'നമ്മള് ഇരുളരാ,ഒന്നിന് നാലുവട്ടം പോയാ നമ്മളെന്താ തേഞ്ഞുപോമോ'; പൊരുതിപ്പോരാടുന്ന 'തമിഴ് ദളിത് കഥകള്‍'


അന്‍പാതവന്‍

5 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | വര: ബാലു

ജാതീയവേര്‍തിരിവുകള്‍ വേരുറപ്പിച്ചിരുന്ന തമിഴ് വരേണ്യസാഹിത്യമേഖല അയിത്തം കല്‍പ്പിച്ച് അകറ്റിനിര്‍ത്തിയ കാലത്തുനിന്ന് പൊരുതിയും പോരാടിയും തമിഴ്സാഹിത്യത്തിന്റെ അവിഭാജ്യഘടകമായി മാറിയ ദളിത് സാഹിത്യത്തിന്റെ മുഖങ്ങളായ പതിനാറ് എഴുത്തുകാര്‍ രചിച്ച കഥകളുടെ തമിഴില്‍നിന്നു നേരിട്ടുള്ള വിവര്‍ത്തനമാണ് 'തമിഴ് ദളിത് കഥകള്‍'. ഇടമണ്‍ രാജനാണ് പുസ്തകം പരിഭാഷപ്പെടുത്തിയത്. പി. ശിവകാമിയാണ് പുസ്തകത്തിന്റെ സമ്പാദക. കൃതിയിലെ അന്‍പാതവന്‍ എഴുതിയ 'സര്‍ട്ടിഫിക്കറ്റ്' എന്ന കഥ വായിക്കാം...

'എടാ ഇരുളാണ്ടീ, എന്റെ പൊന്നുമോനേ, ഒന്നു പോയി നോക്കെടാ... ഇന്നാ, ഇതു ചെലവിനു വെച്ചോ...' തുണിസഞ്ചി തുറന്ന്, ചുരുണ്ടുമടങ്ങി, അഴുക്കുപിടിച്ച അമ്പതുരൂപാ നോട്ട് മകന്റെ കൈയില്‍ കൊടുത്തു.
'കലത്തില് കഞ്ഞിയൊണ്ട്. പോയി കുളിച്ചേച്ചു വന്ന് കഞ്ഞീം കുടിച്ചിട്ട് പോയിനോക്ക് മോനേ...'
'എത്തറ വട്ടമാ പോണ്ടത് അമ്മേ... എപ്പം ചെന്നാലും പിന്നെ വാ ന്നു പറഞ്ഞ് വിരട്ടി വിടുവല്ലേ...'
'മോനേ, മടിച്ചുനിക്കരുത്. അവരെല്ലാം വല്യ അതികാരികളാ... അവര്ക്ക് ആയിരം വേല കാണും. നമ്മള് ഇരുളരാ... നമ്മക്ക് ഒരു വേലേമില്ലെന്നാ അവര് വിചാരിക്കുന്നേ. ഒന്നിന് നാലുവട്ടം പോയാ നമ്മളെന്താ തേഞ്ഞുപോമോ? പോയിട്ടു വാ... മോനേ...'

'ഇന്നു ഞാമ്പോവാം... എന്നാല്, ഇന്നും ഇല്ലെടാ എന്നു പറഞ്ഞാലൊണ്ടല്ലോ, ഏതു പൊന്നുമോനാന്നേലും ഞാനെന്താ ചെയ്യാമ്പോന്നേന്ന് എനിക്കുപോലും അറിഞ്ഞൂടാ,' കോപത്തോടെ ഇരുളാണ്ടി പല്ലുകടിച്ചു.
'കോപിക്കാതെടാ. എന്റെ പൊന്നുമോനല്ലേ... കോപിച്ചാ നമ്മടെ കാരിയം നടക്കുമോടാ... അന്നു വന്നില്ല്യോ, തിണ്ടിവനം കാളേശ് വാത്തിയാര്, അയാളെന്താ പറഞ്ഞേ... നമ്മളെ മാതിരി, കീഴ്ചാതിക്കാരെല്ലാം നല്ലാ കഷ്ടപ്പെട്ട് പടിക്കണം. നാലെഴുത്തു പടിക്കണം. പുതിയ പുതിയ കാര്യങ്ങള് അറിഞ്ഞുവെക്കണം, എന്നെല്ലാം പറഞ്ഞില്ലേ...?'
ഇരുളാണ്ടി അതെല്ലാം ഓര്‍ത്തു.

'ഒരു കളക്ടറമ്മായും വന്നാരുന്നല്ലോ. ആ മീറ്റിങ്ങില് കല്യാണി സാറാ സംസാരിച്ചത്. ഇരുളന്മാര്‍ പാമ്പിനെ പിടിക്കണം, കൂലിവേലയ്ക്കു പോകണം, കൃഷി ചെയ്യണം, മക്കളെ നല്ലപോലെ പഠിപ്പിക്കണം... പഠിച്ചാല്‍ മാത്രമേ നന്നാകൂ... അങ്ങനെയിങ്ങനെ പലതും പറഞ്ഞു.'
'എന്താടാ ആലോചിക്കുന്നേ?'
അമ്മയുടെ ശബ്ദം കേട്ട് ചിന്തകളില്‍നിന്നും ഇരുളാണ്ടി ഉണര്‍ന്നു.
'ഒന്നുമില്ലമ്മാ... ആ വാദ്ധ്യാര്‌സാറ് പറഞ്ഞതെല്ലാം ഓര്‍ത്തുപോയതാ...'
'അതാ മോനേ, എങ്ങനേലും കഷ്ടപ്പെട്ട് പടി... ഈ സര്‍ട്ടിഫിക്കറ്റ് കിട്ടിയാ മേല്‍പടിപ്പിന് ബുത്തിമുട്ടില്ല. പോയിട്ടുവാ മോനേ... ഞാനിന്ന് പടിഞ്ഞാറ് കാട്ടുവേലയ്ക്ക് പോയിവരാന്‍ നേരമാവും. ഞാന്‍ പോയിട്ടു വരട്ടേ...'
ഇതും പറഞ്ഞ് കുട്ടയില്‍ ഒരു വെട്ടുകത്തിയും കയറുമായി അവര്‍ പുറപ്പെട്ടു.
ദൂരെ നിന്നും ടൗണ്‍ ബസ്സിന്റെ ഹോണ്‍ മുഴങ്ങിക്കേട്ടു.

ഗണപതിക്കോവില്‍ സ്റ്റോപ്പില്‍ ബസ്സിറങ്ങി. ഇല്ലെങ്കില്‍പ്പിന്നെ, പുതുബസ്സ്റ്റാന്‍ഡില്‍ മാത്രമേ സ്റ്റോപ്പുള്ളൂ. അവിടെനിന്നും ഈ കൊടുംവെയിലില്‍ താലൂക്കാഫീസുവരെ നടക്കണം. കാമരാജന്‍ റോഡുവഴി പോയാല്‍ വേഗത്തിലെത്താം. വെയിലില്‍ നടന്നുവലഞ്ഞു. വഴിയരികില്‍ക്കണ്ട സര്‍ബത്തുകടകള്‍ അവനെ മാടിവിളിച്ചു.
'ങൂ... ഹും... അമ്മ കാട്ടിലും മലയിലും കഷ്ടപ്പെട്ടുണ്ടാക്കിയ കാശാണ്. അത് പാഴാക്കിക്കളയാന്‍ പാടില്ല...'
'എന്റമ്മോ, എത്ര സ്വര്‍ണ്ണക്കടകളാ? എത്ര തരത്തിലുള്ള ആഭരണങ്ങളാ വെച്ചിരിക്കുന്നത്? ഞാന്‍ പഠിച്ച് ജോലി കിട്ടിയാല്‍ അമ്മയ്ക്ക് പുത്തന്‍ ആഭരണങ്ങളൊക്കെ വാങ്ങിക്കൊടുക്കണം.' ഇങ്ങനെ പറഞ്ഞ് ഇരുളാണ്ടി നടന്നു. അവന്റെ പേരുപോലെതന്നെ അവന് കറുപ്പുനിറം അല്‍പ്പം കൂടുതലാണ്. വിക്രവാണ്ടിക്കു ചുറ്റും ധാരാളം ഇരുളന്‍കുടുംബങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പഠിച്ചവനാണ് ഇരുളാണ്ടി.

എട്ടാം ക്ലാസെന്നു പറഞ്ഞാല്‍ അത്ര മോശമാണോ? ഇനി ഒമ്പതില്‍ ചേരണം. അതിന് ജാതിസര്‍ട്ടിഫിക്കറ്റ് വേണം. അതിന് ആറേഴു തവണയായി അവന്‍ അലഞ്ഞുനടക്കുകയാണ്. ഇന്നും കിട്ടുമെന്നു തോന്നുന്നില്ല.
തഹസീല്‍ദാര്‍ ആഫീസ്, വിജയപുരം.
പറയുമ്പോള്‍ താലൂക്കാഫീസെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ ബോര്‍ഡില്‍ 'തഹസീല്‍ദാര്‍ ആഫീസ്' എന്നാണ് എഴുതിയിരിക്കുന്നത്.
'ഒന്നും മനസ്സിലാകുന്നില്ല, തഹസീല്‍ദാരോ, എന്തു കുന്തമോ ആകട്ടെ, എന്തായാലും ഇന്നെനിക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടിയേ പറ്റൂ.'
'സാര്‍, വണക്കം...'
വാതിലിലിരുന്ന പ്യൂണിനെ നമസ്‌കരിച്ചു.

'വാടാ പാമ്പേ... ടേയ്... ഉള്ളില്‍പ്പോയി സാറിനെക്കാണ്...' അയാള്‍ പറഞ്ഞു. അവന്‍ അകത്തു കടന്നു.
'സാര്‍, ഗുഡ് മോണിങ് സാര്‍...'
'എന്താടാ... എന്തു വേണം?'
'സാര്‍, കഴിഞ്ഞ മാസം കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിനു അപേക്ഷ കൊടുത്തിട്ടു പോയതാ സാര്‍. ഇതുവരെ കിട്ടിയിട്ടില്ല. അടുത്താഴ്ച സ്‌കൂളില്‍ ചേരാനാണ് സാര്‍.'
'ടേയ്, പാമ്പുപിടുത്തക്കാരന്റെ മോനല്ലേടാ നീ?'
'അതേ സാര്‍. ഞങ്ങള്‍ ഇരുളരാണ്.'
'പഠിച്ചവനേ ഇവിടെ വേലയില്ല. പാമ്പിനെ പിടിക്കുന്നവനും, തേളിനെ പിടിക്കുന്നവനും പഠിക്കാന്‍ വരുന്നതെന്തിനാ?'
'അയ്യോ, സാമീ, ഞങ്ങളെല്ലാം പഠിക്കാന്‍ പാടില്ലേ, സാര്‍?'

'ഉം... പഠിച്ചു കിഴിക്കാന്‍ പോവല്ലേ? അവന്റെ മോന്ത കണ്ടോ? ടാറില്‍ മുങ്ങിക്കുളിച്ചു വന്ന പോലുണ്ട്.'
ശേഷം അരികിലിരുന്ന സ്ത്രീയോട്, 'ഹേയ്, A- 3 മാഡം, ദേ ഇതു കണ്ടോ, ഇവനാ പാമ്പുപിടിത്തക്കാരന്‍ പയ്യന്‍!'
'എന്റെ സര്‍വീസില്‍ ഞാന്‍ കണ്ടിട്ടില്ലാത്ത പാമ്പുണ്ടോ? അതുകൊണ്ടല്ലേ ഒരേ സ്ഥലത്ത് കഴിഞ്ഞ ഇരുപതു വര്‍ഷമായിട്ടിരിക്കുന്നത്?'
A-- 3യുടെ വാക്കുകളില്‍ അഭിമാനം തെളിഞ്ഞുകണ്ടു.
'അതിനൊന്നും ഞാനില്ലേ... സാറില്ല, നീ പോയിട്ടു പിന്നെ വാ...'
'സാര്‍, ഞാന്‍ ആറേഴുതവണ വന്നിട്ടുപോയതാ സാര്‍. ഒന്നു മനസ്സുവച്ചാല്... സാര്‍...'
'എടാ, ഒറ്റപ്രാവശ്യം പറഞ്ഞാല്‍ പുറത്തുപോകണം. ചുമ്മാതെ അതുമിതും പറഞ്ഞ് സമയം കളയരുത്.'
'സാര്‍, സാര്‍, അടുത്താഴ്ച സ്‌കൂളില്‍ച്ചേരാനാ സാര്‍. ദയവു കാണിക്കണം, സാര്‍...'
'ടേയ്, മര്യാദയായും മാന്യമായും പറഞ്ഞാല്‍ നിനക്കൊന്നും മനസ്സിലാവത്തില്ലേ? നീയെല്ലാം വെറും കാട്ടുമാക്കാന്മാരല്ലേ?' എന്നു ചോദിച്ചുകൊണ്ട് അയാള്‍ പ്യൂണിനെ വിളിച്ചു: 'യേയ് മുനുസാമീ...'
'സാര്‍, ഇതാ വരുന്നു...'

'ഹോയ്, കണ്ട കാട്ടിലും മലയിലുമുള്ളവരെയൊക്കെ അകത്തേക്കു വിട്ടിട്ട്, അവിടെ എന്തോ ചെയ്‌തോണ്ടിരിക്കുകയാണ്...'
'ടേയ്, വെളിയില്‍പ്പോടാ... പോകാന്‍ പറഞ്ഞാല്‍...'
'എന്താ, ഇവിടൊരു ബഹളം?' എന്നു ചോദിച്ചുകൊണ്ട് ഉള്ളില്‍നിന്നും സീനിയര്‍ ഓഫീസര്‍ പുറത്തേക്കുവന്നു.
'ഒന്നുമില്ല സാര്‍, എസ്റ്റി കമ്യൂണിറ്റി കേസ്. പാമ്പുപിടിക്കുന്ന ജാതിയാ...'
സീനിയര്‍ ഓഫീസര്‍ അവനോട് തിരിഞ്ഞുനിന്ന് ചോദിച്ചു:
'അതെന്താടാ ജാതി?'
'സാര്‍, ഇരുളരാണ് സാര്‍... സാര്‍ ഇച്ചിരി മനസ്സുവെച്ചാ...'
ഇരുളാണ്ടി സീനിയര്‍ ഓഫീസറുടെ കാലില്‍ വീണു.
'ടേയ്, ടേയ്, നില്ലെടാ... നീ പാമ്പുപിടിക്കുന്ന ജാതിയാണെന്ന് ഞാനെങ്ങനാടാ അറിയുന്നത്? നീ ഒരു പാമ്പിനെ പിടിച്ചുകൊണ്ടുവാ. പിന്നെ നോക്കാം...'
ഓഫീസിലുള്ളവരെല്ലാം ആര്‍ത്തുചിരിച്ചു. അപമാനത്താല്‍ ഇരുളാണ്ടിയുടെ മുഖം കുനിഞ്ഞു.
'പോടാ, പോ... പോടാന്നു പറഞ്ഞാല്‍....'
പിടിച്ചുതള്ളിയില്ലെന്നേയുള്ളൂ. ഒരു തീരുമാനത്തോടെ അവന്‍ പുറത്തിറങ്ങി.
'ഏയ്, ഇവന്റെ സ്ഥലമേതാണ്?'
'സാര്‍, വിക്രവാണ്ടി... മേല്‍ക്കൊന്ത അടുത്താണ്.'

പുസ്തകത്തിന്റെ കവര്‍

'മേല്‍ക്കൊന്തയോ...? ഏയ്, ജീപ്പ് ഡ്രൈവര്‍ എവിടെയാ? വിളിക്ക്. അത്യാവശ്യത്തിന് മേല്‍ക്കൊന്തവരെപ്പോകണം. അതിനു മുമ്പ് ഫോണില്‍ വിളിച്ചറിയിക്കാം.' പെട്ടെന്നു ടെന്‍ഷനായ ആഫീസര്‍ ഫോണ്‍ കറക്കി. മേല്‍ക്കൊന്ത സംബന്ധം ചെട്ട്യാരുടെ വീട്ടിലെ കോഴിക്കറിയുടെ സുഗന്ധം ആ പ്രദേശമാകെ വ്യാപിച്ചു. ഓഫീസര്‍ ബദ്ധപ്പെട്ട് ജീപ്പില്‍ കയറിയിരുന്നു. ജീപ്പ് പുറപ്പെട്ടു.
'ടേയ്, വരാല്‍മീന്‍ വലിയ തുണ്ടമായി മുറിക്കണം...'
ജീപ്പ് ഹൈവേയിലൂടെ ചീറിപ്പാഞ്ഞു.
'ടേയ്, തോട്ടത്തില്‍നിന്ന് തലവാഴയില വെട്ടിക്കൊണ്ടുവാടാ... പാത്രത്തില്‍ വെള്ളം വെക്ക്.'
അധികാരി കൈകഴുകിത്തുടച്ചുകൊണ്ട് തൃപ്തിയോടെ വന്നു. അയാള്‍ വിട്ട ഏമ്പക്കത്തില്‍ പൂര്‍ണസംതൃപ്തി പ്രകടമായിരുന്നു.
'എന്താ സാര്‍, ഭക്ഷണം എങ്ങനെ?'
'എന്തു ചോദ്യമാ ചെട്ട്യാരേ ചോദിക്കുന്നത്? സംബന്ധം വീട്ടില്‍നിന്നും ഭക്ഷണം കഴിക്കണമെങ്കില്‍ ഭാഗ്യം ചെയ്തവരായിരിക്കണം. ഞങ്ങള്‍ മഹാ ഭാഗ്യവാന്മാരാണ്...'
'ശരി, പൊക്കിപ്പറയുന്നതെല്ലാം പിന്നീടാവട്ടെ. കാര്യത്തിലേക്കു വരൂ...'

'റെഡ്ഡ്യാരേ, കാര്യം അത്ര നിസ്സാരമല്ല. അല്‍പ്പം ഗൗരവമുള്ളതാണ്. നിങ്ങള്‍ ഫോര്‍വേഡ് കമ്യൂണിറ്റിയാണ്. അതു തിരുത്തി 'കൊണ്ടാറെഡ്ഡി' എന്നു മാറ്റി എഴുതിയിരിക്കുകയാണ്. അത് എസ്റ്റി ഇനത്തില്‍ വരും. റെഡ്ഡ്യാരുടെ മകന്റെ പഠിപ്പുവിഷയമായതുകൊണ്ട് അല്‍പ്പം റിസ്‌കെടുത്താണ് ചെയ്തത്. ഇതാ സര്‍ട്ടിഫിക്കറ്റ്!' തന്റെ കൈവശമുണ്ടായിരുന്ന എമര്‍ജന്‍സി ഫയലില്‍നിന്നും സര്‍ട്ടിഫിക്കറ്റെടുത്ത് റെഡ്ഡ്യാര്‍ക്കു കൈമാറി.

'അതൊക്കെ അറിയാം. ടേയ് മുനിയാ... രണ്ടു ചാക്ക് പൊന്നിയരിയെടുത്ത് ജീപ്പിലിട്. ആ തേങ്ങാച്ചാക്ക്, വാഴക്കുല എല്ലാം വണ്ടിയില്‍ക്കയറ്റ്. അകത്തുചെന്ന് അമ്മയോട് ഞാന്‍ പറഞ്ഞെന്നു പറയൂ. ഒരു ബാഗ് തരും. അതു വാങ്ങിക്കൊണ്ടുവാ...' തിരിഞ്ഞ് ആഫീസറോട്, 'ഡ്രൈവര്‍ക്കെന്തെങ്കിലും...' എന്നു ചോദിച്ചയുടന്‍,
'അതൊക്കെ ഞാന്‍ നോക്കിക്കോളാം റെഡ്ഡ്യാരേ...'
വന്നു... തന്നു... പോയി...

ഒരുറച്ച തീരുമാനത്തോടെയാണ് ഇരുളാണ്ടി ബസ്സില്‍ കയറിയത്. കൈവശം ഒരു യൂറിയായുടെ ഭാരമുള്ള ചാക്കുണ്ടായിരുന്നു. 'പാമ്പിനെപ്പിടിക്കാന്‍ അറിയാമോടാ നിനക്ക്?'
തഹസില്‍ദാറാപ്പീസില്‍ ചോദിച്ച ചോദ്യവും അതിനെത്തുടര്‍ന്നുള്ള കൂട്ടച്ചിരിയും അവനെ വീണ്ടും വീണ്ടും വേട്ടയാടിക്കൊണ്ടിരുന്നു. കോപത്താല്‍ അവന്‍ മുഷ്ടികള്‍ ചുരുട്ടിപ്പിടിച്ചു.
'കാണിച്ചുതരാം, ഞങ്ങള്‍ ആരാണെന്ന്...'
ബസ്സില്‍ നിന്നിറങ്ങി. അതേ തഹസില്‍ദാര്‍ ആഫീസ്.
'വാടാ പാമ്പാട്ടീ...'
'സാര്‍, എന്റെ സര്‍ട്ടിഫിക്കറ്റ്...'
'ടേയ്, നില്ലെടാ, അന്നേ നിന്നോട് ചോദിച്ചതല്ലേ നിനക്ക് പാമ്പുപിടിക്കാനറിയാമോന്ന്?'
വീണ്ടും ഓഫീസിലുള്ളവര്‍ അവനെ പരിഹസിച്ചു.

'വലുതായൊന്നും അറിയത്തില്ല. എന്നാലും കൊറച്ചു കൊറച്ചറിയാം. ദാ ഇതുകണ്ടോ? നാലഞ്ചു ദെവസം കൊണ്ട് ഞാന്‍ പിടിച്ച പാമ്പുകളാ... ഇതുവരെ പല്ലുപോലും പറിച്ചുകളഞ്ഞിട്ടില്ല' എന്നു പറഞ്ഞുകൊണ്ട് സഞ്ചിയില്‍നിന്നും ഒരു പാമ്പിനെയെടുത്ത് എല്ലാവര്‍ക്കും കാണിച്ചുകൊടുത്തു.

'ടേയ്... ടേയ്... എന്താടാ ഇത്? വെക്കെടാ, അകത്തുവെയ്യെടാ...'
'സാര്‍, ഇതു നീര്‍ക്കോലിയാ സാര്‍. നിങ്ങളെപ്പോലെ ആപ്പീസ് വേല ചെയ്യുന്നവരെക്കൂട്ട് വെറുതെ ചീറ്റും, കടിക്കത്തില്ല. ഇന്നാ പിടിച്ചോ...' നീര്‍ക്കോലിയെ ദൂരേക്ക് വലിച്ചെറിഞ്ഞു.
'അയ്യോ, അയ്യോ, പാമ്പ്... പാമ്പ്...'
'ഇത് ചേരയാ. എടാ, എത്രവട്ടം എന്നെ നടത്തിച്ചു?'
'അനിയാ... അനിയാ... വേണ്ടാ... എടുത്ത് ഉള്ളിലിട്...'
'കെട്ടുകണക്കിന് കൈക്കൂലി വാങ്ങത്തില്ലേ? ഇന്നാടാ... ഇതു ശംഖുവരയന്‍...'
'അയ്യോ... കടിച്ചാലുടന്‍ വിഷം കേറും...'
'ചോദിച്ചാലുടനേ നിങ്ങടെ ആപ്പീസില്‍നിന്നും എന്തെങ്കിലും കൊടുത്തിട്ടൊണ്ടോ? ഇത് മൂര്‍ഖന്‍...'
'അയ്യോ, അടിയെടാ, അത് ചീറ്റുന്നു, കടിക്കാന്‍ വരുന്നു...'

'എന്താടാ, പാമ്പുപിടിത്തം മോശപ്പെട്ട പണിയാന്നോ? ആദ്യം മനുഷ്യരെ മനുഷ്യരായി മതിക്കണമെടാ. ഇനി ഈ പാമ്പിനെയെല്ലാം പിടിക്കണമെങ്കി എന്നേപ്പോലൊരു ഇരുളന്‍തന്നെ വേണം. അവന്റെ കയ്യില്‍ എന്റെ സര്‍ട്ടിഫിക്കേറ്റ് കൊടുത്തയക്കണം' എന്നു പറഞ്ഞുകൊണ്ട് ചാക്കിലുണ്ടായിരുന്ന പാമ്പിന്‍കുഞ്ഞുങ്ങളെ ആഫീസിന്റെ പല ഭാഗങ്ങളിലായി കൊണ്ടുപോയിട്ടു. ചാക്കിനുള്ളില്‍ തടവിലാക്കപ്പെട്ടിരുന്ന പാമ്പുകള്‍, സ്വാതന്ത്ര്യം കിട്ടിയതിന്റെ സന്തോഷത്തില്‍ വളഞ്ഞുപുളഞ്ഞ് അങ്ങുമിങ്ങും ഇഴയുന്നത് കണ്ട് ആഫീസ് ബഹളമയമായി. ഭാരം ഇറക്കിവെച്ച സന്തോഷത്തില്‍ തലയെടുപ്പോടെ, ഗംഭീരമായി ഇരുളാണ്ടി നടന്നു. വളഞ്ഞുപുളഞ്ഞ് ഒരു വിഷപ്പാമ്പ് വേഗത്തില്‍ ഓഫീസറുടെ മുറിക്കുള്ളിലേക്ക് ഇഴഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു.

Content Highlights: Tamil dalit kathakal, Book excerpts, Sivakami. P, Mathrubhumi books

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Cyber sex addiction

4 min

സൈബര്‍ സെക്‌സ് ആസക്തി; കുടുംബം തകര്‍ക്കും സമാധാനം കെടുത്തും, വേണ്ടത് ബോധവല്‍ക്കരണം

Sep 29, 2023


awaara

5 min

രാജ്കപൂര്‍ പറഞ്ഞു; 'എന്റെ ചിത്രത്തിലേക്ക് എനിക്ക് ആ പെണ്‍കുട്ടിയെ വേണം... തിരക്കഥ തിരുത്തിയെഴുതൂ'

Jul 8, 2022


Art by Madanan

4 min

എന്തുകൊണ്ട് ഒരു ഇന്ത്യന്‍ കുടുംബനിയമത്തിലേക്ക് നടന്നുനീങ്ങാന്‍ നമുക്ക് സാധിക്കാതെപോയി?

Sep 26, 2023


Most Commented