സൂര്യന്‍ ഇപ്പോള്‍ മധ്യവയസ്‌കന്‍, ഇനി സംഭവിക്കുമോ നാടകീയ മാറ്റങ്ങള്‍?


പി. കേശവന്‍ നായര്‍

മരിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങള്‍ അപ്പോഴും അവയുടെ വാതകങ്ങളെ പുനഃചംക്രമണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കും

ഫോട്ടോ: എ എഫ് പി

പ്രപഞ്ചത്തിന്റെ ഉത്പത്തിവികാസങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടാകുന്നത് ജീവിതവീക്ഷണം വിശാലമാവാന്‍ ഉതകും. ഏറെ ആഴവും പരപ്പുമുള്ള വിഷയത്തെ ചിമിഴിലൊതുക്കിയിരിക്കുകയാണ് പി. കേശവന്‍ നായര്‍ എഴുതിയ 'കാലം മഹാവിസ്‌ഫോടനം മുതല്‍ മഹാവിഭേദനം വരെ' എന്ന പുസ്തകം. മഹാവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ലോകത്തിന്റെ ജനനം, ജീവന്റെ ഉത്പത്തി, മഹാവിഭേദനം...തുടങ്ങി ഗഹനമായ വിഷയങ്ങളെ ലളിതമായി പ്രതിപാദിക്കുന്ന, പ്രപഞ്ചരഹസ്യങ്ങളെ അനാവരണം ചെയ്യുന്ന പുസ്തകം മാതൃഭൂമി പ്രസിദ്ധീകരിച്ചിരിക്കുന്നു. പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

പ്പോള്‍ സൂര്യന്‍ മദ്ധ്യവയസ്‌കനാണ്. ഏകദേശം 500 കോടി വര്‍ഷം മുമ്പാണ് സൂര്യന്‍ ജനിച്ചത്. അന്നു മുതല്‍ ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന് അനുയോജ്യമായ തരത്തില്‍ ചൂടും വെളിച്ചവും അത് നല്‍കിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഭൂമി ഒരിക്കലും തണുത്തുമരവിച്ചുപോകുകയോ അതിലെ സമുദ്രങ്ങള്‍ ചൂടായി വറ്റിവരണ്ടുപോകുകയോ ചെയ്തിട്ടില്ല. ഒരിക്കല്‍ ആവാസയോഗ്യമായിരുന്ന ചൊവ്വ ഇപ്പോള്‍ അന്തമില്ലാത്ത ഹിമയുഗത്തിന്റെ പിടിയിലാണ്. സൂര്യന്റെ അടുത്തുള്ള ബുധനും ശുക്രനും ജീവന്റെ നിലനില്‍പ്പിന് പറ്റാത്ത ചൂടുള്ള രണ്ടു ഗ്രഹങ്ങളാണ്.സൂര്യന്‍ സ്ഥിരതയുള്ളതാണെങ്കിലും ജനനം മുതല്‍ അതിന്റെ താപം കുറേശ്ശെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയുള്ള 500 കോടി വര്‍ഷം, സൂര്യന്റെ പ്രകാശവും തിളക്കവും ഇന്നുള്ളതിന്റെ ഇരട്ടിയാകുന്നതുവരെ, സൂര്യന്‍ വലുതായി വലുതായി ചൂടായിക്കൊണ്ടിരിക്കും. ഭൂമിയുടെ ഭാവികാലാവസ്ഥ എന്തായിരിക്കുമെന്ന് ഇപ്പോള്‍ കൃത്യമായി പ്രവചിക്കാനാവില്ല. അത്, ഹരിതഗൃഹപ്രഭാവം സൃഷ്ടിക്കുന്ന മനുഷ്യനിര്‍മ്മിത മലിനീകരണവസ്തുക്കള്‍ എത്രത്തോളം ഭൂമിയില്‍നിന്നും പുറത്തുവിടുന്നു എന്നതിനെക്കൂടി ആശ്രയിച്ചായിരിക്കും. സൂര്യന്റെ വര്‍ദ്ധിക്കുന്ന ചൂട് ആര്‍ട്ടിക്കിലെയും അന്റാര്‍ട്ടിക്കിലെയും മഞ്ഞുമലകളെ ഉരുക്കി ധ്രുവപ്രദേശങ്ങള്‍ സുഖകരമായ മനുഷ്യജീവിതത്തിന് പര്യാപ്തമാക്കി മാറ്റും.

അതിനുശേഷം സൂര്യനില്‍ ഉണ്ടാകുന്ന നാടകീയമായ മാറ്റങ്ങള്‍ ഭൂമിയെ ആവാസയോഗ്യമല്ലാത്തതാക്കും. അപ്പോഴേക്കും എല്ലാ ശക്തിയുടേയും സ്രോതസ്സായ സൂര്യകേന്ദ്രത്തിലെ ന്യൂക്ലിയര്‍ റിയാക്ടറിലെ ഹൈഡ്രജന്‍ ഇന്ധനം കത്തിത്തീരും. സൂര്യന്റെ ഗുരുത്വം കാമ്പിലെ ദ്രവ്യാത്മകവസ്തുക്കളെ മുഴുവന്‍ പിടിച്ചുചുരുക്കി കട്ടിയുള്ളതാക്കും. അതേസമയം സൂര്യന്റെ പുറംഭാഗങ്ങള്‍ വികസിച്ച് വലുതാകും.

ഭൂമിയില്‍നിന്നും നോക്കുമ്പോള്‍ സൂര്യന്‍ വികസിക്കുന്നതായി നമ്മള്‍ കാണും. സൂര്യന്റെ തിളക്കമുള്ള മഞ്ഞനിറം താപവര്‍ദ്ധനവുമൂലം ഇരുണ്ട ഓറഞ്ച് നിറമാകും. സൂര്യന്റെ വികസിച്ച ഉപരിതലം കൊഴിഞ്ഞുവീഴാന്‍ തുടങ്ങും. സൂര്യന്റെ കാമ്പിലെ പുനഃക്രമീകരണങ്ങളുടെ ഫലമായി അതിന്റെ ഊര്‍ജ്ജോത്പാദനം കൂടും. സൂര്യതാപം വീണ്ടും വീണ്ടും വര്‍ദ്ധിക്കും. സൂര്യന്‍ ഒരു ചുമപ്പുഭീമനായി മാറിക്കൊണ്ടിരിക്കും.
സൂര്യന്റെ ഏറ്റവും അടുത്തുള്ള ബുധനെയാണ് ഈ കുഴപ്പങ്ങളെല്ലാം ആദ്യം ബാധിക്കുന്നത്. സൂര്യന്റെ വികസിക്കുന്ന പുറംഭാഗത്തിനുള്ളിലാകും ബുധന്‍. സൂര്യനില്‍നിന്നുള്ള കത്തിജ്ജ്വലിക്കുന്ന വാതകങ്ങള്‍ ബുധനെന്ന പാറഗ്രഹത്തെ ഉരുക്കി ബാഷ്പീകരിക്കും. ഒരിക്കല്‍ ബുധനിലെ പദാര്‍ത്ഥങ്ങളായിരുന്നവയെല്ലാം സൗരവാതകത്തിന്റെ ഭാഗമായി മാറും. അടുത്തത് ശുക്രന്റെ ഊഴമാണ്. സൂര്യതാപം ശുക്രന്റെ അന്തരീക്ഷത്തെ തിളപ്പിച്ചുമാറ്റി അതിന്റെ ഉപരിതലത്തെ ചുമപ്പുനിറത്തിലുള്ള ഒരു ഗോളമാക്കി തീര്‍ക്കും.

ആ സമയത്ത് ഭൂമി തികച്ചും ആവാസയോഗ്യരഹിതമാകും. അപ്പോള്‍ സൂര്യന്റെ താപവും പ്രകാശവും നൂറിരട്ടിയാകും. നമ്മുടെ മഹാസമുദ്രങ്ങളിലെ വെള്ളത്തിന്റെ കുറേഭാഗം ബാഷ്പീകരിക്കും. ബാഷ്പീകൃതമായ ജലം മേഘങ്ങളുടെ രൂപത്തില്‍ ഭൂമിയെ മൂടും. തത്ഫലമായി ഭൂമിയിലെ താപം വര്‍ദ്ധിക്കും. ക്രമേണ സൂര്യതാപം അവശേഷിക്കുന്ന ജലത്തെ മുഴുവന്‍ തിളപ്പിച്ച് ബാഷ്പീകരിക്കും. അപ്പോഴേക്കും ജീവന്റെ അവശിഷ്ടങ്ങള്‍പോലും ഭൂമിയില്‍ നിന്നും തുടച്ചുനീക്കപ്പെടും.

ഈ സമയത്ത് സൂര്യകേന്ദ്രത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നു. സൂര്യകേന്ദ്രം ചൂടായി ഉഗ്രതാപശക്തിയുള്ള പുതിയൊരു ന്യൂക്ലിയര്‍ അഗ്നിയെ സൃഷ്ടിക്കുന്നു. അത് ഹീലിയം അണുക്കളെ കാര്‍ബണ്‍ അണുക്കളാക്കുന്നു. അതിന്റെ ഫലമായി സൂര്യന്‍ സ്വയം അല്‍പ്പം ചുരുങ്ങും. അതേ അവസ്ഥയില്‍ അല്‍പ്പകാലം നിലനിന്നശേഷം സൂര്യന്‍ വീണ്ടും വളരാന്‍ തുടങ്ങും.

സൂര്യന്റെ ജീവിതനാടകത്തിന്റെ അവസാനഭാഗം അരങ്ങേറുന്നത് ഇന്നേക്ക് 600 കോടി വര്‍ഷം കഴിഞ്ഞായിരിക്കുമെന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞന്മാര്‍ കണക്കുകൂട്ടിയിരിക്കുന്നത്. സൂര്യന്റെ ജീവിതാന്ത്യത്തിന്റെ സമയമാണിത്. മരിക്കുന്ന സൂര്യന്‍ അപ്പോള്‍ ഇന്നുള്ളതിന്റെ ആയിരം ഇരട്ടിപ്രകാശത്തോടെ കത്തിജ്ജ്വലിക്കും. അത് വളര്‍ന്നുവളര്‍ന്ന് ശുക്രനെ പൂര്‍ണ്ണമായും വിഴുങ്ങും. ശുക്രന്‍ ഇല്ലാതാകും.

നമ്മുടെ ആകാശം സൗരവാതകജ്വാലകള്‍കൊണ്ട് നിറയും. ഭൂമിയിലെ വരണ്ട മരുഭൂമികളില്‍ അഗ്നിപടരും. സൗരാഗ്നിജ്വാലകള്‍ ഭൂമിയിലെ പാറകളെ ഉരുക്കി ലാവാതടാകങ്ങള്‍ സൃഷ്ടിക്കും. തുടര്‍ന്ന് ലാവതടാകങ്ങള്‍ തിളച്ചുമറിയാന്‍ തുടങ്ങും. സൂര്യന്‍ ഭൂമിയെ വിഴുങ്ങുമ്പോള്‍ ഭൂമിയും ആകാശവും ഒരു തിളങ്ങുന്ന ചുവന്ന പ്രകാശം മാത്രമായിത്തീരും. സൗരാഗ്നിയില്‍ ഭൂമി നശിക്കും.

ആദ്യത്തെ മൂന്നുഗ്രഹങ്ങളെയും കൊന്നുതിന്നതിനുശേഷം ചുവന്ന ഭീമന്‍ സൂര്യന്‍ സ്ഥിരതയില്ലാത്തതാവും. അതിന്റെ ഉപരിതലം പുറത്തോട്ടും അകത്തോട്ടും ചാഞ്ചാടും. അപ്പോള്‍ സൂര്യനില്‍നിന്നും ഉണ്ടാകുന്ന വാതകങ്ങള്‍ കറുത്തമേഘങ്ങളായി ഘനീഭവിക്കും. അവസാനം സൂര്യന്റെ പുറത്തെ ചൂടുവാതക അടുക്കുകള്‍ വിവിധവര്‍ണ്ണങ്ങളില്‍ ഒഴുകിത്തെറിച്ച് സ്‌പേസില്‍ പതിക്കും. അത് അവശേഷിക്കുന്ന ഗ്രഹങ്ങളെ തുടച്ചുനീക്കും. അതോടെ ആകാശത്ത് ഒരു ഗ്രഹ നെബുല (Planetary Nebula) രൂപംകൊള്ളും.

അപ്പോള്‍ സൗരയൂഥത്തിന്റെ നടുക്ക് തിളങ്ങുന്ന സൂര്യന്‍ ഉണ്ടാവില്ല. പകരം അവിടെ ഭൂമിയെക്കാള്‍ വലിപ്പം കുറഞ്ഞ, ചുരുങ്ങിയ വെള്ളക്കുള്ളന്‍ (White Dwarf) സൂര്യനായിരിക്കും ഉണ്ടാകുക. അത് സൂര്യന്റെ ഘനീഭവിച്ച കാമ്പാണ്. ഭൂമി പണ്ട് ഉണ്ടായിരുന്ന സ്ഥാനത്തുനിന്നും അതിനെ നോക്കിയാല്‍ അത് ചന്ദ്രനെക്കാള്‍ അല്‍പ്പം പ്രകാശമുള്ള വസ്തുവായി തോന്നും.
വെള്ളക്കുള്ളനായി മാറിയ സൂര്യനില്‍ ഇന്ധനങ്ങളൊന്നും ഉണ്ടാവില്ല. മറ്റു നക്ഷത്രങ്ങളാല്‍ പ്രകാശിക്കുന്ന ക്ഷീരപഥത്തില്‍ സൗരയൂഥം ഒരു നിഴലായി മാറും. അവിടെങ്ങും ജീവന്‍ ഉണ്ടായിരുന്നതിന്റെ ലക്ഷണംപോലും ഉണ്ടാവില്ല.

ക്ഷീരപഥത്തിന്റെ മരണം

നമ്മുടെ ഗാലക്‌സി ഇപ്പോള്‍ യുവത്വത്തിലാണ്. ക്ഷീരപഥഗാലക്‌സിയുടെ സര്‍പ്പിളരൂപത്തിലുള്ള ഭുജങ്ങളില്‍ തലമുറകളായി നക്ഷത്രങ്ങള്‍ ജനിക്കുകയും മരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. വല്ലപ്പോഴും ഉണ്ടാകുന്ന സൂപ്പര്‍നോവാ സ്‌ഫോടനത്തില്‍ ഒരു നക്ഷത്രം മരിച്ചാല്‍പ്പോലും അതിന്റെ ഊര്‍ജ്ജം സൃഷ്ടിപരമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കപ്പെടുന്നു. സൂപ്പര്‍നോവാസ്‌ഫോടനത്തിലെ വാതകങ്ങളും അവശിഷ്ടങ്ങളും പുതിയനക്ഷത്രങ്ങളായി രൂപംപ്രാപിക്കുന്നു. മരിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങളാണ് പുതിയ നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും വേണ്ട പുതിയ മൂലകങ്ങളെ സൃഷ്ടിക്കുന്നത്. ദ്രവ്യത്തെ പുനഃചംക്രമണത്തിന് വിധേയമാക്കലാണ് ഇന്ന് നമ്മുടെ ഗാലക്‌സി ചെയ്തുകൊണ്ടിരിക്കുന്ന മുഖ്യപ്രവൃത്തി.

ഏതൊരു പുനഃചംക്രമണപ്രക്രിയയിലുമെന്നതുപോലെ ഗാലക്‌സിയുടേതും നൂറുശതമാനം കുറ്റമറ്റതും പൂര്‍ണ്ണവുമല്ല. മരിക്കുന്ന നക്ഷത്രം ധാരാളം വസ്തുക്കളെ സ്‌പേസില്‍ നിക്ഷേപിക്കുന്നുണ്ടെങ്കിലും അതിന്റെ കാമ്പ് സുസ്ഥിരമായ ഒരു വെള്ളക്കുള്ളനായോ, ന്യൂട്രോണ്‍ നക്ഷത്രമായോ തമോഗര്‍ത്തമായോ അവശേഷിക്കും. അങ്ങനെ അവശിഷ്ടകാമ്പായി മാറുന്ന വസ്തുവിന്റെ ആവശ്യം പുതിയ നക്ഷത്രനിര്‍മ്മിതിക്ക് ആവശ്യമില്ല.
മറ്റു ഗാലക്‌സികളില്‍നിന്നും അല്‍പ്പം വ്യത്യസ്തമാണ് നമ്മുടെ ഗാലക്‌സിയുടെ പ്രവര്‍ത്തനം. നമ്മുടെ ഗാലക്‌സിയുടെ സര്‍പ്പിളഭുജങ്ങളില്‍ പത്തിലൊരു ഭാഗം നക്ഷത്രാന്തരീയ വാതകങ്ങളാണ്. ഈ നക്ഷത്രാന്തരീയവാതകങ്ങളും പഴയനക്ഷത്രങ്ങളുടെ ഉച്ഛ്വാസവാതകങ്ങളും തമ്മില്‍ കൂടിക്കലര്‍ന്നതാണ് പുതിയ നക്ഷത്രങ്ങള്‍ക്കു വേണ്ട പദാര്‍ത്ഥങ്ങള്‍. സര്‍പ്പിളഭുജത്തില്‍ അതിസാന്ദ്ര ഭീമന്‍ വാതകമേഘങ്ങള്‍ വളരെ ഭാരമുള്ളതും വലുതും തിളക്കമുള്ളതുമായ നക്ഷത്രങ്ങള്‍ക്ക് രൂപംനല്‍കുന്നു. തിളക്കമുള്ള അതിഭീമന്‍ നീലനക്ഷത്രങ്ങളെയും ചുമന്ന നെബുലകളെയും സര്‍പ്പിളഭുജങ്ങളില്‍ കാണാം.

ക്ഷീരപഥത്തിന് ഇപ്പോള്‍ ഏകദേശം 1500 കോടി വയസ്സായിട്ടുണ്ട്. പ്രതിവര്‍ഷം അത് 10 നക്ഷത്രങ്ങള്‍ക്ക് ജന്മംനല്‍കുന്നു. പുനഃചംക്രമിക്കപ്പെട്ട വാതകങ്ങള്‍ ഇല്ലാതെതന്നെ ഇന്നത്തെ നിരക്കില്‍ വരുന്ന ശതകോടിക്കണക്കിന് വര്‍ഷക്കാലം പുതിയനക്ഷത്രങ്ങളുടെ നിര്‍മ്മിതിക്കാവശ്യമായ പദാര്‍ത്ഥങ്ങള്‍ ഗാലക്‌സിയിലെ നക്ഷത്രാന്തരീയസ്ഥലത്തിലുണ്ട്. ഇതിനോടൊപ്പം പുനഃചംക്രമണത്തിന് വിധേയമാകുന്ന നക്ഷത്രസ്‌ഫോടനങ്ങളിലെ വാതകത്തിന്റെ അളവുകൂടി കൂട്ടിയാല്‍ നൂറു ശതകോടി വര്‍ഷക്കാലം കൂടി നമ്മുടെ ഗാലക്‌സിക്ക് ഇന്നത്തേപ്പോലെ നക്ഷത്രസൃഷ്ടി നടത്താന്‍ കഴിയും.

ഈ സമയത്തിനുള്ളില്‍ നമ്മുടെ ഗാലക്‌സിയില്‍ വമ്പിച്ച മാറ്റങ്ങളുണ്ടാവും. സൂര്യന്റെ ദശലക്ഷക്കണക്കിന് ഇരട്ടി ഭാരമുള്ള ഉറങ്ങിക്കിടക്കുന്ന ഒരു ക്വാസാറും ഒരു തമോഗര്‍ത്തവും നമ്മുടെ ഗാലക്‌സികേന്ദ്രത്തില്‍ ഇപ്പോള്‍ സ്ഥിതിചെയ്യുന്നുണ്ടെന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞന്മാര്‍ വിശ്വസിക്കുന്നത്. ഇടയ്ക്കിടയ്ക്ക് വാതകമേഘങ്ങള്‍ അതിലേക്ക് വീഴുന്നുമുണ്ട്. വാതകങ്ങള്‍ തമോഗര്‍ത്തത്തിലേക്ക് വീഴുന്നതിനുമുമ്പ് കത്തിജ്ജ്വലിക്കുന്നു.
കാലം കടന്നുപോകുമ്പോള്‍ ഗാലക്‌സിയുടെ സര്‍പ്പിളാകാരത്തിന് മാറ്റം വരുന്നു. ഇപ്പോള്‍ ക്ഷീരപഥഗാലക്‌സിക്ക് ശക്തമായി പ്രകാശിക്കുന്ന രണ്ടു ഭുജങ്ങളാണ് ഉള്ളത്. അത് മുഴുവന്‍ നക്ഷത്രക്കൂട്ടങ്ങളും നെബുലകളും കൊണ്ട് നിറഞ്ഞുകിടക്കുകയാണ്. ഭാവിയില്‍ ഗാലക്‌സിയുടെ മുഖ്യഭുജങ്ങള്‍ തകര്‍ന്ന് അവയ്ക്കു പകരം പുതിയ ചെറുഭുജങ്ങള്‍ പ്രത്യക്ഷപ്പെടും. ഒടുവില്‍ ചെറുഭുജങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് ഗാലക്‌സിക്കു ചുറ്റും ഒരു വലയം സൃഷ്ടിക്കും.

ഈ സമയമാകുമ്പോഴേക്കും മറ്റു ഗാലക്‌സികള്‍ നമ്മുടെ ഗാലക്‌സിയിലേക്ക് ഓടി കയറും. അയല്‍പക്കത്തുള്ള ഗാലക്‌സികളായ ചെറിയ മെഗാല്ലനിക്ക് മേഘവും വലിയ മെഗാല്ലനിക്ക് മേഘവും (Magellanic Cloud) നമ്മുടെ ഗാലക്‌സിയുമായി ഏറ്റുമുട്ടും. അവയിലെ നക്ഷത്രങ്ങളും മേഘങ്ങളും നമ്മുടെ ഗാലക്‌സിയില്‍ ലയിച്ചുചേരും. ചില ഗാലക്‌സികള്‍ ക്ഷീരപഥഗാലക്‌സിയിലൂടെ കടന്നുപോകും. കടന്നുപോകലിന്റെ ഫലമായി നമ്മുടെ ഗാലക്‌സിയിലെ നക്ഷത്രങ്ങള്‍ തെറിച്ചുപോകാനുള്ള സാദ്ധ്യതയുമുണ്ട്.

ഭാവിയില്‍ ശതകോടിക്കണക്കിന് വര്‍ഷങ്ങള്‍ കഴിയുംതോറും നക്ഷത്രാന്തരീയ വാതകങ്ങള്‍ ലോലമായിക്കൊണ്ടിരിക്കും. മരിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങള്‍ അപ്പോഴും അവയുടെ വാതകങ്ങളെ പുനഃചംക്രമണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കും. എന്നാല്‍ നക്ഷത്രങ്ങളുടെ ഓരോ തലമുറ കഴിയുന്നതിനനുസരിച്ച് പുനഃചംക്രമണത്തിന് വിധേയമാകുന്ന വാതകങ്ങളുടെ അളവില്‍ വ്യത്യാസമുണ്ടാകും. നക്ഷത്രരൂപീകരണത്തിന് നക്ഷത്രാന്തരീയസ്ഥലത്തെ സംഭരണിയില്‍നിന്നും സ്വീകരിക്കുന്ന വാതകത്തെക്കാള്‍ വളരെ കൂടുതലായിരിക്കും നക്ഷത്രസ്‌ഫോടനങ്ങളില്‍നിന്നുള്ളവ. ഗാലക്‌സിയിലെ നക്ഷത്രാന്തരീയസ്ഥലത്തിലെ വാതകങ്ങള്‍ കുറയുകയും നക്ഷത്രസ്‌ഫോടനങ്ങളുടെ ഫലമായുണ്ടാകുന്ന വിസര്‍ജ്ജ്യവാതകങ്ങള്‍ വളരെ കൂടുകയും ചെയ്യും. ഗാലക്‌സിയുടെ പിണ്ഡത്തിന്റെ സിംഹഭാഗവും മരിച്ച നക്ഷത്രാവശിഷ്ടങ്ങളായിരിക്കും. ഗാലക്‌സി മുഴുവന്‍ വെള്ളക്കുള്ളന്മാരാലും ന്യൂട്രോണ്‍ നക്ഷത്രങ്ങളാലും ചെറുതും വലുതുമായ തമോഗര്‍ത്തങ്ങളാലും നിറയും.

പുതിയ നക്ഷത്രങ്ങള്‍ അപ്പോഴും ജനിക്കുന്നുണ്ടാവും. പക്ഷേ, ഇവ വളരെ ചെറുതും മങ്ങിയതുമായിരിക്കും. തിളക്കമുള്ള നക്ഷത്രങ്ങളും നെബുലകളുമുള്ള സര്‍പ്പിളഭുജങ്ങള്‍ നമ്മുടെ ഗാലക്‌സിക്ക് ഉണ്ടാവില്ല. തീര്‍ച്ചയായും അവിടെയും ഇവിടെയും നക്ഷത്രങ്ങള്‍ ചിന്നിച്ചിതറി വിതരണം ചെയ്യപ്പെട്ട് കിടക്കുമെങ്കിലും നമ്മുടെ ഗാലക്‌സിക്ക് സര്‍പ്പിളാകാരത്തിന്റെ ലാഞ്ഛനപോലും ഉണ്ടായിരിക്കില്ല.
ഗാലക്‌സി അപ്പോള്‍ കെട്ടണഞ്ഞിട്ടില്ലാത്ത കനലുകളുള്ള ഒരു മങ്ങിയ ചാരക്കൂമ്പാരമായിരിക്കും. ഗാലക്‌സിയില്‍ ദീര്‍ഘകാലമായി ജീവിക്കുന്ന മങ്ങിയ ചുമന്ന നക്ഷത്രങ്ങള്‍ അപ്പോഴും അതിന് വെളിച്ചം നല്‍കുന്നുണ്ടാവാം. ഇവിടെയും അവിടെയും ഇടയ്ക്കിടയ്ക്ക് ചില മഞ്ഞനക്ഷത്രങ്ങളോ ഓറഞ്ചുനക്ഷത്രങ്ങളോ ജനിക്കുന്നുണ്ടാവാം. അപ്പോള്‍ ഗാലക്‌സിയുടെ ഇരുണ്ടവെളിച്ചത്തില്‍ ഏറ്റവും പ്രകാശമുള്ളത് ചുമപ്പ് ഭീമന്‍നക്ഷത്രങ്ങള്‍ക്കായിരിക്കും. ഈ അണയുന്ന നക്ഷത്രദീപങ്ങള്‍ ഗാലക്‌സിയുടെ അവസാനഘട്ടത്തെ സൂചിപ്പിക്കുന്നു. ഇത് ഗാലക്‌സിയുടെ നാശത്തിന്റെ പാതയിലേക്കുള്ള ദിശാസൂചകങ്ങളാണ്.

യുഗങ്ങളോളം ഇരുണ്ടുപോയ ഗാലക്‌സിയെ പ്രകാശിപ്പിക്കാന്‍ ഇടയ്ക്കിടയ്ക്ക് അതില്‍ ശക്തമായ പ്രകാശം മിന്നിമറയും. ഗാലക്‌സിയുടെ ഹൃദയഭാഗത്ത് മറഞ്ഞിരിക്കുന്ന തമോഗര്‍ത്തത്തിനടുത്ത് ഒരു നക്ഷത്രം അലഞ്ഞുതിരിഞ്ഞ് എത്തുമ്പോള്‍ തമോഗര്‍ത്തം അതിനെ ഛന്നംപിന്നം കീറിമുറിക്കുമ്പോഴുണ്ടാകുന്ന പ്രകാശമാണ് ഇത്. ഛിന്നഭിന്നമായ നക്ഷത്രത്തെ തമോഗര്‍ത്തം വിഴുങ്ങുന്നു. അവശേഷിക്കുന്ന ഇരട്ടനക്ഷത്രങ്ങളില്‍ വെള്ളക്കുള്ളന്‍ നക്ഷത്രം, അതിന്റെ സഹനക്ഷത്രം സൂപ്പര്‍നോവസ്‌ഫോടനത്തിനു വിധേയമാകുമ്പോള്‍ അതിലെ ദ്രവ്യത്തെ ആകര്‍ഷിച്ച് പുനരുജ്ജീവിച്ചേക്കാം. അന്ത്യഘട്ടത്തില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമായിരിക്കും.

ആയിരം ശതകോടിവര്‍ഷമാകുമ്പോഴേക്കും ക്ഷീരപഥം പൂര്‍ണ്ണമായും അപ്രത്യക്ഷമാകും. അദൃശ്യമായ ശതകോടി തമോഗര്‍ത്തങ്ങള്‍ നിറഞ്ഞതായിരിക്കും ക്ഷീരപഥം. വെള്ളക്കുള്ളന്മാര്‍ താപവും പ്രകാശവും നഷ്ടപ്പെട്ട് മങ്ങിമറഞ്ഞുപോകും. ദീര്‍ഘകാലമായി ശക്തമായ റേഡിയോതരംഗങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് നിലനിന്നിരുന്ന ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ അതിന്റെ റേഡിയോതരംഗപ്രക്ഷേപണം അവസാനിപ്പിക്കും.
ശതകോടിവര്‍ഷങ്ങളോളം തമോഗര്‍ത്തങ്ങള്‍ മരിച്ച ഗാലക്‌സിയില്‍ കറങ്ങിക്കൊണ്ടിരിക്കും. അതിനപ്പുറം എന്തു സംഭവിക്കുമെന്ന് അറിയില്ല. ദ്രവ്യം ആത്യന്തികമായി അസ്ഥിരമായതുകൊണ്ട് ഖരാവശിഷ്ടങ്ങള്‍ മുഴുവന്‍ ക്രമേണ ക്ഷയിച്ച് വികിരണമായി മാറുമെന്നാണ് സൈദ്ധാന്തികമായി ജ്യോതി-ഭൗതിക ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. അന്തരിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ അഭിപ്രായത്തില്‍, തമോഗര്‍ത്തങ്ങളും ഒടുവില്‍ ബാഷ്പീകരിച്ച് വികിരണങ്ങളായി മാറും. ഈ ആശയങ്ങള്‍ ശരിയാണെങ്കില്‍ വികസിക്കുന്ന പ്രപഞ്ചത്തിലെ നമ്മുടെ ക്ഷീരപഥഗാലക്‌സി അതിവിദൂരസ്ഥഭാവിയില്‍ വികിരണങ്ങളാകും. പ്രപഞ്ചംതന്നെ അത്രയുംകാലം നിലനില്‍ക്കുമെങ്കില്‍.

Content Highlights: Sun, P.Kesavan Nair, Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented