ഓലപ്പുരയില്‍ നിന്ന് വന്നവനാ, ഇപ്പോ കോഴിക്കോട് അങ്ങാടി വെലക്കെടുക്കും എങ്ങനാ? സ്വര്‍ണ്ണക്കടത്ത്


വി. മുഹമ്മദ് കോയ

നെനക്കറിയാലോ ഞാനൊരു പൊളിഞ്ഞ കുടുംബത്തിലെ അംഗം. പരമദരിദ്രയായ പെണ്ണിനെ കല്യാണം കഴിച്ചവന്‍. ഒരു കുട്ടിയുടെ പിതാവ്. ചുമതലകളുണ്ട്. ഉമ്മയുണ്ട് വീട്ടില്‍. അതൊന്നും നോക്കാതെ ഞാനീ അങ്ങാടിപ്പെണ്ണിന്റെ ചന്തം കണ്ടു നടന്നാല്‍ ശരിയാകൂല.

പ്രതീകാത്മക ചിത്രം | Photo: AFP

(സ്വര്‍ണക്കടത്തിന്റെയും ഹവാല ഇടപാടുകളുടെയും ഇരുണ്ട ലോകത്തെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന വി. മുഹമ്മദ് കോയയുടെ സ്വര്‍ണവല എന്ന നോവലിലെ ഒരു ഭാഗം വായിക്കാം)

മൂന്നാംദിവസം കബീര്‍ കുഞ്ഞാപ്പുമുതലാളി ഓടിച്ചുവന്ന ഇന്നോവയില്‍ കയറി. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. വണ്ടിയവിടെ പാര്‍ക്കിങ്ങില്‍ ഇട്ടു. ആദ്യമായാണ് അവന്‍ വിമാനത്താവളത്തിന്റെ ഉള്‍വശം കാണുന്നതും വിദേശയാത്ര നടത്തുന്നതും. ഇന്ത്യന്‍സമയം 8.55 ന് പുറപ്പെട്ട വിമാനം ദുബായില്‍ എത്തുമ്പോള്‍ ഉച്ചയ്ക്ക് 12.30.
കബീര്‍ പുതിയൊരു ലോകം കാണുകയായി. ടെര്‍മിനല്‍ 2ല്‍ ഒരാള്‍ കാത്തുനിന്നിരുന്നു. അയാള്‍ കൊണ്ടുവന്ന കാറില്‍ ഇരുവരും കയറി. കാറോടിച്ചുവന്നവനെ കബീറിനു നല്ല പരിചയമുണ്ട്. എന്നാല്‍ മനസ്സിലാകുന്നില്ല.
മുന്‍സീറ്റിലിരുന്നു കുഞ്ഞാപ്പുമുതലാളിയും ഡ്രൈവറും കാര്യഗൗരവമുള്ള വിഷയം സംസാരിക്കുന്നുണ്ട്. രണ്ടുപേരുടേയും ശരീരഭാഷകൊണ്ടും സംസാരശൈലികൊണ്ടും വന്നകാര്യം എന്തോ ഗൗരവമുള്ളതാണെന്ന് കബീറിന് മനസ്സിലായി. പുറകിലിരുന്നു കബീര്‍ ദുബായ് പട്ടണത്തിന്റെ പകിട്ട് കാണുകയായിരുന്നു.
വൃത്തിയും വെടിപ്പുമുള്ള തെരുവിന് ഏതാണ്ട് ഫുട്‌ബോള്‍ കോര്‍ട്ടിന്റെ വീതിയുണ്ട്. വശങ്ങളില്‍ അകലംപാലിച്ചു നട്ടുപിടിപ്പിച്ച ഈത്തപ്പനകളും വേപ്പുമരങ്ങളും. എത്രയോ നിലകളിലായി ആകാശത്തോട് മത്സരിക്കുന്ന കെട്ടിടങ്ങള്‍. നാലുവരിപ്പാതയിലൂടെ ഒരു വശത്തേക്കും അതേ നാലുവരിപ്പാതയിലൂടെ മറുവശത്തേക്കും ഓടിക്കൊണ്ടിരിക്കുന്ന തരാതരം വാഹനങ്ങള്‍. പ്രഭ ചൊരിയുന്ന വൈദ്യുതാലങ്കാരങ്ങളാല്‍ സുഭദ്രമായ തുരങ്കപ്പാതകള്‍. അതിനും മുകളില്‍ രണ്ടാംനിലയെപ്പോലെ തോന്നിപ്പിക്കുന്ന ഓവര്‍ബ്രിഡ്ജ്. ശബ്ദമില്ലാതെ വന്നു നമ്മെ വിസ്മയിപ്പിക്കുന്ന മെട്രോട്രെയിന്‍. ആകാശത്തു കൂടെ അനുനിമിഷം പറന്നുപോകുന്ന വിമാനങ്ങള്‍. വേഷവിധാനംകൊണ്ടോ ഭാഷയുടെ ബഹുസ്വരതകൊണ്ടോ മനസ്സിലാക്കാന്‍ കഴിയാത്തത്രയും നാനാജാതിമതസ്ഥരാല്‍ സാന്ദ്രമായ നടപ്പാതകള്‍. കാഴ്ച കണ്ടു ഭ്രമിക്കേണ്ട, ദൈവത്തിലേക്ക് തുറന്നമനസ്സുമായി വരൂവെന്നുദ്‌ഘോഷിക്കുന്ന പള്ളിമിനാരങ്ങള്‍.
ഇത് ദുബായ് നഗരം.

ഏതാണ്ട് അരനൂറ്റാണ്ടോളമായി ഏഷ്യന്‍ യുവരക്തത്തിന്റെ സ്വപ്‌നഭൂമി. ഇല്ലായ്മയില്‍നിന്ന് ഉണ്മ തേടിയെത്തിയവര്‍ക്ക് അമൃതവര്‍ഷിണി. മോഹിപ്പിച്ചും ചിരിപ്പിച്ചും കരയിപ്പിച്ചും അകലെനിന്നു വശീകരിക്കുന്ന സമസ്യകന്യക.
വന്‍ഹോട്ടല്‍ സമുച്ചയത്തിന്റെ പാര്‍ക്കിങ്ങിലേക്കു കാര്‍ വന്നുനിന്നു. കുഞ്ഞാപ്പു കാറില്‍നിന്നിറങ്ങി. പുറകിലെ ഡിക്കിയില്‍നിന്നു ഡ്രൈവര്‍ സ്യൂട്ട്‌കേസെടുത്തു കൈയില്‍ കൊടുത്തു.
'കബീര്‍ക്കാ നിങ്ങളെയിവന്‍ ദേരയില്‍ കൊണ്ടിറക്കും. അവിടെ നമ്മള്‍ക്കൊരു ഓഫീസുണ്ട്. ഞാന്‍ വിളിക്കും. നാളെയോ മറ്റന്നാളോ.'
വണ്ടി നീങ്ങുന്നതിനു മുന്‍പ് കബീര്‍ ആ വന്‍കിട ഹോട്ടലിന്റെ പേര് വായിച്ചെടുത്തു. 'ഹയാത്ത് റിജന്‍സി.' ഇരുവരും മാത്രമായി വാഹനം പോയിക്കൊണ്ടിരിക്കുന്നു. ഡ്രൈവര്‍ ചോദിച്ചു: 'കബീറേ നിനക്കെന്നെ മനസ്സിലായോടാ?'
'പിന്നെ മനസ്സിലാകാതെ?' അപ്പോഴേക്കും കബീറിന് ആളെ പിടികിട്ടിയിരുന്നു. നീ ഉമറല്ലേ. ഉമറെന്ന ഉമ്മര്‍. നീ എന്നായെടാ ഇങ്ങോട്ട് കയറിയത്. എന്റെ മുതലാളീന്റെ ആളായത്.'
'നിന്റെ മുതലാളി ആയിട്ട് ഇപ്പോ ആറുമാസമല്ലേ ആയിട്ടുള്ളൂ. നാലഞ്ചുകൊല്ലമായി എന്റെ മൊതലാളിയാ. പിന്നെ നീ കമ്പനിയില്‍ വന്നതൊക്കെ ഞാന്‍ സമയത്തിന് അറിഞ്ഞിട്ടുണ്ട്.'
ഹൈസ്‌കൂളിലെ സമരനേതാവ്, ഫുട്‌ബോള്‍ കളിക്കാരന്‍, സ്‌കൗട്ടിന്റെയും എന്‍.എസ്.എസ്സിന്റെയുമൊക്കെ സജീവപ്രവര്‍ത്തകന്‍. പഠനം ഒഴികെ എന്തുണ്ടോ അതിന്റെയൊക്കെ തലപ്പത്തുണ്ടായിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥി. ഇപ്പോള്‍ ദുബായിലെത്തിയതിലും ഇവിടെ കുഞ്ഞാപ്പുമുതലാളിയുടെ വലതുകൈയായി പ്രവര്‍ത്തിക്കുന്നതിലും അദ്ഭുതമില്ല.

'മുതലാളി രണ്ടുമൂന്നു ദിവസം ഇവിടെ ഉണ്ടാകും,' ഉമ്മര്‍ പറഞ്ഞു. 'നിന്നെ ഞാനൊരു മുറിയില്‍ കൊണ്ടുപോയി വിടാം. എന്നിട്ട് ഒഴിവുള്ളപ്പോ വന്നിട്ട് ദുബായ് ചുറ്റിക്കാണിക്കാം. എന്താ പോരേ?'
'നിന്റെ ഇഷ്ടം. എന്താണ് പരിപാടിയെന്ന് എന്നോടു പറഞ്ഞിട്ടില്ല. വളരെ അത്യാവശ്യമായി പോരണമെന്നു പറഞ്ഞു. ഞാന്‍ ഓകെ പറഞ്ഞു. ഇംഗ്ലീഷ് നന്നായറിയാമോയെന്നു ചോദിച്ചു. അറിയാമെന്നു പറഞ്ഞു. വേറെയൊന്നും എനിക്കറിയില്ല.'
'എനിക്കും കൂടുതലൊന്നും അറിയില്ലാ കബീറേ...'
കാര്‍ അപ്പോഴേക്കും ഒരു അപ്രധാനതെരുവിലേക്ക് മാറിയിരുന്നു. ഇരുവശത്തും ഉയര്‍ന്നുനില്‍ക്കുന്ന ബില്‍ഡിങ്ങുകള്‍ക്ക് ചുവടെ കച്ചവടകേന്ദ്രങ്ങള്‍, മൊബൈല്‍കട, ബേക്കറി, ഹോട്ടല്‍, സൂപ്പര്‍മാര്‍ക്കറ്റ്, ബുക്ക് ഷോപ്പ് തുടങ്ങി എല്ലാ സാധനങ്ങളുമുണ്ടിവിടെ. വലിയൊരു പള്ളിയില്‍നിന്ന് ആളുകള്‍ നമസ്‌കാരം കഴിഞ്ഞിറങ്ങിവരുന്നു. ദേരാ ദുബായ്.
'വാ കബീറേ, നമ്മക്ക് ഭക്ഷണം കഴിക്കാം. ഇന്ന് എന്റെ വക. നാളെ മുതല്‍ നിന്റെ വക നിനക്കൊരു അഞ്ഞൂറ് ദിര്‍ഹം തരാന്‍ മുതലാളി പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. പിന്നെയൊരു ദുബായ് സിംകാര്‍ഡും.'
നന്നായി വിശക്കുന്നുണ്ടായിരുന്നു. എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സുകാരന്‍ തന്ന ബ്രഡും കടല വറുത്തതുമൊക്കെ എന്താകാന്‍. മൊറോക്കോ ഹോട്ടലില്‍നിന്നു നന്നായി മന്തി കഴിച്ചു. ഉമ്മര്‍ വന്നു താമസിക്കാനുള്ള മുറി കാണിച്ചുതന്നു. അത്യാവശ്യസൗകര്യങ്ങളൊക്കെയുള്ള സാമാന്യം വലിയ മുറി. രണ്ടുമൂന്ന് ബെഡ്ഡുകള്‍ കാണുന്നുണ്ടെങ്കിലും ഇപ്പോള്‍ ആരും താമസിക്കുന്നില്ലെന്നു തോന്നി. ഉമ്മര്‍ യാത്ര പറഞ്ഞു പിരിഞ്ഞു. പോകാന്‍ നേരം ഉമ്മര്‍ പറഞ്ഞിരുന്നു: 'കബീറേ, താഴെയൊക്കെ ചുറ്റിക്കറങ്ങിക്കോ. ഞാന്‍ നാളെ വരാം. ഇന്നു മുതലാളിയേയും കൊണ്ടൊന്നു കറങ്ങാനുണ്ട്.'
കബീര്‍ മുറിയില്‍ ഏകനായി. ഉറക്കം തലേദിവസത്തേത് ബാക്കിയില്ല. അതുകൊണ്ടുതന്നെ ലിഫ്റ്റ് ഇറങ്ങി താഴെയെത്തി. നടന്നുപോകുന്നവരില്‍ ചിലരെങ്കിലും സംസാരിക്കുന്നത് മലയാളമാണ്. എവിടെയും ഇന്ത്യന്‍ മുഖങ്ങള്‍. ഹോട്ടലുകള്‍ക്കാണ് പ്രാധാന്യമെന്നു തോന്നുന്നു. നാട്ടുകാരില്‍ ചിലരെയെങ്കിലും കണ്ടു. വന്നകാര്യം പറയരുതെന്നു നിര്‍ദ്ദേശമുണ്ട്. ആ ദിവസം അങ്ങനെ കഴിഞ്ഞു. ഉമ്മറോ കുഞ്ഞാപ്പുവോ ആരുംതന്നെ വിളിച്ചില്ല.
എന്നാല്‍ രാത്രി കിടന്നതിനു ശേഷം ഉമ്മറുണ്ട് വിളിക്കുന്നു: നിനക്കുറങ്ങാന്‍ നേരമായില്ലേ കബീറേ, കുഞ്ഞാപ്പു മുതലാളി വിളിച്ചില്ലല്ലോ. നാളെ നീ സുബ്ഹിക്ക് പള്ളീല് വന്നോ. താമസിക്കുന്നതിന് താഴെ സുവൈസ് സൂപ്പര്‍മാര്‍ക്കറ്റുണ്ട്. അതിന്റെ എതിര്‍വശത്തൊരു പള്ളിയുണ്ട്. ഞാനവിടെ എത്തിക്കോളാം.

സുബ്ഹി നിസ്‌കാരം കഴിഞ്ഞിട്ടും കബീറിന് ഉമ്മറെ കാണാന്‍ കഴിഞ്ഞില്ല. നമസ്‌കാരം കഴിഞ്ഞു എല്ലാവരും പള്ളിയില്‍നിന്ന് പുറത്തിറങ്ങി. ഇറങ്ങിയവരേതാണ്ട് മുഴുവന്‍ പേരും ഫോണിലാണ്. പള്ളിയുടെ പരിസരത്തുനിന്ന് മുത്തീനാപാര്‍ക്ക് വരെ നടക്കാനിറങ്ങുന്നവര്‍ നാട്ടിലുള്ളവരുമായോ ഇനി ദുബായിലുള്ളവരുമായോ സൗഹാര്‍ദ്ദഫോണിലാണ്. ചിലര്‍ അല്‍പ്പമകലെ മാറിനിന്നു സംസാരിക്കുന്നു. അങ്ങകലെയുള്ള തെങ്ങിന്‍തോപ്പുകള്‍ക്കിടയിലിരുന്നുകൊണ്ടൊരു ഗൃഹനായികയുമായി സങ്കടങ്ങള്‍ പങ്കുവെക്കുന്നവരുണ്ടാകാം. ഇനിയും തീരാത്ത വീടുപണിയെക്കുറിച്ച്, ചോദിച്ചുവരുന്ന കടക്കാരനോട് അടുത്തയവധിയെന്നു പറയുമെന്നതിനെ സംബന്ധിച്ചു, വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളുടെ ഭാവിയെന്താകാമെന്ന ഉത്കണ്ഠ പങ്കുവെച്ച്, മാതാപിതാക്കന്മാരുടെ ആസന്നമായ വിയോഗത്തെക്കുറിച്ച്, കഴിഞ്ഞയാഴ്ചയില്‍ ഋതുമതിയായ മോളുടെ വിശേഷം അറിയിച്ചുകൊണ്ടങ്ങനെ നീണ്ടുപോകുന്നു എല്ലാം. വേറെ ചിലര്‍ കമ്പനിയുടെ യൂണിഫോമിലാണ്. ബസ് വരുമ്പോള്‍ കയറണം. വരുന്നതുവരേയും ഫോണിലൂടെ വാട്‌സ് ആപ്പിലോ ഫേസ് ബുക്കിലോ ഒക്കെയാകും സമയം കളയുന്നത്. മനുഷ്യര്‍ പരസ്പരം ജീവിതവിശേഷങ്ങള്‍ പങ്കുവെച്ചിരുന്ന കാലം കഴിഞ്ഞു. ഇനിയും യന്ത്രത്തോട്, അതും ഇങ്ങോട്ട് ഒന്നും മിണ്ടാത്ത മൊബൈല്‍ഫോണെന്ന സാമഗ്രിയോടാണ് മനുഷ്യന്റെ ചങ്ങാത്തം.
'കബീറേ നിനക്ക് മടുത്തോ,' ഉമ്മറുണ്ട് അരികെ. അവന്‍ വാചാലനാണ്. സദാ പ്രസരിപ്പുള്ളവനാണ്. 'സുബ്ഹിക്കൊന്നും ഞാന്‍ പള്ളീല് വരില്ലെടോ. ബാക്കി നാലെണ്ണംതന്നെ കുത്തിമറിയന്‍ നേരം കിട്ടുന്നില്ല. പിന്നല്ലേ സുബ്ഹി.'
ഉമ്മര്‍ ചിരിക്കുന്നു. അവന്‍ കൊണ്ടുവന്ന ഹോണ്ട കാറിലേക്ക് കയറി: 'ബെല്‍റ്റ് കുടുക്കിയോ കബീറേ. നാട്ടിലെ മാതിരിയല്ല. ആരും കൈ കാണിച്ചുനിര്‍ത്തില്ല. ഒക്കെ ക്യാമറ ചെയ്‌തോളും. മനസ്സിലായോ. കടലാസ് വന്നുകിടക്കും ആര്‍.ടി.ഓയില്.'
പുലര്‍കാല ദുബായിക്കെന്തൊരു ചന്തം. ഹൃദ്യമായ ഈ തണുപ്പ് സമയം പോകപ്പോകെ അത്യുഷ്ണമായി വരുന്നു. തെരുവിലേക്ക് ആളനക്കം വരുന്നതേയുള്ളൂ. സിഗ്‌നലുകളില്‍ വാഹനങ്ങള്‍ വന്നുനില്‍ക്കുന്നു. റോഡ് മുറിച്ചു കടക്കുന്നവരില്‍ നല്ലൊരു പങ്കും വിവിധ കമ്പനികളിലെ ജോലിക്കാരാണെന്ന് യൂണിഫോം കണ്ടാലറിയാം.

ഒരു സ്‌ക്വയറിനരികെ വണ്ടി നിന്നു. മുന്നില്‍ ഏതാനും വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അല്‍പ്പം വലിയ ഗതാഗതകവാടമാണെന്ന് മനസ്സിലാക്കാം.
'കബീറേ, ഇതിന്റെ പേരാണെടാ ബനിയാ സ്‌ക്വയര്‍. ഇതിവിടത്തെ രാജാവിന്റെ കുടുംബപ്പേരാണ്. മനസ്സിലാക്കിക്കോ.'
തെല്ല് മുന്‍പോട്ടുപോയപ്പോള്‍ കടല്‍പോലെയോ ഇനി കടല്‍തന്നെയോ കാണുന്നു. കടലില്‍ വഞ്ചികളും ബോട്ടുകളുമൊക്കെയുണ്ട്. 'ഇതാണ് ബര്‍ ദുബായ് കബീറേ. ഇവിടെ കടലിനടുത്തും കടല്‍ നികത്തിയുമൊക്കെ കെട്ടിടം പണിയും. നമ്മുടെ നാട്ടിലിത് ഏഴു വന്‍കുറ്റങ്ങളില്‍ പെട്ടതാണ് അല്ലേ?'
ഉമ്മര്‍ വണ്ടി തിരിക്കുന്നു. വീണ്ടും വന്ന വഴിയെ മുന്നോട്ട്. ഇവിടെയൊരു പാര്‍ക്കിങ് ഏരിയയുണ്ട്. കാര്‍ കടത്തുന്നതിനു മുമ്പ് കാര്‍ഡ് ഗേറ്റില്‍ ഉരയ്ക്കുന്നു. തടസ്സം നിന്നിരുന്ന ഇരുമ്പ് ഗേറ്റ് മുകളിലേക്കുയര്‍ന്നു. വണ്ടി പാര്‍ക്കിങ്ങിലിട്ട് രണ്ടുപേരും ഒരു ചെറിയ ഹോട്ടലില്‍ കയറി.
'ദോ, സഫറോന്‍ടീ' ഉമ്മര്‍ ഓര്‍ഡര്‍ ചെയ്തു. രണ്ട് ചായ കപ്പില്‍ ചൊരിഞ്ഞുവന്നു. കപ്പുമായി പാര്‍ക്കിങ് ഏരിയയിലെ ബെഞ്ചിലേക്ക് നീങ്ങി. അവിടെയിരുന്നു ഊതിക്കുടിച്ചു: 'കബീറേ, ഇതിന്റെ പേരാണ് സഫറോന്‍ ടീ. നാട്ടില് ഇതു കിട്ടൂലാ. ഇതൊരു പ്രത്യേക കൂട്ടാണ്.'
ഇപ്പോഴും രാജ്യം ഭരിക്കുന്ന മഹാരാജാക്കന്മാരുടെ പൂര്‍വ്വികരുടെ സ്മരണയ്ക്കായി സ്ഥാപിച്ച മിനിപാര്‍ക്കുണ്ട്. അവിടെ ഇരിപ്പിട ബെഞ്ചുമുണ്ട്. ബനിയാ സ്‌ക്വയറിനടുത്തുള്ള പാര്‍ക്കില്‍ അങ്ങിങ്ങായി കുറേപേര്‍ ഇരിക്കുന്നു.
'ഈ ബെഞ്ചിനെന്താണ് പേരെന്നറിയോ കബീറേ,' ഉമ്മര്‍ സംസാരിച്ചുതുടങ്ങി: 'ഇതിന്റെ പേരാണ് സങ്കടബെഞ്ച്. ദുബായില് വന്നു തെളിഞ്ഞോനും വെളഞ്ഞോനും തൊലഞ്ഞോനും ഒരിക്കലെങ്കിലും ഈ ബെഞ്ചിന്മേല്‍ വന്നു കുത്തിയിരിക്കാതെ അടങ്ങൂലാ. ഇതിറ്റാല് ബെഞ്ച് എല്ലാ സ്ഥലത്തും ഉണ്ട്. നായിഫ് പാര്‍ക്കിലും മുത്തീനാ പാര്‍ക്കിലും അല്‍മുസല്ലാ സ്ട്രീറ്റിലുമൊക്കെയുണ്ട്. എല്ലാ ബെഞ്ചിനുമുണ്ട് പല കഥ പറയാന്‍.'
'എന്റെ കബീറേ, ഈയൊരു നാടില്ലേ, ദുബായ്. വല്ലാത്തൊരു നാടാണ്. രാത്രിയില്‍ ഉറങ്ങാത്ത നാട്. ഉല്ലാസപ്പട്ടണം എന്നാണിതിന്റെ പേര്. നോക്ക്. നീ ഇത് കണ്ടോ?'
ഉമ്മര്‍ കാലിന്റെയടിയില്‍നിന്നൊരു ചീട്ട് പൊക്കിയെടുത്തു. ബഹുവര്‍ണ്ണക്കളര്‍. ഇത്തരം ചീട്ടുകള്‍ കബീര്‍ വന്നയുടന്‍ തന്നെ കാണുന്നുണ്ടായിരുന്നു. അര്‍ദ്ധനഗ്‌നയോ മുക്കാല്‍ നഗ്‌നയോ ആയ സ്ത്രീയുടെ മാദകചിത്രം. അടിയില്‍ ഫോണ്‍ നമ്പര്‍ വലുതായിക്കൊടുത്തിരിക്കുന്നു. മസാജ് സെന്റര്‍ എന്നു പരസ്യം.

'ഇവിടെ ഇതിറ്റാല്‍ എത്ര സെന്റര്‍ ഉണ്ടെന്നറിയോ നിനക്ക്? മസാജ് സെന്റര്‍. കുളിപ്പിച്ചു പൗഡറിട്ട് ഒന്നാം നമ്പര്‍ വ്യഭിചാരം. പിന്നെ രാത്രിയില്‍ പാതിര കഴിഞ്ഞാല്‍ ഡാന്‍സ് ബാര്‍. പെണ്‍കുട്ടികള്‍ ഷെഡ്ഡിമാത്രം ഉടുത്തുവന്നു കാണിക്കുന്ന കോപ്പിരാട്ടികള്‍. കള്ള് കുടിച്ചിട്ട് അത് വന്നുകാണുന്ന ആണുങ്ങള്‍. പിന്നെ ആണും പെണ്ണും ഒന്നിച്ചു. ജോണിവാക്കര്‍ റെഡ് കുടിച്ചുവന്നു കളിക്കുന്ന പബ്ബുകള്‍...'
അനങ്ങാതെയിരുന്ന കബീറിനോട് ഉമ്മറിന്റെ അടുത്ത ചോദ്യം: 'നിനക്ക് പോകണോ കബീറേ. ഇതൊക്കെ കാണാന്‍. നമ്മക്ക് രാത്രീല് പോകാം. ഏതായാലും രണ്ടുമൂന്നുദിവസം കഴിഞ്ഞേ മുതലാളി പോകൂ.'
'ഞാനതിനല്ല ഉമ്മറേ വന്നത്,' കബീര്‍ നിലപാട് വിശദീകരിച്ചു. 'നെനക്കറിയാലോ ഞാനൊരു പൊളിഞ്ഞ കുടുംബത്തിലെ അംഗം. പരമദരിദ്രയായ പെണ്ണിനെ കല്യാണം കഴിച്ചവന്‍. ഒരു കുട്ടിയുടെ പിതാവ്. ചുമതലകളുണ്ട്. ഉമ്മയുണ്ട് വീട്ടില്‍. അതൊന്നും നോക്കാതെ ഞാനീ അങ്ങാടിപ്പെണ്ണിന്റെ ചന്തം കണ്ടു നടന്നാല്‍ ശരിയാകൂല. എവിടെന്നെങ്കിലും കൊറച്ചു പൈസ ഉണ്ടാക്കണം. പോയതൊക്കെ തിരിച്ചുവരണം.'
'കറക്ട്,' താനുദ്ദേശിച്ച പോയന്റിലേക്ക് കബീര്‍ വന്നുവെന്ന് ഉമ്മറിന് മനസ്സിലായി: 'അതുതന്നെയാണ് കബീറേ ഞാനും പറയുന്നത്. രണ്ട് മുക്കാല്‍ ഉണ്ടാക്കണം. അതിന് ഈ ആലംദുനിയാവില്‍ ഒരൊറ്റവഴിയേ ഞാന്‍ കണ്ടിട്ടുള്ളൂ. അതാണ് സ്വര്‍ണ്ണക്കടത്ത്. നോക്ക്, നീ ആരുടെ കൂടെയാ വന്നത്. എന്താ ഉണ്ടായിരുന്നത് അയാള്‍ക്ക്. ഓലപ്പുര. ഇപ്പോ വേണമെങ്കില്‍ കോഴിക്കോട് അങ്ങാടി വെലക്കെടുക്കും. കോടി വേണോ അരയിലുണ്ടാകും. എങ്ങനെ ഉണ്ടായി?'
മറുപടിയും ഉമ്മര്‍തന്നെ പറഞ്ഞു: 'പൊന്നുവാങ്ങിക്കൊണ്ട് പോയി നാട്ടില്‍ വിറ്റതുതന്നെ. ഇതൊരു കുഞ്ഞാപ്പാന്റെ മാത്രം കഥയല്ല കബീറേ. മുഷ്താഖിന്റെ കൈയില്‍ എന്താ ഉണ്ടായിര്ന്നത്. ഫസലിന്റെ കൈയില്‍ എന്താ ഉണ്ടായിര്ന്നത്. മര്‍സൂഖ് എങ്ങനാണ് മൊതലാളി ആയത്. ചേരമ്പാടി അലവി നാഷണല്‍ ഹൈവേല് സ്ഥലം വാങ്ങിയത് ഏത് പൈസകൊണ്ടാണ്. ഒരു കടലാസെടുത്താല്‍ നൂറാളെ പേര് ഞാനെഴുതിത്തരാം. ഒക്കെ സ്വര്‍ണ്ണം കടത്തി പൈസ ഉണ്ടാക്കിയവര് തന്നെ.'

പുസ്തകം വാങ്ങാം

'കബീറേ, നീയൊരു കാര്യം ചെയ്യ്. നാട്ടില് പോയിട്ട് കുറച്ച് പൈസ ഉണ്ടാക്കീട്ട് ഇങ്ങോട്ട് കേറ്. പൈസ നിന്റെ കൈയില്‍ ഇല്ലെന്ന് എനിക്കറിയാം. പക്ഷേ നീ ചോദിച്ചാല്‍ കിട്ടും. ഞാന്‍ ചോദിച്ചാല്‍ ആരും തരൂലാ. നീ തറവാട്ടുകാരനാ. തറവാട് ഉള്ളോന് പൈസ ഉണ്ടാകൂലാ. പൈസ ഉള്ളോന് തറവാടും ഉണ്ടാകൂല. ഇതാണ് ലോകം മനസ്സിലായോ?'
കബീറിന്റെ മനസ്സില്‍ തേനീച്ചക്കൂട്ടം ഇളകിയാടുന്നു. പരസ്പരം മദോന്മത്തരായി ഇളകിയാടുന്ന തേനീച്ചകള്‍. പുറത്തേക്കുള്ള വാതില്‍ ബന്ധിക്കപ്പെട്ട് അകത്തുനിന്ന് കലാപക്കൊടിയുയര്‍ത്തുന്ന ഈച്ചവര്‍ഷം.
'കബീറേ നീ ഒന്നുകൂടെയോര്‍ത്തോ. ഈ ഏര്‍പ്പാടിന് ഒരു കുപ്പായവും ഒരു സ്വഭാവവും പോരാ. എത്രയോ വേഷം നാം കെട്ടേണ്ടിവരും. എത്രയോ ഷര്‍ട്ട് നാം മാറി ഇടുന്നില്ലേ അത് പോലെത്തന്നെ കൂട്ടിക്കോ. നീ ഖുര്‍ആനില്‍ വായിച്ചതൊന്നും ഇവിടെ നടപ്പാക്കാന്‍ കഴിയൂലാ. ചിലതൊക്കെ തെറ്റിനടക്കേണ്ടി വരും. എന്നാലേ നമ്മക്ക് മുമ്പോട്ടുപോകാന്‍ കഴിയൂ.'
പ്രതികരിച്ചില്ല കബീര്‍. അതയാളുടെ പ്രകൃതമാണ്.
അന്നും വിളിച്ചില്ല കുഞ്ഞാപ്പുമുതലാളി. അതിനടുത്ത ദിവസവും വിളിച്ചില്ല. ഉമ്മറിന്റെ കൂടെ കബീര്‍ ചുറ്റിയടിക്കാത്ത സ്ഥലങ്ങളില്ല. ഗോള്‍ഡ് സൂക്ക്, മിനറോഡ്, നായിഫ് പാര്‍ക്ക്, മുത്തീനാ പാര്‍ക്ക്, ക്രീക് ടവര്‍, അല്‍ മുസല്ലാ സ്ട്രീറ്റ്, അല്‍ മുറാര്‍, അബൂഹൈല്‍, ആല്‍മംസാര്‍, ദുബായ്മാള്‍, ലുലുമാള്‍ അങ്ങനെ പോയി ഇടങ്ങള്‍. പച്ചപിടിക്കാന്‍ മഞ്ഞകടത്തുന്നവരെ കണ്ടു. ആ പ്രക്രിയയില്‍ മുതലാളിമാരായവരെ കണ്ടു. അതേകളിയില്‍ത്തന്നെ പൊളിഞ്ഞുപാളീസായവര്‍, പൊന്നുരുക്കി പാക്ക് ചെയ്തുകൊടുക്കുന്നവര്‍, പാസഞ്ചര്‍മാരെ സംഘടിപ്പിച്ചുകൊടുത്തു കമ്മീഷന്‍ വാങ്ങുന്നവര്‍, പ്രലോഭനങ്ങളുമായി പുറകെ കൂടുന്ന തൊഴിലില്ലാപ്പട... എല്ലാവരുമുണ്ടിവിടെ.

Content Highlights: swarnavala novel mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented