
ശ്രീകുമാരൻ തമ്പി, ആത്മകഥയുടെ കവർ
കോവിഡിനും മുമ്പുള്ള ഒരു രാത്രി. കരിപ്പൂരില്‍നിന്ന് ഷാര്‍ജയിലേക്കുള്ള വിമാനം. ചില്ലുജാലകത്തിന്റെ ഇത്തിരിച്ചതുരത്തിനപ്പുറത്തുള്ള നിശ്ശൂന്യനഭസ്സിലെ ഘോരാന്ധകാരം നോക്കിയിരിക്കുന്ന ഒരാള്‍. രാത്രിയാത്രയിലെ വിമാനത്തില്‍നിന്നുള്ള കാഴ്ചയില്‍ പുറത്തെ കൂരിരുട്ടില്‍ ഒരു സ്ഫുടതാരകംപോലുമില്ല. സമയം പുലര്‍ച്ചേ ഒന്നോ ഒന്നരയോ കഴിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ക്കൂടി നോക്കി. തലചെരിച്ച് ഉറങ്ങുകയല്ല, അദ്ദേഹം തുറന്നുപിടിച്ച ശൂന്യദൃഷ്ടിയുമായി ഇരിക്കുകയാണ്.
'തമ്പിച്ചേട്ടന് ഉറങ്ങുന്നില്ലേ?' ഞാന്‍ ചുമലില്‍ തൊട്ട് ചോദിച്ചു.
അന്നു വൈകുന്നേരം മാത്രമായിരുന്നു ഞങ്ങള്‍ ആദ്യമായി കാണുന്നത്. വി.ഐ.പി.ലോഞ്ചില്‍ ഒറ്റയ്ക്കിരുന്ന് മുഷിഞ്ഞ എന്നോട് ഇടയ്ക്ക് കുശലം ചോദിക്കാന്‍ എത്തിയ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥനും സുഹൃത്തുമായ രാജേഷ് പറഞ്ഞു: 'നിങ്ങളുടെ അതേ വണ്ടിക്ക് തമ്പി സാറും ഉണ്ട്. മൂപ്പര് ഇപ്പോള്‍ ഇങ്ങോട്ട് വരും!'
ആരെക്കുറിച്ചാണെന്ന് അപ്പോള്‍ പെട്ടെന്നു മനസ്സിലായിരുന്നില്ല. കോഴിക്കോട്ടെ വിമാനത്താവളത്തില്‍നിന്ന് ഷാര്‍ജയ്ക്കു പോകുന്ന 'തമ്പി സാര്‍' ആരായിരിക്കുമെന്ന് ഊഹിച്ചുകൊണ്ട് നേരം പോക്കുമ്പോള്‍ വാതില്‍ തുറന്നുവന്നു ശ്രീകുമാരന്‍ തമ്പി. കരയുള്ള മുണ്ട്, എഴുത്തുകാര്‍ തിരഞ്ഞെടുക്കാന്‍ സാധ്യതയില്ലാത്ത മട്ടിലുള്ള തിളക്കം പുരണ്ട ഷര്‍ട്ട്, ധൃഷ്ടനും സ്ഥാനഭ്രഷ്ടനുമായ ഒരു ഗോത്രരാജാവിന്റെ മുഖം, നെറ്റിയില്‍ രാത്രിയായിട്ടും അസ്തമിക്കാന്‍ കൂട്ടാക്കാത്ത ചന്ദനക്കുറി, കുട്ടിക്കാലം മുതലേ കടലാസിലും ടിവി സ്ക്രീനിലും കണ്ട് മനപ്പാഠമായിട്ടുള്ള ഒരു തമ്പിയല്ലാത്തമ്പി.
ഞാന്‍ ഇരിപ്പിടത്തില്‍നിന്നെഴുന്നേറ്റ് ആദരവോടെ തൊഴുതപ്പോള്‍, ആദ്യമായി കാണുകയാണെന്ന തോന്നലില്ലാതെ അദ്ദേഹം ചേര്‍ത്തുപിടിച്ചു: 'സുഭാഷ് ഇവിടെ ഇരിപ്പുണ്ടെന്ന് ഞാനറിഞ്ഞു. ഐ ആം എ ഗ്രേറ്റ് ഫാന്‍ ഓഫ് യു!'
എനിക്ക് ഇളിച്ചമുണ്ടായി. തന്റേടിയും ധിക്കാരിയുമായി കേള്‍വിപ്പെട്ട ഒരാളില്‍നിന്ന് ആദ്യമായി ഉണ്ടാകുമെന്നു സങ്കല്പിക്കാന് കഴിയാത്ത ഒരു പ്രശംസാവാചകമായതു കൊണ്ടല്ല, ഞാന്‍ അങ്ങോട്ടു പറയാന്‍ ഓങ്ങിവെച്ച ഒന്ന് അദ്ദേഹം പൊടുന്നനേ ഇങ്ങോട്ടു പ്രയോഗിച്ചതില്‍. മാംസനിബദ്ധമല്ലാത്ത ആയിരം പ്രേമഗാനങ്ങളെഴുതിയ ആ കൈവിരലുകളിലെ മസൃണതയില്നിന്ന് എന്റെ എഴുത്തുകൈ പിന്‍വലിക്കാതെ ഞങ്ങള്‍ ഒരേ സോഫയില്‍ ഇരുന്നു.
'ഞാന്‍ തമ്പിച്ചേട്ടന്റേയും ആരാധകനാണ്!' എന്നു പറഞ്ഞപ്പോള്‍ മുഖത്ത് സ്വതേയുള്ള താന്‍പോരിമ ഒന്നുകൂടി ജ്വലിക്കുന്നതു കണ്ടു. വൈകീട്ട് നഗരത്തില്‍ തന്നെ ആദരിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നെന്നും അതിനു ശേഷം തന്റെ പാട്ടുകള്‍ മാത്രം ഉള്‍പ്പെടുത്തിയ 'ശ്രീകുമാരന്‍ തമ്പിനൈറ്റ്' എന്ന പേരില്‍ ഗാനമേളയുണ്ടായിരുന്നെന്നും അതുകൊണ്ടാണ് ഷാര്‍ജയിലെ പുസ്തകമേളയിലേക്കുള്ള ഫ്ളൈറ്റ് കോഴിക്കോട്ടുനിന്ന് ഏര്‍പ്പാടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
തമ്പി സാര്‍ എന്ന് രണ്ടുമൂന്നുവട്ടം വിളിച്ചപ്പോള്‍ അദ്ദേഹം ഒരു നാട്ടുരാജാവിന്റെ ദാക്ഷിണ്യഭാവത്തോടെ പറഞ്ഞു: 'കാള്‍ മി തമ്പിച്ചേട്ടന്, നോട്ട് സര്!'
വിമാനം പുറപ്പെടാന്‍ ഒന്നരയോ രണ്ടോ മണിക്കൂറുകള്‍ ബാക്കിയുണ്ടായിരുന്നു. അത്തരമൊരു കാത്തിരിപ്പില്‍ ഇത്തരമൊരു മനുഷ്യന്റെ സാന്നിധ്യം അസുലഭമെന്നതുപോലെ അമൂല്യവുമായിരുന്നു. ഏറെക്കാലത്തിനു ശേഷം പരസ്പരം കാണുന്ന ജ്യേഷ്ഠാനുജന്മാരെപ്പോലെ ജീവിതത്തെക്കുറിച്ചു മാത്രമല്ല, മരണത്തെക്കുറിച്ചുപോലും ഞങ്ങള്‍ ഒറ്റയിരുപ്പിന് സംസാരിച്ചു. ഇടയ്ക്കെപ്പോഴോ അദ്ദേഹം പറഞ്ഞ ഒരു വാചകത്തില്‍, ഗംഭീരമായ ഒരാത്മകഥാക്ഷേത്രത്തില് ആരുമറിയാതെ എരിഞ്ഞുനിന്ന ഒരൊറ്റത്തിരി വെളിവായി: 'സുഭാഷിനറിയാമോ,' മുറിവേറ്റു കിടന്ന ഭൂതകാലത്തില്‍നിന്ന് വലിച്ചൂരിയെടുത്ത കത്തിപോലുള്ള ആ വാചകം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ അസാധാരണമായി തിളങ്ങിയിരുന്നു: 'ഞാനൊരു മുപ്പത്തഞ്ച്, നാല്പതു വയസ്സില്‍ ചത്തു പോയിരുന്നെങ്കില്‍ നിങ്ങളെല്ലാം ശ്രീകുമാരന്‍ തമ്പിയെ ഒരു ലെജന്റായി ആഘോഷിച്ചേനെ!'
അതൊരാത്മപ്രശംസയല്ലെന്ന് തിരിച്ചറിയാനുള്ള വിവേകം തീര്‍ച്ചയായും എനിക്കുണ്ടായിരുന്നു. നമ്മള് ഇന്നും മൂളിനടക്കുന്ന പരശ്ശതം സുന്ദരഗാനങ്ങള്‍ ഈ മനുഷ്യന് എഴുതിയത് മുന്നോ നാലോ ദശകങ്ങള്‍ക്കപ്പുറം തന്റെ നിറയൗവനത്തില്‍! അതോര്‍ത്തപ്പോള്‍ എനിക്ക് അദ്ദേഹത്തെ ഒരിക്കല്‍ക്കൂടി തൊടാന്‍ തോന്നി. ഫോട്ടോ എടുക്കാനായി രാജേഷ് ഞങ്ങളെ ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ കൂസലില്ലാതെ ആ ചുമലില്‍ ഞാന്‍ കൈയിട്ടുപിടിച്ചു. നാം ഇഷ്ടപ്പെടുന്നതും എന്നാല്‍, നമുക്കു കഴിയാത്തതുമായ കാര്യങ്ങള്‍ ചെയ്യുന്നവരെ കണ്ടാല്‍ മാത്രമേ അകൃത്രിമമായ വിനയം നമ്മുടെ ആത്മാവില്‍ അനുഭവപ്പെടുകയുള്ളൂ. ഇല്ല, പ്രണയത്തില്‍പ്പെട്ട് എത്രയുലഞ്ഞാലും 'നിന്ത്യാഗമണ്ഡപയാഗാഗ്നിതന്നിലെ ചന്ദനധൂമമായി ഞാനുയരാം!' എന്നും മറ്റും ഒരു സ്ത്രീയെ നോക്കി പറയുവാനുള്ള ത്രാണി എനിക്കില്ല!
പാതിരാത്രിയിലെ അതേ വണ്ടിയില്‍ കയറുവാനായി വൈകാതെ ഒരാള്‍കൂടി എത്തിച്ചേര്‍ന്നു- സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്. ഗള്‍ഫ് മലയാളികള്‍ തിങ്ങിയ വിമാനത്തില്‍ കയറിയപ്പോള്‍ ബിസിനസ് ക്ലാസില്‍ ഇരിക്കാന്‍ ഞങ്ങള്‍ മൂവരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 'നമ്മുടെ ഭരണാധികാരികളെപ്പോലെയല്ല,' ഹരിഗോവിന്ദന് ആദ്യമായി ബിസിനസ് ക്ലാസില്‍ ഇരിക്കുന്നതിന്റെ ഹര്‍ഷം രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞു, 'ഷാര്‍ജ സുല്‍ത്താന്‍ എഴുത്തുകാരെയും സംഗീതജ്ഞരെയും ബഹുമാനിക്കാനറിയാം!'
ഹരിഗോവിന്ദനും തമ്പിച്ചേട്ടനെ ആദ്യമായി പരിചയപ്പെടുകയായിരുന്നു. കണ്ടാല്‍ വലിയ പത്രാസൊന്നും തോന്നിക്കാത്ത മൂന്നു പേര് കൊടുംകച്ചവടക്കാരുടെ വ്യോമസിംഹാസനങ്ങളില് ഇരിക്കുന്നതില്‍ കൗതുകംകൊണ്ടിട്ടാകണം, സുന്ദരിയായ ഉത്തരേന്ത്യന്‍ എയര്‍ഹോസ്റ്റസ് വീണ്ടും വീണ്ടും ഞങ്ങള്ക്കരികില് വന്ന് കുശലം ചോദിച്ചു. കുറിയും മുണ്ടുമായി ഇരിക്കുന്ന വൃദ്ധന് മലയാളത്തിലെ പ്രധാനപ്പെട്ട ഒരാളാണെന്ന് സുന്ദരിയെ ബോധ്യപ്പെടുത്താനായി അദ്ദേഹം കൈവെച്ച സര്ഗമേഖലകളെ ഞാന്‍ എണ്ണിപ്പറയാന്‍ തുടങ്ങിയപ്പോള്‍ കൈകൊണ്ട് എന്നെ വിലക്കിയിട്ട് തമ്പിച്ചേട്ടന് അവളോട് ചോദിച്ചു: 'ഹാവ് യു ഹേഡ് ഓഫ് ഗുല്‍സാര്‍?'
വിടര്‍കണ്ണില്‍ ആദരത്തോടെ അവള് ഉവ്വെന്ന് തലയാട്ടി. തമ്പിസാര്‍ സ്വന്തം നെഞ്ചില്‍ തൊട്ടുകൊണ്ടു പറഞ്ഞു: 'അയാം ദ ഗുല്‍സാര്‍ ഓഫ് കേരള!'
എത്ര കൃത്യം, എത്ര ഹ്രസ്വം! കാര്യം മനസ്സിലായപ്പോള്‍ സുന്ദരി തൊഴുതു. ഞാനും ഹരിഗോവിന്ദനും മുഖത്തോടുമുഖം നോക്കി. അവള് ഒഴിച്ചുതന്ന ബ്ലഡിമേരിക്ക് ഒരു പങ്കും അവകാശപ്പെടാനില്ലാത്ത ഒരു ലഹരിയില്‍ എനിക്ക് അദ്ദേഹത്തെ കെട്ടിപ്പിടിക്കണമെന്നു തോന്നി. ആത്മാദരമുള്ള മലയാളികളെ കാണാന്‍ കിട്ടുന്നത് എത്ര ഭാഗ്യമാണ്!
രാത്രിയെ തുളച്ച് വിമാനം പാഞ്ഞുകൊണ്ടിരുന്നു. പാട്ടും പാട്ടിനെക്കുറിച്ചുള്ള വര്‍ത്തമാനവും പാതിരാ പിന്നിട്ടും നീണ്ടു. ലാന്‍ഡിങ്ങിന് അരമണിക്കൂറു മുമ്പ് വിളിച്ചേക്കണമെന്നേല്പ്പിച്ച് ഹരിഗോവിന്ദന് ഉറങ്ങാന്‍ തുടങ്ങി. തമ്പിച്ചേട്ടന് ജനാലച്ചതുരത്തിനടുത്തുള്ള സീറ്റിലേക്ക് മാറിയിരുന്നപ്പോള്‍ ഉറങ്ങാനായിരിക്കുമെന്നു കരുതി ഞാനും ഒഴിഞ്ഞുകിടന്ന മറ്റൊരു സീറ്റിലേക്കു നീങ്ങി. ഓടുന്ന വണ്ടിയിലിരുന്ന്- അത് ഏതു വണ്ടിയിലായാലും- ഉറങ്ങി ശീലമില്ലാത്ത ഞാന്‍ ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നു. ഇല്ല, തമ്പിച്ചേട്ടനും ഉറങ്ങുന്നില്ല! പുറത്തെ ഇരുട്ടിലേക്ക് ഇമചിമ്മാതെ നോക്കി അങ്ങനെ ഇരിക്കുന്നു!
അപ്പോഴാണ് ഞാന്‍ അദ്ദേഹത്തോട് ആ ചോദ്യം ചോദിച്ചത്: 'തമ്പിച്ചേട്ടന് ഉറങ്ങുന്നില്ലേ?'
അപ്പോഴാണ് ജീവിതത്തില്‍ ഞാന്‍ കേട്ട ഏറ്റവും വേദനയുള്ള ആ കൊച്ചുവാചകം അദ്ദേഹം പറഞ്ഞത്: 'ഇല്ല സുഭാഷ്, എന്റെ മകന് പോയതില്‍പ്പിന്നെ ഞാന്‍ ഒരു രാത്രിയിലും ഉറങ്ങിയിട്ടില്ല!'
തനിക്ക് സുബ്രഹ്മണ്യന്റെ പര്യായമായ കുമാരന് എന്ന പേരിട്ടതിനെപ്പറ്റി മുമ്പെപ്പോഴോ അദ്ദേഹം എവിടെയോ എഴുതിയത് എന്റെ ഓര്‍മയിലുണ്ടായിരുന്നു. അമ്മയുടെ ആണ്മക്കളില് ഏറ്റവും വാത്സല്യം അനുഭവിച്ചുവളര്‍ന്ന കുമാരന് താനായിരുന്നുവെന്ന് രാത്രിസംസാരത്തിനിടയില് എപ്പോഴോ അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ സ്വന്തം കുമാരന് മരിച്ചതില്‍പ്പിന്നെ ഉറക്കംതന്നെ നഷ്ടമായ ഒരച്ഛനായി അദ്ദേഹം മുന്നിലിരിക്കുന്നു!
പുലരുംവരെയും എന്നല്ല, ഹോട്ടല്‍മുറിയിലെ തീരേച്ചെറിയ ഒരുറക്കം കഴിഞ്ഞ് ഞാന്‍ ഔത്സുക്യത്തോടെ തമ്പിച്ചേട്ടന്റെ മുറിക്കു മുന്നില്‍ ചെന്നപ്പോഴും അറിഞ്ഞു- അദ്ദേഹം ഉറങ്ങിയിട്ടില്ല. വാതില്‍ കുറ്റിയിട്ടിട്ടില്ല. സമയം രാവിലെ ആറുമണി. മുട്ടി അകത്തു കയറിയപ്പോള്‍ അദ്ദേഹം കുളിച്ച് കുറിതൊട്ട് പുതിയ വസ്ത്രങ്ങളില്‍ ഇരുന്ന് പത്രം വായിക്കുന്നു!
ഷാര്‍ജയിലെ പുസ്തകോത്സവത്തിന് ഞങ്ങള്‍ക്കു പങ്കിടാന്‍ ഒരുമിച്ച് ഒരു വേദിയുണ്ടായിരുന്നില്ല. സുഹൃത്തുക്കള്‍ സമ്മാനിക്കുന്ന സുലഭമായ മദ്യവും അറബ് എമിറേറ്റ്സിലെ ഉന്മത്തമായ പാതിരാജീവിതവും വെച്ചുനീട്ടുന്ന പ്രലോഭനങ്ങളെ അവഗണിച്ച് ഞാന്‍ തമ്പിച്ചേട്ടന്റെ ഒപ്പം സമയം കിട്ടിയപ്പോഴൊക്കെ ഇരുന്നു. പോയകാലത്തെ സ്തോഭജനകമായ ചില സംഭവങ്ങള്‍ അദ്ദേഹം പറയുന്നതു കേട്ട് പലപ്പോഴും കരള്‍ വിറച്ചു; കണ്ണീരുറന്നു. വൈകാതെ ഞങ്ങള്‍ രണ്ടു വിമാനങ്ങളില്‍ രണ്ടു നാടുകളിലേക്കായി തിരിച്ചു പറന്നു. ഞാനദ്ദേഹത്തെ മറന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പത്മരാജനെക്കുറിച്ചുള്ള ഓര്‍മകള്‍ മകന് അനന്തപത്മനാഭനെക്കൊണ്ട് പരമ്പരയായി എഴുതിക്കുന്ന കാലത്ത് പൊടുന്നനേ അതിലെ ഒരധ്യായത്തില്‍ ഞാന്‍ തമ്പിച്ചേട്ടനെ വീണ്ടും കണ്ടുമുട്ടി. ഡ്രൈവര്‍ക്ക് ശമ്പളം കൊടുക്കാന്‍ കാശില്ലാത്തതുകൊണ്ട് കാറുതന്നെ വിറ്റുകളഞ്ഞ് ഓട്ടോയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയ 'തമ്പിച്ചിറ്റപ്പനെ' അനന്തപത്മനാഭന് ആ അധ്യായത്തില്‍ ഹൃദയസ്പര്‍ശിയായി ചിത്രീകരിച്ചിരുന്നു. എഴുത്തുകാരനില്‍നിന്ന് തമ്പിച്ചേട്ടന്റെ നമ്പര്‍ സംഘടിപ്പിച്ച് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. 'തമ്പിച്ചേട്ടന്,' ഞാന്‍ പറഞ്ഞു, 'പത്മരാജനെക്കുറിച്ചുള്ള ഓര്‍മകള്‍ കഴിയുമ്പോള്‍ നമ്മള് തമ്പിച്ചേട്ടന്റെ ആത്മകഥ ആഴ്ചപ്പതിപ്പില്‍ കൊടുക്കാന്‍ പോകുന്നു!'
'കഴിയുമെന്ന് തോന്നുന്നില്ല!' അദ്ദേഹം കര്‍ക്കശസ്വരത്തില്‍ പറഞ്ഞു, 'എനിക്ക് സത്യം മാത്രമേ എഴുതാന്‍ കഴിയുകയുള്ളൂ. ഞാന്‍ സത്യമെഴുതിയാല്‍ ഒരുപാടു പേര് കൂടി ഇനിയും എനിക്ക് ശത്രുക്കളാകും!'
പലപ്പോഴായി ഞാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. തന്റെ അമ്മയെക്കുറിച്ച് എഴുതാനാണ് താന്‍ ജീവിച്ചിരിക്കുന്നതെന്നും അമ്മയുടെയും മക്കളുടെയും കഥ മാത്രമായി എഴുതിത്തരാമെന്നും ഒടുവില്‍ അദ്ദേഹം സമ്മതം പറഞ്ഞു.
അധികം താമസിയാതെ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ ഒരു തമ്പിനൈറ്റിന്റെ ഉദ്ഘാടകനാകാന്‍ എന്നെ അതിന്റെ സംഘാടകന്‍ ജയരാജ് വാര്യര്‍ ക്ഷണിച്ചപ്പോള്‍ അതൊരു അനുഗ്രഹമായി തോന്നി. തമ്പിച്ചേട്ടനെ ഒരിക്കല്‍ക്കൂടി നേരില്‍ കാണാം. ആത്മകഥയ്ക്കുള്ള ഉറപ്പ് ഒന്നുകൂടി ബലപ്പെടുത്താം. ശ്രീകുമാരന്‍ തമ്പിയെ ആദരിക്കാനും അദ്ദേഹത്തിന്റെ പാട്ടുകള്‍ കേള്‍ക്കാനുമായി അന്ന് ടൗണ്‍ഹാളില്‍ തിങ്ങിനിറഞ്ഞ ആരാധകസഹസ്രത്തോട് ഉദ്ഘാടനപ്രസംഗത്തിനിടയില് ഞാന്‍ പറഞ്ഞു: 'ഇനിയും എഴുതപ്പെട്ടിട്ടില്ലാത്ത അസാധാരണമായ ഒരാത്മകഥയുടെ ഉടമയാണ് ശ്രീകുമാരന്‍ തമ്പി. അദ്ദേഹത്തെ ഇത്രയേറെ സ്നേഹിക്കുന്ന നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ അദ്ദേഹം അതെഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പിന് തരുമെന്ന് ഞാന്‍ കരുതുന്നു!'
ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥ വായിക്കാനുള്ള സദസ്സിന്റെ ആഗ്രഹം നീണ്ട കൈയടിയായി ഉയര്‍ന്നു. തലചെരിച്ച് അദ്ദേഹത്തെ നോക്കുമ്പോള്‍ ഗര്‍വിഷ്ഠമായ മുഖത്ത് അനുകൂലനിലപാടിന്റെ നിലാവുപോലെ ഒരു നറുമന്ദഹാസം വിരിയുന്നത് ഞാന്‍ കണ്ടു.
നൂറിലേറെ അധ്യായങ്ങളായി അദ്ദേഹം എഴുതി ആഴ്ചപ്പതിപ്പിന് അയച്ചുതന്ന ആ ആത്മകഥയാണ് ഇപ്പോള്‍ പുസ്തകരൂപത്തില്‍ നിങ്ങളുടെ കൈയിലിരിക്കുന്നത്. ദക്ഷിണ കേരളത്തിലെ ഹരിപ്പാട്ട് എന്ന ഗ്രാമത്തിലെ കരിമ്പാലേത്ത് തറവാടിന്റെ സുദീര്‍ഘമായ കഥയാണ് അദ്ദേഹം പറയുന്നതെങ്കിലും ഇതില്‍ ഇരുപതാം നൂറ്റാണ്ടിലെ കേരളം ഉടനീളം ഇരമ്പിയാര്‍ക്കുന്നുണ്ട്. ബന്ധുസമൃദ്ധിയില്പ്പോലും സ്നേഹദാരിദ്ര്യത്തില്‍ ഉഴന്ന ഒരു ചെറുപ്പക്കാരന് പ്രായത്തിനു നിരക്കാത്ത ദര്‍ശനഗരിമയോടെ പ്രണയവും തത്ത്വചിന്തയും പാട്ടില്‍ക്കലര്‍ത്തി മുഴുവന്‍ മലയാളികള്‍ക്കുമായി വാരിവിതറുന്ന കാഴ്ചയുണ്ട്. 'നക്ഷത്രഗീത'ത്തില്‍ ജി. ശങ്കരക്കുറുപ്പ് എഴുതിയതുപോലെ 'ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോള്‍ ഭൂവിനാ വെളിച്ചത്താല്‍ വെണ്മ ഞാനുളവാക്കി!' എന്ന് അഭിമാനിക്കാവുന്നവിധം സ്വന്തം സര്‍ഗാത്മകതയുടെ രാജരഥ്യയില്‍ അഗ്നിരഥത്തില്‍ എഴുന്നള്ളുന്ന ഒരു കവിയുടെ പ്രാണനുണ്ട്.
എന്‍ജിനീയറുടെ വീണയും കവിയുടെ കംപ്യൂട്ടറും കലര്ന്നൊട്ടുന്ന വിസ്മയകരമായ ഒരു സര്റിയലിസമുണ്ട്. നഗരകാന്താരങ്ങളില്‍ ജീവിതത്തിന്റെ പൊരുള്‍ തേടിയലഞ്ഞ ഒരു സ്ഥിതപ്രജ്ഞന്റെ കണ്ണീരും പൊട്ടിച്ചിരിയുമുണ്ട്. സുഖത്തിന്റെ ദുഃഖവും ദുഃഖത്തിന്റെ സുഖവുമുണ്ട്. അമ്മയെക്കുറിച്ച് എഴുതാനാണ് താനിതിന് ഇറങ്ങിത്തിരിച്ചത് എന്ന് ശ്രീകുമാരന്‍ തമ്പി പറയുമെങ്കിലും ഇതില്‍ മലയാളിയുടെ കുടുംബബന്ധങ്ങളിലെ സകല അടരുകളും അദ്ദേഹം അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. ഇതിലെ ചില അധ്യായങ്ങളെങ്കിലും മലയാളത്തിലെ ഏതു മികച്ച നോവലിനോടും കിടനില്ക്കുംവിധം ആവിഷ്കാരഭംഗിയുള്ളതാണ്. ഇന്ത്യന്‍ പട്ടാളത്തില്‍ പണിയെടുക്കുകയാണെന്ന് വിശ്വസിച്ചിരുന്ന അച്ഛന്, ഒരു ഭ്രാന്തന്റെ വേഷത്തിലും മട്ടിലും, ഇടിവെട്ടും മഴയുമുള്ള ഒരു രാത്രിയില്‍ ഒരു തേങ്ങാമോഷ്ടാവിന്റെ വേഷത്തില്‍ സ്വന്തം പറമ്പിലെ തെങ്ങില്‍നിന്ന് ഇറങ്ങിവരുന്നത് കണ്ടുനിന്ന മക്കള്‍- ഓ, സ്തോഭനിര്ഭരമായ ആ രംഗം ശ്രീകുമാരന്‍ തമ്പിയുടെ ജീവിതത്തില്‍ എഴുതിവെച്ച ദൈവം അത്തരമൊരു സന്ദര്‍ഭം സാക്ഷാല്‍ ദസ്തയേവ്സ്കിയുടെ പേനത്തുമ്പില്പ്പോലും പ്രത്യക്ഷപ്പെടുത്തിയിട്ടില്ല!
അദ്ദേഹത്തിന്റെതന്നെ മനോഹരമായ ഒരു ഗാനത്തില്‍നിന്ന് സ്വീകരിച്ച ഗ്രന്ഥശീര്‍ഷകം- ജീവിതം ഒരു പെന്‍ഡുലം- അന്വര്ഥമാക്കുംമട്ടില് ഈ ആത്മകഥയില്‍, മനുഷ്യജീവിതത്തിലെ സുഖദുഃഖങ്ങളും രാഗദ്വേഷങ്ങളും ഒഴിവുനിറവുകളും ഹൃദയസ്പര്‍ശിയായ ഗദ്യത്തില്‍ പ്രവഹിക്കുന്നു. രണ്ടു വര്‍ഷത്തിലേറെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വായനക്കാര്‍ ഇതു വായിക്കാനായി കാത്തിരുന്നു. കോവിഡ് കാലത്ത് മലയാളത്തിലെ മുഴുവന്‍ ആനുകാലികങ്ങളുടെയും വില്പനയില് വന്‍ ഇടിവുകളുണ്ടായപ്പോഴും ഈ ജീവിതകഥ ഒരു ലക്കംപോലും മുടക്കാന്‍ തയ്യാറല്ലാത്ത വായനക്കാര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് തേടിപ്പിടിച്ച് വായിച്ചുകൊണ്ടിരുന്നു. മനുഷ്യായനത്തിലെ ചില ഉത്കടസമസ്യകള് വായിച്ച് പത്രാധിപസമിതിയിലും കണ്ണീരുണ്ടാകുന്നത് ഞാന്‍ നേരില്‍ക്കണ്ടു.
വ്യത്യസ്തമായ പല മേഖലകളിലും തന്റെ പ്രതിഭയുടെ മാറ്റുരച്ചു നോക്കിയ ശ്രീകുമാരന്‍ തമ്പി പൂര്‍ണമായും വിജയശ്രീലാളിതനായത് ഗാനരചനയിലാണ് എന്നത് എന്തുകൊണ്ടാവും എന്നതിന് എനിക്ക് ഉത്തരം തന്നത് ഈ ആത്മകഥയാണ്. പത്തു വരികളില്‍ ഒതുക്കേണ്ടുന്ന സിനിമാപ്പാട്ടിലും ലളിതഗാനത്തിലും തമ്പിയുടെ പ്രതിഭ ഊതിക്കാച്ചിയ പൊന്നുപോലെ തിളങ്ങുന്നു. അവിടെ ഗാനശരീരംതന്നെ നിശ്ചിതമായ അക്ഷരസംഖ്യ നീട്ടി സ്വയം ഒരു എഡിറ്ററായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍, അനായാസമായും അനര്‍ഗളമായും വാചകങ്ങളും രംഗങ്ങളും സൃഷ്ടിച്ചു രസിക്കാനുള്ള കഴിവ്, എഡിറ്റിങ്ങിന്റെ കലയായ സിനിമയിലും കഥ-നോവല്‍ മേഖലകളിലും ഇദ്ദേഹത്തിന് വലിയ തോതില്‍ കലാസംബന്ധിയായ ഒരു പ്രതിബന്ധം സൃഷ്ടിച്ചിട്ടുണ്ടാകണം. ഗാനരചയിതാവ് എന്ന നിലയ്ക്കുള്ള തിരക്കു നീങ്ങിയപ്പോള്‍ നീട്ടിപ്പറയലിന്റെ ഉത്സവപ്പറമ്പായ മെഗാസീരിയലുകളിലേക്ക് അദ്ദേഹം അങ്ങനെയാവും സ്വാഭാവികമായും എത്തിച്ചേര്‍ന്നിട്ടുണ്ടാകുക. മലയാളത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ആത്മകഥകളിലൊന്ന് നൂറിലേറെ അധ്യായങ്ങളുള്ള ജീവിതം ഒരു പെന്ഡുലമാണെന്നറിയുമ്പോള്, ഇത്രതന്നെ ദൈര്‍ഘ്യമുള്ള ഒരു രണ്ടാം ഭാഗം വേണമെങ്കില്‍ അദ്ദേഹത്തിന് ഇതേ ആത്മകഥയ്ക്ക് എഴുതാന്‍ കഴിയും എന്നറിയുമ്പോള്‍, രണ്ടുതരത്തില്‍ നമുക്ക് വിസ്മയിക്കാം: വാക്കിനെ സ്വര്ണനാണ്യംപോലെ വിചാരിക്കുന്ന കവികുലത്തിലെ ഒരംഗം വാക്കുകള്‍ ഇങ്ങനെ കോരിച്ചൊരിയുന്നതില്; ഇത്രയേറെ കോരിച്ചൊരിഞ്ഞിട്ടും മിക്കവാറും എല്ലാ പുറങ്ങളിലും നല്ല ഗദ്യം വായിക്കുമ്പോഴുണ്ടാകുന്ന സുഖകരമായ ഒരു കോരിത്തരിപ്പ് സൃഷ്ടിക്കാന്‍ ഈ എഴുത്തുകാരന് കഴിയുന്നതില്‍.
ആയിരത്തിലധികം പുറങ്ങളുള്ള ഈ പുസ്തകത്തില്‍ 'മാനം' എന്ന വാക്ക് അതിന്റെ മൂന്നു വിധത്തിലുള്ള അര്‍ഥങ്ങളോടെയും സന്നിഹിതമാണ്. ആകാശം പോലെ വിസ്തൃതം, അഹങ്കാരം എന്ന് എളുപ്പം തെറ്റിദ്ധരിച്ചേക്കാവുന്ന അഭിമാനം, ദ്വിമാനത്തിലും ത്രിമാനത്തിലുമെന്നല്ല, ചതുര്മാനത്തില്പ്പോലും ഒതുങ്ങാത്ത മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത ഡയമെന്‍ഷനുകള്‍... പല അര്‍ഥത്തിലും മലയാളത്തിലെ ആത്മകഥാസാഹിത്യത്തില്‍ സംഭവിച്ച ഒരപൂര്വസാക്ഷാത്ക്കാരമാണ് 'ജീവിതം ഒരു പെന്‍ഡുലം'. അതിന് എളിയ തോതിലെങ്കിലും ഉല്പ്രേരകമായി വര്‍ത്തിക്കാനും ഗ്രന്ഥരൂപത്തിലിറങ്ങുമ്പോള് ഇങ്ങനെയൊരു മുഖക്കുറിയെഴുതാനും അനുവദിച്ച ആ വലിയ എഴുത്തുകാരന്- കാലത്തിന്- എന്റെ നമസ്കാരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..