'എന്തുപറ്റി? കഞ്ചാവ് വലിച്ചോ?; ഉവ്വ്, കഞ്ചാവിലും മുന്തിയ ഒന്ന്- മേതില്‍'


സുഭാഷ് ചന്ദ്രന്‍

മേതിലിന്റെ ഏറ്റവും പുതിയ പുസ്തകമായ പത്തൊമ്പത് കഥയോ കവിതയോ ലേഖനമോ അല്ല. എന്നാല്‍, സവിശേഷമാംവിധം ഈ മൂന്നു പ്രതലങ്ങളും കൂട്ടിപ്പിണഞ്ഞൊരു സ്വപ്നം ഇതു നമ്മെ കാണിക്കുന്നു. പത്തൊമ്പത് ഒരു മഹാമാരിയുടെ വരവിന്റെ വര്‍ഷസംഖ്യയാണ്- കോവിഡ് പത്തൊമ്പതിന്റെ.

മേതിൽ രാധാകൃഷ്ണൻ സുഭാഷ് ചന്ദ്രൻ ഫോട്ടോ മാതൃഭൂമി

ണ്ടുതരം എഴുത്തുകാരുണ്ട്- പ്രശസ്തരും അപ്രശസ്തരും. പ്രശസ്തരില്‍ത്തന്നെ വീണ്ടും രണ്ടുകൂട്ടരുണ്ട്- എഴുതി രസിക്കുന്നവരും എഴുത്ത് പീഡയായി കരുതുന്നവരും. കഥയും കവിതയും നോവലുമെല്ലാം അനര്‍ഗളം ഒഴുക്കിക്കൊണ്ടേയിരിക്കും ആദ്യത്തെക്കൂട്ടര്‍. പത്രാധിപന്മാരുടെയും വായനക്കാരുടെയും നിര്‍ബ്ബന്ധമുണ്ടെങ്കില്‍ക്കൂടിയും മഷി ചുരത്താന്‍ വിസമ്മതിക്കുന്നതരം പേന കൈവശമുള്ളവരാണ് രണ്ടാമത്തെക്കൂട്ടര്‍. വിരോധാഭാസമായി തോന്നാമെങ്കിലും, എഴുതിക്കിട്ടാന്‍ എളുപ്പമല്ലാത്ത ഈ രണ്ടാമത്തെക്കൂട്ടരായിരിക്കും ഏതു ഭാഷയിലെയും കൂടുതല്‍ മൗലികരായ എഴുത്തുകാര്‍.

മേതില്‍ രാധാകൃഷ്ണന്‍ ഈ രണ്ടാംമട്ടാണ്. സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള വിത്തു വീണ് കാട്ടില്‍ താനേ വളര്‍ന്ന കഞ്ചാവുചെടിപോലൊരു പടുതി. അത് അതിനുവേണ്ടി മാത്രം വളവും വെള്ളവും തേടുന്നു, വിളയ്ക്കു വേണ്ടിയല്ലാതെ വളരുന്നു. ഏകാകിയായി നിവര്‍ന്നുനിന്ന് ആകാശവുമായി സംവദിക്കുന്നു. വിഹായസ്സില്‍നിന്ന് പ്രകാശത്തിലും മുന്തിയ ചില സിഗ്‌നലുകള്‍ ശേഖരിക്കുന്നു. ഇലകളില്‍ മറ്റു ചെടികള്‍ക്ക് അന്യമായ ഒരു സ്വപ്നസംശ്ലേഷണം നിര്‍വ്വഹിക്കുന്നു. അവ അങ്കിതമായ 'പത്രങ്ങള്‍' കണ്ടെത്തി ഉപയോഗിച്ചവര്‍ അതുവരേക്കും പരിചയിച്ചിട്ടില്ലാത്ത ഒരു മതിഭ്രമത്തില്‍ അകപ്പെട്ടും അടിപ്പെട്ടും പോയേക്കും. അതു നല്‍കിയ അനുഭൂതിയുടെ സാരാംശം പൈങ്കിളിവാരികയിലെ 'കഥ ഇതുവരെ' ബോക്‌സുപോലെ ചുരുക്കിയെഴുതാനായേക്കില്ല. അല്ലെങ്കില്‍ പറയൂ, ഈ എഴുത്തുകാരന്റെ ഏതെങ്കിലും രചനയുടെ രത്‌നച്ചുരുക്കം നിങ്ങളുടെ ഒരുറ്റ കൂട്ടുകാരന് പറഞ്ഞു'കൊടുക്കാന്‍' എന്നെങ്കിലും കഴിഞ്ഞിട്ടുണ്ടോ? ഹാലൂസിനേഷനുകളെയും സൈക്കഡലിക് അനുഭൂതികളെയും മലയാളലിപികളിലേക്ക് എന്‍കോഡ് ചെയ്യാന്‍ അറിയാവുന്ന ഒരു സങ്കേതജ്ഞന്‍ നമുക്കിടയില്‍ ജീവിച്ചിരുന്നു എന്നറിഞ്ഞ് ഒരമ്പതുവര്‍ഷം കഴിയുമ്പോള്‍ മലയാളി വിസ്മയിച്ചേക്കും. ആ വിസ്മയത്തിന് ഒരൊറ്റപേരേ അന്നും എന്നും കാണൂ- മേതില്‍.

എം.എ. കഴിഞ്ഞ് കെ.ജി. ശങ്കരപ്പിള്ളസാറിന്റെ കീഴില്‍ സമകാലീന കവിത എന്നൊരു പ്രസിദ്ധീകരണത്തില്‍ പ്രൂഫ് നോട്ടക്കാരനായി പ്രവര്‍ത്തിക്കുന്ന കാലത്താണ് ഞാന്‍ ഒരു മേതിലില ആദ്യമായി അറിയാതെ പുകച്ചുവലിച്ചത്. തൃപ്പൂണിത്തുറ ഹില്‍പാലസ്സിനടുത്തുള്ള ചിത്തിര പ്രിന്റേഴ്‌സിന്റെ പ്രസ്സില്‍നിന്നായിരുന്നു ത്രൈമാസികമായ സമകാലീന കവിത അച്ചടിച്ചിരുന്നത്. ഇടക്കാലത്ത് അവര്‍ പുസ്തകപ്രകാശനവും തുടങ്ങിയപ്പോള്‍ ആ പുസ്തകങ്ങളുടെ പ്രൂഫും നോക്കേണ്ടിവന്നു. അക്കൂട്ടത്തില്‍ മുന്നില്‍ വന്ന ഡി.ടി.പി. പേജുകളില്‍ ഒരു ശീര്‍ഷകം ഇങ്ങനെ വായിച്ചു: 'നായകന്മാര്‍ ശവപേടകങ്ങളില്‍.' ജോലിയുടെ ഭാഗമായി വായിച്ചുതുടങ്ങിയതാണെങ്കിലും പിന്നീട് ഇടവേളകളില്‍പ്പോലും കുത്തിക്കെട്ടിയ ആ പുസ്തകം വായിക്കലായി എന്റെ ജോലി. ഒരു കഥാസമാഹാരം; എല്ലാ കഥകളിലും നായകന്മാരെ ചൂഴ്ന്ന് ഒരു ശവപ്പെട്ടി! ഇരുമ്പനം എന്ന ആ ചെറിയ ഗ്രാമത്തിലെ ചെറിയ പ്രസ്സിലിരുന്ന് എന്റെ ഇരുപത്തിരണ്ടുവര്‍ഷം പ്രായമുള്ള ഹൃദയം പ്രകമ്പനംകൊണ്ടു. മേതിലിനെ ആ പ്രായത്തില്‍ ഞാന്‍ ഉള്‍ക്കൊണ്ടുവോ എന്നറിയില്ല. പക്ഷേ, മേതില്‍ എന്റെ ഉള്ളില്‍ക്കൊണ്ടു. കറണ്ടടിച്ചു ചത്തവനെപ്പോലെ കസേരയിലിരിക്കുന്ന എന്നെ സ്ഥാപനം പൂട്ടാന്‍ വരുന്ന മാനേജര്‍ ഗോപിയേട്ടന്‍ കണ്ടു.
'ഇയാള്‍ക്കിതെന്തുപറ്റി? കഞ്ചാവോ മറ്റോ വലിച്ചോ?' അദ്ദേഹം എന്റെ ചുമലില്‍ തട്ടിക്കൊണ്ടു ചോദിച്ചു.
'ഉവ്വ്,' ഞാന്‍ പറഞ്ഞു, 'കഞ്ചാവിലും മുന്തിയ ഒന്ന്- മേതില്‍!'

മേതിലിന്റെ ഏറ്റവും പുതിയ പുസ്തകമായ പത്തൊമ്പത് കഥയോ കവിതയോ ലേഖനമോ അല്ല. എന്നാല്‍, സവിശേഷമാംവിധം ഈ മൂന്നു പ്രതലങ്ങളും കൂട്ടിപ്പിണഞ്ഞൊരു സ്വപ്നം ഇതു നമ്മെ കാണിക്കുന്നു. പത്തൊമ്പത് ഒരു മഹാമാരിയുടെ വരവിന്റെ വര്‍ഷസംഖ്യയാണ്- കോവിഡ് പത്തൊമ്പതിന്റെ. അതുവരേയ്ക്കും അപരിചിതമായൊരു അണ്വാവതാരത്തില്‍ ഭയചകിതമായ ലോകം അനിശ്ചിതകാലത്തേക്ക് ബന്ദവസ്സിലേക്ക് കെട്ടിപ്പൂട്ടിയപ്പോള്‍ മേതിലില്‍ താനേ തുറന്നുവന്ന ഒരു ആഖ്യാനമാണിത്. സ്വന്തം വെബ്‌സൈറ്റായ www.covid19on.com -ഇല്‍.

'കോവിഡ് നമ്മുടെ എല്ലാ മൂല്യങ്ങളെയും പുനര്‍നിര്‍വ്വചിക്കും' എന്നെഴുതിയിരുന്നു മേതില്‍ രണ്ടായിരത്തി പത്തൊമ്പതിന്റെ അവസാനദിവസങ്ങളിലൊന്നില്‍. ആ പുനര്‍നിര്‍വ്വചനത്തിന്റെ അടരുകളിലൂടെയുള്ള വിസ്മയകരമായ ഒരു സഞ്ചാരമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'പത്തൊമ്പത്' എന്ന പംക്തിയിലൂടെ മേതില്‍ നടന്നുതീര്‍ത്തത്. ആ ഏകാന്തയാത്രയില്‍ വിജനതകളിലെ അടക്കംപറച്ചില്‍ മേതില്‍ കേട്ടുതുടങ്ങുന്നു, സ്പര്‍ശനം നിരോധിക്കപ്പെട്ട വസ്തുക്കള്‍ വെറും ഉപരിതലങ്ങള്‍ മാത്രമായി ചുരുങ്ങുന്നത് കാണുന്നു, ഒച്ചകളില്‍ ഉലയുന്ന മെഴുകുതിരിനാളങ്ങളുടെ ചലനം പിന്‍പറ്റുന്നു, മറ്റാരുടെയോ സ്വപ്നം ഒളിച്ചുകാണുന്നതുപോലൊരു നിഗൂഢസുഖത്തോടെ ഭൂമിയുടെ ഒരതീതതലം തനിക്കുമാത്രം കഴിയുന്നൊരു ഗദ്യത്തില്‍ പകര്‍ത്തുന്നു. ഈഫല്‍ഗോപുരവും മൊണാലിസയും വിസ്‌കോണ്‍സില്‍ സര്‍വ്വകലാശാലയും ഡയാന ഫ്രാങ്ക്‌ളിനും വിന്റര്‍ കൈയുറകളും ക്രിസ്ചന്‍ യേറ്റ്‌സും എന്റികോ ഫെര്‍മിയും കോക്ടേല്‍ പാര്‍ട്ടി ഇഫക്ടും കാര്‍ബണ്‍ സ്ഖലനവും കലര്‍ന്നുചേര്‍ന്നൊരു മലയാളം മണിപ്രവാളത്തെക്കാള്‍ മധുരമായി നിങ്ങള്‍ അറിഞ്ഞുതുടങ്ങുന്നു. കാണ്‍പൂരുകാരന്‍ സാഗര്‍ ഹോള്‍ക്കറും ഹൈദരാബാദുകാരി വഹീദ ഖാലിദും കഥാപാത്രങ്ങളാകുന്ന ഒരു നോവലിന്റെ ഗര്‍ഭം അലസിയതും വിലസുന്നു ഈ ആഖ്യാനത്തില്‍.

പുസ്തകം വാങ്ങാം

വായനക്കാരന്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലൊക്കെ മേതിലിനെ കാണാന്‍ ഒട്ടേറെ അവസരങ്ങള്‍ എനിക്ക് തേടിപ്പിടിക്കാമായിരുന്നിട്ടും ഞാന്‍ ഇതുവരെ മേതിലിനെ നേരില്‍ കണ്ടിട്ടില്ല. വീഡിയോ കോളില്‍പ്പോലും അദ്ദേഹത്തെ കാണാന്‍ ഉദ്യമിച്ചിട്ടില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'പത്തൊമ്പത്' ഒരു പംക്തിയായി വരുന്ന കാലത്തും അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമേ ഞാന്‍ അദ്ദേഹത്തെ വിളിക്കുകയോ സന്ദേശങ്ങള്‍ അയയ്ക്കുകയോ ചെയ്തിട്ടുള്ളൂ. അതു പക്ഷേ, ഞാന്‍ ഹെമിങ്‌വേയെ കണ്ടിട്ടില്ലെന്ന് പറയുമ്പോലെയോ ബോര്‍ഹസിനെ ഫോണില്‍ വിളിച്ചിട്ടില്ലെന്നു പറയുമ്പോലെയേ ഉള്ളൂ. കാരണം, ഇരുമ്പനത്തെ ആ ചെറിയ പ്രസ്സിലിരുന്ന് ആദ്യമായി പുകച്ചറിഞ്ഞ കാലം മുതല്‍ക്കേ എനിക്ക് മേതില്‍ മറ്റേതോ കാലത്തിലെ, മറ്റേതോ ദേശത്തിലെ, മറ്റേതോ ഭാഷയിലെതന്നെ ഒരസാദ്ധ്യകലാകാരനാണ്. അതീത ലോകങ്ങളിലെ അതീന്ദ്രിയാനുഭൂതികളെ കപാലം പോലെ അക്ഷരമാലയില്‍ കോര്‍ത്ത് കഴുത്തിലിട്ടു നടക്കുന്ന പുരുഷന്‍! മേതില്‍ എന്ന വാക്കിന് ഭൂമിയില്‍ എന്ന് അര്‍ത്ഥം പറയാമെങ്കിലും ഭൂമിയിലില്ലാത്ത എന്തോ ഒന്ന് സ്വര്‍ഗ്ഗം ഈയെഴുത്തുകാരന് കപ്പം കൊടുക്കുന്നുണ്ട്, മേതിലിനാണേ സത്യം!

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'പത്തൊമ്പത്' എന്ന പുസ്തകത്തിന് എഴുതിയ അവതാരിക

മേതിലിന്റെ പുസ്തകങ്ങള്‍ വാങ്ങാം

സുഭാഷ് ചന്ദ്രന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: subhash chandran maythil radhakrishnan mathrubhumi books

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022

Most Commented