'പര്‍വതാരോഹണത്തിനുള്ള വ്യഗ്രത...ഒരെഴുത്തുകാരനായി ജീവിച്ചു മരിക്കണം' - പുതൂരിന്റെ ആത്മകഥയില്‍ നിന്ന്


അച്ഛന്‍ ഗുരുവായൂര്‍ദേവസ്വത്തിലെ പ്രമുഖ വ്യവഹാരകാര്യസ്ഥനായതുകൊണ്ട് പറഞ്ഞാല്‍ തള്ളുകയില്ല. പുതിയതായി ഒരാശയം ഉടലെടുത്തു

ഉണ്ണികൃഷ്ണൻ പുതൂർ

അടങ്ങാത്ത മോഹമാണ് ഒരാളെ എഴുത്തുകാരനാക്കുന്നത്. താന്‍ എഴുതിയത് വായനക്കാരിലേക്കെത്തിക്കാന്‍ അനുഭവിക്കുന്ന കഠിനാധ്വാനവും മാനസികപിരിമുറുക്കം വേറെയും. സമൂഹത്തെയും ഒരേതരങ്ങളായ വിശ്വാസങ്ങളെയും ചോദ്യം ചെയ്ത് തന്നെയാണ് ഒരു എഴുത്തുകാരന്‍ അതിജീവിക്കുന്നത്. . മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ ആത്മകഥയിലെ ചില ഭാഗങ്ങള്‍ വായിക്കാം.

ച്ഛനും മകനും തമ്മിലുള്ള സ്വരച്ചേര്‍ച്ചയ്ക്കു തെല്ലയവുവന്നു. ഉള്ളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മറച്ചുപിടിച്ചുകൊണ്ട് പെരുമാറാന്‍ തുടങ്ങി. സ്വന്തം വീട്ടിലെ കൈകാര്യകര്‍ത്താവായി മകനെ വാഴിക്കണമെന്ന് അച്ഛന്‍ ആഗ്രഹിച്ചു. കുടുംബസംബന്ധങ്ങളായ എല്ലാ ചുമതലകളും ഏല്‍പിച്ചുകൊടുക്കാന്‍ അച്ഛന്‍ ആഗ്രഹിച്ചു. അച്ഛന്‍ സദുദ്ദേശ്യത്തോടെയാണ് കരുക്കള്‍ നീക്കിയത്. സ്വയാര്‍ജിതസ്വത്തുക്കളില്‍നിന്നുള്ള വരുമാനം നോക്കിസംരക്ഷിക്കുക. ഒന്നാമതായി, കുടിയാന്മാരുടെ കൈയില്‍നിന്നും വര്‍ഷംതോറും വന്നുചേരാനുള്ള പാട്ടം പിരിച്ചെടുക്കുക. കുടിശ്ശിക വരുത്തിയവരില്‍നിന്നും പലിശ ഈടാക്കുക. പീടികമുറികളില്‍നിന്ന് കിട്ടേണ്ട വാടക, സ്വന്തം കുടിയിരുപ്പിലെ തെങ്ങുകയറ്റം, നാളികേരം വില്ക്കല്‍, കൃത്യമായി കാശുവാങ്ങല്‍, സര്‍ക്കീട്ടുകള്‍ വെട്ടിക്കുറയ്ക്കല്‍, സഹവാസങ്ങളോട് ആവുന്നതും വിടപറയല്‍... ഈവക കാര്യങ്ങള്‍ ചെയ്യാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍, ഈവക കാര്യങ്ങളൊന്നും തനിക്കു പറ്റിയതല്ല. താന്‍ സ്വതന്ത്രനാണ്. സ്വന്തം കാലില്‍ നിവര്‍ന്നുനില്ക്കാന്‍ മോഹിക്കുന്നു! അച്ഛന്റെയും അമ്മയുടെയും തണലില്‍ കഴിയണമെന്നില്ല. ഇതൊക്കെയായിരുന്നു മനസ്സില്‍ മുന്നിട്ടുനിന്നിരുന്ന ആശയങ്ങള്‍. തന്റെ ദൗത്യം വളരെ വലുതാണ്. ഒരു പര്‍വതാരോഹണത്തിനുള്ള വ്യഗ്രത... ഒരെഴുത്തുകാരനായി ജീവിച്ചു മരിക്കണം. അതിന് ഇനിയും വളരെയധികം ദൂരം നടക്കേണ്ടതുണ്ട്. ശൈശവദശയിലാണ്. ആരംഭിച്ചിട്ടേയുള്ളൂ. പങ്കപ്പാടുകള്‍ ഏറെയുണ്ട്. ദുരിതങ്ങള്‍ ഏറെ അനുഭവിച്ചുതീര്‍ക്കണം.കുറച്ചു കഥകള്‍ അച്ചടിച്ചു വന്നിരിക്കുന്നു. അതുതന്നെയൊരു മഹാത്ഭുതമാണ്. ചുറ്റുപാടുകള്‍ വളരെ മോശം. ഗൃഹാന്തരീക്ഷം ബഹളമയം. ഒരുപാടാളുകള്‍, അച്ഛന്റെ ബന്ധത്തിലും അമ്മയുടെ ബന്ധത്തിലും വന്നു ചേക്കേറിയിട്ടുണ്ട്. അവര്‍ക്കു തീറ്റ വേണം. അപ്രകാശിതങ്ങളായ കഥകള്‍. നൂറു പേജിന്റെ രണ്ടുവരയിട്ട നോട്ടുബുക്കുകള്‍ നിറയെ കുനുകുനെ എഴുതിവെച്ചിരിക്കയാണ്. ഇവയൊക്കെ പ്രസിദ്ധീകരിക്കണമെങ്കില്‍ തക്ക ശിപാര്‍ശ വേണം. മുതിര്‍ന്നവരുടെ കൂട്ടത്തില്‍ ചേക്കേറാന്‍ അനുവദിക്കയില്ല. ഏറിയാല്‍ ബാലപംക്തി- അതു വേണ്ട. മുന്നോട്ടു വെച്ച കാല്‍ പിന്നോട്ടു വെക്കില്ല. ഇവയെല്ലാം ഒരു പുസ്തകരൂപത്തില്‍ എന്നെങ്കിലും അച്ചടിച്ചുകാണുമോ? അനാഗതശ്മശ്രുക്കളെ ആര്‍ക്കു വേണം? പലവിധ ആലോചനകളായിരുന്നു, പ്രശ്നങ്ങളായിരുന്നു.

അച്ഛനെ സമീപിച്ചാല്‍ കാര്യം നടക്കുമോ? സാഹിത്യകാരനാകുന്നതില്‍ അച്ഛനു താത്പര്യമില്ല. പൊതുവേ, എഴുത്തുകാരോടു പുച്ഛമാണ്. സാഹിത്യരചനയെക്കാള്‍ നല്ലത് ആധാരമെഴുത്താണ്. നല്ല ഒരാധാരമെഴുത്തുകാരന് മാസംപ്രതി 50 രൂപ ലഭിക്കുന്നുണ്ടെന്നുള്ളത് നേരാണ്.
അതും അച്ഛന്റെ അളവറ്റ അനുകമ്പകൊണ്ടു മാത്രം ലഭിക്കുന്നത്. അച്ഛന്‍ ദേവസ്വത്തില്‍നിന്നും അടുത്തൂണ്‍പറ്റിയാല്‍ പിന്നെ ശമ്പളവും കിട്ടില്ല. റിസീവറുടെ ക്ലാര്‍ക്കെന്ന തസ്തിക നിര്‍ത്തല്‍ ചെയ്യാന്‍ പോകുന്നു. ദേവസ്വത്തില്‍ സ്ഥിരം ലാവണത്തില്‍ കയറിപ്പറ്റിയാല്‍ രക്ഷപ്പെട്ടു. റിസീവറുടെ തസ്തികയും ക്ലാര്‍ക്കിന്റെ പോസ്റ്റും വേണ്ടെന്നുവെച്ചാല്‍പ്പോലും പിടിച്ചുനില്ക്കാന്‍ പറ്റും. താന്‍ ഗുരുവായൂര്‍ദേവസ്വത്തിനുവേണ്ടി കോടതി നിയോഗിച്ച റിസീവറുടെ ക്ലാര്‍ക്കാണ്. ക്ലാര്‍ക്ക് തസ്തിക വേണ്ടെന്നു വെച്ചാലും എക്സ്പീരിയന്‍സ് കണക്കിലെടുത്താല്‍ മതി. അച്ഛന്‍ കൊണ്ടുപിടിച്ചു പരിശ്രമിച്ചാല്‍ത്തന്നെ ഗുരുവായൂര്‍ദേവസ്വത്തില്‍ കയറാന്‍ കഴിയും. കോപ്പിസ്റ്റായിട്ടെങ്കിലും കിട്ടാന്‍ സാധ്യതയുണ്ട്. ചാന്‍സ് കിട്ടണമെങ്കില്‍ വിനയം വേണം. കാലുപിടിച്ചു കരയുവാനുള്ള കഴിവും. രണ്ടും കൈയിലുണ്ടെങ്കില്‍- സ്വന്തം ഭാഗ്യംകൂടി കടാക്ഷിക്കുകയാണെങ്കില്‍- ചാന്‍സ് കിട്ടും.
തനിക്ക് ഇല്ലാത്ത വിനയം അഭിനയിക്കാനറിഞ്ഞുകൂടാ. മുണ്ടു മടക്കിക്കുത്തിയതഴിച്ചിട്ട്, കാല്‍തൊട്ടു വന്ദിക്കേണ്ടിവരും. എന്നാലേ മാനേജര്‍ കടാക്ഷിക്കൂ. ചീഫ് അക്കൗണ്ടന്റ് പ്രസാദിക്കൂ.

അച്ഛന്റെ കണ്ണിലിപ്പോഴും ഞാന്‍ നേര്‍വഴിക്കു നടക്കുന്നുവനല്ല. വളഞ്ഞ വഴിയാണ്. അച്ഛന്റെ തന്ത്രമന്ത്രങ്ങള്‍ തനിക്കു ശീലമില്ല. രണ്ടാളും രണ്ടു വഴിക്കാണ് സഞ്ചാരം. നേരേചൊവ്വേ നിന്ന് ശ്രമിച്ചാല്‍ ജോലി കിട്ടും. ഭഗവാന്റെ കാല്‍ക്കല്‍ രണ്ടു നേരം പോയി തൊഴുതു നമസ്‌കരിക്കണം. കാലത്തും വൈകീട്ടും. അച്ഛനാണെങ്കില്‍പ്പോലും സേവ പിടിക്കണം. പറയുന്നതു മുഴുവനും ശരിയാണെന്നു മൂളണം. മനഃസാക്ഷിയെ വഞ്ചിച്ച് എത്ര കാലം മുന്നോട്ടു പോകാം?

തന്റെ തലയിലുള്ള പ്രധാന പ്രശ്നം എഴുത്തുകാരനാകണമെന്നുള്ളതായിരുന്നു. ഗുരുവായൂര്‍ദേവസ്വം സീനിയര്‍ അഡ്വക്കെറ്റും റീട്ടെയ്നറുമായ പി.വി. കൃഷ്ണയ്യരാണ് അച്ഛന്റെ ഉപദേഷ്ടാവ്. അദ്ദേഹത്തിന്റെ ജ്യേഷ്ഠനാണ് മംഗളോദയം പ്രസ്സിന്റെ ചീഫ് മാനേജര്‍ പി.വി. നാരായണയ്യര്‍. കൃഷ്ണയ്യരുടെ ശിപാര്‍ശ ഉണ്ടായാല്‍ കാര്യം നടക്കും. അച്ഛന്‍ ഗുരുവായൂര്‍ദേവസ്വത്തിലെ പ്രമുഖ വ്യവഹാരകാര്യസ്ഥനായതുകൊണ്ട് പറഞ്ഞാല്‍ തള്ളുകയില്ല. പുതിയതായി ഒരാശയം ഉടലെടുത്തു. അച്ഛനെത്തന്നെ സമീപിക്കാം. അവസാനത്തെ രക്ഷ അദ്ദേഹം മാത്രമാണ്. അച്ഛന്‍, തന്റെ സര്‍വസ്വവും! തനിക്കു മികച്ചതെന്നു തോന്നിയ പത്തു കഥകള്‍ തിരഞ്ഞെടുത്തു. 'ഒരുപിടി വെണ്ണീറ്' എന്ന ശീര്‍ഷകം. നല്ലൊരു കവര്‍പേജ് ആര്‍ട്ടിസ്റ്റ് സീതാറാമിനെക്കൊണ്ട് വരപ്പിച്ചു തയ്യാറാക്കി. എല്ലാം സുഗമമാണെന്നു തോന്നി.

അച്ഛനെയും കൂട്ടി മംഗളോദയം മാനേജര്‍ നാരായണയ്യരെ പോയിക്കണ്ടു. പുസ്തകത്തിന്റെ കവറും മാറ്ററും സ്വീകരിച്ചുകൊണ്ട് പരിശോധന കഴിഞ്ഞ് പബ്ലിക്കേഷന്‍ കമ്മിറ്റിയുടെ തീര്‍പ്പുപ്രകാരം പുസ്തകം അച്ചടിക്കാമെന്നേറ്റു. പ്രസിദ്ധീകരിക്കുമെന്ന പ്രത്യാശ മനസ്സിനകത്തു കയറിക്കൂടിയതുകൊണ്ട് സന്തോഷംകൊണ്ട് ഹൃദയം നിറഞ്ഞു. വളരെക്കാലം കാത്തിരുന്നിട്ടും ആ കാര്യം നടന്നില്ല. മാറ്ററും കവറും നഷ്ടപ്പെട്ടു. അങ്ങനെ ഏറ്റവും നല്ല പത്തു കഥകള്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടു. മംഗളോദയത്തിലൂടെ ഒരുപിടി വെണ്ണീറ് എന്ന കഥാസമാഹാരം പുറത്തുവരുമെന്ന് കിനാവു കണ്ടു. അവസാനം കിട്ടിയ വിവരം, മാറ്റര്‍ വായിക്കാന്‍ കൊണ്ടുപോയ ആള്‍ കവറടക്കം മടക്കിത്തന്നില്ല എന്നാണ്. നാരായണയ്യര്‍ കൈമലര്‍ത്തിയപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു. എങ്കിലും ഞാന്‍ ഈ രംഗത്തുനിന്ന് പിന്മാറിയില്ല. ഈ അനുഭവം എന്റെ പുസ്തകപ്രസാധനമോഹത്തിനേറ്റ ഒരു തിരിച്ചടിയായിരുന്നു; ഗുണപാഠമായിരുന്നു. എന്നാലും നിരാശനായി പുറകോട്ടു പോയില്ല. എന്തു തിരിച്ചടികള്‍ ഉണ്ടായാലും ഇനിയും എഴുതും...

പുസ്തകം വാങ്ങാം

റിസീവര്‍ ക്ലാര്‍ക്കിന്റെ ശമ്പളകുടിശ്ശികയായി നാനൂറു രൂപ കിട്ടി. അത്രയും വലിയൊരു സംഖ്യ ഒരുമിച്ചു കിട്ടുന്നത് ആദ്യമായിട്ടാണ്. സ്വന്തം അധ്വാനത്തിന്റെ കുടിശ്ശിക. ഏങ്ങണ്ടിയൂരിലെ ഭാഗിച്ചുകിട്ടിയ തൈവളപ്പിലെ നാളികേരം വിറ്റ വകയിലും ഒരു നൂറ്റമ്പതു രൂപ കിട്ടി. മൊത്തം അഞ്ഞൂറ്റമ്പതു രൂപ സ്വന്തമായുള്ള ഒരു ധനികനാണ് ഞാന്‍. എനിക്കു തെല്ലൊരഹങ്കാരവും അഭിമാനവും തോന്നുകയുണ്ടായി. സ്വന്തം കാലില്‍ നിവര്‍ന്നുനില്ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം.എങ്കിലും ഈ എഴുത്തിന്റെ രംഗത്ത് എങ്ങനെ പിടിച്ചുനില്ക്കാന്‍ കഴിയുമെന്ന ആശങ്ക എന്നെ വല്ലാതെ അലട്ടിയിരുന്നു.

എന്‍.ബി.എസ് അതിന്റെ സുവര്‍ണകാലഘട്ടത്തില്‍ എത്തിനില്ക്കുന്ന അവസരം. തന്റെ കഥകള്‍ അച്ചടിച്ചുവന്നിട്ടുള്ളവയാണ്. ജയകേരളം, ലോകവാണി, മലയാളരാജ്യം, ചിത്രവാരിക, ചെറുകഥാമാസിക തുടങ്ങിയ അന്നത്തെ ചില പ്രശസ്തങ്ങളായ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചവ. നേരത്തേ പുസ്തകരൂപത്തില്‍ രണ്ടു കഥാസമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കരയുന്ന കാല്‍പ്പാടുകള്‍, കെട്ടുപിണഞ്ഞ ജീവിതബന്ധം എന്നീ ശീര്‍ഷകങ്ങളില്‍. എന്‍.ബി.എസ് ചെറുപ്പക്കാരായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന, എഴുത്തുകാരുടേതായ ഒരു പ്രസ്ഥാനമാണെന്നറിയാം. കാരൂര്‍ നീലകണ്ഠപിള്ളയും ഡി.സി. കിഴക്കേമുറിയുമാണ് സംഘത്തിന്റെ സജീവനടത്തിപ്പുകാര്‍. രണ്ടുപേരെയും നേരിട്ടറിയുകയില്ല. ഒന്നുപോയിക്കാണാം. പരീക്ഷിച്ചുനോക്കാം. ഏതായാലും മംഗളോദയത്തില്‍നിന്നുണ്ടായ അനുഭവം ഉണ്ടാവുകയില്ലായിരിക്കാം.

ഒരു നല്ല ദിവസം നോക്കി ദൈവത്തെ പ്രാര്‍ഥിച്ചുകൊണ്ട് കോട്ടയത്തേക്കു പുറപ്പെട്ടു. കാരൂര്‍സാറിനെ ചെന്നുകണ്ടു സംസാരിച്ചു. അദ്ദേഹം അച്ചടിച്ചുവന്ന കഥകളിലേക്കു കണ്ണോടിച്ചു. എന്റെ നെഞ്ചിടിപ്പ് വര്‍ധിച്ചുകൊണ്ടിരുന്നു. പുസ്തകം സംഘത്തില്‍നിന്ന് നേരിട്ട് പ്രസിദ്ധപ്പെടുത്താന്‍ നിവൃത്തിയില്ലെന്ന് അറിയിച്ചു. എന്റെ മുഖം വിളറി. പാരവശ്യം കണ്ടിട്ടെന്നപോലെ അദ്ദേഹം പറഞ്ഞു: 'പുസ്തകം അച്ചടിച്ചുതന്നാല്‍ വിതരണത്തിനെടുക്കാം. നേരിട്ട് സംഘം ഒരു പുസ്തകം എടുക്കണമെങ്കില്‍ സംഘത്തില്‍ അംഗത്വമെടുക്കണം.' അംഗത്വമില്ലാത്തതുകൊണ്ടും നവാഗതനായതുകൊണ്ടും പറയുന്നുവെന്നു മാത്രം. കഥകള്‍ പാരായണക്ഷമങ്ങളാണ്. നൂറ്റിരുപതു രൂപയടച്ച് അംഗമാകൂ. ഫോറം ഇവിടെനിന്ന് കിട്ടും. മുഴുവനും വിറ്റുപോയാല്‍ അടുത്ത കൃതി പ്രസിദ്ധീകരിക്കുന്ന കാര്യം ആലോചിക്കാം. സ്വന്തമായി ഏതെങ്കിലും പ്രസ്സ് സ്വാധീനത്തിലുണ്ടോ? കൈയില്‍ കാശില്ലേ? അങ്ങനെ ചില ചോദ്യങ്ങള്‍. പുസ്തകം അച്ചടിച്ച് ഇവിടെ വില്‍പനയ്ക്ക് ഏല്പിക്കാം. കവര്‍ ഉള്‍പ്പെടെ വരപ്പിച്ചുകൊള്ളാം. അനുഗ്രഹിക്കണം.

കാരൂര്‍സാര്‍ അനുഗ്രഹിച്ചു. അങ്ങനെയാണ് 1957-ല്‍ വേദനകളും സ്വപ്നങ്ങളും എന്ന കഥാസമാഹാരം നാഷണല്‍ ബുക്സ്റ്റാളിലൂടെ പുറത്തുവരുന്നത്. അന്നുമുതല്‍ക്ക് ഞാന്‍ എന്‍.ബി.എസ്സുമായി ബന്ധപ്പെടാന്‍ തുടങ്ങി. കോട്ടയത്തേക്കുള്ള യാത്രയിലാണ് ഞാന്‍ പൊന്‍കുന്നം വര്‍ക്കി, വെട്ടൂര്‍ രാമന്‍ നായര്‍, പി.സി. കോരുത് മുതലായവരുമായി പരിചയപ്പെട്ടത്. ഇവരും എന്‍.ബി.എസ്സിന്റെ നടത്തിപ്പുകാരില്‍ ചിലരായിരുന്നു. ഇതില്‍ പി.സി. കോരുത് എന്ന എഴുത്തുകാരന്‍ മലയാള മനോരമയുമായി ബന്ധപ്പെടാന്‍ എന്നെ സഹായിച്ചു. മനോരമ എഡിറ്റര്‍ കെ.എം. മാത്തുക്കുട്ടിച്ചായന്റെ വീട്ടില്‍ കൊണ്ടുപോയി എന്നെ പരിചയപ്പെടുത്തി. തന്മൂലം മനോരമ വാരാന്തപ്പതിപ്പിലും വാര്‍ഷികപ്പതിപ്പുകളിലും എഴുതാനുള്ള അവസരങ്ങള്‍ ലഭിച്ചു. എന്റെ ഒരു കഥാസമാഹാരം മലയാള മനോരമയില്‍നിന്നും പ്രസിദ്ധീകരിക്കാമെന്ന് സമ്മതിച്ചു. മലയാള മനോരമയുടെ പബ്ലിക്കേഷന്റെ ചുമതലയുള്ള അഡ്വക്കെറ്റ് കെ.എന്‍. ഗോപാലന്‍ നായര്‍ (ഏറ്റുമാനൂര്‍ ഗോപാലന്‍ നായര്‍) എന്റെ കഥകള്‍ വാങ്ങി പ്രസിദ്ധീകരിച്ചു. ആ കഥാസമാഹാരത്തിന്റെ പേര് നിദ്രാവിഹീനങ്ങളായ രാവുകള്‍ എന്നായിരുന്നു. മൊത്തം പതിനഞ്ചു ചെറുകഥകള്‍. വര്‍ഷം 1959. ഒക്ടോബര്‍ മാസം.

രണ്ടു പ്രമുഖ സ്ഥാപനങ്ങളുടെ പിന്തുണ വലിയൊരനുഗ്രഹമായിരുന്നു. ഒരെഴുത്തുകാരനെന്ന നിലയില്‍ ഞാനംഗീകരിക്കപ്പെട്ടുവെന്ന കൃതാര്‍ഥത. എന്‍.ബി.എസ്സില്‍നിന്നും മലയാള മനോരമയില്‍നിന്നും പ്രതിഫലം കിട്ടിയപ്പോള്‍ പ്രസ്സിലെ കടം വീട്ടി. ഒറ്റപ്പാലം ജോര്‍ജ് പ്രസ്സ് ഉടമ രാജുവിന് വേദനകളും സ്വപ്നങ്ങളും അച്ചടിച്ച വകയിലുള്ള കടം തീര്‍ത്തുകൊടുത്തു.

Content Highlights: Unnikrishnan puthoor, Kathayalla Jeevitham Thanne, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented