ഇന്ദിരാഗാന്ധി, പുസ്തകത്തിന്റെ കവർ
ഒരു മലയാളിക്ക് തന്റേതെന്ന് തോന്നുന്നവിധത്തിലുള്ള നിരവധി ഗൃഹാതുരവും അനുഭവസമ്പന്നവുമായ ഭൂതകാലസ്മരണകള് കാണാനാകും വി. എം സുധീറിന്റെ 'തിരിഞ്ഞുനോക്കുമ്പോള്‍' എന്ന പുസ്തകത്തില്‍. കൃതിയിലെ 'രാഷ്ട്രീയം' എന്ന ഭാഗത്തില്‍നിന്ന്..
ആയിരത്തിത്തൊള്ളായിരത്തിയെഴുപത്തിയഞ്ച്. പ്രധാനമന്ത്രിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ഇന്ത്യന്‍ ഭരണസംവിധാനത്തിലെ നിര്‍ണായകദിനങ്ങള്‍. രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രാഷ്ട്രീയ എതിരാളികളെ നക്സലേറ്റുകളാക്കി തുറങ്കലിലടച്ചു. വിദ്യാര്‍ഥികള്‍ പോലീസിന്റെ ലാത്തിക്ക് ഇരയായി. അവരെ നിഗൂഢതയിലേക്ക് വലിച്ചിഴച്ചു. എഴുപത്തിയേഴാകുമ്പോഴേക്കും എതിരാളികള്‍ തഴച്ചുവളര്‍ന്നു. കോണ്‍ഗ്രസ്സിലെ വിടവുകള്‍ വര്‍ധിച്ചു. ജനതാപാര്‍ട്ടി വന്നു. അന്നൂരിലും അതിന്റെ അലയടിച്ചു. പല കോണ്‍ഗ്രസ്സുകാരും കലപ്പയേന്തിയ കര്‍ഷകന്റെ പിറകെപ്പോയി, പശുവിനെയും കിടാവിനെയും ആലയില്‍നിന്ന് അഴിച്ചുവിട്ടു. ഒരു ഭാഗത്ത് അരിവാള്‍ ചുറ്റിക നക്ഷത്രം.
രാഷ്ട്രീയസമവാക്യത്തില്‍ കലപ്പയേന്തിയ കര്‍ഷകനും കത്തിയും ഒരേ തൊഴുത്തില്‍ കയറി. പടനായകന് തന്റെ സപ്രമഞ്ചക്കട്ടിലില്‍ പള്ളിയുറക്കം നടിച്ച് കിടക്കുകയായിരുന്നു. ദുര്യോധനനെപ്പോലെ കോണ്ഗ്രസ്സുകാര് കസേര ഇട്ട് ഇരുന്നു. ഉണരട്ടെ, അപ്പോള്‍ സംസാരിക്കാം. ഇരുന്നിരുന്ന് ഉറങ്ങിപ്പോയത് അറിഞ്ഞില്ല. ജനതാ കമ്യൂണിസ്റ്റ് സഖ്യം കാല്‍തൊട്ട് വന്ദിച്ചു. ചായയും പരിപ്പുവടയും. സഖ്യത്തിന് ജയ് വിളിക്കണം. കാമ്പ്രത്തെ കുളത്തിന്റെ തെക്കുഭാഗത്ത് പടചേര്‍ന്നു. പഴയ ഒരു മെഗാഫോണ്‍. രണ്ടുതരം കൊടികള്‍. ഒന്ന്, ചുവപ്പില്‍ വെളുത്ത അരിവാള്‍ ചുറ്റിക നക്ഷത്രം. മറ്റേത് കുങ്കുമവും പച്ചയും പാതിപ്പാതി. നടുവില്‍ കലപ്പയേന്തിയ കര്ഷകന് പല്‍ച്ചക്രത്തില്‍. കൊടികള്‍ ശീമക്കൊന്ന തണ്ടുകളില്‍ കെട്ടി. പടനായകന് മെഗാഫോണ്‍ ടെസ്റ്റു ചെയ്തു.
ശബ്ദം മുഴങ്ങി. കൈയില്‍ ചുരുട്ടിപ്പിടിച്ച കടലാസ് നിവര്‍ത്തി. വായിച്ച് തിറം വരുത്തി.
'പ്രിയപ്പെട്ട നാട്ടുകാരേ, ഈ വരുന്ന ലോകസഭാതിരഞ്ഞെടുപ്പില്‍ നമ്മുടെ സ്ഥാനാര്‍ഥിയെ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ നല്കി വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.'
നമ്മുടെ സ്ഥാനാര്‍ഥി...
നമ്മുടെ ചിഹ്നം...
ഈങ്ക്വിലാബ് സിന്ദാബാദ്...
നാക്ക് ഒന്ന് മടിച്ചു.
ചായയും വടയും ഓര്‍ത്തപ്പോള്‍ ഈങ്ക്വിലാബ് സിന്ദാബാദ് ഉറച്ചു, ഉച്ചത്തിലായി. ജാഥ കൊരവയലിലൂടെ കറങ്ങിത്തിരിഞ്ഞു. കസേരയില്‍ ഇരുന്ന് ഉറങ്ങിപ്പോയ കോണ്ഗ്രസ്സുകാര് കുരവയലിലെ ജാഥയുടെ ആരവം കേട്ട് ഞെട്ടിയെഴുന്നേറ്റു. സപ്രമഞ്ചകട്ടില്‍ കാലിയായി കിടക്കുന്നു. പടനായകന് മെഗാഫോണില്‍ എതിര്‍കക്ഷിക്കുവേണ്ടി പടയോട്ടം നടത്തുന്നു. അന്നു രാത്രി കോണ്ഗ്രസ്സുകാര് പടനായകനെ പിടിച്ചു. പാരമ്പര്യപ്രകാരം നീ നമ്മുടെ ആളാണ്. നീ നമുക്കാണ് ജയ് വിളിക്കേണ്ടത്. ചായയും പഴംപൊരിയും പത്തുരൂപ പോക്കറ്റിലും. തലേന്നത്തെ അതേ ശീമക്കൊന്നയില്‍ കോണ്‍ഗ്രസ്സിന്റെ കൊടി കെട്ടി.
പുതിയ മെഗാഫോണില്‍ പുതിയ പേപ്പര്‍ നിവര്‍ന്നു: 'പ്രിയപ്പെട്ട നാട്ടുകാരേ, ഈ വരുന്ന തിരഞ്ഞെടുപ്പില്‍ നമ്മുടെ സ്ഥാനാര്‍ത്ഥി... പശുവും കിടാവും അടയാളത്തില്‍ വിലയേറിയ വോട്ടുകള്‍ നല്കി വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.' ജാഥ കൊരവയല്‍ കറങ്ങി. ചുറ്റുവട്ടത്തുള്ളവര്‍ അന്തംവിട്ട് കുന്തം വിഴുങ്ങി. പടനായകന് മനസ്സില്‍ പറഞ്ഞു. പരിപ്പുവടയുടെയും പഴംപൊരിയുടെയും രാഷ്ട്രീയം ആര്‍ക്കും മനസ്സിലാവില്ല.
Content Highlights: thirinjunokkumpol book, v m sudheer, 1975 emergency
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..