെ പാതിയും ഊണ്‍തളമായാണ് ഉപയോഗിച്ചിരുന്നത്. ഇരുനൂറും മുന്നൂറും ആള്‍ക്കാര്‍ രണ്ടും മൂന്നും പന്തിയിലിരുന്ന് സദ്യ ഉണ്ടു പോയിരുന്നത്, രവിനമ്പൂതിരിപ്പാടിന്റെ പഴയ നല്ല ഓര്‍മകളിലൊന്നാണ്.
( വി. ഭവാനിയുടെ വരിക്കാശ്ശേരി മന എന്ന പുസ്തകത്തില്‍ നിന്ന് )