വര: മദനൻ
പി.പി. രാമചന്ദ്രന്റെ 'നല്ല മാഷല്ല ഞാന്‍' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം വായിക്കാം...
ഹൈസ്‌കൂള്‍ ക്ലാസുകളിലൊന്നില്‍ വൈലോപ്പിള്ളിയുടെ കന്നിക്കൊയ്ത്ത് പഠിപ്പിക്കുകയായിരുന്നു. കാര്‍ഷികവൃത്തിയും ജീവിതവൃത്തിയും ഒന്നായിരുന്ന ഒരു കാലത്തിന്റെ ഉജ്ജ്വലകാവ്യാവിഷ്‌കാരം. വിജിഗീഷുവായ മൃത്യുവിനെ ഇച്ഛാശക്തികൊണ്ട് പരാജയപ്പെടുത്തുന്ന അനശ്വരജീവിതസങ്കീര്‍ത്തനം. പക്ഷേ, മുന്നിലിരിക്കുന്നത് കൊച്ചുകുട്ടികളാണ്. പുതിയ തലമുറ.
ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ഫോണുകളുടെയും ഇലക്ട്രോണിക് മായികലോകത്തുനിന്ന് വരുന്നവര്‍. അവര്‍ കൃഷി കണ്ടിട്ടില്ല. നെല്‍പ്പാടം കണ്ടിട്ടില്ല. ചെളിവരമ്പത്തുകൂടെ നടന്നിട്ടില്ല. കൊയ്ത്തും മെതിയും അറിഞ്ഞുകൂടാ. നിത്യവും ജീവിതം വിതയേറ്റി മൃത്യു കൊയ്യും വിശാലമാം പാടം അവര്‍ക്കു ടെലിവിഷനില്‍ കണ്ടുപരിചയിച്ച ഒരു സത്യനന്തിക്കാട് സിനിമാദൃശ്യം മാത്രമാണ്.
പഴയ കവിതകള്‍ പുതിയ തലമുറയുടെ അനുഭവലോകത്തുനിന്ന് എത്രയോ കാതം അകലേയാണ് ഇന്ന്. തുടര്‍ച്ച നഷ്ടപ്പെട്ട സംസ്‌കാരം പഴയ പദങ്ങളെയും പദാര്‍ത്ഥങ്ങളെയും ആശയങ്ങളെയും അതിവേഗം അപരിചിതങ്ങളാക്കി മാറ്റുന്നു. പണ്ട് ഇതരവിഷയങ്ങളെക്കാള്‍ രസനീയമായിരുന്ന മാതൃഭാഷാക്ലാസുകള്‍പോലും ഇന്ന് വിരസമായി മാറുകയാണ്. ഉത്പാദനാധിഷ്ഠിതമായ ഒരു സമൂഹത്തിലെ ഭാഷ മാത്രമേ സര്‍ഗ്ഗാത്മകമായിരിക്കുകയുള്ളൂ. ഉപഭോഗശീലത്തിലേക്ക് വഴുതിവീണുകഴിഞ്ഞ മലയാളിക്ക് ഭാഷ കേവലമൊരു വിനിമയോപാധി മാത്രമാണിന്ന്. മൂല്യശോഷണംവന്ന ഒരു നാണയം.
കാര്‍ഷികവൃത്തിയുമായി ഏതെങ്കിലും വിധത്തില്‍ മുന്‍പരിചയമില്ലാത്തവര്‍ക്ക് കന്നിക്കൊയ്ത്ത് ആസ്വദിക്കാനാവില്ല. അതിലെ കല്‍പ്പനകളും ആശയങ്ങളും ഉള്‍ക്കൊള്ളാനാവില്ല. കവിത നിലനില്‍ക്കുകയും കൃഷി നിലച്ചുപോവുകയും ചെയ്തതാണ് നമ്മുടെ ദുരന്തം. നഗരകേന്ദ്രിതമായ ആധുനികത നമ്മുടെ സാഹിത്യത്തില്‍ പ്രത്യക്ഷപ്പെടുംമുമ്പ് മലയാളത്തിലെ വിഖ്യാതരചനകളിലെല്ലാം കൃഷി മുഖ്യപ്രമേയമായിരുന്നു.
കര്‍ഷകജനതയുടെ കണ്ണീരും പുഞ്ചിരിയും പലയാവൃത്തി ആഖ്യാനം ചെയ്തുപോന്നു. വലിയ എഴുത്തുകാരന്‍ വലിയ കര്‍ഷകനുംകൂടിയാണെന്ന് തകഴി കാണിച്ചുതന്നു. വൈലോപ്പിള്ളി കൃഷി ചെയ്തിരുന്നില്ലെങ്കിലും കര്‍ഷകനെ പ്രകീര്‍ത്തിക്കുന്ന കാവ്യങ്ങളെഴുതി. കയ്പത്തടത്തില്‍ വെള്ളമൊഴിച്ചുകൊണ്ടു നില്‍ക്കുന്ന ജി. ശങ്കരക്കുറുപ്പിനെ കാണുമ്പോള്‍ 'കവിയും കൃഷകനുമൃഷിയുമൊരാളില്‍ത്താന്‍ കതിര്‍ചൂടുന്ന'തായി അദ്ദേഹത്തിന് അനുഭവപ്പെടുന്നു.
.jpg?$p=4952430&&q=0.8)
കൃഷകനും ഋഷിയുമാണ് വൈലോപ്പിള്ളിയുടെ കവി. കവിതയുടെ മാധുര്യം കയ്പയിലേക്കും കയ്പയുടെ രസം കവിതയിലേക്കും പകരുകയാണ് അവിടെ. പ്രകൃതിയില്‍നിന്ന് ഭാഷയും ഭാഷയിലൂടെ പ്രകൃതിയും പുതുക്കപ്പെടുന്നു. ഈ പ്രപഞ്ചദര്‍ശനമാണ് കവിക്ക് ഋഷിത്വപദവി നല്‍കുന്നത്. കലപ്പത്തുമ്പുകൊണ്ട് കാളിന്ദിയെ ഭൂമിയിലേക്ക് വലിച്ചുകൊണ്ടുവന്ന ഹലായുധന്‍ വൈലോപ്പിള്ളിയുടെ ഇഷ്ടദേവനായതും അതുകൊണ്ടുതന്നെ.
എന്നാല്‍ ഇടശ്ശേരിയാണ് കാര്‍ഷികജീവിതബിംബങ്ങള്‍കൊണ്ട് മലയാളകവിതയുടെ സമൃദ്ധി നമുക്കു കാട്ടിത്തന്നത്. ഞാറ്റടിക്കണ്ടത്തിലെ ഊര്‍ച്ചക്കാളകളെപ്പോലെ ഇടശ്ശേരിയുടെ ഈരടികള്‍ മലയാളത്തിന്റെ കരുത്തുകാട്ടി. 'ഞാനൊരു കര്‍ഷകനത്രേ, നട്ടുവളര്‍ത്തുന്നൂ ഞാന്‍ കരിമ്പിവിടെ' എന്ന് തന്റെ നിലപാട് ഇടശ്ശേരി പ്രസ്താവിച്ചിട്ടുണ്ട്. കുടിയിറക്കപ്പെടുന്ന കര്‍ഷകരും വഞ്ചിക്കപ്പെടുന്ന നെല്ലുകുത്തുകാരികളുമായിരുന്നു ഇടശ്ശേരിയുടെ കഥാകാവ്യങ്ങളിലെ നായികാനായകന്മാര്‍. 'തേവിത്താണ കുളംപോല'യാണ് ഇടശ്ശേരിയുടെ 'പെങ്ങള്‍.'
ലവകുശന്മാരുടെ കൂരമ്പുകള്‍ തറച്ച് 'കൂറ്റനായൊരു നെല്‍ക്കറ്റയുടെ കൂട്ടുകാരനായ്ത്തീര്‍ന്നു ഞാന്‍' എന്നാണ് ഹനുമാന്‍ സ്വയം വിശേഷിപ്പിക്കുന്നത്. എവിടേയും വിശേഷണങ്ങള്‍ കാര്‍ഷികബിംബങ്ങളായിത്തീരുന്നു. 'കൂട്ടുകൃഷി'യാകട്ടെ, മണ്ണിലും മനസ്സിലുമുണ്ടായിരുന്ന അതിര്‍വരമ്പുകള്‍ തകര്‍ത്തുകളഞ്ഞ വലിയൊരു സങ്കല്‍പ്പത്തിന്റെ സന്ദേശമായി.
ഇടശ്ശേരിയുടെ പൊന്നാനിയില്‍ ഇന്ന് കൃഷിയില്ല. തിരിച്ചുപിടിക്കാനാവാത്തവിധം പാതയ്ക്കിരുവശവും വയലുകള്‍ തൂര്‍ക്കപ്പെട്ട് വ്യാപാരസമുച്ചയങ്ങള്‍ പൊങ്ങിക്കഴിഞ്ഞു. അഭിമുഖം നിരന്നുനില്‍ക്കുന്ന കോണ്‍ക്രീറ്റുകെട്ടിടങ്ങളുടെ ഒരു നീണ്ട ഇടനാഴി രൂപപ്പെടുന്നു. പണ്ട് കുറ്റിപ്പുറം പാലത്തിന്മേല്‍ നിന്നു നോക്കിയപ്പോള്‍ കണ്ട നാട്ടനൂഴുന്ന ഭാരതപ്പുഴയെപ്പോലെ ഈ തെരുവിലൂടെ എണ്ണമറ്റ വാഹനങ്ങളും മനുഷ്യരും തിരക്കിട്ട് ഒലിച്ചുപോകുന്നു. പൊന്നാനിയിലെ പുതിയ തലമുറ വരുന്നത് ഈ വഴിയിലൂടെയാണ്. കാലില്‍ മണ്ണു പുരളാതെ സ്‌കൂള്‍വണ്ടികളില്‍ വന്നിറങ്ങുന്നു, പോകുന്നു.
ഇതു പൊന്നാനിയുടെ മാത്രം ദുരന്തമല്ല, കേരളമുടനീളം തെക്കുവടക്കായി നീണ്ടുകിടക്കുന്ന ഒരങ്ങാടിയാവുന്നത് യാത്രചെയ്യുന്നവര്‍ക്ക് ഭയപ്പെടുത്തുന്ന കാഴ്ചയാണ്. പണ്ട് കൃഷി ചെയ്തിരുന്ന പാടങ്ങള്‍ ഒന്നുകില്‍ കാടുപിടിച്ചു കിടക്കുന്നു. അല്ലെങ്കില്‍ നിര്‍ദ്ദയം തൂര്‍ക്കപ്പെട്ട് റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കൈയിലെത്തപ്പെടുന്നു. ഗ്രാമങ്ങളില്‍ (അങ്ങനെ വിശേഷിപ്പിക്കാവുന്ന പ്രദേശങ്ങളുണ്ടോ ഇനി?) പാടശേഖരത്തിനു നടുവിലൂടെ ആദ്യം ഒരു പാത വരുന്നു. പിന്നെ ഇരുവശവും ചെറിയ തുണ്ടങ്ങള്‍ മണ്ണിട്ടു തൂര്‍ക്കുകയായി. പതുക്കപ്പതുക്കെ അവിടെ വീടുകള്‍ വരുന്നു. അതൊരു കോളനിയാവുന്നു. തൂര്‍ക്കപ്പെടാത്ത വയല്‍ കാടുപിടിച്ച് മാലിന്യനിക്ഷേപകേന്ദ്രമായി മാറുന്നു. ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുന്നു എന്ന വിപ്ലവസങ്കല്‍പ്പം കേരളത്തില്‍ നേരേ തിരിച്ചാണു സംഭവിച്ചത്.
.jpg?$p=eec366c&&q=0.8)
വിമാനത്താവളത്തിനും അപാര്‍ട്മെന്റുകള്‍ക്കുമായി സമീപപ്രദേശത്തെ കൃഷിയിടങ്ങള്‍ തൂര്‍ക്കപ്പെടുന്നതില്‍ ആര്‍ക്കും പ്രതിഷേധമില്ലാതായി. കുടിയിറക്കപ്പെടുന്ന മനുഷ്യരെക്കുറിച്ചേ വേവലാതിയുള്ളൂ. വികസനത്തിന്റെ പേരില്‍ കൃഷിയൊഴിക്കപ്പെടുന്ന ഭൂമിയെച്ചൊല്ലി ചില പ്രകൃതിസ്നേഹികളൊഴികെ ആരും പ്രതിഷേധിക്കാതായി.
എന്നാല്‍, ഈ ഉത്കണ്ഠ നമ്മുടെ സാഹിത്യത്തില്‍ പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്നു എന്ന് ചില സമീപകാല വായനകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സാറാ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവല്‍ പുതിയകാലത്തെ മണ്ണിന്റെയും പെണ്ണിന്റെയും ജീവിതമാണ് ആവിഷ്‌കരിക്കുന്നത്. മനുഷ്യബന്ധങ്ങളെ ഉടച്ചുവാര്‍ക്കുന്നതിന് ഉത്പാദനസംസ്‌കാരത്തിന്റെ ഒരു ബദല്‍ ഈ നോവല്‍ ഉന്നയിക്കുന്നുണ്ട്.
നോവലിലെ നായകനായ പോള്‍ കൃഷിക്കാരനാണ്. ഭൂമിവാതുക്കല്‍ എന്ന അയാളുടെ കയ്യാലയിലേക്ക് പുതിയ തലമുറ ആവേശപൂര്‍വ്വം കടന്നുവരുന്നു. തെക്കും വടക്കും ഭാഗങ്ങളായി പടര്‍ന്നുപന്തലിച്ച മണ്ണില്‍ത്തറവാട് മുഴുവന്‍ കേരളത്തെയും പ്രതിനിധാനം ചെയ്യുന്നതായി വായനക്കാര്‍ക്കു തോന്നിയാല്‍ തെറ്റില്ല. വികസനത്തിന്റെ സ്മാര്‍ട്ട്സിറ്റികളെ വളയാനൊരുമ്പെടുന്ന പുതിയൊരു ജൈവമുന്നേറ്റത്തിന്റെ ആയുധപ്പുരയാണ് ഭൂമിവാതുക്കല്‍. വിത്തും വിതയും കൊയ്ത്തും മെതിയും പുതിയൊരു മാനത്തിലാണ് ഇവിടെ നടക്കുന്നത്. 'കൃഷിഭൂമി കര്‍ഷകന്' എന്ന മുദ്രാവാക്യം ചരിത്രത്തില്‍ രണ്ടാമതൊരിക്കല്‍ക്കൂടി ഉച്ചത്തില്‍ വിളിക്കുകയാണ് സാറടീച്ചര്‍.
നെല്‍ക്കൃഷിയുടെ തിരോധാനത്തെക്കുറിച്ചുള്ള ഒരു കുറിപ്പായിരുന്നില്ല ഇത്. കാര്‍ഷികസംസ്‌കൃതിയുടെ അഭാവം നമ്മുടെ കലാസാഹിത്യത്തിലെ ഈടുവെപ്പുകളെ എങ്ങനെ കാലഹരണപ്പെടുത്തുന്നു എന്നാണ് വിചാരപ്പെട്ടത്. ഇടവം, മിഥുനം മാസങ്ങളില്‍ നോക്കെത്താദൂരത്തോളം വെള്ളത്തില്‍ മുങ്ങി പരന്നുകിടക്കുന്ന വയലേലകള്‍ ഇല്ലാത്തിടത്ത് 'കണ്ണീര്‍പ്പാടം' എന്ന ശീര്‍ഷകംപോലും അര്‍ത്ഥശൂന്യമായിരിക്കും.
ക്ഷേത്രദര്‍ശനത്തിന് ഉടുത്തൊരുങ്ങിയിറങ്ങിയ ദമ്പതികള്‍ പാടത്തെ കൈത്തോടു ചാടിക്കടക്കുമ്പോള്‍ കാല്‍ തെന്നി ചെളിവെള്ളത്തില്‍ വീഴുന്നതു കണ്ടിട്ടും വികാരരഹിതനായി തെല്ലകലെ പാറപ്പുറത്തിരിക്കുന്ന കുട്ടിയെ നോക്കി വൈലോപ്പിള്ളി ആത്മഗതം ചെയ്യുന്നുണ്ട്: എത്ര നിര്‍വ്വികാരമിപ്പുതുതാം തലമുറ! അതെ, ക്ലാസില്‍ ആ തലമുറയ്ക്കു മുന്നിലാണ് നമ്മുടെ കവിത നില്‍ക്കുന്നത്.
Content Highlights: Vailoppilli Sreedhara Menon, Nalla mashalla njan, P.P. Ramachandran, Book excerpts,Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..