വസാനമായി നാടിനോട് ചിലത് പറയാനുണ്ടെന്ന് ഓര്‍മിപ്പിച്ച് അര്‍ധോക്തിയില്‍ നിര്‍ത്തിയാണ് ടീച്ചര്‍ പോയത്. പ്രളയജലത്തില്‍ മണ്ണും മനുഷ്യരും മരങ്ങളും ഒഴുകിപ്പോയ കേരളത്തെ നോക്കി നെടുവീര്‍പ്പിട്ട്, സഹ്യാദ്രിയുടെ നെറുകയിലേക്ക് യന്ത്രക്കൈയുകള്‍ നീളുന്നതുനോക്കി, മാനംപോയ പെണ്‍കിടാങ്ങളുടെ അവസാനിക്കാത്ത വിലാപങ്ങള്‍ കേട്ട്, ആദിവാസിയുടെ പശി ഇനിയും തീര്‍ന്നിട്ടില്ലെന്നറിഞ്ഞ്, ലവണരുചികള്‍ നിറഞ്ഞ കവിതകളും പ്രതിരോധ പാഠങ്ങളും ബാക്കിയാക്കി ടീച്ചര്‍ പോയി.

ഭൂമിയെയും മനുഷ്യരെയും പൂക്കളെയും ശലഭങ്ങളെയും കാടിനെയും നദികളെയും സ്വപ്നങ്ങളെയും ഏകാന്ത വിഷാദങ്ങളെയും സ്‌നേഹിച്ചുതീരാതെ തിരിച്ചുപോകുമ്പോള്‍ കേരളീയ ജീവിതത്തിന് നഷ്ടപ്പെട്ടത് നൂറ്റാണ്ടുകള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന പ്രതിരോധത്തിന്റെ കാവ്യബിംബത്തെ. വര്‍ത്തമാനകാലത്ത് കേരളത്തിന്റെ പാരിസ്ഥിതികവും ജൈവികവും സാമൂഹികവുമായ പ്രതിരോധ പ്രസ്ഥാനങ്ങളുടെ നൈതിക ബിംബമായിരുന്നു ഈ കവയിത്രി. അതിന്റെ സംരക്ഷണത്തിനായി ഉയര്‍ന്ന എല്ലാ ശബ്ദങ്ങളെയും വികസനം എന്ന ദുര്‍മന്ത്രവാദംകൊണ്ട് അടിച്ചമര്‍ത്തിയ ഭരണകൂട ഭീകരതയെ ചെറുക്കാന്‍, ഇത്രത്തോളം ആത്മരോഷത്തോടെ ഇറങ്ങിത്തിരിച്ച മറ്റൊരു എഴുത്തുകാരിയുമില്ല.

എനിക്കൊരു രാഷ്ട്രീയ സ്റ്റേറ്റ്മെന്റ് ഉണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് തുടങ്ങിയ ഈ അഭിമുഖം, പൂര്‍ണമാകുന്നതിന് മുന്‍പുതന്നെ ടീച്ചര്‍ തന്റെ ജീവിതം അവസാനിപ്പിച്ചു. ഇനി കേരളംതന്നെ ആ രോഷത്തിന്റെ വാക്കുകള്‍ പൂരിപ്പിക്കട്ടെ.

? അന്നൊരിക്കല്‍, കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ മാതൃഭൂമി അന്താരാഷ്ട്ര ലിറ്റററി ഫെസ്റ്റിവലിന് ക്ഷണിക്കാന്‍ ചെന്നപ്പോള്‍ ടീച്ചര്‍ പറയുകയുണ്ടായി, ഈ നാടിനോട് ചിലതൊക്കെ പറയാനുണ്ടെന്ന്, ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കാനുണ്ടെന്ന്. അന്ന് വൈകാരികമായാണ് ടീച്ചര്‍ അതിനെക്കുറിച്ച് സംസാരിച്ചത്. അവസാനമായി കേരളസമൂഹത്തോട് ചിലത് പറയാനുണ്ടെന്ന് സൂചിപ്പിക്കേണ്ടിവന്നത് എന്തുകൊണ്ടാണ്?

= എന്റെ വ്യക്തിജീവിതത്തിലെ ചില അഭിലാഷങ്ങളെപ്പറ്റി ഞാന്‍ 'മാതൃഭൂമി'യോടുതന്നെയാണ് പറഞ്ഞത്. എന്റെ ദുര്‍ബലമായ ഈ ശരീരം എപ്പോള്‍ വേണമെങ്കിലും നിശ്ചലമാകാം. അങ്ങനെയുണ്ടെങ്കില്‍ ഈ ആചാരവെടിയും ശവപുഷ്പങ്ങളും എനിക്ക് നല്‍കരുതേ എന്ന് അപേക്ഷിക്കുകയായിരുന്നു...
അവസാനമായി എന്ന് ഞാന്‍ ഉപയോഗിച്ചിരുന്നോ എന്ന് ഓര്‍മയില്ല. പ്രതീക്ഷയറ്റവളെപ്പോലെയാണ് ഞാന്‍ ജീവിക്കുന്നത്. പെണ്ണായിപ്പിറന്ന് ഇവിടെ നില്‍ക്കാന്‍ പാടുപെട്ട എനിക്ക് വലിയ വിജയങ്ങളൊന്നും നേടാനായില്ല. എനിക്ക് പറയാനുള്ളത് നമുക്കവസാനം പറയാം. എന്റെ കുട്ടിക്കാലത്തെ ജീവിതംപോലെയല്ല ഇന്നത്തെ കുട്ടികളുടെ ജീവിതം. അവര്‍ വിച്ഛേദിക്കപ്പെട്ട ഒരു തലമുറയാണ്. പൂര്‍വകാലങ്ങളില്‍ നിന്ന് അവര്‍ക്കൊന്നും കിട്ടിയിട്ടില്ല. എന്താണതിന് പറയുന്നത്? അതേ, ഇലക്ട്രോണിക് ഗാഡ്ജറ്റുകളിലാണ് അവരുടെ ജീവിതം. എങ്കിലും കുറച്ച് കുട്ടികള്‍ക്കെങ്കിലും ബാല്യത്തിന്റെ തുടര്‍ച്ചകളെക്കുറിച്ച് ബോധ്യമുണ്ട്. പക്ഷേ, അതൊരു ആശ്വാസമല്ല. മഹാഭൂരിപക്ഷവും അതിന് പുറത്താണ്. പണത്തിന്റെ വിലയെക്കുറിച്ച് മാത്രം മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കുന്ന കാലമാണ്.

? പൂര്‍ണമായും പറിച്ചുനടപ്പെട്ട കാലത്തിലാണ് കുട്ടികളുടെ ജീവിതം. ടീച്ചര്‍ ഇന്ന് അനുഭവിക്കുന്ന ആശങ്കകള്‍പോലെ, വര്‍ത്തമാനകാലത്തെ തലമുറയ്ക്കും ഈ സന്ദേഹങ്ങളുണ്ട്. അതിനൊരു പരിഹാരം ഉണ്ടാവുമെന്ന് പ്രതീക്ഷയുണ്ടോ?

= ഞങ്ങളുടെ കുട്ടിക്കാലത്ത് എപ്പോഴും തലമുറകളോട് ഗാഢമായ ബന്ധം പുലര്‍ത്തി. ഒരുതരം കൊടുക്കല്‍-വാങ്ങലുകള്‍. ചെറിയ ചില വിജയങ്ങളില്‍ ഞാന്‍  മതിമറന്നിട്ടുമില്ല. ഈ കാലത്ത് ജനിച്ചുവളര്‍ന്ന ഒരു കുഞ്ഞ് എന്റെ നേരെ കൈ ഉയര്‍ത്തുമ്പോഴേക്കും ഞാന്‍ ഇവിടം വിട്ടുപോകും. പക്ഷേ, നിങ്ങളോട് എല്ലാം നശിപ്പിച്ചുകളഞ്ഞില്ലേ എന്ന് ചോദിക്കാതിരിക്കില്ല. തണ്ണീര്‍ത്തടങ്ങളും ചതുപ്പുകളും മാളുകള്‍ക്കും ലക്ഷ്വറി അപ്പാര്‍ട്ട്മെന്റുകള്‍ക്കും നികത്തിയത് നാം കാണുകയാണ്. വയലുകളുടെ നടുവിലൂടെ ഹൈവേകള്‍ ഉയരുകയാണ്. ഒരു പഞ്ചായത്തില്‍ മാത്രം 50 ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന ഒരിടവും ഈ ഭൂമിയിലുണ്ടാവില്ല. അറിവുള്ളവര്‍ നെഞ്ചില്‍ കൈവെച്ചുകൊണ്ട് പറഞ്ഞതെല്ലാം വികസനം എന്ന വായ്ത്താരികൊണ്ട് പറയുന്ന രാഷ്ട്രീയക്കാരന്‍, കൈകളില്‍ വീഴുന്ന വെള്ളിനാണയങ്ങള്‍ക്കു വേണ്ടിയാണ് പറയുന്നതെന്ന് ആര്‍ക്കാണ് അറിയാത്തത്? ഈ പ്രകൃതിയുടെ മേല്‍ യാതൊരു ലജ്ജയുമില്ലാതെ നടത്തിയ നഗ്‌നമായ ആക്രമണങ്ങള്‍ വന്‍ ദുരന്തമായി ജനങ്ങളെ കാത്തിരിക്കുന്നു. ഒറ്റ രാത്രികൊണ്ട് എല്ലാം കുത്തിയൊലിച്ചുപോയത് കേരളം മറന്നോ? ഭരണവും മാഫിയകളും ഇടനിലക്കാരും ചേര്‍ന്ന് നടത്തുന്ന ഈ കൊള്ളയ്ക്ക് നാം പറയുന്ന പേരാണ് വികസനം.

എന്തെങ്കിലും നേടാനോ പണമുണ്ടാക്കാനോ അല്ല പഠിപ്പിച്ചത്. ഭൂമിയെപ്പറ്റി, പ്രകൃതിയെപ്പറ്റി, ദേശീയതയെപ്പറ്റി ഞങ്ങളോട് എപ്പോഴും പറഞ്ഞിരുന്നു. കനിവുകളെക്കുറിച്ച്, ഉറവുകളെക്കുറിച്ച് അവര്‍ എപ്പോഴും ഓര്‍മിപ്പിച്ചു. പുസ്തകങ്ങളുടെ ലോകം ഞങ്ങളുടെ മുന്‍പില്‍ തുറന്നിട്ടശേഷം അച്ഛനമ്മമാര്‍ മാറിനിന്നില്ല. എന്റെയുള്ളിലെ ഏറ്റവും തെളിമയുള്ള ചിത്രങ്ങളിലൊന്ന് ആറന്മുളയില്‍ എന്റെ അമ്മയുടെ അമ്മ, ഞങ്ങളുടെ അമ്മച്ചിയമ്മ ഗ്രന്ഥപ്പലകയില്‍ പുസ്തകം നിവര്‍ത്തി വായിക്കുന്നതാണ്. ഞങ്ങളുടെ അവധിക്കാലങ്ങള്‍ അമ്മച്ചിയമ്മയോടൊപ്പം കഴിച്ചുകൂട്ടുന്ന ദിനങ്ങളാണ്. അതിന്റെ സൗന്ദര്യം, എന്റെയുള്ളില്‍ക്കിടന്ന് പമ്പയെപ്പോലെ ഓളംതല്ലുന്നുണ്ട്. അവിടത്തെ സര്‍പ്പക്കാവും പന്പ സൗമനസ്യത്തോടെ നല്‍കിയ ഉരുളന്‍കല്ലുകള്‍ പാകിയ മുറ്റവും മന്ദാരവും നന്ത്യാര്‍വട്ടവും വയല്‍വരമ്പുകളും പള്ളിയോടങ്ങളും മനുഷ്യരും ചേര്‍ന്ന ലോകം ഞങ്ങള്‍ക്ക് സൂക്ഷിക്കാന്‍ ഒരുപാട് ഓര്‍മകള്‍ നല്‍കി.

WEEKLY
പുസ്തകം വാങ്ങാം

തിരുവാറന്മുളയപ്പനും മനുഷ്യരും തിരുവോണത്തോണിയും നാട്ടിന്‍പുറത്തെ രുചികളും ചേര്‍ന്നൊരു ലോകവും ഈ നിമിഷംവരെ വിട്ടുപോയിട്ടില്ല. വായിക്കാതെ ഞങ്ങള്‍ക്ക് ശ്വസിക്കാനാവുമായിരുന്നില്ല. കവിതയുടെ മുഴക്കങ്ങള്‍ വീട്ടിലുണ്ടായിരുന്നു. അച്ഛന്‍ (കവിയും രാഷ്ട്രീയനേതാവുമായിരുന്ന ബോധേശ്വരന്‍) എപ്പോഴും കവിതകള്‍ ഉറക്കെ ചൊല്ലുമായിരുന്നു. അച്ഛനെഴുതുന്ന ഓരോ കവിതയും ചൊല്ലുമ്പോള്‍ ഞങ്ങള്‍ അത് ആഹ്ലാദത്തോടെ കേട്ടിരുന്നു. അച്ഛനും ഏറ്റവും പ്രിയപ്പെട്ടതായിരുന്നു ആശാന്റെ കവിതകള്‍. അതുപോലെ ശ്രീനാരായണ ഗുരുസ്വാമിയുടെയും കവിതകള്‍ ചൊല്ലിക്കേള്‍പ്പിക്കും. അച്ഛന്റെ ആത്മീയഗുരുവാകട്ടെ സാക്ഷാല്‍ വിവേകാനന്ദനാണ്.
എന്നും വീടുനിറയെ സദസ്സുകളാണ്. ചില ദിവസങ്ങള്‍ കാവ്യസദസ്സുകള്‍. മറ്റ് ചില ദിവസങ്ങള്‍ രാഷ്ട്രീയ സദസ്സുകള്‍. ഇതുരണ്ടുമല്ലെങ്കില്‍ ആധ്യാത്മിക സദസ്സുകള്‍. ഉറച്ച ദേശീയവാദിയായിരുന്നു അച്ഛന്‍. അതിലേറെ ഭാഷാഭിമാനിയും. കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരും സ്വാതന്ത്ര്യസമരസേനാനികളുമൊക്കെ വീട്ടില്‍ എപ്പോഴും കയറിവരും. അതൊരു വലിയ വിദ്യാഭ്യാസമാണ്.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്നും

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം​

Content Highlights: Sugathakumari Malayalam Interview Mathrubhumi Weekly