സി.ഇ ചാക്കുണ്ണി
വ്യവസായത്തിന്റെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തി ജീവിതത്തില്‍ വിജയം കൈവരിച്ച പ്രമുഖ വ്യവസായിയും സംഘാടകനും സാമൂഹ്യപ്രവര്‍ത്തകനുമായ സി.ഇ ചാക്കുണ്ണിയുടെ ആത്മകഥയാണ് 'തോല്‍ക്കാന്‍ മനസ്സില്ലാതെ'. മാതൃഭൂമി ഇംപ്രിന്റായ ഗ്രാസ് റൂട്ട് പ്രസിദ്ധീകരിച്ച ആത്മകഥയില്‍ നിന്നും ഒരു അധ്യായം.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി വരുന്ന സമയത്ത് ആലുവയിലെ റെയില്‍പ്പാളത്തില്‍ വിള്ളല്‍ കണ്ടപ്പോള്‍ ഒരു തമിഴ് പയ്യന്‍ ചുവന്ന കൊടി കാണിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. അത് വലിയൊരു കാര്യമാണെന്ന് തോന്നി. വലിയൊരു ദുരന്തമാണ് അതുവഴി ഒഴിവായത്. നല്ലൊരു തുക അവന് നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും റെയില്‍വേ അത് പരിഗണിച്ചില്ല. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്റെ വര്‍ക്കിങ് ചെയര്‍മാനാണ് ഞാന്‍. അസോസിയേഷന്‍ പതിനായിരം രൂപ സമ്മാനം പ്രഖ്യാപിച്ചു. ഈ വാര്‍ത്ത പത്രത്തില്‍ കണ്ടപ്പോള്‍ രാജ്ഭവനില്‍നിന്നും ഞങ്ങളെ ബന്ധപ്പെട്ടു.
'ഈ തുക സമ്മാനിക്കാന്‍ ഗവര്‍ണര്‍ക്ക് താത്പ്പര്യമുണ്ട്. ചടങ്ങ് രാജ്ഭവനില്‍ത്തന്നെ സംഘടിപ്പിക്കാം.'
ഞങ്ങള്‍ സമ്മതിച്ചു. ഇതില്‍പ്പരം വലിയ ഭാഗ്യം മറ്റെന്താണ്. അന്ന് ജസ്റ്റിസ് പി. സദാശിവമാണ് ഗവര്‍ണര്‍. ക്യാഷ് അവാര്‍ഡ് നല്‍കുന്നത് മെഡിമിക്‌സ് ചെയര്‍മാന്‍ ഡോ. എ.വി. അനൂപ് സാറാണ്. ഗവര്‍ണര്‍ സമ്മാനിക്കുന്നു എന്നറിഞ്ഞപ്പോള്‍ അനൂപ് സാര്‍ സമ്മാനത്തുക പതിനായിരത്തില്‍നിന്നും 25,000 ആയി ഉയര്‍ത്തി. ഇതറിഞ്ഞപ്പോള്‍ സുരേഷ് ഗോപി എന്നെ വിളിച്ചു.
'എന്താ ചേട്ടാ, 25,000 മാത്രം നല്‍കുന്നത്. ആ പാവം പയ്യന് ഒരു ലക്ഷം രൂപയെങ്കിലും നല്‍കേണ്ടേ?'
അതിനുമാത്രം പണമുള്ള സംഘടനയല്ല ഞങ്ങളുടേത്. ഞങ്ങള്‍ ആരോടും പണം പിരിക്കാറില്ല. അക്കാര്യം പറഞ്ഞപ്പോള്‍ ബാക്കി മുക്കാല്‍ലക്ഷം രൂപ നല്‍കാമെന്ന് സുരേഷ് ഗോപി ഉറപ്പുനല്‍കി. അങ്ങനെ പയ്യനെയും ബന്ധുക്കളെയും തലേദിവസം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. പ്രോഗ്രാമിന്റെ ദിവസം രാവിലെയാണ് സുരേഷ് ഗോപിയുടെ മകന് അപകടം പറ്റിയ വാര്‍ത്തയറിഞ്ഞത്. അദ്ദേഹം ബാംഗ്ലൂരിലേക്ക് പോയി എന്നറിയിച്ചു. മുക്കാല്‍ലക്ഷം രൂപ ആ അവസ്ഥയില്‍ ചോദിക്കുന്നത് ശരിയല്ലല്ലോ. ഞാനാകെ നിരാശയോടെ നില്‍ക്കുമ്പോഴാണ് താമസിക്കുന്ന ഹോട്ടലിനു മുമ്പില്‍ ഒരു കാര്‍ വന്നുനിന്നത്. അതില്‍നിന്നും ഡ്രൈവര്‍ ഇറങ്ങി, ഒരു കവര്‍ എന്നെ ഏല്‍പ്പിച്ചു.
'സുരേഷ്‌ഗോപി സാര്‍ കൊടുത്തയച്ചതാണ്. 75,000 രൂപയുണ്ട്.'
എനിക്കു സന്തോഷമായി. അദ്ദേഹം വാക്കു പാലിച്ചല്ലോ. അങ്ങനെയാണ് ഗവര്‍ണര്‍ ഒരുലക്ഷം രൂപ സ്വാതന്ത്ര്യദിനത്തില്‍ സമ്മാനിച്ചത്.
.jpg?$p=a80322e&&q=0.8)
സമാനമായ സംഭവം കോഴിക്കോട് കടലുണ്ടിയിലുമുണ്ടായി. 2021 ഏപ്രില്‍ 21ന് രാവിലെ 6.50ന് കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ് കടന്നുപോയ ഉടനെയാണ് അപ്ലൈനില്‍ വിള്ളല്‍ കണ്ടത്. അസാധാരണ ശബ്ദം കേട്ട് പരിസരവാസിയായ രതീഷ് നോക്കിയപ്പോഴാണ് പാളത്തിലെ വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ റെയില്‍വേ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. കടലുണ്ടിയില്‍ സംഭവിക്കുമായിരുന്ന റെയില്‍ദുരന്തം സന്ദര്‍ഭോചിതമായ ഇടപെടല്‍കൊണ്ട് ഒഴിവാക്കിയ തറയില്‍ രതീഷിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ പതിനായിരം രൂപ ക്യാഷ് അവാര്‍ഡും സ്വര്‍ണ്ണനാണയവും പൊന്നാടയും നല്‍കിയത് മാസങ്ങള്‍ക്കു മുമ്പാണ്. അത് നല്‍കിയത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസാണ്.
റെയില്‍ മുറിച്ചുകടക്കുമ്പോള്‍, ട്രെയിന്‍ തട്ടി കാല്‍ മുറിഞ്ഞുപോയ പരപ്പനങ്ങാടി സ്വദേശിക്ക് ഡോ. വി.പി. സിദ്ധന്‍ സാര്‍ 25,000 രൂപയാണ് നല്‍കിയത്. അതും മുപ്പതു വര്‍ഷംമുമ്പ്.
അവാര്‍ഡും 'അമ്മ'യുടെ വിലക്കും
കമ്മീഷണര്‍ സിനിമയ്ക്ക് ഉജാല അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചു. സുരേഷ് ഗോപിക്കും നിര്‍മ്മാതാവ് പി.വി. ഗംഗാധരനും വലിയ സന്തോഷം. അതിനുവേണ്ടി സ്റ്റേഡിയം ബുക്ക് ചെയ്തു. കാര്യങ്ങള്‍ മുന്നോട്ടുപോയി. ഞായറാഴ്ചയാണ് അവാര്‍ഡ്ദാനച്ചടങ്ങ്. അമിതാഭ് കാന്താണ് അന്ന് കോഴിക്കോട് കലക്ടര്‍. അദ്ദേഹം ഇതിനായി ഒരുപാട് സഹായങ്ങള്‍ ചെയ്തുതന്നു. സ്റ്റേഡിയം അനുവദിച്ചു. ഒരു രാഷ്ട്രീയനേതാവ് 250 പാസിന് വിളിച്ചു. അമ്പത് നല്‍കി. ഫുട്‌ബോള്‍ അസോസിയേഷനും നല്‍കി 50 പാസ്. കോര്‍പ്പറേഷന് 50 പാസ്. എല്ലാവരും 250 പാസിനാണ് ചോദിച്ചത്. അത്രയും നല്‍കിയാല്‍ സ്റ്റേഡിയത്തില്‍ പിന്നെയാര്‍ക്കും ഇരിക്കാന്‍ സ്ഥലമുണ്ടാവില്ല. വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് കലക്ടര്‍ വിളിച്ചു.
'ഞാന്‍ നിസ്സഹായനാണ്. പരിപാടി നടത്താന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സമ്മതിക്കുന്നില്ല.'
വല്ലാത്തൊരു അവസ്ഥയായി. പാര്‍ക്കിങ്ങിനായി തൊട്ടടുത്ത് ഒരു ഗ്രൗണ്ട് വാടകയ്ക്ക് എടുത്തിട്ടുണ്ട്. അതില്‍ നടത്തിക്കോട്ടെ എന്നു ചോദിച്ചപ്പോള്‍ അനുമതി നല്‍കി. ഗ്രൗണ്ടൊക്കെ റെഡിയാക്കിവെച്ചപ്പോള്‍ ശനിയാഴ്ച രാവിലെ സുരേഷ്‌ഗോപി വിളിച്ചു:
'അമ്മയുടെ വിലക്കുള്ളതിനാല്‍ സ്വകാര്യ അവാര്‍ഡ് വാങ്ങിക്കാന്‍ കഴിയില്ല.'
എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ കാര്യം സൂചിപ്പിച്ചപ്പോള്‍ 'അമ്മ'യുമായി സംസാരിച്ചോളൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. എന്തുകൊണ്ടോ അതിന് ഞാന്‍ തയ്യാറായില്ല. ശോഭനയും കൈയൊഴിഞ്ഞു. ഡീലേഴ്‌സും ഡിസ്ട്രിബ്യൂട്ടേഴ്‌സും അവരുടെ ജീവനക്കാരെ കാസര്‍കോഡുനിന്നും കാറില്‍ അയച്ചുകഴിഞ്ഞു. ഞാന്‍ കുതിരവട്ടം പപ്പുവേട്ടനെ വിളിച്ച് കാര്യം പറഞ്ഞു.
'സംവിധായകന്‍ ജയരാജിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി നടി ഗീത പരശുറാം എക്‌സ്പ്രസില്‍ കോഴിക്കോട്ടേക്കു വരുന്നുണ്ട്. എത്രയും പെട്ടെന്ന് അവരെ വിളിച്ച് പ്രോഗ്രാമിലേക്ക് ക്ഷണിക്കണം.'
ഞാനും സാമൂഹികപ്രവര്‍ത്തകയായ മാലാശ്രീധറും കുടുംബാംഗങ്ങളുമായി റെയില്‍വേ സ്റ്റേഷനില്‍ പോയി സ്വീകരിച്ചു. കാര്യങ്ങള്‍ ഗീതയെ ബോദ്ധ്യപ്പെടുത്തി. ഉജാല എം.ഡിയെക്കൊണ്ട് ഗീതയെ വിളിപ്പിക്കുകയും ചെയ്തു. ഗീതയ്ക്ക് അഞ്ചുപവന്‍ നല്‍കും. ഇക്കാരണംകൊണ്ട് പടം മുടങ്ങിയാല്‍ അതിന്റെ നഷ്ടപരിഹാരവും കമ്പനി നല്‍കുമെന്ന് എം.ഡി. അറിയിച്ചു. അതോടെ ഗീത സമ്മതിച്ചു.
അക്കാലത്ത് അമ്മയുമായി ഉടക്കിനില്‍ക്കുകയാണ് നടന്‍ സുകുമാരന്‍. ഞാന്‍ സുകുമാരേട്ടനോട് കാര്യം പറഞ്ഞു.
.jpg?$p=298ab5c&&q=0.8)
'അവരോട് പോകാന്‍ പറ. ഞാന്‍ വരും അവാര്‍ഡ് നിശയ്ക്ക്.'
അതിനുശേഷം ബോംബെയിലേക്കു വിളിച്ചു. കുറച്ചു ഹിന്ദി നടന്‍മാരെക്കൂടി സംഘടിപ്പിക്കാമോ എന്ന് ചോദിച്ചു. അനുപംഖേര്‍, സുജാത മേത്ത, ചങ്കിപാണ്ഡെ, ആദിത്യപഞ്ചോളി, ടിനു ആനന്ദ്, ഗോവിന്ദ എന്നിവര്‍ വരാമെന്ന് സമ്മതിച്ചു. പക്ഷേ, അവസാനനിമിഷം കണക്ടിങ് ഫ്‌ളൈറ്റ് ഇല്ലാത്തതിനാല്‍ അനുപംഖേറിനും ഗോവിന്ദയ്ക്കും വരാന്‍ കഴിഞ്ഞില്ല. ബാക്കിയുള്ളവര്‍ എത്തി. കുഞ്ഞാണ്ടിയേട്ടന്‍, കുതിരവട്ടംപപ്പു, സുകുമാരന്‍ ബാക്കി ഹിന്ദി നടന്‍മാര്‍, മന്ത്രിമാര്‍ എന്നിവരുണ്ടായിരുന്നു. ഒപ്പം ബിജു നാരായണന്റെ ഗാനമേളയും.
പരിപാടി തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഞാന്‍ മൈക്കെടുത്ത് 'അമ്മ'യുടെ വിലക്കിനെക്കുറിച്ച് പറഞ്ഞു. പക്ഷേ, സദസ്സ് അതൊന്നും കേള്‍ക്കാതെ കൂവിക്കൊണ്ടിരുന്നു. ഇതു കണ്ട പപ്പുവേട്ടന്‍ ഉടന്‍തന്നെ സ്റ്റേജിലേക്ക് വന്ന് എന്റെ കൈയില്‍നിന്ന് മൈക്ക് വാങ്ങി.
'നമ്മള്‍ കോഴിക്കോട്ടുകാരാണ്. നമ്മുടെ സംസ്‌കാരമല്ല ഇത്. നിങ്ങള്‍ പ്രോഗ്രാം കാണൂ. എന്നിട്ട് കൂവിക്കോളൂ.'
അതോടെ സ്വിച്ചിട്ടപോലെ ബഹളം നിലച്ചു.
ആ ദിവസമായിരുന്നു ജയരാജിന്റെ വിവാഹം. ജയരാജിന്റെ ഭാര്യ സബിതയുടെ വീട് പെരിന്തല്‍മണ്ണയിലാണ്. അതില്‍ പങ്കെടുക്കാനായി സുരേഷ് ഗോപിയും ഷാജികൈലാസുമൊക്കെ വന്നിരുന്നു. അവര്‍ താമസിച്ചത് കോഴിക്കോട്ടെ മലബാര്‍ പാലസ് ഹോട്ടലിലായിരുന്നു. ഹിന്ദിക്കാരുടെ ഡാന്‍സ് തുടങ്ങിയ സമയത്ത് സുരേഷ് ഗോപി വിളിച്ചു: ചേട്ടാ, ഞങ്ങള്‍ പുറപ്പെടുകയാണ്. കാര്‍ അയയ്ക്കാമോ?'
ആ സമയത്ത് കാര്‍ അയയ്ക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അക്കാര്യം തുറന്നുപറയുകയും ചെയ്തു. കുറച്ചുകഴിഞ്ഞപ്പോള്‍ അവരൊക്കെ വന്നു. സുരേഷ് ഗോപിക്ക് അവാര്‍ഡ് നല്‍കുകയും ചെയ്തു.
പ്രോഗ്രാമിന് തുരങ്കംവെക്കാനായി ചിലര്‍ അമിതാഭ് കാന്തിന് സ്വീകരണം നല്‍കാന്‍ അതേസമയം കടപ്പുറത്ത് ചടങ്ങും വെച്ചിരുന്നു. പക്ഷേ, അതൊന്നും അവാര്‍ഡ്ദാനച്ചടങ്ങിനെ ബാധിച്ചതേയില്ല.
ഫിലിം അവാര്‍ഡിന് ഞങ്ങള്‍ ബൊക്കെ കൊടുപ്പിച്ചത് ആനക്കുട്ടിയെക്കൊണ്ടാണ്. ചടങ്ങിന് വ്യത്യസ്തത വരുത്താനായി ആനയെക്കൊണ്ട് ബൊക്കെ കൊടുപ്പിച്ചാലോ എന്ന ആശയം എന്റേതായിരുന്നു. എല്ലാവരും അതിനോട് യോജിച്ചു. ഇക്കാര്യം പറഞ്ഞപ്പോള്‍ത്തന്നെ പൊതുപ്രവര്‍ത്തകനായ ഇളയിടത്ത് വേണുഗോപാല്‍ സാര്‍ അദ്ദേഹത്തിന്റെ ആനക്കുട്ടിയെ ഞങ്ങള്‍ക്ക് വിട്ടുതന്നു. വീട്ടില്‍ കൊണ്ടുവന്ന് റിഹേഴ്‌സലൊക്കെ നടത്തി. അന്ന് സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള മുഖ്യാതിഥികള്‍ക്ക് ബൊക്കെ നല്‍കിയത് ആനക്കുട്ടിയാണ്. അത് സിനിമാപ്രസിദ്ധീകരണങ്ങളില്‍ വന്നതോടെ ഒരുപാടുപേര്‍ വിളിച്ച് അഭിനന്ദിച്ചു.
അവാര്‍ഡുമായി ബന്ധപ്പെട്ട ആ രണ്ടു ദിവസങ്ങളില്‍ ഞാന്‍ അനുഭവിച്ച ടെന്‍ഷന്‍ പറഞ്ഞറിയിക്കാനാകാത്തതാണ്. അതുകൊണ്ടുതന്നെ പിറ്റേദിവസംതന്നെ ഞാന്‍ ഉജാലയുടെ എം.ഡിയോട് പറഞ്ഞു: 'ഇനി ഈ അവാര്‍ഡ് കോഴിക്കോട്ടു വേണ്ട.'
പിന്നീട് ഇന്ത്യന്‍ എക്‌സ്പ്രസ്സുമായും അതിനുശേഷം ഏഷ്യാനെറ്റുമായും ടൈഅപ്പായിട്ടാണ് അവാര്‍ഡ്ദാനച്ചടങ്ങുകള്‍ നടത്തിയത്. അതിനുശേഷം മദ്രാസിലെ നെഹ്രു സ്റ്റേഡിയത്തിലാണ് നടത്തിയത്. അമിതാഭ് ബച്ചന്‍, സുസ്മിതാസെന്‍, വിജയ്, ഖുശ്ബു എന്നിവരെയൊക്കെ അക്കാലത്ത് വീട്ടില്‍ പോയി ക്ഷണിക്കാന്‍ ഞാനുമുണ്ടായിരുന്നു. പിന്നീട് അവാര്‍ഡ് കൊടുക്കുന്ന ഏര്‍പ്പാടുതന്നെ നിര്‍ത്തി. അന്ന് അവാര്‍ഡ്ദാനച്ചടങ്ങ് വിജയിപ്പിച്ചതില്‍ എനിക്ക് നടന്‍ സുകുമാരനോട് വലിയൊരു കടപ്പാടുണ്ട്.
Content Highlights: C.E Chakkunni, Tholkkan Manassillathe, Grassroots, Mathrubhumi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..