യദോര്‍ ദസ്തയേവ്സ്‌കി എന്റെ രണ്ടാമത്തെ അച്ഛനാണ്; അദ്ദേഹത്തിന്റെ ബ്രദേഴ്സ് കാരമസോവ് എന്റെ കുടുംബചരിത്രവും. 1989-ലെ വലിയപെരുന്നാള്‍ ദിവസം. എന്റെ ആത്മസ്നേഹിതന്‍ അന്‍വര്‍ ഹുസൈന്‍ എന്നെ അവന്റെ വീട്ടില്‍ കൊണ്ടുപോയി. പടിഞ്ഞാറെ കടുങ്ങല്ലൂരിലെ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ പത്തുവരെ എന്റെ സഹപാഠിയായിരുന്നു അവന്‍. എങ്ങനെയെങ്കിലും ഒരു മഹാനാകണമെന്ന തീരുമാനത്തോടെ ഞാന്‍ എറണാകുളം സെയ്ന്റ് ആല്‍ബര്‍ട്സില്‍ സെക്കന്‍ഡ് ഗ്രൂപ്പും കൂനമ്മാവിലെ ഒരു പാരലല്‍ കോളേജില്‍ ശനിയും ഞായറും ഫസ്റ്റ്ഗ്രൂപ്പിനുള്ള കണക്കും പഠിക്കുന്നു. പത്തില്‍ എന്നെക്കാള്‍ കൂടുതല്‍ മാര്‍ക്കുണ്ടായിരുന്ന അന്‍വര്‍ നാഗര്‍കോവിലിലെ പോളിടെക്നിക്കിലാണ് ചേര്‍ന്നത്. ''അതെന്താടാ അങ്ങനെ? നിനക്ക് മഹാനാകണ്ടേ?'' ഞാന്‍ ചോദിച്ചു.
''നീയത് അറിഞ്ഞില്ലേ?'' അന്‍വര്‍ കണ്ണുരുട്ടി അദ്ഭുതം വരുത്തിക്കൊണ്ട് പറഞ്ഞു: ''പോളിടെക്നിക്കില്‍ ചേരുന്നതാണ് മഹാന്മാരുടെ ലേറ്റസ്റ്റ് ടെക്നിക്ക്!''

വലിയൊരു പാടവരമ്പു താണ്ടി ഞങ്ങള്‍ അവന്റെ വീട്ടിലെത്തി. വരമ്പത്ത് വഴുക്കി ബാപ്പ വീണപ്പോള്‍ പൊട്ടിച്ചിരിച്ച ബഷീറിന്റെ തമാശ അന്‍വര്‍ പറഞ്ഞു. ഉച്ചയ്ക്ക് അന്‍വറും ജ്യേഷ്ഠന്‍ ഫസലും ഞാനും അവരുടെ ഉപ്പയോടൊപ്പമിരുന്ന് കോഴിബിരിയാണിയും കരിമീന്‍ പൊരിച്ചതും കഴിച്ചു. അതിനുശേഷമുള്ള നിമിഷങ്ങള്‍ എന്റെ ജീവിതത്തെ മാറ്റിമറിച്ചു. എക്കാലത്തേക്കുമായി എന്റെ ആത്മാവില്‍ കയറിപ്പറ്റിയ രണ്ടു മഹാപുരുഷന്മാര്‍- ഫയദോര്‍ ദസ്തയേവ്സ്‌കിയും മെഹ്ദി ഹസ്സനും- എന്നെ പരിചയപ്പെടാന്‍ പാടവരമ്പത്തെ ആ കൊച്ചുവീട്ടില്‍ കാത്തിരിപ്പുണ്ടായിരുന്നു.
''എടാ, നീയാ പ്യാര് ഭരേ ഒന്ന് ഇവനെ കേള്‍പ്പിക്ക്'', ഫസല്‍ അനുജനോടു പറഞ്ഞു.

സംഗീതശേഖരത്തില്‍നിന്ന് ഒരു കറുത്ത കാസറ്റ് തപ്പിയെടുത്ത് അന്‍വര്‍ ടേപ്പ് റെക്കോഡറില്‍ ഇട്ടു. മുന്നോട്ടും പിന്നോട്ടും കറക്കി ഒരു പാട്ടിന്റെ തുടക്കത്തില്‍ യന്ത്രത്തെ സജ്ജമാക്കി. കാസറ്റിന്റെ കവറില്‍ മഹര്‍ഷിയുടെ കണ്ണും ഹൃദയവേദനയുമായി ഇരിക്കുന്ന കഷണ്ടിക്കാരന്റെ പേരുവായിച്ച് ഊച്ചാളി ഉള്ളില്‍ പറഞ്ഞു: ''ഉം, മറ്റൊരു കാക്കാന്‍!

പക്ഷേ, പാട്ട് തുടങ്ങിയപ്പോള്‍... ദൈവമേ! മെലിഞ്ഞുണങ്ങിയ എന്റെ ശരീരത്തിനുള്ളില്‍ ഹൃദയമെന്നൊരു ഘനവസ്തു അതിന്റെ സാന്നിധ്യമറിയിക്കാന്‍ തുടങ്ങി. ദൈവവും മനുഷ്യനും കണ്ടുപിടിച്ച മഹത്തായ രണ്ടു സംഗീതോപകരണങ്ങള്‍- യഥാക്രമം മെഹ്ദി ഹസ്സനും സാരംഗിയും- ഞാന്‍ ജനിക്കുന്നതിനു മുമ്പുള്ളതും എന്റെ മരണത്തിനു ശേഷമുള്ളതുമായ സമയങ്ങളെ എന്റെ ആത്മാവിലേക്ക് കോരിയൊഴിക്കാന്‍ തുടങ്ങി.

പിന്നെയാണ് അതുണ്ടായത്. പൂമുഖത്തെ പുസ്തക ഷെല്‍ഫില്‍ കൊതിയോടെ നോക്കിക്കൊണ്ടിരിക്കുന്ന എന്നോട് മീതീനിക്ക എന്നു ഞാന്‍ വിളിക്കുന്ന അന്‍വറിന്റെ ഉപ്പ പറഞ്ഞു: ''ദസ്തയേവ്സ്‌കിയെ വായിക്കണം. അയാളാണ് എഴുത്തിന്റെ മാക്സിമം!''

ആ പേരു ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു. ടോള്‍സ്റ്റോയിയുടെ പേര് ക്വിസ് പുസ്തകത്തില്‍ കുട്ടിക്കാലത്തേ ധാരാളമായി കണ്ടിരുന്നു. കുറ്റവും ശിക്ഷയും എന്നു കേട്ടിരുന്നെങ്കിലും അതെഴുതിയ ആളിന്റെ പേരു ശ്രദ്ധിച്ചിരുന്നില്ല.

ഇളംപച്ച നിറമുള്ള രണ്ടു പുസ്തകങ്ങള്‍ ഒന്നിച്ചെടുത്ത് മീതീനിക്ക എനിക്കു നീട്ടി. ആദ്യപേജില്‍ മീതീന്‍ എന്നു ഭംഗിയായുള്ള ഒപ്പു കണ്ടു. പുറംകവറില്‍ കറുത്തനിറത്തില്‍ ഒരു യുവാവിന്റെ രേഖാചിത്രം. രണ്ടു വാല്യങ്ങളായി ബ്രിട്ടനില്‍ അച്ചടിച്ച പുസ്തകത്തില്‍നിന്ന് ഇംഗ്ലീഷ് പുസ്തകം വായിക്കുന്നതിന്റെ ഭയത്തോടെ ഞാന്‍ വായിക്കാന്‍ തുടങ്ങി. പെന്‍ഗ്വിന്‍ ക്ലാസിക്സ്, ബ്രദേഴ്സ് കാരമസോവ്, ഫയദോര്‍ ദസ്തയേവ്സ്‌കി. ട്രാന്‍സ്ലേറ്റഡ് ബൈ ഡേവിഡ് മാഗര്‍ഷാക്ക്. കവര്‍: എ ഡീറ്റേയില്‍ ഫ്രം ലാറോ ചെങ്കോവ്സ് ദ സ്റ്റുഡന്റ്.

വീട്ടില്‍ വന്നതിന്റെ ഓര്‍മയ്ക്കായി രണ്ട് അമൂല്യവസ്തുക്കള്‍ അന്‍വര്‍ എനിക്കു തന്നുവിട്ടു. മെഹ്ദി ഹസ്സനും ബ്രദേഴ്സ് കാരമസോവും.

പാഠപുസ്തകങ്ങളല്ലാതെ ഞാന്‍ ആദ്യമായി ഒരു ഇംഗ്ലീഷ് പുസ്തകം വായിക്കാന്‍ തുടങ്ങി. കമ്പനിയില്‍നിന്നു പിരിഞ്ഞപ്പോള്‍ അച്ഛന്‍ എനിക്കൊരു പുതിയ വാച്ച് വാങ്ങിത്തന്നിരുന്നു. പഴയ വാച്ച് ഒരു സുഹൃത്തിനു വിറ്റ് ആ പണംകൊണ്ട് ശബ്ദതാരാവലിയും ഒരു ഇംഗ്ലീഷ് നിഘണ്ടുവും വാങ്ങി. ശബ്ദതാരാവലിക്ക് വില അധികമായതിനാല്‍ ബാക്കി പണത്തിനു കിട്ടിയ ഇംഗ്ലീഷ് നിഘണ്ടുവില്‍ ഇംഗ്ലീഷിലെ എല്ലാ വാക്കുകളും ഇല്ലായിരുന്നു. റഷ്യക്കാരനായ മഗര്‍ഷാക്ക് ഇംഗ്ലണ്ടില്‍ വന്നു പഠിച്ചുറപ്പിച്ച ഇംഗ്ലീഷില്‍ ലളിതവും ഹൃദ്യവുമായ വിവര്‍ത്തനം നിര്‍വഹിച്ചിരുന്നെങ്കിലും പതിനേഴുകാരന് പിടികിട്ടാത്ത ഹൃദയവികാരങ്ങള്‍ ആ പുസ്തകത്തില്‍ ഫയദോര്‍ കുത്തിനിറച്ചിരുന്നു. ''ഉറക്കമൊഴിക്കലും ദസ്തയേവ്സ്‌കിയും ചേര്‍ന്ന് എന്റെ കരളിന്റെ പ്രവര്‍ത്തനത്തെ ഏറക്കുറെ താറുമാറാക്കി. കടുത്ത മഞ്ഞപ്പിത്തം പിടിപെട്ട് ഞാന്‍ ആശുപത്രിയിലായി. ആശുപത്രിക്കിടക്കയിലിരുന്ന് ഞാനെന്റെ ആദ്യത്തെ കഥ, 'ഈഡിപ്പസിന്റെ അമ്മ' എഴുതി. 'അച്ഛനെ കൊല്ലാന്‍ ആഗ്രഹിക്കാത്ത പുത്രന്മാരുണ്ടോ?' എന്ന ദിമിത്രിയുടെ ചോദ്യത്തിനു സമാന്തരമായി ഞാനെന്റെ കണക്ക് നോട്ടുപുസ്തകത്തിന്റെ ഒഴിഞ്ഞ താളില്‍ എഴുതിവെച്ച ഒരു വാചകമായിരുന്നു ആ കഥയുടെ വിത്ത് 'അമ്മയെ കാമിക്കാത്ത പുത്രന്മാരുണ്ടോ?'

മഠാധിപതിയായ ഫാദര്‍ സോസിമ, അലോഷ്യയ്ക്കെന്നപോലെ എനിക്കും ഗുരുവായിത്തീര്‍ന്നപ്പോള്‍ ഞാന്‍ നിത്യചൈതന്യയതിക്ക് ഫേണ്‍ഹില്ലിലേക്ക് വിശദമായ ഒരു കത്തയച്ചു. അദ്ദേഹത്തിന്റെ ആശ്രമത്തില്‍ സന്ന്യാസിയായിച്ചേരാനായിരുന്നു തീരുമാനം. നിത്യ എന്ന് അടിയില്‍ ഒപ്പിട്ട് മറ്റാരെക്കൊണ്ടോ കേട്ടെഴുതിച്ച മനോഹരമായ ഒരു കത്ത് എനിക്കു മറുപടിയായി വന്നു: ''ഫിസിക്സില്‍നിന്നും കെമിസ്ട്രിയില്‍നിന്നും രക്ഷപ്പെടാനാണ് നീ ഇങ്ങോട്ടു പോരുന്നതെങ്കില്‍ നിന്റെ സിലബസിലുള്ളതിനെക്കാളധികം ആ വിഷയങ്ങള്‍ നിനക്കിവിടെ പഠിക്കേണ്ടിവരും. ജന്മായത്തമായി കിട്ടിയ ആസക്തികളില്‍നിന്നുമുള്ള രക്ഷയാണെങ്കില്‍ അങ്ങനെയൊന്ന് വരേണ്യരായ ഋഷിമാര്‍ക്കും സാധ്യമല്ലെന്നു നീ തിരിച്ചറിയാനിരിക്കുകയാണ്''.

എന്‍.കെ. ദാമോദരന്റെ വിവര്‍ത്തനം ഒറ്റപ്പുസ്തകമായിട്ടായിരുന്നു. സോസിമ പ്രത്യക്ഷമാകുന്ന അധ്യായങ്ങള്‍ വിട്ട് ഞാന്‍ ഇവാനും അലോഷ്യയുമായുള്ള ദീര്‍ഘ സംഭാഷണങ്ങള്‍ വരുന്ന 'മഹാനായ മതദ്രോഹവിചാരകന്‍' (A grand inquisitor) വീണ്ടും വീണ്ടും വായിച്ചു.  ആ അധ്യായത്തിന്റെ അവസാനത്തെ ഭാഗത്തില്‍ അലോഷ്യ ജ്യേഷ്ഠനായ ഐവാനെ ചുംബിക്കുമ്പോള്‍ ഐവാന്‍ പറയുന്ന വാചകം, ''ഇതു നീ എന്റെ കവിതയില്‍നിന്നു മോഷ്ടിച്ചതാണ്, ഈ ചുംബനം. എന്നാലും നന്ദി!'' വായിക്കുമ്പോഴൊക്കെ ഇരിപ്പിടത്തില്‍നിന്ന് ഞാനിപ്പോഴും ചാടിയെഴുന്നേല്‍ക്കുന്നു.

മദ്യപിച്ച നിലയില്‍ 'കിഴവന്‍ കോമാളി' കാരമസോവ് പറയുന്ന ഒരു വാചകമാണ് ഞാന്‍ എന്റെ 'പറുദീസാനഷ്ടം' എന്ന പുസ്തകത്തിന് പ്രാരംഭമായി ചേര്‍ത്തിട്ടുള്ളത്. 'ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം' എന്ന ആദ്യപുസ്തകത്തിലെ അവസാനത്തെ കഥ ഒന്നര മണിക്കൂറില്‍, ക്രിസ്മസ് തലേന്ന് എനിക്ക് തീവണ്ടിയിലിരുന്ന് ഒരു റഷ്യന്‍കഥ പറഞ്ഞുതരുന്നതായി ഞാന്‍ സങ്കല്പിച്ച ആ ഗംഭീരനായ താടിക്കാരന്‍ ഫയദോര്‍ ദസ്തയേവ്സ്‌കിയല്ലാതെ മറ്റാരുമല്ല.

89-ലെ ആ പെരുന്നാള്‍ദിവസത്തിനു ശേഷമുള്ള ഇരുപതുവര്‍ഷത്തില്‍, എണ്ണത്തില്‍ കുറവാണെങ്കിലും മഹത്തായ കുറെ പുസ്തകങ്ങള്‍ എന്റെ ആത്മാവിന് കനം നല്‍കിയിട്ടുണ്ട്. മഹാഭാരതവും ബൈബിളും ഖുര്‍ആനും ഞാനൊരിക്കലും പൂര്‍ണമായി വായിക്കുകയില്ലെന്ന് എനിക്കറിയാം. എങ്കിലും അവയിലെ ചില മുന്തിയ സന്ദര്‍ഭങ്ങള്‍ എന്റെ ജീവിതത്തിനു വെളിച്ചം തന്നിട്ടുണ്ട്. അഞ്ചാംക്ലാസുവരെമാത്രം പഠിച്ച കമ്പനിത്തൊഴിലാളിയായിരുന്ന എന്റെ അച്ഛന് അഞ്ചു മക്കളെ വളര്‍ത്തിവലുതാക്കാനുള്ള ക്ലേശങ്ങള്‍ക്കിടയില്‍ എന്റെ ഭ്രാന്തുകള്‍ തിരിച്ചറിയാനുള്ള സാവകാശം ലഭിച്ചില്ല. എനിക്ക് വായനയുടെ മാന്ത്രികലോകത്തിലേക്കുള്ള താക്കോല്‍ തന്ന മീതീനിക്കയ്ക്ക് എന്റെ ഒരു പുസ്തകമെങ്കിലും കൈയൊപ്പിട്ട് സമര്‍പ്പിക്കാനുള്ള നന്ദിയോ ഓര്‍മയോ എനിക്കുണ്ടായില്ല. അന്‍വറിന്റെ ഉപ്പയും എന്റെ അച്ഛനും അവര്‍ക്ക് പത്തു വയസ്സിന്റെ അന്തരമുണ്ടായിരുന്നെങ്കിലും ഒരേവര്‍ഷം മരിച്ചു. രണ്ടുപേര്‍ക്കും നമസ്‌കാരം. ഒപ്പം എഴുത്തുകാരനായ സുഭാഷ് ചന്ദ്രനെ സൃഷ്ടിച്ച ഫയദോര്‍ ദസ്തയേവ്സ്‌കിക്കും-എന്റെ രണ്ടാമത്തെ അച്ഛനും-നമസ്‌കാരം.

( മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സുഭാഷ് ചന്ദ്രന്റെ കാലാതിവര്‍ത്തനം എന്ന പുസ്തകത്തില്‍ നിന്ന് )

കാലാതിവര്‍ത്തനം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Subhash Chandran remembering Fyodor Dostoevsky