എം.പി വീരേന്ദ്രകുമാർ
എഴുത്തുകാരനും വാഗ്മിയും രാഷ്ട്രീയനേതാവും പാര്‍ലമെന്റ് അംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമ വാർഷികമാണ് ഇന്ന്. കര്‍മനിരതമായിരുന്നു ആ ജീവിതകാലമത്രയും. അദ്ദേഹത്തിന്റെ വൈയക്തികാനുഭവങ്ങളുടെ സമാഹാരമായ 'തിരിഞ്ഞുനോക്കുമ്പോള്‍' എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.
വയനാട്ടിലെ ഒരു പുഴയുടെ തീരത്തുള്ള കൊച്ചുവീട്ടിലാണ് ഞാന്‍ ജനിച്ചത്- ഒരു കള്ളക്കര്‍ക്കടക മാസത്തില്‍. ആ ദിവസത്തെക്കുറിച്ച് എന്റെ അമ്മ പേര്‍ത്തും പേര്‍ത്തും ഓര്മിക്കാറും പറയാറുമുണ്ടായിരുന്നു. കോരിച്ചൊരിയുന്ന പേമാരി, മൂപ്പെത്താതെ പിറന്ന കുഞ്ഞ്. അന്ന് വയനാട്ടില്‍ ആശുപത്രികളൊന്നുമുണ്ടായിരുന്നില്ല. വീട്ടില്‍ വെച്ചുതന്നെയാണ് പ്രസവം നടന്നിരുന്നത്. സമ്പന്നമായ തറവാടുകളില്‍ , പ്രസവിക്കാന്‍ വേണ്ടി മാത്രം പ്രത്യേകവീടുകളുണ്ടായിരുന്നു. സൂതികാഗൃഹം. കര്‍ണാടകത്തില്‍ അതിന് ഗുഡുമനയെന്നാണ് പറയാറ്. അത്തരമൊരു സൂതികാഗൃഹത്തിലാണ് ഞാന്‍ ജനിച്ചുവീണതും എനിതാണെന്നറിയാതെ കരഞ്ഞതും.നിര്‍ത്താതെയുള്ള കരച്ചില് കേട്ടപാടേ, ഉത്കണ്ഠയോടെ പുറത്തുകാത്തിരിക്കുന്ന അച്ഛന് വിളിച്ചുചോദിച്ചുവത്രേ: എന്തുകുട്ടിയാണ്? അടക്കിപ്പിടിച്ച സ്വരത്തില്‍ അകത്തുനിന്നുള്ള മറുപടി: 'ആണ്‍കുട്ടി'. വീതി കൂടിയ നാക്കില വാട്ടിവിരിച്ച് ആവണക്കെണ്ണ പുരട്ടി അതില്‍ കിടത്തി. ആ ഇന്‍ക്യുബേറ്ററിലാണ് എനിക്ക് ക്രമേണ മൂപ്പെത്തിയത്. ഗ്രഹണി പിടിച്ച കുട്ടിയായിട്ടാണ് വളര്‍ന്നത്.
എന്റെ അച്ഛന് ഒഴിവു കിട്ടുമ്പോഴൊക്കം ധാരാളം പുസ്തകങ്ങള്‍ വായിച്ചിരുന്ന ഒരാളായിരുന്നു. പുസ്തകപാരായണത്തില്‍ ഏര്‍പ്പെട്ടാല്‍ ചുറ്റിലും നടക്കുന്നതിലൊന്നും ശ്രദ്ധ പതിപ്പിക്കാത്ത പ്രകൃതം. അതുകൊണ്ട് പിതാവ് എന്ന നിലയില്‍ ഒരു ശിശുവിനോട് നിര്‍വഹിക്കേണ്ട പ്രാഥമിക കര്‍ത്തവ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുനിന്നു. അനുഷ്ഠാനങ്ങളെക്കുറിച്ചൊന്നും അച്ഛന് ചിന്തിച്ചിരുന്നില്ലത്രേ.
ദേഹമാസകലം മീനെണ്ണ പുരട്ടി എന്നെ വീടിനുചുറ്റും പലവട്ടം ഓടിക്കാന്‍ ഏതോ ലാടവൈദ്യന് ഉപദേശിച്ചുപോലും!എന്നെ ഓടിച്ചിട്ട് കളിപ്പിച്ചിരുന്നത് ഇളയച്ചന്‍ ജിനചന്ദ്രനായിരുന്നു. ഇതൊക്കെ എന്റെ കുഞ്ഞുനാളുകളെക്കുറിച്ചുള്ള ഓര്‍മകളാണ്. ഞാന്‍ ഈയിടെ എന്റെ വേരുകള്‍ തേടി പിറന്നുവീണ പഴയ 'ഗുഡുമന'യിലെത്തി. ഞാന്‍ ജനിച്ച വീടിനു മുന്നില്‍ രണ്ടു വരിക്കപ്ലാവുകളുണ്ടായിരുന്നു. അവ നിറയെ കായ്ക്കുമായിരുന്നു. അവയിലൊന്ന് വെട്ടിമാറ്റപ്പെട്ടിരുന്നു. മറ്റൊന്ന് ശിഖരങ്ങള്‍ ഉണങ്ങി കരിഞ്ഞുനില്പാണ്. പഴയ ചിത്രങ്ങള്‍ പലതും മാഞ്ഞുപോയിരിക്കുന്നു. പുതിയവ ചിലതു സ്ഥാനംപിടിക്കുകയും ചെയ്തിട്ടുണ്ട്. അവിടെ തനിച്ചു കുറേ നേരമിരുന്നു. ഞാനറിയാതെ കണ്ണുകള്‍ നിറഞ്ഞു. ഞാന്‍ ഒരു കാലത്ത് കണ്ടിരുന്ന ഭൂവിഭാഗം വൃക്ഷങ്ങളും സസ്യജാലങ്ങളും ജീവികളും ഒക്കെ മാഞ്ഞുപോവുകയായിരുന്നു...
വന്‍വൃക്ഷങ്ങളുടെ ശാഖകള്‍ പലതും കാലപ്പഴക്കത്താല്‍ പൊട്ടിയടരും. ചില്ലകളിലെ പഴുത്ത ഇലകള്‍ കൊഴിഞ്ഞുവീഴും. വന്മരങ്ങളുടെ വേരുകള്‍ പൂതലിക്കാതിരുന്നാല് വീണ്ടും അവയില്‍ ശിഖരങ്ങള്‍ കിളുര്ത്തെന്നുവരാം. ഇലകള്‍ വിരിയാം; പുഷ്പിക്കാം; കായ്ക്കാം. അതുപോലെ ഞാനെന്ന ഈ ചെറുവൃക്ഷത്തിന്റെ വേരുകള്‍ ബലവത്താണെങ്കില് കുറെക്കാലംകൂടി നിലനിന്നുവെന്നുവരാം. കിളുര്ക്കുകയും പൊഴിയുകയും വീണ്ടും പുഷ്പിക്കുകയും ചെയ്യുന്ന ഈ പ്രതിഭാസം മനുഷ്യജീവിതത്തിനും ബാധകമാണെന്നു പറയാം.
എന്റെ വീടിനെ കേന്ദ്രീകരിച്ച് എത്രയെത്ര കഥാപാത്രങ്ങളാണ് നിരന്നുനില്ക്കുന്നത്. അവരെ ഓരോരുത്തരെയും അവരുടെ തനിമയില്‍ത്തന്നെ അവതരിപ്പിക്കണമെന്നുണ്ട്. എന്റെ വലിയ മോഹമാണത്. അതിനൊക്കെ സമയമെവിടെ? തിരക്കുപിടിച്ച ഈ ജീവിതത്തിനിടയില്‍ പിന്തിരിഞ്ഞു നോക്കാന്‍ നാളിതുവരെ ഇടകിട്ടിയിട്ടില്ല. ഇപ്പോഴൊരു സന്ദര്‍ഭം കൈവന്നിരിക്കുകയാണ്. അറുപതുകളിലെത്തിനില്ക്കുന്ന സന്ദര്‍ഭത്തില്‍ തിരിഞ്ഞുനോക്കണമത്രേ! തിരിഞ്ഞുനോക്കുന്ന ഘട്ടത്തില്‍ മനസ്സിലവശേഷിക്കുന്ന ചില കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ഏറെ വിസ്തരിക്കുന്നില്ല. സൂചനകള്‍ നല്‍കുന്നുവെന്നുമാത്രം. തടിയന് ഗോവിന്ദന് നായര്‍, എസ്റ്റേറ്റിലെ കാര്യസ്ഥനായിരുന്ന ചെകിടന് കൃഷ്ണന് നായര്‍, തലയാട്ടി നാരായണന് നായര്‍, കുറുക്കന് ഗോവിന്ദന് നായര്‍... ഓരോരുത്തരും വൈവിധ്യമുള്ള കഥാപാത്രങ്ങള്‍തന്നെ.
സ്വന്തം ഭാര്യയിലൂടെ ദൈവം തന്നോടെന്തോ ഉപദേശിക്കുന്നുണ്ടെന്നു പൂര്‍ണമായും വിശ്വസിച്ച്, നര്‍മരസം പൊഴിയുന്ന കഥകളിലൂടെ ആരാലും ഒതുക്കാന്‍ സാധിക്കാത്ത എന്റെ അച്ഛനെ വശീകരിച്ച് കാര്യങ്ങള്‍ സാധിച്ചെടുക്കുന്ന ഡ്രൈവര്‍ ഗോവിന്ദന് നായര്‍... ആരുടെ പേരിലെങ്കിലും ദിവസംപ്രതി ഒരു വ്യവഹാരമെങ്കിലും കൊടുത്തില്ലെങ്കില്‍ ഉറക്കം വരാത്ത, കോടതികള്‍ കയറിയിറങ്ങുന്ന ഗോപാലമേനോന്‍... പ്രഭാതംമുതല്‍ പ്രദോഷംവരെ വിറകു വെട്ടി തളര്‍ന്ന്, അതികഠിനമായ വിശപ്പോടെ, അച്ഛന്റെ അരികില്‍ വന്നു നിന്ന് അദ്ദേഹത്തിന്റെ മുഖത്തു നോക്കി 'നിങ്ങള്‍ക്ക് ഭ്രാന്താണെന്നു' വിളിച്ചുകൂവുന്ന, സമനില തെറ്റിയ ബൊമ്മന്...
'അപ്പച്ചീ, നെങ്ങക്ക് പുത്തിയില്ല. പിരാന്താണ്, തനി പിരാന്ത്.' അച്ഛനിരിക്കുന്ന പൂമുഖത്ത് അതിഥികള്‍ വന്നിരിപ്പുണ്ടെന്ന ചിന്തയൊന്നുമില്ലാതെ, അച്ഛനെ മാത്രം ആശ്രയിച്ച് അഹോരാത്രം വിറകുവെട്ടി കഴിയുന്ന, വായില്‍ തോന്നുന്നതു മുഴുവനും ഉറക്കെ വിളിച്ചുകൂവി ആത്മസംതൃപ്തിയോടെ തിരിച്ചുപോകുന്ന ബൊമ്മന്റെ ചിത്രം ഇനിയും മനസ്സില്‍നിന്നും മാഞ്ഞുപോയിട്ടില്ല.
വാഹനങ്ങള്‍ ഒട്ടുമില്ലാതിരുന്ന കാലത്ത്, എസ്റ്റേറ്റുകളില്‍ ആഴ്ചതോറും ചെലവിനുള്ള പണം ബ്രാഞ്ചാപ്പീസിലേക്ക് കൃത്യമായി എത്തിച്ചുകൊടുക്കാന്‍ മൈലുകളോളം കാല്‍നടയായി നടന്ന്, കൃത്യനിഷ്ഠയില് റെക്കോഡ് ഭേദിച്ച വണ്ടിമാധവനും ഒരവിസ്മരണീയനായ കഥാപാത്രമാണ്.
ഞാന്‍ ലോവര്‍ പ്രൈമറി ക്ലാസില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് അമ്മാമന്റെ വീട്ടിലായിരുന്നു താമസം. പാറാവുകാരനായ കുഞ്ഞിരാമന് ചെട്ടി, കാവലിനിരിക്കുമ്പോള് തോക്കും പിടിച്ച് ഉറങ്ങുന്ന സ്വഭാവക്കാരനായിരുന്നു. കുഞ്ഞിരാമന് ചെട്ടിയുടെ കൂര്‍ക്കംവലി കേട്ടുതുടങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുന്ന യഥാര്‍ഥ ഗൃഹനാഥനും ഭൂവുടമയുമായ എന്റെ അമ്മാമന് പത്മരാജു ഗൗഡര്‍... തൊണ്ണൂറ്റിയഞ്ചു വയസ്സായിട്ടും ഒറ്റപ്പല്ലുപോലും പൊഴിഞ്ഞുവീഴാത്ത കൊലുംബന്‍... സ്കൂളിലേക്കു പഠിക്കാന്‍ കൊണ്ടുപോവുകയാണെന്നറിഞ്ഞാല് അലമുറയിട്ടു കരയുന്ന ഇരട്ടകളായ മാരനും മാതനും... അവര്‍ക്ക് പുസ്തകത്തെക്കാളേറെ ഇഷ്ടം കന്നുകാലികളോടായിരുന്നു. പുസ്തകം കണ്ടാല്‍ പേടിച്ചോടുന്ന മാരന്. അങ്ങനെ ആ ഇരട്ടസഹോദരന്മാര് 'കാലി-മാത-മാര'ന്മാരായറിയപ്പെട്ടു. 'വിദ്യാവിഹീനം, പശു' എന്ന പൊരുളൊന്നും അവര്‍ക്കറിയില്ലായിരുന്നു.
ശരീരത്തിനു സുഖമില്ലെന്ന് ആരു ചെന്ന് ആപ്പീസിലറിയിച്ചാലും രോഗമെന്തെന്ന് ഒരു നിമിഷംപോലും ആലോചിക്കാതെ 'ക്വയനാവ്' കലക്കി കൊടുത്തിരുന്ന റൈറ്റര്‍ അച്യുതന്... ഇവരൊക്കെ കഥാവശേഷരായി. എങ്കിലും അവരുടെ ചെയ്തികള്‍ ചിരിയും കരച്ചിലും ഓര്‍മകളുമായി ഇന്നും എന്നില്‍ അവശേഷിക്കുന്നു. കോമരം കൃഷ്ണന് നായര്‍ മറ്റൊരവിസ്മരണീയ കഥാപാത്രമാണ്. മിലിറ്ററി നാരായണന് നായര്‍ വയനാടിന്റെ ഇതിഹാസകഥാപാത്രമായിരുന്നു ഒരുകാലത്ത്. അവരെക്കുറിച്ചുള്ള വിശദീകരണത്തിനൊന്നും തത്കാലം മുതിരുന്നില്ല. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍!
വിശ്വസാഹിത്യത്തിലെ തിളങ്ങുന്ന മഹാപ്രതിഭകളില്‍ പലരും രചനകള്‍ക്ക് കഥാപാത്രങ്ങളെ കണ്ടെത്തിയിരുന്നത് സ്വന്തം ഗ്രാമങ്ങളില്നിന്നായിരുന്നുവെന്ന് വായിച്ചു മനസ്സിലാക്കിയിട്ടുണ്ട്. ഞാന്‍ പലപ്പോഴും എന്നിലെ എന്നെ കണ്ടെത്തുന്നത് പാരീസിലും ന്യൂയോര്‍ക്കിലും വിയന്നയിലും ലണ്ടനിലും ഓസ്ലോവിലുംവെച്ചല്ല. മഹാനഗരങ്ങളില്‍ കാണുന്ന കഥാപാത്രങ്ങളെക്കാള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ജീവിച്ചുമരിക്കുന്നവരെയാണ് എനിക്കേറെ ഇഷ്ടം. അതുകൊണ്ട് മഹാനഗരങ്ങളില്‍ യഥാര്‍ഥ മനുഷ്യരില്ല എന്നര്‍ഥമാക്കേണ്ടതില്ല. ഞാന്‍ സന്ദര്‍ശിച്ച രാജ്യങ്ങളില്‍ ആകസ്മികമായി കണ്ടുമുട്ടിയവരില്‍ ചിലര്‍ എന്നില്‍ മരിക്കാത്ത ഓര്‍മകളായി അവശേഷിക്കുന്നത്, ഞാന്‍ നാട്ടില്‍ കണ്ടെത്തിയ ചില കഥാപാത്രങ്ങളെയും വ്യക്തികളെയും മറന്നുപോകാത്തതുകൊണ്ടായിരിക്കണം.
കൂട്ടുകുടുംബവ്യവസ്ഥിതി തകര്‍ന്ന പശ്ചാത്തലത്തില്‍ ദാരിദ്ര്യദുഃഖം അനുഭവിക്കേണ്ടിവന്ന പല എഴുത്തുകാരുടെയും കൃതികള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ബഷീറിന്റെ പാത്തുമ്മയുടെ ആട്, കേശവദേവിന്റെ അയല്‍ക്കാര്‍, എം.ടിയുടെ നാലുകെട്ട്, പുതൂരിന്റെ ആട്ടുകട്ടില്‍ തുടങ്ങിയവ അതില്‍ ചിലതുമാത്രം.
തകര്‍ന്ന തറവാടുകളുടെ ദുരന്തകഥകളാണ് സാഹിത്യത്തിലെ ഉപലബ്ധികളായി നമുക്കധികവും ലഭിച്ചിട്ടുള്ളത്. എന്നാല്‍, ധാരാളം സമ്പത്ത് കൈയാളിയവരുടെ തറവാടുകളില്‍ നടക്കുന്ന അന്തഃസംഘര്ഷത്തിന്റെയും ദുഃഖത്തിന്റെയും കഥകള്‍ നമുക്കധികം ലഭിച്ചിട്ടില്ല. സമ്പത്തുള്ളതുകൊണ്ടുമാത്രം ആളുകള്‍ സന്തുഷ്ടരാവില്ല എന്നുള്ളതിന് എത്രയോ ഉദാഹരണങ്ങള്‍ എന്റെ കുടുംബത്തില്‍നിന്നുതന്നെ ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഭൂപ്രഭുക്കന്മാരായ കോടീശ്വരന്മാരുടെ അന്തഃപുരങ്ങളിലെയും മണിമാളികകളിലെയും ദുരന്തങ്ങളും ദുഃഖങ്ങളും വരച്ചുകാട്ടുന്ന ഒരു നോവലെഴുതിയാല്‍ കൊള്ളാമെന്ന് പലപ്പോഴും തോന്നാറുണ്ട്. എന്നാല്‍, എന്തുകൊണ്ടോ അതിന് ഇതുവരെ സാധിച്ചിട്ടില്ല. സമ്പന്നതയുടെ മടിത്തട്ടില്‍ ജീവിക്കുന്നവരില്‍ പലരുടെയും അന്തഃപുരമതിലുകള്ക്കുള്ളിലെ ജീവിതം എങ്ങനെയുള്ളതാണെന്ന് പലര്‍ക്കും അറിഞ്ഞുകൂടാ.
ശകുന്തളയും അശോക്കുമാറും ഇന്നെവിടെ?
എനിക്കന്ന് പ്രായം പത്തു വയസ്സ് കവിയില്ല. ചിക്മംഗ്ലൂരില് ടോപ്പിവാല പത്മരാജയ്യയുടെ വീട്ടില്‍ താമസിച്ചു പഠിക്കുന്ന കാലം. തൊപ്പിയുണ്ടാക്കുന്ന പരിപാടി അദ്ദേഹത്തിനുണ്ടായിരുന്നതിനാലാണ് 'ടോപ്പിവാല' എന്ന വിശേഷണം കിട്ടിയത്. പത്മരാജയ്യയുടെ ഭാര്യയ്ക്ക് ഞങ്ങള്‍ മൂന്നു മക്കളായിരുന്നു. എന്നോടൊപ്പം സ്കൂളില്‍ വന്നിരുന്ന അശോക് കുമാറും അല്പം കുറുമ്പിയായ ശകുന്തളയും പിന്നെ ഈ സാക്ഷാല്‍ ഞാനും. രണ്ടാംലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട കാലം. യുദ്ധം, ബോംബിങ് എന്നിങ്ങനെ എന്തെല്ലാമോ പുതിയ വാക്കുകള്‍ റോഡുവക്കില്നിന്നും മറ്റുമായി ചെവിയിലെത്തി. പിന്നീടാണ് ഇവയുടെ അര്‍ഥവ്യാപ്തി വ്യക്തമായത്. 1944 ആയപ്പോള്‍ എന്നെ പത്മരാജയ്യയുടെ ഗൃഹത്തില്നിന്നും വയനാട്ടിലെ സ്വന്തം വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നു.
സ്നേഹിക്കാന്‍ മാത്രം അറിയുന്ന ആ കുടുംബത്തെ ഇന്നും ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഒരിക്കല്‍, എയറോനോട്ടിക് എഞ്ചിനീയറായ അശോക് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നുണ്ടെന്നറിഞ്ഞ് അവിടമെല്ലാം അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. ഞാന്‍ അവരെക്കുറിച്ചുള്ള അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുന്നു...
ബാല്യത്തില്‍ എന്റെ എല്ലാമെല്ലാം ഇളയച്ഛനായിരുന്നു. അച്ഛന് ഒന്നും ശ്രദ്ധിക്കുമായിരുന്നില്ല. അവര്‍ തമ്മില്‍ ശത്രുതയിലായിരിക്കുമ്പോള്പ്പോലും ഞാന്‍ ഒളിച്ച് ഇളയച്ഛനെ കാണാന്‍ പോകുമായിരുന്നു. ഒരിക്കല്‍ എനിക്ക് ഗ്രഹണി പിടിച്ചു. രോഗം കാരണം ഞാന്‍ വളരെ വിഷമിച്ചു. മീനെണ്ണ പുരട്ടി ഓടിക്കണമെന്നായിരുന്നു വൈദ്യന്റെ കല്പന. എന്റെ ചികിത്സയും മറ്റും ഏറ്റെടുത്ത് നടത്തിയിരുന്നത് ഇളയച്ഛനായിരുന്നു.
ആദ്യമായി ഞാന്‍ ചുരമിറങ്ങി കോഴിക്കോട്ടെത്തിയത് ഇളയച്ഛനൊന്നിച്ചാണ്. അക്കാലത്ത് വയനാട്ടില്‍നിന്നും കോഴിക്കോട്ടേക്ക് പോവുക എന്നൊക്കെ പറഞ്ഞാല്‍ വലിയ സംഭവംതന്നെയായിരുന്നു. എല്ലാവര്ക്കും ആ സൗഭാഗ്യം ലഭിക്കില്ല. അന്നത്തെ ബസ്സുകള്‍ക്ക് കല്‍ക്കരി എഞ്ചിനുകളായിരുന്നു. ചുരം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ ബസ് സൈഡാക്കി നിര്‍ത്തി. പിന്നെ കല്‍ക്കരിയും വെള്ളവും നിറച്ച ശേഷമാണ് വണ്ടി കോഴിക്കോട്ടേക്കുള്ള യാത്ര തുടര്‍ന്നിരുന്നത്. ഈ ജോലികള്‍ക്ക് കുറച്ചുനേരം എടുക്കും. അക്കാലത്ത് ചുരം കയറുന്നതിനും ഇറങ്ങുന്നതിനും മുന്‍പ് ബസ്സിങ്ങനെ നിര്‍ത്തിയിടുക പതിവായിരുന്നു. പിന്നെ ചുമച്ചും കിതച്ചുമുള്ള സാഹസികയാത്രയാണ്. വെള്ളം തിളച്ച് ബോണറ്റില്‍നിന്ന് ആവി വരുമ്പോള്‍ ഡ്രൈവര്‍ ബസ് നിര്‍ത്തും. അടുത്ത കിണറ്റില്‍നിന്ന് വെള്ളം കോരിയെടുത്തു കൊണ്ടുവന്ന് എഞ്ചിന് തണുപ്പിച്ചശേഷമേ വീണ്ടും യാത്ര തുടരൂ. എല്ലാവര്ക്കും ബസ് ഡ്രൈവറോട് വലിയ ആദരവായിരുന്നു.
കോഴിക്കോട്ട് എന്നെ ഏറ്റവും ആകര്‍ഷിച്ചത് കടലും 'റോയല്‍ ജഡ്ക്കാവണ്ടി'യുമൊക്കെയാണ്. എന്താ ഈ പുഴയുടെ കര കാണാത്തതെന്ന് കടല്‍ കണ്ടപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടു. വയനാടന്കുന്നുകള്പോലെ അട്ടിയട്ടിയായി തിരമാലകള്‍. ഒന്നിനു പിറകെ മറ്റൊന്നായി അവ തീരത്തെ വാരിപ്പുണരുന്നത് വര്‍ധിച്ച കൗതുകത്തോടും അദ്ഭുതത്തോടുംകൂടി ഞാന്‍ നോക്കിനിന്നു. എനിക്ക് ഈ കാഴ്ച എത്ര കണ്ടാലും മതിവരില്ലായിരുന്നു. കടല്‍ത്തീരത്ത് കാറ്റുകൊള്ളാന്‍ ധാരാളംപേരുണ്ടായിരുന്നു. മിഠായിയും കടലയും വില്‍ക്കുന്ന കുട്ടികളും അവിടെ സാധാരണ കാഴ്ചയായിരുന്നു.
ചാലപ്പുറത്തെ വക്കീല്‍മാരും സമ്പന്നന്മാരും പ്രമാണിമാരുമായ അപൂര്‍വം ചിലര്‍ മാത്രമേ ഭംഗിയുള്ള റോയല്‍ ജഡ്ക്കാവണ്ടിയില് സവാരി നടത്തുമായിരുന്നുള്ളൂ. വയനാട്ടില്‍ അധികവും കാളവണ്ടികളായിരുന്നു. വലിയ ഗമയിലാണ് കോഴിക്കോട്ടുനിന്നും ഞാന്‍ തിരിച്ചെത്തുക. ക്ലാസിലെ കുട്ടികള്‍ അടക്കി സംസാരിക്കുന്നത് അല്പം ഗര്വോടെത്തന്നെ കേള്‍ക്കുമായിരുന്നു. 'വീരന് കോഴിക്കോട്ട് പോയത്രേ!' അവരെ സംബന്ധിച്ചിടത്തോളം കോഴിക്കോട് ലോകത്തിന്റെ അറ്റവും, കടലും ജഡ്ക്കവണ്ടിയുമെല്ലാം അദ്ഭുതത്തിന്റെ ഉറവകളുമായിരുന്നു.
കടല്‍പോലെത്തന്നെ എന്നെ അദ്ഭുതപ്പെടുത്തിയ ഒരു കാഴ്ചയായിരുന്നു അന്നത്തെ തീവണ്ടി. വണ്ടിയുടെ ചൂളംവിളി കേട്ടാല്‍ ഞാന്‍ റെയിലിന്റെ ഒരരുകില്‍ പമ്മിനിന്ന് ഓരോ ബോഗിയും കുടുകുടൂന്ന് ഓടിപ്പോകുന്നത് കണ്ണിമയ്ക്കാതെ നോക്കിനില്‍ക്കുമായിരുന്നു. തീവണ്ടിയുടെ രൂപവും ഭാവവും അദ്ഭുതത്തോടെയും അല്പം ഭയത്തോടെയുമാണ് ഞാന്‍ കണ്ടിരുന്നത്. കൂറ്റന്‍ ഇരുമ്പുചക്രങ്ങള്‍ പാളത്തിലുരസി തീ പാറുമ്പോള്‍ വണ്ടിക്ക് തീപിടിക്കുമോ എന്നു ഞാന്‍ ആശങ്കപ്പെട്ടിരുന്നു. തീയെങ്ങാനും പിടിച്ചാല്‍ അതിനകത്തെ ആളുകളെ ഓര്‍ത്ത് ഞാന്‍ നടുങ്ങുകയും ചെയ്തിരുന്നു. വണ്ടിക്ക് തീപിടിക്കരുതേ എന്ന് പ്രാര്‍ഥിച്ചുപോകും അതിന്റെ പരാക്രമം കണ്ടാല്‍. തീവണ്ടിയെഞ്ചിനകത്ത് ഡ്രൈവറും സഹായിയും ശരിക്കും മല്ലിടുകയാണ്. ഫയര്മാന് വലിയ കോരികകൊണ്ട് കല്‍ക്കരിയെടുത്ത് എഞ്ചിനകത്ത് ആളിക്കത്തുന്ന തീയിലേക്കിടുന്നത് എന്നെ ഭയപ്പെടുത്തിയ കാഴ്ചയായിരുന്നു.
ഡ്രൈവര്‍ക്കും സഹായിക്കുമെല്ലാം കാരിരുമ്പിന്റെ നിറമാണ്. എപ്പോഴും തീയിന്റെയടുത്താണല്ലോ അവരുടെ ജോലി. ഇന്നത്തെപ്പോലെ വിശ്രമിക്കാന്‍ പറ്റില്ല. എപ്പോഴും കഠിനമായ പണിയാണ്. ചുവന്ന തീവെളിച്ചത്തില്‍ അവര്‍ വിയര്‍ത്തൊലിച്ചു നിന്ന് കഠിനാധ്വാനം ചെയ്യുന്നതു കാണുമ്പോള്‍ സങ്കടം തോന്നുമായിരുന്നു. ഇവര്‍ക്ക് വേറെ ജോലിയൊന്നും കിട്ടുമായിരുന്നില്ലേ എന്ന് ഞാന്‍ ചിന്തിക്കുമായിരുന്നു. അവര്‍ വേറെ ജോലിക്കു പോയാല്‍ വണ്ടി ഓടിക്കാന്‍ ആരാണുണ്ടാവുക എന്ന് സമാധാനപ്പെടുകയും ചെയ്തുപോന്നു. വണ്ടി ഓടുമ്പോള്‍ ആ ഓട്ടത്തിന് ഒരു മനോഹരമായ താളമുണ്ട്. അസുരവാദ്യഘോഷത്തിന്റെ അകമ്പടിയോടെയുള്ള പരുക്കന്ശബ്ദത്തിലുള്ള പാട്ട് ഞാന്‍ ശ്രദ്ധിച്ചു. 'ചക്കക്കണ്ടം വെട്ടിത്തിന്ന്... ചക്കക്കണ്ടം വെട്ടിത്തിന്ന്...' എന്ന് ചക്രങ്ങള്‍ ആര്ത്തുപാടുകയാണെന്ന് ചിലര്‍ പറഞ്ഞുതന്നു. വണ്ടിയുടെ ഓട്ടത്തിനൊപ്പം ഞാന്‍ ആ വരികള്‍ പാടിയപ്പോള്‍ അത് വണ്ടിയും ഞാനും കൂടി പാടുന്ന ഒരു യുഗ്മഗാനമായി.
എന്റെ ചങ്ങാതിമാര്‍ എന്നോട് കോഴിക്കോട്ടെ വിശേഷങ്ങള്‍ ചോദിക്കും. ഇളയച്ഛന് കാണിച്ചുതന്ന കോഴിക്കോടന്കാഴ്ചകള് ഞാന്‍ അവര്‍ക്ക് വിസ്തരിച്ചു പറഞ്ഞുകൊടുക്കും. തിരക്കേറിയ അങ്ങാടികളും റോഡുകളും വഴിവാണിഭങ്ങളുമൊക്കെ പൊടിപ്പും തൊങ്ങലും വെച്ച് ഞാന്‍ വിവരിക്കുന്നത് അവര്‍ എത്ര കൗതുകത്തോടെയാണ് കേട്ടുകൊണ്ടിരുന്നത്! അവരെയൊക്കെ കൂട്ടി കോഴിക്കോട്ടു പോകാന്‍ കഴിഞ്ഞാല്‍ എത്ര നന്നായിരുന്നു എന്ന് ഓര്‍ക്കുമായിരുന്നു. ഞങ്ങളെല്ലാവരും കടപ്പുറത്തു പോകുന്നതും ബീച്ചില്‍ ഓടിക്കളിക്കുന്നതും തിരകളെണ്ണുന്നതുമൊക്കെ ഞാന്‍ ഭാവനയില്‍ കണ്ടു. എന്റെ ഇളയച്ഛനെപ്പോലെ ഒരു ഇളയച്ഛന് അവര്ക്കില്ലാത്തതുകൊണ്ടാണല്ലോ അവര്‍ക്ക് കോഴിക്കോട്ടേക്ക് പോകാന്‍ കഴിയാത്തത് എന്ന ചിന്തയും എന്നെ വേദനിപ്പിച്ചു. കുട്ടിക്കാലത്തെ നിഷ്കളങ്കമായ സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ ഓര്‍ക്കുമ്പോള്‍ എന്തെല്ലാമാണ് കാലം എന്നില്‍നിന്ന് തട്ടിപ്പറിച്ചെടുത്തതെന്ന ദുഃഖം തോന്നുന്നു. നിഷ്കളങ്കമായ ബാല്യം.
പണ്ട് ഞങ്ങള്‍ വയനാട്ടുകാരെ സംബന്ധിച്ചിടത്തോളം വാച്ചുകള്ക്കൊന്നും വലിയ പ്രസക്തിയുണ്ടായിരുന്നില്ല. സന്ധ്യയാവാന്‍ തുടങ്ങിയാല്‍ എല്ലായിടവും ചീവീടുകളുടെ ശബ്ദത്തില്‍ മുങ്ങും. ആ ശബ്ദം കേട്ടാണ് അന്നൊക്കെ ഒട്ടുമിക്ക വീടുകളിലും സന്ധ്യാദീപം കൊളുത്തുക. ചീവീടുകളുടെ കരച്ചിലിനുമുണ്ട് വല്ലാത്തൊരു താളവും മേളവും. നിര്‍ത്താതെയുള്ള കരച്ചിലാണ് അവയുടേത്. ശബ്ദങ്ങള്‍ വേര്‍തിരിക്കാനാവാത്തവിധം അത്രമേല്‍ അവ ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. ഇരുട്ട് വീടിന്റെ പരിസരത്തെ മുഴുവന്‍ വിഴുങ്ങിക്കഴിയുന്നതോടെ ചീവീടുകളുടെ പാട്ടിനും ശക്തി കൂടുകയായി. അല്പം പേടിയോടും ഏറെ കൗതുകത്തോടുംകൂടിയാണ് ജനലിലൂടെ പുറത്തേക്കു നോക്കുക. അവിടെയുമിവിടെയും മിന്നാമിനുങ്ങുകള്‍ പ്രകാശിക്കുന്നത് കാണാം. അപ്പോള്‍ ഞങ്ങള്‍ ആകാശത്തിലെ നക്ഷത്രങ്ങളെ ഓര്‍ക്കും. എന്തൊക്കെ അദ്ഭുതങ്ങളാണ് വയനാട്ടിലെന്ന് അന്തംവിടും. എല്ലാറ്റിനും ഒരു താളവും സംഗീതവുമുണ്ടെന്ന് കുട്ടിക്കാലത്തുതന്നെ തോന്നിയിരുന്നു. മിഥുനം-കര്‍ക്കിടകത്തില്‍ ആര്‍ത്തുപെയ്യുന്ന പേമാരിക്കുപോലുമുണ്ട് സംഗീതം. ആഞ്ഞുവീശുന്ന കാറ്റിനുമുണ്ട് ഒരു താളം. ബാല്യകുതൂഹലങ്ങളുടെ ആ തിരിച്ചറിവ് ഇന്ന് കുറെക്കൂടി ഗാഢമായിട്ടുണ്ട്.
ഞങ്ങളുടെ 'വിജയമന്ദിരം' വീട്ടില്‍ (കല്‍പ്പറ്റയ്ക്കടുത്ത്) പിന്പുറത്ത് പുഴയായിരുന്നു. പുഴയിലേക്ക് ഒരു മാവ് ചാഞ്ഞുനിന്നിരുന്നു. അതിന്മേല് കയറി ഞങ്ങള്‍ പുഴയിലേക്ക് കൂപ്പുകുത്തുമായിരുന്നു. മഴക്കാലമായാല്‍ പുഴ നിറഞ്ഞുകവിഞ്ഞൊഴുകും. വയനാട്ടിലെ മിഥുനം-കര്‍ക്കിടകം ഒരു അനുഭവംതന്നെയായിരുന്നു. വെള്ളം കയറിയ പുഴയില്‍ വാഴത്തടികള്‍ കൂട്ടിക്കെട്ടി ഞങ്ങള്‍ തുഴഞ്ഞുരസിക്കും. 'പാണ്ടികെട്ടുക' എന്നാണ് ഞങ്ങള്‍ കുട്ടികള്‍ ഇതിനെ വിളിക്കുക. ഒരിക്കല്‍ ചിരിച്ചുല്ലസിച്ച് കലക്കവെള്ളത്തില്‍ ബാലന്സൊപ്പിക്കാന് തുനിയവേ അതാ വരുന്നു ഒരു നീര്‍ക്കോലി! എനിക്ക് നീര്‍ക്കോലിയെ ഭയങ്കര പേടിയായിരുന്നു. നീര്ക്കോലിയില്നിന്നു രക്ഷപ്പെടാന്‍ ഞാന്‍ വെള്ളത്തിലേക്ക് ചാടി. ഒരു പണിയന് കണ്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ വെള്ളം കുടിച്ച് മരിക്കുമായിരുന്നു. പാമ്പുവര്ഗത്തെ എനിക്കിന്നും ഭയമാണ്.
കുട്ടിക്കാലത്ത് ഷര്‍ട്ടിടുന്നത് എന്നെ കൊല്ലുന്നതിന് സമമായിരുന്നു. അമ്മ ഷര്ട്ടണിയിച്ചാല് ഞാന്‍ അതഴിച്ചിടുന്നുണ്ടോ എന്നു നോക്കാന്‍ നല്ല തടിയുള്ള ശങ്കരനെയും പൊതുവാളെയുമൊക്കെ ചട്ടംകെട്ടിയിരുന്നു. അവര്‍ കണ്വെട്ടത്തിലില്ലെന്നുറപ്പായാല് ഞാന്‍ ഷര്‍ട്ടൂരി ദൂരെക്കളയുമായിരുന്നു. പിന്നെ ഷര്ട്ടിടുവിക്കാനുള്ള കോലാഹലമാണ്. അതിനായി ശങ്കരനും പൊതുവാളും എന്റെ പിന്നാലെ ഓടും. തിരിഞ്ഞും വളഞ്ഞുമൊക്കെ ഓടിയാലും അവസാനം അവരുടെ കൈയില്പ്പെടുകതന്നെ ചെയ്യും. പിന്നെ അമ്മയുടെ മുന്നിലേക്ക് അവരെന്നെ കൊണ്ടുപോകും. എനിക്ക് വലിച്ചൂരിക്കളയാനായി അമ്മ വീണ്ടുമെന്നെ ഷര്‍ട്ട് ധരിപ്പിക്കും. ഒരു പരാജിതന്റെ ദയനീയഭാവത്തോടെ, എന്നാല്‍ ഉള്ളില്‍ കഠിനമായ അരിശത്തോടെ, ഞാന്‍ ശങ്കരനെയും പൊതുവാളെയും ഇടങ്കണ്ണിട്ടു നോക്കും. അവര്‍ ചിരിക്കുമ്പോള്‍ എന്റെ രോഷം വര്‍ധിക്കും.
ബാല്യകൗമാരകാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ജീവിതത്തിലെ ആ സുവര്‍ണകാലഘട്ടം ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലല്ലോ എന്ന വ്യഥ മാത്രം ബാക്കി. അന്നത്തെ കൗതുകങ്ങള്‍ക്കും സങ്കടങ്ങള്‍ക്കുമൊക്കെ മാരിവില്ലിന്റെ ഏഴഴകുമുണ്ടെന്ന് വ്യാകുലതയോടെ ഓര്‍ക്കുന്നു.
Content Highlights :Thirinjunokkumbol Memoir by MP Veerendrakumar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..