പി. എഫ്. മാത്യൂസ്, വൈക്കം മുഹമ്മദ് ബഷീർ | ഫോട്ടോ: മാതൃഭൂമി
ജയന്ത് കാമിച്ചേരില്‍ എഴുതിയ 'വേമ്പനാടന്‍ ബ്വാന' എന്ന നോവലിന് സാഹിത്യകാരന് പി. എഫ്. മാത്യൂസ് എഴുതിയ അവതാരിക വായിക്കാം..
ന്യൂയോര്‍ക്കിലെ ട്രംപ് മന്ദിരത്തിനടുത്ത് വഴിപോക്കരുടെ ചിത്രം വരച്ചുകൊണ്ടിരുന്ന ഒരു ചൈനക്കാരനെ കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്ന ചങ്ങാതി മോഡലിനുവേണ്ടി ഒരുക്കിയ ഇരിപ്പിടം ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു, 'ഇരിക്ക്...'
എന്നെ ചൈനക്കാരന്റെ ചിത്രമാക്കണം എന്ന് അയാള്‍ തീരുമാനിച്ചുകഴിഞ്ഞിരുന്നു. മലയാളികളാരും കാണാനിടയില്ല എന്ന തീര്ച്ചയില് ഒരു മടിയുമില്ലാതെ ഞാനാ തെരുവോരത്ത് ഇരുന്നുകൊടുത്തു. എന്നെ കിട്ടിയപാടെ കടലാസിലാക്കുകയാണ് ചൈനക്കാരന്. ചങ്ങാതിയാണെങ്കില്‍ ഹെന്റി കാര്‍ട്ടിയര്‍ ബ്രെസ്സോണ്‍ താനെന്ന മട്ടില്‍ ആള്‍ക്കൂട്ടത്തില്‍ ചൈനക്കാരനു പോസു ചെയ്യുന്ന കൊച്ചിക്കാരനെ മൊബൈല്‍ ചിത്രങ്ങളാക്കിക്കൊണ്ടേയിരുന്നു.
കടലാസില്‍ വര തീര്‍ന്നു. എന്റെ അകവും പുറവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ചിത്രം ചൈനക്കാരന് നീട്ടിയപ്പോള്‍ ചങ്ങാതി ആര്‍ത്തുചിരിച്ചുകൊണ്ട് പറഞ്ഞ പണം കൊടുത്തു. പിന്നെ ആദ്യം കണ്ട ടാക്സിക്ക് കൈകാണിച്ച് അതില്‍ കയറി. ഡ്രൈവര്‍ പാകിസ്താനിയാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ ചിരി തുടര്‍ന്നുകൊണ്ട് ചങ്ങാതി പറഞ്ഞു: 'ദാ... മനസ്സില്‍ കുറിച്ചിട്ടോ ഈ ദിവസം, ഇന്ത്യക്കാരന്റെ രണ്ടു ശത്രുക്കള്‍ക്കും നമ്മളിന്നു പണികൊടുത്തു.' വെള്ളക്കാരനെക്കൊണ്ട് സദ്യ വിളമ്പിച്ച എം.പി. നാരായണപിള്ളയെ എനിക്ക് ഓര്‍മ്മവന്നു.
ജയന്ത് കാമിച്ചേരില്‍ എന്ന കുമരകംകാരന്‍ ചങ്ങാതിയുടെ കുസൃതിയും നര്‍മ്മബോധവും ന്യൂയോര്‍ക്ക് നഗരത്തില്‍ ചുറ്റിനടന്ന ആ ദിവസം മുഴുവന്‍ ഞാനനുഭവിച്ചു എന്നു മാത്രമല്ല രണ്ടാഴ്ച നീണ്ട ആ യാത്രയിലെ ഏറ്റവും തിളക്കമേറിയ ചില നിമിഷങ്ങളായി അതു നിലനില്ക്കുകയും ചെയ്യുന്നു. ജയന്ത് എഴുതുന്നത് പലതും ഞാന്‍ വായിക്കാറുണ്ട്. ആ അക്ഷരങ്ങളില്‍ ചിരി പൊടിഞ്ഞുനില്ക്കുന്നതിനു കാരണം അയാളുടെ ജീവിതത്തില്‍നിന്ന് അവ ഊറിക്കൂടി വരുന്നതുകൊണ്ടാണ്. ട്രംപ് ഭരിക്കുന്ന കാലത്ത് അയാളെനിക്കൊരു പോസ്റ്റുകാര്‍ഡ് അയച്ചു. അതില്‍ നിറയെ ട്രംപിനെ വിളിക്കാനുള്ള മലയാളം തെറിപ്പദങ്ങളായിരുന്നു.
കുമരകംകാരന്‍ എന്ന മലയാളവാക്ക് കൈയില്‍ പച്ചകുത്തിയ ജയന്ത് പറയുന്നതും എഴുതുന്നതുമെല്ലാം ആ പ്രദേശത്തെക്കുറിച്ചു മാത്രമാണ്. 'വേമ്പനാടന്‍ ബ്വാന' എന്ന ഈ നോവലില്‍ കുമരകം ഒരു ചെറുചിരിയോടെ വലിയ പ്രപഞ്ചമായി വിടര്ന്നുവികസിക്കുന്നത് എനിക്കു കാണാനാകുന്നുണ്ട്. നോവല്‍ തുടങ്ങാനായി തിരഞ്ഞെടുത്ത കാലം അറുപതുകളുടെ ആദ്യമാണ്. സിനിമാകൊട്ടകകള്‍ ഭരിക്കുന്നത് പ്രേംനസീര്‍. അന്തരീക്ഷത്തില്‍ കാമരാജ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നു. കമ്യൂണിസ്റ്റ് ഭരണകാലമാണ്. സ്വാഭാവികമായും പള്ളിയും പട്ടക്കാരനും കമ്യൂണിസ്റ്റ് വിരുദ്ധര്‍. നിരീശ്വരവാദികളെ പിശാചിനെപ്പോലെ വെറുക്കുന്ന വണ്ടന്മേട്ടുകാരന് വികാരിയാണ് നെപുംസ്യാനോസ് പുണ്യാളന് മദ്ധ്യസ്ഥനായ സുറിയാനിപ്പള്ളി ഭരിക്കുന്നത്.
.jpg?$p=0346d38&&q=0.8)
പുതുപ്പണക്കാരനായി, ആഫ്രിക്കയില്‍നിന്ന് പള്ളിയുടെ അതിരിലെ തോടിനപ്പുറത്ത് വന്നിറങ്ങിയ ബ്വാനയും വികാരിയും തമ്മിലുള്ള സംഘര്‍ഷമാണ് നോവലിന്റെ തുടക്കത്തിലെ മുഖ്യപ്രമേയം. കമ്യൂണിസ്റ്റ് പിന്തുണയോടെ ബ്വാന വാര്‍ഡ് മെമ്പറായപ്പോള് തുടങ്ങിയ യുദ്ധത്തില്‍ പല ഘട്ടത്തിലും അവര്‍ പരസ്പരം തന്ത്രപൂര്‍വ്വം തോറ്റുകൊടുക്കുന്നുമുണ്ട്. ഫുട്ബോള്‍ കളിയില്‍ കമ്പമുള്ള വികാരി ഒരു ഗോളടിക്കുമ്പോള്‍ ബ്വാന രണ്ടു ഗോള്‍ തിരിച്ചടിക്കും എന്ന മുറയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നാട്ടുനന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന ഈ രണ്ടു കഥാപാത്രങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ ഗ്രഹാം ഗ്രീനിന്റെ മോസ്യ കിഹോട്ടേയിലെ പാതിരിയെയും മേയറെയും ഓര്‍മ്മപ്പെടുത്തിയെങ്കിലും കപ്പയുടെയും തോട്ടുമീനിന്റെയും നാട്ടില്‍നിന്നു മാത്രമേ ഈ വികാരിക്കും ബ്വാനയ്ക്കും പൊട്ടിമുളയ്ക്കാനാകൂ എന്നുള്ളത് വ്യക്തമാണ്. തന്നെയുമല്ല ബ്വാന എന്ന കഥാപാത്രമുണ്ടാകുന്നത് ജീവിച്ചിരുന്ന ഒരു കുമരകംകാരനില് നിന്നുമാണുതാനും.
ഗ്രഹാം ഗ്രീനിന് തന്റെ കൃതി എഴുതാനുള്ള പ്രചോദനം ലോകസാഹിത്യത്തിലെ മഹത്തായ നോവലായ സെര്‍വാന്റിസിന്റെ ഡോണ്‍ കിഹോട്ടെ തന്നെയാണ്. വീരസാഹസികസാഹിത്യം വായിച്ച് സമനിലതെറ്റിയ ലാ മാഞ്ചയിലെ ഡോണ്‍ കിഹോട്ടെ നടത്തുന്ന വീരസാഹസികയാത്രതന്നെ അയാളുടെ ഭാവനാസഞ്ചാരമാണല്ലോ. കേന്ദ്രകഥാപാത്രങ്ങളുടെ യാത്ര വളരെ ഗൗരവത്തില്‍ വിവരിക്കുമ്പോഴും ദുരന്തപൂര്‍ണ്ണമായ നര്‍മ്മമാണ് ആ കൃതിയുടെ ഭാവം. കുമരകത്തിന്റെ മണ്ണില്‍ വേരുകളുള്ള ഒരാള്‍ക്കു മാത്രമേ വേമ്പനാടന്‍ ബ്വാന എന്ന കൃതി രചിക്കാനാകൂ എന്നുള്ളതും വ്യക്തമാണ്.
ബ്വാന എന്ന കഥാപാത്രം മാത്രമാണ് ഈ കൃതിയുടെ കേന്ദ്രബിന്ദു. കുമരകംകാരും തികച്ചും വ്യത്യസ്തരുമായ അനേകം മനുഷ്യര്‍ നോവലിലേക്കു കയറിവരുന്നുണ്ടെങ്കിലും അവരെല്ലാവരും ബ്വാനയെ തൊട്ടാണ് നില്‍ക്കുന്നത്. അവരില്‍ പലര്‍ക്കും സംഭവങ്ങളുടെ ഗതിയില്‍ കാര്യമായ പങ്കൊന്നുമില്ല. അതുകൊണ്ടുതന്നെ കൃതിയുടെ രണ്ടാം ഭാഗത്തിലെ വിവരണം അല്‍പ്പം പരന്നുപോയതായി തോന്നി. സുപ്രധാനകഥാപാത്രങ്ങളായി തുടക്കത്തില്‍ കടന്നുവന്ന വികാരിതന്നെ ഒരു ഘട്ടത്തില്‍ ഒരൊറ്റ വാചകത്തോടെ അപ്രത്യക്ഷനാകുകയാണ്. പിന്നെ ആ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത് ബ്വാനയുടെ അവസാനയാത്രയ്ക്കു സാക്ഷ്യം വഹിക്കാന്‍ മാത്രം.
നോവലിലെ ദുഷ്ടകഥാപാത്രമായി വികസിപ്പിച്ചുകൊണ്ടുവന്ന ഐപ്പച്ചനെപ്പോലും വിവരിക്കുന്നത് അയാളുടെ അന്ത്യത്തോടടുപ്പിച്ചാണ്. മെയ്ന്‍കാംഫിന്റെ ഫസ്റ്റ് എഡിഷന് നിധിപോലെ സൂക്ഷിക്കുന്ന, ഹിറ്റ്ലറെ ആരാധിക്കുന്ന ഐപ്പച്ചനെതിരേ പോരാടുന്നതും ചതുരംഗക്കളിയുടെ ചുവടുപിടിച്ചാണെന്നതു രസകരമാണ്. ബ്വാന മടങ്ങിയശേഷം മറ്റു കഥാപാത്രങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്നുള്ള വിവരണവും കഴിഞ്ഞാണ് ബ്വാനയുടെ യാത്രയെക്കുറിച്ചു ക്രമം തെറ്റിച്ചു പറയുന്നത്. പരമ്പരാഗതമായ നോവല്രചനാരീതിയെ തകിടംമറിക്കുന്ന എഴുത്തുരീതിയാണ് ഈ ക്രമം തെറ്റിക്കല്‍.
1605ല്‍ എഴുതപ്പെട്ട എക്കാലത്തെയും മഹത്തായ നോവല്‍ ഡോണ്‍ കിഹോട്ടെ വീണ്ടും ഓര്‍മ്മവരുന്നു. വ്യവസ്ഥകളും മുന്‍ധാരണകളും രൂപപ്പെടുന്നതിനു മുമ്പേ എഴുതിയതിനാലാകണം അപാരമായ സ്വാതന്ത്ര്യത്തോടെയാണ് ആ കൃതിയില്‍ കഥാപാത്രങ്ങള്‍ കടന്നുവരുന്നതും പോകുന്നതും കാലം തകിടംമറിയുന്നതും. കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റിത്തന്നെ കൃതി പൂര്‍ത്തിയാക്കണമെന്ന ചിന്തപോലും എത്തിനോക്കാത്ത ഒരു രചന. മഹാനായ എഴുത്തുകാരന് കാണിച്ചുതന്ന ഒരു മാതൃക മുന്നില്‍ കിടക്കുന്നുണ്ടല്ലോ എന്നോര്‍ത്തുപോയി എന്നുമാത്രം.
എനിക്കേറ്റവും കൗതുകകരമായി തോന്നിയത്, ഈ കൃതിയുടെ വിവരണരീതിയാണ്. സാഹിത്യം തീണ്ടാത്ത ഭാഷയിലാണ് ഈ നോവല്‍ എഴുതപ്പെട്ടിട്ടുള്ളത്. എന്നാല്‍ വി.കെ.എന്‍. പ്രപഞ്ചത്തിലെന്നതുപോലെ ഭാഷയില്‍ തനിയെ നിലനില്‍ക്കുന്ന നിലയിലെത്തിയിട്ടുമില്ല. ഒരു തുടക്കക്കാരന് അതു സ്വപ്നം കാണാനുമാകില്ലല്ലോ. ഇന്നു കേരളത്തിലുപയോഗിക്കാത്ത അനേകം നാട്ടുപദങ്ങള്‍ ഈ എഴുത്തില്‍ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നതും സത്യം. ചില നേരങ്ങളില്‍ സംസാരഭാഷയില്‍ മാത്രം ഉപയോഗിക്കുന്ന പദങ്ങള്‍കൊണ്ടാണ് വിവരണം നിറവേറ്റിയിരിക്കുന്നതുതന്നെ. സാഹിത്യത്തില്‍നിന്നു വിടുതല്‍ നേടി മനുഷ്യര്‍ ജീവിക്കുന്ന മലയാളത്തില്‍ ആദ്യമായി എഴുതിയത് വൈക്കം മുഹമ്മദ് ബഷീറാണല്ലോ. അതിനുശേഷം എഴുത്തു തുടങ്ങിയവര്‍ ജ്ഞാനസ്നാനം ചെയ്തത് ആ വാക്കുകളില്ത്തന്നെയാണ്.
.jpg?$p=e2a7126&&q=0.8)
മനുഷ്യര്‍ ജീവിക്കുന്നത് അവന്റെ ഭാഷയില്ത്തന്നെയാണെന്ന് ഈ കൃതി എന്നെ ബോദ്ധ്യപ്പെടുത്തി. മലയാളം തീരേ ആവശ്യമില്ലാത്ത വിദേശരാജ്യത്ത്, ആധുനികമായ സാഹചര്യങ്ങളിലും തിരക്കുകളിലും മുഴുകിക്കഴിയുമ്പോഴും കടലുകള്ക്കക്കരെനിന്നുയരുന്ന ഭാഷയുടെ ആ വിളി കേള്‍ക്കുവാനും അതില്‍ സ്പര്ശിനികളാഴ്ത്തി എഴുതാനും കഴിഞ്ഞു എന്നതാണ് ജയന്ത് കാമിച്ചേരില്‍ എന്ന എഴുത്തുകാരന്റെ ഗുണം. മലയാളത്തില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനം ഈ കൃതി കരസ്ഥമാക്കും എന്നുതന്നെ ഞാന്‍ കരുതുന്നു.
Content Highlights: Vembanadan Bwana, Novel by Jayanth Kamicheril, P F Mathews, Vaikom Muhammad Basheer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..