ന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളുടെയും ദേശീയതയുടെയും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്ന വി.കെ കൃഷ്ണമേനോന്‍ ഓര്‍മയായിട്ട് ഇന്നേക്ക് നാല്‍പ്പത്തിയേഴ് വര്‍ഷം തികയുന്നു. ജയറാം രമേശ് എഴുതിയ A Chequered Brilliance Tha many Lives of V.K Krishna Menon എന്ന ജീവചരിത്രം റോയി കുരുവിളയും കെ.രാധാകൃഷ്ണവാരിയരും ചേര്‍ന്ന് ''വി.കെ കൃഷ്ണമേനോന്‍ പ്രതിഭയുടെ ബഹുജീവിതങ്ങള്‍'' എന്ന പേരില്‍  മാതൃഭൂമി ബുക്‌സിനുവേണ്ടി വിവര്‍ത്തനം ചെയ്തിരിക്കുന്നു. പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

1932 സെപ്റ്റംബര്‍ 25ന്, പൂനെയിലെ യര്‍വാദ ജയിലില്‍വെച്ച് കൃഷ്ണമേനോനും വില്‍ക്കിന്‍സണും ഗാന്ധിയെ കണ്ടു. മതത്തിന്റെ മാത്രമല്ല, ജാതിയുടെയും അടിസ്ഥാനത്തില്‍ പ്രത്യേക നിയോജകമണ്ഡലങ്ങള്‍ ഉണ്ടാക്കി തിരഞ്ഞെടുപ്പ് നടത്താനുള്ള ബിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് 1932 സെപ്റ്റംബര്‍ 20 അപരാഹ്നം മുതല്‍ നിരാഹാരസമരത്തിലായിരുന്നു അദ്ദേഹം. അത് ഇന്ത്യയുടെ വിഭജനത്തിനു വഴിതെളിക്കുമെന്ന് വിശ്വസിച്ചിരുന്ന ഗാന്ധിക്ക് അതിനോടു വിരോധമായിരുന്നു. ഗാന്ധിയുടെ നിരാഹാരം ഹിന്ദുമതത്തിലെ നല്ലൊരു വിഭാഗം ജനങ്ങളുടെ മനസ്സാക്ഷിയെ ഉണര്‍ത്തി; മാളവ്യയെയും സി. രാജഗോപാലാചാരിയെയും പോലെയുള്ള 'ജാതിഹിന്ദുക്കള്‍' ഒരു ഭാഗത്തും ആ കാലത്ത് 'അധഃകൃതവര്‍ഗങ്ങള്‍' എന്നു വിളിക്കപ്പെട്ടിരുന്നവരുടെ പ്രതിനിധികളായി ഡോ. ബി.ആര്‍. അംബേദ്കറും കൂട്ടരും ഒരു ഭാഗത്തുമായി ചരിത്രപ്രസിദ്ധമായ 'പൂനാകരാര്‍' 1932 സെപ്റ്റംബര്‍ 24ന് ഒപ്പിട്ടു. 'അധഃകൃതവര്‍ഗങ്ങള്‍' എന്നു വിളിക്കപ്പെട്ടിരുന്നവര്‍ക്ക് നിയമസഭകളില്‍ സംവരണം ഏര്‍പ്പെടുത്താനും ജാതിഭേദമെന്യേ എല്ലാ ഇന്ത്യക്കാര്‍ക്കും രാജ്യമെമ്പാടുമുള്ള ക്ഷേത്രങ്ങള്‍ തുറന്നുകൊടുക്കാനും കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. കൃഷ്ണമേനോനും വില്‍ക്കിന്‍സണും ഗാന്ധി നല്കിയ 'േ്രഗറ്റ് ബ്രിട്ടനുള്ള സന്ദേശം' ലണ്ടനിലെ ഡെയ്‌ലി ഹെറാള്‍ഡ് പത്രത്തിനു മാത്രമാണ് പ്രസിദ്ധീകരണത്തിനു ലഭിച്ചത്.

''ഉപവാസത്തിന്റെ ഓരോ ദിവസവും ദൈവത്തിന്റെ കരം അതിലുണ്ടെന്നതിനുള്ള ഉറച്ച തെളിവു നല്കുന്നതായി തോന്നി. എനിക്ക് ദൈവത്തിലും ദൈവത്തിന്റെ കൃപയിലും അളവറ്റ വിശ്വാസമുണ്ടായിരുന്നെങ്കിലും അയിത്തത്തിനെതിരായുള്ള മഹത്തായ ഈ ഉണര്‍വിന് ഞാന്‍ തയ്യാറായിരുന്നില്ല. മഹത്തായ ചില ക്ഷേത്രങ്ങള്‍ 'തൊട്ടുകൂടാത്തവരെ' ഒരു നിയന്ത്രണവും കൂടാതെ പ്രവേശിപ്പിക്കാന്‍ സ്വയം തയ്യാറാകേണ്ടിവരുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം ആധുനികകാലത്തെ അദ്ഭുതമാണ്...

ഞാന്‍ ഉറക്കമായിരുന്നപ്പോള്‍ അവന്‍ കതകില്‍ മുട്ടി എന്നെ ഉണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു എന്നതിന്റെ കൃത്യസമയത്തുള്ള മുന്നറിയിപ്പാണ് എന്നെ സംബന്ധിച്ചിടത്തോളം കാബിനറ്റിന്റെ തീരുമാനം. ശുദ്ധീകരണപ്രവൃത്തിയുടെ തുടക്കമാണ് എന്നെ സംബന്ധിച്ചിടത്തോളം ഒത്തുതീര്‍പ്പ്... പെട്ടെന്നൊരു തീരുമാനത്തില്‍ ബ്രിട്ടീഷ് കാബിനറ്റ് എത്തിച്ചേരണമെന്ന് ഞാനാഗ്രഹിക്കുന്നില്ല... കരാറിന്റെ ശരിയായ അന്തരാര്‍ഥം അവര്‍ക്കു മനസ്സിലായിട്ടില്ലെങ്കില്‍ അവര്‍ അതു പൂര്‍ണമായും നിരസിക്കുകയാണ് വേണ്ടത്. എന്നാല്‍, അവര്‍ക്കതു മനസ്സിലായിട്ടുണ്ടെങ്കില്‍, അതില്‍നിന്ന് ഒരു വാക്കോ കോമയോ അവര്‍ മാറ്റില്ല. പകരം തൊട്ടുകൂടാത്തവര്‍ എന്നു വിളിക്കപ്പെടുന്നവരും തൊടാവുന്നവര്‍ എന്ന് വിളിക്കപ്പെടുന്നവരും പൂര്‍ണഹൃദയത്തോടെയും ദൈവത്തെ സാക്ഷിയാക്കിക്കൊണ്ടും എത്തിച്ചേര്‍ന്ന മഹത്തായ ഒത്തുതീര്‍പ്പില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഓരോ വ്യവസ്ഥയും നടപ്പാക്കും.''

തൊട്ടടുത്ത ദിവസംതന്നെ, അതായത്, 1932 സെപ്റ്റംബര്‍ 26ന്, ബ്രിട്ടീഷ് സര്‍ക്കാര്‍ പൂനാകരാറിലെ വ്യവസ്ഥകള്‍ അംഗീകരിച്ചു. വിചത്രമെന്നു പറയട്ടെ, പ്രതിനിധിസംഘം ലണ്ടനില്‍ മടങ്ങിയെത്തിയതിനുശേഷം കൃഷ്ണമേനോന്‍ തയ്യാറാക്കിയ അന്തിമറിപ്പോര്‍ട്ടില്‍ ഗാന്ധിയുമായി എന്തെങ്കിലും സംഭാഷണം നടത്തിയതിനെക്കുറിച്ച് ഒരു പരാമര്‍ശവുമുണ്ടായിരുന്നില്ല; അതേസമയം ഗാന്ധി ഒരു പുണ്യപുരുഷനാണെന്ന അഭിപ്രായത്തെ നിരാകരിക്കുകയും അദ്ദേഹത്തെ 'കുശാഗ്രബുദ്ധിയായ രാഷ്ട്രീയക്കാരന്‍' എന്നു വിളിക്കുകയും ചെയ്ത വില്ലിങ്ടണുമായി വാറ്റ്‌ലിയും മാറ്റേഴ്‌സും സംഭാഷണം നടത്തിയതിനെക്കുറിച്ച് വിശദമായ വിവരണം ഉണ്ടായിരുന്നുതാനും.

ലണ്ടനില്‍ മടങ്ങിയെത്തിയ ഇന്ത്യാ ലീഗ് സംഘം കിങ്‌സ്വേ ഹാളില്‍ 1932 നവംബര്‍ 26ന് കൂടിയ ഒരു 'വലിയ യോഗ'ത്തില്‍ തങ്ങളുടെ പ്രാരംഭ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബര്‍ട്രാന്‍ഡ് റസ്സലാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. സദസ്സില്‍ ലാസ്‌കിയും പില്ക്കാലത്ത് ഇന്ത്യയിലെ സംഭവങ്ങളുമായി അടുത്തബന്ധം പുലര്‍ത്താനിടയായ ഒരു ബ്രിട്ടീഷ് രാഷ്ട്രീയക്കാരനും ഉണ്ടായിരുന്നു- സ്റ്റാഫോര്‍ഡ് ക്രിപ്‌സ്. ലാന്‍സ്ബറിയും ഉണ്ടായിരുന്നവിടെ. 1933 ഉടനീളം, ലണ്ടന്‍, മാഞ്ചെസ്റ്റര്‍, ബ്രിസ്‌റ്റോള്‍, ബര്‍മിങ്ഹാം എന്നിങ്ങനെ വിവിധ നഗരങ്ങളില്‍ കൂടിയ ചെറുതും വലുതുമായ അനവധി യോഗങ്ങളില്‍ തന്റെ പ്രതിനിധിസംഘത്തെക്കുറിച്ചും അതിന്റെ കണ്ടെത്തലുകളെക്കുറിച്ചും കൃഷ്ണമേനോന്‍ പ്രസംഗിച്ചു. ഇടതുപക്ഷത്തിന്റെ പ്രചാരമുള്ള പത്രം ന്യൂ സ്‌റ്റേറ്റ്‌സ്മാന്‍ ആന്‍ഡ് നേഷനില്‍ 'പത്രാധിപര്‍ക്കുള്ള കത്തി'ലും കൃഷ്ണമേനോന്‍ എഴുതുകയുണ്ടായി. അതിന്റെ പത്രാധിപര്‍ കിങ്‌സ്ലി മാര്‍ട്ടിനും തന്റെ സംഘടനയായ യൂണിയന്‍ ഓഫ് ഡെമോക്രാറ്റിക് കണ്‍േ്രടാള്‍ വഴി അദ്ദേഹത്തിന്റെ പത്‌നി ഡൊറോത്തി വുഡ്മാനും ഇന്ത്യാ ലീഗിനെ പിന്താങ്ങുന്നവരായിരുന്നു. കത്ത് ഇങ്ങനെ ആരംഭിച്ചു:

1932-ല്‍ ഏകദേശം ഒരു ലക്ഷത്തോളം ആളുകളെയാണ് ഇന്ത്യയില്‍ രാഷ്ട്രീയകാരണങ്ങളാല്‍ ജയിലിലടച്ചത്. അതില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ഓര്‍ഡിനന്‍സുകളും 'ഇന്ത്യയ്ക്കുള്ള ബ്രിട്ടന്റെ ഘോരപാരിതോഷികം' എന്നൊരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ പില്ക്കാലത്ത് വിശേഷിപ്പിച്ച ഇന്ത്യന്‍ പീനല്‍ കോഡും ഈ അറസ്റ്റുകളെയും 'വിചാരണ'കളെയും തടവുകളെയും നിയമവിധേയമാക്കി മാറ്റി. ആയിരക്കണക്കിനു ചെറുപ്പക്കാരെയും കുറച്ചു സ്ത്രീകളെയും വിചാരണയോ കുറ്റപത്രമോ കൂടാതെ കനത്ത ബന്തവസ്സില്‍ തടങ്കല്‍പ്പാളയങ്ങളില്‍ പാര്‍പ്പിച്ചതിനെയും അത് നിയമവിധേയമാക്കിത്തീര്‍ത്തു. ജര്‍മനിയില്‍ അവയെ പീഡനപ്പാളയങ്ങള്‍ എന്നാണു വിളിക്കുന്നത്...

Book Cover
പുസ്തകം വാങ്ങാം

പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ട കത്ത് പ്രകോപനപരവും രൂക്ഷവുമായിരുന്നു. അതിനാല്‍ സ്വന്തം അഭിപ്രായം കൂട്ടിച്ചേര്‍ക്കാന്‍ മാര്‍ട്ടിന്‍ നിര്‍ബന്ധിതനായി:
ഇന്ത്യാ ലീഗിനുവേണ്ടി അടുത്തയിടയ്ക്ക് ഇന്ത്യയില്‍ അനവധി മാസങ്ങള്‍ ചെലവഴിച്ച് അവിടുത്തെ സാഹചര്യങ്ങള്‍ അന്വേഷിച്ച ഇംഗ്ലീഷുകാരും ഇന്ത്യക്കാരുമായ പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന ഒരു സംഘത്തിലെ അംഗമായിരുന്നു ഈ കത്തിന്റെ കര്‍ത്താവ്. ഇന്ത്യയിലെ ഓര്‍ഡിനന്‍സ് ഭരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അവയെ സാധൂകരിക്കുന്നതിനുള്ള ബുദ്ധിമുട്ടുമൂലം സാധാരണയായി ഞങ്ങള്‍ പ്രസിദ്ധീകരിക്കാറില്ല. ഈ രാജ്യത്ത് കുറെ വര്‍ഷങ്ങളായി താമസിക്കുന്നയാളും മിതസ്വഭാവത്തിലുള്ള അഭിപ്രായങ്ങളുടെ ഉടമയുമായ മിസ്റ്റര്‍ മേനോന്‍ തന്റെ കത്തിലെ ഏതൊരു പ്രസ്താവനയെയും തനിക്ക് സാധൂകരിക്കാന്‍ സാധിക്കുമെന്നും താനതിനു തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്; ഇന്ത്യാ ലീഗ് പ്രതിനിധിസംഘത്തിന് ഇന്ത്യയിലുണ്ടായ അനുഭവത്തിന്റെ ഒരു പൂര്‍ണ റിപ്പോര്‍ട്ട് അധികം താമസിയാതെ പ്രസിദ്ധീകരിക്കുന്നതാണെന്നും അദ്ദേഹം ഉറപ്പ് നല്കിയിട്ടുണ്ട്... പത്രാധിപര്‍.

1933 ഫെബ്രുവരിയില്‍ എഡ്‌മൊന്റനില്‍വെച്ചു നടന്ന ലേബര്‍ പാര്‍ട്ടിയുടെ സമ്മേളനത്തില്‍ വുഡ്മാന്‍ ഒരു പ്രമേയം അവതരിപ്പിക്കുകയുണ്ടായി; പ്രസ്തുതസമ്മേളനത്തില്‍ കൃഷ്ണമേനോനും സംസാരിച്ചിരുന്നു. സ്വയംഭരണത്തിനും സ്വാതന്ത്ര്യത്തിനുമുള്ള ഇന്ത്യന്‍ ജനതയുടെ അവകാശം എന്നദ്ദേഹം പറഞ്ഞതിനെ ദൃഢീകരിക്കുന്നതായിരുന്നു പ്രമേയം. 
എത്രയും പെട്ടെന്ന് ഇന്ത്യയ്ക്ക് പൂര്‍ണ സ്വയംഭരണം നല്കണമെന്നും പ്രായപൂര്‍ത്തി സമ്മതിദാനാവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നതും ഭരണഘടനാനിര്‍മാണത്തിനു ചുമതലപ്പെട്ടതുമായ നിയമസഭ രൂപീകരിക്കണമെന്നും അത് ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്ത്യാ ലീഗ് പ്രതിനിധിസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണം തടയാന്‍ ആകാവുന്നതെല്ലാം ബ്രിട്ടീഷ് ഭരണകൂടം ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ സംബന്ധിച്ചുള്ള ആക്ഷേപങ്ങളുമായി വരാന്‍ പോകുന്ന റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു; 1933 ഒക്ടോബര്‍ 26ന് ഹൊറാസ് അലക്‌സാണ്ടര്‍ കൃഷ്ണമേനോന് എഴുതി:
നിങ്ങളുടെ റിപ്പോര്‍ട്ട് ഉടനെ പുറത്തിറങ്ങുമെന്നതില്‍ എനിക്കു സന്തോഷമുണ്ട്. അത്രയേറെ ബൃഹത്തും കൃത്യതയുള്ളതുമായ ഒരു റിപ്പോര്‍ട്ട് ചര്‍ച്ചിലിനും ഹോറെയ്ക്കും കൂട്ടര്‍ക്കും എതിരേ പ്രയോഗിക്കാന്‍ (അക്രമരഹിതമായി!) നല്ല ആയുധമായിരിക്കേണ്ടതാണ്...

ഒടുവില്‍, എസ്സെന്‍ഷ്യല്‍ ന്യൂസ് എന്നൊരു ചെറിയ കമ്പനി 1934 മാര്‍ച്ചില്‍ ഇന്ത്യയുടെ അവസ്ഥ (The Condition of India) എന്ന തലക്കെട്ടോടുകൂടിയ 554 പുറങ്ങളുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ബര്‍ട്രാന്‍ഡ് റസ്സലിന്റെ സ്വതസ്സിദ്ധശൈലിയിലുള്ള കരുത്താര്‍ന്ന ആമുഖക്കുറിപ്പോടെ ഇറങ്ങിയ ബൃഹത്തായ ആ റിപ്പോര്‍ട്ട് മിക്കവാറും കൃഷ്ണമേനോന്‍ ഒറ്റയ്ക്കാണ് തയ്യാറാക്കിയത്. ആയാസകരമായി തയ്യാറാക്കിയ വിശദാംശങ്ങള്‍ അടങ്ങിയതും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ നിശിതമായി വിമര്‍ശിക്കുന്നതുമായ ആ റിപ്പോര്‍ട്ട് ഇങ്ങനെ നിര്‍ദേശിച്ചുകൊണ്ടാണ് അവസാനിക്കുന്നത്:
... സ്വയംഭരണത്തെ അംഗീകരിക്കുകയും അത് സാധിതപ്രായമാക്കുന്നതിന് സഹായിക്കുകയുമാണ് പോംവഴി... ഞങ്ങളുടെ അഭിപ്രായത്തില്‍, താന്താങ്ങളുടെ നിയോജകമണ്ഡലത്തിന്റെ സമ്മതിദാനമുള്ള പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന... ഒരു ഭരണഘടനാനിര്‍മാണസഭയിലൂടെ മാത്രമേ സ്വയംഭരണം എന്ന തത്ത്വം നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ... പ്രായപൂര്‍ത്തിവോട്ടവകാശത്തിലൂടെ അല്ലെങ്കില്‍... പ്രായപൂര്‍ത്തിവോട്ടവകാശത്തോട് കഴിയുന്നത്ര അടുത്തരീതിയില്‍ ആയിരിക്കണം പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്... ചക്രവര്‍ത്തിയുടെ സര്‍ക്കാരുമായി ചര്‍ച്ച ആവശ്യമായ കാര്യങ്ങളിലെല്ലാം ചര്‍ച്ച ചെയ്യുന്നതിന് ഒരു പ്രതിനിധിസംഘത്തെ ഭരണഘടനാനിര്‍മാണസഭ നിയമിക്കുന്നതായിരിക്കും. അതുവഴി എത്തിച്ചേരുന്ന കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ നിയമനിര്‍മാണത്തിന് വിധേയവുമായിരിക്കും... 
പ്രതിനിധിസംഘത്തിന്റെ റിപ്പോര്‍ട്ട് എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത്, 1933 മാര്‍ച്ചില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെച്ച ഇന്ത്യയെക്കുറിച്ചുള്ള ധവളപത്രത്തിനെതിരേ ഊര്‍ജസ്വലമായി പ്രചാരണം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു കൃഷ്ണമേനോന്‍.

വ്യത്യസ്തമായ രാഷ്ട്രീയവീക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഗാന്ധി അത്യധികം ആദരിച്ചിരുന്ന വി.എസ്. ശ്രീനിവാസശാസ്ത്രിയുടെ അഭിപ്രായങ്ങള്‍ക്ക് ഇന്ത്യാ ലീഗ് പ്രചാരം നല്കിയിരുന്നു. 'സാമുദായികഭിന്നതകളെ പൊരുത്തപ്പെടുത്താന്‍ ഇന്ത്യക്കാര്‍ക്ക് സാധിക്കില്ല' എന്നതുകൊണ്ട് ശാസ്ത്രി ഭരണഘടനാനിര്‍മാണസഭ എന്ന ആശയത്തിന് എതിരായിരുന്നെന്ന് മൂന്നു ദശകങ്ങള്‍ക്കു ശേഷം5 അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, അതില്‍ ഇങ്ങനെയും പറയുന്നു:
ലണ്ടനിലെ ഇന്ത്യാ ലീഗിനുവേണ്ടി വി.കെ. കൃഷ്ണമേനോനാണ് ഭരണഘടനാനിര്‍മാണസഭ എന്ന ആശയം അവതരിപ്പിച്ചത്. ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയിലെ ഏറ്റവും പ്രമുഖരായ ചില അംഗങ്ങളുടെ പിന്തുണയും അതിനുണ്ടായിരുന്നു.

ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ നല്ലൊരു പങ്കും തടവിലായിരുന്നതിനാല്‍ അവരുടെ പക്കല്‍നിന്ന് ഔപചാരികമായ അഭിപ്രായമൊന്നും ഉയര്‍ന്നുവന്നില്ല. എന്നാല്‍, ഇന്ത്യന്‍ രാഷ്ട്രീയാഭിപ്രായത്തിലെ മറ്റെല്ലാ വിഭാഗങ്ങളും തങ്ങളുടെ ഞെട്ടല്‍ പ്രകടിപ്പിക്കുകയുണ്ടായി. 'ലംഘിക്കപ്പെട്ട പ്രതിജ്ഞകള്‍' എന്ന തലക്കെട്ടോടുകൂടി പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയിലാണ് തന്റെ സ്വന്തം ആക്രമണം കൃഷ്ണമേനോന്‍ ചേര്‍ത്തത്. ഒരു മുന്‍ വൈസ്രോയി (ഇര്‍വിന്‍) ഒരു സ്വകാര്യകത്തില്‍ പ്രസ്താവിച്ചത് ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം അതവസാനിപ്പിച്ചത്:
... ഇംഗ്ലണ്ടിലെയും ഇന്ത്യയിലെയും സര്‍ക്കാരുകള്‍ ചെവിയില്‍ പറഞ്ഞ വാഗ്ദാനത്തിന്റെ സത്ത അവരുടെ അധീനതയിലുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചു നശിപ്പിക്കുന്നു എന്ന ആരോപണത്തിന് തൃപ്തികരമായി മറുപടി നല്കുന്നതിന് ഈ നിമിഷംവരെ അവര്‍ക്കു സാധിച്ചിട്ടില്ല എന്നാണെനിക്കു തോന്നുന്നതെന്നു പറയാന്‍ എനിക്കു മടിയില്ല...

ഇതായിരുന്നു മറ്റെന്തിലുമുപരിയായി ധവളപത്രത്തിനേറ്റ ഏറ്റവും വേദനാജനകമായ കുത്ത്.

1933 മധ്യത്തോടെ, സ്ഥിരമായ സാമ്പത്തികപരാധീനത അനുഭവിച്ചുകൊണ്ടിരുന്ന കൃഷ്ണമേനോന്‍ ലണ്ടനിലെ പ്രശസ്തങ്ങളായ രണ്ടു പ്രസാധകസ്ഥാപനങ്ങളില്‍ താത്കാലികാടിസ്ഥാനത്തില്‍ എഡിറ്റര്‍ ജോലി ചെയ്യാന്‍ കരാറിലേര്‍പ്പെട്ടു: ആദ്യത്തേത് സെല്‍വിന്‍ ആന്‍ഡ് ബ്ലൗണ്ട് ആയിരുന്നു, രണ്ടാമത്തേത് ജോണ്‍ ലേന്‍ ദി ബോഡ്ലി ഹെഡ്. രണ്ടാമത്തേത് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നതായിരുന്നു. എന്നാല്‍, ആദ്യത്തേത് അത്രയൊന്നും പ്രാധാന്യമുള്ളതായിരുന്നില്ല. ജനറല്‍ എഡിറ്റര്‍ എന്ന നിലയില്‍ എഴുത്തുകാരെ കണ്ടെത്തി, വിഷയം നിര്‍ണയിച്ച് പുസ്തകം പ്രസിദ്ധീകരിക്കുന്നതുവരെ അവരോടൊപ്പം ജോലി ചെയ്യുകയെന്നതായിരുന്നു അദ്ദേഹത്തില്‍ നിക്ഷിപ്തമായിരുന്ന ചുമതല.

സെല്‍വിന്‍ ആന്‍ഡ് ബ്ലൗണ്ടില്‍ 'ടോപ്പിക്കല്‍ ബുക്‌സ് പരമ്പര'യ്ക്ക് കൃഷ്ണമേനോന്‍ തുടക്കമിട്ടു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍:
ഈ പരമ്പരയിലെ പുസ്തകങ്ങള്‍, താത്പര്യമുള്ള വിഷയങ്ങളിലെ പ്രശ്‌നങ്ങളെയും വ്യക്തികളെയും കൈകാര്യം ചെയ്യുന്നതായിരിക്കും... ഈ പരമ്പരയിലെ ഓരോ പുസ്തകത്തിലും എഴുത്തുകാരന്റെ അപഗ്രഥനപാടവത്തിന്റെയും ജ്ഞാനത്തിന്റെയും അനുഭവത്തിന്റെയും മുദ്ര പതിഞ്ഞിരിക്കും. ഒപ്പം എഴുത്തുകാരന്റെ ധീരമായ ചിന്തയുടെയും. 
ഏതെങ്കിലും സിദ്ധാന്തങ്ങളോ അഭിപ്രായങ്ങളോ പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ഈ പരമ്പര. മറിച്ച്, ഏറ്റവും പ്രസക്തമായ പ്രശ്‌നങ്ങള്‍ അത്യന്തം സൂക്ഷ്മതയോടെ തിരഞ്ഞെടുത്ത് അവ കൈകാര്യം ചെയ്യാന്‍ ഉചിതരായ എഴുത്തുകാരെ കണ്ടെത്തുകയാണു ചെയ്യുന്നത്. ഓരോ പുസ്തകത്തിനും അതിന്റെതായ സവിശേഷതയുണ്ടായിരിക്കും. അതേസമയം പൊതുവായ എഡിറ്റിങ് പരമ്പരയ്ക്ക് നമ്മുടെ കാലത്തില്‍ സാധ്യമായതും അത് ആവശ്യപ്പെടുന്നതുമായ പ്രത്യേക തനിമ ഉറപ്പാക്കുന്നതുമായിരിക്കും.

ലാന്‍സ്ബറിയുടെ സ്മരണകളായിരുന്നു ഈ പരമ്പരയിലെ ആദ്യ പുസ്തകം, മൈ ഇംഗ്ലണ്ട് (My England). ആ കാലത്ത് ഹൗസ് ഓഫ് കോമണ്‍സിലെ പ്രതിപക്ഷനേതാവായിരുന്നു ലാന്‍സ്ബറി; വ്യാപകമായി ഇഷ്ടപ്പെട്ടിരുന്ന ലേബര്‍ നേതാവും. എലെന്‍ വില്‍ക്കിന്‍സണും എഡ്വേര്‍ഡ് കോന്‍സും ചേര്‍ന്നെഴുതിയ എന്തുകൊണ്ട് ഫാസിസം? (Why Fascism?) എന്ന പുസ്തകവും ഈ പരമ്പരയുടെ ഭാഗമായിരുന്നു. 'ഈ സഭ ഒരു സാഹചര്യത്തിലും അതിന്റെ രാജാവിനും രാജ്യത്തിനുംവേണ്ടി പൊരുതുകയില്ല' എന്ന പ്രമേയത്തെക്കുറിച്ച് 1933 ഫെബ്രുവരിയില്‍ ഓക്‌സ്‌ഫോഡ് യൂണിയനില്‍ നടന്ന പ്രശസ്തമായ 'രാജാവും രാജ്യവും' എന്ന വാദപ്രതിവാദത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ യങ് ഓക്‌സ്‌ഫോഡ് ആന്‍ഡ് വാര്‍ (Young Oxford and War) എന്ന പുസ്തകത്തില്‍ എഴുതാന്‍ ചെറുപ്പക്കാരായ നാല് ഓക്‌സ്‌ഫോഡുകാരെ സംഘടിപ്പിക്കാന്‍ സാധിച്ചുവെന്നത് കൃഷ്ണമേനോന്റെ വലിയ നേട്ടമായിരുന്നു. എല്ലാ അഭിപ്രായങ്ങള്‍ക്കും പുസ്തകത്തില്‍ പ്രമുഖസ്ഥാനം നല്കാന്‍ കൃഷ്ണമേനോന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പുസ്തകത്തില്‍ എഴുതിയ ഓക്‌സ്‌ഫോഡ് വിദ്യാര്‍ഥികളിലൊരാള്‍ കൃഷ്ണമേനോന്റെ ഉറ്റസഹായിയും അടുത്തസുഹൃത്തുമായി മാറി. 1980കളില്‍ ലേബര്‍ പാര്‍ട്ടിയെ നയിച്ച മൈക്കേല്‍ ഫുട്ട് ആയിരുന്നു അത്. വാദപ്രതിവാദത്തിന്റെ കാലത്ത് ഓക്‌സ്‌ഫോഡ് യൂണിയന്റെ സെക്രട്ടറിയായിരുന്ന ഇന്ത്യക്കാരന്‍ 1950-kകളില്‍ ബോംബെയില്‍നിന്നിറങ്ങിയിരുന്ന ചെറുപത്രമായ കറന്റിന്റെ പ്രതാധിപര്‍ എന്ന നിലയില്‍ കൃഷ്ണമേനോന്റെ ഉറച്ച വിമര്‍ശകരിലൊരാളുമായി മാറി- ഡി.എഫ്. കരാക്ക!

Content Highlights : V K Krishna Menon 47 Death Anniversary Jayaram Ramesh