കുന്ന്, കാറ്റ്, ഏകാകിയായഒരു തവള
അബ്രോസ്, ഏറെ വര്‍ഷങ്ങള്‍ക്കു മുന്നേ എഴുതാന്‍തീരുമാനിച്ച ആ സംഭവം, പലതരം വീണ്ടുവിചാരങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ചു. അതു വേദനാജനകമായ ഒരു തീരുമാനമായിരുന്നു. എഴുതാന്‍വേണ്ടി സംഭരിച്ച ഓര്‍മകളെയെല്ലാം ഒരു തുള്ളിപോലും ബാക്കിവെക്കാതെ തുപ്പിക്കളയാനുള്ള വിദ്യ മനസ്സിനില്ല എന്നറിയാമായിരുന്നിട്ടും, ഒഴിഞ്ഞ ഒരു മദ്യക്കുപ്പിപോലെ മനസ്സിന് രൂപപരിണാമമുണ്ടായിരുന്നെങ്കില്‍ എന്ന് അബ്രോസ്ആഗ്രഹിച്ചുപോയി. കുടിച്ച് ഉന്മാദമായതിനു ശേഷം ആരോ ഉപേക്ഷിച്ച കുപ്പി. അതില്‍ ഈച്ചകള്‍ വന്നിരുന്നില്ല. ഒരു തുണ്ടു മധുരംപോലും അത് അവശേഷിപ്പിക്കുന്നില്ല. ഇപ്പോള്‍ ആലസ്യം നീണ്ട പടവുകള്‍ തീര്‍ക്കുന്നു. മനസ്സേ, ഇനി ഇറക്കമാണ്.
വര്‍ഗീസ് വല്യപ്പന്‍ അന്നേ ഓര്‍മിപ്പിച്ചതാണ്, അബ്രോസ് കുഞ്ഞൂട്ടീ, നിനക്ക് ഞാന്‍പറഞ്ഞ പോയാതിചരിത്രം എഴുതാന്‍ പറ്റുമോ എന്ന്. എനിക്ക് ഒട്ടും ഒറപ്പില്ല. അത് നിന്നിലുള്ള ഒറപ്പില്ലായ്മയല്ല. നീ എന്റെ കുഞ്ഞൂട്ടി... എന്നിലെ സ്നേഹം നിന്നില്‍ ഒറപ്പോടെത്തന്നെയൊണ്ട്. പക്ഷേ, കുഞ്ഞൂട്ടി, വചനങ്ങള്‍ക്ക് ഒരു ഒറപ്പില്ലായ്മയുണ്ട്. ഭയങ്കരമായ ഒരു ഒറപ്പില്ലായ്മ. ആദിയില്‍ത്തന്നെ അതങ്ങനെയായിരുന്നു. ദൈവതൊണയോടെ ഒറ്റയ്ക്ക്ള്ള വരവായിരുന്നല്ലോ വചനം. പോയാതിവല്യപ്പന്‍ പറയ്വാര്ന്നു, വചനം കാറ്റായിരുന്നു. മന്ദമാരുതന്‍ എന്ന് സാഹിത്യത്തില് പറയുന്ന എളംകാറ്റ്. ദൈവംതമ്പ്രാന്റെ ഒരു ശ്വാസംവിടല്. ദൈവത്തിന്റെ ആ ശ്വാസോച്ഛ്വാസമാണ് നാം വചനമായി കേട്ടോണ്ടിരിക്കുന്നത്. കാറ്റ് മാത്രമല്ല, കാറ്റോടൊപ്പമുള്ള മഴയും വചനംതന്നെ. മഴ വെതയ്ക്ക്ന്ന കെടുതികളും വചനംതന്നെ. അതായത്, വചനം തൊടാതെ ഒന്നുംതന്നെ കടന്നുപോകുന്നില്ല.
മഴ വരുന്നതിനു മുന്‍പ്, ചെറിയ മൂളിച്ചപോലെ ഒരു കാറ്റു വീശിയിരുന്നത് പോയാതിക്ക് ഓര്‍മയുണ്ട്. ഭൂമിയുടെ ഒരു നേര്‍ത്ത ശ്വാസംവിടല്‍പോലെയുള്ള കാറ്റ്. അതു തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരുന്നു. ഒരു മനുഷ്യന്റെ ശ്വാസഗതിപോലെ ആ കാറ്റുവീശല്‍ എണ്ണാന്‍ ശ്രമിച്ചു പോയാതി. ഭൂമിയുടെ ഹൃദയമിടിപ്പ് എണ്ണുന്നതുപോലെയും കടലിലെ തിര എണ്ണുന്നതുപോലെയും നക്ഷത്രങ്ങള്‍ എണ്ണുന്നതുപോലെയും അങ്ങനെ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത പല പോലെകള്‍പോലെ പോയാതി മഴ വരുന്നതിനു മുന്‍പുള്ള ആ കാറ്റ് എണ്ണാന്‍ ശ്രമിച്ചു. നിഷ്ഫലമായ ആ എണ്ണത്തിനിടയിലേക്കു മഴ പിടിവള്ളി വിട്ടു പെയ്തു. മഴയുടെ പര്യായങ്ങളെല്ലാം ചേര്‍ന്ന് ഒരു പെയ്ത്തുത്സവം. ഓല പാകിയ ചാളയിലേക്കു പോയാതി ഓടിക്കേറിയില്ല. ചാളയിലും മഴയുടെ ചില നാരുകള്‍ വീഴുന്നുണ്ടാവും. പുല്‍പ്പായ അതു നനയ്ക്കുന്നുണ്ടാവും. ഉള്ളിലെ മണ്‍ചുവരില്‍ മുളയാണിയില്‍ തൂക്കിയ കളത്തൊപ്പി നനയുന്നുണ്ടാവും. എല്ലാം നനയുന്നുണ്ടാവും. ഭൂമിയിലെ അസംഖ്യം പുല്‍ത്തുമ്പുകളില്‍ ഒന്നായി, ഈ പോയാതിയും നനയട്ടെ. നനഞ്ഞുനനഞ്ഞു കുതിര്‍ന്ന മണ്ണുപോലെ ചാളയില്‍ പോയി തല ചായ്ക്കണം. മണ്ണിനോട് ഇഴുകിച്ചേര്‍ന്ന ഒരു മണ്ണ് മനുഷ്യന്‍.
മഴയുടെ ശൗര്യമൊന്നു കുറഞ്ഞപ്പോള്‍ പോയാതി ചാളയില്‍ കേറി. മഴ നനഞ്ഞ ചാളയെ ഇളംചിരിയോടെ തൊഴുതു. ഒരാള്‍ക്ക് നീണ്ടുനിവര്‍ന്നു കിടക്കാന്‍മാത്രമുള്ള ഇടനാഴിയില്‍ പോയാതി കിടന്നു. കഴിഞ്ഞ മുപ്പതു വര്‍ഷമായി എല്ലാ മഴക്കാലത്തും പോയാതി ഇങ്ങനെ കിടക്കുന്നു; മഴയിലും മണ്ണിലും നനഞ്ഞുകുതിര്‍ന്ന ശരീരവുമായി. അതില്‍ ഇതുവരെ ഖേദിക്കയുണ്ടായില്ല പോയാതി. മഴയുടെ, കാറ്റിന്റെ, വെയിലിന്റെ... എല്ലാ പ്രകൃതിചോദനകളും ഈ ശരീരം അറിയുന്നു. മഴയോടൊപ്പം മഴയായും കാറ്റോടൊപ്പം കാറ്റായും വെയിലിനൊപ്പംവെയിലായും അവസ്ഥാന്തരപ്പെടുന്ന ശരീരം. പ്രകൃതിമനുഷ്യന്‍. പോയാതി സ്വന്തം ശരീരത്തിലൂടെ വിരലോടിച്ചു. വിത്തിടാന്‍ മാത്രം കുതിര്‍ന്നിട്ടുണ്ട് ഈ ശരീരം...
മഴ അല്പം ശമിച്ചശേഷം പോയാതി പുഴയോട് തൊട്ടുരുമ്മി നില്ക്കുന്ന കുന്നു കയറി. കുഞ്ഞുകുഞ്ഞു ജലാശയങ്ങള്‍കൊണ്ട് കുന്ന് നിറഞ്ഞിരുന്നു. തരിശായി, വെയിലത്തൊട്ടിയ പാറയുടെ എല്ലിന്‍കൂടുപോലെ ഒരിടവും മഴയത്തു കുന്നില്‍ കാണാനായില്ല. നീണ്ടുനിവര്‍ന്നു നിന്ന് പോയാതി കുന്നിനു ചുറ്റും നോക്കി. നനവു വീണ നാനാതരം പൂക്കളും വള്ളികളുംകൊണ്ട് കുന്നു നിറഞ്ഞിരുന്നു. ചുറ്റും കട്ടിപ്പച്ചയുടെ വിസ്തൃതി. പച്ചയ്ക്കു മീതേ തുമ്പികള്‍ പാറിനടന്നു. ഇളംമഞ്ഞ നിറത്തിലുള്ള കുഞ്ഞുപൂച്ചെടികള്‍ കുന്നിലെ വെള്ളിക്കെട്ടുകളില്‍ പൂത്തുനിന്നു. പോയാതിക്കറിയാം, മഴ പിന്‍വാങ്ങുന്നതോടെ കുന്നിലെ പൂച്ചെടികള്‍ എവിടെയോ അജ്ഞാതവാസത്തിനു പോകുന്നു. വരണ്ട കുന്നിന്‍പുറത്തു പിന്നെ വരുന്നത് പാറമുള്ളാണ്. കടുംപച്ച നിറത്തിലുള്ള ചെറിയ ഇലകളുടെ തുമ്പത്ത് പുരുഷന്‍ നീട്ടിവളര്‍ത്തിയ നഖങ്ങള്‍പോലെ കൂര്‍ത്ത മുള്ളുകളുണ്ട്. പാറമുള്ള് പൗരുഷമാണ്, മുറിവേല്പിക്കും.
മഴ പെയ്തു തണുപ്പറിഞ്ഞ കുന്നിന്‍ചെരിവിലെ വെള്ളിലച്ചെടികളില്‍നിന്ന് ചിത്രശലഭങ്ങള്‍ ദൈവച്ചിറകുകള്‍പോലെ വട്ടമിട്ടു. ഇലകള്‍ക്കിടയില്‍നിന്നു ജീവസ്പന്ദമുള്ള ചിറകുള്ള ഇലകളായി വട്ടംചുറ്റി അവ ഇലകള്‍ക്കിടയില്‍ത്തന്നെ മറഞ്ഞു. ഒരു മഞ്ഞ പാപ്പാത്തി, പോയാതിയുടെ മണംപിടിക്കാനെന്ന മട്ടില്‍ അടുത്തേക്കു വന്ന്, തൊട്ടുരുമ്മി, ചിറകുകള്‍ താഴ്ത്തിപ്പറന്ന്, പുല്ലുകള്‍ക്കിടയില്‍ മറഞ്ഞു. അപ്പോള്‍ ഏകാകിയായ ഒരു പാറത്തവള പോയാതിയുടെ അരികിലൂടെ ചാടിച്ചാടി, കുന്നിനോടു ചേര്‍ന്നുകിടന്ന കരിമ്പാറക്കെട്ടില്‍ മറഞ്ഞു.
പോയാതി കുന്നില്‍ നടന്നു, ഇരുന്നു, കിടന്നു. ആദിയിലെ വചനംപോലെ കാറ്റു വീശി. പിറകേ വന്ന മഴ കാറ്റിനെ തുള്ളികളായി, ഇറ്റിറ്റിയാക്കി.
ഇടയ്ക്കിടെ പോയാതി എന്തിനാണ് കുന്നു കയറിയത് എന്ന് വര്‍ഗീസ് വല്യപ്പന്‍ അബ്രോസിനോട് നേരാംവണ്ണം പറഞ്ഞിട്ടുണ്ട്. വചനങ്ങള്‍ തേടിയാണ് ആ കയറ്റങ്ങള്‍. പൂവും കാറ്റും സൂക്ഷ്മ സസ്യലതാദികളും ദൈവഭാഷ അറിയുന്നവരാണ്. കുന്നിലേക്കുള്ള ഓരോ കയറ്റത്തിലും ആ ഭാഷയിലൂടെ പോയാതി ഭൂമിയുടെ പൊരുള്‍ തേടി.
അബ്രോസ് കുഞ്ഞൂട്ടീ, പോയാതിവല്യപ്പന് കാറ്റിനെ തോളത്തിട്ടു നടക്കുന്ന ഒരു വിദ്യ അറിയാരുന്നു. കുന്നില്‍നിന്ന് തോളത്തിട്ടു കൊണ്ടുവന്ന കാറ്റിനെ പോയാതിവല്യപ്പന്‍ ചാളയുടെ പുറത്ത് ചുരുട്ടിക്കിടത്തും. കൊറച്ചു വിശ്രമിക്ക്, പോയാതിവല്യപ്പന്‍ കാറ്റിനോടു പറയും... കുന്നില്‍നിന്ന് തോളത്ത് കയറ്റി കൊണ്ടുവന്ന കാറ്റ് ചാളമുറ്റത്ത് ഒരു അനക്കവുമില്ലാണ്ട് ചുരുണ്ടുകൂടി കെടക്കും. ഒരാള്‍ ആ ചാളയിലേക്കു വന്നാല്‍ അങ്ങനെയൊരു കാറ്റ് മുറ്റത്ത് സ്വച്ഛമായിക്കിടക്കുന്നത് ആര്‍ക്കുമറിയാന്‍ കഴിയില്ല. തറയില്‍വാഴും തങ്ങള്‍ ഒരിക്കല്‍ ആ രഹസ്യം കണ്ടുപിടിച്ചു. പോയാതിയുടെ ചാളയിലേക്കു കൈത്തരിപ്പു മാറ്റാനുള്ള പച്ചമരുന്നു തേടിവന്ന തറയില്‍വാഴും തങ്ങള്‍ 'പോയാതീ' എന്നു വിളിച്ചു, മുന്നോട്ടു നടക്കാനാഞ്ഞ കാലുകള്‍ ഉയര്‍ത്തിവെച്ചുതന്നെ നിന്നു.
ഈ കാറ്റിനെ പിടിച്ചുകൊണ്ടോയികൊറച്ചു ദൂരെ കെടത്ത്, തങ്ങളുടെ ആജ്ഞ കേട്ട പോയാതി അദ്ഭുതപ്പെട്ടു. തനിക്കു മാത്രം അറിയാമെന്നു നിനച്ച വിദ്യ തറയില്‍വാഴും തങ്ങള്‍ക്കുമറിയാം. ആദംമലയില്‍നിന്ന് ഒറ്റയ്ക്കൊരു കപ്പലില്‍ വന്ന തങ്ങളാണ്. കാറ്റിന്റെയും കടലിന്റെയും രഹസ്യങ്ങള്‍ അറിയാതിരിക്കുമോ? തറയില്‍വാഴും തങ്ങള്‍തന്നെ ഒരു അദ്ഭുതമല്ലേ?
തറയില്‍വാഴും തങ്ങളെ കുനിഞ്ഞു വണങ്ങിയശേഷം, കുന്നില്‍നിന്ന് ഇറക്കിക്കൊണ്ടുവന്ന കാറ്റിനെ പോയാതി ചാളയുടെ പിറകിലേക്ക് മാറ്റിക്കിടത്തി. തറയില്‍വാഴും തങ്ങള്‍ പോയാതിയെ അനുഗ്രഹിച്ചു, ആദംനബിയുടെ കാലംതൊട്ടേയുള്ള പടപ്പല്ലേ. എന്തെല്ലാം രഹസ്യങ്ങള്‍ അറിയാം കാറ്റിന്... രാത്രിയില്‍ കാന്താരി അരച്ച് എരിവു കൂട്ടിയ പയറും കഞ്ഞിയും കുടിച്ച ശേഷം പോയാതിവല്യപ്പന്‍ കാറ്റിനോടു സംസാരിക്കും. കാറ്റില്‍ പല കാലങ്ങള്‍ വന്നുപോയിമറിയും. എന്തെല്ലാം പൊരുളെടോ ചൊല്ലേണ്ടൂ... എന്നാണ് കാറ്റ് പോയാതിവല്യപ്പനോട് പറയുക. പരസ്പരം തോളില്‍ കൈയിട്ട് അവര്‍ കുറേ നേരം സംസാരിക്കും. കുന്നില്‍ വളരുന്ന സസ്യലതാദികളുടെ പ്രത്യേകതകള്‍, കുന്നിലുള്ള പൂവു തൊട്ടു പ്രാണിവരെയുള്ള നാനാതരം ജീവവിസ്മയങ്ങളെക്കുറിച്ചുള്ള അറിവുകള്‍ കാറ്റ് പോയാതിവല്യപ്പന് പകര്‍ന്നുനല്കും. അറിയാനുള്ളതു മുഴുവന്‍ അറിഞ്ഞ ശേഷം പോയാതിവല്യപ്പന്‍ കാറ്റിന്റെ കെട്ടഴിച്ചുവിടും. ഒന്നു കുതറിക്കുടഞ്ഞ് കാറ്റ് കുന്നിലേക്കു തിരിച്ചുപായും.
അബ്രോസ് പോയാതിയെക്കുറിച്ചുള്ള ഓര്‍മകളില്‍ മുഴുകിയിരിക്കുമ്പോഴാണ് സിനോബിയ മുറിയിലേക്കു കയറിവന്നത്. മുറിയാകെ അലങ്കോലപ്പെട്ടുകിടക്കുകയായിരുന്നു. രാവിലെ ഉറങ്ങിയെണീക്കുമ്പോഴുള്ള പുതപ്പും തലയിണയും ചേരുംപടിയല്ല ഉള്ളത്. രാവിലെ പതിവുള്ള കട്ടന്‍ചായയും കുടിച്ചിട്ടില്ല. ഒരു മുഷിഞ്ഞ മണം മുറിയില്‍ ഉറങ്ങിക്കിടക്കുന്നുണ്ട്. സിനോബിയ ഇത്ര കാലത്തേ മുറിയിലേക്ക് കയറിവരേണ്ടിയിരുന്നില്ല എന്നു തോന്നി അബ്രോസിന്. ആകര്‍ഷകമായ പുലരിവെട്ടംപോലെ അവളുടെ ശരീരം തിളങ്ങുന്നുണ്ടെങ്കില്‍ത്തന്നെ, അപ്പോള്‍ അബ്രോസിനു പതിവുള്ള ഉദ്ദീപനമൊന്നുമുണ്ടായില്ല.
സിനോബിയ ചിരിച്ചു. എന്തായി പോയാതിചരിതം? ഒരുതരം ഐതിഹ്യമാലയാവുമോ?
അങ്ങനെയല്ല, സിനോബിയാ, അബ്രോസ് തിരുത്തി. ഒരു ചരിത്രകാലം മുഴുവന്‍ അതില്‍ വരുന്നുണ്ട്. കുന്നും പുഴയും കടലും അതിര്‍ത്തികള്‍ പങ്കിടുന്ന പാഴിനാടിന്റെ ചരിത്രം. ഒരു മലയാളം ടീച്ചറായ നിനക്കറിയാമല്ലോ, ചരിത്രം ലിഖിതങ്ങളിലൂടെയും സ്മാരകശിലകളിലൂടെയും പൊട്ടിയ പാത്രങ്ങളിലൂടെയുമാണ് സംസാരിക്കുക. പോയാതിയുടെ വംശപരമ്പരയുടെ ഇങ്ങേയറ്റത്താണ് ഞാന്‍. അങ്ങേയറ്റം എവിടെയോ... വര്‍ഗീസ് വല്യപ്പന്‍ പറഞ്ഞ കഥകള്‍ മാത്രമാണ് ആ അങ്ങേയറ്റത്തേക്ക് കയറിപ്പോകാനുള്ള പടവുകള്‍. ഇന്ത്യന്‍ മാജിക് റോപ്പുപോലെ അതില്‍ കയറി ഞാന്‍ അപ്രത്യക്ഷനാകുമോ എന്നാ പേടി. സിനോബിയ അബ്രോസിനരികില്‍ ഇരുന്നു. എഴുത്തുകാരന്‍ ആനന്ദിന്റെ ഒരു കഥാപാത്രംപോലെയാണ് ചിലപ്പോള്‍ അബ്രോസിന്റെ സംസാരശൈലി.
സിനോബിയ കുറെനേരം അവിടെ നിന്നില്ല. സ്‌കൂളില്‍ പോകാന്‍ സമയമായപ്പോള്‍ അവള്‍ പോയി. ജനാല തുറന്ന് സിനോബിയ പോകുന്നത് അബ്രോസ് നോക്കിനിന്നു.പോയാതിയുടെ ചാളയ്ക്ക് ഇതുപോലെ ഒരു ജനാല ഉണ്ടായിരിക്കാനിടയില്ല. അതിലൂടെ പ്രിയപ്പെട്ട പെണ്ണ് വയല്‍വരമ്പിലൂടെ നടന്നുപോകുന്നതും നോക്കിനില്ക്കാന്‍...
Content Highlights: Thaha Madayi New Malayalam Novel Mathrubhumi Books