തെയ്യത്തിലെ മുത്തപ്പനും വൈക്കം മുഹമ്മദ് ബഷീറും തമ്മിലുള്ള സാമ്യങ്ങളന്വേഷിക്കുകയാണ്. ഇരുവരും ലളിതവും സുതാര്യവുമായ ഭാഷയില്‍ സാധാരണമനുഷ്യരുടെ വേദനകളെയാണ് ആവിഷ്‌കരിച്ചത്. കേരളീയ നവോത്ഥാനമുന്നേറ്റങ്ങളുടെ പ്രാഗ്‌രൂപങ്ങളിലൊന്നായി പോലും പരിഗണിക്കേണ്ടുന്ന മുത്തപ്പനെ കീഴാളജീവിതപരിസരങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി ക്ഷേത്രവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ എത്രമാത്രം അപകടം ചെയ്യും എന്ന്  ഈ ലേഖനം​ വിശകലനം ചെയ്യുന്നു.

ഴുത്തുകാരനും തെയ്യവും ദൈവത്തിന്റെ ഇടത്താവളങ്ങളാണ്. എഴുത്തുകൊണ്ടും വാക്കുകൊണ്ടും ദൈവത്തെ സാന്നിധ്യപ്പെടുത്തുന്നവര്‍. വൈക്കം മുഹമ്മദ് ബഷീറും നമ്പലമുത്തപ്പനും തമ്മിലുള്ള ബന്ധത്തെ പലപ്രകാരത്തില്‍ വ്യാഖ്യാനിക്കാം. ഒരാള്‍ എഴുത്തിലെ സാധാരണക്കാരുടെ ദൈവമാണെങ്കില്‍ മറ്റെയാള്‍ തെയ്യത്തിലെ സാധാരണക്കാരുടെ ദൈവമാണ്. രണ്ടുപേരും അപരന്റെ മനസ്സുവായിക്കുന്നവര്‍. മനുഷ്യസങ്കടങ്ങളെ പകുത്തെടുക്കുന്നവര്‍. മുത്തപ്പന്‍ കുന്നത്തൂര്‍പാടിയിലെ എകര്‍ന്ന മലയാധാരമായി ലോകത്തിന്റെ ദുഃഖമറിഞ്ഞു. ബേപ്പൂര്‍ സുല്‍ത്താന്‍ വീട്ടുവളപ്പില്‍ പടര്‍ന്ന മരത്തണലിലിരുന്ന് മനുഷ്യസങ്കടങ്ങളെ കണ്ടു. അകമസ്സിന്റെ ആകുലതകളെ പലപ്രകാരങ്ങളില്‍ ആവിഷ്‌കരിച്ച രണ്ട് മനുഷ്യരാണ് മുത്തപ്പനും വൈക്കം മുഹമ്മദ് ബഷീറും. 

ബഷീര്‍ എഴുത്തിലൂടെ ദൈവത്തെ സ്വശരീരത്തില്‍ തളച്ചിട്ടപ്പോള്‍ സമാനതകളില്ലാത്ത പ്രവൃത്തികളിലൂടെ എകര്‍ന്ന മലയേറിയ മുത്തപ്പനിലും ദൈവം ഉദയംചെയ്തു. എഴുത്തില്‍ ബഷീര്‍ ചെയ്തതെല്ലാം തെയ്യത്തില്‍ മുത്തപ്പനും ചെയ്തിട്ടുണ്ട്. ലളിതമായ ഭാഷയില്‍ നര്‍മത്തില്‍ ചാലിച്ച് വലിയ വലിയ ജീവിതതത്ത്വങ്ങള്‍ ഏറ്റവും സാധാരണക്കാരായ മനുഷ്യരോട് സംവദിച്ച എഴുത്തുകാരനാണ് ബഷീര്‍. കുന്നത്തൂര്‍പാടിയിലെ ആളയടിയന്മാര്‍ക്കുവേണ്ടി സ്വജീവിതം സമര്‍പ്പിച്ച് ഏറ്റവും ലളിതവും സുതാര്യവുമായ ഭാഷയിലും വേഷത്തിലും സംസാരിക്കുന്ന മലദൈവമാണ് മുത്തപ്പന്‍. മുളയമ്പും ഓടവില്ലുമായി മലങ്കാട് താണ്ടി അടിയാളരുടെ ഉടയോനായ മനോദയക്കാരനും ജീവിക്കുന്നതിനായി പലപല നാടുകളലഞ്ഞ് ജീവിതസത്യം മനസ്സിലാക്കിയ ബഷീറും തമ്മില്‍ സാമ്യങ്ങളേറെയാണ്.

വൈക്കം മുഹമ്മദ് ബഷീര്‍
വൈക്കം മുഹമ്മദ് ബഷീര്‍

സുതാര്യമായ അറിവാണ് ദൈവമെന്ന് മുത്തപ്പന്റെ വാഗ്ധോരണി അടിവരയിടുന്നു. പച്ചവെള്ളത്തിന്റെ തെളിച്ചംപോലെ നമ്മുടെ ഉള്ളകത്തെ കഴുകിവെളിപ്പെടുത്തുന്നതാണ് മുത്തപ്പന്റെ വാചാലുകള്‍. ബഷീര്‍സാഹിത്യവും അതുപോലെതന്നെയാണ്. മുടിപ്പുല്ലും മൂന്ന് തുമ്പക്കഴുത്തും വെച്ച എഴുത്തിലെ ജഡാധാരിയാണ് ബഷീര്‍. വരിഞ്ഞ കെടുമുടി വെച്ച് ഹിമശൃംഗങ്ങളോളം ഉയര്‍ന്ന ദൈവം. എഴുത്തിന്റെയും വാക്കുരിയുടെയും ഭാഷയിലാണ് എഴുത്തുകാരനും തെയ്യവും ഐക്യപ്പെടുന്നത്. മുത്തപ്പന്റെ വാചാലിലുള്ളതുപോലെ ജീവിതം തുടിക്കുന്ന ഭാഷ നിലവില്‍ ഒരു തെയ്യവും ഉപയോഗിക്കുന്നില്ല. ''താണോരു ഒടയില്ല എകര്‍ന്നോരു മുടിയില്ല.'' കാട്ടിലും തടങ്ങിലും ഗുഹയിലും കരിയിലും വെടിയിലും പരവതാനിയിലും എവിടെയും കയ്യെടുക്കുന്ന ദൈവം. കാട്ടില്‍ക്കണ്ടാല്‍ കാട്ടാളനും വീട്ടില്‍ക്കണ്ടാല്‍ വീട്ടുകാരനും വഴിയില്‍ക്കണ്ടാല്‍ ചങ്ങാതിയുമാകാന്‍ ദൈവങ്ങളില്‍ മുത്തപ്പനേ കഴിയൂ. ഏറ്റവും താഴേത്തട്ടിലുള്ള ദൈവവും വിശ്വസാഹിത്യകാരനും ഐക്യപ്പെടുന്നത് ഭാഷയിലാണ്. വാക്കിലാണ്. വാക്കാണ് നേര്.

ചെമ്മാനം പൂത്ത വെറ്റില
ഓട്ടില്‍പ്പഴകിയ അടക്ക
വറുത്ത് കരിഞ്ഞ പഞ്ച
തലയില്‍പ്പൂത്ത 
കോല്‍പ്പാട്
പുളിച്ച തട്ടില്‍ 
കാഞ്ഞ റാക്ക്
മാലകെട്ടിയ അരി
മിണ്ടന്‍പാഞ്ഞ കള്ള്
കയറണക്കാത്ത 
കാട്ടുനായ്ക്കള്‍.

പാടിമല കീഞ്ഞ് പുരളിമല കീഞ്ഞ് പറച്ചീനിമല കീഞ്ഞ് വരുന്ന മനോദയക്കാരന്റെ മുതിര്‍ച്ചയാണ്. ഏറ്റവും ലളിതമായി ഏറ്റവും വലിയ കാര്യങ്ങള്‍ പറഞ്ഞ രണ്ട് മനുഷ്യര്‍. ആര്‍ഭാടമില്ലാത്ത രൂപം. ആര്‍ഭാടമില്ലാത്ത വാക്ക്.

പാത്തുമ്മയുടെ ആട്,ജമീലയുടെ കയ്പേറിയ പൂവമ്പഴം, ഉപ്പൂപ്പാന്റെ ആന, നാരായണിയുടെ ശബ്ദം,പ്രേമത്തിന്റെ അടുപ്പില്‍ ചുട്ട മജീദിന്റെ അകത്തിറച്ചി, ആകാശ മിട്ടായി,നീലവെളിച്ചം,പാവപ്പെട്ടവരുടെ വേശ്യ, പ്രണയത്തിന്റെ കണക്കുകള്‍ തെറ്റിക്കുന്ന മുച്ചീട്ട്, ശിങ്കിടിമുങ്കന്‍... വാക്കൈപൊത്തി ബേപ്പൂര്‍സുല്‍ത്താന്റെ പൈങ്കുറ്റി. ജീവിതത്തിന്റെ മലങ്കാട് താണ്ടിയ എഴുത്തുകാരന്റെ മുതിര്‍ച്ചകള്‍. ദൈവത്തിന് നേദിച്ച ലളിതവിഭവങ്ങള്‍. 

പയ്യാവൂര്‍ താഴ്വാരങ്ങളിലെ കഷ്ടതകളനുഭവിക്കുന്ന അടിമകള്‍ അവരുടെ ദുരിതജീവിതത്തില്‍ വിതച്ചുകൊയ്തതും നായാടിപ്പിടിച്ചതുമായ വിഭവങ്ങളാണ് മുത്തപ്പന് മുതിര്‍ച്ച വെച്ചത്. മുത്തപ്പന്റെ പൈങ്കുറ്റിയെന്നത് മനുഷ്യര്‍ ദൈവത്തിന് സ്വന്തം ജീവിതം പകുത്തുകൊടുക്കലാണ്. ആളടിയാത്തി വിതച്ചുകൊയ്ത പഞ്ചയെന്നത് അവര്‍ വിതച്ച് കൊയ്ത അധ്വാനമാണ്. അവരുടെതന്നെ കാര്‍ഷികവിഭവമാണ്. പാടിമലമുടിയിലെ ആളടിയാന്‍ കരിമ്പനയേറി മുളങ്കുറ്റിയില്‍ പോര്‍ന്ന മധുവാണ്. പൈങ്കുറ്റി എന്നത് മനുഷ്യനും ദൈവവും പ്രകൃതിയും അനാദിയായ ലഹരിയില്‍ ഐക്യപ്പെടലാണ്. ഏറ്റവും ലളിതമായി ഏറ്റവും സൗമ്യമായി ഏറ്റവും സുന്ദരമായി. 

മുത്തപ്പനേറ്റമിഷ്ടപ്പെട്ട വിഭവങ്ങള്‍ പാടിയിലെ ആളടിയാത്തി വിതച്ചുകൊയ്ത പഞ്ചയാണെന്ന് പറയുമ്പോള്‍ ദൈവം വിനിമയപ്പെടുന്നത് ഒരു സമൂഹത്തിലെ ഏറ്റവും കഷ്ടതയനുഭവിക്കുന്ന ജനങ്ങളുമായാണ്. പയ്യാവൂര്‍മലയിലെ ആളടിയാന്മാരായ കരിമ്പാലന്മാര്‍ക്കാണ് മുത്തപ്പനെന്ന ദൈവത്തെ കണ്ടുകിട്ടുന്നത്. ഏറ്റവും ലളിതമായ ജീവിതതത്ത്വങ്ങള്‍ മണ്ണിലാവിഷ്‌കരിക്കുന്നതിനായി മുത്തപ്പനും എഴുത്തുകാരനായ ബഷീറും തിരഞ്ഞെടുക്കുന്നത് പ്രകൃതിയുടെ തുറസ്സിനെയാണ്. വിശാലമായ തൊടിയിലെ ജീവല്‍സമൃദ്ധിയില്‍ നിന്നുകൊണ്ടാണ് ബഷീറും ഭാര്യയും ഭൂമിയുടെ അവകാശികളെക്കുറിച്ച് വാചാലരാകുന്നത്. തേളും എലിയും ഉറുമ്പും മരപ്പട്ടിയും കടവാതിലും എന്നുവേണ്ട സകല ജീവജാലങ്ങളും മനുഷ്യന് ശല്യമാണെന്ന പ്രായോഗികവാദവുമായി ബഷീറിന്റെ ഭാര്യ തര്‍ക്കിക്കുന്നു. രണ്ടേക്കറിലായി പടര്‍ന്നുപന്തലിച്ച മാവ്, പ്ലാവ്, തെങ്ങ്, കശുമാവ്, പേര, സപ്പോട്ട, മാങ്കോസ്റ്റിന്‍, മുരിങ്ങ, പുളി തേക്ക്, പൈന്‍, ചെമ്പകം തുടങ്ങിയ മരങ്ങളും നാനാതരം പൂച്ചെടികളും തഴച്ച തുറസ്സില്‍നിന്നാണ് ബഷീര്‍ ഭൂമിയുടെ അവകാശികളെപ്പറ്റി വാചാലനാകുന്നത്. മുത്തപ്പനും ബഷീറും ജീവന്റെ മഹാപ്രപഞ്ചത്തില്‍ നിന്നുകൊണ്ടാണ് ഏറ്റവും ലളിതവും സുതാര്യവുമായ ഭാഷയില്‍ ഏറ്റവും ഗഹനമായ കാര്യങ്ങള്‍ പറയുന്നത്.

ദൈവത്തിന്റെ ഇടത്താവളങ്ങള്‍

മനുഷ്യനും ദൈവവും തമ്മിലുള്ള ചേര്‍ച്ചയില്‍ ഇടനിലക്കാരാരുമില്ല. കരുണയിലാണ്, സ്‌നേഹത്തിലാണ് ദൈവമെന്ന് തെയ്യവും എഴുത്തുകാരനും പലപ്രകാരത്തില്‍ ആടിപ്പാടി പറയുന്നുണ്ട്. എറകും എറച്ചിയും തീയും ചൂടും ചേരുന്ന പ്രകാരം ഒരു ദൈവവും എഴുത്തുകാരനും പരസ്പരപൂരകത്വമാകുന്നു. ദത്തതൊന്ന് പെറ്റതൊന്ന് മുന്‍കയ്യേ പിടിച്ചതൊന്ന് എന്നിരിക്കുന്ന വകഭേദമില്ല. മുത്തപ്പന്‍ സംസാരിക്കുന്ന സുതാര്യമായ ഭാഷയില്‍ത്തന്നെയാണ് ബഷീര്‍ എഴുതുന്നതും. നമുക്കന്യമായ, അപ്രാപ്യമായ ലോകത്ത് വിരാജിക്കുന്ന ദൈവം ഇളവെയിലേല്‍ക്കാനിറങ്ങുന്ന നിരവുകളാണ് തെയ്യവും എഴുത്തുകാരനും. രണ്ടുപേരിലൂടെയും സ്‌നേഹമായും സൗന്ദര്യമായും കരുണയായും ദൈവം പ്രകാശിക്കുന്നു. മറ്റുള്ളതിനെ പ്രകാശിപ്പിക്കുന്നു. ബഷീറിനെയും മുത്തപ്പനെയും നമുക്കൊരുപോലെ വായിക്കാം. മഹാപ്രപഞ്ചത്തിലേക്ക് നോക്കി ബഷീര്‍ ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി വലിയ ഒന്നെന്ന സത്യത്തെ വിളിച്ചുപറയുന്നു. മുത്തപ്പന്‍ കുറച്ചുകൂടി കാവ്യാത്മകമായി ഇത് അവതരിപ്പിക്കുന്നുണ്ട്. ബഷീര്‍ രണ്ടൊന്നുകള്‍ കൂട്ടിച്ചേര്‍ത്ത് വലിയ ഒന്നുണ്ടാക്കുമ്പോള്‍ തെയ്യം അഞ്ചൊന്നുകള്‍ ചേര്‍ത്താണ് വലിയ ഒന്നുണ്ടാക്കുന്നത്. തന്റെ മുന്നില്‍ കൈകൂപ്പുന്ന ഭക്തനോട് മനുഷ്യന്റെ പലവിധങ്ങളായ അവസ്ഥാന്തരങ്ങളെ വിശേഷിപ്പിക്കുന്നിടത്താണ് മുത്തപ്പന്‍ കിളിയെ ഉദ്ധരിച്ച് രസം പറയുന്നത്.

പഞ്ചവര്‍ണക്കിളിയുടെ അനുഭവംപോലെ, പറക്കുമ്പോള്‍ പഞ്ചവര്‍ണം ഇരിക്കുമ്പോള്‍ ഏകവര്‍ണം. അഞ്ചുവര്‍ണങ്ങളില്‍ ശോഭിതമായ കിളി ഒരുചില്ലയില്‍ ചിറക് പൂട്ടിയിരിക്കുമ്പോള്‍ അതിന്റെ എല്ലാ വര്‍ണവും തെളിയില്ല. പഞ്ചവര്‍ണക്കിളിയുടെ മനോരഞ്ചകമായ വര്‍ണവിന്യാസം അനുഭവിക്കണമെങ്കില്‍ ഒരിടത്തിരുന്നാല്‍ പോര, പറക്കണം. ബഹുമുഖസാധ്യതകളുള്ള മനുഷ്യന്റെ വിവിധങ്ങളായ അവസ്ഥാഭേദങ്ങള്‍ അറിയണമെങ്കില്‍ മനുഷ്യന്‍ ഒരിടത്തിരുന്നാല്‍ പോര. ഒന്നും ചെയ്യാതെ അനങ്ങാതിരിക്കുന്ന മനുഷ്യന് നിറമില്ലാത്ത ഏകവര്‍ണമാണ്. അതുപോലെ മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ കര്‍മനിരതമാകുമ്പോഴാണ് അതിന്റെ ഗുണത്തെ പ്രദാനം ചെയ്യുന്നത്. കര്‍മനിരതമാകാത്ത അവസ്ഥയില്‍ അഞ്ചിന്ദ്രിയങ്ങളും നിശ്ചലമാകുന്നു. സഹജീവികള്‍ക്കുപകാരമാകുന്ന കര്‍മമണ്ഡലങ്ങളില്‍ വ്യാപരിക്കുമ്പോഴാണ് മനഷ്യന്റെ പലവിധത്തിലുള്ള വ്യക്തിത്വങ്ങളെ നമുക്കനുഭവിക്കാനാകുന്നത്. 

സ്വന്തം വാക്കുകളെ കൈതമുള്ളിന് തടവിയപ്രകാരം എന്നാണ് മുത്തപ്പന്‍ വിശേഷിപ്പിക്കുന്നത്. മുത്തപ്പന്റെ വാക്കിന് ഇരുതലമൂര്‍ച്ചയാണ്. കൈതമുള്ളിന്റെ പ്രത്യേകത കൈതോലയില്‍ മുകളിലേക്കും താഴേക്കും എന്ന പ്രകാരത്തിലാണ് മുള്ളുകളെ ക്രമീകരിച്ചിരിക്കുന്നത് എന്നതാണ്. താഴേക്ക് തടവിയാലും മേലേക്ക് തടവിയാലും മുറിവേല്ക്കും. വാക്കില്‍ സത്യമുണ്ടെങ്കില്‍ എങ്ങനെ വിചാരിച്ചാലും അതിനെ നിരാകരിക്കാനാകില്ല എന്നാണ് ഇതിന്റെ പൊരുള്‍. പക്ഷേ, കൈതമുള്ളിന്റെ സത്യം പോലെ മുത്തപ്പന്റെ മൊഴിയിലെ പൊരുള്‍ ഇന്ന് ആരാണ് തിരയുന്നത്. പരിഷ്‌കാരം എന്ന പുതുജീവിതക്രമത്തിന്റെ ഭാഗമായി വലിയതോതില്‍ ആര്യവത്കരിച്ച, സംസ്‌കൃതവത്കരിച്ച തെയ്യത്തിന്റെ വാഗ്ധോരണിയിലെ നെല്ലും പതിരും പേക്കിത്തിരിക്കുന്നതാരാണ്? നട്ടുനനച്ചേടത്തും കരിച്ച് വാളിയേടത്തും തന്റെ സാക്ഷ്യങ്ങള്‍ കാട്ടിക്കൊടുത്ത, നാട്ടുകനിക്കും നരിവിളിക്കും നായാട്ടിനും രക്ഷചെയ്ത തെയ്യത്തിന് അതിന്റെ ഭാഷാപരമായ ലാളിത്യംപോലും നഷ്ടപ്പെടുകയാണ്. ഒരു ശീലയിലെ കാണങ്ങള്‍പോലെ ഒരാലയിലെ കാലികളെപ്പോലെ കൊമ്പും കുളമ്പും കൊള്ളാതെ ഒന്നിന്റെ പുറത്തെ പൊടി മറ്റേത് തട്ടി പാത് പിടിയെന്നും പകുത്ത് പിടിയെന്നും എന്‍കൂറപ്പമെന്നും നിന്‍കൂറടയെന്നും എണകടി കൂടാതെ ഒന്ന് കരയ്ക്ക് വലിക്കുമ്പോള്‍ മറ്റേത് കുഴിക്ക് വലിക്കാതെ നിലനിന്ന് പോരണം എന്നുമുള്ള തെയ്യത്തിന്റെ ഭാഷാ മലയാളം ഇന്നെവിടെയെത്തി നില്ക്കുന്നു?  

weekly coverലേഖനത്തിന്റെ പൂർണരൂപം വായിക്കാം പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ

 

 

 

 

 

 

 

Content Highlights: Article by V.K. Anilkumar Vaikom Muhammad Basheer Muthappan Theyyam speak same