അച്ഛനെപ്പോഴും അഭിമാനത്തോടെ പറഞ്ഞു; ആമിയെ കണ്ടുപഠിക്ക്- സുലോചന നാലാപ്പാട്ട്


സുലോചന നാലപ്പാട്ട്

8 min read
Read later
Print
Share

കമലാദാസും സുലോചന നാലപ്പാട്ടും

മെയ് 31. കമലാസുരയ്യയുടെ പതിനാലാം ഓര്‍മദിനം. സുലോചന നാലാപ്പാട്ട് എഴുതിയ എന്റെ ജ്യേഷ്ഠ്തതി കമല എന്ന പുസ്തകത്തില്‍ നിന്നുള്ള ഭാഗം വായിക്കാം.

മിയോപ്പുവിന്റെയും ദാസേട്ടന്റെയും കല്യാണം.1949 ഫിബ്രവരി 5നായിരുന്നു വിവാഹം. അച്ഛന്‍ വാള്‍ഫോര്‍ഡ്സില്‍നിന്നു വിരമിച്ചത് ഒരു വര്‍ഷം കഴിഞ്ഞാണ്, 8-3-1950. വി.എം. നായര്‍ പ്രതാപിയായി കത്തിനില്ക്കുന്ന കാലം. മകളുടെ വിവാഹാഘോഷം ഒരാഴ്ചയില്‍പ്പോലുമൊതുങ്ങിയില്ല. നാലപ്പാട്ടെ പറമ്പു മുഴുവന്‍ കിളച്ചു വൃത്തിയാക്കി. 'ചിറ്റോടുചിറ്റും' എന്ന് ഞങ്ങളുടെ ഭാഷ. അവിടം സ്വര്‍ഗഭൂമിയാക്കി മാറ്റുന്നതില്‍ നിര്‍ണായകപങ്കു വഹിച്ചു ഒരു വലിയ ജനറേറ്റര്‍. നാലപ്പാട്ടുനിന്ന് ദാസേട്ടന്റെ വീടായ അമ്പാഴത്തേല്‍മഠംവരെയുള്ള റോഡ് വീതി കൂട്ടി ഇരുവശത്തും കാല്‍വിളക്കുകള്‍ സ്ഥാപിക്കപ്പെട്ടു. വലിയ ചട്ടികളില്‍ ചെടികള്‍, ഒരു വശത്ത് താമരപ്പൊയ്ക, പറമ്പിലെ മരങ്ങളിലും കുറ്റിച്ചെടികളിലും കണ്ണടച്ചുതുറക്കുന്ന നാനാവര്‍ണബള്‍ബുകള്‍, ഇങ്ങനെയൊരുത്സവം മുന്‍പുണ്ടായിട്ടില്ല. അതിന്റെ സംവിധായകന്‍ വടേക്കര മാധവന്‍ നായര്‍ മാത്രമായിരുന്നു. സഹസംവിധാനം എന്നൊരു പോസ്റ്റ് ഇല്ലായിരുന്നു. നായികാവേഷത്തില്‍ നാലപ്പാട്ട് കമല അരങ്ങുതകര്‍ത്തു.

ഞങ്ങള്‍ കുട്ടികളെല്ലാം നേരവും കാലവും നോക്കാതെ കളിച്ചുതിമിര്‍ത്ത ദിവസങ്ങളായിരുന്നു അവ. അമ്പാഴത്തേല്‍ പോയി കളിക്കാന്‍ മുതിര്‍ന്നവരുടെ സമ്മതം ചോദിക്കുകപോലും വേണ്ടാ എന്ന സ്ഥിതി. നാട്ടുകാരും വീട്ടുകാരും കല്‍ക്കത്തയില്‍നിന്നുള്ള സ്നേഹിതരും എല്ലാവരുമെത്തിയിരുന്നു. ചിത്രകാരനായ എസ്.എ. ദാസ് എന്ന ദാസമ്മാവന്‍ പത്തു ദിവസം മുന്‍പുതന്നെ എത്തി. ആമിയോപ്പുവിന് ഒന്‍പതു വയസ്സിലോ മറ്റോ ആദ്യത്തെ സാരി വാങ്ങിക്കൊടുത്തത് അങ്കിള്‍ ദാസായിരുന്നു, കുറുകെ വരകളുള്ള ഒരു ബംഗാളിസാരിയായിരുന്നു അത്. അച്ഛന്‍ കല്‍ക്കത്തയില്‍ ജോലി തേടിനടന്ന കാലംമുതല്‍ സുഹൃത്തായിരുന്ന (അദ്ദേഹത്തിന്റെ കൂടെ കുറെക്കാലം അച്ഛന്‍ താമസിച്ചിരുന്നു.) ജെറ്റ്ക, അനിയനെപ്പോലെ താന്‍ കരുതിയിരുന്ന 'നായരു'ടെ മകള്‍ക്ക് സ്വര്‍ണാഭരണങ്ങളാണ് സമ്മാനമായി നല്കിയത്. നാലപ്പാട്ടെയും അമ്പാഴത്തെയിലെയും മഠത്തിലെയും മുറ്റങ്ങളില്‍ പന്തലുകള്‍, തോരണങ്ങള്‍. പ്രിയതോഴികളാല്‍ ചൂഴപ്പെട്ട് അവിടെങ്ങും വിഹരിച്ച ആമിയോപ്പുവും വലിയ ഉത്സാഹവതിയായിരുന്നു എന്നാണോര്‍മ.

കല്യാണദിവസം സന്ധ്യയ്ക്ക് മഠത്തിലെ മുറ്റത്തുവെച്ച് കലാമണ്ഡലം മേജര്‍സെറ്റിന്റെ കഥകളിയുണ്ടായിരുന്നു. മുന്‍വശത്ത് വിരിച്ച പായകളിലായിരുന്നു ഞങ്ങള്‍ കുട്ടികളുടെ സ്ഥാനം. എനിക്കന്ന് ഒന്‍പതുവയസ്സാണ്. അരങ്ങില്‍ തെളിഞ്ഞ കൂറ്റന്‍ നിലവിളക്ക് ഞങ്ങളുടെ കണ്ണുകളില്‍ നിലാവുചേര്‍ത്തു, ട്രപ്പീസ് ആര്‍ട്ടിസ്റ്റുകളെപ്പോലെ ചാന്ദ്രരശ്മികള്‍ പിടിച്ച് ദൈവങ്ങളും അസുരന്മാരും ഞങ്ങളുടെ മനസ്സുകളിലേക്ക് ഊര്‍ന്നിറങ്ങി. അരങ്ങിന്റെ ഹൃദയതാളമായി ചെണ്ടകളുണര്‍ന്നുയര്‍ന്നു. കൂറ്റന്‍ കളിവിളക്കിനു പിന്നില്‍ രണ്ടുപേര്‍ വലിച്ചുപിടിച്ച വര്‍ണാഭമായ സാറ്റിന്‍തിരശ്ശീലയോര്‍ക്കുന്നു,
സ്റ്റേജില്‍നിന്ന് കാണികളിലേക്കിഴഞ്ഞെത്തിയ പാട്ടോര്‍ക്കുന്നു. വിസ്മരിക്കാനാവാത്തത്, അതുവരെ ആര്‍ത്തുല്ലസിച്ച ചെണ്ടകള്‍ പൊടുന്നനേ നിശ്ശബ്ദമായി, പാട്ടുയരും മുഹൂര്‍ത്തവും, അന്നേരം കര്‍ട്ടന്റെ മുകളില്‍ പ്രത്യക്ഷപ്പെട്ട നീണ്ടുകൂര്‍ത്ത നഖങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കറുത്ത വിരലുകളുമായിരുന്നു. അക്ഷമരായിരുന്നു ആ വിരലുകള്‍. അവ കര്‍ട്ടന്‍ പിടിച്ചു താഴ്ത്തുകയും പാട്ടിന്റെ താളത്തിനൊപ്പിച്ച് അതിനെ അങ്ങോട്ടുമിങ്ങോട്ടും ഉലയ്ക്കുകയും ചെയ്തു. വിരലുകളുടെ ഉടമസ്ഥന്‍ ആര്, ദേവനോ അസുരനോ, ബ്രഹ്‌മരക്ഷസ്സോ തേര്‍വാഴ്ചയോ, അതോ വെറുമൊരു ബാവുല്‍ഗായകനോ എന്നറിയാനുള്ള ആകാംക്ഷ ഉള്ളില്‍ നുരഞ്ഞുപൊങ്ങി നിറഞ്ഞൊഴുകുമെന്നായപ്പോള്‍ കര്‍ട്ടനു പിന്നിലെ കിരീടധാരിക്കും ക്ഷമകെട്ടു. തിരശ്ശീല തട്ടിമാറ്റി കിളിപ്പച്ചനിറമുള്ള മുഖത്തിനുടമയായ ആ ദേവന്‍ ഞങ്ങള്‍ക്കു ദര്‍ശനമരുളി. തിരശ്ശീല പിടിച്ചിരുന്നവര്‍ അതിനെ ചുരുട്ടിക്കൂട്ടി അരങ്ങൊഴിയുകയും ചെയ്തു. പിന്നെയധികമൊന്നും കണ്ടില്ല, പായില്‍ പാട്ടു കേട്ടും സ്റ്റേജു നിറയുന്ന ദേവാസുരഗണങ്ങളുമായി സംവദിച്ചും കിടന്നുറങ്ങിയ എന്നെ ആരോ നാലപ്പാട്ടേക്ക് എടുത്തുകൊണ്ടുപോയിരിക്കണം.

ആ രാത്രിയില്‍ നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയുടെ കണ്ണുകളില്‍ കൗമാരം കൊളുത്തിയ വിളക്കുകളണയ്ക്കപ്പെട്ടുവോ എന്നു പറയാന്‍ ഞാനാളല്ല. എന്നാല്‍ ആദ്യരാത്രിയില്‍ സംഭവിക്കാവുന്ന കാര്യങ്ങളെക്കുറിച്ച് തന്റെ പ്രായവും വായിച്ച പുസ്തകങ്ങളും കണ്ട സിനിമകളും സമ്മാനിച്ച ധാരണ തിരുത്തിക്കുറിക്കപ്പെട്ടിരിക്കാം എന്നു വേണം കരുതാന്‍. ഇക്കാര്യത്തില്‍ 'അശിക്ഷിത'രായ പെണ്‍കുട്ടികള്‍ക്കെല്ലാം ഇതേ അനുഭവംതന്നെയാവണം ഉണ്ടായത്, ഇന്നും ഉണ്ടാവുന്നത്. ഒരു സിനിമയില്‍ അനുഗൃഹീതനടനായ ശ്രീനിവാസന്‍ ഒരു സുന്ദരിയെ രണ്ടാംഭാര്യയാക്കിക്കൊണ്ടുവന്ന് മണിയറയില്‍ പുഷ്പതല്പത്തിലിരുത്തി ആ പാവത്തിനോട് ഇത്ര മനോഹരിയായ 'യാരിജ്ജ്, യാരിജ്ജ്' എന്നും മറ്റുമുള്ള ഒരു പാട്ടു പാടുന്ന സീന്‍ മറക്കാനാവില്ല. ആദ്യരാത്രിയിലും അതു കഴിഞ്ഞും സ്വന്തം ഭാര്യ ആരെന്നു മനസ്സിലാക്കിയ ഭര്‍ത്താക്കന്‍മാര്‍ അപൂര്‍വമാവും.

ഏതായാലും ആമിയോപ്പുവിന് അമ്മയില്‍നിന്നോ അമ്മമ്മയില്‍നിന്നോ സംഭവിക്കാന്‍ പോവുന്നതിനെപ്പറ്റി ചെറിയൊരു സൂചനപോലും ലഭിച്ചിരിക്കാനിടയില്ല. ദേവകി എന്ന പരിചാരിക 'ആണ്ങ്ങല്‍ പിച്ചിച്ചീന്തു'മെന്നു പറയുന്നതു കേട്ട് 'അവര്‍ക്കെന്താ കൊക്ക്ണ്ടോ, നഖണ്ടോ' എന്നു ചോദിച്ചപ്പോള്‍ 'അവറ്റയ്ക്ക് കൊക്കും നഖോം പിന്നേ ഒരൂട്ടൊക്കെണ്ട്' എന്നായിരുന്നു മറുപടിയെന്ന് ആമിയോപ്പു എഴുതിയിരിക്കുന്നു. അതിലേറെ ലൈംഗികവിദ്യാഭ്യാസമൊന്നും ആ പ്രായത്തിനിടയ്ക്ക് കമലയ്ക്ക് കിട്ടിക്കാണില്ല. നാലപ്പാട്ടെ സ്ത്രീകള്‍ ലൈംഗികം പോയിട്ട് ഒരു ചീത്ത വാക്കു പറയില്ല. അശ്രീകരം, ചേട്ട എന്നീ പദങ്ങള്‍ അത്രയ്ക്കങ്ങട് പ്രകോപിപ്പിക്കപ്പെട്ടാല്‍ പറയാം. 'ചീത്ത' ചിന്തിക്കാന്‍പോലും പാടില്ല. ഒരു പടികൂടി മുന്നോട്ടു പോയാല്‍, സൂര്യനസ്തമിച്ചാല്‍പ്പിന്നെ പൂച്ച, നായ എന്നുപോലും പറയരുത്. വേണമെങ്കില്‍ മാര്‍ജാരന്‍, സാരമേയം എന്നീ സംസ്‌കൃതപദങ്ങളാല്‍ ആ ജീവികളെ വിവക്ഷിക്കാം. മൂത്രമൊഴിക്കണം എന്ന് അമ്മയോ ചെറിയമ്മയോ മുത്തശ്ശിമാരോ പറയുക പതിവില്ല. 'കാലു കഴുകുക' എന്നാണ് പ്രയോഗം. വീട്ടില്‍ വന്നു താമസിച്ച ചില അതിഥികള്‍ക്ക് ഇതിനാല്‍ ചില പ്രയാസങ്ങളുണ്ടായി എന്നു കേട്ടിട്ടുണ്ട്. അമ്മ വിവാഹിതയാവാന്‍പോകുന്ന മകള്‍ക്ക് birds and bees നെപ്പറ്റി ഒന്നും പറഞ്ഞുകൊടുത്തില്ലെങ്കിലും തലേന്നാള്‍ മരുമകനോട്, 'ആമി തികച്ചും നിഷ്‌കളങ്കയായൊരു കുട്ടിയാണ് ട്ടോ ദാസേ' എന്ന് ഏറെ ശങ്കിച്ച് പറയുകയുണ്ടായി. വിവാഹത്തിനു മുന്‍പ് ദാസേട്ടന്‍ നീലക്കടലാസില്‍ തനിക്കു കത്തുകളയച്ചിരുന്നു, താനും ദാസേട്ടന് പ്രേമലേഖനങ്ങളെഴുതുമായിരുന്നു, എന്നാല്‍ വിവാഹശേഷം താനാ പതിവു നിര്‍ത്തി എന്നു പറയുന്നു കഥാകാരി. ഇതില്‍ വലിയൊരു പങ്കുവഹിച്ചിരിക്കണം. ആദ്യരാത്രി റോണ്‍സ്‌കി തന്റെ പ്രണയം അര്‍ഹിക്കുന്നില്ലെന്ന് അന്നയ്ക്ക് തോന്നിക്കാണും.

ദാസേട്ടനെക്കുറിച്ച് നല്ല ഓര്‍മകള്‍ മാത്രമേ എനിക്കുള്ളൂ. സൗമ്യന്‍, അതിബുദ്ധിമാന്‍, മദിരാശി പ്രസിഡന്‍സിയില്‍ ഒന്നാം റാങ്കോടെ പാസായ ഗോള്‍ഡ് മെഡലിസ്റ്റ്, അത്യാവശ്യം ഡ്രാമകള്‍ ഡയറക്ട് ചെയ്യാനുമറിയാം. അന്ന് പുരുഷനു വേണ്ട ഗുണങ്ങളില്‍ ബുദ്ധിക്കും സര്‍ഗശക്തിക്കുമായിരുന്നു ഞങ്ങളുടെയൊക്കെ മനസ്സില്‍ മുന്‍തൂക്കം. പുന്നയൂര്‍ക്കുളത്തെ പുരുഷന്മാരില്‍ ബുദ്ധിയുള്ളവരെന്ന് അക്കാലത്ത് തോന്നിയവര്‍ നാലപ്പാട്ട് നാരായണമേനോന്‍ എന്ന വലിയമ്മാമന്‍ കഴിഞ്ഞാല്‍ സി. ഉണ്ണിരാജ, മാരത്താട്ടെ ഉണ്ണിയേട്ടനെന്ന ടി.കെ.ജി. നായര്‍, പിന്നെ എന്റെ രണ്ടു ജ്യേഷ്ഠന്മാര്‍, ദാസേട്ടന്റെ അച്ഛന്‍ സി.വി. സുബ്രഹ്‌മണ്യയ്യര്‍, ദാസേട്ടന്‍ എന്നിവരായിരുന്നു. ആള്‍ഡസ് ഹക്സ്ലിയായിരുന്നു അക്കാലത്ത് ദാസേട്ടനേറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരന്‍. ആമിയോപ്പു ദാസേട്ടനെ കല്യാണം കഴിച്ചതിനാല്‍ എനിക്കിനി കല്യാണം കഴിക്കാന്‍ ബുദ്ധിമാന്‍മാരെക്കിട്ടാന്‍ പ്രയാസമാവും എന്ന മൗഢ്യവുമുണ്ടായിരുന്നു, എനിക്കായിടയ്ക്ക്.

ആരോഹണം വിവാഹാനന്തരം

കമലയുടെ വിവാഹം പുന്നയൂര്‍ക്കുളത്തരങ്ങേറിയ നാടകങ്ങള്‍ക്ക് ഒരിക്കലും തടസ്സമായില്ല. സംവിധായിക വിവാഹശേഷം സ്വന്തം നാട്ടില്‍നിന്ന് ബഹിഷ്‌കരിക്കപ്പെട്ടുവെന്നൊന്നും ആരും വിചാരിക്കരുത്. മോനുവിനെ മൂന്നു മാസം ഗര്‍ഭമായിരുന്നപ്പോള്‍ ആമിയോപ്പു നാലപ്പാട്ടെത്തി. കുട്ടിക്ക് ഒന്നര വയസ്സാവുന്നതുവരെ ആമിയോപ്പു നാട്ടിലുണ്ടായിരുന്നു. കൊച്ചുവമ്മമ്മയും ഉറ്റസ്നേഹിതയായ ദാസേട്ടന്റെ അമ്മ ചെറിയോപ്പുവും കൂടി കാര്യമായ ഗര്‍ഭ-പ്രസവാനന്തര ശുശ്രൂഷകള്‍ ഏര്‍പ്പാടാക്കി. ആമിയോപ്പുവിന് അതൊക്കെ വലിയ ഇഷ്ടവുമാണ്. ആ രണ്ടു കൊല്ലം ധാരാളം പരിപാടികളും തമാശകളും ആമിയോപ്പു സംഘടിപ്പിച്ചു. നാലപ്പാട്ടു താമസിച്ചുകൊണ്ട് അച്ഛന്‍ 'സര്‍വോദയ' പണിയുന്ന കാലമായിരുന്നു അത്.
നാലപ്പാട്ട് പ്രസവങ്ങള്‍ നടന്നത് എന്നും മുകളില്‍ നടുവിലെ മുറിയിലായിരുന്നു. അമ്മ എന്നെ പ്രസവിച്ച ശേഷം അവിടെ പിറന്നുവീണത് മോനുവായിരുന്നു. 1949 ഡിസംബര്‍ മൂന്നാം തീയതി വൈകുന്നേരം അഞ്ചര മണിക്ക്, അവിട്ടം നക്ഷത്രത്തില്‍ നാലപ്പാട്ട് കമലയ്ക്ക് ആദ്യത്തെ മകന്‍ പിറന്നു. പേര് മാധവദാസ്, വിളിപ്പേര് മോനു. എന്റെ ജനനത്തിന് ചുക്കാന്‍പിടിച്ച അന്നമ്മനേഴ്സ് തന്നെയാണ് ഒന്‍പതു വര്‍ഷത്തിനു ശേഷം ആമിയോപ്പുവിന്റെ പ്രസവത്തിനും സഹായിയായി നിന്നത്. അവര്‍ പ്രസവത്തിനുമുന്‍പെത്തി ഒരു മാസത്തോളം നാലപ്പാട്ട് താമസിക്കുകയുണ്ടായി. ഇതൊക്കെയായാലും മുഖ്യകാര്യദര്‍ശി നാട്ടിലൊക്കെ വിഖ്യാതയായ കണ്ണത്തെ ഉണ്ണിമായമ്മയായിരുന്നുവെന്നു പറയാതെ നിര്‍വാഹമില്ല. അവരില്ലാതെ പ്രസവങ്ങള്‍ നടക്കില്ല. വല്ലപ്പോഴും തൃശ്ശൂരുനിന്നോ കുന്നംകുളത്തുനിന്നോ എത്തുന്ന ഡോക്ടര്‍മാര്‍പോലും ആ സ്ത്രീയുടെ പാടവത്തെ പുകഴ്ത്തുമായിരുന്നുവത്രേ. ഉണ്ണിമായമ്മ വാര്‍ധക്യത്തിലും സുമംഗലിയായിരുന്നു, ഒരു വഴിക്കിറങ്ങുമ്പോള്‍ കണികാണാന്‍ പടിക്കല്‍ നിര്‍ത്തപ്പെടുന്നവളായിരുന്നു. വശ്യമായ പുഞ്ചിരിയും കാതിലെ വലിയ തോടകളും അവരുടെ സവിശേഷതകളായിരുന്നു. ആമിയോപ്പുവിന്റെ രണ്ടാമത്തെ പ്രസവം മൂന്നു വര്‍ഷത്തിനുശേഷം സര്‍വോദയയില്‍വെച്ചായിരുന്നു. അന്നുമുണ്ടായിരുന്നു അന്നമ്മ 'നൈസും' ഉണ്ണിമായമ്മയും. അച്ഛന്റെ പരിഭ്രമം, കൊച്ചുവമ്മമ്മയുടെ മുഖംതുടുപ്പിച്ചുള്ള പരക്കംപാച്ചില്‍ എല്ലാം കഴിഞ്ഞ് ചിന്നന്‍ എന്ന പ്രിയദര്‍ശന്‍ പിറന്നു. നക്ഷത്രം ചിത്ര. കൊല്ലം 1953, നാള്‍ ജനവരി 9. രണ്ടു പ്രസവങ്ങള്‍ക്കിടയില്‍ നാട്ടിലേക്ക് ആമിയോപ്പു വന്നില്ല എന്ന്്അതിനര്‍ഥമില്ല കേട്ടോ. മോനുവിനെയും കൊണ്ടുവന്ന് അഞ്ചാറു മാസം അതിനിടയില്‍ താമസിക്കുകയുണ്ടായി. വന്നാല്‍ ഒരു നിമിഷം ഒഴിവുണ്ടാവുകയില്ല. കൂട്ടുകാരുമായി കളിച്ചുനടക്കുന്നതിനിടയില്‍ കമലയെ ഒന്നു കാണാനോ സംസാരിക്കാനോ അവസരം കിട്ടുന്നില്ലെന്ന് കൊച്ചുവമ്മമ്മ പരിഭവം പറയും. തിരക്കിനിടയില്‍ നാടകങ്ങള്‍ നടത്തുകയും വേണം. കരുണ അവതരിപ്പിച്ചത് അപ്പോഴായിരുന്നുവെന്നു തോന്നുന്നു. തെണ്ടിയത്തെ അപ്പുണ്ണിയേട്ടന്റെ മരുമകള്‍ രാധയായിരുന്നു ബുദ്ധഭിക്ഷുവായ ഉപഗുപ്തനെ സ്നേഹിച്ച വാസവദത്ത. അവള്‍ 'ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തില്‍' ഉയരം കുറഞ്ഞ ചുറ്റുമതിലുകളുള്ള ഒരു വീട്ടിലാണ് ജീവിച്ചിരുന്നത്. 'വാസവദത്താഖ്യയായ വാരസുന്ദരി, മഥുരാവാസികളിലറിയാതില്ലിവളെയാരും.' ബുദ്ധഭിക്ഷു അവളുടെ മനംകവര്‍ന്നതോടെ ആ മനോഹരി തന്റെ തൊഴിലുപേക്ഷിച്ചു. അതിനിടയ്ക്ക് വാസവദത്തയുടെ പുകള്‍കേട്ട് അവളെ മോഹിച്ചെത്തിയ 'വണിഗ്വരന്‍ വൈദേശിക'നെ കാണാതായി. അയാള്‍ കൊല്ലപ്പെട്ടുവെന്നായി ജനം. കഴുത്തിലെ മണികള്‍ കിലുക്കിയും താടയിട്ടാട്ടിയും രണ്ടു കാളകള്‍ വലിച്ച വില്ലുവെച്ച കാളവണ്ടിയില്‍ ചെട്ടിയാരായി വന്നിറങ്ങിയത് രാധയുടെ വലിയച്ഛന്റെ മകള്‍ ബാലയായിരുന്നു. കൊലക്കുറ്റത്തിനു ശിക്ഷയായി കൈകാലുകള്‍ ഛേദിക്കപ്പെട്ടു വനത്തില്‍ തള്ളപ്പെട്ട വാസവദത്തയായി കാട്ടില്‍ രാധ കിടക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. മടക്കിവെച്ച കൈകാലുകളുടെ മുട്ടുകളില്‍ നിര്‍ലോഭം ചുവന്ന മഷിയൊഴിച്ചിരുന്നു. എല്ലാം കഴിഞ്ഞ് ഒരു നേരംകെട്ട നേരത്താണ് ഉപഗുപ്തസ്വാമിയുടെ വരവ്! കാണികളെങ്ങനെ സഹിക്കും ഇത്തരമൊരു നാടകാന്ത്യം?

നാലപ്പാട്ടിന്റെ പതനം

ആമിയോപ്പുവിന് സുരക്ഷിതത്വബോധം നല്കിയ നാലപ്പാട്ട് എന്ന നാലുകെട്ട് ഇടിഞ്ഞുപൊളിഞ്ഞു വീഴുംമുന്‍പുതന്നെ ആ വീടിന്റെ ആത്മാവ് കൂടൊഴിഞ്ഞു. 1953 ലായിരുന്നവല്ലോ ചിന്നന്റെ ജനനം. 1954-ല്‍ അമ്മാമന്‍ മരിക്കുന്നതിന് മാസങ്ങള്‍ക്കു മുന്‍പാണ് കുട്ടിയെയുംകൊണ്ട് ആമിയോപ്പു, ബോംബെയിലേക്ക് തിരിച്ചുപോയത്. താമസിയാതെ പക്ഷാഘാതം വന്ന് ആറു മാസം കിടന്നശേഷം കൊച്ചുവമ്മമ്മയും യാത്രയായി. അപ്പോള്‍ ആമിയോപ്പു ബോംബെയിലാണ്. കൊച്ചുവമ്മമ്മയുടെ അസുഖത്തിന്റെ വിശദാംശങ്ങള്‍ ആമിയോപ്പുവിനെ അറിയിക്കയുണ്ടായില്ല, സ്വയം വലിയ ദേഹസുഖമില്ലാത്ത സമയത്ത് വ്യസനിപ്പിക്കേണ്ടെന്നു കരുതി എല്ലാവരും. ജ്യേഷ്ഠന്മാര്‍ രണ്ടു പേരും അന്നു മദിരാശിയിലാണ്. ഒരിക്കല്‍ ആമിയോപ്പു വെള്ളിയില്‍ത്തീര്‍ത്ത ഒരു ശ്രീകൃഷ്ണനെ പാഴ്സലായി കൊച്ചുവമ്മമ്മയുടെ പേര്‍ക്കയച്ചു. അത് ഒപ്പിട്ടെടുത്തത് അമ്മമ്മയല്ലെന്നു കണ്ടപ്പോഴാണ് ദീനത്തിന്റെ ഗൗരവമറിഞ്ഞത്. മരണസമയത്ത് ആമിയോപ്പു നാലപ്പാട്ടില്ല. താഴെ തെക്കേ അറയിലാണ് കൊച്ചുവമ്മമ്മ കിടന്നിരുന്നത്. സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. അവരുടെ അമ്മയായിരുന്ന ഞങ്ങളുടെ ഊയമ്മ തളര്‍ന്നുകിടക്കുന്ന മക്കളുടെ അടുത്തിരുന്ന് 'നാരായണാന്ന് പറയാന്‍ പറ്റാണ്ടിരിക്കില്ല്യ കൊച്ച്വോ, ഒന്ന് പറഞ്ഞ് നോക്ക്വോ, നാരായണ, നാരായണ' എന്നു പറഞ്ഞുകൊണ്ടിരുന്നു. അച്ഛനന്ന് കോഴിക്കോട്ട് മാതൃഭൂമിയിലാണ്. ഞാന്‍ ഗുരുവായൂരിലെ കോണ്‍വെന്റില്‍ പഠിക്കുന്നു. അമ്മ നാലപ്പാട്ടുണ്ടാവും മിക്കവാറും. ഇന്നമ്മയെന്നു ഞങ്ങള്‍ വിളിച്ചിരുന്ന ചെറിയമ്മ നാലപ്പാട്ടുതന്നെ നിന്നു. കൊച്ചുവമ്മമ്മയുടെ മരണശേഷം ഊയമ്മയെ ഇന്നമ്മ തന്റെ ഭര്‍ത്തൃഗൃഹമായ തെണ്ടിയത്തേക്കു കൂട്ടിക്കൊണ്ടുപോയി. നാലപ്പാടൊഴിഞ്ഞു. വീടടച്ചിട്ടു.

1957-ല്‍ അച്ഛന്‍ അന്നു മദിരാശി എതിരാജ് കോളേജില്‍ പഠിക്കുന്ന എനിക്കയച്ച കത്തില്‍ 'ഇക്കൊല്ലത്തെ മഴയില്‍ നാലപ്പാട്ടിന്റെ പടഞ്ഞാറ്റി വീണു. ഇനിയെന്തു ചെയ്യണമെന്നാലോചിക്കയാണ്' എന്നെഴുതി. വലുതായിട്ടൊന്നും ചെയ്തില്ല. ഊയമ്മ അമ്മിണിയുടെ കൈപിടിച്ച് തെണ്ടിയത്തേക്കു പോയതില്‍പ്പിന്നെ നാലപ്പാട് അധികകാലം നിന്നില്ല. അത് സീതയെപ്പോലെ കേണുകൊണ്ട് ഭൂമീദേവിയുടെ കൈകളിലമര്‍ന്നു. അന്നേരം 'സീതേ, എന്നെ വിട്ടു പോകരുതേ' എന്നു വിലപിച്ച് മുടി പിടിച്ചുവലിക്കാന്‍ ഒരു രാമനും മുന്നോട്ടു വന്നില്ല. ആ വീട് വീണപ്പോഴാണ് അതു മണ്ണായിരുന്നു, മണ്ണിലേക്കുതന്നെ മടങ്ങി എന്ന സത്യമറിഞ്ഞത്. മൂലകള്‍ മാത്രമാണ് വെട്ടുകല്ലുകൊണ്ട് കെട്ടിപ്പടുത്തിരുന്നത്. 1941 ലെ കൊടുങ്കാറ്റിനെ അതിജീവിച്ച ആ മണ്‍വീട്, അവിടെ ജീവിച്ചവര്‍ക്കെല്ലാം സ്നേഹവും സുരക്ഷിതത്വവും നാഴിയുരി സത്ത്വഗുണവും പകര്‍ന്നുകൊടുത്തുകൊണ്ട് ഇരുനൂറു കൊല്ലം നിലകൊണ്ട, ആ മണ്‍വീടായിരുന്നുവോ 'നാലപ്പാട്' എന്ന ചോദ്യം അവശേഷിക്കുന്നു.

ആറു കൊല്ലം അമേരിക്കയിലെ താമസത്തിനുശേഷം തിരിച്ചെത്തിയ എന്റെ മകന്‍ അരുണ്‍, ഒരു വീടിനെ വീടാക്കുന്നത് അതിന്റെ അനാട്ടമിയല്ല, ഫിസിയോളജിയാണ് എന്നെനിക്കു മനസ്സിലാക്കിത്തരികയുണ്ടായി. ഞാനും എന്റെ ഭര്‍ത്താവ് ഉണ്ണിയും ജോലിയില്‍നിന്നു വിരമിച്ച് കൊച്ചിയിലെ ഈ വീട്ടില്‍ താമസിക്കാന്‍ തുടങ്ങിയ കാലം. ഞങ്ങളുടെ വീട് വലിയതാണ്, ആധുനികമാണ്. അതിനെ നല്ല ഫര്‍ണിച്ചറിട്ട്, ചിത്രങ്ങള്‍ തൂക്കി, തുടച്ചുമിനുക്കി വെക്കുമായിരുന്നു ഞാന്‍. ഇന്നും അതുപോലൊക്കെത്തന്നെയാണ് കേട്ടോ. അരുണ്‍ വന്നശേഷം ഒരു മാസം കഴിഞ്ഞ് കപ്പലിലെത്തിയ പെട്ടികള്‍ ഏറ്റുവാങ്ങാന്‍ ഞങ്ങള്‍ രണ്ടുപേരും കൂടിയാണ് പോയത്. പെട്ടികള്‍ തുറന്നപ്പോള്‍ അവയില്‍ 'കാര്യമായി'ട്ടൊന്നുമില്ല, നിറയെ പുസ്തകങ്ങള്‍ മാത്രം! കിടപ്പുമുറിയില്‍ കട്ടിലിന്റെ കാല്‍ക്കല്‍ ഒരു ഷെല്‍ഫ് സ്ഥാപിച്ച് അതില്‍ പുസ്തകങ്ങള്‍ വെച്ചോട്ടെ അമ്മേ എന്നു ചോദിച്ച മകനോട് അത് അഭംഗിയാവും എന്നായിരുന്നു എന്റെ പ്രതികരണം. 'റിലാക്സ് ചെയ്യാന്‍ പറ്റാത്ത വീട് വീടല്ല അമ്മേ, ഭംഗിയാക്കി വെച്ചിട്ടെന്തു കാര്യം' എന്നു ചോദിച്ചു അരുണ്‍. നാലപ്പാട്ടെ വടക്കിനിയുടെ നിലത്തിനടിയില്‍ പെരുച്ചാഴികള്‍ മാളങ്ങളുണ്ടാക്കി വസിച്ചു, കിടപ്പുമുറികളിലും തെക്കിനിയിലും വരാന്തകളിലുമൊക്കെ പുസ്തകങ്ങള്‍ ചിതറിക്കിടന്നു. എട്ടുകാലി, തേള്‍, കരിങ്കണ്ണി തുടങ്ങിയ ക്ഷുദ്രജീവികള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു. എല്ലാവരെയും ഹൃദയത്തോടു ചേര്‍ത്ത് സ്നേഹപ്പാലൂട്ടി പരിപാലിച്ചുകൊണ്ട് ആ വീട് നിന്നു. അതൊരു മണ്‍വീടായിരുന്നു, അവിടെ ആചരിക്കപ്പെട്ട മൂല്യങ്ങള്‍ വ്യത്യസ്തമായിരുന്നു. അന്തേവാസികളുടെ സിരകളിലേക്കവ അവര്‍പോലുമറിയാതെ, രാത്രിയില്‍ പതുങ്ങിയെത്തുന്ന കള്ളനെപ്പോലെ കാലൊച്ച കേള്‍പ്പിക്കാതെ, കടന്നെത്തി. എത്തിയശേഷം ഇറങ്ങിപ്പോകാന്‍ വിസമ്മതിച്ചു. ആ സമ്പത്തിനെ എന്റെയമ്മ ജ്ഞാനദേവത എന്നു വിളിച്ചു, ആ പരമേശ്വരി ചെമ്പട്ടിട്ടുലച്ച് തന്റെ സിരകളിലൂടെ താമസവ്യൂഹങ്ങളെ ആട്ടിയോടിച്ചുകൊണ്ട് നടക്കുന്നു എന്നെഴുതി.

വന്‍നഗരികളില്‍

ആമിയോപ്പു കല്യാണം കഴിഞ്ഞ് ദാസേട്ടനോടൊപ്പം പോയത് ബോംബെയിലേക്കായിരുന്നു. യാത്രയില്‍ വഴിച്ചെലവിന് പതിനെട്ട് ഉറുപ്പികയാണുണ്ടായിരുന്നത് എന്നു രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ദാസേട്ടന്‍ ഒരു സ്നേഹിതനോടൊപ്പം പങ്കുവെച്ചിരുന്ന 'ദീപക്' എന്നു പേരായ സാന്റാക്രൂസിലെ ഒരു കെട്ടിടത്തിലെ കൊച്ചു ഫല്‍റ്റിലേക്കാണത്രേ നവവധു വലതുകാല്‍ വെച്ച് ചെന്നുകയറിയത്. സ്വാഭാവികമായും ഒരുപാടു മനഃക്ലേശങ്ങളനുഭവിച്ച കാലമായിരുന്നു അത്. മോനുവിനെ മൂന്നു മാസം ഗര്‍ഭമായിരിക്കെ നാട്ടിലേക്കു പോന്നു. കുട്ടിക്ക് ഒന്നര വയസ്സായപ്പോഴാണ് തിരിച്ചുപോയത്. ആ യാത്രയില്‍ വിപുലമായ ഒരു സഹായസംഘം കൂടെപ്പോവുകയുണ്ടായി- ദാസേട്ടന്റെ അമ്മ ചെറിയോപ്പു, അമ്മാമന്‍ കൊച്ചുണ്ണിയേട്ടന്‍, കൂടാതെ മൂന്നു വേലക്കാര്‍ ഇത്രയും പേര് തൃശ്ശൂരുനിന്ന് ബോംബെക്ക് വണ്ടി കയറി. ദാദര്‍സ്റ്റേഷനില്‍ അവര്‍ ഇറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ ദാസേട്ടനും സ്നേഹിതന്‍ വാസുദേവനുമുണ്ടായിരുന്നു എന്നു പറയുന്നു ആമിയോപ്പു. അന്നേരത്തേക്ക് മാഹിമിലാണെന്നു തോന്നുന്നു, സ്വന്തമായൊരു ഫല്‍റ്റ് വാങ്ങിയിരുന്നു.

ദാസേട്ടന്‍ ജോലി ചെയ്യുന്ന കാലത്ത് ആമിയോപ്പുവും ദാസേട്ടനും ബോംബെ, കല്‍ക്കത്ത, ഡല്‍ഹി, സിലോണ്‍ എന്നീ മഹാനഗരങ്ങളില്‍ താമസിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിനു പുറത്ത് ബോംബെക്കാരിയായ ആമിയോപ്പുവിനെയാണ് എനിക്കു കൂടുതലറിയാവുന്നത്. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ഒഴിവുകാലത്ത് അച്ഛന്‍ എന്നെ ആമിയോപ്പുവിന്റെയടുത്തേക്ക് ഏതെങ്കിലും സ്നേഹിതരുടെയൊപ്പം വണ്ടി കയറ്റിവിടും. 'ആമിയെ കണ്ടു പഠിക്ക്' എന്നായിരുന്നു അച്ഛനെന്നും എന്നോടു നിര്‍ദേശിച്ചത്. തരത്തിന് ബോംബെക്കു പോകുന്ന ആരുമില്ലാതിരുന്ന ഒരു പ്രാവശ്യം ആദ്യത്തെ വിമാനയാത്രയും സാധിച്ചതോര്‍ക്കുന്നു. ഞാനന്ന് മദിരാശിയില്‍ പ്രീഡിഗ്രിക്കു പഠിക്കുകയാണ്. ഉഷാകിരണ്‍ എന്ന സിനിമാനടി താമസിച്ചിരുന്ന കെട്ടിടത്തിലെ ഫല്‍റ്റില്‍ ആമിയോപ്പുവിന്റെ കൂടെ താമസിച്ചതും, നടിയുടെ അനിയത്തി പുഷ്പയെന്ന സുന്ദരിപ്പെണ്‍കുട്ടി വീട്ടില്‍ വന്ന് 'നാച്ച്തോ വാച്ചവീ പാവാ ഗോവിന്ദാ-ാ-ാ' എന്നൊരു പാട്ട് പാടാറുള്ളതും ആ ബോംബെസന്ദര്‍ശനത്തിന്റെ ഓര്‍മകളാണ്. എന്റെ വിവാഹശേഷവും ഞാനും ഉണ്ണിയും ലീവില്‍ ബോംബെയില്‍ പോയി ആമിയോപ്പുവിന്റെയും ദാസേട്ടന്റെയും കൂടെ താമസിക്കുക പതിവായിരുന്നു. അവിടെ താമസിക്കുന്ന ഒഴിവുകാലങ്ങളില്‍ ഒരു നിമിഷംപോലും ഒഴിവുണ്ടാവുകയില്ല. എന്നും എപ്പോഴും ഓരോ കഥകളുടെ ചുരുളഴിഞ്ഞുകൊണ്ടേയിരിക്കും.

ഏറെക്കാലം ആമിയോപ്പു ഉണ്ടായിരുന്നത് ബാക്ക് ബേ റിക്ലമേഷനില്‍ സ്ഥിതിചെയ്യുന്ന സചിവാലയ്ക്കടുത്തുള്ള ബാങ്ക് ഹൗസിലായിരുന്നു. ഒരു വശത്ത് എസ്സാര്‍ ബില്‍ഡിങ്, പിന്നില്‍ എം.എല്‍.എ. ഹോസ്റ്റല്‍. അന്ന് ദാസേട്ടന്‍ റിസര്‍വ് ബാങ്കില്‍ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. അവിടെവെച്ചാണ് അന്ന് ഷിപ്പിങ് കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന അശോക് മേത്തയെയും അദ്ദേഹത്തിന്റെ ബര്‍മക്കാരിയായ ഭാര്യ തെല്‍മയെയും പരിചയപ്പെട്ടത്. ഉന്നതന്‍മാരെ പരിചയപ്പെടുന്നയിടമായിരുന്നു എക്കാലവും ആമിയോപ്പുവിന്റെയും ദാസേട്ടന്റെയും വീട്. മേത്തയ്ക്ക് അന്ന് എഴുപതു വയസ്സോളം പ്രായമുണ്ട്. അവരുടെ പ്രണയകഥയും ആമിയോപ്പു പറഞ്ഞുതന്നു. പണ്ടേ പ്രണയബദ്ധരായിരുന്നു അവരെങ്കിലും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ തെല്‍മയ്ക്ക് മറ്റൊരാളെ വിവാഹം ചെയ്യേണ്ടിവന്നു. പത്തിരുപത്തിയഞ്ചു വര്‍ഷത്തെ വിവാഹജീവിതത്തിനുശേഷം ഭര്‍ത്താവു മരിച്ച തെല്‍മയെ പഴയ സ്നേഹിതന്‍ അശോക് അറുപതാം വയസ്സില്‍ വിവാഹം ചെയ്ത് ഇന്ത്യയിലേക്കു കൊണ്ടുപോന്നു. മുതിര്‍ന്ന മക്കള്‍ക്കതില്‍ സന്തോഷമേയുണ്ടായിരുന്നുള്ളൂ. അതുവരെ മേത്ത അവിവാഹിതനായിത്തന്നെ കഴിഞ്ഞു. മേത്തയ്ക്ക് സമൂഹത്തിലുള്ള ഉന്നതസ്ഥാനത്തെക്കാള്‍, പ്രണയത്തിന്റെ ആ പരിവേഷം എന്നില്‍ ആ ദമ്പതികളോടുള്ള സ്നേഹാദരങ്ങള്‍ വര്‍ധിപ്പിച്ചു എന്നത് സത്യമാണ്.

Content Highlights: Sulochana Nalappat, kamalsurayya, Mathurbhumi Books

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Strike

4 min

റെയില്‍വേ യൂണിയനുകളുടെ വളര്‍ച്ചക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനവുമായി എന്ത് ബന്ധം?

Sep 28, 2023


K.G George

4 min

'ശരദിന്ദു മലര്‍ദീപനാളം നീട്ടി...'സിനിമയുടെ പ്രതീക്ഷാനാളം കെ.ജി ജോര്‍ജിനുനേരെ നീട്ടിയ 'ഉള്‍ക്കടല്‍'

Sep 25, 2023


ബ്രഹ്‌മപുത്ര/ ഫോട്ടോ: AP

14 min

ഇന്ത്യന്‍ നദികളിലെ ഏക പുരുഷഭാവം; ബ്രഹ്‌മപുത്ര എന്ന ബ്രഹ്‌മാണ്ഡ വിസ്മയം!

Sep 22, 2023


Most Commented