'വെള്ളിയാങ്കല്ലിലേക്ക് സാഹസികയാത്ര നടത്തുമ്പോള്‍ അതൊരു നോവലിന്റെ ബീജാവാപമാണെന്ന് കരുതിയിരുന്നില്ല'


പത്തുവര്‍ഷക്കാലത്തെ സര്‍ഗധ്യാനത്തിന്റെ ഫലമായിരുന്നു. ആദ്യനോവല്‍ എഴുതിത്തീര്‍ത്തതിന്റെ പശ്ചാത്തലത്തിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഞാന്‍ വെള്ളിയാങ്കല്ലിലേക്ക് ആ സാഹസികയാത്ര നടത്തിയത്, 2009-ല്‍. വാടകയ്‌ക്കെടുത്ത ഒരു മത്സ്യബന്ധനബോട്ടില്‍, മാതൃഭൂമിയിലെ സഹപ്രവര്‍ത്തകരോടൊപ്പം ആഴക്കടലിലേക്ക് മുന്നേറുമ്പോള്‍ ഒരിക്കലും അത് മറ്റൊരു നോവലിന്റെ ബീജാവാപമാണെന്ന് തിരിച്ചറിയാനാവുമായിരുന്നില്ല.

സുഭാഷ് ചന്ദ്രൻ | ഫോട്ടോ: മനീഷ് ചേമഞ്ചേരി

പ്രസിദ്ധീകരിച്ച് മൂന്നു വര്‍ഷം കൊണ്ട് ഇരുപത്തി രണ്ടാമത്തെ പതിപ്പിലെത്തി നില്‍ക്കുകയാണ് സുഭാഷ് ചന്ദ്രന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'സമുദ്രശില' എന്ന നോവല്‍. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മലയാറ്റൂര്‍ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യപുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളാണ് പുസ്തകത്തെ തേടിയെത്തിയത്. മനുഷ്യന് ഒരു ആമുഖത്തിന്റെ സ്രഷ്ടാവില്‍ നിന്നും മലയാളമേറ്റുവാങ്ങിയ രണ്ടാമത്തെ സൃഷ്ടിയായ സമുദ്രശിലയുടെ ആമുഖക്കുറിപ്പ് സമുദ്രമഥനം വായിക്കാം

'The bow whispers to the arrow before it speeds forth:
'your freedom is mine!'
-Tagore

രണ്ടായിരത്തിപ്പതിനെട്ട് ജൂലായ് ഇരുപത്തേഴ്.
കലണ്ടറില്‍ വ്യാസപൂര്‍ണിമ എന്നു വിശേഷിപ്പിക്കപ്പെട്ട തീയതിയില്‍, എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം രക്തചന്ദ്രന്‍ (Red moon) ഉദിച്ച രാത്രിയില്‍, അംബയും ഞാനും തമ്മില്‍ കുറെക്കാലമായി നിലനിന്നിരുന്ന അതിസങ്കീര്‍ണമായ ബന്ധം അവസാനിച്ചു. എന്റെ അതേ പ്രായമായിരുന്നു അംബയ്ക്കും. എന്തിന്, ജനനമാസവും പിറന്നാളും (മകരം-മകീര്യം) ഒന്നാണെന്നുപോലും ഒരു സന്ദേശത്തില്‍ അവര്‍ സൂചിപ്പിച്ചിരുന്നു. എന്നെ പരിചയപ്പെടുന്ന കാലത്ത് കോഴിക്കോടു നഗരത്തിലെ ഒരു ഫഌറ്റില്‍, രോഗിയായ ഏകമകനോടൊപ്പം താമസിക്കുകയായിരുന്നു അവര്‍. ഒപ്പം താമസിച്ചിരുന്ന അവരുടെ അമ്മ മുന്‍പേ മരിച്ചിരുന്നു. ഇപ്പോള്‍ ആ ഫഌറ്റ് ശൂന്യമാണ്. അംബയും മകന്‍ അനന്തപത്മനാഭനും തലേന്നും പിറ്റേന്നുമായി ഭൂമി വിട്ടതോടെ ഇപ്പോള്‍ നിങ്ങളുടെ കൈയിലിരിക്കുന്ന ഈ പുസ്തകത്തില്‍ അവരുടെ മരണാനന്തരജീവിതം ആരംഭിക്കുകയാണ്.

മുന്‍പൊരിക്കല്‍ മാതൃഭൂമിയുടെ യാത്ര എന്ന പ്രസിദ്ധീകരണത്തില്‍ വന്ന എന്റെ ഒരു യാത്രാവിവരണമായിരുന്നു അംബയെ എന്നിലേക്കെത്തിച്ചത്. നഗരത്തിലെ ഒരു ദന്താശുപത്രിയില്‍ അണപ്പല്ലു പറിക്കാനായി കാത്തിരുന്ന വേളയില്‍, ടീപ്പോയിയില്‍ കിടന്നിരുന്ന ആ മാഗസിനിലാണ് അവര്‍ എന്റെ പേര്‍ ആദ്യമായി കണ്ടത്. ഡോക്ടര്‍ പേരു വിളിക്കുംമുന്‍പുള്ള ഇടവേളയില്‍ അലസമായി മറിച്ചുനോക്കിയ താളുകള്‍ക്കിടയില്‍ക്കണ്ട വെള്ളിയാങ്കല്ലിന്റെ ചിത്രമായിരുന്നു അവരെ സവിശേഷമായി ആകര്‍ഷിച്ചത് എന്ന് അവര്‍ പിന്നീട് എന്നോടു പറഞ്ഞു. ആ ലേഖനംപോലും പൂര്‍ണമായി അംബ വായിച്ചിരുന്നില്ല. എന്റെ കഥകളോ നോവലോ വായിച്ചിട്ട് എന്നെ പരിചയപ്പെടണമെന്ന് ആഗ്രഹിച്ച ആളുകളില്‍നിന്ന് അതുകൊണ്ടുതന്നെ അംബ വേറിട്ടുനിന്നു. അറബിക്കടലിന്റെ മാറില്‍ക്കിടക്കുന്ന വിജനമായ വെള്ളിയാങ്കല്ലില്‍ കാമുകനുമൊത്ത് ഒരു പൗര്‍ണമിരാത്രിയില്‍ താന്‍ തങ്ങിയിട്ടുണ്ടെന്ന് അംബ പിന്നീടെനിക്കെഴുതിയപ്പോള്‍ ഞാന്‍ വിസ്മയിക്കുകതന്നെ ചെയ്തു. ആ വിസ്മയമായിരുന്നു സമുദ്രശിലയുടെ ആധാരശ്രുതിയായത്. പല മട്ടില്‍ എട്ടു വട്ടം മാറ്റിയെഴുതിയിട്ടും അതെന്നെ പക്ഷേ തൃപ്തനാക്കിയില്ല. പകല്‍ മുഴുവന്‍ ഉത്തരവാദപ്പെട്ട ഒരു ജോലി (ആ ഏഴു വര്‍ഷങ്ങളില്‍ ഞാന്‍ മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ ചുമതല പേറുകയായിരുന്നു) ചെയ്തു ക്ഷീണിതനാകുന്നതാണ് ആ അതൃപ്തിയുടെ കാരണമെന്ന് അക്കാലങ്ങളില്‍ ഞാന്‍ എന്നെത്തന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

ഒടുവില്‍ ഒരൊന്‍പതാം വട്ടത്തിനു കോപ്പിട്ട് ഞാന്‍ ആറുമാസത്തെ ശമ്പളമില്ലാ അവധിയിലേക്ക് മുങ്ങാംകുഴിയിട്ടു. എഴുത്തുമുറിയിലെ ആ അടച്ചിരിപ്പ് എല്ലാ തലങ്ങളിലുമുള്ള ഒരു പുതുക്കിപ്പണിയലിലാണ് കലാശിച്ചത്. എഴുത്തിന്റെ സമയങ്ങളില്‍ എന്നെ മുന്‍പും ആവേശിച്ചിട്ടുള്ള സൃഷ്ട്യുന്മാദത്തിന്റേതായ ആ പ്രത്യേക മനോനില ഇത്തവണ അതിന്റെ വിശ്വരൂപം കാണിച്ചു. അംബയുമായുള്ള സംവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ട ആ ദിവസങ്ങളില്‍ ശ്രദ്ധ പാളി ഞാന്‍ നടക്കല്ലില്‍ പാദം മടങ്ങി വീണു. സ്‌നായു തകര്‍ന്ന വലതുപാദവുമായി മുറിക്കു പുറത്തേക്കു മാത്രമല്ല, കസേരയില്‍നിന്ന് എഴുന്നേറ്റുനടക്കാന്‍പോലുമാകാത്ത സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വിധി എന്നെ സമുദ്രശിലയില്‍ ഇരുപത്തിനാലു മണിക്കൂറും കെട്ടിയിട്ടു. ഒന്‍പതു ദശകങ്ങള്‍ക്കിപ്പുറം, ഒരിക്കല്‍ക്കൂടി പ്രളയം കേരളത്തെ വിഴുങ്ങുന്നത് എനിക്ക് കസേരയില്‍ ഇരുന്ന് മനക്കണ്ണാല്‍ മാത്രം കാണേണ്ടിവന്നു. അങ്ങകലെ എന്റെ ജന്മനാടായ കടുങ്ങല്ലൂരിലേക്ക് പെരിയാര്‍ ഇരമ്പിക്കയറിവന്ന് സര്‍വതിനേയും മുക്കിക്കളഞ്ഞത് വാസ്തവമാണോ നോവലിലെ സങ്കല്പമാണോ എന്നുറപ്പിക്കാനാവാതെ ഞാന്‍ മിഥ്യയില്‍ കുടുങ്ങി ശ്വാസം മുട്ടി.

ഒടുവില്‍ ഒന്‍പതാം വട്ടം എന്റെ മുന്നില്‍ സമുദ്രശില ഒന്‍പത് അധ്യായങ്ങള്‍ വീതമുള്ള മൂന്നു ഭാഗങ്ങളായി ഉയിര്‍ത്തുവന്നു; ഇക്കുറി ഏതാണ്ട് പൂര്‍ണതയിലേക്ക് ശിരസ്സെത്തിച്ച മട്ടില്‍. എന്നാല്‍ നോവലിന്റെ അനുബന്ധമായി കൊടുക്കണമെന്ന് ഞാനാഗ്രഹിച്ച ഒന്‍പതു പ്രത്യക്ഷങ്ങളില്‍ ഒന്ന് - അംബ വരച്ച ആത്മച്ഛായാചിത്രം- അപ്പോഴും പിടിതരാതെ നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങി ഇക്കഴിഞ്ഞ ഏഴുമാസക്കാലം എന്നിലേക്കെത്താതെ വഴിമുട്ടിനിന്നു. ഇപ്പോഴിതാ, അവരുടെ അവസാന ആഗ്രഹങ്ങളിലൊന്നിന്റെ പൂര്‍ത്തീകരണമായി അതും എന്നിലേക്കെത്തിയിരിക്കുന്നു.

സൃഷ്ടിയുടെ അവിശ്വസനീയമായ നെടുനീളന്‍ സമുദ്രയാത്രയില്‍നിന്ന് ഞാന്‍ തിരിച്ചെത്തിയതിന്റെ വിശ്വസനീയമായ തെളിവായി ആ ആത്മച്ഛായ ഈ പുസ്തകത്തില്‍ നിങ്ങള്‍ക്കു കാണാം- അവസാനപുറത്തില്‍.

നോവലെഴുത്ത് എന്ന സര്‍ഗപ്രക്രിയയെ മുഖ്യപ്രമേയമാക്കുന്ന ഒരു നോവല്‍ത്രയത്തിലെ രണ്ടാമത്തെ പുസ്തകമാണ് ഇത്. ആദ്യത്തേത്, മനുഷ്യന് ഒരു ആമുഖം, പത്തുവര്‍ഷക്കാലത്തെ സര്‍ഗധ്യാനത്തിന്റെ ഫലമായിരുന്നു. ആദ്യനോവല്‍ എഴുതിത്തീര്‍ത്തതിന്റെ പശ്ചാത്തലത്തിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഞാന്‍ വെള്ളിയാങ്കല്ലിലേക്ക് ആ സാഹസികയാത്ര നടത്തിയത്, 2009-ല്‍. വാടകയ്‌ക്കെടുത്ത ഒരു മത്സ്യബന്ധനബോട്ടില്‍, മാതൃഭൂമിയിലെ സഹപ്രവര്‍ത്തകരോടൊപ്പം ആഴക്കടലിലേക്ക് മുന്നേറുമ്പോള്‍ ഒരിക്കലും അത് മറ്റൊരു നോവലിന്റെ ബീജാവാപമാണെന്ന് തിരിച്ചറിയാനാവുമായിരുന്നില്ല. സംഘാംഗങ്ങളെല്ലാം പുരുഷന്മാരായിരുന്നു. കിലോമീറ്ററുകളോളം ഉള്‍ക്കടലിനു നേര്‍ക്ക് ബോട്ടോടിച്ച് ഒടുവില്‍ സന്ധ്യയോടെ ഞങ്ങള്‍ ആ നിര്‍ജനശിലാദ്വീപില്‍ എത്തിച്ചേര്‍ന്നപ്പോള്‍, പുരുഷസങ്കല്പങ്ങളുടെ നീലക്കടലിനു നടുവില്‍ അധികമാരും എത്തിച്ചേര്‍ന്നിട്ടില്ലാത്ത സ്ത്രീജന്മത്തിന്റെ പ്രഹേളികയിലേക്കാണ് ഞാന്‍ കാലെടുത്തുവെക്കുന്നതെന്ന വിചിത്രമായ ഒരു തോന്നല്‍ എന്നെ ആവേശിച്ചു. പക്ഷേ, ഒരു യാത്രാവിവരണത്തില്‍ക്കവിഞ്ഞ എന്തെങ്കിലുമൊന്നെഴുതുവാന്‍ അതെന്നെ പ്രാപ്തനാക്കുമെന്ന് ആ നിമിഷത്തിലോ അതിനു പിന്നീടെപ്പോഴെങ്കിലുമോ എനിക്കു ബോധ്യം വന്നിരുന്നില്ല; അംബയെ നേരില്‍ കാണുവോളം.

പുസ്തകം വാങ്ങാം

കോഴിക്കോടുനഗരത്തില്‍, മലയാളത്തിന്റെ മഴക്കാലമായ ഇടവം, മിഥുനം, കര്‍ക്കിടകം എന്നീ മാസങ്ങളില്‍ എന്റെ കണ്മുന്നില്‍ അരങ്ങേറിയ കഥയാണ് സമുദ്രശില. എന്നാല്‍ വ്യാസഭാരതത്തിലെ ഒരു നിര്‍ണായകസന്ദര്‍ഭം മുതല്‍ ഇക്കഴിഞ്ഞ വ്യാസപൂര്‍ണിമാദിനമായ ജൂലായ് ഇരുപത്തേഴുവരെ അംബയുടെ ജീവിതം പടര്‍ന്നുകിടക്കുന്നു. ആദ്യനോവല്‍ എഴുതിക്കഴിഞ്ഞ വര്‍ഷത്തില്‍, 2009-ല്‍, ആശയമായി തുടങ്ങിവെച്ച സമുദ്രശില, ആദ്യനോവലിനെപ്പോലെ കൃത്യം പത്തുവര്‍ഷത്തെ പൊരുന്നയിരുപ്പില്‍നിന്നാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. യാഥാര്‍ഥ്യത്തെക്കാള്‍ യഥാര്‍ഥമായി ഒരെഴുത്തുകാരനു തോന്നുന്ന സര്‍ഗാത്മകവും മായികവുമായ ഒരു പുതിയ ആഖ്യാനഭൂമിക മലയാളത്തിനു സമ്മാനിക്കണമെന്ന കൊതിയാണ് എന്നെ ഈ പത്തു വര്‍ഷവും ഇതിനു പിന്നാലെ നടത്തിച്ചത്. അതിനെനിക്കു സാധിച്ചോ എന്ന് വിധിയെഴുതേണ്ടത് ഇനി വായനക്കാരാണ്.

പ്രിയപ്പെട്ട വായനക്കാര്‍ക്ക്, എന്നെ ഇതിന്റെ രചനാവേളയില്‍ അണഞ്ഞുപോകാതെ കാത്ത എന്റെ പ്രിയതമയ്ക്ക്, പിന്നെ അന്‍പത്തൊന്നക്ഷരങ്ങളായി എന്നെ മുലയൂട്ടിയ ആ വലിയ അംബയ്ക്ക്, നമ്മുടെ ഭാഷയ്ക്ക്, എല്ലാവര്‍ക്കുമായി എന്നെത്തന്നെ ചാലിച്ചുവരച്ച ഈ അംബയെ സമര്‍പ്പിക്കുന്നു.

2019, മാര്‍ച്ച് 12

സുഭാഷ് ചന്ദ്രന്‍

സുഭാഷ് ചന്ദ്രന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: subhash chandran novel samudrasila mathrubhumi books

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented