'കോമ്രേഡ് അയ്യര്‍; കഥയും കഥാപാത്രങ്ങളും ജീവിതസന്ദര്‍ഭങ്ങളും ഞാന്‍കൂടി പങ്കാളിയായത്'- ഇളയിടം 


സുനില്‍ പി ഇളയിടം

ജോലി തേടിയുള്ള അലച്ചിലിന്റെയും തന്നെ വലയം ചെയ്ത വിഷാദത്തിന്റെയും ഗാര്‍ഹികവും സാമുദായികവുമായി ഉയര്‍ന്ന വെല്ലുവിളികളുടെയും 'നിത്യജീവിതം എന്ന ദുഷ്‌കര പദപ്രശ്‌ന'ത്തെ മറികടക്കാനുള്ള അതിരില്ലാത്ത ശ്രമങ്ങളുടെയും കഥയിലേക്ക് കടക്കുമ്പോള്‍ അത് ഒരാളുടെ കഥയില്‍നിന്ന് ഒരു കാലത്തിന്റെ യൗവനതീക്ഷ്ണതയുടെയും അതിന്റെ അതിജീവനത്വരയുടെയും കഥകൂടിയായി പരിണമിക്കുന്നുണ്ട്.

നോവൽ കവർ, സുനിൽ പി ഇളയിടം

ഗണേഷ് ബാല എഴുതിയ 'കോമ്രേഡ് അയ്യര്‍' എന്ന ആത്മകഥാനോവലിന് സുനില്‍ പി ഇളയിടം എഴുതിയ അവതാരിക.

കൈകോര്‍ക്കുന്നത് എവിടെയാണ്? സാഹിത്യത്തിലെ ഈ പ്രാമാണികജനുസ്സുകളെ ചേര്‍ത്തുനിര്‍ത്തുന്ന ഘടകമെന്താണ്? ഒറ്റവാക്കില്‍ അതിനെ ആധുനികത (modernity) എന്നുപറയാം. മദ്ധ്യകാലത്തില്‍നിന്നും അതിന്റെ ജീവിതമൂല്യങ്ങളില്‍നിന്നുമുള്ള മനുഷ്യഭാവനയുടെ വിടുതിയുടെ അടയാളങ്ങളായി ഈ രണ്ടു ജനുസ്സുകളെയും പരിഗണിച്ചാല്‍ തെറ്റുണ്ടാവില്ല. പറ്റത്തിലൊരാള്‍ എന്നതില്‍നിന്ന് ഒറ്റയ്‌ക്കൊരാള്‍ (individual) എന്നതിലേക്കുള്ള മനുഷ്യാവസ്ഥയുടെ പരിവര്‍ത്തനമായി ആധുനികതയെ പൊതുവേ വിലയിരുത്താറുണ്ടല്ലോ. സ്വയം പൂര്‍ണ്ണമായ ഒരു പുതിയ യാഥാര്‍ത്ഥ്യമായി, വിധിയുടെയോ അതിഭൗതികതയുടെയോ ഇരയല്ലാതെ തന്നില്‍ത്തന്നെ പൂര്‍ണ്ണമായ പുതിയൊരു യാഥാര്‍ത്ഥ്യമായി, മനുഷ്യര്‍ തങ്ങളെ ഭാവന ചെയ്യാന്‍ തുടങ്ങിയ സന്ദര്‍ഭമാണ് ആധുനികതയുടേത്. ഈ പുതിയ മാനുഷികതയുടെ ആഖ്യാനമായിരുന്നു ആത്മകഥ. ഓരോരോ വ്യക്തികളും അവരവരില്‍ അനന്യരാണെന്നു കരുതപ്പെട്ട കാലസന്ദര്‍ഭം. ആ അനന്യതയുടെ കഥയാണ് ആത്മകഥ. മഹാപ്രതാപികളായ ഭരണാധികാരികള്‍ക്കും യുഗനായകര്‍ക്കും മാത്രമല്ല, അതിസാധാരണമായ മനുഷ്യര്‍ക്കും തങ്ങളുടേതായ ജീവിതവും അതിന്റെ കഥയും ഉണ്ടെന്നുവന്നതങ്ങനെയാണ്. മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ഈ പുതിയ ബോദ്ധ്യത്തിന്റെ ആവിഷ്‌കാരമായിരുന്നു ആത്മകഥ. മദ്ധ്യകാലത്തില്‍നിന്ന് ആധുനികതയിലേക്കും മനുഷ്യവംശം ചുവടുവെച്ചതോടെ ആത്മകഥകളും അരങ്ങുവാഴാന്‍ തുടങ്ങിയത് അതുകൊണ്ടാണ്.

ആധുനികതയോടൊപ്പം നിലവില്‍വന്ന മനുഷ്യാവസ്ഥയുടെ സാമൂഹികഘടനയെയാണ് നോവല്‍ ഏറിയ പങ്കും അഭിസംബോധന ചെയ്തത്. 'മദ്ധ്യവര്‍ഗ്ഗത്തിന്റെ കല' എന്ന് നോവല്‍ വിശേഷിപ്പിക്കപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല. ഫ്യൂഡല്‍ സാമൂഹികഘടനയിലെ മേല്‍കീഴ് വ്യവസ്ഥകളെ അട്ടിമറിച്ചുകൊണ്ട് രംഗത്തുവന്ന പുതിയ മദ്ധ്യവര്‍ഗ്ഗം മനുഷ്യജീവിതക്രമത്തില്‍ അതുവരെയില്ലാത്ത പല വിതാനങ്ങളെയും കൂട്ടിക്കൊണ്ടുവന്നു. ഇടത്തട്ട് എന്നര്‍ത്ഥം വരുന്ന ഫ്രഞ്ച് പദമായ ബൂര്‍ഷ്വാ (bourgeois), മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ ഈ വലിയ ഗതിഭേദത്തെക്കൂടി കുറിക്കുന്ന ഒന്നാണത്. പ്രജയില്‍നിന്നും പൗരയിലേക്കും പൗരനിലേക്കുമുള്ള മനുഷ്യരുടെ സ്ഥാനാന്തരം. അതോടെ മനുഷ്യവംശചരിത്രം സാധാരണമനുഷ്യരുടെ വിനിമയങ്ങളുടെയും അവര്‍ക്കിടയിലെ കൊടുക്കല്‍വാങ്ങലുകളുടേതുമായി. ജന്മിയും കുടിയാനുമെന്നോ, രാജാവും പ്രജയുമെന്നോ പരസ്പരവിരുദ്ധമായ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ട മനുഷ്യജീവിതം പല തട്ടുകളും പല പല അടരുകളുമുള്ള സങ്കീര്‍ണ്ണലോകമായി. ആ അടരുകള്‍ക്കിടയിലെ മനുഷ്യരും അവര്‍ തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളും അതിന്റെ വിശദാംശങ്ങളും ചരിത്രത്തിലെ വലിയ പ്രമേയമായി. ആ പ്രമേയത്തിന്റെ ഉള്ളടരുകളിലേക്ക് മനുഷ്യഭാവന പല പ്രകാരങ്ങളില്‍ സഞ്ചരിക്കാന്‍ തുടങ്ങി. സാമാന്യമായി പറഞ്ഞാല്‍ നോവല്‍ ആഖ്യാനം ചെയ്തത് ഈ സഞ്ചാരങ്ങളുടെ കഥയാണ്. ആധുനികലോകത്തിലെ തട്ടുതിരിവുകളും അതിനിടയിലെ മാനുഷികവിനിമയങ്ങളും അത്രമേല്‍ സങ്കീര്‍ണ്ണമായതിനാല്‍ നോവലിന്റെ ലോകസഞ്ചാരവും അത്രതന്നെ സങ്കീര്‍ണ്ണമായി.

ഈ നിലയില്‍ ആധുനികമായ മനുഷ്യാവസ്ഥയുടെ രണ്ട് ആവിഷ്‌കാരപ്രകാരങ്ങള്‍ എന്ന നിലയിലാണ് ആത്മകഥയും നോവലും മനുഷ്യവംശത്തിന്റെ ഭാവനാചരിത്രത്തിലെ സുപ്രധാനരൂപങ്ങളായത്. അതില്‍ ആദ്യത്തേത് ഒരു വ്യക്തിയെ കേന്ദ്രമാക്കി അയാളുടെ ആന്തരികജീവിതത്തിലേക്കും സാമൂഹികബന്ധങ്ങളിലേക്കും കണ്ണോടിക്കുകയായിരുന്നുവെങ്കില്‍, രണ്ടാമത്തേത് വിപുലമായ സാമൂഹികബന്ധങ്ങളിലൂടെ, അവയിലെ കൊടുക്കല്‍വാങ്ങലുകളിലൂടെ, നിലവില്‍വന്ന മനുഷ്യജീവിതത്തിലേക്കാണ് വഴിതുറന്നിട്ടത്. ആദ്യത്തേത് ഒരാളില്‍നിന്നും ലോകബന്ധങ്ങളിലേക്കു നോക്കുകയാണ് ചെയ്തതെങ്കില്‍ രണ്ടാമത്തേത് ലോകബന്ധങ്ങളെയും അതിനിടയില്‍ പിറവികൊള്ളുന്ന മനുഷ്യജീവിതത്തിന്റെ അനന്തവൈചിത്ര്യങ്ങളെയും കുറിച്ച് പറയുകയായിരുന്നു. രണ്ടിലുമുണ്ടായിരുന്നത് പുതിയ മനുഷ്യനും അയാളുടെ ജീവിതബന്ധങ്ങളുമായിരുന്നു. പുറമേക്ക് ഭിന്നമായിരുന്നപ്പോഴും അകമേ അവ തമ്മില്‍ പൂരിപ്പിക്കുന്നുണ്ടായിരുന്നു. പുതുതായി നിലവില്‍വന്ന ആത്മബന്ധത്തിന്റെ അവതരണസ്ഥാനമായിരുന്നു ആത്മകഥയെങ്കില്‍ ആ ആത്മത്തിന്റെ നിര്‍മ്മാണചരിത്രവും അതിലെ സങ്കീര്‍ണ്ണതകളുമാണ് നോവല്‍ പറഞ്ഞത്. ആധുനികതയുടെ രണ്ട് അടയാളങ്ങളായിരുന്നു അവ. പുതിയ മനുഷ്യന്‍ പിറന്നിരിക്കുന്നു എന്നതിന്റെ അടയാളവാക്യങ്ങള്‍.

ഗണേഷ് ബാലയുടെ കോമ്രേഡ് അയ്യര്‍ എന്ന രചനയില്‍ ഈ രണ്ട് അടയാളവാക്യങ്ങളും തമ്മില്‍ കലരുന്നു. ആത്മകഥ നോവലിന്റെയും നോവല്‍ ആത്മകഥയുടെയും അതിരുകളെ നിര്‍ബാധം അതിക്രമിച്ചു കടന്നുകയറുന്നതിന്റെ ചിത്രം ഇവിടെയുണ്ട്. രണ്ടു ജനുസ്സുകളുടെയും വ്യതിരിക്തതയെ പൂര്‍ണ്ണമായും അതിലംഘിക്കുന്ന ഒരു രചനാരീതിയാണ് ഗണേഷ് ഇതില്‍ സ്വീകരിച്ചിട്ടുള്ളത്. തന്റെ ജീവിതത്തിലെ ഒരു സവിശേഷകാലയളവിലെ അനുഭവചരിത്രത്തെ നോവലായെഴുതാനാണ് ഗ്രന്ഥകാരന്‍ മുതിരുന്നത്. അതുകൊണ്ടുതന്നെ നോവല്‍രചനയുടെ ആഖ്യാനപരമായ സവിശേഷതകളെയൊന്നും ഗണേഷ് കാര്യമായി പരിഗണിച്ചിട്ടില്ല. മിക്കവാറും തന്റെ വ്യക്തിജീവിതാനുഭവങ്ങളുടെ വിന്യാസമായി നോവലിനെ അദ്ദേഹം ഉപയോഗപ്പെടുത്തുന്നു. അതേസമയം ആത്മകഥയുടെ ആഖ്യാനപരമായ ക്രമങ്ങള്‍ക്കു കുറുകേ നീങ്ങുന്ന, ചിലപ്പോഴൊക്കെ ഭാവനാത്മകതയുടെ വലിയ പിന്‍തുണയോടെ മുന്നേറുന്ന, ആഖ്യാനക്രമങ്ങളും ഇതിലദ്ദേഹം പിന്‍പറ്റുന്നുണ്ട്. അങ്ങനെ ആത്മകഥയ്ക്കും നോവലിനുമിടയിലൂടെ തന്റെ ജീവിതകഥ പറയാനാണ് ഗണേഷ് ഈ രചനയില്‍ ശ്രമിക്കുന്നത്. തന്റെ ജീവിതകഥയെന്നതിനെ തനിക്കൊപ്പം ജീവിച്ച മനുഷ്യരുടെ ജീവിതകഥയായി അദ്ദേഹം വിന്യസിക്കുകയും ചെയ്യുന്നു. ഏതു മനുഷ്യനും അന്തിമമായി സാമൂഹികബന്ധങ്ങളുടെ സമുച്ചയമായിരിക്കുന്നതുകൊണ്ട് ഒരാളുടെ കഥ അയാള്‍ ഉള്‍പ്പെട്ട മനുഷ്യരുടെ ലോകജീവിതത്തിന്റെ കഥ കൂടിയായിത്തീരാതെവയ്യെന്ന് ഗണേഷ് മനസ്സിലാക്കുന്നുണ്ട്. അത്തരമൊരു തിരിച്ചറിവിന്റെ പ്രകാശനംകൂടിയാണ് കോമ്രേഡ് അയ്യര്‍.

മഹാരാജാസ് കോളേജിലെ തന്റെ ബിരുദപഠനകാലവും അതിനോടു ചേര്‍ന്ന് തന്റെ വ്യക്തിജീവിതത്തിലരങ്ങേറിയ സംഭവപരമ്പരകളുമാണ് ആത്മകഥയ്ക്കും നോവലിന്റെ കഥനക്രമത്തിനുമിടയിലുള്ള വഴിയിലൂടെ ഗണേഷ് പറയാന്‍ ശ്രമിക്കുന്നത്. രണ്ടുതരത്തിലുള്ള സംഭവപരമ്പരകളെ ഇടകലര്‍ത്തിയാണ് ഗ്രന്ഥകാരന്‍ ഇതു നിറവേറ്റുന്നത്. എറണാകുളം മഹാരാജാസ് കോളേജില്‍ തന്റെ സമകാലികരായിരുന്ന വിദ്യാര്‍ത്ഥികളും സംഘടനാപ്രവര്‍ത്തകരുമായുള്ള സൗഹൃദങ്ങള്‍, കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ്, സര്‍വ്വകലാശാലാ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍, കോളേജില്‍ അരങ്ങേറിയ സംഘര്‍ഷങ്ങള്‍, പോലീസും വിദ്യാര്‍ത്ഥികളുമായുള്ള ഏറ്റുമുട്ടലുകള്‍, കാമ്പസിലെ പ്രണയസല്ലാപലോകങ്ങള്‍, സമരമരത്തിനു മുന്നിലെ ഒത്തുചേരലുകള്‍, കലോത്സവവിജയം, പ്രസംഗമത്സരയാത്രകള്‍, പ്രൊഫ. കെ.എന്‍. ഭരതനെപ്പോലെ വിദ്ധ്വംസകമായ വൈജ്ഞാനികജീവിതം വെച്ചുപുലര്‍ത്തിയ മഹാനായ ഒരു അദ്ധ്യാപകന്റെ ഇടപെടലുകള്‍, ആത്മസുഹൃത്തുക്കളിലൊരാളുടെ അകാലത്തിലുള്ള മരണം എന്നിങ്ങനെ എണ്ണമറ്റ കാമ്പസ് ജീവിതാനുഭവങ്ങള്‍ ഈ ആഖ്യാനത്തിലെ ഒരു ധാരയായി നിലകൊള്ളുന്നു. മറുഭാഗത്ത് ഗണേഷിന്റെ വ്യക്തിജീവിതത്തിലെ കയറ്റിറക്കങ്ങളാണ്. തന്റെ ജീവിതപരിസരങ്ങള്‍, വിദ്യാഭ്യാസത്തിലെ ഗതിഭേദങ്ങള്‍, തൊഴില്‍ തേടിയുള്ള അലച്ചില്‍, വിഷാദം, ബോംബെയിലെ ഹ്രസ്വകാലജീവിതം, തുടര്‍പഠനം, പ്രണയം, വിവാഹം, നാനാതരത്തിലുള്ള എതിര്‍പ്പുകള്‍, അതിജീവനത്തിനായുള്ള കഠിനശ്രമങ്ങള്‍, പ്രൊഫ. എം.എന്‍. വിജയനുമായുള്ള വിനിമയങ്ങള്‍ എന്നിങ്ങനെ ഗണേഷിന്റെ വ്യക്തിജീവിതത്തിലെ ചെറുതും വലുതുമായ സംഭവങ്ങളുടെ ഒരു പരമ്പരതന്നെ ഇവിടെ നമുക്കു കാണാനാവും. രണ്ടുതരത്തിലുള്ള ഈ സംഭവപരമ്പരകള്‍ ഒന്നിച്ചുചേരുമ്പോള്‍ അത് ഗണേഷിന്റെ ആറേഴുവര്‍ഷക്കാലത്തെ പൊതുജീവിതത്തിന്റെയും സ്വകാര്യജീവിതത്തിന്റെയും സമഗ്രചിത്രമായി മാറുന്നു. ഗണേഷിന്റെ ജീവിതചിത്രം എന്നതോടൊപ്പം അത് ആ കാലയളവിലെ കാമ്പസ് ജീവിതത്തിന്റെ ചിത്രവുംകൂടിയാണ്. അങ്ങനെ 'സാമൂഹികബന്ധങ്ങളുടെ സമുച്ചയമായി'ത്തീര്‍ന്ന ഒരാളുടെ ജീവിതകഥയുടെ അവതരണത്തിലൂടെ ഒരുകാലത്തെ മഹാരാജാസിലെ കാമ്പസ് ജീവിതത്തിന്റെ കഥകൂടിയായും ഈ കൃതി പരിണമിക്കുന്നു.

ഈ രചനയിലൂടെ കടന്നുപോയപ്പോള്‍ ഞാന്‍ ആലോചിച്ച ഒരു കാര്യം ഇത്തരമൊരു കൃതിയിലേക്ക് ഗണേഷിനെ നയിച്ച പ്രേരണകള്‍ എന്തൊക്കെയായിരിക്കും എന്നതാണ്. രണ്ട് ഉത്തരങ്ങളാണ് എനിക്കു ലഭിച്ചത്. അതിലാദ്യത്തേത് മഹാരാജാസ് ജീവിതകാലവും അതിന്റെ വിലോലഭംഗികളും ഗണേഷില്‍ അവശേഷിപ്പിക്കുന്ന ഗൃഹാതുരത എന്നതാണ്. 1990-കളിലെ ഏതൊരു വിദ്യാര്‍ത്ഥിയുടെയും സ്വപ്നങ്ങളില്‍ മഹാരാജാസ് സവിശേഷമായ വര്‍ണ്ണശബളതയോടെ നിലനില്‍ക്കുന്നുണ്ടാവണം. 'നാമൊരുമിച്ചു കേട്ട പാട്ട് പാട്ടിനെക്കാള്‍ മധുരമായിരുന്നു' എന്നു പറയുന്നതുപോലെ, മഹാരാജാസിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അവിടെനിന്നും പുറത്തിറങ്ങിയ പലര്‍ക്കും തങ്ങള്‍ അവിടെ ജീവിച്ച ജീവിതത്തെക്കാളും മധുരം നിറഞ്ഞതാണ്. കാലത്തിന്റെ അകലം നല്‍കുന്ന ഗൃഹാതുരഭംഗികള്‍ ആ ഓര്‍മ്മകളെ കൂടുതല്‍ മിഴിവുറ്റതാക്കുന്നു. അത്തരത്തില്‍ മിഴിവുറ്റ ഒരു തിരിഞ്ഞുനോട്ടമാണ് ഈ ആഖ്യാനത്തിന്റെ കേന്ദ്രഭാവങ്ങളിലൊന്ന്.

അതോടൊപ്പം, തന്നിലേക്കുതന്നെയുള്ള ആഴമേറിയ തിരിഞ്ഞുനോട്ടത്തിനും ഗണേഷ് ഈ രചനയെ ഉപയോഗപ്പെടുത്തുന്നുണ്ട്. തന്റെ ജീവിതപരിണാമങ്ങളെയും തന്റെ ആന്തരികലോകത്തിന്റെ സന്ദിഗ്ദ്ധതകളെയും അഭിസംബോധന ചെയ്യാനുള്ള ഉപാധികളിലൊന്നുകൂടിയായി അദ്ദേഹം ഈ നോവലിനെ ഉപയോഗിക്കുന്നു. ആത്മകഥാപരമായ നോവല്‍ എന്ന വിശദീകരണത്തിന്റെ സാംഗത്യവും അതാണെന്നു പറയാം. ഒരു വ്യക്തിയുടെ അന്തരാത്മാവിന്റെ ഗതിഭേദങ്ങളെ മനസ്സിലാക്കാന്‍ അയാള്‍ ജീവിച്ച കാലത്തിന്റെ ഗതിഭേദങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് സഹായിക്കും എന്നു പറയുന്നതിനെക്കാള്‍ ഒരു വ്യക്തിയുടെ അന്തരാത്മാവിലേക്ക് ചുഴിഞ്ഞുനോക്കിയാല്‍ അയാള്‍ ജീവിച്ച കാലത്തെ ആഴത്തില്‍ മനസ്സിലാക്കാനാവുമെന്ന് ജെയിംസ് ജോയ്‌സ് എഴുതുന്നുണ്ട്. തന്റെ അന്തരാത്മാവിലേക്കുള്ള നോട്ടം തന്റെ കാലത്തിലേക്കുള്ള നോട്ടമായിക്കൂടി രൂപാന്തരപ്പെടുത്തിക്കൊണ്ടാണ് ഗണേഷ് എഴുതുന്നതെന്നു പറയാം. ജോലി തേടിയുള്ള അലച്ചിലിന്റെയും തന്നെ വലയം ചെയ്ത വിഷാദത്തിന്റെയും ഗാര്‍ഹികവും സാമുദായികവുമായി ഉയര്‍ന്ന വെല്ലുവിളികളുടെയും 'നിത്യജീവിതം എന്ന ദുഷ്‌കര പദപ്രശ്‌ന'ത്തെ മറികടക്കാനുള്ള അതിരില്ലാത്ത ശ്രമങ്ങളുടെയും കഥയിലേക്ക് കടക്കുമ്പോള്‍ അത് ഒരാളുടെ കഥയില്‍നിന്ന് ഒരു കാലത്തിന്റെ യൗവനതീക്ഷ്ണതയുടെയും അതിന്റെ അതിജീവനത്വരയുടെയും കഥകൂടിയായി പരിണമിക്കുന്നുണ്ട്.

ഇങ്ങനെ തന്റെ ജീവിതത്തിലെ ഒരു സവിശേഷകാലയളവിലെ സംഭവബഹുലമായ ഗതിപരിണാമങ്ങളെ അനാവരണം ചെയ്യാനാണ് ഗണേഷ് ഈ രചനയിലൂടെ ശ്രമിക്കുന്നത്. ആത്യന്തികമായി തന്റെതന്നെ ഭൂതകാലത്തിലേക്കുള്ള ഗൃഹാതുരമായ ഒരു തിരിഞ്ഞുനോട്ടമാണത്. ആ തിരിഞ്ഞുനോട്ടത്തിലൂടെ തന്റെ വര്‍ത്തമാനത്തിന് ആഴവും അര്‍ത്ഥവും നല്‍കാന്‍കൂടി ഗണേഷ് അഭിലഷിക്കുന്നുണ്ടെന്നു പറയാം; ഭൂതകാലത്തിന്റെ യാതനകള്‍ക്കും ആഹ്ലാദവിഷാദങ്ങള്‍ക്കും മേല്‍ പടുത്തുയര്‍ത്തപ്പെട്ട ഒരു വര്‍ത്തമാനകാലത്തിന്റെ അദൃശ്യലോകം ഈ ആഖ്യാനത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ എഴുതപ്പെടാനായി ബാക്കിനില്‍ക്കുന്നുണ്ടെന്നും.

ഗണേഷ് ബാലയുടെ ഈ രചനയ്ക്ക് ഇങ്ങനെയൊരു ആമുഖക്കുറിപ്പെഴുതാന്‍ ഞാന്‍ നിയുക്തനായത് എന്തുകൊണ്ടാവും? ഇങ്ങനെയൊരു ചോദ്യം ഇതെഴുതാനിരുന്ന വേളയില്‍ എന്നെ വന്നു തൊടുകയുണ്ടായി. ഈ ആത്മകഥാനോവലിലെ കഥയും കഥാപാത്രങ്ങളും ജീവിതസന്ദര്‍ഭങ്ങളുമെല്ലാം ഏറിയ പങ്കും ഞാനറിയുന്നതോ, ചിലപ്പോഴെങ്കിലും ഞാന്‍കൂടി പങ്കാളിയായതോ ആണെന്ന കാര്യമാണ് അതിനുള്ള ഉത്തരം. കഥാപാത്രങ്ങളായോ വ്യക്തികളായോ ഇതില്‍ കടന്നുവരുന്നവരിലേറിയ പങ്കും കാമ്പസിനകത്തും പുറത്തുമുള്ളവരിലേറിയ പങ്കും ഏതെല്ലാമോ നിലകളില്‍ എന്റെയും ജീവിതാനുഭവങ്ങളുടെ ഭാഗമാണ്. ആ നിലയില്‍ ഇത് ഗണേഷിന്റെ ജീവിതകഥയായിരിക്കുന്നതുപോലെ എന്റെയും കഥയാണെന്നു പറയാം. എന്നല്ല, അക്കാലത്ത് കൗമാരയൗവനങ്ങള്‍ പിന്നിട്ട പലരുടെയും കഥയാണിത്. അത്തരമൊരു കഥനലോകത്തിലൂടെ തന്റെ ആത്മാവിന്റെ ഒരടരിനെ അനാവരണം ചെയ്യാന്‍ കഴിഞ്ഞിരിക്കുന്നു എന്നിടത്താണ് ഈ രചന ഞാനുള്‍പ്പെടെയുള്ളവരെ സംബന്ധിച്ചിടത്തോളം സംഗതമാകുന്നത്.

ഈ രചനയുടെ അവസാനത്തെ പടവിലെത്തുമ്പോള്‍ അത് പൊടുന്നനെ അവസാനിക്കുന്നതായി വായനക്കാര്‍ക്ക് അനുഭവപ്പെടാനിടയുണ്ട്. രണ്ടു ധാരകളായി വികസിച്ചുവന്ന പ്രമേയലോകങ്ങള്‍ തുറന്ന നിലയില്‍ തുടരുന്നതാണ് വായനയില്‍ തോന്നുക. ഒരര്‍ത്ഥത്തില്‍ ഇത് ഗണേഷ് ബോധപൂര്‍വ്വം സ്വീകരിച്ച ഒരു സമീപനമാണെന്നും വരാം. സുനിശ്ചിതമായ ഒരു അന്ത്യമുഹൂര്‍ത്തത്തിലേക്ക് കഥനത്തെ കൊണ്ടുവന്നു കെട്ടുന്നതിനു പകരം ജീവിതംപോലെ തുറന്നുകിടക്കുന്നതും അനിശ്ചിതവുമായ ഒന്നായി അതിനെയും നിലനിര്‍ത്തുക എന്ന താത്പര്യമാവാം അത്തരമൊരു പരിസമാപ്തിയുടെ പ്രേരണ എന്നു വരാവുന്നതാണ്. നോവലിന്റെയും ആത്മകഥയുടെയും രൂപപരമായ അതിര്‍വരമ്പുകളെ മാനിക്കാത്തതോ അതിനെ മായ്ച്ചുകളയുന്നതോ ആയ ഒരു രചനാരീതിയുടെ സ്വാഭാവികമായ തുടര്‍ച്ചയായി ആഖ്യാനത്തിന്റെ പൊടുന്നനെയുള്ള ഈ പിന്‍വാങ്ങലിനെ കാണാവുന്നതുമാണ്.

തന്റെ കഥയില്‍ ഒരു കാലത്തിന്റെ അനുഭവചരിത്രത്തെക്കൂടി സന്നിവേശിപ്പിച്ചുകൊണ്ട് ഗണേഷ് ബാല രചിച്ച കോമ്രേഡ് അയ്യര്‍ അതിന്റെ ഭാഷാപരമായ സുതാര്യതയാലും ആഖ്യാനത്തിലെ സരളതയാലും ഹൃദയഹാരിയായ വായനാനുഭവമാണ്. ആ കാലത്തിന്റെ ജീവിതാനുഭവമുള്ള എന്നെപ്പോലുള്ളവരെ സംബന്ധിച്ചിടത്തോളം ഇത് ഞങ്ങളുടെയെല്ലാം ജീവിതചരിത്രത്തിന്റെ ഒരടരാണ്. അത്തരമൊരു അനുഭവചരിത്രം ഞങ്ങള്‍ക്കായിക്കൂടി പകര്‍ന്നുവെച്ച ഗണേഷിന് സ്‌നേഹാഭിവാദനങ്ങള്‍ അര്‍പ്പിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തട്ടെ. എഴുത്തിന്റെ വഴിയിലെ ഗണേഷിന്റെ തുടര്‍യാത്രകള്‍ക്ക് വെളിച്ചംപകരുന്ന ഒന്നായി ഈ രചന മാറിത്തീരട്ടേയെന്ന ആഗ്രഹം ഇതോടൊപ്പം പങ്കുവെക്കുകയും ചെയ്യുന്നു.

Content Highlights: sunil p ilayidam introductory note ganesh bala novel comrade iyer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023

Most Commented