തീവണ്ടിമുറിയില്‍നിന്ന്, വായനമുറിയില്‍നിന്ന് മനുഷ്യനെ കടത്തിക്കൊണ്ടുപോകുന്ന ഒരു പുസ്തകം!


ഉണ്ണി ആര്‍.ആദ്യത്തെ വാക്കില്‍ച്ചവുട്ടിയാല്‍ മതി ഒരു എസ്‌കലേറ്ററിലെന്നപോലെ അത് സഞ്ചരിക്കാന്‍ തുടങ്ങും. പല കാലങ്ങളിലൂടെ, പല കാഴ്ചകളിലൂടെ. ഇത് ഭാഷയിലുള്ള ബൈജുവിന്റെ അടക്കമാണ്.

പുസ്തകത്തിന്റെ കവർ, ബൈജു എൻ നായർ

ബൈജു എന്‍ നായര്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഉല്ലാസയാത്രകള്‍ എന്ന പുസ്തകത്തിന് ഉണ്ണി ആര്‍ എഴുതിയ അവതാരിക വായിക്കാം.

'MAP'- ഒരു പൂച്ചക്കരച്ചിലിനോളം ചെറുതായി ഉച്ചരിക്കാവുന്ന വാക്ക്. അസംഖ്യം രേഖകള്‍ പിണഞ്ഞുകിടക്കുന്ന കൈത്തലംപോലെ, എന്നാല്‍ ഒരു പരാതിപോലും പറയാതെ ചുരുണ്ടുകൂടി നീളന്‍കുഴലായി മാറുന്ന ഉരഗം. ഹെഡ്മാസ്റ്ററുടെ മുറിയില്‍നിന്ന്, ലോകത്തെ ഇങ്ങനെ നീട്ടിപ്പിടിച്ച് നടന്നുവരുന്ന അധ്യാപകന്‍. ചുവരിലെ ആണിയില്‍ നിവര്‍ത്തിയിടുമ്പോള്‍ ഇത്രയടുത്തോ ലോകങ്ങള്‍ എന്ന് അദ്ഭുതപ്പെടുന്ന കണ്ണുകള്‍. വളരുംതോറും അകന്നുപോകുന്നു. ദൂരവും ആഴവും കൂടുന്നു. ഒറ്റനോട്ടംകൊണ്ട് എത്തിപ്പിടിച്ച ഭൂഖണ്ഡങ്ങള്‍. ഒന്നു വിരല്‍ തൊട്ടാല്‍ ഇളകിപ്പോയ സമുദ്രങ്ങള്‍. ചുരുട്ടിയെടുക്കാവുന്നത്ര പഴക്കവും ഒതുക്കവും അനുസരണയുമുണ്ടായിരുന്ന ലോകം. ഇന്ന് അപരിചിതം. ജനിച്ച ദേശം, ജോലിസ്ഥലം, ബോംബെ, മദിരാശി, ഒന്നോ രണ്ടോ വിദേശയാത്രകള്‍- കഴിഞ്ഞു, എന്റെ യാത്രയുടെ അളവുകള്‍.

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

ഒട്ടനവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ച ഒരാള്‍ നാലുരാജ്യങ്ങളിലെ തന്റെ അനുഭവക്കുറിപ്പുകള്‍ എന്റെ മുന്നില്‍ വെച്ചിരിക്കുന്നു. ഞാനത് വായിക്കുകയായിരുന്നില്ല. ഓരോ ദേശത്തെയും ഈ സഞ്ചാരി പകര്‍ത്തിവെച്ച വാക്കുകളിലൂടെ എന്റെ പരിമിതമായ കാഴ്ചകളിലേക്ക് വിവര്‍ത്തനം ചെയ്യുകയായിരുന്നു. അങ്ങനെ ഞാനും ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്തു. ചിരിച്ചും ഭക്ഷണം കഴിച്ചും ഗന്ധങ്ങളറിഞ്ഞും തിടുക്കംകൂട്ടി. പരിതപിച്ചു. ഒടുവില്‍ അവസാനരാജ്യവും പിന്നിട്ട് ഇനി എന്ത് എന്നു ചോദിച്ച്, എന്നും കാണുന്ന അതേ വഴികളിലേക്ക്, എന്നും ശ്വസിക്കുന്ന അതേ മണങ്ങളിലേക്ക്... എന്നെ വിട്ടുപോവുന്നില്ല ആ വഴികള്‍. ആ മനുഷ്യര്‍. ആ ലോകങ്ങള്‍. ബൈജു എന്‍. നായരുടെ ഉല്ലാസയാത്രകള്‍ എന്ന പുസ്തകം വായനക്കാരെ സഞ്ചാരിയാക്കുന്നു. തീവണ്ടിമുറിയില്‍നിന്ന്, വായനമുറിയില്‍നിന്ന്, അത് ആരുമറിയാതെ അതിര്‍ത്തികള്‍ മായ്ച്, നിയമങ്ങള്‍ തെറ്റിച്ച്, ഓരോ രാജ്യത്തിലേക്കും കടത്തിക്കൊണ്ടുപോകുന്നു. ഈ മനുഷ്യക്കടത്താണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. ആദ്യത്തെ വാക്കില്‍ച്ചവുട്ടിയാല്‍ മതി ഒരു എസ്‌കലേറ്ററിലെന്നപോലെ അത് സഞ്ചരിക്കാന്‍ തുടങ്ങും. പല കാലങ്ങളിലൂടെ, പല കാഴ്ചകളിലൂടെ. ഇത് ഭാഷയിലുള്ള ബൈജുവിന്റെ അടക്കമാണ്. ഒട്ടും ഗൗരവമില്ല. അഹങ്കാരമില്ല. ഭാരമില്ല. ബൈജു എന്ന വ്യക്തിയെ അറിയുന്നവര്‍ക്കറിയാവുന്നപോലെ അത്രയേറെ സ്വാഭാവികം. ലളിതം. എപ്പോഴും ലാഘവത്വം നിറഞ്ഞ്...

ക്യൂബന്‍ എഴുത്തുകാരനായ റെയ്നാള്‍ഡൊ അരിനാസ് ആത്മകഥയായ Before Night Falls-ല്‍ ആദ്യമായി കടല്‍ കാണാന്‍ പോയ കഥ പറയുന്നു: അമ്മൂമ്മയാണ് എന്നെ കടല്‍ കാണാന്‍ കൊണ്ടുപോയത്. എന്റെ വീട്ടില്‍നിന്ന് ഇരുപതോ മുപ്പതോ മൈല്‍ ദൂരേയായിരുന്നു കടല്‍. അവിടേക്കുള്ള യാത്രയ്ക്കായാണ് ഞാന്‍ ആദ്യമായി ബസ്സില്‍ കയറുന്നത്. എന്റെ അമ്മൂമ്മയ്ക്ക് അറുപതുവയസ്സ് പ്രായമുണ്ടായിരുന്നു. അവരും ആദ്യമായാണ് ബസ്സില്‍ സഞ്ചരിക്കുന്നത്. ഒരിക്കല്‍ എന്റെ ഒരു അമ്മായി കരഞ്ഞുകൊണ്ട് എന്റെ അമ്മൂമ്മയോട് പറഞ്ഞത് ഞാനോര്‍ക്കുന്നു: 'എനിക്കു വയസ്സ് നാല്പതായി. ഇതുവരെ ഞാന്‍ കടല്‍ കണ്ടിട്ടില്ല. ഞാനുടന്‍ വയസ്സായി കടല്‍ കാണാതെ മരിക്കേണ്ടിവരും!' ഓരോ മനുഷ്യനെയും കടല്‍ ഉള്ളിലേക്ക് ആവാഹിച്ചുകൊണ്ടിരിക്കുമെന്ന് അമ്മൂമ്മയും പറഞ്ഞുകൊണ്ടിരുന്നു. അന്നുമുതലാണ് കടല്‍ കാണാനുള്ള അടക്കാനാവാത്ത തിടുക്കമുണ്ടായത്. ആദ്യമായി കടല്‍ കണ്ട അനുഭവം ഞാനെങ്ങനെ വിവരിക്കും? ആ നിമിഷത്തെ വിവരിക്കുക അസാധ്യം. അരിനാസിന്റെ വാക്കുകളില്‍: 'There is only one word that does it any justice: The sea.'

ഓസ്ട്രേലിയയിലെ അബോര്‍ജിന്‍സിനെക്കുറിച്ചുള്ള ഒരനുഭവം ബ്രൂസ് ചാറ്റ്വിന്‍ പറഞ്ഞത് ഹെര്‍സോഗ് ഓര്‍മിക്കുന്നു. ഒരിക്കല്‍ ചാറ്റ്വിന്‍ ഇവര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ അബോര്‍ജിന്‍സ് Fast motion-ല്‍ പാട്ടുപാടിയത്രേ. അതിന്റെ കാരണം ഒരുപക്ഷേ പ്രകൃതിയെ അറിയാത്ത നമുക്ക് പ്രാകൃതമായി തോന്നാം; ചിലപ്പോള്‍ വിചിത്രമായും. അവര്‍ അങ്ങനെ പാടിയതിനു കാരണം ഇത്രമാത്രം: Rythm of the song had to keep up with the landscape!
അരിനാസിന്റെ അമ്മായിയുടെ കരച്ചില്‍ ക്യൂബയ്ക്ക് പുറത്തും കേള്‍ക്കാം. അല്പം ശബ്ദം താഴ്ത്തിയാല്‍ തൊട്ടടുത്ത്, ഒരു ചുമരിനപ്പുറം. കടലു കാണാതെ, കാടു കാണാതെ. ഇവിടെയാണ് യാത്രാവിവരണങ്ങള്‍ ഒരാളെ കടല്‍ കാണിക്കുന്നത്. കൊടുമുടിയുടെ നെറുകയില്‍ നിര്‍ത്തുന്നത്. രാത്രിയുടെ വെളിച്ചത്തിലൂടെയും കറുപ്പിലൂടെയും നടത്തിക്കൊണ്ടുപോകുന്നത്. നിശാസഞ്ചാരത്തിന്റെ ഗന്ധം പകരുന്നത്. അബോര്‍ജിന്‍സിന്റെ പ്രകൃതിബോധം ഞെട്ടലോടെ തിരിച്ചറിയപ്പെടുന്നത്.
ബൈജുവിന്റെ യാത്രകളിലെല്ലാം ഹൃദയധമനിപോലെ കാണുന്നുണ്ട് ബുദ്ധനെ. സഞ്ചരിച്ച രാജ്യങ്ങളില്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്ന ബുദ്ധന്‍. ബോധങ്ങളുറഞ്ഞുപോയ ക്ലാവുപിടിച്ച ശില്പം. ഒരാള്‍പോലും കാണുന്നില്ല ബുദ്ധനെ വഴിയില്‍. കണ്ടവരോ മിണ്ടുന്നുമില്ല. ഈ ദുരന്തത്തെ വിവരിക്കുന്നില്ല സഞ്ചാരി. എന്നാല്‍, കാണാം നമുക്ക് ആ മൗനം.

സുനാമിദുരന്തത്തിനു ശേഷമാണ് ബൈജു ഈ നാലു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. നിത്യസഞ്ചാരിയായ ഒരു മനുഷ്യന്‍ തനിക്കു മുന്‍പേ വന്നുപോയ സഹസഞ്ചാരികളെ ഓര്‍ത്ത് ദുഃഖിക്കുന്നത് പുസ്തകത്തില്‍ ആവര്‍ത്തിക്കുന്നു. ഓരോ യാത്രികനും നിയമങ്ങളും അധികാരങ്ങളുമില്ലാത്ത ഗോത്രത്തിലെ മനുഷ്യര്‍. പരസ്പരം അറിയാതെ അറിയുന്നവര്‍. ഓരോ സഞ്ചാരവും അവരെ നല്ല മനുഷ്യരാക്കുന്നു. അതാവാം ദുരന്തത്തിനു ശേഷമുള്ള മണ്ണില്‍ നില്ക്കുമ്പോള്‍ ചുറ്റിലുമുള്ള കാറ്റിലടങ്ങിയ നിലവിളികള്‍ കേള്‍ക്കാന്‍ ബൈജുവിനു കഴിയുന്നത്. നിന്നാലോ, അയാള്‍ ആര്‍ത്തലച്ച് കരയുന്നില്ല. ഒരനുഭവം ബൈജു എഴുതുന്നു: തിരികെ നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു: 'സുനാമിദിവസം വാങ്ചി എവിടെയായിരുന്നു?' ഞാന്‍ ഇവിടെത്തന്നെ കടലിനടിയിലുണ്ടായിരുന്നു. ഒരുപറ്റം വിദേശികളെ മുങ്ങാംകുഴിയിട്ട് പവിഴപ്പുറ്റുകള്‍ കാണിച്ചുകൊടുക്കുകയായിരുന്നു. അല്പനേരം കഴിഞ്ഞ് കടലിനു മുകളിലെത്തി നോക്കുമ്പോള്‍ ഞാന്‍ അമ്പരന്നുപോയി. തൊട്ടുമുന്നിലെ ഫിഫി ഐലന്‍ഡ് യുദ്ധക്കളംപോലെ തകര്‍ന്നു തരിപ്പണമായിക്കിടക്കുന്നു. കടലിനടിയിലുണ്ടായിരുന്നവരാരും തലയ്ക്കുമീതേക്കൂടി തിരകള്‍ നടത്തിയ സംഹാരതാണ്ഡവമറിഞ്ഞില്ല. കടലിനടിയില്‍ കൂടെയുണ്ടായിരുന്നവരുടെ ബന്ധുക്കളും എന്റെ കൂട്ടുകാരുമെല്ലാം അന്നു കൊല്ലപ്പെട്ടു,' വാങ്ചി പറഞ്ഞു.
കടലിനെക്കുറിച്ച് വിവരിക്കുക അസാധ്യം.

ദൈവത്തിന്റെ തോട്ടത്തിലെ സൂക്ഷിപ്പുകാരാവാം സഞ്ചാരികള്‍. അവര്‍ക്ക് എത്രയെത്ര ദൂരങ്ങള്‍ ഇനിയും സഞ്ചരിക്കണം. ബൈജൂ, യാത്ര ചെയ്യുക. യാത്രകള്‍ എഴുതിവെക്കുക. കടല്‍ കാണാത്ത മനുഷ്യര്‍ക്കായി, കാടു കാണാത്ത മനുഷ്യര്‍ക്കായി, വീടിന്റെ അതിരുപോലും വിട്ടുപോകാനാവാത്ത മനുഷ്യര്‍ക്കായി.

Content Highlights: Unni.R, Byju N Nair, Travellogue, Ullasa Yathrakal, Mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented