ബാല്യകാലം മുതല്‍ തുണിക്കടയിലെ ജനസമ്പര്‍ക്കം ; അനുഭവങ്ങളുടെ കൈത്തഴമ്പില്‍ കല്യാണരാമന്‍


ടി.എസ് കല്യാണരാമന്‍

ഒരു ദിവസം സീതാറാം മില്ലിന് തീപിടിച്ചു. രാവിലെ തുടങ്ങിയ അഗ്‌നിനാളങ്ങളുടെ നൃത്തം രാത്രിയായിട്ടും അവസാനിച്ചില്ല. അനേകായിരം പന്തങ്ങള്‍ ഒരുമിച്ച് കത്തുംപോലെ... ഒരു മതിലിന് അപ്പുറവും ഇപ്പുറവുമായാണ് മില്ലും ഞങ്ങളുടെ വീടും. എപ്പോള്‍ വേണമെങ്കിലും തീ വീട്ടിലേക്ക് പടര്‍ന്നേക്കാം

ടി.എസ് കല്യാണരാമൻ, ഐശ്വര്യറായ്‌

''കല്യാണ്‍ ജ്വല്ലേഴ്സിന്റെ കഥയും സ്വാമിയുടെ ജീവിതവും ഒരേ സമയം ലളിതമാണ്, വേര്‍പിരിക്കാന്‍ കഴിയാത്തതുമാണ്. സര്‍ക്കാരിന്റെയും ഭരണസംവിധാനങ്ങളുടെയും സഹായങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് ചിന്തിക്കുമ്പോള്‍ ഇന്നത്തെ സ്റ്റാര്‍ട്ട് അപ്പുകളുടെ വിജയത്തിന്റെ ഒരു വാര്‍പ്പുമാതൃക എന്താണ് എന്ന് എന്നോടു ചോദിച്ചാല്‍ ഞാന്‍ നിശ്ചയമായും പറയും അതിന്റെ പ്രാഗ്രൂപം ആദിശങ്കരാചാര്യ രൂപപ്പെടുത്തിയ അദ്വൈതമാതൃകയാണെന്ന്. ഇനി അങ്ങനെയൊരു വാര്‍പ്പുമാതൃക നിങ്ങള്‍ക്കു കണ്ടെത്താനായില്ലെങ്കില്‍ ഞാന്‍ ശക്തമായി ശുപാര്‍ശ ചെയ്യുന്നത് നമ്മളെല്ലാം സ്നേഹത്തോടെ സ്വാമി എന്നു വിളിക്കുന്ന ടി.എസ്. കല്യാണരാമന്റെ ഈ ആത്മകഥയാണ്. അദ്വൈതത്തിന് ആദിശങ്കരാചാര്യ എന്താണോ അതാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സ്വാമി.കഠിനമായ സാഹചര്യങ്ങളില്‍ അവശ്യം വേണ്ട കാഴ്ചപ്പാടിനെയും ദൗത്യത്തെയും വിശ്വാസത്തെയും നിശ്ചയദാര്‍ഢ്യത്തെയും അടിസ്ഥാനമാക്കി നോക്കുമ്പോള്‍, സ്റ്റാര്‍ട്ട് അപ്പുകളുടെ ലോകത്തേക്ക് സ്വന്തം സംരംഭവുമായി ഇറങ്ങിത്തിരിക്കുന്ന ഏതൊരു സംരംഭകനും ഇതൊരു കൈപ്പുസ്തകമാണ്''- കല്യാണ്‍ ഗ്രൂപ്പ് ഉടമ ടി.എസ് കല്യാണരാമന്റെ ആത്മകഥയായ 'ആത്മവിശ്വാസ'ത്തില്‍ അമിതാഭ് ബച്ചന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. സമ്പന്നത എന്നാല്‍ ലാളിത്യത്തിന്റെ കൂടി ഉത്തമരൂപമാണെന്ന് 'ആത്മവിശ്വാസം' വായിക്കുന്ന ഏതൊരാളും തിരിച്ചറിയുന്നു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ആത്മവിശ്വാസ'ത്തില്‍ നിന്നും ഒരുഭാഗം വായിക്കാം.

മുത്തച്ഛന് ആണ്‍മക്കള്‍ നാലുപേരായിരുന്നു. അവരില്‍ മൂത്തയാളായിരുന്നു എന്റെ അച്ഛന്‍ സീതാരാമയ്യര്‍. ഞങ്ങളുടെ സമ്പ്രദായത്തില്‍ പണ്ട് മുത്തച്ഛന്മാരുടെ പേരാണ് മൂത്ത പേരക്കുട്ടികള്‍ക്ക് ഇടുന്നത്. എന്റെ അച്ഛന് സീതാരാമയ്യര്‍ എന്നും എനിക്ക് ടി.എസ്. കല്യാണരാമന്‍ എന്നും പേരുവന്നത് അങ്ങനെയാണ്. എന്റെ പേരിന്റെ കാര്യത്തില്‍ മറ്റൊരു കൗതുകംകൂടിയുണ്ടായി. മുത്തച്ഛന്റെ അതേ ഇനീഷ്യലുകള്‍ തന്നെ എനിക്കും കിട്ടി. (അച്ഛന്റെ പേര് സീതാരാമയ്യര്‍ എന്നാണല്ലോ. അതുകൊണ്ട് തൃക്കൂര്‍ സീതാരാമയ്യര്‍ എന്നതിന്റെ ചുരുക്കെഴുത്തായി മുത്തച്ഛന്റെ പേരിനു മുന്നിലുണ്ടായിരുന്ന അതേ ടി.എസ്. എന്നിലും പറ്റിച്ചേര്‍ന്നു)അച്ഛന്റെ സഹോദരന്മാര്‍ പട്ടാഭിരാമയ്യര്‍, രാമചന്ദ്രന്‍, അനന്തരാമന്‍ എന്നിവരായിരുന്നു. തങ്കം അമ്മാള്‍, സീതാലക്ഷ്മി, ശാരാദാംബാള്‍, ജയലക്ഷ്മി, രാജലക്ഷ്മി, ഭുവനേശ്വരി എന്നിവര്‍ സഹോദരിമാരും. ഇവരില്‍ തങ്കം അമ്മാള്‍ എന്റെ ജനനത്തിനു മുമ്പേ മരിച്ചു. ആദ്യം അച്ഛനാണ് മുത്തച്ഛനു പിന്നാലെ കച്ചവടത്തിലേക്കു വന്നത്. പഠിപ്പുകഴിഞ്ഞതോടെ അനുജന്മാരും അവരവരുടെ വഴിയേ പലയിടത്തേക്കായി നീങ്ങി. പട്ടാഭിരാമയ്യര്‍ മേട്ടൂര്‍ കെമിക്കല്‍സിന്റെ ഏജന്‍സി നടത്തിപ്പുകാരനായി കോയമ്പത്തൂരിലേക്കാണ് പോയത്. അവിടെ സ്വന്തമായി വസ്ത്രവ്യാപാരസ്ഥാപനം ആരംഭിക്കുകയും സ്ഥിരമായി പാര്‍പ്പുറപ്പിക്കുകയും ചെയ്തു, അദ്ദേഹം. ആശുപത്രിക്കടുത്തുള്ള കടയുടെ ചുമതലയായിരുന്നു രാമചന്ദ്രന്. അനന്തരാമന്‍ പോസ്റ്റ് ഓഫീസ് റോഡിലെ മൊത്തവ്യാപാരസ്ഥാപനത്തിലിരുന്നു. അച്ഛന്റെ പാത തീര്‍ത്തും വ്യത്യസ്തമായിരുന്നു. മുത്തച്ഛനൊപ്പം ആദ്യം തുണിക്കടയിലാണ് തുടങ്ങിയതെങ്കിലും പിന്നീട് അദ്ദേഹം കൊച്ചിന്‍ പവര്‍ ഇന്‍ഡസ്ട്രി എന്ന ഓടുവ്യാപാരസ്ഥാപനം തുടങ്ങി. അന്ന് ഓടിന് വലിയ ആവശ്യക്കാരുള്ള സമയമാണ്. വ്യവസായങ്ങളെക്കുറിച്ചു പറയുമ്പോള്‍ ഇംഗ്ലീഷില്‍ പലപ്പോഴും പറയാറുള്ള Diversification അഥവാ വൈവിദ്ധ്യവത്കരണത്തെ സാക്ഷാത്ക്കരിക്കുകയായിരുന്നു ഓട്ടുകമ്പനി വാങ്ങിയതിലൂടെ അച്ഛന്‍ ചെയ്തത്.

ഇതിനിടയ്ക്ക് അച്ഛന്റെ കല്യാണം കഴിഞ്ഞു. നാരായണി അമ്മാള്‍ എന്നായിരുന്നു അമ്മയുടെ പേര്. അമ്മയുടേത് അധികം സാമ്പത്തികം ഇല്ലാത്ത കുടുംബമായിരുന്നു. പയ്യന്നൂരാണ് അമ്മയുടെ വീട്. കൃഷ്ണയ്യരും ലക്ഷ്മിയുമായിരുന്നു അമ്മയുടെ മാതാപിതാക്കള്‍.
1947 ഏപ്രില്‍ 23ന് രോഹിണി നക്ഷത്രത്തിലായിരുന്നു എന്റെ ജനനം. അത് അക്ഷയതൃതീയ ദിവസമായിരുന്നു. ഇവന്റെ ജന്മത്തില്‍ ഒരുകാലം പൊന്നിന്റെ തരി പുരളട്ടേയെന്ന് ജഗദീശ്വരന്‍ നിശ്ചയിച്ചുകാണണം. അതുകൊണ്ടാണല്ലോ സ്വര്‍ണ്ണവുമായി ഏറ്റവും ബന്ധപ്പെട്ടുകിടക്കുന്ന അക്ഷയതൃതീയദിനത്തില്‍ ഈ ഭൂമിയിലേക്ക് ജനിച്ചുവീഴാന്‍ ഭാഗ്യം സിദ്ധിച്ചത്.
ഓര്‍മ്മകളുടെ തുടക്കം എവിടെയാണെന്ന് ചോദിച്ചാല്‍ മൂന്നാംക്ലാസിലൊക്കെ എന്നു പറയാം. വലിയ കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. എല്ലാവരും ഒരുമിച്ച് ഒരു വലിയ കൈക്കുമ്പിളിലെന്നപോലെ ജീവിച്ചു. ശ്രുതിഭംഗം ഒട്ടുമില്ലാത്ത പാട്ടുപോലെയായിരുന്നു ആ ജീവിതം. ചെറിയച്ഛന്മാരുടെ മക്കളുമായി കളി. ഇടയ്ക്ക് ചില്ലറവഴക്കുകള്‍. അത് ഞങ്ങള്‍തന്നെ തീര്‍ക്കും. ഇന്നത്തെപ്പോലെ അച്ഛനമ്മമാര്‍ മക്കളുടെ നിസ്സാരപ്രശ്നങ്ങളില്‍ ഇടപെട്ട് വലിയ വഴക്കുകളുണ്ടാകുന്ന രീതി അന്നുണ്ടായിരുന്നില്ല. ഒരു മാങ്ങയ്ക്കോ മിഠായിക്കോ വേണ്ടിയുള്ള വഴക്കുകളായിരിക്കും ഞങ്ങളുടേത്. അതല്ലെങ്കില്‍ ഒരാളെ കളിയില്‍ കൂട്ടാത്തതിന്റെ പിണക്കം. കൂട്ടുകുടുംബങ്ങളില്‍ ഇത്തരം കുട്ടിവഴക്കുകള്‍ വലിയവര്‍ ഏറ്റെടുക്കുമ്പോഴാണ് അന്തരീക്ഷം പലപ്പോഴും മോശമാകുന്നത്. പക്ഷേ, ഞങ്ങളുടെ പിണക്കങ്ങള്‍ ഞങ്ങളുടെ ഇടയില്‍ത്തന്നെ അവസാനിച്ചു. ഒരു മിഠായി അലിഞ്ഞുപോകുന്നതിന്റെ അത്രയും ദൈര്‍ഘ്യമേയുണ്ടായിരുന്നുള്ളൂ ഞങ്ങളുടെ തല്ലുപിടുത്തങ്ങള്‍ക്ക്.

അച്ഛന് ഞങ്ങള്‍ ഏഴു മക്കളാണ്. മൂത്തയാളാണ് ഞാന്‍. അനന്തരാമന്‍, പട്ടാഭിരാമന്‍, ബാലരാമന്‍, രാമചന്ദ്രന്‍ എന്നിങ്ങനെയാണ് സഹോദരങ്ങളുടെ പേര്. രണ്ടു സഹോദരിമാര്‍-മീനാക്ഷിയും ഗീതാലക്ഷ്മിയും. സ്‌കൂളില്‍ പോകുന്നതിനു മുമ്പ് മുത്തച്ഛനൊപ്പം നിലത്തിരുന്നാണ് ഭക്ഷണം. പ്രാതല്‍വിഭവങ്ങളില്ല. പകരം കഞ്ഞിയോ ചോറോ ആണ് രാവിലെ കഴിക്കുക. ആ ശീലം ഇന്നും തുടരുന്നു. ഇപ്പോഴും രാവിലെ പത്തരയോടെ ഊണുകഴിച്ചിട്ടാണ് ഞാന്‍ കല്യാണിന്റെ ഓഫീസിലേക്ക് പോരുക.
രാവിലെ കഴിച്ചിട്ടുപോന്നാലും ഉച്ചയാകുമ്പോള്‍ വിശക്കില്ലേ. അതിനായി അച്ഛന്‍ ഞങ്ങള്‍ക്ക് സ്‌കൂളിനടുത്തുള്ള മണീസ് കഫേയില്‍ എന്നും ഭക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ഉച്ചയൂണിന് ബെല്ലടിക്കുമ്പോള്‍ ഞങ്ങള്‍ മണീസ് കഫേയിലേക്ക് പോകും.
മോഡല്‍സ്‌കൂളിലായിരുന്നു പഠനം. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ ഒരു സംഭവം അണയാത്ത ഓര്‍മ്മയാണ്. ഒരു ദിവസം സീതാറാം മില്ലിന് തീപിടിച്ചു. രാവിലെ തുടങ്ങിയ അഗ്‌നിനാളങ്ങളുടെ നൃത്തം രാത്രിയായിട്ടും അവസാനിച്ചില്ല. അനേകായിരം പന്തങ്ങള്‍ ഒരുമിച്ച് കത്തുംപോലെ... ഒരു മതിലിന് അപ്പുറവും ഇപ്പുറവുമായാണ് മില്ലും ഞങ്ങളുടെ വീടും. എപ്പോള്‍ വേണമെങ്കിലും തീ വീട്ടിലേക്ക് പടര്‍ന്നേക്കാം. ഉള്ളില്‍ ഒരാന്തലോടെ ഞങ്ങളെല്ലാം നിന്നു. പറമ്പില്‍ അന്ന് വൈക്കോല്‍ത്തുറുവുണ്ട്. അതിലേക്ക് തീ ആളിയെത്താന്‍ സാദ്ധ്യത ഏറെയാണ്. തീപടര്‍ന്നാലുടന്‍ കെടുത്താനായി വെള്ളം നിറച്ച പാത്രങ്ങളുമായി വീട്ടിലെ മുതിര്‍ന്നവര്‍ ജാഗരൂകരായി. ഞങ്ങള്‍ കുട്ടികള്‍ക്കും അന്ന് ഉറക്കമുണ്ടായില്ല. തീഗോളങ്ങള്‍ ദുസ്സ്വപ്നംപോലെ മുന്നില്‍ കെടാതെ നിന്ന ഒരു രാത്രി!
ഏഴാംക്ലാസിലായപ്പോള്‍ അച്ഛന്‍ പതിയേ ആശുപത്രിക്കടുത്തുള്ള തുണിക്കടയിലേക്ക് അയച്ചു. പിച്ചനടത്തിക്കുന്നതുപോലൊരു പ്രവൃത്തി. എല്ലാ അവധിദിവസങ്ങളിലും കടയില്‍ പോകണം. പകരം മസാലദോശയാണ് സമ്മാനം. അത് മണീസ് കഫേയില്‍നിന്നോ പത്തന്‍സ് ഹോട്ടലില്‍നിന്നോ വാങ്ങിത്തരും.
കടയില്‍ ജോലിയൊന്നും ചെയ്യേണ്ട. വെറുതേ കൗണ്ടറില്‍ കാഴ്ചകളെല്ലാം കണ്ടുനിന്നാല്‍ മതി. വരുന്നവര്‍ ചില കുശലങ്ങളൊക്കെ ചോദിക്കും. അതിന് മറുപടി പറയുക, ആവശ്യമെങ്കില്‍ അവരോടെന്തെങ്കിലുമൊക്കെ ചോദിക്കുക ഇതൊക്കെ മാത്രം. ആ പ്രായത്തില്‍ത്തന്നെ ഒരു ജനസമ്പര്‍ക്കമാണ് അച്ഛന്‍ ഉദ്ദേശിച്ചത്.
ചിലര്‍ ചോദിക്കും: 'സ്വാമിക്കുട്ടീ... ഇന്നെന്താ മുഖത്തൊരു ക്ഷീണം... മസാലദോശ കിട്ടീല്ലേ...?' അതുകേള്‍ക്കുമ്പോള്‍ വിശന്നുനില്‍ക്കുകയാണെങ്കിലും ഒരു ആശ്വാസം കിട്ടും. ചോദ്യത്തിനൊപ്പം ഒരു ചിരിയും കവിളില്‍ നുള്ളലും കൂടിയാകുമ്പോള്‍ വയറു നിറയുന്നതുപോലെ.
പലതരം ആള്‍ക്കാര്‍ കടയില്‍ വരും. പല സ്വഭാവങ്ങളുള്ള മനുഷ്യര്‍. ഓരോരുത്തര്‍ക്കും അവരുടേതായ രീതികള്‍. മനുഷ്യരെ മനസ്സിലാക്കാനുള്ള ക്ലാസ് മുറിയായിരുന്നു കടയുടെ കൗണ്ടര്‍.
ചെറിയ കടയായിരുന്നു ഞങ്ങളുടേത്. ദിവസം മൂവായിരം രൂപയൊക്കെയാണ് വിറ്റുവരവ്. കാലം ആയിരത്തിത്തൊള്ളായിരത്തി അറുപതുകളാണ്. അന്നത് അത്യാവശ്യം മോശമല്ലാത്ത തുകയാണ്. കൗണ്ടര്‍ പരിശീലനം കഴിഞ്ഞപ്പോള്‍ അത്യാവശ്യം അദ്ധ്വാനമുള്ള ജോലിയൊക്കെ തരാന്‍ തുടങ്ങി. ബോര്‍ഡില്‍നിന്ന് തുണി അഴിച്ചിടുകയാണ് അതിലൊന്ന്. കുറച്ചു ചെയ്തുകഴിയുമ്പോള്‍ കൈ വേദനിക്കും. മസാലദോശയുടെ സ്വാദോര്‍ക്കുമ്പോള്‍ വേദന മറക്കും.
തുണി അടിക്കണക്കില്‍ മുറിക്കാനാണ് അടുത്ത പഠനം. അതും നല്ല കൈവേദനയുണ്ടാക്കുന്ന സംഗതിയായിരുന്നു. ഏതായാലും അതിന്റെയൊക്കെ തഴമ്പുകള്‍ വലിയ വലിയ പാഠങ്ങളായി ഇന്നും കൈവെള്ളയിലുണ്ട്. അത് വെറുതേ കട്ടിയായിപ്പോയ തൊലിയല്ല, മനസ്സിലുറച്ചുപോയ ഓരോ അദ്ധ്യായമാണ്.
ഞാന്‍ ആദ്യമായി ചെല്ലുന്ന സമയത്ത് നാലു തൊഴിലാളികളാണ് അന്ന് ആശുപത്രിക്കടുത്തുള്ള കടയിലുള്ളത്. അന്ന് അധികം തുണികളൊന്നും വില്‍പ്പനയ്ക്കില്ല. ജഗന്നാഥന്‍മല്ല് ആണ് പ്രധാന ഇനം. പിന്നെ ഞങ്ങളുടെ കടയ്ക്കു മാത്രമായി കിട്ടിയ ഒന്നുണ്ടായിരുന്നു. ബിന്നി കമ്പനിയുടെ തുണിത്തരങ്ങള്‍. അതിന്റെ ഡീലര്‍ഷിപ്പ് അന്നത്തെക്കാലത്ത് വലിയ നേട്ടംതന്നെയായിരുന്നു.
അപ്പോഴേക്കും മൂന്നുനാലു കടകള്‍കൂടി തൃശ്ശൂരില്‍ തുടങ്ങിയിരുന്നു. പക്ഷേ, അവിടെയൊന്നും ബിന്നിയുടെ തുണികളില്ലായിരുന്നു. അതുകൊണ്ട് അത് വാങ്ങാന്‍ മാത്രമായി ഞങ്ങളുടെ കടയിലേക്ക് ആളുകള്‍ വരും. ബാക്കിത്തുണികളെല്ലാം മറ്റ് കടകളില്‍നിന്ന് വാങ്ങിയിട്ട് ബിന്നിക്കായി ഞങ്ങളുടെ കടയിലേക്ക്. ബിന്നിയുടെ നീലനിറത്തിലുള്ള സ്‌കൂള്‍ യൂണിഫോം, പോലീസിന്റെ കാക്കി ഇതൊക്കെ ഒന്നാന്തരം നിലവാരത്തിലുള്ളതായിരുന്നു. അതുകൊണ്ടാണ് അതിന് ആവശ്യക്കാരേറിയതും. ഡിമാന്‍ഡ് കൂടിയതുകൊണ്ടുതന്നെ കമ്പനിയില്‍നിന്നുള്ള സപ്ലൈ കുറവുമായിരുന്നു. ആകെ രണ്ടോ മൂന്നോ പീസേ കിട്ടൂ.
ബിന്നി മാത്രമായി വാങ്ങാന്‍ വരുന്നവരോട് അന്നത്തെ എന്റെ കുഞ്ഞുമനസ്സിന് നീരസം തോന്നിയിരുന്നു. അമൂല്യമായി സൂക്ഷിച്ചുവെച്ചിരിക്കുന്ന അത് എന്തിനാണ് മറ്റു കടകളില്‍നിന്ന് സാധനം വാങ്ങിവരുന്നവര്‍ക്ക് കൊടുക്കുന്നത്, എല്ലാത്തുണിയും നമ്മുടെ കടയില്‍നിന്ന് വാങ്ങുന്നവര്‍ക്കു മാത്രം അത് കൊടുത്താല്‍പ്പോരേ എന്ന സംശയവുമുണ്ടായി. അത് അച്ഛനോട് പറഞ്ഞപ്പോള്‍ ദേഷ്യപ്പെട്ടു. ആര് എന്തുവന്ന് ചോദിച്ചാലും കൊടുക്കണം എന്നായിരുന്നു നിര്‍ദ്ദേശം. പക്ഷേ, കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ എന്റെ സംശയം അച്ഛന്‍ അംഗീകരിച്ചുവെന്നത് മറ്റൊരു വസ്തുത!
അന്ന് അച്ഛനൊരു ലാന്‍ഡ് മാസ്റ്റര്‍ കാറുണ്ട്. എവിടെയെങ്കിലും പോകുകയാണെങ്കില്‍ അഞ്ചെട്ടുപത്തുപേരെ അതില്‍ കുത്തിക്കയറ്റിയാണ് യാത്ര. മുരളുന്ന ആമയെപ്പോലുള്ള ശകടം നാട്ടുകാര്‍ക്ക് നോക്കിനില്‍ക്കാനുള്ള കൗതുകമായി.
വൈകുന്നേരങ്ങളില്‍ ടൈല്‍ഫാക്ടറിയില്‍നിന്ന് അച്ഛന്‍ ആശുപത്രിക്കടുത്തുള്ള തുണിക്കടയില്‍ വരും. അവിടത്തെ കണക്കുകളൊക്കെ നോക്കും. കടയിലുണ്ടെങ്കില്‍ എന്നോട് അന്നത്തെ വിശേഷങ്ങള്‍ ചോദിക്കും.
അച്ഛന്‍ പലതും പറയാതെ പഠിപ്പിച്ചുതന്നു. സ്വന്തം ജീവിതശൈലികൊണ്ട് അച്ഛന്‍ ഞങ്ങളെ എങ്ങനെ ജീവിക്കണം എന്ന് കാണിച്ചുതന്നു. ഞാന്‍ പഠനത്തില്‍ ശരാശരിക്കാരനായിരുന്നു. പക്ഷേ, മാര്‍ക്ക് കുറഞ്ഞതിന് അച്ഛന്‍ ഒരിക്കലും തല്ലുകയോ വഴക്കുപറയുകയോ ചെയ്തിട്ടില്ല. ബാഡ്മിന്റണ്‍, ഫുട്ബോള്‍, ക്രിക്കറ്റ്, നാടകം ഇതിലെല്ലാം എനിക്ക് താത്പര്യമുണ്ടായിരുന്നു. അതിനെല്ലാം അച്ഛന്‍ പ്രോത്സാഹനം നല്‍കുകയും ചെയ്തു. അച്ഛനെ ഓര്‍മ്മിക്കുമ്പോള്‍ ഇന്നും വിരല്‍ത്തുമ്പില്‍ ഇളം ചൂട് അനുഭവപ്പെടും. പലതിലേക്കും എന്നെ അച്ഛനാണ് കൈപിടിച്ചുകൊണ്ടുപോയത്. അച്ഛന്റെ കൈകള്‍ക്ക് സുഖമുള്ള ചൂടുണ്ടായിരുന്നു. ഒന്ന് കണ്ണടച്ചാല്‍ ഇന്നും അച്ഛന്‍ അരികെത്തന്നെയുണ്ട്.
അമ്മ അധികം വിദ്യാഭ്യാസമൊന്നുമില്ലാത്തയാളായിരുന്നു. കടയുടെ പരിസരത്തുപോലും അമ്മ വരാറില്ല. വീട്ടില്‍ ഞങ്ങള്‍ക്കുവേണ്ടി വെച്ചുവിളമ്പി അമ്മ ജീവിച്ചു. വലിയ കൂട്ടുകുടുംബത്തിലെ അനേകര്‍ക്കിടയില്‍ അസ്വാരസ്യത്തിന്റെ ചെറുവാക്കുപോലുമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചു. എത്ര വൈകിയാലും ഞങ്ങള്‍ക്കായി ഭക്ഷണം വിളമ്പിവെച്ച് അമ്മ കാത്തിരിക്കും. ഓണക്കാലത്തൊക്കെ കടയടച്ച് ചെല്ലുമ്പോള്‍ രാത്രി ഒരുമണിയൊക്കെയാകും. അപ്പോഴും അമ്മ ഉറങ്ങിയിട്ടുണ്ടാകില്ല. അച്ഛന്‍ ഇളംചൂടുള്ള ഓര്‍മ്മയാണെങ്കില്‍ അമ്മ തഴുകുന്നൊരു തണുപ്പാണ്. കടയില്‍നിന്ന് വൈകിച്ചെല്ലുന്ന രാത്രികളില്‍ അമ്മ മടിയില്‍ കിടത്തി തലമുടിയിലൂടെ വിരലോടിക്കും. അപ്പോള്‍ താരാട്ടുപോലൊരു തണുപ്പ് ശിരസ്സില്‍നിന്ന് ശരീരം മുഴുവന്‍ നിറയും. അറിയാതെ ഉറങ്ങിപ്പോകും. അമ്മയുടെ മടിത്തട്ട് ഇന്നും പലപ്പോഴും കൊതിച്ചുപോകാറുണ്ട്.
ഏഴാംക്ലാസ് കഴിഞ്ഞപ്പോള്‍ വേനലവധിക്കാലത്തും കടയില്‍ പോയിത്തുടങ്ങി. മസാലദോശ എന്ന വാഗ്ദാനത്തില്‍ മയങ്ങിയാണ് ആദ്യം അങ്ങോട്ട് ചെന്നതെങ്കിലും പിന്നീട് കടയില്‍പ്പോക്കെന്ന സ്വഭാവം രക്തത്തില്‍ക്കലര്‍ന്നു. കച്ചവടമെന്നത് വലിയൊരു ആനന്ദവും അഭിനിവേശവുമായി. ഓണക്കാലത്തൊക്കെ മല്ലുമായൊക്കെ മല്ലുപിടിച്ച് കൈ പൊട്ടും, തഴമ്പിക്കും. പക്ഷേ, ഒട്ടുമേ വേദന തോന്നില്ല. അത് ഹൃദയം നിറയ്ക്കുന്ന അനുഭവങ്ങളായിരുന്നു. നമ്മള്‍ ഒന്നും അറിയില്ല. പകരം പൂരത്തിരക്കിലെന്നോണം സമയം പോകുന്നതറിയാതെ എങ്ങോട്ടൊക്കെയോ ഒഴുകിപ്പോകും.
കടയിലെത്തുന്നവരുമായുള്ള സംസാരംതന്നെ വലിയ സന്തോഷം തരുന്ന നിമിഷങ്ങളാണ്. അവരുടെ 'സ്വാമിക്കുട്ടീ...' എന്ന വിളി കേള്‍ക്കുമ്പോള്‍ത്തന്നെ വാത്സല്യത്തിന്റെ വലിയൊരു അല വന്ന് ആകെ മൂടുന്നതുപോലെ തോന്നും.
പഠനത്തില്‍ ശരാശരിക്കാരനായിരുന്നുവെന്ന് പറഞ്ഞുവല്ലോ. പക്ഷേ, കണക്ക് വലിയ ഇഷ്ടമായിരുന്നു. അത് കടയില്‍ നില്‍ക്കുന്ന സമയങ്ങളില്‍ വലിയ ഗുണം ചെയ്തു. ആദ്യമൊക്കെ എല്ലാം കൂട്ടിക്കൂട്ടി എടുക്കുകയായിരുന്നു. പിന്നീട് 'റെഡിറക്കണറി'ന്റെ സഹായം തേടി. വൈകുന്നേരങ്ങളിലെത്തുന്ന അച്ഛനാണ് കച്ചവടത്തിലെ നേരും നെറിയും വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങളും പഠിപ്പിച്ചുതന്നത്. അതുതന്നെയാണ് ഇന്നും ഏറ്റവും വലിയ സമ്പാദ്യം. അന്ന് കുട്ടിക്കാലത്ത് ആ കൊച്ചുതുണിക്കടയില്‍നിന്ന് പഠിച്ച പ്രായോഗികമായ പാഠങ്ങളാണ് എന്റെ ജീവിതത്തില്‍ എന്നും സഹായിച്ചിട്ടുള്ളത്. ആയിരം പുറങ്ങളുള്ള മാനേജ്മെന്റ് പുസ്തകത്തില്‍നിന്ന് കിട്ടുന്ന ജ്ഞാനത്തിന്റെ ആയിരം ഇരട്ടി നമുക്ക് കടയില്‍ വരുന്ന ഒരാളുമായി ഒരുമണിക്കൂര്‍ സംസാരിച്ചാല്‍ കിട്ടും എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. വാങ്ങാന്‍ വരുന്നവര്‍ രാജാവാണ് എന്നാണ് വ്യവസായത്തിലെ ചൊല്ല്. പക്ഷേ, അവരെ കിരീടവും ചെങ്കോലുമുള്ള അധികാരപ്രതീകങ്ങളായി കാണുന്നതിനെക്കാള്‍ എനിക്കിഷ്ടം നമുക്ക് ഒരുപാട് അറിവുകള്‍ പറഞ്ഞുതരുന്ന മഹാഗുരുക്കന്മാരായി പ്രണമിക്കാനാണ്.
എല്ലാവരും ഒരേ സ്വഭാവക്കാരാകണമെന്നില്ല. പെരുമാറ്റങ്ങള്‍ പലതരമായിരിക്കും. ചിലരുടെ ഇടപെടലില്‍ നമുക്ക് അനിഷ്ടം തോന്നിയേക്കാം. പക്ഷേ, അതെല്ലാം ഓരോ അറിവാണ്. അങ്ങനെയാണ് എല്ലാ ഉപഭോക്താക്കളും-അവര്‍ നല്ലവരോ ചീത്തവരോ ആയിക്കൊള്ളട്ടെ-നമുക്ക് ഗുരുക്കന്മാരായി മാറുന്നത്.
അവരില്‍നിന്നു കിട്ടുന്ന ജ്ഞാനമാണ് പ്രായോഗികമായ പരിജ്ഞാനം. അത് വിലമതിക്കാനാകാത്തതാണ്. ഞാന്‍ എന്നും പ്രായോഗികജ്ഞാനത്തില്‍ വിശ്വസിക്കുന്നു. മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍നിന്നോ ക്ലാസുകളില്‍നിന്നോ അറിവു നേടിയ ഒരാളല്ല ഞാന്‍. എന്റെ സ്വത്ത് അനുഭവങ്ങളും പരിചയങ്ങളും തന്ന വിജ്ഞാനമാണ്. പിന്നെ പൂര്‍വ്വികരുടെ ഉപദേശങ്ങളും. ഇതു രണ്ടുമാണ് എന്നില്‍ ആത്മവിശ്വാസം ജനിപ്പിച്ചതും.
കുറച്ചുനാള്‍ മുമ്പ് ശരത്ബാബു എന്ന ചെന്നൈക്കാരന്‍ യുവാവിന്റെ വാക്കുകള്‍ വാട്സ് ആപ്പില്‍ കാണാനിടയായി. മാനേജ്മെന്റ് രംഗത്തെ ഒരുപാട് പ്രഗല്ഭര്‍ നിറഞ്ഞ വേദിയില്‍ ആ ചെറുപ്പക്കാരന്‍ സ്വന്തം ജീവിതകഥ വിവരിക്കുകയാണ്. ഐ.ഐ.എമ്മില്‍നിന്ന് പഠിച്ചിറങ്ങിയ ശരത്ബാബു മള്‍ട്ടിനാഷണല്‍ കമ്പനികളിലെ വലിയ ശമ്പളമുള്ള ഓഫറുകള്‍ വേണ്ടെന്നുവെച്ച് ഇഡ്ഡലിക്കച്ചവടത്തിന് ഇറങ്ങിയ ആളാണ്. ചെന്നൈയിലെ ചേരിയിലാണ് അയാള്‍ ജനിച്ചതും വളര്‍ന്നതും. അമ്മയ്ക്ക് ഇഡ്ഡലിക്കച്ചവടമാണ്. വീട്ടിലുണ്ടാക്കുന്ന ഇഡ്ഡലി വിറ്റാണ് അവര്‍ കുടുംബം പുലര്‍ത്തിയിരുന്നത്. പഠനത്തിനുള്ള പണം കണ്ടെത്താന്‍ ശരത്ബാബുവും ഇഡ്ഡലി വില്‍ക്കാനിറങ്ങി. അങ്ങനെ ചെന്നൈയിലെ തെരുവുകളില്‍ ഇഡ്ഡലി വിറ്റുകിട്ടിയ പണംകൊണ്ട് അയാള്‍ ബിറ്റ്സ് പിലാനിയില്‍നിന്ന് ബിരുദം നേടി. അതിനുശേഷം ഐ.ഐ.എമ്മില്‍ ചേര്‍ന്നു. അവിടത്തെ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ ഒരുപാട് വലിയ കമ്പനികള്‍ ഉന്നത ഉദ്യോഗത്തിനുള്ള കസേരകള്‍ കാട്ടി അയാളെ പ്രലോഭിപ്പിച്ചു. പക്ഷേ, ശരത് ബാബു തിരഞ്ഞെടുത്തത് ഇഡ്ഡലിക്കച്ചവടമാണ്.
ഐ.ഐ.എമ്മില്‍ പഠിച്ചവയെക്കാള്‍ അയാള്‍ വിലമതിച്ചത് 25 വര്‍ഷം താന്‍ ചെയ്ത ഇഡ്ഡലിക്കച്ചവടത്തില്‍നിന്നു കിട്ടിയ അനുഭവങ്ങളെയാണ്. അതിനപ്പുറമൊന്നും വിഖ്യാതമായ ആ കാമ്പസില്‍നിന്ന് അയാള്‍ക്ക് കിട്ടിയില്ല. അതുകൊണ്ടാണല്ലോ തനിക്കു പരിചിതമായ വഴിയിലേക്ക് അയാള്‍ ഇറങ്ങിനടന്നത്. ഇന്ന് ശരത് ബാബുവിന്റെ ഫുഡ് കിങ് എന്ന കമ്പനി ഭക്ഷണവിതരണരംഗത്തെ കിരീടംവെച്ച രാജാക്കന്മാരിലൊരാള്‍ തന്നെയാണ്.
ശരത് ബാബു ഐ.ഐ.എമ്മില്‍ പഠിച്ചു. പക്ഷേ, അയാളുടെ ഏറ്റവും വലിയ പാഠപുസ്തകങ്ങള്‍ അമ്മയും ചെന്നൈയിലെ ചേരിയുമായിരുന്നു.
ഏഴാംക്ലാസു കഴിയുമ്പോഴാണ് ഞങ്ങളുടെ കുടുംബത്തിലെ ഓരോ കുട്ടിയും കടയിലേക്ക് കടന്നുവരുന്നത്. പിന്നീട് അതാണ് അവരുടെ മറ്റൊരു പാഠശാല. അങ്ങനെ എനിക്കു പിന്നാലെ അനുജന്മാരും ഓരോരുത്തരായി കടയിലേക്ക് വന്നു.

പുസ്തകം വാങ്ങാം

പത്താം ക്ലാസിലെത്തിയപ്പോഴാണ് പില്‍ക്കാലത്ത് ജീവിതത്തെ വളരെയധികം സ്വാധീനിച്ച ഒന്നിലേക്കു കടന്നത്. യോഗ എന്ന ദിനചര്യയാണത്. പിന്നെ അന്നുമുതല്‍ ഇന്നേവരെ കൂടെയുണ്ട്. ഡല്‍ഹിയില്‍നിന്ന് തൃശ്ശൂരില്‍ യോഗ പഠിപ്പിക്കാനെത്തിയ സഹസ്രബുദ്ധ എന്ന ഗുരുവായിരുന്നു വഴികാട്ടി. അദ്ദേഹത്തിന്റെ ഒരാഴ്ചത്തെ ക്ലാസായിരുന്നു തൃശ്ശൂരില്‍. വെറുതേ രസത്തിനെന്നോണമാണ് പോയി ചേര്‍ന്നത്. യോഗയെക്കുറിച്ച് അധികം അറിവോ അതിന്റെ പ്രയോജനങ്ങളെയും നിഷ്ഠകളെയും കുറിച്ചുള്ള വിവരമോ ഒന്നുമില്ല. പക്ഷേ, ക്ലാസ് പൂര്‍ത്തിയായപ്പോള്‍ പുതിയൊരാളായപ്പോലെ തോന്നി. അതിനുശേഷം നാട്ടില്‍ത്തന്നെ വി.ആര്‍. അയ്യരുടെ നേതൃത്വത്തിലുള്ള ക്ലാസുകളില്‍ പഠനം തുടര്‍ന്നു.
ഇപ്പോള്‍ യോഗയെന്നത് ശരീരത്തിന്റെ ഒരു ഭാഗം പോലെയായി മാറിയിരിക്കുന്നു. അതില്ലെങ്കില്‍ എന്തോ ഒരു കുറവുള്ളതുപോലെ. എന്നും രാവിലെ യോഗ ചെയ്തുകൊണ്ടാണ് ദിവസം തുടങ്ങുക. അത് തരുന്ന പോസിറ്റീവ് എനര്‍ജിയാണ് ആ ദിവസത്തേക്ക് മുഴുവനുമുള്ള ഇന്ധനം. പഠിച്ചകാലം മുതല്‍ ഒറ്റദിവസവും യോഗ മുടക്കിയിട്ടില്ല. മക്കളുടെ വിവാഹദിവസംപോലും ആ ശീലത്തിന് മാറ്റമുണ്ടായില്ല.
പത്താംക്ലാസിലെത്തിയപ്പോള്‍ മറ്റൊന്നുകൂടിയുണ്ടായി. അവധിദിവസങ്ങളിലെ എന്റെ 'തുടര്‍പഠനം' പോസ്റ്റ് ഓഫീസ് റോഡിലെ മൊത്തവ്യാപാരസ്ഥാപനത്തിലായി. അക്കാലമായപ്പോഴേക്കും തുണിത്തരങ്ങളിലെ ഫാഷനുകളിലും മാറ്റം വന്നു. ഒറ്റനിറമുള്ള ഷര്‍ട്ടുകള്‍ വരവായി... സാരികളിലും പാവാടകളിലും പൂക്കള്‍ വിടര്‍ന്നു....

Content Highlights: T.S Kalyanaraman, Athmaviswasam, Amithabh Bachan, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented