'സത്യാനന്തരലോകം' ഇന്ത്യയിലും ഒരു വെറുംവാക്കല്ലാതായിരിക്കുന്നു!


By സുനില്‍ പി ഇളയിടം

4 min read
Read later
Print
Share

മുന്‍വിധികളുടെയും വൈകാരികഭ്രാന്തിന്റെയും ഈ സത്യാനന്തരലോകത്ത് ഇപ്പോള്‍ ഏറ്റവുമധികം വിലപിടിച്ച ആശയമായിത്തീര്‍ന്നിട്ടുള്ളത് ദേശീയതയും രാജ്യസ്‌നേഹവുമാണ്. എല്ലാ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെയും മറച്ചുപിടിക്കാന്‍പോന്ന മൂടുപടമായി അതു മാറിക്കഴിഞ്ഞു.

-

പുതിയ വാക്കുകള്‍ പുതിയ കാലത്തിന്റെ അടയാളങ്ങളാണെന്ന് വിശ്രുത മാര്‍ക്‌സിസ്റ്റ് ചരിത്രകാരനായ എറിക് ഫോബ്‌സ്ബാം പറയുന്നുണ്ട്. പുതിയ കാലത്തിന്റെ അടയാളമെന്നതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഉയര്‍ന്നുവന്ന വാക്കുകളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് തന്റെ പ്രഖ്യാതമായ കൃതികളിലൊന്ന് (Age of Revolution) അദ്ദേഹം ആരംഭിക്കുന്നത്. ഇങ്ങനെ പുതിയ കാലത്തെ അടയാളപ്പെടുത്തിക്കൊണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ സാമൂഹികവ്യവഹാരങ്ങളുടെ കേന്ദ്രത്തിലേക്കു കടന്നുകയറിയ വാക്കാണ് 'സത്യാനന്തരം' (Post truth). വിശ്വപ്രസിദ്ധമായ ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷ്ണറി (OED) 2016ലെ ഇംഗ്ലീഷ് പദമായി തിരഞ്ഞെടുത്തത് 'സത്യാനന്തരം' എന്ന വാക്കാണ്. ഇംഗ്ലീഷ്ഭാഷയില്‍ പുതിയതായി പ്രയോഗവ്യാപ്തി കൈവരിക്കുന്ന പദങ്ങളെ ഛഋഉയില്‍ ഉള്‍പ്പെടുത്തുന്ന പതിവനുസരിച്ചാണ് 2016ലെ പദമായി സത്യാനന്തരം തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പൊതുസംവാദങ്ങളില്‍ ആ വാക്കിന്റെ ഉപയോഗം 2000 ശതമാനത്തിലധികം വര്‍ധിച്ചതായി OEDയുടെ വക്താക്കള്‍ വിശദീകരിച്ചിരുന്നു. ബ്രെക്‌സിറ്റിന്റെയും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന്റെയും പശ്ചാത്തലത്തിലാണ് ഇത്തരമൊരു വലിയ കുതിച്ചുചാട്ടം ആ പദത്തിന്റെ ഉപയോഗത്തിനുണ്ടായത്. അങ്ങനെ, 1992-ല്‍ സെര്‍ബിയന്‍ നാടകകൃത്തായ സ്റ്റീവ്‌ടെസിച്ച് ആദ്യമായി ഉപയോഗിച്ച ആ പദം നമ്മുടെ കാലത്തെ സാമൂഹിക രാഷ്ട്രീയ വ്യവഹാരങ്ങളുടെ കേന്ദ്രത്തിലേക്ക് എത്തിപ്പെട്ടിരിക്കുന്നു.

വസ്തുതകള്‍ക്കും യുക്തിക്കും യാഥാര്‍ഥ്യത്തിനും മുകളില്‍ വിശ്വാസങ്ങള്‍ക്കും വികാരാവേശത്തിനും മേല്‍ക്കൈ ലഭിക്കുന്ന സന്ദര്‍ഭത്തെയാണ് ഓക്‌സ്ഫഡ് നിഘണ്ടു സത്യാനന്തരം എന്നു വിവരിക്കുന്നത്. (അതുകൊണ്ട് പോസ്റ്റ് ട്രൂത്ത് എന്ന പദത്തിന്റെ ഉചിതമായ പരിഭാഷ വാസ്തവാനന്തരം എന്നാണെന്നും വാദിക്കപ്പെടുന്നുണ്ട്. പ്രയോഗവ്യാപ്തി കൈവന്ന പദം എന്ന നിലയില്‍ ഇവിടെ സത്യാനന്തരം എന്ന് ഉപയോഗിക്കുന്നു.) പൊതുജീവിതത്തിലെ അഭിപ്രായരൂപീകരണത്തില്‍ വസ്തുതകള്‍ക്കു വികാരങ്ങളെക്കാളും വിശ്വാസങ്ങളെക്കാളും കുറഞ്ഞ സ്വാധീനം മാത്രം ചെലുത്താനാവുന്ന സ്ഥിതിവിശേഷം (Circumstances in which objective facts are less influential in shaping public opinion than appeal to emotion and personal belief) എന്ന് ഓക്‌സ്ഫഡ് നിഘണ്ടു അതിന് അര്‍ഥം നല്കുന്നു. വസ്തുതകള്‍ വളച്ചൊടിച്ചു പ്രചരിപ്പിക്കുന്ന പഴയ പ്രചാരണതന്ത്രങ്ങളില്‍നിന്നും വ്യത്യസ്തമായ ഒരു സ്ഥിതിവിശേഷമാണ് ഇത്. വളച്ചൊടിക്കപ്പെട്ട വസ്തുതകളെയും അതിനു മുകളില്‍ പടുത്തുയര്‍ത്തപ്പെട്ട വാദഗതികളെയും ശരിയായ വസ്തുതകള്‍ മുന്‍നിര്‍ത്തി തിരുത്താം. അത്തരം വാദഗതികളെ തുറന്നുകാട്ടാം. സത്യാനന്തരലോകത്തു സംഭവിക്കുന്നത് ഇത്തരം വളച്ചൊടിക്കലല്ല. അവിടെ വസ്തുതകള്‍ തീര്‍ത്തും അപ്രധാനമാവുന്നു. വൈകാരികതയും മുന്‍വിധികളും പൊതുസംവാദത്തിന്റെയും അഭിപ്രായരൂപീകരണത്തിന്റെയും കേന്ദ്രമായി മാറുന്നു. അലങ്കാരനിര്‍ഭരവും വികാരഭരിതവുമായ ജടിലഭാഷണങ്ങളും, പരസ്യത്താലും ശബ്ദഘോഷങ്ങളാലും പണിതെടുക്കപ്പെടുന്ന വൈകാരികക്ഷോഭങ്ങളും വസ്തുതകളെയും സ്ഥിതിവിവരക്കണക്കുകളെയും എല്ലാം പൂര്‍ണമായി പുറന്തള്ളുന്നു. ലോകത്തെ മറ്റൊരു പ്രാമാണിക നിഘണ്ടുവായ കേംബ്രിഡ്ജ് ഇംഗ്ലീഷ് ഡിക്ഷ്ണറി വസ്തുതകള്‍ക്കു പകരം ജനങ്ങള്‍ വികാരത്തിനും വിശ്വാസത്തിനും സ്വീകാര്യത കല്പിക്കുന്ന സന്ദര്‍ഭം (Situation in which people are more likely to accept or argument based on their emotions and beliefs, rather than one based on facts) എന്ന് സത്യാനന്തരം എന്ന വാക്കിനെ വിശദീകരിക്കുന്നതും ഇതുകൊണ്ടാണ്.

പിന്നിട്ട വര്‍ഷങ്ങളില്‍ ലോകമെമ്പാടും അരങ്ങേറിയ വലതുപക്ഷരാഷ്ട്രീയത്തിന്റെ കുതിച്ചുചാട്ടത്തിന്റെ സന്ദര്‍ഭത്തിലാണ് 'സത്യാനന്തരം' എന്ന പദവും, അതിനെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള സാമൂഹികവിശകലനങ്ങളും ഉയര്‍ന്നുവന്നത്. വാസ്തവത്തില്‍ നവ ഫാസിസത്തിന്റെ പ്രയോഗരൂപങ്ങളിലൊന്നായി നമുക്കതിനെ മനസ്സിലാക്കാനാവും. വസ്തുതകളെയും യുക്തിബോധത്തെയും അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സംവാദങ്ങളും ആശയരൂപീകരണവും അസാധ്യമാവുന്ന ഒരു കാലം സംശയരഹിതമായും, ഫാസിസം ചുവടുറപ്പിക്കുന്നതിന്റെ അടയാളമാണ്. സത്യത്തിന്റെ പിന്‍വാങ്ങലിനെയും വസ്തുനിഷ്ഠതയുടെ അസാധ്യതയെയും കുറിച്ച് ഉത്തരാധുനികര്‍ നല്കിയ വിശദീകരണങ്ങളെയെല്ലാം വിഴുങ്ങിക്കൊണ്ട്, ഫാസിസ്റ്റുകള്‍ കെട്ടിപ്പടുക്കുന്ന വലിയ വലിയ നുണകള്‍ കേവലസത്യങ്ങളുടെ പദവിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായും പൊതുബോധത്തെ മാരകമായ വിധത്തില്‍ അതു വിഴുങ്ങിക്കൊണ്ടിരിക്കുന്നതായും പല സാമൂഹികചിന്തകരും കരുതുന്നു.

സത്യാനന്തരകാലത്തിന്റെ പടവുകളിലൂടെ ഇന്ത്യയും കടന്നുപോയ കാലമാണിത്. ഗോരക്ഷയുടെ പേരില്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ മുസ്‌ലിങ്ങളും ദളിതരുമായ ഒട്ടനവധി പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. 'സ്വച്ഛഭാരത'ത്തില്‍ ആ കൊലപാതകപരമ്പര നിലയ്ക്കാതെ തുടരുകയും ചെയ്യുന്നു. പശു ദേശീയമൃഗമായി മാറുകയും ദളിതരുടെയും മുസ്‌ലിങ്ങളുടെയും ജീവന്‍ പശുവിന്റെ ജീവനെക്കാള്‍ എത്രയോ വില കുറഞ്ഞതായിത്തീരുകയും ചെയ്തിരിക്കുന്നു. പശുവിനെക്കുറിച്ചും ഗോമൂത്രത്തെക്കുറിച്ചും പഞ്ചഗവ്യത്തെക്കുറിച്ചും പഠിക്കാന്‍ പുതിയ പഠനകേന്ദ്രങ്ങള്‍ക്ക് ഭരണകൂടം നേരിട്ട് നേതൃത്വം നല്കുന്നു. പ്രാചീന ഇന്ത്യയുടെ ചരിത്രത്തില്‍ ബ്രാഹ്മണരുള്‍പ്പെടെയുള്ളവര്‍ നിര്‍ബാധമായി ഗോമാംസം കഴിച്ചിരുന്നതിന്റെ എത്രയെങ്കിലും തെളിവുകള്‍ ഉള്ളപ്പോഴാണ്, ഇന്ത്യയിലെ കോടാനുകോടി ആളുകള്‍ ഗോമാംസം കഴിക്കുന്നവരായി തുടരുമ്പോള്‍ത്തന്നെയാണ് പശുവിറച്ചിയുടെ പേരില്‍ മനുഷ്യര്‍ കൊന്നൊടുക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ചരിത്രവസ്തുതകള്‍ക്കും സമകാലിക ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കും മേല്‍ അതിവൈകാരികതയെയും അന്ധവിശ്വാസത്തെയും അടിച്ചേല്പിച്ചുകൊണ്ടുള്ള സത്യാനന്തരലോകത്തെ ഫാസിസ്റ്റ് പടയോട്ടത്തിന്റെ മുദ്രകളാണ് ഗോസംരക്ഷണത്തിന്റെ മറവില്‍ ഇവിടെ ഉയര്‍ന്നുവന്നത്. ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ ആഴത്തില്‍ വേരുകളുള്ള ഒന്നായിരിക്കെത്തന്നെ വര്‍ത്തമാനജീവിതത്തെ വിഴുങ്ങുന്ന ഹിംസാത്മകമാനം ഈ പുതിയ സന്ദര്‍ഭത്തില്‍ അതു കൈവരിച്ചിരിക്കുന്നു.

വ്യാജത്താല്‍ പൂരിതമാക്കപ്പെടുന്ന ഇന്ത്യന്‍ ജീവിതത്തിന്റെ മറ്റൊരടയാളമായിരുന്നു ഏറെ ഘോഷിക്കപ്പെട്ട നോട്ടുനിരോധനം. കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ നടപ്പിലാക്കപ്പെട്ട ആ നടപടികൊണ്ട് എത്ര കള്ളപ്പണം കണ്ടെത്താനായി എന്ന് ഇന്ത്യയിലാര്‍ക്കുമറിയില്ല. നോട്ടുനിരോധനത്തെത്തുടര്‍ന്ന് നിരോധിക്കപ്പെട്ട അത്രതന്നെ പണം ബാങ്കുകളില്‍ മടങ്ങിയെത്തി! ഏവര്‍ക്കും അറിയാവുന്ന ഒരു കാര്യം നോട്ടുകള്‍ മാറിവാങ്ങാന്‍ ബാങ്കിനു മുന്നില്‍ ക്യൂ നിന്ന് നൂറോളം പേര്‍ മരണമടഞ്ഞതാണ്. അന്തമില്ലാത്ത യാതനകളിലൂടെ സാധാരണമനുഷ്യര്‍ കടന്നുപോയതാണ്. എങ്കിലും നമ്മുടെ പൊതുസംവാദങ്ങളില്‍ ആ മരണങ്ങള്‍ക്കു കാര്യമായ ഇടമൊന്നും ലഭിച്ചില്ല. 'രാജ്യപുരോഗതി'യുടെ പാതയിലെ വിലകുറഞ്ഞ മരണങ്ങളായി അവ തമസ്‌കരിക്കപ്പെട്ടു!

books
പുസ്തകം വാങ്ങാം

മുന്‍വിധികളുടെയും വൈകാരികഭ്രാന്തിന്റെയും ഈ സത്യാനന്തരലോകത്ത് ഇപ്പോള്‍ ഏറ്റവുമധികം വിലപിടിച്ച ആശയമായിത്തീര്‍ന്നിട്ടുള്ളത് ദേശീയതയും രാജ്യസ്‌നേഹവുമാണ്. എല്ലാ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെയും മറച്ചുപിടിക്കാന്‍പോന്ന മൂടുപടമായി അതു മാറിക്കഴിഞ്ഞു. ലക്ഷക്കണക്കിനു കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുമ്പോഴും രാജ്യം പുരോഗമിക്കുകയാണെന്ന് കണക്കുകള്‍ നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു! ആ പുരോഗതിയില്‍ അഭിമാനംകൊള്ളാന്‍ നാം പരിശീലിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു! നോബല്‍സമ്മാനജേതാവായ അമര്‍ത്യാ സെന്നിനുപോലും ഇന്ത്യന്‍ പൊതുജീവിതത്തെ വലയംചെയ്യുന്ന ഹിംസാത്മകതയെയും മതവര്‍ഗീയതയെയും കുറിച്ച് സംസാരിക്കാന്‍ കഴിയാതാവുന്നു! 'ഗുജറാത്ത്' എന്നും 'ഹിന്ദുത്വ ഇന്ത്യ' എന്നുമുള്ള പദങ്ങള്‍ അദ്ദേഹത്തിനും നിഷിദ്ധങ്ങളായിത്തീരുന്നു! ദാരിദ്ര്യത്തെയോ കര്‍ഷക ആത്മഹത്യകളെയോ മതവര്‍ഗീയതയെയോ കുറിച്ച് പറയുന്നത്, ഇതിനകംതന്നെ രാജ്യദ്രോഹത്തിന്റെ പട്ടികയിലെത്തിക്കഴിഞ്ഞിട്ടുണ്ട്. മഹാത്മാഗാന്ധി 'കൗശലബുദ്ധിയായ ബനിയ'യാണെന്ന പ്രസ്താവനപോലും എത്രയോ സ്വാഭാവികമായാണ് നമുക്കിടയിലൂടെ കടന്നുപോയത്! പത്രങ്ങള്‍ ഭരണകൂടസ്തുതികളാല്‍ നിറയുന്നു. ദേശീയമാധ്യമങ്ങളില്‍ വിയോജിപ്പിന്റെ വിദൂരശബ്ദങ്ങള്‍പോലും കേള്‍ക്കാനില്ലാതായിത്തുടങ്ങിയിരിക്കുന്നു.
'സത്യാനന്തരലോകം' എന്നത് ഇന്ത്യയിലും ഒരു വെറുംവാക്കല്ലാതായിരിക്കുന്നു!

മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ നീതിയുടെ പാര്‍പ്പിടങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നും

'നീതിയുടെ പാര്‍പ്പിടങ്ങള്‍' ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Sunil P Ilayidam new Malayalam Book Mathrubhumi Books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
gandhinagar second street, sathyan anthikkad Mamukoya movies, sreenivasan

8 min

'ഗ്ലാമറിനോടുള്ള ഒരുതരം വൈരാഗ്യബുദ്ധി ശ്രീനിവാസന് അക്കാലംതൊട്ടേ ഉണ്ട്, അതു തെളിഞ്ഞിരിക്കയാണ്!'

Jun 4, 2023


Manu S Pillai, Book Cover

12 min

എത്ര മായ്ക്കാന്‍ ശ്രമിച്ചാലും മായാത്ത മുഗള്‍ചരിത്രം; മനു എസ്. പിള്ളയുടെ റിബല്‍ സുല്‍ത്താന്‍മാര്‍!

Jun 3, 2023


Madhavikkutti and Gandhi

11 min

മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും തമ്മിലെന്ത് ബന്ധം?

May 31, 2023

Most Commented