'അങ്ങനെ ഒന്നും മിണ്ടാതെ, ഒരിടത്തുമെത്താതെ ആ സൗഹൃദവും അവസാനിച്ചേക്കാം'


തമ്പി ആൻറണി

ആ ചിരിയിലൂടെ, ഒളിപ്പിച്ചുവച്ച ഓര്‍മ്മകള്‍ മായുംമുമ്പ് കാര്‍ പട്ടണത്തിന്റെ തിരക്കുകളിലേക്ക് ഓടിമറഞ്ഞു. അത് ജെസ്സീലയുടെ മൂത്ത സഹോദരി ജാസ്മിനായിരിക്കാമെന്നു ഞാനൂഹിച്ചു.

ചിത്രീകരണം : ബാലു

പതിവ് നായികാസങ്കല്പത്തില്‍നിന്ന് വ്യത്യസ്തയാണ് തമ്പി ആന്റണിയുടെ ഏകാന്തതയുടെ നിമിഷങ്ങള്‍ എന്ന നോവലിലെ മുഖ്യകഥാപാത്രമായ
ജെസ്സീലാ എന്ന പെണ്‍കുട്ടി. കാലുകള്‍ക്കുള്ള സ്വാധീനക്കുറവിനെ മനഃശക്തികൊണ്ട് തോല്‍പ്പിക്കുകയും വായനയിലും എഴുത്തിലും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു, ഈ പെണ്‍കുട്ടി. മറ്റൊരാളുടെ സഹതാപത്തിനു കൈനീട്ടാത്ത, ഏതു കാര്യത്തിലും സ്വന്തം നിലപാടും അഭിപ്രായവുമുള്ള ഇവള്‍ സ്വന്തം ദുഃഖവും സന്തോഷവും അഭിലാഷങ്ങളുമൊക്കെ പങ്കുവെക്കുന്നത് മുതിര്‍ന്ന ഒരെഴുത്തുകാരനോടാണ്. ഈ എഴുത്തുകാരന്റെ കാഴ്ചപ്പാടിലൂടെ തമ്പി ആന്റണി പറയുന്ന ജെസ്സീലയുടെ കഥയാണ് 'ഏകാന്തതയുടെ നിമിഷങ്ങള്‍'. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

വര്‍ഷവും ആ പെണ്‍കുട്ടി വന്നിരുന്നു. എനിക്ക് അദ്ഭുതം തോന്നി. എത്ര ആവേശത്തോടെയാണവള്‍ പുസ്തകങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നത്! വളരെ കഷ്ടപ്പെട്ടാണ് ഊന്നുവടികള്‍ കുത്തി നടക്കുന്നത്. വര്‍ഷങ്ങളായി ഞാന്‍ സൗത്ത് ആഫ്രിക്കയിലാണെങ്കിലും, മുടങ്ങാതെ വരാറുള്ള പുസ്തകോത്സവമാണിത്. അതറിയാവുന്നതുകൊണ്ടാണോ എന്നറിയില്ല, അവളും പതിവു തെറ്റിച്ചില്ല. എന്റെ പുസ്തകങ്ങളെ സ്‌നേഹിക്കുന്ന കുസൃതിക്കാരി പെണ്‍കുട്ടി!ജെസ്സീലാ ജോ ഒരിക്കല്‍ എന്നിലെ എഴുത്തുകാരനെ പ്രണയിക്കുന്നു എന്നു പറഞ്ഞതോര്‍ക്കുന്നു. ശരിയായിരിക്കണം. അല്ലെങ്കില്‍, പുസ്തകോത്സവത്തിനു ഞാന്‍ വരുന്ന സമയമന്വേഷിച്ച്, എന്നെക്കാണാന്‍ ഓടിയെത്തുമായിരുന്നോ? എനിക്കഭിമാനം തോന്നി. കൗമാരം പൂക്കുന്നതിനും തളിര്‍ക്കുന്നതിനും മുമ്പ്, ഊന്നുവടി ഉപയോഗിക്കേണ്ടിവന്നവള്‍. ഒരെഴുത്തുകാരിയാവുക എന്ന സ്വപ്നവുംപേറി ഇപ്പോഴും ഈ നഗരത്തില്‍ ജോലി ചെയ്യുന്നവള്‍.
അവള്‍ ഒരിക്കലും ഒന്നിനും ആരെയും ആശ്രയിക്കാറില്ല. തത്കാലം ദൂരക്കാഴ്ചയുള്ളതുകൊണ്ട് സ്വയം വാഹനമോടിച്ച് ജോലിക്കു പോകുന്നു, പക്ഷേ, പതുക്കെപ്പതുക്കെ കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഒരിക്കല്‍ അവള്‍ സൂചിപ്പിച്ചത് ഞാന്‍ വിശ്വസിക്കുന്നില്ല. എന്തിനാണവള്‍ വെറുതെയാണെങ്കിലും ഒരു കള്ളം പറയുന്നത്? അവളുടെ വല്യമ്മച്ചിക്ക് കാഴ്ച കുറവായിരുന്നതുകൊണ്ടാവാം. എന്നാലും ഷോപ്പിംഗിനു പോകുന്നു. വീട്ടിലെ എല്ലാ പണികളും ഒറ്റയ്ക്കു ചെയ്യുന്നു. ഇപ്പോള്‍ എന്നെ കാണാന്‍ വന്നതും ഒറ്റയ്ക്കായിരിക്കുമെന്ന് എനിക്കൂഹിക്കാം. ആകെ കൂട്ടിനുള്ളത്, അവള്‍ പാത്തു എന്നു സ്‌നേഹപൂര്‍വ്വം വിളിക്കുന്ന, അവളുടെ സ്വന്തം പട്ടിക്കുട്ടി മാത്രം. ഇതൊക്കെ അവളുടെ മെസ്സേജുകളില്‍നിന്നു ഞാന്‍ മനസ്സിലാക്കിയതാണ്. അവളുടെ പ്രൊഫൈലില്‍പ്പോലും ആ പട്ടിക്കുട്ടിയാണ്.

ഇന്ന്, തീര്‍ത്തും അപ്രതീക്ഷിതമായ ഈ കൂടിച്ചേരലില്‍ അവള്‍ കൂടുതല്‍ ഉന്മേഷവതിയായിരിക്കുന്നു. കുട്ടിത്തം മാറാത്ത അവളുടെ കണ്ണുകളില്‍ ഒരായിരം നക്ഷത്രങ്ങള്‍ ഒന്നിച്ചു മിന്നിമറയുന്നതുപോലെ. കണ്ണിലേക്കു നോക്കി പുഞ്ചിരിച്ചപ്പോള്‍ വെറുതേ ഒരു സൗഹൃദച്ചോദ്യം:
'കണ്ണെഴുതാറില്ലെന്നു പറഞ്ഞിരുന്നല്ലോ!'
'ശരിയാണ്. പക്ഷേ, കൂടുതല്‍ സന്തോഷം വരുമ്പോള്‍ ഇത്തിരി കണ്മഷി.'
അവള്‍ വീണ്ടും പുഞ്ചിരിച്ചു. അപ്പോഴാണ് അവളുടെ കണ്ണുകളിലേക്കു ഞാന്‍ സൂക്ഷിച്ചുനോക്കിയത്. നേരാണ്. ഒരു ചെറിയ വരപോലെയേ തോന്നിക്കൂ.
എനിക്കും അപ്പോള്‍ കുന്നോളം സന്തോഷമായിരുന്നു. എന്നാലും മനസ്സിന്റെ ഉള്ളറകളില്‍ ഒരു നഷ്ടബോധം. ചില നല്ല സൗഹൃദങ്ങള്‍ അങ്ങനെയാണ്. കടലാഴങ്ങള്‍ക്കു മുകളില്‍ കുഞ്ഞോളങ്ങള്‍പോലെ, ഒരിക്കലും നിലയ്ക്കാതെ ഒഴുകിയൊഴുകിനടക്കും. ചിലപ്പോള്‍ ലക്ഷ്യമില്ലാതെ അലഞ്ഞുകൊണ്ടിരിക്കും. ഒരുപാടു സന്തോഷം തരും. കുറേനാളായി സോഷ്യല്‍ മീഡിയയിലൂടെ ഇണങ്ങിയും പിണങ്ങിയും ഒരുപാടു കാര്യങ്ങള്‍ പറഞ്ഞെങ്കിലും ഇങ്ങനെയൊരു കൂടിക്കാഴ്ച പ്രതീക്ഷിച്ചിരുന്നില്ല.

ഞങ്ങള്‍ എല്ലാം മറന്ന്, ആദ്യസംഗമത്തിന്റെ ഓര്‍മ്മകളിലേക്കു പറന്നു. കടലോളം ഓര്‍മ്മകള്‍, ഒരിക്കലും നിലയ്ക്കാത്ത ഓളങ്ങളായി കരയിലേക്കൊഴുകി. 'ഓര്‍മ്മയ്ക്കായി, സ്‌നേഹപൂര്‍വ്വം' എന്നെഴുതി എന്റെ കൈയൊപ്പിട്ട, 'ഓര്‍മ്മപ്പൂക്കള്‍' എന്ന പുസ്തകവുമായി ഒരു സെല്‍ഫിയെടുത്തു. പകരം, അവളുടെ ഏറ്റവും പുതിയ പെയിന്റിംഗായ 'ഒറ്റപ്പെട്ടവര്‍', 'സ്‌നേഹപൂര്‍വ്വം വിജയന്‍ വെന്‍മലയ്ക്ക്' എന്നു മനോഹരമായ കൈപ്പടയില്‍ എഴുതി, ഒപ്പിട്ടുതന്നു. കൂട്ടത്തില്‍, ചുരുട്ടിവച്ച ഒരു ക്യാന്‍വാസുണ്ടായിരുന്നു.
'ഇതെന്താണ്?'
'എന്റെ ഒറ്റപ്പെട്ടവര്‍ എന്ന പെയിന്റിംഗാണ്. ഓരോ പുസ്തകത്തിനും ഞാന്‍ ഓരോ ചിത്രം വരയ്ക്കാറുണ്ട്.'
ക്യാന്‍വാസ് നിവര്‍ത്തി നോക്കി. വിജനമായ വനാന്തരത്തിലെ മലമുകളില്‍, പാറക്കെട്ടിനു മുകളില്‍ പൂര്‍ണ്ണനഗ്നയായി ഒറ്റയ്ക്കിരിക്കുന്ന പെണ്‍കുട്ടി!

'ഇറ്റ് ഈസ് എ സര്‍പ്രൈസ്! ഇത്ര നന്നായി വരയ്ക്കുമെന്നറിയില്ലായിരുന്നു.'
'ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് ഒരുപാടു സമയമുണ്ടല്ലോ. അതുകൊണ്ട് ചിത്രരചനയും നേരത്തേ തുടങ്ങിയിരുന്നു.'
'ഞാനിതു സൂക്ഷിച്ചുവയ്ക്കും. ജെസ്സീലയുടെ പെയിന്റിംഗ് എന്നെ ഓര്‍മ്മിപ്പിക്കുന്നത്, പ്രസിദ്ധ സൗത്ത് അമേരിക്കന്‍ ചിത്രകാരിയായ പട്രീഷ്യ ഫിലാപ്‌സിയെയാണ്. മെക്‌സിക്കന്‍ ചിത്രകാരി ഫ്രിഡാ കാലോയെ ഇഷ്ടമാണെന്നു നീയൊരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. സ്വന്തം ചിത്രങ്ങളെയും പ്രകൃതിയെയും അടയാളപ്പെടുത്തുന്ന ഫ്രിഡയെ എനിക്കും ഇഷ്ടമാണ്. അങ്ങനെ എത്രപേര്‍! നിനക്ക് ഇങ്ങനെയുള്ള ചില ഇഷ്ടങ്ങളൊക്കെയുണ്ടെന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. ഇനിയും വരയ്ക്കുക. അങ്ങനെ ജെസ്സും ഒരു ചിത്രകാരിയായി ഒരുപാടൊരുപാട് ഉയരങ്ങളിലെത്തട്ടെ.'

'വിജയേട്ടന്റെ ഈ പ്രോത്സാഹനമാണ് എന്റെയൂര്‍ജ്ജം. ഞാന്‍ ശ്രമിക്കാം...'
'പുസ്തകത്തിനും ചിത്രത്തിനും നന്ദി. ഇനിയെന്നു കാണും?'
'അടുത്ത പൂക്കാലമാവട്ടെ. അപ്പോള്‍ കൂടുതല്‍ പൂക്കളുണ്ടാവുമല്ലോ. അപ്പോഴും എനിക്കുവേണ്ടി മാത്രം, ഓര്‍മ്മപ്പൂക്കള്‍ നിറച്ച ഒരു പുസ്തകം കരുതുമല്ലോ.'
അതു പറഞ്ഞ്, വീണ്ടുമെന്നെ ഒളികണ്ണിട്ടു നോക്കി. കണ്ണുകളില്‍, വീണ്ടും അന്നത്തെ അതേ നിഗൂഢമായ കുസൃതിച്ചിരി. പോകാറായപ്പോള്‍ യാത്ര പറഞ്ഞുകൊണ്ട്, എന്റെ 'ഓര്‍മ്മപ്പൂക്ക'ളുമായി, ഊന്നുവടികള്‍ കുത്തിക്കുത്തി, സാവധാനം നടന്നു പ്രവേശനകവാടത്തിലെത്തി. അപ്പോഴേക്കും അവള്‍ക്കു പോകാനുള്ള ചുവന്ന കാര്‍ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. ബ്രൗണ്‍ നിറമുള്ള സാരിയുടുത്ത ഒരു സ്ത്രീ കാറില്‍നിന്നിറങ്ങിവന്നു. അപ്പോഴേക്കും അവള്‍ ഊന്നുവടി കുത്തി അടുത്തെത്തിയിരുന്നു.

ആരുമൊന്നു നോക്കിപ്പോകുന്ന പ്രകൃതമായിരുന്നു ആ സ്ത്രീയ്ക്ക്. എവിടെയോ കണ്ടുമറന്നതുപോലെ. ഞാനൊന്നു ശ്രദ്ധിച്ചെങ്കിലും മുഖം വ്യക്തമല്ലായിരുന്നു. അവര്‍ അവളെ കാറിലേക്കു കയറാന്‍ സഹായിച്ചു. അവള്‍ തിരിഞ്ഞുനോക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കാറില്‍ക്കയറിയിരുന്നതിനുശേഷം മാത്രമാണ്, അവര്‍ മനഃപൂര്‍വ്വമെന്നതുപോലെ തിരിഞ്ഞുനോക്കി ചെറുപുഞ്ചിരി സമ്മാനിച്ചത്. ആ ചിരിയിലൂടെ, ഒളിപ്പിച്ചുവച്ച ഓര്‍മ്മകള്‍ മായുംമുമ്പ് കാര്‍ പട്ടണത്തിന്റെ തിരക്കുകളിലേക്ക് ഓടിമറഞ്ഞു. അത് ജെസ്സീലയുടെ മൂത്ത സഹോദരി ജാസ്മിനായിരിക്കാമെന്നു ഞാനൂഹിച്ചു. ആണെങ്കില്‍, എന്നെയൊന്നു കാണുകയോ സംസാരിക്കുകയോ ചെയ്യുമായിരുന്നില്ലേ? ഒരുപക്ഷേ അവള്‍ പറഞ്ഞിട്ടുണ്ടാവില്ല. അവള്‍ പണ്ടേ അങ്ങനെയായിരുന്നു. ജാസ്മിനോടു ഞാന്‍ മിണ്ടുന്ന ദിവസം, മുഖം കൂര്‍പ്പിച്ച് എന്നോടു മിണ്ടാതിരിക്കും!
എന്റെ മനസ്സിലും ഒരു ഭൂതകാലക്കുളിര്‍...

അയ്യോ, പാടില്ല! ഞാനോടി... ആ ഓര്‍മ്മക്കുന്നുകളില്‍നിന്നു കുഞ്ഞോര്‍മ്മകളിലേക്ക്... എന്നാലും ആ പൂക്കള്‍ എന്റെ മേലാകെ ഇതളുകള്‍ വീഴ്ത്തി മൂടിക്കഴിഞ്ഞിരുന്നു!
എത്രയോ നാളുകള്‍ കാണാതിരുന്നതുപോലെ, ഇനിയുമൊരിക്കല്‍ കാണാതിരിക്കാനുള്ള സാധ്യതയാണധികവും എന്നറിയാമായിരുന്നു. അവളുടെ കാലിനു സ്വാധീനം കുറഞ്ഞതുപോലും അറിയാതിരുന്നതില്‍ കുറ്റബോധം തോന്നി. അതോര്‍ക്കുമ്പോള്‍, ആ പൂവിതളുകളോരോന്നായി എന്റെ പുസ്തകത്താളില്‍നിന്ന് ഊര്‍ന്നുവീഴുന്നതുപോലെ...
'ബൈ ബൈ ജെസ്സീല... ബൈ ബൈ ജാസ്മിന്‍...' എന്നു മനസ്സില്‍ കോറിയിട്ടു.

വീണ്ടും ഞാന്‍ പുസ്തകോത്സവത്തിന്റെ തിരക്കുകളിലേക്കു തിരിഞ്ഞുനടന്നു. എല്ലാവരുടെയും ജീവിതങ്ങള്‍ അങ്ങനെയൊക്കെത്തന്നെയല്ലേ! പുതിയ പുതിയ ബന്ധങ്ങളില്‍ ബന്ധനസ്ഥരായി, സൗഹൃദങ്ങളില്‍, തിരക്കുകളില്‍ ഒന്നും കാണാതെ തിരിഞ്ഞുനടക്കുന്നു. പിന്നെ, എല്ലാം മറക്കേണ്ടിവരുന്നു. എന്നാലും ഓര്‍ക്കേണ്ടതായ പലതും അറിയാതെ കുറിച്ചിട്ട ഓര്‍മ്മപ്പൂക്കളില്‍, ബാക്കിവച്ച ഒരു കഥയുണ്ട്. അത് അവളുടെ മാത്രം കഥയല്ല. ഒന്നും മിണ്ടാതെ, ആരോടും പറയാതെ, പ്രതികരിക്കാനാവാതെ ജീവിതം ജീവിച്ചുതീര്‍ക്കുന്ന ഒരുപാടു പെണ്‍കുട്ടികളുടെ കഥയാണ്. ഒരുപക്ഷേ, ജെസ്സീലാ ജോ എന്ന എഴുത്തുകാരിയിലെ പെണ്‍കുട്ടി പ്രതികരിച്ചേക്കാം. അതും എന്നോടു മാത്രമായിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഒരിക്കല്‍ അവള്‍ പറഞ്ഞതൊക്കെ ഓര്‍മ്മിക്കാനുള്ള തീവ്രശ്രമത്തിലാണു ഞാനിപ്പോള്‍.

'എന്റെ അനുഭവങ്ങള്‍ പറഞ്ഞുതീരുമ്പോഴേക്കും വിജയേട്ടന്‍ എന്ന കഥാകൃത്തിനു വേണ്ട വിഭവങ്ങളൊക്കെ കിട്ടിയിരിക്കും. അതിനുവേണ്ടി മാത്രമാണല്ലോ എന്നോടുള്ള സൗഹൃദം പുനഃസ്ഥാപിച്ചതും എന്നോട് വീണ്ടും വിളിക്കണമെന്ന് പറഞ്ഞതും? എനിക്കറിയാം, അതോടെ ഈ സൗഹൃദം കാറ്റില്‍ പറക്കുമെന്ന്.'
എന്താണ് അതുകൊണ്ടവളുദ്ദേശിച്ചത്? അതോടെ അവളുടെ കഥയും കഴിയുമെന്ന് അവള്‍ പറഞ്ഞിരുന്നു. 'ഇല്ല' എന്നു ഞാനവള്‍ക്കു വാക്കു കൊടുത്തെങ്കിലും, എനിക്ക് എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല. അതവള്‍ പ്രതീക്ഷിച്ചിരുന്നു എന്നൊരു ധ്വനി, അവളുടെ സംസാരത്തില്‍നിന്ന് എനിക്കു മനസ്സിലായിരുന്നു. അവളുടെ അനുഭവങ്ങള്‍തന്നെയാണ് അവയെല്ലാം. അവള്‍ ആ കഥ വായിക്കുമ്പോഴുണ്ടാകുന്ന വികാരമെന്തായിരിക്കും? എങ്ങനെയായിരിക്കും അവള്‍ പ്രതികരിക്കുക? ഒരുപക്ഷേ, എന്നോടൊരിക്കലും ഇനി മിണ്ടില്ലായിരിക്കാം. അങ്ങനെ ഒന്നും മിണ്ടാതെ, ഒരിടത്തുമെത്താതെ ആ സൗഹൃദവും അവസാനിച്ചേക്കാം. അങ്ങനെ എത്രയെത്ര സൗഹൃദങ്ങള്‍ ഈ ഡിജിറ്റല്‍ ലോകത്തു മരിച്ചുവീഴുന്നു! എന്നാലും എനിക്ക് എഴുതാതിരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു പുസ്തകം!

എനിക്കറിയാം, ഇന്നു രാത്രി ലേക്ക് ലാന്‍ഡിലെ കുടുസ്സുമുറിയിലിരുന്ന് അവളെന്റെ പുസ്തകം തപ്പിത്തടഞ്ഞാണെങ്കിലും വായിച്ചുതുടങ്ങും. ഞാന്‍ വൈകുന്നേരം റൂമിലെത്തി. കുളി കഴിഞ്ഞു വിശ്രമിച്ച്, അത്താഴവും കഴിച്ച് ഉറങ്ങാന്‍ തുടങ്ങുമ്പോള്‍, പ്രതീക്ഷിച്ചതുപോലെ ജെസ്സീലയുടെ മെസ്സേജ് വന്നു. ഉള്ളിലൊന്നു ഞെട്ടിയെങ്കിലും അതൊന്നും അവളറിയേണ്ടതില്ലല്ലോ. ഞാനും അവളോടൊപ്പം ആ പുസ്തകത്താളുകള്‍ മറിച്ചു.

Content Highlights: Thampi Antony, Ekanthathayude Nimishangal, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented