-
അഡ്വക്കേറ്റ് മുഹമ്മദ് ശംവീൽ നൂറാനി ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്ക് നടത്തിയ യാത്രവിവരണങ്ങളാണ് തൂത്തൻഖാമന്റെ സ്വർണഖനികൾ. ഈ യാത്രാപുസ്തകം വായിക്കുമ്പോൾ ജോർദാനും ഈജിപ്തും ഒരിക്കൽക്കൂടി ചിന്തയിലേക്ക് എത്തിയിരിക്കുന്നതായി സന്തോഷ് ജോർജ് കുളങ്ങര അവതാരികയിൽ കുറിച്ചിരിക്കുന്നു. മഹത്തായ സംസ്കാരമുള്ള രണ്ടു രാജ്യങ്ങളുടെ വാങ്മയചിത്രം ഏറെ അഴകോടെയാണ് എഴുത്തുകാരൻ വരച്ചിട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ചെറിയവാചകങ്ങളിലൂടെയും ലളിതപദങ്ങളിലൂടെയും ഏറെ ആസ്വാദ്യകരമാകുന്ന പുസ്തകത്തിന്റെ ഒരു ഭാഗം വായിക്കാം.
ബിബ്ലിയോത്തിക്ക അലക്സാന്‍ഡ്രിന
ഒരു കടലോരനഗരം എങ്ങനെയൊക്കെ മനോഹരമാക്കാമെന്ന് 'അലക്സാന്‍ഡ്രിയ' നമ്മോടു പറയുന്നുണ്ട്. മെഡിറ്ററേനിയന്‍ സമുദ്രതീരത്തിന്റെ സൗന്ദര്യം മുഴുവനായും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലാണ് നഗരം സംവിധാനിച്ചിട്ടുള്ളത്. കേരളത്തിലെ കടലോരനഗരങ്ങളൊക്കെ ആ രീതിയില്‍ മനോഹരമാക്കുകയാണെങ്കില്‍ എത്രയധികം വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകളെ വര്‍ഷാവര്‍ഷം ആകര്‍ഷിക്കാന്‍ കഴിയും. പ്രാദേശിക കച്ചവടങ്ങളിലും, ജനങ്ങളുടെ ജീവിതനിലവാരത്തിലുമുള്ള ഉയര്‍ച്ചയായിരിക്കും പരിണതഫലം. അഞ്ഞൂറു കിലോമീറ്ററിലധികം വരുന്ന കടല്‍ത്തീരമുള്ള നാടാണ് കേരളം. കാസര്‍കോടുനിന്നും ആരംഭിച്ചാല്‍ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങള്‍ക്കിടയില്‍ ഒട്ടുമിക്ക കടല്‍ത്തീരങ്ങളും ലോകഭൂപടത്തില്‍ ഇടംപിടിച്ച പ്രദേശങ്ങളാണ്. ബേക്കലും ഏഴിമലയും തലശ്ശേരിയും കൊയിലാണ്ടി കൊല്ലവും കോഴിക്കോട് കാപ്പാടും കൊടുങ്ങല്ലൂരും കൊച്ചിയും തുടങ്ങി പതിനഞ്ചോളം വരുന്ന മനോഹരമായ പൗരാണികചരിത്രമുറങ്ങുന്ന കടല്ത്തീരനഗരങ്ങളെ മാര്‍ക്കറ്റ് ചെയ്താല്‍ത്തന്നെ നാട്ടില്‍ ടൂറിസത്തിന് അതൊരു മുതല്‍ക്കൂട്ടാകും.
അലക്സാന്‍ഡ്രിയ പട്ടണം മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തിന്റെ മുപ്പതോളം കിലോമീറ്റര്‍ വളരെ നല്ല രീതിയില്‍ കവര്‍ന്നെടുത്തിട്ടുണ്ട്. ചരിത്രവും ശാസ്ത്രവും ആത്മീയതയും ആഘോഷങ്ങളും വ്യവസായങ്ങളും എല്ലാമടങ്ങുന്ന ഒരു ബൃഹത്തായ നഗരമാണത്. പല ഭാഗങ്ങളിലും നല്ല ആര്‍ക്കിടെക്റ്റ് വിസ്മയങ്ങളുണ്ട്.
ഞാനിപ്പോള്‍ നില്‍ക്കുന്നത് ലോകപ്രശസ്തമായ ലൈബ്രറിയായ 'ബിബ്ലിയോത്തിക്ക അലക്സാന്‍ഡ്രിന'യുടെ മുന്നിലാണ്. പുരാതനലോകത്തിലെ ഏറ്റവും വലുതും അഭിമാനകരവുമായ ലൈബ്രറികളിലൊന്നാണ് അലക്സാന്‍ഡ്രിയ ലൈബ്രറി. ചരിത്രപ്രൗഢിയും പാരമ്പര്യവും നിലനിര്‍ത്താന്‍ തക്കവണ്ണമുള്ള നിര്‍മിതിതന്നെയാണ് ഇപ്പോഴത്തെ ബിബ്ലിയോത്തിക്കയ്ക്കുള്ളത്.

ഒരു നല്ല സായാഹ്നത്തിലാണ് അവിടെ എത്തുന്നത്. ചാരനിറത്തിലുള്ള കല്ലിന്റെ ഒരു വളഞ്ഞ മതിലാണ് ലൈബ്രറിയുടെ പുറംമുഖം. ലോകമെമ്പാടുമുള്ള നൂറ്റിയന്‍പതോളം വ്യത്യസ്ത ലിപികളുടെ പ്രതീകങ്ങളുണ്ട് ആ കൂറ്റന്‍ മതിലില്‍. അതില്‍ മലയാളഭാഷയിലെ 'ഉ' എന്ന അക്ഷരം കാണാന്‍ കഴിഞ്ഞത് വളരെ സന്തോഷം നല്കി. മലയാളം എന്നാല്‍ 'മലഅല് ആലം' എന്നാണല്ലോ! ഭൂഗോളത്തെ മുഴുവനെയും പ്രതിനിധീകരിക്കുന്നുണ്ടല്ലോ. അതുകൊണ്ടാകും ഇവിടെ കുറിച്ചിട്ടിരിക്കുന്നത്. ലോകത്താകെ ആറായിരത്തോളം ഭാഷകളും അതില്‍ത്തന്നെ മൂവായിരത്തിലധികം ഭാഷകള്‍ക്ക് ലിപികളുമുണ്ടായിരിക്കെയാണ് മലയാളത്തെ അവര്‍ പരിഗണിച്ചത് എന്ന് ഓര്മ വേണം. പണ്ട് അറഫ മലയില്‍ പോയപ്പോള്‍ മലയാളത്തില്‍ നിര്‍ദേശങ്ങള്‍ എഴുതിയ ബോര്‍ഡുകള്‍ കണ്ടപ്പോഴുണ്ടായ അതേ രോമാഞ്ചംതന്നെ ഇപ്പോഴും എനിക്കനുഭവപ്പെട്ടു. വൈകുന്നേരത്തെ സൂര്യനില്‍, വെളിച്ചം കല്ലിന്മേല് മിന്നിത്തിളങ്ങുന്നുണ്ട്. പുരാതന ഈജിപ്തിന്റെ ലിപിയായ ഹൈറോഗ്ലിഫ്സിന്റെ രൂപങ്ങളാണ് കൂടുതലായും അതില്‍ ഫോക്കസ് ചെയ്തിട്ടുള്ളത്.

സമയം നാലോട് അടുത്തിരിക്കണം. ടിക്കറ്റ് കൗണ്ടറിലെ സ്റ്റാഫുകള്‍ കൗണ്ടര്‍ ക്ലോസ് ചെയ്തിറങ്ങാന്‍ പോകുന്നു. എന്‍ട്രി പാസ് ചോദിച്ചപ്പോള്‍ ഇഷ്യൂ ചെയ്യാന്‍ പറ്റിലെന്നു പറഞ്ഞു. കെഞ്ചി ചോദിച്ചു. അവരുടെ മറുപടി തീര്‍ത്തും പറ്റില്ലെന്നായിരുന്നു. ചെറിയ നിരാശ ബാധിച്ചു. അവിടുന്നു മടങ്ങി നേരേ എന്‍ട്രി ഗെയ്റ്റിലേക്ക് പോയി. സെക്യൂരിറ്റി ജീവനക്കാര്‍ സന്ദര്‍ശകരെ പുറത്തിറക്കിക്കൊണ്ടിരിക്കുന്നു. ഒരു അറ്റകൈ എന്ന നിലയ്ക്ക് സെക്യൂരിറ്റികളോട് ഒന്ന് അപേക്ഷിച്ചുനോക്കി. ആദ്യമൊക്കെ തടസ്സം നിന്നെങ്കിലും ഞാന്‍ വരുന്ന ദൂരവും മുഖത്തെ ദൈന്യതയും അവരുടെ ഹൃദയത്തില്‍ ചെറിയൊരു അലിവുണ്ടാക്കി. എന്റെ കൈയും പിടിച്ച് അവന് ഉള്ളോട്ട് കൂട്ടിക്കൊണ്ടുപോയി ഒറ്റനില്പില് കാണാന്‍ കഴിയുന്ന സ്ഥലത്തേക്ക് നിര്‍ത്തി അവന് പറഞ്ഞു, 'ഇതാണ് നിങ്ങള്‍ ആവശ്യപ്പെട്ട ലൈബ്രറിയുടെ കാഴ്ച.' എനിക്കത് മതിയായിരുന്നു. അവിടെ ഇരുന്ന് പുസ്തകം വായിക്കാനൊന്നും ഉദ്ദേശിച്ചല്ല. ഉള്‍ഭാഗവും അതിന്റെ ഇന്റീരിയറും കാണണമെന്നുള്ള ഒരു പൂതി മാത്രം. വിശാലമായ ഇരിപ്പിടങ്ങള്‍, ലക്ഷക്കണക്കിനു പുസ്തകങ്ങള്‍ ഒതുക്കിവെച്ചിരിക്കുന്ന ആയിരക്കണക്കിനു ഷെല്‍ഫുകള്‍... ഒറ്റവാക്കില്‍ മനോഹരം.
അലക്സാന്‍ഡ്രിയ എന്ന പേരില്‍ ലോകത്ത് വേറെയും പലയിടത്തായി നഗരങ്ങളുണ്ട്. ലോകം വെട്ടിപ്പിടിക്കാന്‍ ഇറങ്ങിയ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ തേരോട്ടമെത്താത്ത നാടുകള്‍ വളരെ കുറവാണ്. ലൈബ്രറിയുടെ പുറത്ത് അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ലോകം കീഴടക്കിയ ചക്രവര്‍ത്തിയുടെ അരികില്‍ നില്ക്കുമ്പോള് രണ്ടു ചെറിയ പെണ്‍കുട്ടികള്‍ അടുത്തുവന്ന് സെല്‍ഫിയെടുത്ത് തരാമോയെന്ന് ചോദിച്ചു. എന്റെ വേഷവിധാനം അവരെ ആകര്‍ഷിച്ചിരിക്കണം. ചിലയിടങ്ങളില്‍ പോകുമ്പോള്‍ നമ്മുടെ തലപ്പാവും ഷാളുമൊക്കെ ആളുകള്‍ കൗതുകപൂര്‍വം നോക്കിക്കാണുന്നതിനും ഫോട്ടോയെടുക്കാന്‍ സമീപിക്കുന്നതിനുമൊക്കെ കാരണമാവാറുണ്ട്.
ബിബ്ലിയോത്തിക്കയുടെ അരികില്‍ത്തന്നെയാണ് പ്ലാനിറ്റോറിയവും. എല്ലായിടത്തും നല്ല തിരക്കാണ്. റൗണ്ട് രൂപത്തിലുള്ള മനോഹരമായ നിര്‍മിതിയാണ് അതിന്റേത്. ഉള്ളില്‍ കയറിയില്ലെങ്കിലും പുറംകാഴ്ചതന്നെ പ്രൗഢം, ഗംഭീരം. പണ്ടൊരിക്കല്‍ ഏകദേശം പത്തുകൊല്ലം മുന്‍പേ ഗുജറാത്തിലെ പോര്‍ബന്ദറിലെ പ്ലാനിറ്റോറിയത്തില്‍ ചെന്നപ്പോള്‍ യാത്രാക്ഷീണംകൊണ്ട് അതിനുള്ളില്‍ ഉറങ്ങിപ്പോവുകയും കുറച്ചുകഴിഞ്ഞ് തലയ്ക്കു മുകളില്‍ സ്ഥാപിച്ച എയര്‍കണ്ടീഷനറില്‍നിന്നും വെള്ളം ഒലിച്ചിറങ്ങിയപ്പോള്‍ ഉണര്ന്നതുമൊക്കെ അപ്പോള്‍ ഓര്മ വന്നു. വെയിലിന് വീര്യം കൂടുന്നതിനു മുന്നേ അവിടുന്നിറങ്ങി അലക്സാന്‍ഡ്രിയയിലെ മറ്റു കാഴ്ചകളിലേക്കു നീങ്ങി.
Content Highlights: Thoothankhamante Swarnakhanikal Travelogue by Muhammad Samveel Noorani, Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..