ഡി. ശ്രീശാന്ത്
ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നത് എപ്പോളും സന്തോഷവും സമാധാനവുമായി ഇരിക്കാന്‍ തന്നെയാണ്. എന്നാല്‍ നമ്മുടെ അനുവാദമില്ലാതെ തന്നെ ചില അസ്വസ്ഥതകള്‍ നമ്മുടെ വാതിലും തള്ളി തുറന്ന് കടന്ന് വരുന്നു. അത് അനുഭവങ്ങളാകാം പത്രവാര്ത്തകളാകാം കേട്ടതോ കണ്ടതോ ആയ കാര്യങ്ങള്‍ എന്തുമാകാം. ചിലത് ദിവസങ്ങളോളം നമ്മെ വേട്ടയാടും. കരയിക്കും. എന്നിട്ടും കനല് കെടാതെ നീറി നീറി കിടക്കും. എന്നെ സംബന്ധിച്ച് അവസാനത്തെ കയ്യാണ് ആ അസ്വസ്ഥതകളെ ഒരു കഥയാക്കി മാറ്റുക എന്നത്. എന്റെ വേദനകള്‍ക്ക് കൂട്ടായി ചില കഥാപാത്രങ്ങള്‍ രൂപപ്പെടും.
ഒരു ദിവസം പത്രം തുറന്നപ്പോള്‍ മലപ്പുറത്ത് മാവോയിസ്റ്റ് ബന്ധമുള്ള ഒരാള്‍ പോലീസ് വെടിയേറ്റ് മരിച്ചു എന്ന വാര്‍ത്ത കണ്ടു. വിചാരണ കൂടാതെ മനുഷ്യനെ ഇല്ലാതാക്കുന്ന ഇത്തരം ഒരുപാട് വാര്‍ത്തകള്‍ നിരന്തരം കാണുന്നുണ്ടെങ്കിലും നേരത്തെ പറഞ്ഞപോലെ അതൊരു അസ്വസ്ഥതയായി കൂടെ കൂടിയത് പിറ്റേ ദിവസത്തെ പത്രത്തില്‍ വെടിയേറ്റു മരിച്ച ആ മനുഷ്യന്റെ കുഴിമാടത്തിന്റെ ചിത്രം കണ്ടപ്പോഴാണ്. അതിനു മുകളില്‍ ഒരു ചുവന്ന കൊടി വിരിച്ചിരുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ അത്രയും ചുവപ്പ് മറ്റെവിടെയും കണ്ടിട്ടില്ല. ചോരയേക്കാള്‍ ചുവപ്പുള്ള കൊടി ഒരു പാട് നാള് മനസ്സില്‍ താഴാതെ പറന്നു. അങ്ങനെയാണ് 'പത്തിനിക്കടവുള്‍' എന്ന കഥയുണ്ടാകുന്നത്. മുല പറിച്ചെറിഞ്ഞ് മഥുരയെ ചാമ്പലാക്കിയ കണ്ണകിയുടെ മിത്തും കൊടുങ്ങല്ലൂര്‍ ഭരണിയും ഇതിലേക്ക് ഇഴ ചേര്‍ന്നു. നജ്മയും ഹക്കീമും ഇനിയമോളും കണ്ണകിയും എല്ലാം ചേര്‍ന്ന് എന്നെകൊണ്ട് ആ കഥയെഴുതിച്ചു. ഈ സമാഹാരത്തിലെ മറ്റു കഥകളേക്കാള്‍ ഒരിറ്റ് ഇഷ്ടക്കൂടുതല് എനിക്ക് ഈ കഥയോടുണ്ട്.
ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന ഒരു വിഭാഗമാണ് കര്‍ഷകര്‍. കര്‍ഷകര്‍ നാടിന്റെ നട്ടെല്ല് എന്നൊക്ക ചെറുപ്പം മുതലേ നമ്മള് പഠിച്ചുവച്ചിട്ടുണ്ടെങ്കിലും അവര്‍ നേരിടുന്ന പ്രതിസന്ധികളും ചൂഷണങ്ങളും ആരും പഠിക്കാന്‍ ശ്രമിക്കുന്നില്ല. ആ കാരണം കൊണ്ട്തന്നെ ഒരുകാലത്ത് പത്രത്തിന്റെ പേരുപോലെതന്നെ സ്ഥിരമായ ഒരു തലക്കെട്ടായിരുന്നു 'കര്‍ഷക ആത്മഹത്യ' എന്നത്. ആ വേദനകളില്‍ നിന്നാണ് അരിവരവ്, ചാമി എന്നീ കഥകള്‍ ഉണ്ടായത്. കടമെടുത്ത പണം തിരിച്ചടക്കാന്‍ കഴിയാതെ കര്‍ഷകനായ ഒരു അച്ഛനും മകനും സ്വയം തീ കൊളുത്തി കത്തിയമരുന്ന വാര്‍ത്ത ചിത്രങ്ങള്‍ സഹിതം നാം പത്രമാധ്യമങ്ങളില്‍ കണ്ടതാണ്. ഇതേ രാജ്യത്ത് ഇതേ കാലഘട്ടത്തില്‍ തന്നെയാണ് വിജയ് മല്യ സര്‍ക്കാരില്‍ നിന്നും കോടികള്‍ പറ്റിച്ച് രാജ്യം വിട്ടതും. അരിവരവിലെ കൊലവന്റെ അവസ്ഥയിലേക്ക് നമ്മുടെ കര്‍ഷകരെ തള്ളിവിട്ടാല്‍ അത് ബാധിക്കുക നമ്മുടെ നിലനില്‍പ്പിനെ തന്നെയാകും എന്ന ബോധ്യം നമുക്ക് വേണം.
കഥയെഴുത്തിന്റെ പേരില്‍ എന്റെ ഫോട്ടോ ആദ്യമായി പത്രത്തില്‍ വരുന്നത് 'ട്രാന്‍സിസ്റ്റര്‍' എന്ന കഥയിലൂടെയാണ്. 2019ലെ പന്തളം കെ രാമവര്‍മ്മ കഥ പുരസ്കാരം ട്രാന്സിസ്റ്ററിനായിരുന്നു. സമൂഹത്തില്‍ ഇന്നും അവഗണനയും ചൂഷണവും അനുഭവിച്ചുകൊണ്ടിരിക്കുന്ന ട്രാന്സ്ജെന്റര് വിഭാഗത്തിന്റെ അവസ്ഥകള്‍ നേരിട്ട് കണ്ടും കേട്ടറിഞ്ഞും നടപ്പുരീതിയില്‍ നിന്ന് മാറി കഥ പറയാനുള്ള ശ്രമമാണ് ട്രാന്‍സിസ്റ്റര്‍. അവരുടെ അവകാശങ്ങളും അംഗീകരിക്കപ്പെടേണ്ടതാണ്. അവജ്ഞയോടെ അവരെ നോക്കിക്കാണുന്ന സമൂഹത്തിന് അവരും നമ്മളില്‍ ഒരാളാണ് എന്ന ബോധ്യം വരേണ്ടതുണ്ട്. ഉഭയപര്‍വ്വം എന്ന കഥയില്‍ പറയാന്‍ ശ്രമിച്ച വിഷയവും ഇതില്‍ നിന്ന് ഒരുപാട് ദൂരെയല്ല. 'ആണ്‍കുട്ടികള്‍ തമ്മില്‍ പ്രണയിച്ചാല്‍ എന്തെങ്കിലും കൊഴപ്പണ്ടൊ മാഷേ?' എന്ന ചോദ്യത്തോടെയാണ് ആ കഥയാരംഭിക്കുന്നത്. അത് ചോദിക്കുന്ന കട്ടന്‍ചായ എന്ന വിളിപ്പേരുള്ള ഒരുപാട് അമ്പരീഷുമാര് നമുക്ക് ചുറ്റുമുണ്ട്. അങ്ങനെയുള്ള എത്രയോ പേര് ഇവിടെ നിലനില്‍പ്പിനായി പൊരുതുന്നു!
റിയാലിറ്റി ഷോകളിലും മറ്റും പച്ചക്ക് പറയുന്ന ബോഡി ഷെയ്മിങ് തമാശകള്‍ അത്രമേല്‍ അരോചകമായി അനുഭവപെട്ടിട്ടുണ്ട്. ആദിവാസികളെയും കറുത്തനിറമുള്ളവരെയും പരിഹാസ കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച് കയ്യടി വാങ്ങുന്ന ഈ നെറികേട് കണ്ട് ആ രോഷത്തില്‍ നിന്നും പ്രതിഷേധത്തില്‍ നിന്നുമാണ് ചായം എന്ന കഥയെക്കുറിച്ച് ചിന്തിച്ചത്. 'മരിയ എന്ന കഥയ്ക്ക് ആധാരമായ സംഭവം കഥയുടെ അവസാനം നല്‍കിയിട്ടുണ്ട്. മനുഷ്യന് ചെയ്യുന്ന പലകാര്യങ്ങളെയും മൃഗീയം എന്ന മനുഷ്യന് തന്നെ വിശേഷിപ്പിക്കുമ്പോള്‍ അവിടെ നടന്ന സംഭവത്തെ എന്ത് പേരിട്ട് വിളിക്കും എന്നാണ് ഈ വാര്‍ത്ത വായിച്ചപ്പോള്‍ ആദ്യം തോന്നിയത്. പോണി എന്റെ ഉള്ളില്‍ അത്രയും നീറ്റലുണ്ടാക്കിയിരുന്നു. അവള് ഒരു വലിയ പ്രതീകമായി എനിക്ക് അനുഭവപ്പെട്ടു. നെന്മാറ വല്ലങ്ങി വേല കാണാന്‍ പോയ ഒരു അനുഭവമാണ് അഞ്ചാം വേല എന്ന കഥയിലേക്കെത്താന്‍ കാരണം. പൂരത്തിനെ കുറിച്ച് ഒരു കഥ എഴുതുമ്പോള്‍ അവിടെ എന്റെ നാടിനെയും അവിടുത്തെ ആഘോഷങ്ങളെയും രീതികളെയും കൂടെ ഉള്‍പ്പെടുത്തണമെന്ന് തോന്നി.
ഭാരതപുഴയോട് ചേര്‍ന്നാണ് എന്റെ വീട്. അതുകൊണ്ട് തന്നെ പുഴയും പുഴയോട് ചേര്‍ന്ന ഐതീഹ്യങ്ങളും എല്ലാം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗം കൂടിയാണ്. പലര്‍ക്കും നിധി കിട്ടിയ കഥകള്‍ ഓര്‍മ്മവച്ച അന്നുമുതല്‍ കേള്‍ക്കുന്നതാണ്. നിധി കിട്ടി ആദ്യം അത് തൊട്ടതിന്റെ പേരില്‍ ഭ്രാന്തായിപ്പോയ ത്രാങ്ങാലിക്കാര്ക്കെല്ലാം സുപരിചിതനായ രാമന്റെ തകര്ന്നടിഞ്ഞജീവിതവും വര്‍ഷത്തിലൊരിക്കല്‍ ആളെ മുക്കിക്കൊന്ന രക്തം കുടിക്കാന്‍ ചങ്ങലപൊട്ടിച്ച് ഇറങ്ങുന്ന പുഴയോട് ചേര്‍ന്ന വാഴലിക്കാവിലെ യക്ഷിയുടെ മിത്തും ചേര്‍ത്താണ് 'നിധിവൈപര്യം' എന്ന കഥ ചിന്തിച്ചത്. ജീവിതത്തിന്റെ പുസ്തകവും ചെന്നായ് ചിലന്തിയും ഈ പറഞ്ഞ കഥകള്‍ക്കെല്ലാം മുന്‍പ് എഴുതിയതാണ്.
കഥാസമാഹാരത്തിന്റെ ആമുഖത്തില്‍ പറഞ്ഞപോലെ എന്റെ വേദനകളും രോഷങ്ങളും രാഷ്ട്രീയവും എല്ലാം ഈ സമൂഹത്തോട് തുറന്ന് പറയാനുള്ള ഉപാധി കൂടിയാണ് എനിക്ക് കഥകള്‍. പശ്ചാത്തലത്തിലും ഭാഷയിലും എന്റെ നാടിനെയും സംസ്കാരത്തെയും പ്രതിനിധീകരിക്കാനുള്ള ശ്രമവും നടത്താറുണ്ട്. ഇവയൊന്നും മികച്ചവയാണ് എന്ന യാതൊരു അവകാശവാദവും ഇല്ല. ശ്രമങ്ങള്‍ കുറേ മനുഷ്യരിലേക്കെത്തി എന്ന ഒരു ആശ്വാസം മാത്രം. ഇനിയെല്ലാം വായനക്കാര്‍ തീരുമാനിക്കട്ടെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..