മടങ്ങുമ്പോള്‍ ആ സന്മനസ്സിനോട് ഒരിക്കല്‍ക്കൂടി ധിക്കാരത്തിനു ക്ഷമ ചോദിച്ചു കരഞ്ഞു


സുഭാഷ് ചന്ദ്രന്‍

സര്‍വനിയന്ത്രണവും വിട്ട് അദ്ദേഹം ചാടിയെഴുന്നേറ്റിട്ട് ആക്രോശിച്ചു: 'വലിയ എഴുത്തുകാരനാണെന്നാണ് ഭാവമെങ്കില്‍ നീ തകഴിയും ബഷീറുമൊക്കെ ഇരിക്കുന്ന കൂട്ടത്തില്‍ പോയിരി! ഈ കുട്ടികളുടെ കൂട്ടത്തില്‍ ഇരിക്കണമെന്നില്ല!'

എസ്.വി. വേണുഗോപൻ നായർ, സുഭാഷ് ചന്ദ്രൻ

അന്തരിച്ച കഥാകൃത്തും അധ്യാപകനുമായ എസ്.വി. വേണുഗോപന്‍ നായരെ കുറിച്ച് സുഭാഷ് ചന്ദ്രന്‍ എഴുതിയ കുറിപ്പ് വായിക്കാം

യിരത്തിത്തൊള്ളായിരത്തി തൊണ്ണൂറിലാണ്. ഇനിയും ഒരു കഥാകൃത്തായിത്തീരാത്തതിന്റെ കുണ്ഠിതവും പേറി അപകര്‍ഷബോധത്തിന്റെ കൊത്തേറ്റ് നീലിച്ചുനടന്ന കാലം. ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ കോളേജുവിദ്യാര്‍ഥികള്‍ക്കായി ഒരു സംസ്ഥാന സാഹിത്യക്യാമ്പ് നടത്തുന്നു എന്ന വിവരം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍നിന്ന് അറിയുന്നു. അവിടെ മലയാളവിദ്യാപീഠം എന്ന പേരില്‍ പ്രശസ്തമായ ഒരു സ്ഥാപനമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. എഴുതിവെച്ചിരുന്ന കഥകളില്‍ നന്നെന്നു തോന്നിയ ഒരെണ്ണം 'അവസാനമെത്തുന്നവര്‍'എന്നായിരുന്നു അതിന്റെ പേര് അവസാനതീയതിക്ക് അയച്ചുകൊടുത്തു. കഥയെഴുതുന്നതെങ്ങനെ എന്നു പഠിക്കാനല്ല, കുറച്ചുദിവസം വീട്ടില്‍നിന്ന് മാറിനില്ക്കാമെന്നുള്ള പ്രലോഭനത്തില്‍ കുടുങ്ങിയാണ് ഞാന്‍ കഥ അയച്ചത്. അങ്ങനെ കേരളത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട ഇരുപതു കുട്ടിക്കഥാകൃത്തുക്കളില്‍ ഒരാളായി ആദ്യമായി ചങ്ങനാശ്ശേരിക്കു പുറപ്പെട്ടു.

അന്തരിച്ച ഏറ്റുമാനൂര്‍ സോമദാസന്‍ സാറും എസ്. കെ. വസന്തന്‍ മാഷുമാണ് അന്ന് ആ സ്ഥാപനത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നത്. ക്യാമ്പിന്റെ മേല്‍നോട്ടവും അവര്‍ക്കുതന്നെ. കഥയ്ക്കും കവിതയ്ക്കും വെവ്വേറെയായി 'കളരി'എന്നു പേരു നല്കപ്പെട്ട ക്ലാസുകളായിരുന്നു ക്യാമ്പിന്റെ പ്രധാന ആകര്‍ഷണം. നാലു ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ ഞാന്‍ കഥയുടെ കളരിയിലായിരുന്നെങ്കിലും എന്റെ സുഹൃത്തുക്കളായിത്തീര്‍ന്നത് കവിതയുടെ കളരിയിലുണ്ടായിരുന്ന വിജയകുമാറും മാത്യുപോളുമായിരുന്നു. നല്ല കവിതകള്‍ എഴുതുമായിരുന്നു എന്നതിനെക്കാള്‍ ആ പ്രായത്തില്‍ അവരും കള്ളുകുടി തുടങ്ങിയിട്ടുണ്ടായിരുന്നു എന്നതായിരുന്നു ഞാനടങ്ങുന്ന ആ മൂവര്‍സംഘത്തിന്റെ ചേര്‍പ്പുബലം. ക്യാമ്പിന്റെ ഇടനേരങ്ങളില്‍ തലവന്മാര്‍ അറിയാതെ ഞങ്ങള്‍ പെരുന്നയിലെ തടിമില്ലുപോലെ തോന്നിച്ച വലിയൊരു കള്ളുഷാപ്പില്‍ കയറി കള്ളു കുടിച്ചു. കള്ളിന്റെ ലഹരിയെക്കാള്‍ പ്രതിഭയുടെ ഉച്ഛൃംഖലതകൊണ്ടാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുംവിധം ക്യാമ്പില്‍ നെടുങ്കന്‍ അഭിപ്രായങ്ങളും മറ്റും തട്ടിവിട്ടു.

അങ്ങനെ മൂന്നാം ദിനമെത്തി. അന്നായിരുന്നു ഞങ്ങള്‍ അയച്ചുകൊടുത്ത സാഹിത്യസൃഷ്ടികളുടെ പാരായണവും വിലയിരുത്തലും. അവിടെവെച്ചുമാത്രം പരിചയപ്പെട്ടവരായിരുന്നെങ്കിലും ഞാനും മാത്യുപോളും വിജയനും ആജന്മസുഹൃത്തുക്കളെപ്പോലെ അടുപ്പം സ്ഥാപിച്ചിരുന്നു. പക്ഷേ, അവരെ പിരിഞ്ഞ് എനിക്ക് കഥാകളരിയില്‍ കുറച്ചുനേരം ഇരിക്കേണ്ടിയിരുന്നു. കാരണം, എന്റെ കഥയെക്കുറിച്ച് കഥയുടെ കാരണവന്മാര്‍ പറയുന്ന അഭിപ്രായമെന്തെന്നറിയാന്‍ ഞാന്‍ അത്രമേല്‍ ഉത്സുകനായിരുന്നു.

കഥകള്‍ വിലയിരുത്തി സംസാരിക്കാന്‍ എത്തിയിരുന്നത് എസ്. വി. വേണുഗോപന്‍ നായരായിരുന്നു. (അദ്ദേഹത്തിന്റെ കഥനചാതുര്യത്തെക്കുറിച്ചൊന്നും അറിയാത്ത ഒരാളായിരുന്നു അന്നു ഞാന്‍. പില്ക്കാലത്ത് 'ആദിശേഷന്‍'തുടങ്ങിയ കഥകള്‍ വായിച്ച് ആസ്വദിക്കാന്‍ അവസരം കിട്ടിയപ്പോള്‍ അന്ന് ഞാന്‍ അദ്ദേഹത്തോടു കാണിച്ച കുരുത്തക്കേടോര്‍ത്ത് വിഷമിച്ചു.) കുട്ടികള്‍ ഓരോരുത്തരായി അവര്‍ എഴുതിയ കഥകള്‍ വട്ടമിട്ടിരുന്ന സദസ്സിനു നടുക്കു നിന്ന് വായിക്കാന്‍ തുടങ്ങി. ഓരോ കഥ കേട്ടതിനു ശേഷവും ചുറ്റുമിരുന്ന കുട്ടികള്‍ ആദ്യം അഭിപ്രായം പറയണം. ശേഷം വേണുഗോപന്‍ നായര്‍സാര്‍ പറയും. അങ്ങനെ കഥാവായന സുഗമമായി മുന്നോട്ടുനീങ്ങുന്നതിനിടയിലാണ് എന്റെ കഥ വന്നത്. അത്രയൊന്നും മികച്ചതായിരുന്നില്ല അക്കഥയെന്ന് ഇന്നെനിക്കറിയാം. പക്ഷേ, ചെറുപ്പത്തിന്റെ കണ്ണില്ലാത്ത ഉദ്ധതയില്‍ ഞാന്‍ അതൊരു മഹാകഥയായി തെറ്റിദ്ധരിച്ചിരുന്നു. കഥാവായന കഴിഞ്ഞപ്പോള്‍ കുട്ടികളെല്ലാവരും അത് അതുവരെ കേട്ട കഥകളെക്കാള്‍ മികച്ചതാണെന്ന് അഭിപ്രായം പറഞ്ഞു. എനിക്കു പക്ഷേ, സാറിന്റെ വാക്കുകള്‍ കേള്‍ക്കാനായിരുന്നു കൊതി. കുറച്ചുനേരം എന്തോ ആലോചിച്ചതിനുശേഷം അദ്ദേഹം പറഞ്ഞു: 'കഥ കൊള്ളാം. പക്ഷേ, കുറച്ചുകൂടി ഒഴുക്ക് ആകാമായിരുന്നു!'

ആലുവാപ്പുഴയുടെ തീരത്തുനിന്നു വരുന്ന എന്റെ കഥയില്‍ അദ്ദേഹം ഒഴുക്കില്ലെന്നു പറഞ്ഞത് എനിക്ക് തീരേ ഇഷ്ടമായില്ല. എന്റെ ഉള്ളില്‍ അല്പം മുന്‍പു കുടിച്ച പനങ്കള്ള് അതിന്റെ ഒഴുക്ക് പുനരാരംഭിച്ചു. 'ഞാനത് മനപ്പൂര്‍വം അല്പം ഒഴുക്ക് കുറച്ചതാണ്‍'ഞാന്‍ പരിഹാസച്ഛായയില്‍ വിളിച്ചു പറഞ്ഞു.
കുട്ടികള്‍ ആര്‍പ്പിട്ടു ചിരിച്ചപ്പോള്‍ സാത്ത്വികനായ അദ്ദേഹത്തിന്റെ മുഖം മ്ലാനമായിത്തീര്‍ന്നു. വിജയിയെപ്പോലെ ഞാന്‍ അദ്ദേഹത്തെ നോക്കി. പുതുതലമുറയുടെ അഹങ്കാരത്തിനു നേരേ ആ നല്ല മനുഷ്യന്‍ സംയമത്തോടെ ഇരുന്നു. ബാക്കിയുള്ളവരുടെ കഥകളില്‍ അദ്ദേഹത്തിന്റെ മനസ്സ് ഉറയ്ക്കുന്നില്ലെന്ന കാര്യം എനിക്കു മനസ്സിലാകുന്നുണ്ടായിരുന്നു. പക്ഷേ, ഓരോ കഥ വായിച്ചു കഴിയുമ്പോഴും ഞാന്‍ ആദ്യം എഴുന്നേറ്റുനിന്ന് മനപ്പൂര്‍വം ഇങ്ങനെ പറയാന്‍ തുടങ്ങി: 'മറ്റെന്തൊക്കെയില്ലെങ്കിലും നല്ല ഒഴുക്കുണ്ട്!'
ആദ്യത്തെ രണ്ടോ മൂന്നോ കഥയ്ക്ക് അദ്ദേഹം എന്റെ വാക്കുകള്‍ക്കെതിരേ ക്ഷമിച്ചിരുന്നു. നാലാംവട്ടം ഞാനതുതന്നെ ആവര്‍ത്തിച്ചപ്പോള്‍ സര്‍വനിയന്ത്രണവും വിട്ട് അദ്ദേഹം ചാടിയെഴുന്നേറ്റിട്ട് ആക്രോശിച്ചു: 'വലിയ എഴുത്തുകാരനാണെന്നാണ് ഭാവമെങ്കില്‍ നീ തകഴിയും ബഷീറുമൊക്കെ ഇരിക്കുന്ന കൂട്ടത്തില്‍ പോയിരി! ഈ കുട്ടികളുടെ കൂട്ടത്തില്‍ ഇരിക്കണമെന്നില്ല!'
അദ്ദേഹത്തിന്റെ കണ്ണുകള്‍ കത്തിജ്ജ്വലിച്ചു. വായില്‍നിന്ന് മുറുക്കാന്റെ തരികള്‍ തെറിച്ചു. ഞാന്‍ അപ്പോഴും അഹങ്കാരത്തിന്റെ ഇരുമ്പുപ്രതിമപോലെ ഇരുന്നു. പിന്നെ പതുക്കെ എഴുന്നേറ്റ് കളരിക്ക് പുറത്തേക്കു നടന്നു. അദ്ദേഹത്തിന്റെ കത്തുന്ന കണ്ണുകള്‍ എന്റെ മുതുകിനെ പൊള്ളിക്കുന്നുണ്ടായിരുന്നു.
കവിതാകളരിയില്‍നിന്ന് മാത്യുപോളിനെയും വിജയനെയും പിടിച്ചിറക്കി ഞാന്‍ കാര്യം പറഞ്ഞു. കാര്യം കേട്ടപ്പോള്‍ അവര്‍ പറഞ്ഞു: 'നീയങ്ങനെ പറയരുതായിരുന്നു. അദ്ദേഹം വളരെ നല്ല ആളാണ്. അദ്ദേഹത്തെ വിഷമിപ്പിക്കരുതായിരുന്നു!'

Also Read

എഴുത്തുകാരൻ എസ്.വി. വേണുഗോപൻ നായർ അന്തരിച്ചു

ക്യാമ്പ് അവസാനിച്ചു. എങ്കിലും അന്നത്തെ സംഭവത്തിന്റെ കുറ്റബോധം മനസ്സില്‍ കിടന്ന് നീറിക്കൊണ്ടിരുന്നു. രണ്ടോമൂന്നോ വര്‍ഷങ്ങള്‍ക്കുശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'റിപ്പബ്ലിക്ക്'എന്നൊരു കഥയെഴുതിക്കൊണ്ട് പുറത്താക്കപ്പെട്ട എഴുത്തുകാരന്റെ ദണ്ഡം ഞാന്‍ എന്നില്‍നിന്ന് നിര്‍മാര്‍ജനം ചെയ്തു. ആ കഥ വായിച്ച് അന്നു ഞാന്‍ പണിയെടുത്തിരുന്ന തൃപ്പൂണിത്തുറയിലെ ചിത്തിര പ്രസ്സിലേക്ക് ഒരു എസ്. ഐ. വന്നു. ജീപ്പു നിര്‍ത്തി സുഭാഷ്ചന്ദ്രനെ തിരക്കുന്ന പോലീസുകാരെ കണ്ട് ഞാന്‍ ഭയന്നുവെങ്കിലും അതില്‍നിന്ന് ഇറങ്ങിവന്ന എസ്. ഐയെ എനിക്കു തിരിച്ചറിയാന്‍ കഴിഞ്ഞു. അന്നത്തെ ക്യാമ്പിലെ യുവകവി മാത്യുപോള്‍! അവന്‍ തൃപ്പൂണിത്തുറ പോലീസ് ക്യാമ്പില്‍ എത്തിയിരിക്കുന്നു. കവിയുടെ തലപ്പാവിനു പകരം പോലീസ് തൊപ്പി! കഥ വായിച്ച് അന്വേഷിച്ചു പിടിച്ചെത്തിയതാണ്. കഥയില്‍ ഞാന്‍ അവന്റെ പേരുപോലും അതേപടിയായിരുന്നു എഴുതിയിരുന്നത്.
കാലം കടന്നുപോയി. വര്‍ഷങ്ങള്‍ക്കുശേഷം അറിയപ്പെടുന്നൊരു എഴുത്തുകാരനായി എറണാകുളത്തെ ജി. ഓഡിറ്റോറിയത്തില്‍ ഒരു സാഹിത്യസെമിനാറില്‍ സംസാരിക്കാന്‍ ചെന്നപ്പോള്‍ സദസ്സിന്റെ മുന്‍നിരയില്‍ ഇരിക്കുന്ന മുഖം ഉള്ളിലുടക്കി. പ്രസംഗം കഴിഞ്ഞ് ആ മുഖത്തിനു മുന്നില്‍ച്ചെന്ന് ഒരിക്കല്‍ക്കൂടി സൂക്ഷിച്ചുനോക്കി. അതെ, അദ്ദേഹംതന്നെ!

'എസ്. വി. വേണുഗോപന്‍ നായര്‍ സാറല്ലേ?'ആദരവോടെ വണങ്ങിക്കൊണ്ട് ഞാന്‍ ചോദിച്ചു.
സപ്തതിയിലേക്കെത്തിയ മുഖത്ത് അതേയെന്ന് മന്ദഹാസം തെളിഞ്ഞു.
'ഞാന്‍...'പഴയൊരു കുറ്റബോധം ഉള്ളില്‍ തിളച്ച് ഞാന്‍ എന്തോ പറയാനൊരുങ്ങി.
'അറിയാം, സുഭാഷ്ചന്ദ്രനെ എനിക്ക് എത്ര കാലമായി അറിയാം!' അദ്ദേഹം ചുമലില്‍ സ്‌നേഹത്തോടെ തടവിക്കൊണ്ട് പറഞ്ഞു: 'ഞാനുണ്ടായിരുന്നു ഇവിടെ. തന്റെ സംസാരം അസ്സലായി!'
ഉള്ളില്‍ വെള്ളിടിവീണു. അദ്ദേഹം ഇപ്പോള്‍ പറഞ്ഞത് ഇന്നത്തെ സംസാരത്തെക്കുറിച്ചോ അതോ അന്നത്തെ ആ ധിക്കാരത്തെക്കുറിച്ചോ?
പെരുന്നയിലെ കഥ അദ്ദേഹം ഓര്‍ക്കുന്നില്ലെന്ന് പിന്നീടു സംസാരിച്ചപ്പോള്‍ മനസ്സിലായി.
മടങ്ങുമ്പോള്‍ കഥയിലെ ആ സന്മനസ്സിനോട് മനസ്സില്‍ ഒരിക്കല്‍ക്കൂടി അന്നത്തെ ആ ധിക്കാരത്തിനു ക്ഷമ ചോദിച്ചു കരഞ്ഞു.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 50 ആത്മകഥകള്‍ എന്ന പുസ്തകത്തില്‍ നിന്നും)

Content Highlights: subhash chandran sv venugopan nair


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented