• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Books
More
Hero Hero
  • Buy Books
  • Book Reviews
  • News
  • Features
  • Excerpts
  • Interview
  • Memories
  • Fiction
  • Podcast
  • Kid's World
  • Bookman Show
  • Azhchapathippu
  • MBIFL

'ഇലകളില്ലാത്ത മരം'; ഒരു എഞ്ചിന്‍ ഡ്രൈവറുടെ ഓര്‍മകള്‍

Nov 27, 2020, 12:42 PM IST
A A A

ഒരു വലിയ ഗദകൊണ്ട് തച്ചുതകര്‍ത്താലെന്നപോലെ എന്‍ജിനും ഏഴെട്ടു ബോഗികളും തവിടുപൊടിയായി. ബോഗികള്‍ ഒന്നിനു മീതേ ഒന്നായി പാഞ്ഞുകയറി. ഒറ്റയടിക്ക് അറുപത്തിയേഴു പേരാണ് മരിച്ചത്. പലരും ഉറക്കത്തില്‍ത്തന്നെ പരലോകംപൂകി. ചിലര്‍ ബോഗിയില്‍നിന്ന് തെറിച്ചു പുറത്തുള്ള കുറ്റിക്കാട്ടില്‍ പോയിവീണു.

# സിയാഫ് അബ്ദുൽഖാദിർ
siyaf
X

തീവണ്ടിയാത്രകള്‍

'എന്താ സംഭവിച്ചത് പോളേട്ടാ?'; കൈയിലുണ്ടായിരുന്ന ടോര്‍ച്ചിന്റെ ഇത്തിരിവെട്ടത്തില്‍ ആരെയോ തോളില്‍ താങ്ങിവന്ന പോളേട്ടനോടു ഞാന്‍ ചോദിച്ചു. 'അതൊന്നും ഇപ്പോള്‍ പറയാന്‍ നേരമില്ല; നീ ഇയാളെ ഒന്നു പിടിച്ചേ.' നെറ്റിയില്‍നിന്ന് ഒഴുകിയിറങ്ങിയ ചോര തുടച്ചു പോളേട്ടന്‍ പറഞ്ഞു. പരിക്കേറ്റയാളെ താങ്ങിക്കൊണ്ടു നടക്കുക കഠിനമായിരുന്നു. സാമാന്യം നല്ല ഭാരമുണ്ടായിരുന്നു അയാള്‍ക്ക്. ആ ഭാരം മുഴുവന്‍ എനിക്ക് ഒറ്റയ്ക്കു താങ്ങേണ്ടിവന്നു. ട്രാക്കിനും മലയിടുക്കുകള്‍ക്കുമിടയില്‍ നടവഴിയൊന്നുമുണ്ടായിരുന്നില്ല. മഴക്കാലത്ത് വെള്ളമൊഴുകിപ്പോകാനുണ്ടാക്കിയ ചാലില്‍ക്കൂടി വേണം നടക്കാന്‍. പശിമയാര്‍ന്ന മണ്ണും വെള്ളവും കൂടിക്കുഴഞ്ഞ് ഓരോ ചുവടും ആയാസകരമാക്കി. ഏണും കോണുമില്ലാതെ വളര്‍ന്നുകയറിയ കാട്ടുപുല്ലുകള്‍ മുള്ളുകള്‍കൊണ്ടും മുരത്ത ഇലപ്പടര്‍പ്പുകള്‍കൊണ്ടും ഞങ്ങളെ ചെറുത്തു.

കൊടുങ്കാടിനും മലകള്‍ക്കുമിടയിലാണ് അമര്‍വാടി സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. തുരങ്കങ്ങള്‍ ആരംഭിക്കുന്നിടം. ഏതോ രാക്ഷസന്‍ കെട്ടിയ കോട്ടപോലെ നാലുപാടും മലയിടുക്കുകള്‍. ചുറ്റും ഇടതൂര്‍ന്ന മരങ്ങള്‍. അവയ്ക്കിടയിലേക്ക് എങ്ങുനിന്നെന്നറിയാതെ ഒഴുകിയെത്തുന്ന ഒരു പുഴയാണ് റെയില്‍വേ ട്രാക്ക് എന്നു തോന്നും. പുലിയും നരിയുമൊക്കെയാണ് ആ സ്റ്റേഷന്‍ ഓപ്പറേറ്റ് ചെയ്യുന്നതെന്ന് തമാശ പറയാറുണ്ട് ഞങ്ങള്‍. മലകളെ, കാടിനെ, അരുവികളെയൊക്കെ കൊതി തീരുവോളം കാണാന്‍ അമര്‍വാടിയില്‍ക്കൂടി യാത്ര ചെയ്താല്‍ മതി. കാട്, കാട്ടുചോലകള്‍, വീണ്ടും കാട്, അതു കഴിഞ്ഞും കാട്. മനുഷ്യവാസത്തിന്റെ ലക്ഷണമായി വല്ലപ്പോഴും ഒരുപാടു ദൂരെ മലകളെ ചുറ്റിക്കയറി പോകുന്ന ഒരു ബസ്, അല്ലെങ്കില്‍ ഒരു പൊതുകിണര്‍ അങ്ങനെയെന്തെങ്കിലുമൊക്കെ കണ്ടാലായി.

അമര്‍വാടി മുതല്‍ തലവടെ വരെ കുത്തനെ ഇറക്കമാണ്. അമര്‍വാടിയില്‍ നിര്‍ത്തിയിട്ട ഒരു ട്രെയിന്‍ നിയമാനുസൃതമുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും ചെയ്തില്ല എന്നു കരുതുക. ഏതെങ്കിലും കാരണവശാല്‍ ബ്രേക്ക് റിലീസായിപ്പോയാല്‍ മാത്രം പത്തിരുപത്തഞ്ചു കിലോമീറ്ററിനു ശേഷം തലവടെ കട്ടിങ് കഴിഞ്ഞോ മറ്റോ നില്ക്കൂ. എന്‍ജിന്‍ ആവശ്യമേയില്ല. വണ്ടി തന്നത്താനേ ഉരുണ്ടുപൊയ്ക്കൊള്ളും. അത്ര ചെങ്കുത്തായ ഇറക്കം. സാധാരണ മഴക്കാലം ഞങ്ങള്‍ക്കു പരീക്ഷണസമയമാണ്. എപ്പോഴും ഇടിഞ്ഞുവീഴുന്ന മലഞ്ചെരിവുകളും പാറക്കെട്ടുകളുമൊക്കെയായി ചില്ലറ പ്രയാസങ്ങളല്ല ഞങ്ങള്‍ക്കു നേരിടേണ്ടി വരാറ്. ട്രാക്ക് ഒലിച്ചുപോകലും സിഗ്നല്‍ തകരാറുകളും എന്നുവേണ്ട അപകടങ്ങളുടെ പെരുമഴക്കാലംതന്നെയാണത്. ആ സമയത്ത് യാത്രയ്ക്കൊരുങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് ആയിരം കണ്ണുകള്‍ കൂടിയേ തീരൂ.

അത് ഒരു വേനല്‍ക്കാലരാത്രിയായിരുന്നു. നല്ല ചൂടും നേര്‍ത്ത നിലാവുമുള്ള ഒരു രാവ്. എന്നിട്ടും പോളേട്ടന്റെ വണ്ടിക്കു മുന്നില്‍ ഭീമാകാരനായ ഒരു പാറക്കല്ല് വഴി മുടക്കി. അത് അടുത്തുള്ള മലഞ്ചെരിവില്‍നിന്ന് താഴേക്കുരുണ്ട് ട്രാക്കിന്റെ നടുക്കു വന്നുവീണു. വണ്ടി നൂറു കിലോമീറ്ററോളം സ്പീഡിലാണ് ഓടിക്കൊണ്ടിരുന്നത്. നിര്‍ത്തിയിട്ടും നില്ക്കാതെ വണ്ടി പാളം തെറ്റി അടുത്തുള്ള തുരങ്കത്തില്‍ മുഖം പൊത്തി. പിറകിലെ ബോഗികള്‍ അതിനു മീതേ ഒന്നൊന്നായി വന്നിടിച്ചുകയറി. അപകടസ്ഥലം ഒരു വലിയ വളവിനു ശേഷമായിരുന്നതിനാല്‍ പോളേട്ടനും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എമര്‍ജെന്‍സി ബ്രേക്ക് വലിച്ചു ലോക്കോയുടെ ഫ്ളോറില്‍ കമിഴ്ന്നുകിടക്കാന്‍ ശ്രമിച്ചുനോക്കി. അത്രതന്നെ. എന്നിട്ടും പോളേട്ടന് കാര്യമായ പരിക്കു പറ്റുകയും ചെയ്തു.

ഒരു വലിയ ഗദകൊണ്ട് തച്ചുതകര്‍ത്താലെന്നപോലെ എന്‍ജിനും ഏഴെട്ടു ബോഗികളും തവിടുപൊടിയായി. ബോഗികള്‍ ഒന്നിനു മീതേ ഒന്നായി പാഞ്ഞുകയറി. ഒറ്റയടിക്ക് അറുപത്തിയേഴു പേരാണ് മരിച്ചത്. പലരും ഉറക്കത്തില്‍ത്തന്നെ പരലോകംപൂകി. ചിലര്‍ ബോഗിയില്‍നിന്ന് തെറിച്ചു പുറത്തുള്ള കുറ്റിക്കാട്ടില്‍ പോയിവീണു. മൂന്നാലു ദിവസങ്ങള്‍ക്കു ശേഷമാണ് അവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതുപോലും.
ആ സ്ഥലത്തേക്കാണ് ഞങ്ങള്‍ റെസ്‌ക്യൂ ട്രെയിനുംകൊണ്ട് ചെന്നത്. ഞങ്ങള്‍ക്കു പിടിപ്പതു പണിയുണ്ടായിരുന്നു. വെളിച്ചമേതുമില്ല, വഴിയൊട്ടുമില്ല. അപകടത്തില്‍പ്പെട്ട ബോഗികള്‍ എടുത്തുമാറ്റി വെക്കാന്‍വേണ്ടിയെന്നല്ല, നടക്കാനോ നില്ക്കാനോ പോലും ഇടമില്ല. അപകടം നടന്നത് രണ്ടു തുരങ്കങ്ങള്‍ക്കിടയ്ക്കായതിനാല്‍, ബോഗികള്‍ക്കകത്തു കുടുങ്ങിയവരെ രക്ഷിക്കാനായി ക്രെയിന്‍ പോലെയുള്ള ഉപാധികള്‍ എത്തിക്കാന്‍ ഒരു നിര്‍വാഹവുമില്ല. എന്തെങ്കിലുമൊരു സഹായത്തിന് അടുത്ത് പത്തുപന്ത്രണ്ടു കിലോമീറ്റര്‍ ദൂരത്തെങ്ങും ആള്‍ത്താമസവുമില്ല.
അന്നാണ് ജീവിതത്തിലാദ്യമായി മരിച്ചവര്‍ മാത്രം യാത്ര ചെയ്യുന്ന ഒരു ട്രെയിന്‍ ഞാന്‍ ഓടിച്ചത്. മരിച്ചവര്‍ അവിടെ നിശ്ശബ്ദരായി കഴിഞ്ഞുകൂടി. ചായ കാപ്പി വിളികള്‍ ഇല്ല, മൊബൈലിലെ ഉറക്കെയുള്ള സംസാരങ്ങളില്ല, സഹയാത്രികരോട് പത്രം കടം വാങ്ങിച്ചു വായനയില്ല, പുകവലിയോ പൊട്ടിച്ചിരികളോ ഉറക്കംതൂങ്ങലോ ഇല്ല, നിശ്ശബ്ദതപോലും മരവിച്ച വെറും യാത്ര മാത്രം.

അമര്‍വാടിയിലെ സ്റ്റേഷന്‍മുറ്റം മൃതദേഹങ്ങളെക്കൊണ്ട് നിറഞ്ഞു. റെയില്‍വേയില്‍ വലിയ പദവിയുള്ള റീജിയണല്‍ മാനേജര്‍ നിസ്സാരന്മാരായ കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം കുന്തിച്ചിരുന്ന് അടിയന്തരകാര്യങ്ങള്‍ ചര്‍ച്ചചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുത്തു, മരുന്നുകളും സാധനങ്ങളും ഉപകരണങ്ങളും ചുമക്കാന്‍ കൂടി. അദ്ദേഹത്തിനു വേണമെങ്കില്‍ ഇരിക്കാന്‍ ഒരു കസേര കിട്ടുമായിരുന്നു. പക്ഷേ, അവിടെ അധികാരത്തിനും പദവിക്കുമല്ല പ്രസക്തി എന്നദ്ദേഹം കരുതിയിട്ടുണ്ടാകാം. ഓരോ ശവശരീരവും അയാളുടെ മുഖത്ത് ഒരു നടുക്കമായി പൊതിഞ്ഞു നമ്പര്‍ കുത്തുന്നത് ഞാന്‍ കണ്ടു. എന്റെ ദേഹവും ചോരപ്പശിമയാല്‍ ഒട്ടുന്നുണ്ടായിരുന്നു.

അത്ര നേരവും യാത്രക്കാരെ രക്ഷപ്പെടുത്താന്‍ ഓടിയ പോളേട്ടന്‍ അപ്പോഴേക്കും വീണുപോയിരുന്നു. പോളേട്ടന്റെ തലയ്ക്കു സാരമായ പരിക്കുപറ്റിയിരുന്നു. കുറച്ചു നാളത്തേക്ക് ഗന്ധങ്ങള്‍ അന്യമായിപ്പോകുംവിധം മൂക്കിന്റെ പാലം തകര്‍ന്നു. ഞങ്ങളുടെ ഡോക്ടര്‍മാരുടെ സംഘം പ്രാഥമികപരിശോധന കഴിഞ്ഞു പോളേട്ടനെ പൂനെയിലേക്കു റെഫര്‍ ചെയ്തു. നേരം ഇതിനിടയ്ക്കു പുലര്‍ന്നു നല്ല വെളിച്ചം വെച്ചിരുന്നു. യാത്രക്കാരെയെല്ലാവരെയും ഒഴിപ്പിച്ച ശേഷം ഞങ്ങള്‍ വീണ്ടും ട്രാക്ക് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിലേര്‍പ്പെട്ടു. അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടം. ഒരുപാടു സമയമെടുക്കും. ആരോ അപകടസ്ഥലത്തെത്തിച്ച ബ്രെഡ്ഡും ഓംലെറ്റും കഴിച്ചു ഞങ്ങള്‍ വീണ്ടും യുദ്ധത്തിനിറങ്ങി.

ഏതാണ്ടെല്ലാ യാത്രക്കാരെയും ഒഴിപ്പിച്ചുകഴിഞ്ഞപ്പോള്‍ കുറച്ചു നേരത്തേക്ക് ഞങ്ങള്‍ക്ക് ഇടവേള കിട്ടി. അപകടസ്ഥലത്തുനിന്ന് ബോഗികള്‍ നീക്കംചെയ്യാന്‍ കുറെ നേരമെടുക്കും. അതുവരെ ഞങ്ങള്‍ക്ക് എന്‍ജിനില്‍ത്തന്നെ ഇരിക്കാം. ഞാന്‍ ഉറക്കംതൂങ്ങാന്‍ ശ്രമിച്ചു. പക്ഷേ, ഏതെല്ലാമോ പേക്കിനാവുകള്‍ എന്റെ തലയ്ക്കു മുകളില്‍ മൂളിപ്പറന്നതു മാത്രം മിച്ചം. വെയിലിനു ചൂടു കൂടിക്കൂടി വന്നു. പൊടിയും ചൂടും കലര്‍ന്ന ഒരു കാറ്റ് എന്‍ജിനുള്ളില്‍ തിരിഞ്ഞുകളിച്ചു. രോമകൂപങ്ങള്‍ക്കിടെ ഒളിച്ചിരിക്കുന്ന വിയര്‍പ്പുതുള്ളികളില്‍നിന്നുപോലും ആ കാറ്റ് ഈര്‍പ്പമൂറ്റും. ഞങ്ങള്‍ കരുതിയിരുന്ന വെള്ളവും ബിസ്‌കറ്റുമൊക്കെ ഞൊടിയിടയില്‍ കാലിയായി. ഉച്ചതിരിഞ്ഞിട്ടും ഭക്ഷണമെത്താത്തതുകൊണ്ട് ഞാന്‍ അന്വേഷിച്ചിറങ്ങി. 'തലച്ചുമടായി കൊണ്ടുവരുന്നതല്ലേ. വന്നപ്പോഴേ തീര്‍ന്നു, എവിടെയായിരുന്നിത്ര നേരം?' പാന്‍ട്രിയുടെ ചുമതലയുള്ള ഓഫീസര്‍ കൈമലര്‍ത്തി.

ഇനി രാത്രിവരെ പട്ടിണി എന്നു കരുതി. (ഞങ്ങള്‍ക്കത് അത്ര വലിയ കാര്യമൊന്നുമല്ല. പൊതുവേ അപകടസ്ഥലങ്ങളില്‍ ഭക്ഷണം കിട്ടിയില്ലെങ്കിലും പരാതി പറഞ്ഞിട്ട് ഒരു കാര്യവുമില്ല.) ഞാന്‍ തിരികെ നടക്കാന്‍ ഒരുങ്ങുമ്പോഴാണ് 'ഇച്ചിരി വെള്ളം തരണേ' എന്ന പച്ചമലയാളത്തിലുള്ള ഒരു ദീനമായ അപേക്ഷ കേട്ടത്. തിരിഞ്ഞുനോക്കുമ്പോള്‍ ഇടമുറിയാതെ പണിയെടുക്കുന്ന കൂലിവേലക്കാര്‍, നിര്‍ദേശം നല്കുന്ന ഓഫീസര്‍മാര്‍, ഒപ്പം മറ്റൊന്നും ശ്രദ്ധിക്കാതെ വേല ചെയ്യുന്ന ഞങ്ങളുടെ റെസ്‌ക്യൂ സ്റ്റാഫ്. വേറെയാരെയും കാണാനില്ല.
'ബച്ചാവോ; ഹെല്പ് മി.'
വീണ്ടും ദീനസ്വരമുയര്‍ന്നു. ഇത്തവണ ഞാന്‍ ആളെ കണ്ടെത്തി. ഒന്നിനു മീതേ ഒന്നായി കയറിയിരുന്ന ബോഗികള്‍ക്കു മുകളില്‍നിന്നായിരുന്നു ആ കരച്ചില്‍. മൂന്നാമത്തെ ബോഗി രണ്ടു കഷണമായി ഒടിഞ്ഞുപോയിരുന്നു. അതിനിടയ്ക്കു കുടുങ്ങിക്കിടക്കുകയായിരുന്നു അയാള്‍. ബുള്‍ഗാന്‍താടിയൊക്കെ വെച്ച് കാണാന്‍ സിംപ്ലനായ ഒരു ചാണത്തലയന്‍! അപകട സമയത്ത് അയാള്‍ ടോയ്ലെറ്റില്‍ പോയതോ മറ്റോ ആകാം. അടുത്തുകൂടെ ആരു പോയാലും അറിയാവുന്ന ഭാഷയിലെല്ലാം അയാള്‍ 'വെള്ളം തായോ' എന്ന് നിര്‍ത്താതെ കൂവിക്കൊണ്ടിരുന്നു. പക്ഷേ, ആരും അയാളെ ഗൗനിച്ചതേയില്ല. എല്ലാവരും അവരവരുടെ ജോലികളില്‍ വ്യാപൃതരായിരുന്നു.

എനിക്കു കഷ്ടം തോന്നി. ഏതോ അബോധപ്രേരണയാല്‍ ഞാന്‍ അടുത്തിരുന്നു ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു മറാഠി കൂലിത്തൊഴിലാളിയുടെ അടുത്തു വെച്ചിരുന്ന വെള്ളക്കുപ്പി കടന്നെടുത്ത് ആ പാവത്തിന് എറിഞ്ഞുകൊടുക്കാനൊരുങ്ങി. പിരടിക്ക് ഊക്കനൊരു തള്ളു കിട്ടി. ഞാന്‍ പിടച്ചുവീണു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവന്‍ മറാഠിയില്‍ എന്നെയെന്തൊക്കെയോ പുലഭ്യംപറഞ്ഞു. എന്റെ മുട്ടു പൊട്ടി ചോര വന്നപ്പോഴാണ്, ഊണു കഴിക്കുകയായിരുന്ന ആ പാവത്തിനു കഷ്ടിച്ച് ഒരു കവിള്‍ കുടിക്കാനുള്ള വെള്ളമേ കുപ്പിയിലുണ്ടായിരുന്നുള്ളൂ എന്ന് എനിക്കു ബോധമുദിച്ചത്. ആരും കണ്ടില്ല എന്ന സമാധാനത്തില്‍ ഞാന്‍ ലേശം മാറി ഒരു തിണ്ടിലെ പുല്‍പ്പരപ്പില്‍ ഇരുന്നു. ഹരിയേട്ടനായിരുന്നു റെസ്‌ക്യൂ ടീമിന്റെ ലീഡര്‍. എന്നെ കണ്ടപ്പോ ഹരിയേട്ടന്‍ പരിചയം പുതുക്കി: 'ആ, നീയാണോ ഡ്രൈവര്‍?' മോളില്‍ ത്രിശങ്കുവില്‍ കിടക്കുന്നവനെ ചൂണ്ടി ഞാന്‍ ചോദിച്ചു: 'അവനെ മാത്രം ഇറക്കാത്തതെന്താ ഹരിയേട്ടാ?' ജോലിയില്‍നിന്ന് ശ്രദ്ധ വിടാതെ ഹരിയേട്ടന്‍ പ്രതിവചിച്ചു: 'എങ്ങനെ ഇറക്കാനാ?'

അതു നേരായിരുന്നു. അയാള്‍ തൂങ്ങിക്കിടന്നിരുന്നത് എളുപ്പം എത്തിപ്പെടാന്‍ കഴിയാത്തത്ര ഉയരത്തിലായിരുന്നു. മൂന്നു ബോഗികള്‍ അടുക്കിയടുക്കി വെച്ച ഉയരം. മലമുകളില്‍ ഉണങ്ങിവീഴാറായ ഒരു മരത്തിന്റെ ചുക്കിച്ചുളിഞ്ഞ ചില്ലകള്‍ മാത്രം അയാളുടെ കൈയകലത്തിലുണ്ട്. ഞങ്ങളുടെ പക്കലാവട്ടെ, അത്രയും ഉയരത്തിലേറാന്‍ കഴിയുന്ന ഏണിയൊട്ടുണ്ടായിരുന്നുമില്ല..! 'ചുള്ളന്‍ അങ്ങനെ ത്രിശങ്കുവില്‍ കിടക്കട്ടെ സ്റ്റൈലായിട്ട്.' കുറച്ചു നേരം ചിരിച്ചുകൊണ്ട് ഹരിയേട്ടന്‍ പറഞ്ഞു. നിസ്സഹായതയുടെ പാരമ്യത്തില്‍ നാം തമാശ പറയാന്‍ ശ്രമിച്ചു പരാജയപ്പെടുമെന്ന് ആ വാക്കുകള്‍ കേള്‍ക്കേ എനിക്കു മനസ്സിലായി.
ഇത്തിരി വെള്ളമെങ്കിലും കൊടുക്കാരുന്നില്ലേ എന്നാല്‍?
എനിക്കു സത്യത്തില്‍ കരച്ചില്‍ വരുന്നുണ്ടായിരുന്നു. 'ഒന്നുമില്ലെങ്കില്‍ ഒരു മലയാളിയല്ലേ ഹരിയേട്ടാ?' കൈയിലിരുന്ന വടം താഴേ വെച്ചു ഹരിയേട്ടന്‍ എന്നെ ശകാരിക്കാന്‍ തുടങ്ങി. 'നീ എന്താ കരുതിയേ, ഞങ്ങള്‍ പത്തു പ്രാവശ്യമെങ്കിലും അവനു കുറച്ചു വെള്ളം കൊടുക്കാന്‍ തുടങ്ങിയതാ. ദേ, ആ ഇരിക്കുന്നവനാ സമ്മതിക്കാഞ്ഞത്.' ഹരിയേട്ടന്‍ കൈ ചൂണ്ടിയ ദിക്കില്‍ ഞങ്ങളുടെ പ്രധാന ഡോക്ടര്‍ ഇരുന്നു കോട്ടുവാ വിടുന്നുണ്ടായിരുന്നു. 'ഒരു തുള്ളി വെള്ളം കുടിച്ചാല്‍ ചത്തുപോകുംപോലും. ഈ........@#%ഫ*....മോന്‍...' (ഒരു തെറികൂടി. അതുപക്ഷേ, മോളില്‍ തൂങ്ങിക്കിടക്കുന്ന ഹതഭാഗ്യനുവേണ്ടി) 'നമ്മള്‍ കാരണം ചാകണ്ടാപ്പാ.'

ഹരിയേട്ടന്‍ ജോലികളിലേക്കു തിരിച്ചുപോയി. തൂങ്ങിക്കിടക്കുന്നവന്‍ ഇപ്പോള്‍ നിലവിളി നിര്‍ത്തിയിരിക്കുന്നു. അയാള്‍ക്കു വലിയ പരിക്കൊന്നുമില്ല എന്നെനിക്കു തോന്നി. ചിലപ്പോഴൊക്കെ അയാള്‍ ചിരിക്കുകയും പാട്ടു പാടുകയും ചെയ്തു. ഇടയ്ക്കു ജോലിക്കാരെ ജോലി വേഗത്തിലാക്കാന്‍വേണ്ടി ശകാരിക്കുന്നതും കണ്ടു. അയാള്‍ക്ക് ഇറങ്ങാന്‍ ധൃതിയുണ്ടാവാം. ഇടയ്ക്കൊക്കെ മയങ്ങുകപോലും ചെയ്തു അയാള്‍. കുറച്ചു കഴിയുമ്പോള്‍ ഞെട്ടിയുണര്‍ന്ന് അയാള്‍ വെള്ളത്തിനു കൂവാന്‍ തുടങ്ങും. ഞാനും മറ്റു വശങ്ങളിലേക്കു ശ്രദ്ധതിരിച്ചു. പിന്നെപ്പോഴോ ഒന്നു നോക്കുമ്പോള്‍ അയാള്‍ കൈയെത്തിച്ച് അടുത്തുണ്ടായിരുന്ന മരത്തിലെ ചില്ലകള്‍ പൊട്ടിച്ച് ഇലകള്‍ കടിച്ചുതിന്നുന്നത് കണ്ടു. അയാളുടെ ചുണ്ടിന്റെ കോണില്‍ക്കൂടി പച്ചിലച്ചാറൊഴുകി.
പക്ഷേ, ആ മരമല്ലേ നേരത്തേ ഇലകളില്ലാതെ ഉണങ്ങിക്കരിഞ്ഞു നിന്നിരുന്നത്? ഇപ്പോള്‍ അതിലെങ്ങനെ ഇലകള്‍ വന്നു?
ഞാന്‍ തലയ്ക്കടിച്ചു. ഉറക്കമൊഴിച്ച് ഓരോ പ്രാന്തുകള്‍ ചിന്തിക്കുന്നു... ഉണങ്ങി ജീവന്‍ കെട്ടുപോയ ഏതെങ്കിലും മരമുണ്ടോ ഒരു നിമിഷംകൊണ്ട് തളിര്‍ക്കുന്നൂ?

book
പുസ്തകം വാങ്ങാം

രാത്രി ഏറെ വൈകി അയാളെ എങ്ങനെയോ താഴേയിറക്കി. അയാളുടെ അരയ്ക്കു താഴേ നാമാവശേഷമായിരുന്നു. അപ്പോഴേക്കും ബോധ
രഹിതനായ അയാളുടെ മണികണ്ഠത്തില്‍ തൊട്ടു നോക്കി ഡോക്ടര്‍ നിരാശയഭിനയിച്ചു. ഹരിയേട്ടന്‍ വായുവിലേക്ക് പുഴുത്ത ഒരു തെറികൂടി പറത്തിവിട്ടു.

(വൈദ്യശാസ്ത്രവിധിപ്രകാരം അപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്ക്കുന്നവര്‍ക്കു വെള്ളം കൊടുക്കാന്‍ പാടില്ല. കഥാകൃത്തിന്റെ അധികപ്രസംഗം എന്നു കരുതി ആ ശാസ്ത്രസത്യത്തോടുള്ള വെല്ലുവിളി പൊറുക്കുക.....)

Content Highlights: Theevandiyathrakal Malyalam Book Mathrubhumi Books

PRINT
EMAIL
COMMENT
Next Story

ഗാന്ധിക്കുശേഷം അദാനി ?

സൂക്ഷ്മമായ വിശദാംശങ്ങളും വസ്തുനിഷ്ഠതയുമുള്ള ഒരു ലേഖനം ഈയിടെ ഫിനാന്‍ഷ്യല്‍ .. 

Read More
 

Related Articles

ജയന്റെ അജ്ഞാത ജീവിതം
Books |
Books |
'അവളാവാന്‍ ശരിയ്ക്കും ജിസാ, കൊതി തോന്നുന്നു'
Books |
മുദ്രിതയെ, ആ ഹാന്റികാപ്പ്ഡ് മധ്യവയസ്‌കയെ നിങ്ങളെന്ത് ചെയ്തു...?
Books |
മുതലാളി ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കണം; ഇല്ലേല്‍ പിന്നെയൊരുകാലത്തും ഇരിക്കാനാവില്ല- ഒരു പ്രേംനസീര്‍ തത്വം
 
  • Tags :
    • Mathrubhumi Books
More from this section
Adani
ഗാന്ധിക്കുശേഷം അദാനി ?
Maythil Radhakrishnan
കോവിഡ് 19 ഒരു തീയതിയാകുമ്പോള്‍
Silent Valley
സൈലന്റ് വാലി ഹൈഡാം യാഥാര്‍ഥ്യമാകാതിരുന്നതിന് പിന്നിലെ അക്ഷീണ പ്രയത്‌നങ്ങള്‍
thaha madayi
താഹ മാടായി എഴുതിയ നോവല്‍| മണ്ണിര; ആദ്യ അധ്യായം വായിക്കാം
salim ali
ഫോട്ടോകൾ കണ്ടപ്പോഴാണ് മനസ്സിലായത്, ആ പരിഹാസമൊക്കെ എന്റെ നേർക്കു തന്നെയാണല്ലോ എന്ന്
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.