കൈകാലുകള്‍ അരിഞ്ഞെടുത്ത് തല ഉപ്പിലിട്ട് പ്രദര്‍ശനം; കുഞ്ഞാലി മരയ്ക്കാറുടെ യഥാര്‍ഥ ചരിത്രം!


ഡോ.കെ.കെ.എന്‍ കുറുപ്പ്‌

19 min read
Read later
Print
Share

കുഞ്ഞാലിയുടെ മൃതദേഹം തുണ്ടംതുണ്ടമാക്കി കൈകാലുകള്‍ പഞ്ചിമിലും ബര്‍ദെയിലും പ്രദര്‍ശിപ്പിച്ചു. ശിരസ്സ് ഉപ്പിലിട്ട് കണ്ണൂരിലെ മുസ്‌ലിങ്ങളെ ഭീഷണിപ്പെടുത്താന്‍ അവിടേക്കയച്ചു. പോര്‍ച്ചുഗലിലും ഈ വിജയം ആഘോഷിച്ചു.

വര: വിജേഷ് വിശ്വം

വൈദേശികമേധാവിത്വത്തിനെതിരേ നിരന്തരപോരാട്ടം നടത്തി വീരമൃത്യു വരിച്ച കുഞ്ഞാലി മരയ്ക്കാരുടെ വീരഗാഥകള്‍കൊണ്ട് കോരിത്തരിച്ച രണഭൂമിയാണ് വടകരയ്ക്കടുത്ത കോട്ടയ്ക്കല്‍പ്രദേശം. കോഴിക്കോട്ടെ സാമൂതിരിയുടെ നാവികപ്പോരാളികളായിരുന്ന കുഞ്ഞാലി മൂന്നാമന്റെയും നാലാമന്റെയും കാലത്താണ് ഇരിങ്ങല്‍-കോട്ടയ്ക്കല്‍ തീരദേശം അവര്‍ക്ക് അധീനമാവുന്നത്. പൊന്നാനിയില്‍ കോട്ട പണിയാന്‍ സാമൂതിരി പോര്‍ച്ചുഗീസുകാരെ അനുവദിച്ചതിന്റെ പരിണതഫലമായിരുന്നു കുഞ്ഞാലി മരയ്ക്കാരുടെ കോട്ടയ്ക്കലേക്കുള്ള പ്രയാണവും കോട്ടപണിയലും. സുദീര്‍ഘമായ സാമൂതിരി-മരയ്ക്കാര്‍ബന്ധത്തിലെ ദുഃഖകരമായ ഒരധ്യായമായിരുന്നു ഇത്. കാരണം, അവര്‍ക്കിടയില്‍ അസ്വാരസ്യവും ശത്രുതയും വളരാന്‍ ഇതു കാരണമായി. ഒരുപക്ഷേ, തങ്ങള്‍ക്കധീശത്വമുള്ള ഒരു ഭൂപ്രദേശം സൃഷ്ടിച്ച് തന്റെ വടക്കനതിര്‍ത്തിയില്‍ ഒരു ശത്രുരാജ്യം കുഞ്ഞാലിയുടെ നേതൃത്വത്തില്‍ വളര്‍ന്നേക്കുമോ എന്ന ഭയപ്പാടും സാമൂതിരിക്കുണ്ടായി. പിന്നീടുള്ള ചരിത്രം തന്റെ നാവികനായകനായ കുഞ്ഞാലി നഷ്ടപ്പെട്ടതിലുള്ള സാമൂതിരിയുടെ ദുഃഖത്തിന്റെയും വിഹ്വലതകളുടെതുമായിരുന്നു. കോട്ടയ്ക്കലേക്കുള്ള പലായനത്തിനു നേതൃത്വം കൊടുത്ത പട്ടുമരയ്ക്കാര്‍ അഥവാ കുഞ്ഞാലി മൂന്നാമനായിരുന്നു പുതുപ്പണത്തെ കോട്ടയുടെ ശില്പി. എക്കാലത്തും സാമൂതിരിയുടെ ആശ്രിതവത്സലരായും നാവികരായും നിന്നിരുന്ന കുഞ്ഞാലിമാര്‍ക്കും ഉണ്ടായിരുന്നു ഈ പുതിയ നയവ്യതിയാനത്തിന്റെ ദുഃഖഭാരവും സംഘര്‍ഷവും. 1595-ല്‍ പട്ടുമരയ്ക്കാരുടെ അന്ത്യത്തോടെ മുഹമ്മദ് കുഞ്ഞാലി എന്ന മരയ്ക്കാര്‍ നാലാമന്‍ കോട്ടയുടെ അധിപനായതോടുകൂടി ചെറുത്തുനില്പിന്റെ ഒരു പുതിയ മുഖം പശ്ചിമതീരത്ത് കുറിക്കപ്പെട്ടു. ഗുഡ്‌ഹോപ്പ് മുനമ്പുമുതല്‍ ചൈനവരെയുള്ള കുഞ്ഞാലിയുടെ പ്രശസ്തിയും സമരവീര്യവും പോര്‍ച്ചുഗീസുകാരെ തളര്‍ത്തിയെന്നു മാത്രമല്ല, കടലില്‍ തങ്ങളുടെ മേധാവിത്വം നിലനിര്‍ത്തണമെങ്കില്‍, കുഞ്ഞാലിയുടെ പതനംകൊണ്ടു മാത്രമേ അതു സാധ്യമാവുകയുള്ളൂ എന്നും അവര്‍ വിലയിരുത്തി. അതുകൊണ്ടുതന്നെ മറ്റൊരു കുരിശുയുദ്ധമെന്നോണം പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലിയെയും കൂട്ടരെയും നേരിട്ടു. ഇതു മനസ്സിലാക്കിയ കുഞ്ഞാലി തന്റെ പരിമിതമായ വിഭവശേഷിയും ആയുധശേഷിയുംകൊണ്ട് ശത്രുക്കളെ പ്രതിരോധിക്കാന്‍ തന്റെതായ മാര്‍ഗങ്ങളവലംബിക്കുകയും കിട്ടാവുന്ന പീരങ്കികളും മറ്റായുധങ്ങളുംകൊണ്ട് കോട്ട സജ്ജീകരിക്കുകയും ഒരന്തിമപോരാട്ടത്തിന് തയ്യാറെടുക്കുകയും ചെയ്തു.
പശ്ചിമതീരത്തെ മാറിയ സാഹചര്യം കുഞ്ഞാലിയെ കൂടുതല്‍ ശക്തനായ പോരാളിയാക്കി. ധാരാളം പോര്‍ച്ചുഗീസ് കപ്പലുകള്‍ പിടിച്ചടക്കിക്കൊണ്ട് കുഞ്ഞാലി തന്റെ ജൈത്രയാത്ര ആരംഭിച്ചു എന്നു മാത്രമല്ല ശത്രുക്കളുടെ എല്ലാ യുദ്ധതന്ത്രങ്ങളും നിഷ്ഫലമാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പോര്‍ച്ചുഗീസുകാരുടെ പശ്ചിമതീരത്തെ മറ്റെതിരാളികളായിരുന്ന ഉള്ളാളിലെ റാണിയെയും ബിജാപുര്‍സുല്‍ത്താനെയും മരയ്ക്കാര്‍ അകമഴിഞ്ഞു സഹായിച്ചു. വാസ്തവത്തില്‍, സാമൂതിരി-പോര്‍ച്ചുഗീസ് ബാന്ധവം ഒരുതരത്തിലും അംഗീകരിക്കാത്ത കുഞ്ഞാലി, തന്റെ എന്നത്തെയും രക്ഷകനും യജമാനനുമായ സാമൂതിരിയില്‍നിന്ന് വളരെയധികം അകന്നുകഴിഞ്ഞിരുന്നു. കുഞ്ഞാലിയുടെ സമുദ്രാധിപത്യം അമിതമായി വളര്‍ന്നതോടുകൂടി സാമൂതിരിക്ക് അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നുമാത്രമല്ല അദ്ദേഹം, പോര്‍ച്ചുഗീസുകാരെപ്പോലെ തനിക്കും ഒരു വന്‍ ഭീഷണിയാണെന്ന് ധരിച്ചു. പോര്‍ച്ചുഗീസുകാരുടെ പ്രേരണയും ഇതിനു സഹായകമായി. കുഞ്ഞാലിക്കുണ്ടായ ആദ്യകാല നാവികവിജയങ്ങള്‍ ഒരു പരിധിയോളം അദ്ദേഹത്തിന് പോര്‍ച്ചുഗീസുകാരെ നേരിടാനുള്ള മനക്കരുത്തും സ്വാഭിമാനവും പകര്‍ന്നു. ഈ സാഹചര്യത്തില്‍ കുഞ്ഞാലിയുടെ നീക്കങ്ങളെല്ലാം സംശയത്തോടെ നോക്കിക്കണ്ട സാമൂതിരി പൂര്‍ണമായി പോര്‍ച്ചുഗീസുകാര്‍ക്കടിമപ്പെടുകയും തന്റെ മുന്‍ സേനാനിയായ കുഞ്ഞാലിയെ ശത്രുപാളയത്തില്‍ നിര്‍ത്തുകയും ചെയ്തു. ഈ സാഹചര്യം മുതലെടുത്തുകൊണ്ട് പോര്‍ച്ചുഗീസുകാര്‍ അവരുടെ എക്കാലത്തെയും ശത്രുവായ കുഞ്ഞാലിയെ വകവരുത്താനുള്ള കരുക്കള്‍ നീക്കിത്തുടങ്ങി. സാമൂതിരി-കുഞ്ഞാലിമാര്‍ക്കിടയില്‍ ഒരു വിള്ളലുണ്ടാക്കുകയായിരുന്നു പോര്‍ച്ചുഗീസ് ലക്ഷ്യം. വിഷണ്ണനായ കുഞ്ഞാലിയുടെ എതിര്‍പ്പു നേരിട്ടത് പോര്‍ച്ചുഗീസുകാരാണെങ്കിലും പ്രവര്‍ത്തനത്തില്‍ അത് സാമൂതിരിയെക്കൂടി ബാധിക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ പോര്‍ച്ചുഗീസുകാര്‍ക്കെതിരായ ഏതു വെല്ലുവിളികളും സാമൂതിരി തനിക്കെതിരേ എന്നു കണക്കാക്കി കടലിലും കരയിലും പുതിയ സമരമുറകള്‍ ആസൂത്രണം ചെയ്തു. അപ്പോഴേക്കും കുഞ്ഞാലിയുടെ നാവികപ്രവര്‍ത്തനങ്ങളിലും യുദ്ധസന്നാഹങ്ങളിലും സാരമായ മാറ്റം സംഭവിച്ചിരുന്നു. ഏഷ്യയിലും ആഫ്രിക്കയിലും 'ഇസ്‌ലാംമതസംരക്ഷകനാ'യും 'മലബാര്‍ മൂറുകളുടെ (മുസ്‌ലിങ്ങള്‍) രാജാവാ'യും ഇന്ത്യാസമുദ്രാധിപനായും മരയ്ക്കാര്‍ വിശേഷിപ്പിക്കപ്പെട്ടു. സാമൂതിരിയുമായി കലഹിച്ച് കുഞ്ഞാലി കോട്ടയ്ക്കല്‍ കേന്ദ്രീകരിച്ച് ഒരു പ്രവിശ്യാഭരണം തന്നെ നടത്തിയിരുന്നു. തുര്‍ക്കിയടക്കമുള്ള ഇസ്‌ലാമികരാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയച്ചുകൊണ്ട് തന്റെ സ്വതന്ത്രനിലനില്പിനെ അടയാളപ്പെടുത്തുകയും ചെയ്തു.
കുഞ്ഞാലിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പോര്‍ച്ചുഗീസുകാരെ ക്ഷീണിപ്പിക്കുന്നതോടൊപ്പംതന്നെ സാമൂതിരിയെയും അദ്ദേഹത്തിന്റെ വാണിജ്യ-രാഷ്ട്രീയാധിപത്യങ്ങളെയും വല്ലാതെ ഉലച്ചുകളഞ്ഞു. പോര്‍ച്ചുഗീസ് കപ്പലുകള്‍ പിടിച്ചെടുത്തതിനൊപ്പം അതിലെ നാവികരെ തടവിലാക്കുകയും വധിക്കുകയും ചെയ്തു. സാമൂതിരിയുടെ ആനയുടെ വാല്‍ ഛേദിച്ചെന്നും ഒരു നായര്‍നാടുവാഴിയുടെ ഭവനഭേദനം നടത്തി ഒരു സ്ത്രീയുടെ മാറിടവും മൂക്കും മുറിച്ചു മാനഭംഗപ്പെടുത്തിയെന്നും മറ്റുമുള്ള ധാരാളം കഥകള്‍ കുഞ്ഞാലിക്കെതിരേ പ്രചരിപ്പിക്കപ്പെട്ടു. ഇത്തരം സംഭവങ്ങള്‍, പോര്‍ച്ചുഗീസുകാരുമായി ഒരു രഹസ്യകരാറില്‍ ഏര്‍പ്പെട്ടുകൊണ്ട് കുഞ്ഞാലിയുമായി ഒരു തുറന്ന യുദ്ധത്തിനു സാമൂതിരിയെ പ്രേരിപ്പിച്ചതായി പോര്‍ച്ചുഗീസ് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് പറങ്കികള്‍ സാമൂതിരിയെ പ്രലോഭിപ്പിച്ചു കുഞ്ഞാലിയ്‌ക്കെതിരേ നീങ്ങുന്നത്. 'മുഹമ്മദീയരുടെ രാജാവെ'ന്ന് സ്വയം വിശേഷിപ്പിച്ച കുഞ്ഞാലിയെ ഒരു പാഠം പഠിപ്പിക്കാമെന്ന് സാമൂതിരിയും കരുതി.
marakkar

സാമൂതിരി - പോര്‍ച്ചുഗീസ് സംഘര്‍ഷം
സാമൂതിരിയും തന്റെ മുന്‍ നാവികമേധാവിയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നു മനസ്സിലാക്കിയ വൈസ്രോയി അല്‍ബുക്കര്‍ക്ക് (1591-1597) തന്ത്രപൂര്‍വം സാമൂതിരിയെ സ്വാധീനിച്ചുകൊണ്ട് ഗോവയില്‍നിന്ന് ആര്‍വറൊ ഡി അബ്രാഞ്ചസിനെ 1597-ല്‍ ഒരു ഉടമ്പടി ഒപ്പുവെക്കാന്‍ കോഴിക്കോട്ടേക്കയച്ചു. ഇതുപ്രകാരം കരയില്‍ സാമൂതിരിയും കടലില്‍ പോര്‍ച്ചുഗീസുകാരും ഒരേസമയം കുഞ്ഞാലിയെ ആക്രമിച്ചു കോട്ട നശിപ്പിക്കാമെന്നുറച്ചു. ഇതുപ്രകാരം ബന്ധനസ്ഥനായ പെദ്രൊ ഫെര്‍ണാണ്ടസ് ലോബൊ അച്ചനെ മോചിപ്പിക്കാമെന്നും കോഴിക്കോട്ടും പൊന്നാനിയിലും ക്രിസ്തീയദേവാലയങ്ങള്‍ പണിയാനുള്ള അംഗീകാരം കൊടുക്കാമെന്നും സാമൂതിരി അംഗീകരിച്ചു. ഇതു നടപ്പിലാക്കാനായി ഗോവയില്‍നിന്നു മലബാറിലേക്ക് ഒരു നാവികപ്പടയെ അയയ്ക്കാനും തീരുമാനിച്ചു. എന്നാല്‍ ഗോവയിലെ വൈസ്രോയി മാറിയതുകാരണം കോട്ടയ്ക്കല്‍ ഉന്നംവെച്ചുള്ള ഈ പടയോട്ടം നടക്കാതെപോയി.
പിന്നീടു വന്ന വൈസ്രോയി വാസ്‌കോ ഡ ഗാമയുടെ പേരക്കിടാവ് ഫ്രാന്‍സിസ്‌കോ ഡ ഗാമ (1597-1600) അല്‍ബുക്കര്‍ക്കില്‍നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു. തന്റെ മുന്‍ഗാമിയുമായി ഒപ്പിട്ട കരാര്‍ പൂര്‍ണമായും നടപ്പാക്കണമെന്ന ബാധ്യത തനിക്കുണ്ടെന്ന് അയാള്‍ ഉറച്ചുവിശ്വസിച്ചു. കുഞ്ഞാലിയെ നേരിടാന്‍ വൈസ്രോയി ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ഒരു പടയോട്ടത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ശക്തനായ കുഞ്ഞാലിയെ നശിപ്പിക്കാന്‍ തെക്കും വടക്കും നാവികപ്പടയൊരുക്കം നടത്തി. ഇതിലേക്കായി തടവുകാരെപ്പോലും മോചിപ്പിച്ച് കഴിവുള്ള എല്ലാ പുരുഷന്മാരെയും പ്രലോഭനങ്ങളോടെ ചേര്‍ത്തുകൊണ്ട് ഒരു പടയോട്ടത്തിനുള്ള സന്നാഹം തുടങ്ങി. നാലു പായ്ക്കപ്പലുകളും 35 ചെറുകപ്പലുകളുമെല്ലാം ഒന്നിപ്പിച്ച് വൈസ്രോയിയുടെ സഹോദരനായ ക്യാപ്റ്റന്‍ ലൂയി ഗാമയുടെ നേതൃത്വത്തില്‍ ഒരു നാവികപ്പട 1597 നവംബര്‍ 13ന് ഗോവയുടെ തീരം വിട്ടു. ഇതിനെ 'അശുഭകരമായ ദിന'മെന്ന് അവര്‍തന്നെ വിശേഷിപ്പിച്ചു.
സാമൂതിരിയുമായി ക്യാപ്റ്റന്‍ പലപ്പോഴും ബന്ധപ്പെട്ടെങ്കിലും കാര്യമായ ഫലമുണ്ടായില്ല. പുതിയ ബന്ധം തന്റെ പ്രജകളിലും കുഞ്ഞാലിയുമായി സൗഹൃദമുള്ളവരിലും വലിയ അവമതിയുണ്ടാക്കുമെന്ന് സാമൂതിരിയും ഭയപ്പെടാതിരുന്നില്ല. കോഴിക്കോട്ടെ നായന്മാരടക്കമുള്ള നല്ലൊരു വിഭാഗം ജനങ്ങള്‍ അപ്പോഴും കുഞ്ഞാലിയെ ഒരു വീരപുരുഷനായി കണക്കാക്കിയിരുന്നു. അതുകൊണ്ടുതന്നെ വലിയ എതിര്‍പ്പ് ജനങ്ങളില്‍നിന്നുണ്ടാകുമെന്ന് സാമൂതിരി മനസ്സിലാക്കിയിരുന്നു. കൂടാതെ കൊച്ചിരാജാവ് പോര്‍ച്ചുഗീസ് സഹായത്തോടെ അപ്പോഴും ഒരു ഏകീകൃതമലബാര്‍ തന്റെ സ്വന്തം ഭരണത്തിന്‍ കീഴില്‍ വിഭാവനം ചെയ്യുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സാമൂതിരി പോര്‍ച്ചുഗീസുകാരില്‍നിന്ന് യോദ്ധാക്കളടക്കമുള്ള വന്‍ സഹായങ്ങള്‍ ആവശ്യപ്പെട്ടു. ഗോവയിലെ വൈസ്രോയിക്ക് ഈ പുത്തനാവശ്യങ്ങള്‍ യുക്തിസഹമായി തോന്നിയുമില്ല. അതുകൊണ്ടുതന്നെ, ആറുമാസം നീണ്ടുനിന്ന ലൂയി ഗാമയുടെ നിഷ്ഫലമായ ദൗത്യം 1598 ഏപ്രിലില്‍ അവസാനിപ്പിച്ചു ഗോവയിലേക്കു തിരിച്ചുപോയി. എന്നാല്‍ ഫ്രാന്‍സിസ്‌കോ ഡി നൊറോണയുടെ കീഴില്‍ ഒരു ചെറു കപ്പല്‍വ്യൂഹം കോട്ടയ്ക്കല്‍കോട്ടയെ കേന്ദ്രീകരിച്ച് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. അപ്പോള്‍ കോഴിക്കോട്ടെ പെദ്രെ ആന്റോണിയോ എന്ന ഒരു ജെസ്യൂട്ട് പാതിരി സാമൂതിരിയെ കണ്ട് ഗോവയുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നഭ്യര്‍ഥിച്ചത് അംഗീകരിക്കപ്പെട്ടു. അതിന്റെ ഭാഗമായി പുതിയ കാലാള്‍പ്പടയെ സാമൂതിരി അവര്‍ക്ക് വിട്ടുകൊടുത്തു.
1598 ഡിസംബറില്‍ ലൂയി ഗാമ വീണ്ടും മലബാറിലേക്കു വരികയും ധാരാളം പായ്ക്കപ്പലുകളും നാടന്‍തോണികളും 1500ലധികം യോദ്ധാക്കളെയും അവരോടൊപ്പം ചേര്‍ത്തുകൊണ്ട് കോട്ടയ്ക്കലിനെ ലക്ഷ്യമാക്കി ആക്രമണം തുടങ്ങുകയും ചെയ്തു. ഗോവയിലെ വൈസ്രോയി ഇതെല്ലാം അംഗീകരിച്ചു. കൊച്ചിയില്‍ നിന്ന് ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ കപ്പലുകളും മറ്റു സഹായങ്ങളും കോട്ടയ്ക്കലേക്ക് വന്നുതുടങ്ങി.
1599 മാര്‍ച്ച് 5ന് അവര്‍ ഒന്നിച്ച് കോട്ടയാക്രമണം തുടങ്ങി. കോഴിക്കോടുസൈന്യം ആ വഴി കോട്ടക്കലിനെ വലംവെച്ചു. കോട്ടപ്പുഴ കേന്ദ്രീകരിച്ച് പോര്‍ച്ചുഗീസ് കപ്പലുകളും നിലയുറപ്പിച്ചു. ഈ ആക്രമണം കുഞ്ഞാലി മുന്‍കൂട്ടി കാണാതിരുന്നില്ല. വളരെ വേഗത കൂടിയ ബസ്സീന്‍ബോട്ടുകള്‍ പലയിടങ്ങളിലായി നിലയുറപ്പിച്ച കുഞ്ഞാലിയുടെ കപ്പലുകള്‍ക്ക് ഭീഷണി ഉയര്‍ത്തുകയും അദ്ദേഹത്തിന്റെ തന്ത്രം ഫലിക്കാതെപോവുകയും ചെയ്തു. എന്നാല്‍ 1550ലധികം വരുന്ന കുഞ്ഞാലിയുടെ തോക്കുധാരികള്‍ കോട്ട സുരക്ഷിതമാക്കി നിര്‍ത്തി.
മരയ്ക്കാരുടെ വിജയം
കോട്ടയ്ക്കല്‍ കോട്ടയ്‌ക്കെതിരേയുള്ള യോജിച്ച നീക്കം തീരുമാനിച്ചതിലും അഞ്ചു മണിക്കൂര്‍ മുന്‍പേ അര്‍ധരാത്രിയോടുകൂടിത്തന്നെ തുടങ്ങി. ബെല്‍ഖോയില്‍ സറീറ 600 പോര്‍ച്ചുഗീസുകാരോടും 500 നായന്മാരോടുംകൂടി ആക്രമണത്തിനൊരുമ്പെട്ടെങ്കിലും 28 പേര്‍ നഷ്ടപ്പെട്ടുകൊണ്ട് പിന്‍വാങ്ങിയെന്നു മാത്രമല്ല, ക്യാപ്റ്റന്‍ ലൂയി സില്‍വ വെള്ളത്തില്‍ മുങ്ങിച്ചാവുകയും ചെയ്തു. ഈ സമയത്ത് കുഞ്ഞാലി തന്റെ സൈന്യത്തെ കൂടുതല്‍ സജ്ജമാക്കി. ക്യാപ്റ്റന്‍ ഡിസില്‍വയെ പിന്തുടര്‍ന്നു വന്ന ഫ്രാന്‍സിസ്‌കൊ ബരീരയും മേജര്‍ ലെവ്യയും കുഞ്ഞാലിയുടെ തോക്കിനിരയായി. ചില പോര്‍ച്ചുഗീസുകാര്‍ കോട്ടപ്പുഴ നീന്തി രക്ഷപ്പെട്ടുവെങ്കിലും മിക്കവരും ചത്തൊടുങ്ങി. ഒരു കംപൂച്ചിയന്‍ പാതിരിയായ ഫ്രാന്‍സിസ് ബാപ്റ്റിസ്റ്റ സൈന്യത്തെ അകമ്പടി സേവിച്ചുകൊണ്ട് ആളുകളെ യുദ്ധത്തിലേക്ക് ആകര്‍ഷിക്കാന്‍ കുരിശുമേന്തി നടന്നെങ്കിലും സ്വയം കൊല്ലപ്പെട്ടുവെന്നല്ലാതെ ഫലമൊന്നുമുണ്ടായില്ല. ആക്രമണം മോശമായി ആസൂത്രണം ചെയ്തതിനാല്‍ പോര്‍ച്ചുഗീസുകാര്‍ക്ക് വന്‍ നാശമുണ്ടായി. ക്യാപ്റ്റന്‍ ലൂയി ഗാമ ബാക്കിയുള്ള കപ്പല്‍ വ്യൂഹത്തോടെ കൊച്ചിയിലേക്കു തിരിക്കുമ്പോള്‍ ഡിസൂസയുടെ കീഴില്‍ ഒരു ചെറുകപ്പല്‍പ്പടയെ നദീമുഖത്തു നിര്‍ത്തി. എന്നാല്‍ 1599 മാര്‍ച്ച്-സെപ്റ്റംബറില്‍ കുഞ്ഞാലിക്കെതിരായി നടത്തിയ ഈ കൂട്ടായ ആക്രമണം ഏഷ്യയില്‍ പോര്‍ച്ചുഗീസുകാര്‍ക്കുണ്ടായ വന്‍ പരാജയവും അപമാനവുമായിരുന്നു. ഇവിടെ അഞ്ഞൂറിലധികം പോര്‍ച്ചുഗീസുകാരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.
കോട്ടയ്ക്കലുണ്ടായ പതനം ഗോവയില്‍ വലിയ ആഘാതം ഏല്പിച്ചുവെന്നു മാത്രമല്ല, അവിടെ സ്ത്രീജനങ്ങള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെയും സഹോദരരെയും കുട്ടികളെയും അന്വേഷിച്ച് മുറവിളി കൂട്ടുകയായിരുന്നു. അധികാരികള്‍ തെറ്റായ സൈന്യസംഘാടനത്തെയും ആസൂത്രണത്തെയും അതുകൊണ്ടുണ്ടായ ജീവഹാനിയെയും അപലപിച്ചു. സാമൂതിരിയുമായി ചേര്‍ന്ന് ഒരു ശക്തമായ മുന്നേറ്റം കുഞ്ഞാലിക്കെതിരേ നയിക്കണമെന്ന് വൈസ്രോയിയും കൗണ്‍സിലും തീരുമാനിച്ചു.
കുഞ്ഞാലിയെ കീഴ്‌പ്പെടുത്തുന്നത് ഒരു വന്‍ സാഹസമാണെന്നു മനസ്സിലാക്കിയ വൈസ്രോയി ഗാമ വളരെ തന്ത്രപൂര്‍വം സാമൂതിരിയുമായി ധാരണയിലെത്താനും തന്റെ തന്നെ നേതൃത്വത്തില്‍ ഒരു കപ്പല്‍പ്പട ആസൂത്രണം ചെയ്യുവാനും തീരുമാനിച്ചു. അതിന്റെ ചുമതല ആന്ത്രെ ഫുര്‍താദോവിനെ ഏല്പിക്കാനും തീരുമാനിച്ചു. ആര്‍ച്ച് ബിഷപ്പ് മെനസിസ് അഭിപ്രായപ്പെട്ടിട്ടുപോലും ഫുര്‍താദോവിനെ ഈ ഉദ്യമത്തില്‍ പങ്കാളിയാക്കാന്‍ വൈസ്രോയി തുടക്കത്തില്‍ സമ്മതിച്ചിരുന്നില്ല. എന്നാല്‍ പുതിയ സന്നാഹം തന്റെ കീഴില്‍ ഒരു വന്‍വിജയം നേടുമെന്നും മുന്‍കാലത്തെ തിരിച്ചടികള്‍ക്ക് മറുപടിയാകുമെന്നും കണക്കാക്കി. ഇപ്പോള്‍ പ്രതികാരം എന്നതൊഴിച്ച് മറ്റൊന്നും ചിന്താവിഷയമായില്ല. പുതിയ പടയോട്ടം പോര്‍ച്ചുഗീസ് പൗരാവലിക്ക് സ്വാഭിമാനത്തിന്റെയും സ്വരക്ഷയുടെയും നിദര്‍ശനമായിരുന്നു. ദക്ഷിണ നാവികസേന ഫുര്‍താദോവിന്റെ കീഴില്‍ സംഘടിപ്പിക്കുമ്പോള്‍ വൈസ്രോയിക്ക് പോര്‍ച്ചുഗീസ് പെരുമയുടെ പുനരുജ്ജീവനം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ തന്റെ ലക്ഷ്യം സഫലീകരിക്കാന്‍ ആവുന്നതെല്ലാം അയാള്‍ ചെയ്തു. കടല്‍ക്കൊള്ളക്കാരനെന്നു പറങ്കികള്‍ വിശേഷിപ്പിക്കുന്ന കുഞ്ഞാലിയുമായി വൈസ്രോയി നേരിട്ട് ഏറ്റുമുട്ടുന്നതു ശരിയല്ലെന്ന് ഗോവയിലെ കൗണ്‍സിലും തീരുമാനിച്ചിരുന്നു. അതും ഫുര്‍താദോവിന്റെ നേതൃത്വത്തിലേക്കുള്ള വഴി തുറന്നു. വൈസ്രോയിയുടെ സഹോദരന് നേരത്തേ ഏറ്റ തിരിച്ചടികള്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കരുതെന്നും അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പേരും പദവിയെയുങ്കാളുമുപരി പ്രവര്‍ത്തനപാടവത്തിനു വിലകല്പിക്കുമ്പോള്‍ അന്ന് ഫുര്‍താദോവിനെ കവച്ചുവെക്കാന്‍ പോര്‍ച്ചുഗീസ് ഇന്ത്യയില്‍ മറ്റാരുമുണ്ടായിരുന്നില്ല.
marakkar

1599 ഡിസംബര്‍ 3ന് ഫുര്‍താദോ വലിയ സന്നാഹങ്ങളോടെ ഗോവയില്‍നിന്ന് മലബാറിലേക്കു തിരിച്ചു. പോര്‍ച്ചുഗലില്‍നിന്നു പുറപ്പെട്ട എഴുനൂറ്റമ്പതുപേരുള്ള കുറച്ച് ബസ്സീന്‍നിര്‍മിതബോട്ടുകളും ഈ പടയോട്ടത്തില്‍ പങ്കാളികളായി. വഴിയില്‍ ഉള്ളാളിലെ റാണിയോടും മംഗലാപുരം രാജാവിനോടും കുഞ്ഞാലിക്ക് യാതൊരു സഹായവും ചെയ്യരുതെന്നും ഉള്ളവ പിന്‍വലിക്കണമെന്നും നിര്‍ബന്ധിച്ചു. യാത്രയില്‍ തുറമുഖങ്ങളിലെ ഭരണാധികാരികള്‍ക്ക് പാരിതോഷികങ്ങളും നല്കി. മുസ്‌ലിം കപ്പലുകളെല്ലാം ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. മക്കയില്‍നിന്നു വന്ന അഞ്ചു ചരക്കുകപ്പലുകളും ഇതിലുള്‍പ്പെടും. ഫുര്‍താദോവിന്റെ കപ്പല്‍വ്യൂഹം 1599 ഡിസംബര്‍ 15ന് കോട്ടയ്ക്കലെത്തി. ഇവരെ സഹായിക്കാന്‍ കൊച്ചിയില്‍നിന്നും കപ്പല്‍വ്യൂഹം എത്തിയിരുന്നു. നദീമുഖത്ത് നേരത്തേ നിലയുറപ്പിച്ചിരുന്ന നൊറോണയുടെ നേതൃത്വത്തിലുള്ള കപ്പല്‍പ്പടയും പുതിയ പടയോട്ടത്തിന് ശക്തി പകര്‍ന്നു.
ആക്രമണം തുടങ്ങുന്നതിനു മുന്‍പുതന്നെ ഫുര്‍താദോ സാമൂതിരിയെ കാണുകയും കൂട്ടായ മുന്നേറ്റം ആസൂത്രണം ചെയ്യുകയും ചെയ്തു. എന്നാല്‍ ലോലവും വികാരതരളിതവുമായ മുഹൂര്‍ത്തങ്ങളും പരസ്പരവിശ്വാസമില്ലായ്മയും സാഹചര്യങ്ങളെ ദുര്‍ബലപ്പെടുത്തുന്നുണ്ടായിരുന്നു. പോര്‍ച്ചുഗീസുകാരോട് സാമൂതിരിക്ക് ശത്രുത എന്നുമുണ്ടായിരുന്നു. വ്യത്യസ്തമായ മേഖലയില്‍ നിലയുറപ്പിച്ചിരുന്ന സാമൂതിരിയുടെ കപ്പലുകള്‍ ഗൂഢാലോചനയ്ക്ക് പാത്രമാവാം. കോട്ടയ്ക്കല്‍ പോര്‍ച്ചുഗീസുകാര്‍ കീഴ്‌പ്പെടുത്തിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ മനസ്സിലാക്കി സാമൂതിരിയുടെ പ്രദേശത്തുവെച്ചുതന്നെ കുഞ്ഞാലിയെ കൂട്ടായി നേരിടണമെന്നും സാമൂതിരിയുമായി നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ട് ലക്ഷ്യം നേടാമെന്നും തീരുമാനിച്ചു.
വീണ്ടും ആക്രമണം
ഇന്ത്യന്‍ സമ്പ്രദായമനുസരിച്ച് രണ്ടുകൂട്ടരും കൂടിക്കാഴ്ചയ്ക്ക് തീരുമാനിക്കുകയും ഫുര്‍താദോവിനുവേണ്ടി സാമൂതിരി, ഫ്രാന്‍സിസ് റൊഡ്രിഗ്‌സ് പാതിരിയെ ദ്വിഭാഷിയായി വെക്കുകയും ചെയ്തു. 1599 ഡിസംബര്‍ 16നായിരുന്നു ഇത്. ഡയഗോസ കൂട്ടോ കൂടിക്കാഴ്ചയെക്കുറിച്ച് എഴുതുന്നു: 'സന്ദര്‍ശനദിവസമെത്തിയപ്പോള്‍ ഫുര്‍താദോ, കൊടിതോരണങ്ങളാലലങ്കരിച്ച കപ്പലുമായി, സംഗീതത്തിന്റെ അകമ്പടിയോടെ കുറിച്ചി തീരത്തേക്കു പോയി. അവിടെയപ്പോള്‍ സാമൂതിരി എത്തിയിരുന്നു. തുറമുഖത്തെത്തുമ്പോള്‍ അവിടെ ഒരു സുരക്ഷാവലയം സൃഷ്ടിക്കണമെന്നും ആവശ്യമെങ്കില്‍ വെടിവെക്കണമെന്നും അയാള്‍ നാവികര്‍ക്ക് നിര്‍ദേശം കൊടുത്തിരുന്നു. 50 തോക്കുധാരികളുടെ അകമ്പടിയോടെ മുഖ്യനാവികന്‍ ഒരു മഞ്ചുവില്‍ കയറി കൂടിക്കാഴ്ചയ്ക്കു പോയി. ഫുര്‍താദോവിന്റെ യാത്ര തോക്കുധാരികളുടെ അഭിവാദ്യത്തോടെയായിരുന്നു. ഇതെല്ലാം ശത്രുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരുപോലെ അദ്ഭുതവും ചിന്താക്കുഴപ്പവും സൃഷ്ടിച്ചു. ഫുര്‍താദോവിന്റെ വരവറിയിച്ചപ്പോള്‍ സാമൂതിരി കോട്ടപ്പുഴയുടെ തീരത്തു വന്ന് അഭിവാദ്യപ്രത്യഭിവാദ്യങ്ങളോടെ സ്വീകരിച്ചു. അവര്‍ പരസ്പരം ആലിംഗനം ചെയ്തു. സാമൂതിരി നല്ല കായബലവും രാജകീയപ്രൗഢിയും 30 വയസ്സുമുള്ള ആളാണ്. അദ്ദേഹം ധാരാളം അമൂല്യവസ്തുക്കള്‍ ധരിച്ചിരുന്നു; വിലപിടിച്ച രത്‌നങ്ങള്‍ പതിച്ച വളകളും. വിലപിടിപ്പുള്ള ഒരു തുണിക്കഷണം അയാളുടെ കണ്ഠത്തില്‍ തൂങ്ങുന്നുണ്ടായിരുന്നു. ദേഹം ആഭരണങ്ങളാല്‍ നിറയ്ക്കപ്പെട്ടിരുന്നു. നന്നായി വസ്ത്രധാരണം നടത്തിയ വാളേന്തിയ കിരീടാവകാശിയും അദ്ദേഹത്തെ അനുഗമിച്ചു. പിന്നില്‍ മന്ത്രിമാരും ഉപദേശകരും ഉണ്ടായിരുന്നു. റൊഡ്രിഗ്‌സ് പാതിരിയും അന്റോണിയോ മറ്റാസോയും അദ്ദേഹത്തിനടുത്തുതന്നെയുണ്ടായിരുന്നു.'
സാമൂതിരി പ്രത്യക്ഷപ്പെട്ടതോടെ പീരങ്കിപ്പട സംഗീത അകമ്പടിയോടെ അഭിവാദ്യമര്‍പ്പിച്ചു. കപ്പലുകളില്‍നിന്ന് പ്രത്യഭിവാദ്യങ്ങളുമുണ്ടായി. സാമൂതിരിയും ഫുര്‍താദോയും അവരുടെ ഇരിപ്പിടങ്ങളില്‍നിന്ന് ഉപചാരവാക്കുകള്‍ പറയുകയും, ഒരു യുദ്ധമുണ്ടാവുകയാണെങ്കില്‍ ശക്തമായ സഹകരണമുണ്ടാകുമെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. കുഞ്ഞാലി കപ്പല്‍പ്പടയുമായി വന്നാല്‍, ഫുര്‍താദോ ഭയപ്പെടേണ്ടതില്ലെന്നും, കീഴടങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ വിശ്വസ്തനായി സമാധാനത്തോടെ വര്‍ത്തിക്കാമെന്ന് അയാളെ ബോധ്യപ്പെടുത്താമെന്നും, സാമൂതിരി ഫുര്‍താദോവിനോടു പറഞ്ഞു. പിന്നെ സാമൂതിരിയും 20 മുസ്‌ലിങ്ങളുംകൂടി കോട്ടയിലേക്കു പ്രവേശിച്ചു കുഞ്ഞാലിയെ കൊണ്ടുവരുന്നതാണെന്നും കീഴടങ്ങുന്ന നിമിഷം, സാമൂതിരിയുടെയും അയാളുടെ ആള്‍ക്കാരുടെയും അഭാവം ശ്രദ്ധിച്ചാല്‍ കുഞ്ഞാലി ഇതൊരു വലിയ അപമാനമായി കരുതുമെന്നും, ഒരു വലിയ യുദ്ധമുണ്ടാകുമെന്നും കരുതി. ഒരു യുദ്ധത്തിനുള്ള എല്ലാ സഹായങ്ങളും തന്റെ രാജ്യത്തെ എല്ലാ വസ്തുക്കളും തരുന്നതോടൊപ്പം ജാമ്യത്തടവുകാരെയും പ്രദാനം ചെയ്യാമെന്നും സാമൂതിരി ഫുര്‍താദോവിന് വാക്കു കൊടുക്കുകയും പുതിയൊരു ധാരണയില്‍ ഒപ്പുവെക്കുകയും ചെയ്തു. കോട്ട പിടിച്ചെടുക്കാനായി 1000 ജോലിക്കാര്‍, 15 ആനകള്‍, ആശാരിപ്പണികള്‍ക്കുള്ള മരം, ആവശ്യത്തിന് ആശാരിമാര്‍, തൂമ്പകള്‍, കൊട്ടകളടക്കം 5000 നായന്മാര്‍ എന്നിവരെ കൊടുത്തു. നാവികരടക്കം നാല് ഉരുക്കളും യോദ്ധാക്കളടക്കം 30 ചങ്ങാടങ്ങളും കോട്ടപ്പുഴയുടെ കാവലിനായി നല്കാമെന്നും സാമൂതിരി ഉറപ്പു നല്കി. കൂടാതെ, കോഴിക്കോട്ട് പോര്‍ച്ചുഗീസുകാര്‍ക്ക് ദേവാലയങ്ങള്‍ പണിയാനും ഫുര്‍താദോവിന് പൊന്നാനിയിലെ മുഖ്യനെയും പുതൂര്‍, തൊളാപ്പ് നായന്മാര്‍ എന്നിവരെയും ജാമ്യത്തടവുകാരായി വിട്ടുകൊടുക്കാനും കൂടാതെ തന്റെ അനന്തരവരെ പടയോട്ടസമയം മുഴുവന്‍ പോര്‍ച്ചുഗീസുകാരുടെ സുരക്ഷയ്ക്കായി കൊച്ചിയില്‍ നിര്‍ത്താമെന്നും സാമൂതിരി അംഗീകരിച്ചു. പെഡ്രോ ഡി നൊറോണ, ജെറോണിമോ ബോതെല്ലോ, ക്യാപ്റ്റന്‍ അന്റോണിയോ മറ്റാസോ, രണ്ടു പാതിരിമാര്‍ എന്നിവരെ പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയോടൊപ്പം നിര്‍ത്തി. ഇതിനെല്ലാം ഫുര്‍താദോ സാമൂതിരിക്ക് നന്ദി പറഞ്ഞു. യുദ്ധത്തിനുശേഷം കോട്ട പൂര്‍ണമായും തകര്‍ത്ത് കപ്പലുകളും സാധനസാമഗ്രികളും ഖജനാവും പീരങ്കിപ്പടയുമെല്ലാം തുല്യമായി ഭാഗിക്കാനും തീരുമാനിച്ചു. കുഞ്ഞാലിയെ ജീവനോടെ പിടിക്കപ്പെട്ടാല്‍ പോര്‍ച്ചുഗീസുകാരുടെ അധീനതയില്‍ വെക്കുവാനും തീരുമാനിക്കപ്പെട്ടു. കോട്ടയ്ക്കല്‍ പട്ടണം സാമൂതിരി നിലനിര്‍ത്തും. കീഴടക്കല്‍പ്രക്രിയയുടെ കൂടുതല്‍ കാര്യങ്ങള്‍ക്കായി ഫുര്‍താദോവിന്റെ ആഗ്രഹമനുസരിച്ച് ഫ്രാന്‍സിസ് റൊഡ്രിഗ്‌സ് പാതിരിയെയും തന്റെ മന്ത്രിമാരെയും അയയ്ക്കാമെന്നും സാമൂതിരി പറഞ്ഞു. ഫുര്‍താദോ സാമൂതിരിക്ക് ഒരു സ്വര്‍ണനിര്‍മിത കണ്ഠാലങ്കാരവും (Collar) മന്ത്രിമാര്‍ക്ക് മറ്റു സമ്മാനങ്ങളും വൈസ്രോയിയുടെ കല്പനപ്രകാരം നല്കി. കാരണം, ലോകത്തെവിടെയും, പൗരസ്ത്യദേശത്ത് പ്രത്യേകിച്ചും, ധാരണകള്‍ക്കു മുന്‍പേ സമ്മാനങ്ങളുണ്ടല്ലോ!
1599 ഡിസംബര്‍ 16 രാത്രി ഫുര്‍താദോവിന്റെ കപ്പലിലേക്ക് ജാമ്യത്തടവുകാരെ സാമൂതിരി കൈമാറി. ആ രാത്രി കുഞ്ഞാലിയുടെ ചില മുസ്‌ലിം ഉപദേശകര്‍ ഫുര്‍താദോവിനെ കാണണമെന്ന് അഭ്യര്‍ഥിച്ചു. എന്നാല്‍ മറ്റൊരു വിഭാഗം അത്തരമൊരു അപേക്ഷ നിരസിക്കണമെന്ന് കുഞ്ഞാലിയെ നിര്‍ബന്ധിക്കുകയും രക്ഷപ്പെടുന്നതൊഴിവാക്കാന്‍ കൂടുതല്‍ സുരക്ഷാകവചം തീര്‍ക്കേണമെന്നഭ്യര്‍ഥിക്കുകയും ചെയ്തു.
ഈ സമയം, ക്യാപ്റ്റന്‍ ലൂയി ഗാമയെ ജയിച്ച അഭിമാനത്തോടെ കുഞ്ഞാലി സാമൂതിരിയുമായി ഒരു ധാരണയ്ക്കുമില്ലാതെ മറ്റൊരു യുദ്ധമുണ്ടായാല്‍ ചെറുക്കാന്‍വേണ്ടി സ്വന്തം സ്ഥാനം ശക്തിപ്പെടുത്തി. പോര്‍ച്ചുഗീസുകാര്‍ മറ്റൊരു യുദ്ധത്തിനായി തയ്യാറെടുത്തു. കുഞ്ഞാലി ലോകത്തെയും മുസ്‌ലിങ്ങളെയും ആകര്‍ഷിക്കാന്‍ 'ഇസ്‌ലാമിന്റെ സംരക്ഷകന്‍', 'പോര്‍ച്ചുഗീസുകാരുടെ അന്തകന്‍' എന്നുള്ള വിശേഷണങ്ങളോടെ അറിയപ്പെട്ടു. പൊന്നാനിയിലെയും തീരദേശങ്ങളിലെയും മുസ്‌ലിങ്ങളുടെ സഹായം അഭ്യര്‍ഥിച്ച കുഞ്ഞാലിക്ക് നിരാശയായിരുന്നു ഫലം. മംഗലാപുരം രാജാവുമായുള്ള യുദ്ധത്തില്‍ കുഞ്ഞാലി സഹായിച്ച ഉള്ളാളിലെ റാണി മാത്രം 3000 ചാക്ക് അരി അയച്ചുകൊണ്ട് സഹായിച്ചെങ്കിലും അത് പോര്‍ച്ചുഗീസുകാര്‍ വഴിയില്‍ തടസ്സപ്പെടുത്തി.
കുഞ്ഞാലിയുടെ സുസജ്ജമായ കോട്ട തകര്‍ക്കല്‍ അത്ര എളുപ്പമായിരുന്നില്ല. 1599 ഡിസംബര്‍ 19ന് ഫുര്‍താദോ കോട്ട പരിശോധിച്ചു. തെക്കുവശം രണ്ടു വന്‍ കിടങ്ങുകള്‍ നിരീക്ഷിച്ചു. ഒന്നു മരംകൊണ്ടും മറ്റേത് കല്ലുകൊണ്ടുമായിരുന്നു നിര്‍മിച്ചത്. ഫുര്‍താദോ തന്റെ കപ്പിത്താന്മാരുമായി സുദീര്‍ഘചര്‍ച്ചയിലേര്‍പ്പെട്ടു. കപ്പലുകളുടെ ഒരു നിരതന്നെ പടുത്തുയര്‍ത്തി. ഭക്ഷ്യവസ്തുക്കളെത്തുന്ന മാര്‍ഗം പൂര്‍ണമായും തടുക്കാനും ആക്രമണം ശക്തിപ്പെടുത്താനും തീരുമാനിച്ചു. കപ്പലുകള്‍ പല വ്യൂഹങ്ങളായി തിരിച്ച് ഓരോന്നിനും പ്രത്യേകം ചുമതലകളേല്പിച്ചു. താന്‍തന്നെ ഒരു മഞ്ചുവില്‍ നിന്നുകൊണ്ട് എല്ലാം നിരീക്ഷിച്ചു. ഈ സമയം 5നൗകകളും 200 നാവികരും കൊച്ചിയില്‍നിന്നു വന്നു. രണ്ടു കപ്പല്‍ നിറയെ ഇന്ത്യന്‍ ക്രിസ്ത്യാനികളും സെയിന്റ് തോമില്‍നിന്നു വന്നുചേര്‍ന്നു. 1600 ഫെബ്രുവരി ആകുമ്പോഴേക്കും 450 യോദ്ധാക്കളോടെ 21 കപ്പലുകളും വടക്കുനിന്നെത്തി. 11 നൗകകളും 340 യോദ്ധാക്കളുമായി ഡയഗോമൊനിസ് ബറെതൊവിന്റെ നേതൃത്വത്തില്‍ ഒരു കപ്പല്‍പ്പടതന്നെ വന്നുചേര്‍ന്നു. ഭക്ഷ്യവസ്തുക്കളും യുദ്ധസാമഗ്രികളും പീരങ്കികളുമായി ബറോസ് ഡിസൂസയുടെ നേതൃത്വത്തില്‍ അവസാനത്തെ കപ്പലുമെത്തി.
Art by Vijesh viswam
വര: വിജേഷ് വിശ്വം

മാമാങ്കവുമായി ബന്ധപ്പെട്ട് സാമൂതിരി രണ്ടു മാസം അകലേയായിരുന്നതിനാല്‍ ഈ സമയം ഒന്നും സംഭവിച്ചില്ല. സാമൂതിരിയുടെ സാന്നിധ്യമില്ലാതെ ഫുര്‍താദോവിന് ഒരു ആക്രമണം അസാധ്യമായിരുന്നു. പക്ഷേ, ഈ കാലം കൂടുതല്‍ സജ്ജീകരണത്തിനായി ഉപയോഗപ്പെടുത്തി. എന്നാല്‍ ഇരുമ്പുദണ്ഡുകളും നങ്കൂരങ്ങളും മറ്റുമുപയോഗിച്ച് കുഞ്ഞാലി പടുത്തുയര്‍ത്തിയ സുരക്ഷാകവചം ഭേദിക്കുക എന്ന സാഹസമായ കൃത്യം ഇക്കാലത്ത് നിര്‍വഹിക്കപ്പെട്ടു. ഇതിനാല്‍ അയാളുടെ പീരങ്കിപ്പടയെ കോട്ടയുടെ സമീപമെത്തിക്കാന്‍ കഴിഞ്ഞു. ചെറുത്തുനില്ക്കാനും ആക്രമിക്കാനും തീരംതന്നെ തിരഞ്ഞെടുത്തു. കോട്ടയിലേക്ക് പോര്‍ച്ചുഗീസ് കപ്പലുകള്‍ക്ക് നിര്‍ബാധം പ്രവേശിക്കാനായി ബങ്കറുകളും ഇടനാഴികളും നിര്‍മിച്ചുകൊണ്ട് കുഞ്ഞാലിയുടെ പീരങ്കിത്താവളങ്ങളുടെ സാമീപ്യം നിര്‍ണയിച്ചു.
ഗോവയില്‍നിന്ന് വൈസ്രോയി ആക്രമണം നീട്ടിക്കൊണ്ടുപോകാനും കുഞ്ഞാലിയുടെ പതനം സുനിശ്ചിതമാക്കാനുമുള്ള എല്ലാ നിര്‍ദേശങ്ങളും കൊടുത്തു. ഇത് ഇഷ്ടപ്പെടാതെ ഫുര്‍താദോ തന്റെ കപ്പിത്താന്മാരെ വിളിച്ചു പെട്ടെന്നുള്ള ആക്രമണത്തിനുള്ള അനിവാര്യത ബോധ്യപ്പെടുത്തുകയും ദൂരേനിന്നുള്ള നിര്‍ദേശങ്ങള്‍ പലപ്പോഴും വന്‍നാശത്തിനു ഹേതുവാകുമെന്നും പറഞ്ഞു. കപ്പലുകളെ തിരിച്ചയയ്ക്കണമോ യുദ്ധം നീട്ടിക്കൊണ്ടുപോകണമോ എന്ന കാര്യം കൗണ്‍സിലിന്റെ മുന്നില്‍ വെച്ചെങ്കിലും അപകടസാധ്യതയില്ലാത്ത ഒരു യുദ്ധവുമില്ലെന്ന പൊതുധാരണയോടെ എല്ലാവരും പെട്ടെന്നുള്ള യുദ്ധത്തിന് അംഗീകാരം നല്കി. ഈ വിവരം വൈസ്രോയിയെ അറിയിക്കുകയും ചെയ്തു. വരാനിരിക്കുന്ന യുദ്ധം നിര്‍ണായകമാണ്. സൂക്ഷ്മതയും ശ്രദ്ധയും അനിവാര്യമാണെന്ന് ഫുര്‍താദോ ധരിച്ചു. കുഞ്ഞാലിയുടെ ശ്രദ്ധ പല ഭാഗങ്ങളിലാക്കി ഫുര്‍താദോ തുടങ്ങിയ ആക്രമണം ഒന്നാംഘട്ടം പിന്നിട്ടപ്പോള്‍ ആദ്യ ബങ്കര്‍ പിടിച്ചെടുക്കാനായി.
നദീമുഖം കേന്ദ്രീകരിച്ച് ആന്ത്രെ റൊഡ്രിഗ്‌സ് അറുനൂറുപേരുടെ സഹായത്തോടെ കോട്ട ആക്രമിച്ചുതുടങ്ങി. ഭൂഭാഗത്തുനിന്ന് ക്യാപ്റ്റന്‍ പെരേരയും ആക്രമണം തുടങ്ങി. ഒരേസമയത്തുള്ള ഈ ആക്രമണങ്ങള്‍ കുഞ്ഞാലിയെ തളര്‍ത്തിയെങ്കിലും തുടര്‍ന്നുള്ള ശക്തമായ ഏറ്റുമുട്ടലുകള്‍ വന്‍ദുരന്തങ്ങള്‍ ഒഴിവാക്കി. പോര്‍ച്ചുഗീസുകാരില്‍ പത്തുപേര്‍ കൊല്ലപ്പെടുകയും എഴുപത്തൊമ്പതുപേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. ക്യാപ്റ്റന്‍ നെറോണയും മുന്നൂറുപേരും ചേര്‍ന്ന് ഒരു ആക്രമണത്തിനൊരുമ്പെട്ടെങ്കിലും വിജയിച്ചില്ല.
ഈ സാഹചര്യത്തില്‍ ഫുര്‍താദോ നേരിട്ട് ഇടപെട്ടുകൊണ്ട് യുദ്ധതന്ത്രം മാറ്റി തന്റെ പീരങ്കിപ്പടയുടെ സ്ഥാനം കോട്ടപ്പുഴയുടെ മറുകരയിലേക്കു മാറ്റി. വരാനിരിക്കുന്ന ശൈത്യകാലം ഒരു യുദ്ധമില്ലാക്കാലമാകുന്നത് കുഞ്ഞാലിക്ക് കൂടുതല്‍ ശക്തി പകരുമെന്നും അത് സാമൂതിരിയില്‍പ്പോലും മനംമാറ്റം ഉണ്ടാക്കാമെന്നും ഭയന്ന ഫുര്‍താദോ ഒരന്തിമപോരാട്ടത്തിനുതന്നെ തയ്യാറെടുത്തു. അഴിമുഖം പൂര്‍ണമായും തന്റെ പീരങ്കികളാല്‍ നിറയ്ക്കപ്പെട്ടു. കടലിലെ പ്രതിരോധം കാരണം 800 മുസ്‌ലിങ്ങള്‍ മാത്രമുള്ള കുഞ്ഞാലിയുടെ സങ്കേതം ഭക്ഷ്യദൗര്‍ലഭ്യത്താല്‍ ദുരിതമനുഭവിച്ച് ക്ഷീണിച്ചവശരാകുമെന്നും കണക്കാക്കി തന്റെ പടയാളികളെ വിഭജിച്ച് ഒരു വിഭാഗത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുത്ത് ഫുര്‍താദോതന്നെ ആക്രമണം തുടങ്ങി.

1600 മാര്‍ച്ചില്‍ സാമൂതിരിയും മാമാങ്കം കഴിഞ്ഞു തിരിച്ചെത്തി. സാമൂതിരിയുടെ തിരിച്ചുവരവറിഞ്ഞ കുഞ്ഞാലി ധാരാളം പണവുമായി പോര്‍ച്ചുഗീസുകാരില്‍നിന്ന് സുരക്ഷ അഭ്യര്‍ഥിച്ചുകൊണ്ട് സന്ദേശകരെ അയച്ചു. ഇത് സാമൂതിരി അംഗീകരിച്ചു. ഇരുനൂറ്റമ്പതു മുതല്‍ മുന്നൂറോളം മുസ്‌ലിങ്ങള്‍ കോട്ടയില്‍നിന്നു പുറത്തുവന്നു. 700 സ്ത്രീകളെയും കുറെ കുഞ്ഞുങ്ങളെയും ബെല്‍ഷിയേര്‍ ഫെരീറയുടെ കൈയിലേല്പിച്ചു. എന്നാല്‍ ഫെരീറ ഇത് സംശയത്തോടെ കാണുകയും പോര്‍ച്ചുഗീസ് താത്പര്യസംരക്ഷണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സാമൂതിരിക്ക് മാത്രമായിരിക്കുമെന്നു കരുതി കുഞ്ഞാലിയുടെ ബങ്കര്‍ തീയിടുകയും ചെയ്തു. ഈ സംഭവം, സുരക്ഷ വാഗ്ദത്തം ചെയ്ത തന്നോട് കുഞ്ഞാലിക്ക് കൂടുതല്‍ പകയുണ്ടാക്കാനിടയാക്കുമെന്ന് സാമൂതിരി കരുതി. ഫുര്‍താദോ സാമൂതിരി ആക്രമണം നീട്ടിക്കൊണ്ടുപോകുന്നതായി സംശയിക്കുകയും കുഞ്ഞാലി രക്ഷപ്പെട്ടുപോയേക്കുമോ എന്നു കരുതുകയും ചെയ്തു. അങ്ങനെ കോട്ടയെ നശിപ്പിക്കാനുള്ള മുന്‍ തീരുമാനം മാറ്റിക്കൊണ്ട് കോട്ടയ്ക്കല്‍ഗ്രാമം മുഴുവനും പൊടുന്നനേ ആക്രമിച്ചു. ഈ സമയം കോട്ടയ്ക്കല്‍ പുഴയിലേക്കു പ്രവേശിച്ച രണ്ടു കപ്പലുകളെ കുഞ്ഞാലിയുടെ നാവികര്‍ അഗ്നിക്കിരയാക്കി.
കൂടുതല്‍ സന്നാഹങ്ങളോടെ വന്ന കുഞ്ഞാലി ധാരാളം പോര്‍ച്ചുഗീസ് കപ്പലുകളെ നശിപ്പിക്കുകയും കുറെയേറെ അവരുടെ കപ്പിത്താന്മാരെ പിടിക്കുകയും ചെയ്തു. ഫുര്‍താദോവും മുന്നൂറോളം യോദ്ധാക്കളും ചേര്‍ന്ന് കോട്ടമതിലില്‍ കയറി ആക്രമണം തുടങ്ങി. അഞ്ചു ദിവസം നീണ്ട ഈ ആക്രമണത്തില്‍ കോട്ടയ്ക്കല്‍ പട്ടണം പൂര്‍ണമായും നശിച്ചു. കുഞ്ഞാലിയും കൂട്ടരും ധീരമായി നേരിട്ടെങ്കിലും കോട്ടയുടെ പതനം ആസന്നമായിരുന്നു. പൂര്‍ണമായും പോര്‍ച്ചുഗീസ് അധീനതയിലായ കോട്ടയുടെ സുരക്ഷയും അവര്‍ക്കുതന്നെയായിരുന്നു. ഇക്കാര്യം പറഞ്ഞുകൊണ്ട് നേരത്തേയുള്ള ഉടമ്പടി മാനിക്കുന്നില്ലെന്നും സാമൂതിരിയെ അദ്ദേഹത്തിന്റെ ഉപദേശകരായ ചില നായര്‍പ്രമാണിമാര്‍ തെറ്റിദ്ധരിപ്പിച്ചു. അങ്ങനെ പോര്‍ച്ചുഗീസുകാര്‍ പടുത്തുയര്‍ത്തിയ പലതും നായന്മാര്‍ നശിപ്പിച്ചു. ഇതു കേട്ടറിഞ്ഞ ഫുര്‍താദോ ഇങ്ങനെ പറഞ്ഞു: 'ഒരു ദിവസംപോലുമില്ലാതെ കുറഞ്ഞ ശക്തികൊണ്ട് ഇതെല്ലാം തകര്‍ക്കുകയും ഭരണാധികാരികളെ നിഷ്‌കാസനം ചെയ്യുകയും ചെയ്തതുപോലെ കോഴിക്കോട്ടെ സാമൂതിരിയെയും ഇല്ലാതാക്കും.'
ഈ സാഹചര്യത്തില്‍ സാമൂതിരി ഫുര്‍താദോവിനെ കാണാന്‍ താത്പര്യപ്പെട്ടു. സാമൂതിരിയുടെ പരിഹാസ്യമായ സ്വഭാവം ബോധ്യപ്പെടുത്താന്‍ ആയുധമേന്തിയുള്ള കൂടിക്കാഴ്ചയാണു നല്ലതെന്ന് ഫുര്‍താദോ മറുപടി നല്കി. വൈമനസ്യത്തോടെ സാമൂതിരി വഴങ്ങി. 40,000 ആള്‍ക്കാരോടെ നിശ്ചയിച്ച സ്ഥലത്ത് കണ്ടുമുട്ടി. സംഭാഷണം കേള്‍ക്കാതിരിക്കാന്‍ പട്ടാളക്കാരോടു മാറിനില്ക്കാന്‍ പറഞ്ഞു. ഇരുവരും കരുതലോടെയായിരുന്നു. ഫുര്‍താദോ ശബ്ദമുയര്‍ത്തി സാമൂതിരിയോടായി പറഞ്ഞു: 'രാജാക്കന്മാരുടെ തല കൊയ്ത് മറ്റുള്ളവരെ അധികാരത്തിലേറ്റിയവനാണ് ഞാന്‍. നിങ്ങളുടെ സഹായത്തോടെ കുഞ്ഞാലി രക്ഷപ്പെടുകയാണെങ്കില്‍ ഞാന്‍, ആന്ത്രേ ഫുര്‍താദോ, എന്റെ യോദ്ധാക്കളോടെ കോഴിക്കോട്ടേക്ക് മാര്‍ച്ച് ചെയ്ത് അതു മുഴുവന്‍ കത്തിച്ചാമ്പലാക്കുകയും കൊള്ളയടിക്കുകയും ചെയ്യും. നിങ്ങളെ ശിക്ഷിക്കാന്‍ എല്ലാ കാരണങ്ങളുമുണ്ട്. കാരണം, നിങ്ങള്‍ നിങ്ങളുടെ വാഗ്ദത്തം നിറവേറ്റിയില്ല.'
1600 മാര്‍ച്ചുമാസം 10ന് ഫുര്‍താദോ പീരങ്കികളോടെ കോട്ടയില്‍ പ്രവേശിച്ച് വന്‍ നാശം വരുത്തി. സാമൂതിരി പെട്ടെന്ന് ഇടപെടുകയും ഫുര്‍താദോവിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തന്ത്രപൂര്‍വം ഫുര്‍താദോ വൈസ്രോയിയുടെ ഇംഗിതം മാത്രം നടപ്പാക്കുന്നു എന്നു പറഞ്ഞു സാമൂതിരിയെ വശത്താക്കി. അയാള്‍ വെടിയുണ്ടകള്‍ ഉതിര്‍ത്തുകൊണ്ടേയിരുന്നു. പോര്‍ച്ചുഗീസ് വിജയം അടുത്തെന്നു കണ്ട് ആക്രമണം നിര്‍ത്താനും അയാള്‍ തയ്യാറായില്ല. ശക്തമായ പോര്‍ച്ചുഗീസ് പ്രതിരോധം കാരണം കുഞ്ഞാലിയുടെ ആള്‍ക്കാര്‍ ഭക്ഷണംപോലുമില്ലാതെ കോട്ടയ്ക്കകത്ത് നിരാലംബരായി. നിസ്സഹായമായ ഈ അവസ്ഥ മനസ്സിലാക്കിയ കുഞ്ഞാലി അദ്ദേഹത്തിന്റെ എക്കാലത്തെയും യജമാനനും രക്ഷകനുമായ സാമൂതിരിക്ക് കോട്ട സമര്‍പ്പിക്കാമെന്നും മാപ്പു നല്കണമെന്നും അഭ്യര്‍ഥിച്ചു. സാമൂതിരിക്കല്ലാതെ കീഴടങ്ങുകയില്ലെന്ന് കുഞ്ഞാലി ശപഥം ചെയ്തു. തന്റെ സ്വാഭാവികമായ വഞ്ചനയോടെ ദൂതരുടെ വിവരങ്ങളും തീരുമാനങ്ങളും എല്ലാ ഉള്ളടക്കത്തോടെയും സാമൂതിരി ഫുര്‍താദോവിനെ അറിയിക്കുകയും കുഞ്ഞാലിയെയും അദ്ദേഹത്തിന്റെ മുഖ്യ കപ്പിത്താന്മാരെയും കൈയിലേല്പിക്കാമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു.
സാമൂതിരിയുടെ ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഫുര്‍താദോ താത്കാലികമായി സന്ധിയാവുകയും വടക്കുഭാഗത്തുനിന്ന് മുസ്‌ലിംശക്തികള്‍ രക്ഷപ്പെടുന്നതു തടയാന്‍ ഡിയാഗൊ ബറത്തോവിനെ ഏര്‍പ്പാടാക്കുകയും ചെയ്തു. സാമൂതിരിയുമായുള്ള ധാരണയനുസരിച്ച് 250 ആള്‍ക്കാരോടെ കുഞ്ഞാലി അദ്ദേഹത്തിന്റെ മുന്‍പില്‍ വന്നു. ഈ സാഹചര്യം മുതലെടുത്ത്, ബെല്‍ഷിയോര്‍ ഫെരീറ ഒരു വന്‍ മുന്നേറ്റം നടത്തി. വീടുകളും കപ്പലുകളും അഗ്നിക്കിരയാക്കി. താന്‍ കീഴടങ്ങാനുള്ള ആവശ്യം സാമൂതിരിയുടെ ഒരു വഞ്ചനയാണെന്നു മനസ്സിലാക്കിയ കുഞ്ഞാലി കീഴടങ്ങാതെ കോട്ടയിലേക്കു തിരിച്ചുപോയി.
പോര്‍ച്ചുഗീസ് താത്പര്യങ്ങള്‍ക്കു വിരുദ്ധമായി സാമൂതിരി കുഞ്ഞാലിയുമായി സന്ധിയാകുമോ എന്ന ഭയപ്പാടോടെ ഫുര്‍താദോ പുതിയ നീക്കങ്ങള്‍ നടത്തി. ദിവസങ്ങള്‍ കഴിഞ്ഞു. ക്ഷമ നഷ്ടപ്പെട്ട ഫുര്‍താദോ സാമൂതിരിക്ക് അന്ത്യശാസനം കൊടുത്തു: 'കുഞ്ഞാലി കീഴടങ്ങുന്നില്ലെങ്കില്‍ കോട്ട ആക്രമിച്ച് എല്ലാവരെയും കൊല്ലു'മെന്ന്. മാര്‍ച്ച് 16 കീഴടങ്ങല്‍ദിനമായി അയാള്‍ പ്രഖ്യാപിച്ചു. കര്‍മനിരതനായ സാമൂതിരി കുഞ്ഞാലിയോടു കീഴ്‌പ്പെടണമെന്ന് സന്ദേശമയച്ചു.
art by vijesh viswam
വര: വിജേഷ് വിശ്വം

കുഞ്ഞാലിയുടെ കീഴ്‌പ്പെടല്‍ സാമൂതിരി അംഗീകരിച്ചുവെന്ന് പോര്‍ച്ചുഗീസുകാര്‍ക്ക് ബോധ്യമായി. ഫുര്‍താദോ കുഞ്ഞാലിയെ ബലംപ്രയോഗിച്ച് പിടിക്കുന്നു എന്ന വ്യാജേന അയാളുടെ ഇഷ്ടംപോലെ സാമൂതിരിയുടെ നിയന്ത്രണത്തില്‍നിന്നും മോചിതനാക്കുമെന്നും കരുതി. ഈ സമയം മുസ്‌ലിങ്ങള്‍ ഫുര്‍താദോയെ കാണാന്‍ ആഗ്രഹിച്ചെങ്കിലും അയാള്‍ സമ്മതിച്ചില്ല. വേണമെങ്കില്‍ ഒരാള്‍ക്ക് സാമൂതിരിയോടു മാത്രം സംസാരിക്കാമെന്നും അതും മറ്റാരോടും ഒന്നും ഉരിയാടുകയില്ലെന്നുള്ള ഉറപ്പിന്മേലും മാത്രം. കുഞ്ഞാലിയും മുഖ്യ അനുയായികളും സാമൂതിരിക്ക് കീഴടങ്ങാമെന്നത് മുസ്‌ലിങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഫുര്‍താദോ ഒന്നും എഴുതി നല്കിയില്ല.
1600 മാര്‍ച്ച് 16നു കീഴടങ്ങല്‍
നിശ്ചയിക്കപ്പെട്ട ദിവസം കോഴിക്കോട്ട് നായന്മാരും പോര്‍ച്ചുഗീസുകാരും പരസ്പരം മുഖാമുഖം രണ്ടു വരിയായി കോട്ടയ്ക്ക് അഭിമുഖമായി കീഴടങ്ങുന്നവര്‍ക്ക് ഒരിടനാഴി സൃഷ്ടിച്ചുകൊണ്ട് നിലയുറപ്പിച്ചു. ഫുര്‍താദോയും സാമൂതിരിയും തങ്ങളുടെ പടയാളികള്‍ക്കു മുന്‍പില്‍ കീഴടങ്ങലിന് നേതൃത്വം കൊടുത്തുകൊണ്ട് മുഖാമുഖം ഇരുന്നു. പരസ്പരം സംശയവും വിശ്വാസക്കുറവുമുണ്ടെന്ന് അവരുടെ മുഖഭാവങ്ങളില്‍നിന്നു വ്യക്തമായിരുന്നു. കോട്ട പോര്‍ച്ചുഗീസുകാര്‍ കൈയടക്കുന്നതിനെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു സാമൂതിരിയുടെ ലക്ഷ്യം. കീഴടങ്ങല്‍പ്രക്രിയ വളരെ പെട്ടെന്നാവണമെന്ന് ഫുര്‍താദോയും നിര്‍ബന്ധിച്ചു. അവസാനം 400 മുസ്‌ലിങ്ങള്‍ കോട്ടയില്‍നിന്നു പുറത്തു വന്നു. സ്ത്രീകളും കുട്ടികളും രോഗികളും പൊള്ളലേറ്റവരുമായവരുടെ നില വളരെ ദയനീയമായിരുന്നു. അവരുടെ ശോചനീയാവസ്ഥ കണ്ട് സാമൂതിരി അവരെ പോകാനനുവദിച്ചു. അവരെ പിന്തുടര്‍ന്ന് നിരായുധരായ യോദ്ധാക്കളും വന്നു. അവസാനം കുഞ്ഞാലി, ചിന്നകുട്ട്യാലി അടക്കമുള്ള മൂന്നു കപ്പിത്താന്മാരോടുകൂടി വന്നു. ഉദ്യോഗസ്ഥരും പാചകക്കാരും ജോലിക്കാരും തുടര്‍ന്നു വന്നു. കുഞ്ഞാലി തന്റെ മൂന്നു കപ്പിത്താന്മാര്‍ക്കിടയില്‍ നടന്നു. ഒരു പ്രഭുവിനെപ്പോലെ വസ്ത്രധാരണം നടത്തിയ കുഞ്ഞാലിയുടെ ഉടുപ്പില്‍ സ്വര്‍ണക്കുടുക്കുകളും അരപ്പട്ട, സ്വര്‍ണയുറയോടുകൂടിയ കഠാര, വലതുകൈയില്‍ തടിയുള്ള സ്വര്‍ണവള, മോതിരം- എല്ലാം ഉണ്ടായിരുന്നു. തലയില്‍ ഒരു കറുത്ത പട്ടുറുമാലും കൈയില്‍ മുന താഴ്ത്തിപ്പിടിച്ച ഒരു വാളും ഉണ്ടായിരുന്നു. കുഞ്ഞാലി സാമൂതിരിയുടെ സമീപത്തേക്കു വിനയാന്വിതനായി നടന്നുചെന്നു സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് തന്റെ ഉടവാള്‍ സാമൂതിരിക്കു സമര്‍പ്പിച്ചു. സാമൂതിരിയുടെ മന്ത്രി ഇത് ഏറ്റുവാങ്ങി കീഴടങ്ങലിന്റെ സൂചനയായി ഫുര്‍താദോവിനെ കാണിച്ചു. കുഞ്ഞാലി തന്റെ ഐകദാര്‍ഢ്യവും ഗൗരവവും ഒരു വ്യക്തി എന്ന നിലയില്‍ പാലിച്ചു. ഫുര്‍താദോ വാള്‍ അയാളുടെ സൈനികരെ ഏല്പിച്ചു.
പെട്ടെന്ന് ഫുര്‍താദോ കുഞ്ഞാലിയുടെ ചുമലുകളില്‍ പിടിച്ചുവലിച്ച് ഒരു ഭാഗത്തേക്കു തള്ളി. സാമൂതിരിയുടെ സാന്നിധ്യത്തില്‍ കാരുണ്യം പ്രതീക്ഷിച്ച മുസ്‌ലിങ്ങള്‍ നഷ്ടബോധത്തോടെ ഓടാന്‍ ശ്രമിച്ചു. കുഞ്ഞാലി പിടിക്കപ്പെട്ടതു കണ്ട നായര്‍സേനാനികള്‍ കലാപത്തിനൊരുങ്ങിയെങ്കിലും ഫലവത്തായില്ല. കീഴടങ്ങല്‍ വ്യവസ്ഥകളെ മാനിക്കാതിരുന്ന പോര്‍ച്ചുഗീസുകാര്‍ ധീരനായ അവരുടെ പോരാളിയെ കൈകാര്യം ചെയ്യുന്നത് അവര്‍ക്ക് സഹിക്കാനാവുമായിരുന്നില്ല. കുഞ്ഞാലിയുടെ രണ്ടു കപ്പിത്താന്മാര്‍- കുഞ്ഞാലിയുടെ അനന്തരവന്‍ കുട്ട്യാലിയും ചിന്നകുട്ട്യാലിയും- ചേര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോര്‍ച്ചുഗീസുകാര്‍ പിടിച്ചു തടവിലാക്കി. തന്റെ നായര്‍സൈന്യത്തിന്റെ കലാപം വളരെ പണിപ്പെട്ടാണ് സാമൂതിരി അമര്‍ച്ച ചെയ്തത്.
സഖ്യശക്തികളായ ഫുര്‍താദോയും സാമൂതിരിയും വിജയാഹ്ലാദത്തോടെ പരസ്പരം കൈകോര്‍ത്ത് കോട്ടയില്‍ പ്രവേശിച്ച് നിലവിലുള്ള ഉടമ്പടികള്‍ പുനരാവിഷ്‌കരിച്ചു. ഫുര്‍താദോ കൊള്ളമുതലുകള്‍ വൈസ്രോയിക്കുവേണ്ടി വേണ്ടെന്നുവെക്കുകയും പീരങ്കികള്‍ മാത്രം തുല്യമായി വീതിച്ചെടുക്കുകയും ചെയ്തു. 28 പോര്‍ച്ചുഗീസുകാരും നായന്മാരും മുതലുകള്‍ അന്വേഷിച്ച് ദുരയോടെ പരക്കംപാഞ്ഞെങ്കിലും ഒന്നും കണ്ടെത്തിയില്ല എന്നു മാത്രമല്ല, ഏറ്റുമുട്ടലില്‍ പലരും മരിച്ചുവീണു. 'പോര്‍ത്തുഗലുമായി ശാശ്വതമായ സമാധാനത്തിന്റെ പ്രതിജ്ഞ' എന്ന് ആലേഖനം ചെയ്ത ഒരു സ്വര്‍ണവള സാമൂതിരി ഫുര്‍താദോവിനു സമ്മാനിച്ചു.29 'സൂര്യന്‍ നിലനില്ക്കുന്നേടത്തോളം കാലം ഒരു മുഹമ്മദീയനും ഈ ഭൂമിയില്‍ ജീവിക്കുകയില്ലെന്നും ആരെയെങ്കിലും കണ്ടാല്‍ പോര്‍ച്ചുഗീസുകാര്‍ക്ക് അവനെയും കുടുംബത്തെയും കൊല്ലാമെന്നും ഇത് 20 വര്‍ഷം നിലവിലുണ്ടാകുമെന്നും' പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. സഖ്യകക്ഷികളുടെ വിടവാങ്ങല്‍ വളരെ സൗഹാര്‍ദപൂര്‍വമായിരുന്നു. 'രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ശാശ്വതസമാധാനം, ഇവിടങ്ങളില്‍ മുസ്‌ലിങ്ങള്‍ തിരിച്ചുവരുന്നതിനു നിരോധനം, അവിടെ അഭയം തേടുന്ന കൊള്ളക്കാരെ കൈമാറല്‍' എന്നിങ്ങനെ വാക്കു കൊടുത്തുകൊണ്ട് സാമൂതിരി മറ്റൊരു സ്വര്‍ണത്തളിക നല്കാനും കല്പിച്ചു.
ഫുര്‍താദോ തന്റെ ഭാഗം യുദ്ധമുതലുമായി കോട്ട വിട്ടു. നേരത്തേ തീരുമാനിച്ചുറപ്പിച്ചതുപ്രകാരം പീരങ്കികളെല്ലാം നീക്കി കോട്ട പൂര്‍ണമായും നിലംപരിശാക്കി. പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലിയുടെ എല്ലാ കപ്പലുകളും അഗ്നിക്കിരയാക്കുകയും തെങ്ങിന്‍തോപ്പുകളും പുരയിടങ്ങളും നാമാവശേഷമാക്കുകയും ചെയ്തു. പള്ളിയും പട്ടണവും തീവെച്ചു നശിപ്പിച്ചു. പൂര്‍ണസംതൃപ്തിയുടെ സ്വയം പ്രകടനമായി കുഞ്ഞാലിയുടെ 40 വിശ്വസ്ത മുസ്‌ലിം അനുയായികളെ ഫുര്‍താദോവിന്റെ കൈയിലേല്പിച്ചു. അവരെ വൈസ്രോയിയുടെ കല്പനയോടെ വധിക്കാന്‍വേണ്ടി ഗോവയിലെത്തിക്കണമായിരുന്നു. ചിന്നകുട്ട്യാലിയെയും കുട്ട്യാലിയെയും ബഹുമാനിതരായി കണക്കാക്കി. 1600 മാര്‍ച്ച് 22 ഓടെ കുഞ്ഞാലി മരയ്ക്കാര്‍ക്കെതിരേയുള്ള പടയോട്ടം പര്യവസാനിച്ചു. പോര്‍ച്ചുഗീസ് വിജയം ഇന്ത്യയില്‍ രാജാക്കന്മാര്‍ക്കിടയില്‍ ഭയപ്പാടും വേവലാതിയും സൃഷ്ടിച്ചു. ഈ നിര്‍ഭാഗ്യം അവരിലും എപ്പോഴും വന്നുപെടാം എന്ന ആശങ്കയുമുണ്ടാക്കി.
marakkar

1600 മാര്‍ച്ച് 25ന് ഫുര്‍താദോവും കപ്പലുകളും ഗോവയിലേക്കു തിരിച്ചു. അയാളെ അനുഗമിക്കാന്‍ സാമൂതിരി തന്റെ പ്രതിനിധിയെ അയച്ചു. വഴിയില്‍ ഫുര്‍താദോ കണ്ണൂരില്‍ ഇറങ്ങി സ്വീകരണം ഏറ്റുവാങ്ങി. കണ്ണൂരിലായിരിക്കുമ്പോള്‍ കൊല്ലത്തു പോയി ആക്രമണം നടത്തണമെന്ന് ഗോവയില്‍നിന്ന് വൈസ്രോയി അറിയിച്ചെങ്കിലും അതു വകവെക്കാതെ ഫുര്‍താദോ ഗോവാതുറമുഖത്ത് 1600 ഏപ്രില്‍ 1ന് എത്തി. കൊല്ലത്തു പോകാന്‍ കപ്പലുകള്‍ സജ്ജമല്ലെന്ന് വൈസ്രോയിയെ ഉണര്‍ത്തിച്ചതിനാല്‍ വൈസ്രോയി വൈമനസ്യത്തോടെ ഗോവയിലെ കൗണ്‍സിലിനോട് അയാളെ ആദരിക്കാന്‍ ആവശ്യപ്പെട്ടു. സ്വീകരണം സാധിതമാക്കാന്‍ ഫുര്‍താദോവിന് പഞ്ചിമില്‍ 3-4 ദിവസം കാത്തിരിക്കേണ്ടിവന്നു. കുഞ്ഞാലിയെ വൈസ്രോയിയുടെ മുന്‍പിലെത്തിക്കാന്‍ തിടുക്കം കാട്ടിയ ഫുര്‍താദോവിനെ നിരാശനാക്കിക്കൊണ്ട് കാണികളുടെ മുന്‍പില്‍ ഒരു ഘോഷയാത്ര മുന്‍പ് പതിവില്ലാത്തതാണെന്നും കുഞ്ഞാലിയെ സ്വകാര്യമായി ഒരിടത്തെത്തിക്കാനും ഫുര്‍താദോവിന്റെ വിജയത്തില്‍ അസൂയാലുവായ വൈസ്രോയി ആവശ്യപ്പെട്ടു. പഞ്ചിമില്‍ തോരണങ്ങളും കൊടികളുമായി ധാരാളം ബോട്ടുകള്‍ പ്രത്യക്ഷപ്പെട്ടു. പട്ടണം മുഴുവന്‍ വിജയികളെ ആദരിക്കുവാനുള്ള ഉത്സവച്ഛായയിലായിരുന്നു. വാഹനവ്യൂഹം വൈസ്രോയിയുടെ കൊട്ടാരം അഭിമുഖീകരിച്ചു നിന്നു. നന്ദിപ്രകാശനം ഏറ്റുവാങ്ങി ദേവാലയംവരെ യാത്ര തുടര്‍ന്നു. ഫുര്‍താദോവിന്റെ നിര്‍ദേശപ്രകാരം നാലഞ്ചു മുസ്‌ലിംതടവുകാര്‍ കപ്പലിനു പുറത്തു വന്നു. കോപാകുലരായ ജനക്കൂട്ടം അവരെ കല്ലെറിഞ്ഞു കൊന്നു. വൈസ്രോയി ഓഡിറ്റര്‍ ജനറലിനോട് കുഞ്ഞാലിയെ കൊണ്ടുവരാനാവശ്യപ്പെട്ടു. തന്റെ വിജയത്തില്‍ അസൂയാലുവായ വൈസ്രോയിയെ സംശയിച്ച ഫുര്‍താദോ തന്റെ കപ്പല്‍ മണ്ടോവിനദിക്കരയിലേക്ക് നീക്കിയതുകാരണം കോപാകുലരായ ജനക്കൂട്ടം കൊടിതോരണങ്ങള്‍ വലിച്ചുകീറി പ്രതിഷേധിച്ചു.
വ്യത്യസ്ത നിറങ്ങളോടുകൂടിയ വെല്‍വെറ്റ് വസ്ത്രം ധരിച്ച കുഞ്ഞാലി നാലാമനെ സ്വകാര്യമായി വൈസ്രോയിയുടെ സങ്കേതത്തിലേക്ക് (Trunco) എത്തിച്ചു. ജനങ്ങള്‍ കുഞ്ഞാലിയുടെ പൊതുദര്‍ശനം കാംക്ഷിക്കുന്നുവെന്നു മനസ്സിലാക്കിയ വൈസ്രോയി പ്രത്യേക സുരക്ഷാവലയം തീര്‍ത്ത് 40 മുസ്‌ലിംതടവുകാരോടൊപ്പം കാരാഗൃഹത്തിലാക്കി. വൈസ്രോയിക്ക് പെട്ടെന്നുണ്ടായ അസുഖം കുഞ്ഞാലിയുടെ കുറ്റവിചാരണ താമസിപ്പിച്ചു. രോഗമോചിതനായി വൈസ്രോയി നിയമപാലകരോട് കുഞ്ഞാലിയെ വിസ്തരിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് നിയമപരമായ കാര്യങ്ങള്‍ നടത്തി. കുഞ്ഞാലിയെയും കൂട്ടരെയും കീഴടങ്ങല്‍ കരാര്‍ ലംഘിച്ചുകൊണ്ട് മരണശിക്ഷയ്ക്കു വിധിച്ചു. കുഞ്ഞാലി കാരാഗൃഹത്തില്‍ ധാരാളം ദുരനുഭവങ്ങള്‍ പങ്കുവെച്ചു. അയാള്‍ ആരെയും കാണാന്‍ കൂട്ടാക്കിയില്ല. ഒരുകൂട്ടം പുരോഹിതര്‍, തടങ്കല്‍ക്കാരെ ക്രിസ്തുമതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും ഫലവത്തായില്ല. കുഞ്ഞാലി ഒരുവിധത്തിലും വഴങ്ങിയില്ല. ഒരു പ്രത്യേക ഫ്രഞ്ച് മാതൃകയിലുള്ള കൊലമരം (Guillattine) വൈസ്രോയിയുടെ വസതിക്കു മുന്‍പില്‍ ഉയര്‍ത്തി. പ്രഭുക്കളും സാധാരണക്കാരും സ്ത്രീകളും വണിക്കുകളും ഗോവ സെന്റ്‌പോള്‍ സര്‍വകലാശാലയിലെ പുരോഹിതരും എല്ലാം ഒത്തുകൂടി ഒരാരവംതന്നെ സൃഷ്ടിച്ചു. മട്ടുപ്പാവില്‍നിന്ന് വൈസ്രോയിയും ആര്‍ച്ച് ബിഷപ്പും അതെല്ലാം സത്വരം വീക്ഷിച്ചു. കുഞ്ഞാലിയെ തൂക്കുമരത്തിലേക്കാനയിച്ചു. ആരോപിച്ച കുറ്റങ്ങള്‍ വായിച്ചത് രണ്ടു മാത്രം. കുഞ്ഞാലി പോര്‍ച്ചുഗലിന് രാജ്യദ്രോഹിയാണെന്നും ക്രിസ്തുമതത്തെ പീഡിപ്പിച്ചു എന്നും. ഇതു കേട്ട കുഞ്ഞാലി വലിയ മാന്യതയും ധൈര്യവും പ്രകടമാക്കി. തന്റെ കഴുത്ത് ചെരിയുന്നതോടെ മേളങ്ങളുടെ അകമ്പടിയില്‍ കോടാലി വീണു. ദിവസങ്ങളോളം നീണ്ടുനിന്നു മറ്റു മുസ്‌ലിംതടവുകാരുടെ വധശിക്ഷ പൂര്‍ത്തിയാക്കാന്‍. കുഞ്ഞാലിയുടെ മൃതദേഹം തുണ്ടംതുണ്ടമാക്കി കൈകാലുകള്‍ പഞ്ചിമിലും ബര്‍ദെയിലും പ്രദര്‍ശിപ്പിച്ചു. ശിരസ്സ് ഉപ്പിലിട്ട് കണ്ണൂരിലെ മുസ്‌ലിങ്ങളെ ഭീഷണിപ്പെടുത്താന്‍ അവിടേക്കയച്ചു. പോര്‍ച്ചുഗലിലും ഈ വിജയം ആഘോഷിച്ചു.
കുഞ്ഞാലി ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹം പുനര്‍ജനിച്ചതുപോലെ തോന്നാം. കൊര്‍ദ്വീപ് യുദ്ധത്തില്‍ പിടിക്കപ്പെട്ട കുഞ്ഞാലിയുടെ 13 വയസ്സായ ഒരു പിതൃസഹോദരപുത്രനെ ഫുര്‍താദോ ഗോവയില്‍ കൊണ്ടുവന്ന് ജ്ഞാനസ്‌നാനം ചെയ്ത് ക്രിസ്ത്യാനിയാക്കി ഒരു പോര്‍ച്ചുഗീസ് അനാഥയെ വിവാഹം ചെയ്യിച്ചു. പെഡ്രോ റൊഡ്രിഗ്‌സ് എന്ന ക്രിസ്ത്യന്‍നാമവും നല്കി. ഫ്രഞ്ച് സഞ്ചാരിയായ പിറാര്‍ഡ് ഡെ ലവാല്‍ അയാളെ കണ്ടതായും രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീടദ്ദേഹം അവിടെനിന്നു രക്ഷപ്പെട്ട് മലബാറിലെത്തി ഡച്ചുകാരോടൊപ്പം ചേര്‍ന്നും അല്ലാതെയും പോര്‍ച്ചുഗീസുകാരോട് പകരംവീട്ടിയതായും ധാരാളം പോര്‍ച്ചുഗീസ് രേഖകള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കുഞ്ഞാലി മരയ്ക്കാരുടെ ജീവിതവും പോരാട്ടങ്ങളും അന്ത്യവുമെല്ലാം വൈദേശിക കോളനിവത്കരണത്തിനെതിരേ നമ്മുടെ ചരിത്രം സാക്ഷ്യം വഹിച്ച അപൂര്‍വം ചെറുത്തുനില്പുകളിലൊന്നാണെന്നു പറയാം. ഒരു നൂറ്റാണ്ടിലധികം നീണ്ടുനിന്ന കുഞ്ഞാലിമാരുടെ പോരാട്ടങ്ങള്‍ തുല്യതയില്ലാത്ത സമരമുറകളുടെ ഒരു ഘോഷയാത്രയായിരുന്നെങ്കിലും അതിന്റെ നാടകീയവും ദയനീയവുമായ പര്യവസാനം പില്ക്കാല തലമുറകളുടെ വിമോചനപോരാട്ടങ്ങള്‍ക്ക് എന്നും ഒരു പാഠമായി അവശേഷിക്കും. കുഞ്ഞാലി എന്ന 'വിമതനെ' അന്നത്തെ വ്യവസ്ഥാപിതവര്‍ഗം എങ്ങനെ നിഷ്‌കാസനം ചെയ്തു എന്നതാവട്ടെ നമ്മെ അലട്ടേണ്ട എന്നത്തെയും ചോദ്യം.
വീണ്ടും ചെറുത്തുനില്പ്
കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ പതനത്തിനുശേഷം സാമൂതിരിക്കും കോഴിക്കോടിനും പോര്‍ച്ചുഗീസുകാര്‍ക്കെതിരായി മറ്റൊരു ചെറുത്തുനില്പിനു വേണ്ട കരുത്താര്‍ജിക്കുവാന്‍ കഴിഞ്ഞില്ല. എ.ഡി. 1600 വര്‍ഷത്തോടെ മലബാര്‍കരയിലേക്ക് ഡച്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും ശ്രദ്ധ പതിഞ്ഞുകഴിഞ്ഞിരുന്നു. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി 1606 -607 -ല്‍ ഇംഗ്ലീഷ് രാജാവായ ജെയിംസ് ഒന്നാമനോട് തങ്ങള്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യത്തോടും കൂടെ കപ്പലുകളും ചരക്കുകളും മലബാറില്‍ എത്തിക്കുന്നതിനു കോഴിക്കോട് സാമൂതിരിക്ക് ഒരു കത്ത് നല്കുവാന്‍ ആവശ്യപ്പെടുന്നതു കാണാം. (പത്മനാഭമേനോന്റെ കേരളചരിത്രം, വോള്യം1 പു. 240). ഇത്തരമൊരെഴുത്തു നല്കിയതിന്റെ രേഖകള്‍ കണ്ടിട്ടില്ലെങ്കിലും കമ്പനിയുടെ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നു. ക്യാപ്റ്റന്‍ കീലിങ് സൂറത്തിലേക്കുള്ള യാത്രയില്‍ കോഴിക്കോടുമായി ബന്ധപ്പെട്ടിരുന്നുവെന്നും സാമൂതിരിയുടെ ഉദ്യോഗസ്ഥര്‍ അവരെ കൊടുങ്ങല്ലൂരിലേക്കു കൊണ്ടുപോയെന്നും അപ്രകാരം ഒരു ഫാക്ടറി സ്ഥാപിക്കാന്‍ 1615-16 കാലം കരാറുണ്ടാക്കിയെന്നും ഫാക്ടറി മുഖ്യനായി ജോര്‍ജ് വൂള്‍മാനെ നിയമിച്ചുവെന്നും പിന്നീട് അവര്‍ കോഴിക്കോട്ടു താമസിച്ചുവെന്നും, കെ.പി. പത്മനാഭമേനോന്‍ രേഖപ്പെടുത്തുന്നു. ഇതെല്ലാം പോര്‍ച്ചുഗീസുകാരുടെ ശക്തി ശിഥിലമായെന്നു വ്യക്തമാക്കുന്നു.
marakkar
Caption

ഏതാണ്ടു മരയ്ക്കാരുടെ പതനത്തിനുശേഷം കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞാലി നാലാമന്റെ ഒരു ബന്ധുവായ പെഡ്രൊ റൊഡ്രിഗ്‌സ് മുസ്‌ലിങ്ങളുടെ താത്പര്യത്തിനുവേണ്ടി പറങ്കികളെ എതിര്‍ക്കുന്നതു കാണാം. ഫുര്‍താദോ, കോര്‍ദീവ യുദ്ധത്തില്‍ പിടിച്ച ഒരു നാവികനായിരുന്നു പതിമൂന്നു വയസ്സുള്ള പെഡ്രൊ. ഒരു പോര്‍ച്ചുഗീസ് അഗതിയെ വിവാഹം കഴിക്കുകയും മതം മാറുകയും ചെയ്തു. പെഡ്രൊ ഗോവയില്‍ ജീവിച്ചു. പിറാര്‍ഡ് ഡെ ലവാല്‍ 1608-ല്‍ പെഡ്രൊവിനെ ഗോവയില്‍ ഒരു കപ്പലില്‍ ജോലി ചെയ്യുന്നതായി കണ്ടിരുന്നു. ഒരു സ്പാനിഷ് എന്നായിരുന്നു പരിചയപ്പെട്ടത്. കുഞ്ഞാലി നാലാമന്റെ അന്ത്യം നേരിട്ടു കണ്ടിരുന്ന പെഡ്രൊ ഗോവയില്‍നിന്നും ഒളിച്ചോടി കോഴിക്കോട് എത്തിച്ചേര്‍ന്നു. അഞ്ചു പറവുകള്‍ സംഘടിപ്പിച്ചു പറങ്കിക്കപ്പലുകള്‍ കൊള്ള ചെയ്യാന്‍ തുടങ്ങി. കന്യാകുമാരി വലംവെച്ച് സിലോണിന്റെ വടക്കന്‍ഭാഗത്തും അവിടെനിന്നു തണദീപ ദ്വീപിലേക്കും യാത്ര ചെയ്തു. അവിടെ പെഡ്രൊ സെയിന്റ് ജോണ്‍ ബീച്ചില്‍ പ്രവേശിക്കുകയും തന്നെ മതം മാറ്റിയ പുരോഹിതരോടുള്ള വിദ്വേഷംകൊണ്ടെന്നോണം ഫ്രാന്‍സിസ്‌കന്‍ അച്ഛന്മാരെ വധിക്കുകയും ചെയ്തു. ശേഷം ഫൊക്കാദോ ദ്വീപിലേക്കു പോവുകയും അനേകം കന്നുകാലികളെ പിടിച്ചെടുക്കുകയും ചെയ്തു. ഇരുപതു വര്‍ഷം ക്രിസ്ത്യാനിയായി ജീവിച്ച പെഡ്രൊ കഴിയുന്നത്ര പറങ്കിക്കപ്പലുകള്‍ കൊള്ള ചെയ്തു.
പെഡ്രൊ ഡച്ചുകാരുമായി സൗഹാര്‍ദം നിലനിര്‍ത്തിയിരുന്നുവെന്നും ഇവര്‍ ഒന്നിച്ച് പോര്‍ച്ചുഗീസുകാര്‍ക്കെതിരേ വമ്പിച്ച ഭീഷണിയായി മാറിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടു ചെയ്തുകാണാം. പോര്‍ച്ചുഗല്‍ രാജാവ് എല്ലാ കപ്പലുകളും വേണ്ടത്ര പീരങ്കികളും നാവികരുമായി യാത്ര ചെയ്യണമെന്നും മലബാര്‍ കൊള്ളക്കാരെ കഴിയുന്നത്ര അമര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ എഴുത്തില്‍നിന്നും പെഡ്രോ പറങ്കികള്‍ക്ക് എത്ര വലിയ നഷ്ടങ്ങളാണുണ്ടാക്കിയതെന്നു മനസ്സിലാക്കാന്‍ സഹായിക്കുന്നു.6 സിലോണില്‍നിന്നും കോണ്‍സ്റ്റാന്റിനോ ദേശ 1618 മാര്‍ച്ച് 10 ന് എഴുതിയ ഒരെഴുത്ത് ഗോവയിലെ ഗവര്‍ണറും കൗണ്‍സിലും 1619 മേയ് 13ന് ചര്‍ച്ച ചെയ്തതില്‍ പെഡ്രൊ മന്നാര്‍കടലിലും മറ്റും കൊള്ളകള്‍ നടത്തി വമ്പിച്ച നാശമുണ്ടാക്കിയതായി രേഖപ്പെടുത്തുന്നു. ക്യാപ്റ്റന്‍ ഫിലിപ്പ് ദെ ഒളിവേറ 1619 ജൂണ്‍ 8ന് എഴുതിയ എഴുത്തില്‍ അഞ്ചു പടവുകള്‍ മന്നാര്‍കടലില്‍ വലിയ കൊള്ളകള്‍ നടത്തിയെന്നാണ്. മലബാറികള്‍ക്കെതിരായ ഈ ഭീതി നേരിടാന്‍ കോണ്‍സ്റ്റാന്റിനോ 2 ഗാലിയോറ്റുകളും 40 മറ്റു കപ്പലുകളും വിക്‌ടോറിയ അബ്രഹുവിന്റെ നേതൃത്വത്തില്‍ അയച്ചുകൊടുത്തു. പോര്‍ച്ചുഗീസുകാര്‍ക്കു വന്‍ നഷ്ടങ്ങള്‍ വരുത്തിക്കൊണ്ടു പെഡ്രോ ഈ യുദ്ധത്തില്‍ വിജയിച്ചു. പെഡ്രോവിന്റെ പറവുകള്‍ സുരക്ഷിതമായി മടങ്ങി.
ദേശയുടെ മറ്റൊരെഴുത്ത് 1619 മേയ് 7ന് പെഡ്രൊ ഇല്‍ഹാദാസ് വചാസും കോട്ടയും കീഴ്‌പ്പെടുത്തിയെന്നാണ്; ഡച്ചുകാര്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ ഇതു വലിയ ഭീതി ഉയര്‍ത്തുന്നുവെന്നും. മറ്റൊരെഴുത്തില്‍ ദേശ 1619 ജൂണ്‍ 5ന് ഒലിവേറയോടു ജാഫ്‌നയിലേക്കു സൈന്യവുമായി പോകുവാന്‍ നിര്‍ദേശിച്ചു. സിലോണ്‍ മുഴുവന്‍ പെഡ്രോ ആക്രമണഭീതി പരത്തി. വചാസും കോട്ടയും പിടിച്ചെടുത്തു. കോറമാണ്ടല്‍ക്കരയില്‍ നാഗപട്ടണം ഭാഗത്ത് പോര്‍ച്ചുഗീസ് വാണിജ്യത്തിനു വലിയ നഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. ഒലിവേറ ഡച്ചുകാര്‍ എത്തുന്നതിനു മുന്‍പുതന്നെ ജാഫ്‌നയില്‍ എത്തുകയാല്‍ ഒരു വലിയ നഷ്ടം ഒഴിവാക്കുവാന്‍ പോര്‍ച്ചുഗീസുകാര്‍ക്കു കഴിഞ്ഞു. വിക്‌ടോറിയ ദ ആബ്രു നേതൃത്വം നല്കിയ കപ്പല്‍വ്യൂഹമായും പെഡ്രോ ഏറ്റുമുട്ടി. പതിനെട്ടു കപ്പലുകളില്‍ പന്ത്രണ്ടെണ്ണം പെഡ്രോ പിടിച്ചെടുത്തു. മുന്നൂറുപേരെ വധിച്ചു. മറ്റൊരു വാണിജ്യകപ്പല്‍വ്യൂഹത്തെ ആക്രമിച്ചു. ഇതിനെ അനുഗമിച്ച ഒരു പടക്കപ്പല്‍ പിടിച്ചെടുക്കുകയും ചെയ്തു. നഷ്ടപ്പെട്ട കപ്പലുകള്‍ പിടിച്ചെടുക്കുവാന്‍കൂടി പറങ്കികള്‍ ശ്രമിച്ചില്ല. പിന്നീടു പെഡ്രൊ മാലദ്വീപുകളിലേക്കു മടങ്ങുകയും ചെയ്തു. ഇത്തരത്തില്‍ ഒരു ദശാബ്ദക്കാലം മലബാര്‍നാവികര്‍ പോര്‍ച്ചുഗീസുകാരെ അറബിക്കടലിലും ഇന്ത്യാസമുദ്രത്തിലും ചെറുത്തു വലിയ നാശനഷ്ടങ്ങളാണുണ്ടാക്കിയത്.
എന്നാല്‍ പിന്നീട് 1663-ല്‍ ഡച്ച് ഈസ്റ്റിന്ത്യാകമ്പനി കേരളത്തില്‍ പോര്‍ച്ചുഗീസുകാര്‍ കൈവശം വെച്ചിരുന്ന കോട്ടകള്‍ പിടിച്ചെടുത്തു കൊണ്ട് അവരുടെ അധിനിവേശാക്രമണത്തെ എന്നേക്കുമായി പരാജയപ്പെടുത്തി.
Content Highlights : the history of kunjali marakkar by dr kkn kurup

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Art by Madanan

4 min

എന്തുകൊണ്ട് ഒരു ഇന്ത്യന്‍ കുടുംബനിയമത്തിലേക്ക് നടന്നുനീങ്ങാന്‍ നമുക്ക് സാധിക്കാതെപോയി?

Sep 26, 2023


K.G George

4 min

'ശരദിന്ദു മലര്‍ദീപനാളം നീട്ടി...'സിനിമയുടെ പ്രതീക്ഷാനാളം കെ.ജി ജോര്‍ജിനുനേരെ നീട്ടിയ 'ഉള്‍ക്കടല്‍'

Sep 25, 2023


Pinarayi, Oommen Chandy

7 min

ആരോപണം തുറുപ്പുചീട്ടാക്കാന്‍ പിണറായിയെ സമീപിച്ചവര്‍ നിരാശരായി; 'കാലം സാക്ഷി'യില്‍ ഉമ്മന്‍ ചാണ്ടി

Sep 20, 2023


Most Commented