'ഇന്ത്യയിലെ മിക്ക വിവാഹിതരായ സ്ത്രീകളും അതിക്രമങ്ങള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കരുതുന്നു'


ഡോ. പി.എന്‍. സുരേഷ്‌കുമാര്‍

3 min read
Read later
Print
Share

Representative image | Photo: Freepik

ഡോ. പി.എന്‍. സുരേഷ്‌കുമാര്‍ രചിച്ച 'സ്ത്രീകളും മാനസികപ്രശ്‌നങ്ങളും പരിഹാരവും' എന്ന പുസ്തകത്തിലെ 'സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍' എന്ന ഭാഗത്തില്‍നിന്ന്;

പുരുഷന്മാര്‍ സ്ത്രീകളെ ശാരീരികമായോ ലൈംഗികമായോ ആക്രമിക്കുന്നതിനെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഗാര്‍ഹികപീഡനം, ലൈംഗികാതിക്രമം, കൊലപാതകം എന്നിവയാണ് സാധാരണയായി സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍. നമ്മുടെ രാജ്യത്ത് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ലിംഗ അസമത്വത്തിന്റെ ചുവടുപിടിച്ചാണ് പുരുഷന്മാര്‍ മിക്കപ്പോഴും ഇത്തരം അതിക്രമങ്ങള്‍ക്കു മുതിരുന്നത്. യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ എല്ലാംതന്നെ പുറംലോകം അറിയുന്നില്ല. ഒട്ടേറെ അക്രമങ്ങളെ കുറ്റകൃത്യങ്ങളായി കരുതാത്തതുകൊണ്ടോ ഭാരതീയസംസ്‌കാരത്തിന്റെ ചില മൂല്യങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമായി അവ വാര്‍ത്തകളായോ പരാതികളായോ ഉയര്‍ന്നുവരാത്തതുകൊണ്ടോ ആണ് ഇങ്ങനെ സംഭവിക്കുന്നത്. അക്രമത്തിന് ഇരയാകുന്നവര്‍ പരിഹാസപാത്രങ്ങള്‍ ആകുന്നതുകൊണ്ടോ അവര്‍ക്കും കുടുംബത്തിനും മാനഹാനി ഉണ്ടാകാമെന്നതുകൊണ്ടോ ആണ് ഇത്തരം അതിക്രമങ്ങള്‍ പുറംലോകം അറിയാതെ പോകുന്നത്. ഇരകള്‍ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവയ്ക്കുന്നത് കുറ്റവാളികളുടെ കുടുംബത്തില്‍നിന്നും കൈക്കൂലി വാങ്ങി കേസുകള്‍ തേച്ചുമാച്ചു കളയാന്‍ പോലീസ് അധികാരികള്‍ക്കും പ്രചോദനമാകുന്നു.

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഓരോ മൂന്നു മിനിറ്റിലും ഒരു സ്ത്രീ അതിക്രമത്തിന് ഇരയാകുന്നുവെന്നും ഇന്ത്യയിലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. ഇന്ത്യയിലെ 65% പുരുഷന്മാരും സ്ത്രീകള്‍ ശാരീരികപീഡനങ്ങള്‍ക്ക് അര്‍ഹരാണെന്നും കുടുംബത്തിന്റെ നിലനില്‍പ്പിന് സ്ത്രീകള്‍ അല്പസ്വല്പം അതിക്രമങ്ങള്‍ക്ക് വിധേയരായി കഴിയേണ്ടവരാണെന്നും വിശ്വസിക്കുന്നവരാണ്. രാജ്യത്തെ പുരുഷന്മാരില്‍ 24% പേര്‍ അവരുടെ ജീവിതകാലയളവില്‍ ഒരിക്കലെങ്കിലും സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് 2011-ല്‍ നടന്ന ഇന്റര്‍നാഷണല്‍ മെന്‍ ആന്‍ഡ് ജെന്‍ഡര്‍ ഇക്വാലിറ്റി സര്‍വേ വെളിപ്പെടുത്തുന്നു. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും തടയാനായി പോലീസ് വകുപ്പ് ഇന്ന് ഒട്ടേറെ സംസ്ഥാനങ്ങളില്‍ ''ഷീ-ടീമുകള്‍''ക്ക് തുടക്കമിട്ടിട്ടുണ്ട്. 2019-ല്‍ ഇന്ത്യയിലെ ഒരു കോടി സ്ത്രീകളില്‍ 3880 പേര്‍ അതിക്രമങ്ങള്‍ക്ക് ഇരയായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2019-ല്‍ കേരളത്തില്‍ 14,293 അതിക്രമകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാക്ഷരതയില്‍ മുന്നിട്ടുനില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരളംപോലുള്ള സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് തികഞ്ഞ നാണക്കേട് ഉണ്ടാക്കുന്നു.

കൊലപാതകങ്ങള്‍, സ്ത്രീധനമരണങ്ങള്‍

സ്ത്രീധനത്തെ സംബന്ധിച്ച കലഹത്തെത്തുടര്‍ന്ന് വിവാഹിതയായ സ്ത്രീ ആത്മഹത്യ ചെയ്യുന്നതോ കൊലപാതകത്തിന് ഇരയാകുന്നതോ ആണ് സ്ത്രീധനമരണം. ചില വീടുകളില്‍ ഭര്‍ത്താക്കന്മാരും അവരുടെ ബന്ധുക്കളും ഭാര്യമാരെ കൂടുതല്‍ സ്ത്രീധനം ലഭിക്കുന്നതിനുവേണ്ടി നിരന്തരം പീഡിപ്പിക്കുന്നതും ഉപദ്രവിക്കുന്നതും ചിലപ്പോള്‍ അവരെ ആത്മഹത്യയിലേക്ക് നയിക്കുന്നു.

മിക്കപ്പോഴും ആത്മഹത്യയ്ക്കായി തിരഞ്ഞെടുക്കുന്ന രീതികള്‍ തൂങ്ങിമരണം, വിഷം കഴിക്കല്‍, തീ കൊളുത്തല്‍ എന്നിവയാണ്. സ്ത്രീകള്‍ തീയില്‍ അകപ്പെട്ട് മരിക്കുന്നതിനെ തീപ്പൊള്ളല്‍ മരണമെന്ന് പറയുന്നു. തീപ്പൊള്ളല്‍ മരണങ്ങളെ പലപ്പോഴും ആത്മഹത്യയായോ അപകടമായോ ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കാറുണ്ട്. സ്ത്രീയെ ചുട്ടുകൊന്നതിനു ശേഷം അത് മണ്ണെണ്ണ സ്റ്റൗവില്‍നിന്നും തീ പടര്‍ന്നുള്ള മരണമാണെന്ന് പുറംലോകത്തെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. സ്ത്രീധനം ഇന്ത്യയില്‍ നിയമവിരുദ്ധമാണെങ്കിലും വിവാഹസമയത്ത് വധുവിന്റെ വീട്ടുകാര്‍ വരനും അയാളുടെ ബന്ധുക്കള്‍ക്കും വിലയേറിയ സമ്മാനങ്ങള്‍ നല്‍കുന്നത് ഇന്നും പതിവാണ്. കേരളത്തില്‍ ഭാഗ്യവശാല്‍ സ്ത്രീധനസംബന്ധിയായ മരണങ്ങള്‍ വളരെ കുറവാണ്. 2019-ല്‍ വെറും ആറ് സ്ത്രീധനമരണങ്ങള്‍ മാത്രമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്തുകൊണ്ടാണ് ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടുന്നത്?

നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ സ്ഥിരമായി നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ ഭാരതീയസംസ്‌കാരത്തിന്റെ ഭാഗമായി നിലകൊള്ളുന്ന ലിംഗവിവേചനത്തിന്റെ, വിവിധ വ്യവസ്ഥകളുടെ തുടര്‍ച്ചയാണ്. വളരെ ചെറിയ പ്രായത്തില്‍ത്തന്നെ പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളെ അപേക്ഷിച്ച് വളരെ പരിമിതമായ വിദ്യാഭ്യാസം മാത്രമാണ് ലഭിക്കുന്നത്. 80 ശതമാനം ആണ്‍കുട്ടികള്‍ക്കും പ്രാഥമികവിദ്യാഭ്യാസം ലഭിക്കുമ്പോള്‍ ആകെ പെണ്‍കുട്ടികളില്‍ പകുതിയില്‍ അല്പം കൂടുതല്‍ പേര്‍ക്കു മാത്രമേ അതിനുള്ള അവസരം ലഭിക്കുന്നുള്ളു. ലിംഗവിവേചനം നേരിടുന്ന പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളതും പോഷകഗുണങ്ങള്‍ ഉള്ളതുമായ ആഹാരപദാര്‍ത്ഥങ്ങളും മതിയായ അളവിലുള്ള ഭക്ഷണവും മിക്കപ്പോഴും ലഭിക്കാറില്ല. പെണ്‍കുട്ടികളെ ഭാവിജീവിതത്തില്‍ അവര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന അസമത്വങ്ങളെക്കുറിച്ച് പഠിപ്പിക്കുമെങ്കിലും ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളുടെ അവസ്ഥയെക്കുറിച്ചുള്ള ബോധവല്‍ക്കരണം നല്‍കാറില്ല. പെണ്‍കുട്ടികളെയും സ്ത്രീകളെയും ആണ്‍കുട്ടികള്‍ തുല്യരായി പരിഗണിക്കാത്തതിന്റെ കാരണമിതാണ്. പിന്നീടുള്ള ജീവിതത്തില്‍ സാമൂഹികാന്തരീക്ഷം ആണ്‍-പെണ്‍ അസമത്വത്തെ ബലപ്പെടുത്തുമ്പോഴാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഉണ്ടാകുന്നത്. ഇന്ത്യയില്‍ മിക്ക വിവാഹിതരായ സ്ത്രീകളും അതിക്രമങ്ങള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കരുതുന്നു.

പുസ്തകത്തിന്റെ കവര്‍

സ്ത്രീകളുടെ സുരക്ഷ അവരുടെ സ്വന്തം ഉത്തരവാദിത്വമാണെന്നും സ്ത്രീകളുടെ കുറ്റംകൊണ്ടാണ് അവര്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതെന്നും മറ്റുമുള്ള വര്‍ത്തമാനങ്ങള്‍ കേള്‍ക്കുമ്പോള്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് മിക്കപ്പോഴും നാണക്കേടുണ്ടാകുന്നു. അതിനു പുറമെ കുടുംബത്തിന്റെ മൊത്തത്തിലുള്ള അഭിമാനസംരക്ഷണം പോലുള്ള സാമൂഹികവും സാംസ്‌കാരികവുമായ വിശ്വാസങ്ങളും സ്ത്രീകളെ അതിക്രമങ്ങള്‍ സഹിച്ച് ഒതുങ്ങിക്കൂടാന്‍ പ്രേരിപ്പിക്കുന്നു. ലിംഗപരമായ അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്ന സ്ത്രീകള്‍ അക്കാര്യം പുറത്തു പറയാതിരുന്നാല്‍ ഒരുവിധത്തിലുള്ള സഹായവും ലഭിക്കില്ല. നിയമപാലകര്‍ പലപ്പോഴും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനാണ് ശ്രമിക്കുക. ഒരു സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയായോ എന്ന് തിരിച്ചറിയാന്‍ നിലവില്‍ എടുത്തു പറയത്തക്ക വിധത്തിലുള്ള പരിശോധനകള്‍ ഒന്നുംതന്നെയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ക്കൂടി ചെയ്യുന്ന 'രണ്ടുവിരല്‍ പരിശോധന'(Two-finger test) പോലുള്ള പ്രാകൃതമായ മാര്‍ഗ്ഗങ്ങള്‍ ഡോക്ടര്‍മാര്‍ അവലംബിക്കുന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. അടുത്തിടെ സുപ്രീംകോടതി ഈ പരിശോധന നിരോധിച്ചു.

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ ചില സംഘടനകള്‍ ഇന്ന് നിലവിലുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'ഡിലാസ' (Dilaasa), എന്ന ആശുപത്രി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രശ്‌നപരിഹാരകേന്ദ്രം. 'സെഹാറ്റ്'(CEHAT) എന്ന പേരിലുള്ള ഒരു സഹായകേന്ദ്രവുമായി യോജിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അവര്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരെ ശരിയായ വിധത്തില്‍ പരിചരിക്കുകയും ലിംഗ അസമത്വം ഇല്ലാതാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

Content Highlights: Sthreekalum manasika prasnangalum pariharavum, Book excerpt, Mathrubhumi books

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Strike

4 min

റെയില്‍വേ യൂണിയനുകളുടെ വളര്‍ച്ചക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനവുമായി എന്ത് ബന്ധം?

Sep 28, 2023


Jaivadarsanangal: samooham,sasthram, prathirodham

10 min

പാശ്ചാത്യശൈലിയിലുള്ള വ്യവസായവത്കരണം യോജിച്ചതല്ലെന്ന്‌ ഗാന്ധി ദീര്‍ഘദര്‍ശനം ചെയ്തിരുന്നു

Nov 7, 2021


Cyber sex addiction

4 min

സൈബര്‍ സെക്‌സ് ആസക്തി; കുടുംബം തകര്‍ക്കും സമാധാനം കെടുത്തും, വേണ്ടത് ബോധവല്‍ക്കരണം

Sep 29, 2023

Most Commented