'എത്ര തവണ ഞാന്‍ ഗര്‍ഭച്ഛിദ്രം നടത്തിയിട്ടുണ്ട് എന്നറിയുമോ, രാജീവന്‍?' യിങ് ജീവിതപുസ്തകം നിവര്‍ത്തി


'രണ്ടാമത്തെ കുഞ്ഞു പിറന്നാല്‍ ഞങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും! തൊഴിലില്ലാതെ ഞങ്ങളെങ്ങനെ ജീവിക്കും, എങ്ങനെ കുഞ്ഞുങ്ങളെ വളര്‍ത്തും?' ചൈനീസ് സര്‍ക്കാര്‍ റേഡിയോവിലാണ് ടാങ് യിങ്ങിന് ജോലി.

.

പുറപ്പെട്ടുപോകുന്ന വാക്ക്! ടി.പി രാജീവനെന്ന നാട്ടിൻപുറത്തുകാരനുമാത്രം മനസ്സിൽ തെളിയുന്ന തലക്കെട്ട്. കുത്തും കോമയുമില്ലാത്ത രാത്രികളും പകലുകളും കൊണ്ട് ഭൂമിശാസ്ത്രപരമായ അതിരുകള്‍ മായ്ച്ചുകളയുന്ന സ്വച്ഛന്ദസഞ്ചാരങ്ങളുടെയും കവിതകളുടെയും പുസ്തകത്തിൻെറ പേരും ഇതുതന്നെയാണ്. ടി.പി രാജീവനെന്ന മനുഷ്യനെപ്പോലെ കവിതയും കഥയും ചിന്തയും നിറഞ്ഞ ഒറ്റ ദിവസം പോലൊരു പുസ്തകം പ്രസിദ്ധീകരിച്ചത് മാതൃഭൂമി ബുക്സ് ആണ്. എഴുത്തുകാരൻ ഇന്ന് അനശ്വരതയിലേക്ക് പുറപ്പെട്ടുപോയിരിക്കുമ്പോൾ പുസ്തകത്തിൽ നിന്നും ഒരുഭാഗം വായനക്കാർക്ക് സമർപ്പിക്കുന്നു.

ചൈനീസ് എഴുത്തുകാരി ടാങ് യിങ് വളരെ കുറച്ചുമാത്രമേ സംസാരിക്കുകയുള്ളൂ. ചോദിക്കുന്ന ആളെ നിരായുധനാക്കുന്ന ഒരു ചിരിയായിരിക്കും സംവാദങ്ങളിലും ചര്‍ച്ചകളിലുമുള്ള യിങ്ങിന്റെ മറുപടി. താന്‍ ചോദിച്ചത് ശരിവെക്കുകയാണോ, അഥവാ അത് പ്രസക്തമല്ല എന്ന് സൂചിപ്പിക്കുകയാണോ ആ ചിരിയുടെ പൊരുള്‍ എന്നറിയാതെ ചോദ്യകര്‍ത്താവ് ഒരു നിമിഷം പകച്ചുനില്ക്കും. ആ പഴുതില്‍ യിങ് തന്റെ അടുത്ത വിഷയത്തിലേക്ക് പ്രവേശിക്കും. ടാങ് യിങ് മാത്രമല്ല, ചൈനയില്‍നിന്നു വന്ന എഴുത്തുകാര്‍ ഏറക്കുറെ പിന്തുടര്‍ന്ന രീതി ഇതുതന്നെ.രണ്ടു കാരണങ്ങളാണ് സംസാരത്തിലുള്ള ഈ ചൈനീസ്വിമുഖതയ്ക്ക് കാരണമായി തോന്നിയത്. അതില്‍ പ്രധാനം ഭാഷതന്നെ. ചൈനീസല്ലാതെ മറ്റു ഭാഷകള്‍ അവര്‍ക്കറിയില്ല. പൂര്‍ണമായും ചൈനീസിലാണ് അവരുടെ വിദ്യാഭ്യാസം. എങ്കിലും റഷ്യന്‍ എഴുത്തുകാരെക്കാള്‍ എത്രയോ മുന്നിലാണ് ഭാഷ കൈകാര്യം ചെയ്യുന്നതില്‍ ചൈനക്കാര്‍. റഷ്യന്‍ എഴുത്തുകാര്‍ ദ്വിഭാഷികളെയുംകൊണ്ട് നടക്കുമ്പോള്‍ ചൈനീസ് എഴുത്തുകാര്‍ മുറിഞ്ഞ വാക്കുകളും ചിരിയുംകൊണ്ട് ഏത് സാഹചര്യത്തെയും നേരിട്ടു.
പറയേണ്ടത് പറയാന്‍ പറ്റാതിരിക്കുന്നതില്‍ ഭാഷയുടെ അപര്യാപ്തത മാത്രമല്ല, അതിലും വേദനാജനകമാണ് ഭൂതകാലത്തിന്റെ അദൃശ്യമായ നിയന്ത്രണങ്ങള്‍. ചില നിമിഷങ്ങളില്‍ ഈ നിയന്ത്രണം വര്‍ത്തമാനകാലത്തിലേക്കും നീളുന്നു.

ഓരോ എഴുത്തുകാരനും സ്വന്തം നാടിനെപ്പറ്റിയും അവിടത്തെ എഴുത്തിനെപ്പറ്റിയും സംസാരിക്കുന്ന 'ലോകസാഹിത്യം ഇന്ന്' എന്ന പ്രഭാഷണപരമ്പരയിലാണ് ടാങ് യിങ്ങിനെ ആദ്യമായി കാണുന്നതും കേള്‍ക്കുന്നതും. പ്രൈമറി സ്‌കൂള്‍കുട്ടി, ആദ്യമായി സദസ്സിനെ അഭിമുഖീകരിക്കുന്നതുപോലെയായിരുന്നു അവരുടെ പെരുമാറ്റം. പക്ഷേ, മുറിഞ്ഞ വാചകങ്ങളിലൂടെയും വാക്കുകളിലൂടെയും മുന്നേറി, തന്റെ തലമുറയെ നിശ്ശബ്ദമാക്കിയ ചൈനയുടെ ഭൂതകാലം അവര്‍ തെളിയിച്ചെടുത്തു. മാവോയുടെയും സാംസ്‌കാരികവിപ്ലവത്തിന്റെയും വിമര്‍ശനമായിരുന്നു യിങ്ങിന്റെ പ്രഭാഷണങ്ങളുടെ കേന്ദ്രം. വര്‍ത്തമാനമായ പതനങ്ങളുടെ തെറ്റായ കാല്‍ സാംസ്‌കാരികവിപ്ലവത്തില്‍ തുടങ്ങുന്നത് പതിവായപ്പോള്‍ ഒരു ദിവസം ഞാന്‍ ചോദിച്ചു: 'യിങ്, ഇതില്‍ എത്രമാത്രം ശരിയുണ്ട്? കമ്യൂണിസ്റ്റ്വിരുദ്ധതയ്ക്ക് അമേരിക്കയില്‍ ശ്രോതാക്കളുണ്ട് എന്നറിഞ്ഞല്ലേ, എല്ലാ വീഴ്ചകളുടെയും തുടക്കം സാംസ്‌കാരികവിപ്ലവവും അവയുടെ സൂത്രധാരന്‍ മാവോയുമാകുന്നത്?'
ടാങ് യിങ് ചിരിച്ചു. കുറച്ചു നേരം എന്നെത്തന്നെ നോക്കി, അറിയുന്ന ഉത്തരം പറയാന്‍ കഴിയാത്ത കുട്ടിയെപ്പോലെ. കൂടുതല്‍ ചോദ്യംകൊണ്ട് അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന് എനിക്കു തോന്നി.
പ്രഭാഷണം കഴിഞ്ഞ്, യിങ് എന്റെ അരികിലേക്കു വന്നു. കൂടെ, സാമാന്യം പൊക്കമുള്ള, മുടി നീട്ടിവളര്‍ത്തിയ മറ്റൊരാള്‍കൂടി ഉണ്ടായിരുന്നു. യിങ് വന്ന് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് അയാള്‍ വന്നത്. അതുകൊണ്ട് പരിചയപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.

'ഇത് എന്റെ ഭര്‍ത്താവ്, ഷാങ് ഷിയാന്‍. നാടകകൃത്തും സിനിമാസംവിധായകനുമാണ്.'
യിങ്ങിന് അറിയുന്നത്രപോലും ഇംഗ്ലീഷ് ഷിയാന് അറിയില്ല. എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും അയാള്‍ ഒരു മൂളലില്‍ ഒതുക്കി. ഭാര്യ പലപ്പോഴും ഭര്‍ത്താവിന്റെ ദ്വിഭാഷിയായി.
'താങ്കളുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാത്തതില്‍ എനിക്ക് വിഷമമുണ്ട്. ക്ഷമിക്കണം. ഇന്ന് വൈകുന്നേരം ഞാന്‍ മുറിയിലേക്കു വരട്ടെ. ഉത്തരം പറയാന്‍ ദിവസങ്ങള്‍തന്നെ വേണ്ട ഒരു ചോദ്യമാണ് എന്നെ സംബന്ധിച്ചിടത്തോളം അത്. ഞാന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുമ്പോള്‍ ചോദ്യങ്ങള്‍ പലതും കേട്ടുകേള്‍വികളുടെ നിഴലില്‍നിന്നാണ്. അനുഭവത്തെ ആവിഷ്‌കരിച്ചുമാത്രമേ എനിക്കു പരിചയമുള്ളൂ.'

അന്ന് വൈകുന്നേരം യിങ് മുറിയില്‍ വന്നു. ചൈനയില്‍നിന്നു കൊണ്ടുവന്ന വിശേഷപ്പെട്ട ചായയും പഴങ്ങളും എനിക്കായി അവര്‍ കൊണ്ടുവന്നിരുന്നു. സമ്മാനങ്ങള്‍ക്കും സന്ദര്‍ശനത്തിനും നന്ദി പറഞ്ഞ്, അന്നത്തെ പ്രഭാഷണത്തിലെ വിഷയങ്ങളിലേക്ക് ശ്രദ്ധതിരിക്കാന്‍ എന്തോ ചോദിക്കാനുള്ള എന്റെ ശ്രമം കണ്ട് അവര്‍ പറഞ്ഞു: 'ദയവുചെയ്ത് ആ വിഷയങ്ങളിലേക്ക് തിരിച്ചുപോകാതിരിക്കൂ. താങ്കളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി പറയാനുള്ള അറിവും പാണ്ഡിത്യവും എനിക്കില്ല. അനുഭവങ്ങള്‍ മാത്രം നിക്ഷേപമായുള്ള ഒരു എഴുത്തുകാരനുമായി ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്നതിലെ ഊഷ്മളതയ്ക്കുവേണ്ടിയാണ് ഞാന്‍ വന്നത്; ഒരു സംവാദത്തിനല്ല.'

'ലോകസാഹിത്യം ഇന്ന്' എന്ന പ്രഭാഷണവേദിയില്‍ കേട്ട യാങ് യിങ്ങായിരുന്നില്ല അത്. കൂടുതല്‍ ആത്മവിശ്വാസവും ഉള്‍ക്കാഴ്ചയും, കൗതുകവും നിഷ്‌കളങ്കതയും സ്ഫുരിക്കുന്ന ആ രൂപത്തിലും ശബ്ദത്തിലുമുണ്ടായിരുന്നു. ആശയങ്ങളുടെയും മുന്‍വിധികളുടെയും കണ്ണിലൂടെയല്ലാതെ ജീവിതത്തെ നോക്കിക്കാണുന്നതിലായിരുന്നു യിങ്ങിന്റെ എഴുത്തിന്റെ ആര്‍ജവം.
അപ്രതീക്ഷിതമായി വന്നുചേര്‍ന്ന ഒരു സൗഹൃദം ടാങ് യിങ്ങിന്റെയും ഷാങ് ഷിയാന്റെയും ജീവിതത്തെയും എഴുത്തിനെയും അടുത്തറിയാനുള്ള അവസരം എനിക്കു തന്നു. അതോടൊപ്പം മാവോയിസത്തെപ്പറ്റിയും മാവോ-സെ-തുങ്ങിനെപ്പറ്റിയുമുള്ള പല ധാരണകളും തിരുത്താനും.
'എഴുത്തും ജീവിതവും ഞങ്ങള്‍ക്ക് രണ്ടല്ല. ഒന്നിന്റെ തുടര്‍ച്ചയാണ് മറ്റേത്; തിരിച്ചും.' 'നമ്മള്‍ നൃത്തം ചെയ്ത ആ മഞ്ഞുകാലരാത്രി' എന്ന നീണ്ട കഥയെപ്പറ്റി ചോദിച്ചപ്പോള്‍ യിങ് പറഞ്ഞു. യാതൊരു അവകാശവാദവുമില്ലാതെ, ചെറിയ ചെറിയ വാക്കുകളില്‍ താന്‍ ജീവിതത്തില്‍ കണ്ട രണ്ടു ചൈനകളുടെ 'കഥ', 'തന്റെയും കഥ' എന്ന് യിങ് കൂട്ടിച്ചേര്‍ക്കും.

ഷാങ്ഹായില്‍, നൃത്തപ്രിയയായ ഒരു അമ്മയുടെ മകളായിട്ടാണ് കഥാപാത്രത്തിന്റെ ജനനം; കഥാകാരിയുടെയും. അച്ഛനെപ്പറ്റി അവള്‍ക്ക് ഓര്‍മകളില്ല. ഓര്‍മകളില്‍ നിറഞ്ഞുനില്ക്കുന്നത് അമ്മയും അമ്മയുടെ സുഹൃത്തും, മനോഹരമായി വസ്ത്രം ധരിച്ച് നൃത്തം ചെയ്തിരുന്ന മഞ്ഞുകാലരാത്രികള്‍. ഓരോ ചുവടിലും അമ്മയുടെ വയസ്സ് കുറഞ്ഞുകുറഞ്ഞു വന്നു.
അതിനിടയില്‍ ഷാങ്ഹായില്‍ നൃത്തം നിരോധിച്ചു. മഞ്ഞുകാലം വന്നാല്‍ അമ്മയുടെ കാലുകള്‍ അറിയാതെ ചുവടുവെക്കാന്‍ തുടങ്ങും. ആരെങ്കിലും വന്ന് തന്നെ നൃത്തം ചെയ്യാന്‍ ക്ഷണിക്കും എന്നു പ്രതീക്ഷിച്ച് അണിഞ്ഞൊരുങ്ങി അവര്‍ കാത്തിരിക്കും. മഞ്ഞുകാലം കഴിയും. അവരുടെ നൃത്തം കാഴ്ചക്കാരില്ലാതെ, പങ്കാളികളില്ലാതെ വീടിന്റെ സ്വകാര്യതയില്‍ ഒതുങ്ങി. അര്‍ധരാത്രി, ചുറ്റുപാടും എല്ലാവരും ഉറങ്ങി എന്ന് ഉറപ്പാകുമ്പോള്‍ മകളെ വിളിച്ചുണര്‍ത്തി, അവര്‍ നൃത്തച്ചുവടുകള്‍ പരിശീലിപ്പിച്ചു.

'കാണാന്‍ ആരുമില്ലെങ്കില്‍, കൂടെ ചുവടുവെക്കാന്‍ ഒരു പങ്കാളിയില്ലെങ്കില്‍, ഒരിക്കലും ഒരു അരങ്ങേറ്റമില്ലെങ്കില്‍, എന്തിനാണമ്മേ ഈ നൃത്താഭ്യാസം,' മകള്‍ അമ്മയോട് ചോദിച്ചു.
'നൃത്തം ചെയ്യുന്ന മഞ്ഞുകാലം തിരിച്ചുവരും, ആ സന്ധ്യയിലേക്ക് ചിട്ടപ്പെടുത്തുകയാണ് നമ്മുടെ ഉടലിനെ.' അമ്മ പറഞ്ഞു. അര്‍ധരാത്രി എന്തോ ഒച്ചകേട്ട് ഞെട്ടിയുണര്‍ന്നപ്പോള്‍, അമ്മയുടെ മുറിയില്‍ നേര്‍ത്ത സംഗീതവും താളവും. നൃത്തവസ്ത്രങ്ങളണിഞ്ഞ് സങ്കല്പത്തിലെ സുഹൃത്തിന്റെ ചുവടുകള്‍ക്കൊപ്പം തനിച്ച് ചുവടുവെക്കുകയാണ് അമ്മ.
മൂന്നു ദശകങ്ങള്‍ക്കുശേഷം, അമ്മ മധ്യവയസ്‌കയും മകള്‍ യുവതിയുമായിക്കഴിയുമ്പോഴേക്കും ഷാങ്ഹായിലേക്ക് നൃത്തം തിരിച്ചുവന്നു. നിശാ ക്ലബ്ബുകള്‍ സജീവമായി.
പഴയ നൃത്തവസ്ത്രങ്ങള്‍ പൊടിതട്ടിയെടുത്ത്, അമ്മ മകളെയും കൂട്ടി തന്റെ സുഹൃത്തിന്റെ ക്ലബ്ബിലേക്കു ചെന്നു. തെരുവ് ആകെ മാറിയിരിക്കുന്നു. നൃത്തശാലയുടെ അകത്തളങ്ങളില്‍ തൂങ്ങിയാടുന്ന ചിത്രങ്ങളും സംഗീതവും വെളിച്ചവും മാറിയിരിക്കുന്നു. ചുറ്റുപാടുകള്‍ മാത്രമല്ല, തന്റെ സുഹൃത്തും മാറിയിരിക്കുന്നു. എല്ലാം പുതിയതാണ്.

നൃത്തം തുടങ്ങി ഏതാനും ചുവടുകള്‍ കഴിയുമ്പോഴേക്കും അമ്മയും മകളും സംഗീതത്തിനും താളത്തിനും പുറത്തായിക്കഴിഞ്ഞിരുന്നു. കൂടെ ചുവടുവെച്ചവര്‍ മറ്റു ജോഡികളെ തേടി. ഭ്രമണപഥത്തില്‍നിന്ന് തെറ്റി, ഗ്രഹങ്ങള്‍ തെറ്റി, നിയന്ത്രണംവിട്ട്, ആകാശഗംഗയിലേക്കു പോകുന്നതുപോലെ അവര്‍ നൃത്തശാലയ്ക്കും തെരുവിനും ജനിച്ചുവളര്‍ന്ന നഗരത്തിനും പുറത്തെത്തി.
മാവോയുടെ സാംസ്‌കാരികവിപ്ലവം ചൈനീസ്ജീവിതത്തിലും സംസ്‌കാരത്തിലും സൃഷ്ടിച്ച ശൂന്യതകളുടെ ആവിഷ്‌കാരമാണ് 'നമ്മള്‍ നൃത്തം ചെയ്ത ആ മഞ്ഞുകാലരാത്രി.' തന്റെതന്നെ കഥയാണ് യിങ് ഇതിലൂടെ പറയുന്നത്. ആ കാലത്തെപ്പറ്റി ചോദിച്ചാല്‍ അവര്‍ വല്ലാതെ അസ്വസ്ഥയാകും.

'ഞങ്ങള്‍ അന്ന് കുട്ടികളായിരുന്നു. രാത്രിയാണ് 'റെഡ്ഗാര്‍ഡ്' ഞങ്ങളുടെ വീട്ടില്‍ കയറിവന്നത്. ബുദ്ധമതവിശ്വാസികളായിരുന്നു അച്ഛനും അമ്മയും. ബുദ്ധവിഗ്രഹങ്ങളും മതഗ്രന്ഥങ്ങളും അവര്‍ തച്ചുടച്ചും വലിച്ചുകീറിയും കളഞ്ഞു. ഞങ്ങളോട് പ്രാര്‍ഥിക്കാന്‍ പാടില്ല എന്നു പറഞ്ഞു. ഞങ്ങള്‍ കുട്ടികളില്‍ മതവിശ്വാസങ്ങള്‍ വളര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അച്ഛനെയും അമ്മയെയും താക്കീതുചെയ്തു. റെഡ്ഗാര്‍ഡ് നല്കിയ ഉത്തരവുകള്‍ക്കനുസരിച്ചുതന്നെയല്ലേ ഞങ്ങള്‍ ജീവിക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ ഇടയ്ക്കിടെ പരിശോധനകള്‍ തുടര്‍ന്നു. ദൈവവും പ്രാര്‍ഥനയും അച്ഛന്റെയും അമ്മയുടെ മനസ്സില്‍ സ്വകാര്യതയില്‍ ഒതുങ്ങി. ഞങ്ങള്‍ കുട്ടികള്‍ക്ക് അതെല്ലാം അന്യമായി,' ടാങ് യിങ് പറഞ്ഞു.

'ഈ നഷ്ടപ്പെട്ട പ്രാര്‍ഥനയാണോ 'മഞ്ഞുകാലരാത്രി'യിലെ നൃത്തം?' ഞാന്‍ ചോദിച്ചു.
'പ്രാര്‍ഥനയുമാണ് എന്നേ ഞാന്‍ പറയൂ. അത് നൃത്തമായിത്തന്നെ കാണണമെന്നാണ് എന്റെ ആഗ്രഹം. എങ്കിലേ നൃത്തവും പ്രാര്‍ഥനയും നിരോധിക്കുന്ന രാഷ്ട്രീയനേതൃത്വങ്ങളുടെ ബുദ്ധിശൂന്യത മനസ്സിലാവുകയുള്ളൂ. അതാണ് മാവോ ചെയ്തത്. മനുഷ്യനെപ്പറ്റി, വ്യക്തിയെപ്പറ്റി അപാരമായ അജ്ഞതയുള്ള ഒരാള്‍ക്കു മാത്രമേ ഇങ്ങനെയെല്ലാം ചെയ്യാന്‍ കഴിയുകയുള്ളൂ,' യിങ് പറഞ്ഞു.
'മതവും പ്രാര്‍ഥനയുമില്ലാത്ത ഒരു സമൂഹത്തില്‍ വളര്‍ന്നതില്‍ എന്താണ് കുഴപ്പം?' ഞാന്‍ ചോദിച്ചു.
'ഞങ്ങള്‍ക്ക് വേവലാതിപ്പെടാനും പ്രയാസപ്പെടാനും മാത്രമേ കഴിയുന്നുള്ളൂ. പ്രാര്‍ഥിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇത്രയധികം സംഘര്‍ഷം മനസ്സിന് താങ്ങേണ്ടിവരില്ലായിരുന്നു,' യിങ് പറഞ്ഞു.
'പക്ഷേ, ഏഷ്യന്‍രാജ്യങ്ങളില്‍ ഇന്ന് വളര്‍ച്ചയിലും വികസനത്തിലും ചൈനയാണല്ലോ മുന്നില്‍....'
ടാങ് യിങ് എന്നെ മുഴുമിപ്പിക്കാന്‍ അനുവദിച്ചില്ല. അതിനു മുന്‍പ് പറഞ്ഞു തുടങ്ങി: 'നൃത്തവും പ്രാര്‍ഥനയും നിരോധിച്ച കാലത്തിന്റെ സൃഷ്ടിയല്ല പുതിയ ചൈന; നൃത്തവും പ്രാര്‍ഥനയും തിരിച്ചുവന്ന കാലത്തിന്റെതാണ്.'

ടാങ് യിങ്ങിനെക്കാള്‍, സാംസ്‌കാരികവിപ്ലവത്തിന്റെ മുറിവുകള്‍ ഏറ്റുവാങ്ങേണ്ടിവന്നത് ഭര്‍ത്താവ് ഷാങ് ഷിയാനാണ്. ഷാങ്ഹായ് തന്നെയാണ് ഷിയാന്റെയും ജന്മനഗരം. നാടകത്തിലായിരുന്നു ഷിയാന്റെ എക്കാലത്തെയും താത്പര്യം. സാംസ്‌കാരികവിപ്ലവകാലത്ത് സ്‌കൂള്‍വിദ്യാര്‍ഥിയായിരുന്ന അയാള്‍ അവസാനം എത്തിച്ചേര്‍ന്നത് ദൂരെ ഏതോ പ്രവിശ്യയിലുള്ള ഒരു പോളിടെക്നിക്കല്‍ സ്ഥാപനത്തില്‍. അവിടെ, അയാള്‍ പഠിക്കാന്‍ വിധിക്കപ്പെട്ടത് ആശാരിപ്പണിയും.
'ആശാരിപ്പണി ചെയ്യുന്നതിലായിരുന്നില്ല എന്റെ വിഷമം, നാടകങ്ങളിലാണ് എനിക്ക് താത്പര്യം എന്നു പറഞ്ഞതിനുള്ള ശിക്ഷയായിട്ടാണ് ആശാരിപ്പണി അടിച്ചേല്പിക്കുന്നത്,' ഷിയാന്‍ പറഞ്ഞു.
'പക്ഷേ, മാവോയെപ്പറ്റി വളരെ മഹത്തായ ചില ധാരണകളാണ് ഞങ്ങള്‍ ഇന്ത്യക്കാര്‍ക്കുള്ളത്,' ഞാന്‍ പറഞ്ഞു.
'ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, ലോകത്തിലെ പല ഭാഗങ്ങളിലും. ചിന്തകനും എഴുത്തുകാരനും കവിയും എല്ലാമായാണ് മാവോയുടെ ബിംബം,' ഷിയാന്‍ പറഞ്ഞു.
'ഇന്ത്യക്ക് ഗാന്ധി എന്നപോലെ ചൈനയ്ക്ക് മാവോ?' സംശയത്തോടെ ഞാന്‍ ഷിയാനെ നോക്കി.
'ഈ താരതമ്യം ശരിയല്ല. സുതാര്യമാണ് ഗാന്ധിയുടെ വഴികള്‍, മാവോയുടെതാകട്ടെ, രഹസ്യവും തന്ത്രങ്ങള്‍ നിറഞ്ഞതും.'
'രണ്ടുപേരും ധാരാളം എഴുതിയിട്ടുമുണ്ട്, വളരെയധികം ലളിതമായ ഭാഷയില്‍,' ഞാന്‍ പറഞ്ഞു.
'മാവോയുടെ പേരില്‍ അറിയപ്പെടുന്ന പല എഴുത്തും പ്രസംഗങ്ങളും യഥാര്‍ഥത്തില്‍ മാവോയുടേതുതന്നെയോ എന്ന് സംശയമുണ്ട്. കമ്യൂണിസ്റ്റ്് സംവിധാനത്തില്‍ നേതാക്കന്മാരുടെ എഴുത്തും ചിന്തയും എന്താണെന്ന് നമുക്കറിയാമല്ലോ. അല്ലെങ്കില്‍ വ്യക്തിയില്‍ വിശ്വാസമില്ലാത്ത ഒരാള്‍ക്ക് എങ്ങനെ എഴുതാന്‍ കഴിയും?' ഷിയാന്‍ ചോദിച്ചു.
കാല്‍നൂറ്റാണ്ടോളം ഷിങ് ഷിയാന്‍ എന്ന നാടകക്കാരന്‍ തന്റെ കഥാപാത്രങ്ങളെ മനസ്സില്‍ത്തന്നെ ഒളിവില്‍ പാര്‍പ്പിച്ചു. അവരുടെ ചെയ്തികള്‍, സംഭാഷണങ്ങള്‍ എല്ലാം അങ്ങേയറ്റം രഹസ്യമാക്കിവെച്ചു.
'ഇത് ഞങ്ങളുടെ മാത്രം അനുഭവമാണ്, സാംസ്‌കാരികവിപ്ലവകാലത്ത് ജനിക്കുകയും വളരുകയും ചെയ്തവരുടെ, ഒറ്റ രാത്രികൊണ്ട് ദൈവങ്ങളും പ്രാര്‍ഥനയും നൃത്തവും സംഗീതവും അഭിനയവും നഷ്ടപ്പെട്ട തലമുറയുടെ. പുതിയ കാലത്ത് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടുമ്പോഴേക്കും അവയെല്ലാം ഞങ്ങളുടേതല്ലാതായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ രണ്ടു ചൈനകള്‍ക്കിടയില്‍ കൈമോശം വന്നതാണ് എന്റെയും ഷിയാന്റെയും പോലുള്ളവരുടെ ജീവിതം,' ടാങ് യിങ് പറഞ്ഞു.

ഒരു വെറും ചോദ്യത്തില്‍ തുടങ്ങിയ ആ സൗഹൃദം, ചോദിക്കാത്ത പല ചോദ്യങ്ങളുടെയും മറുപടികളിലേക്കു വളര്‍ന്നു. ചൈനയെപ്പറ്റി, മാവോയെപ്പറ്റി, സ്വന്തം ജീവിതത്തെപ്പറ്റി, സ്വകാര്യതകളെപ്പറ്റി. 'എത്ര തവണ ഞാന്‍ ഗര്‍ഭച്ഛിദ്രം നടത്തിയിട്ടുണ്ട് എന്നറിയുമോ, രാജീവന്‍?' സ്വന്തം ജീവിതത്തിന്റെ പുസ്തകം നിവര്‍ത്തി ഒരു ദിവസം യിങ് ചോദിച്ചു.
'ഇല്ല, ഒരു മകനുള്ള കാര്യം എനിക്കറിയാം, ഓപ്പന്‍,' ഞാന്‍ പറഞ്ഞു. 'എനിക്കുതന്നെ ഓര്‍മയില്ല. ഓപ്പന് ഒരനിയനോ, അനിയത്തിയോ വേണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ആ സ്വപ്നത്തില്‍ ഗര്‍ഭിണിയാകും, പിന്നീടാണ് ആ യാഥാര്‍ഥ്യം വീണ്ടും ഓര്‍ക്കുക.'
'എന്താണത്?' ഞാന്‍ ചോദിച്ചു.

'രണ്ടാമത്തെ കുഞ്ഞു പിറന്നാല്‍ ഞങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും! തൊഴിലില്ലാതെ ഞങ്ങളെങ്ങനെ ജീവിക്കും, എങ്ങനെ കുഞ്ഞുങ്ങളെ വളര്‍ത്തും?'
ചൈനീസ് സര്‍ക്കാര്‍ റേഡിയോവിലാണ് ടാങ് യിങ്ങിന് ജോലി. ഷിയാന് സ്ഥിരം ജോലിയില്ല. വളരെ പ്രയാസപ്പെട്ടാണ് ജോലി കിട്ടിയത്. അതിനു മുന്‍പ് സിംഗപ്പൂരിലും അമേരിക്കയിലും പല തൊഴില്‍ ചെയ്ത് അലഞ്ഞതാണ്.
'കുഞ്ഞിനെ മാത്രമല്ല, എത്രയോ കഥകളും കവിതകളും നാടകങ്ങളും ഞങ്ങള്‍ നിത്യവും അലസിപ്പിക്കുന്നു,' യിങ് പറഞ്ഞു.
'ഷാങ്ഹായില്‍ സ്നേഹമില്ല (No Love in Shanghai) എന്ന നോവലിലെ കഥാപാത്രത്തെപ്പോലെ', ഞാന്‍ പറഞ്ഞു.
യിങ്ങിന്റെ ഏറ്റവും ശ്രദ്ധേയമായ നോവലായിരുന്നു അത്. ആ നോവലിനെ അടിസ്ഥാനമാക്കി ഷിയാന്‍ ഒരു സിനിമയും നിര്‍മിച്ചിട്ടുണ്ട്. 'അല്ല, എന്നെപ്പോലെ,' യിങ് പറഞ്ഞു.

Content Highlights: tp rajeevan. purappettu pokunna vakku, mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented