'ഭാസിയണ്ണന്‍ എനിക്ക് ദൈവതുല്യനാണ്. എന്റെ കാവല്‍മാലാഖ. അദ്ദേഹമില്ലാത്ത നിരവധി സെറ്റുകളില്‍ മറ്റു പല നടന്മാരോടൊപ്പം അഭിനയിക്കേണ്ടിവന്നിട്ടുണ്ട്. അവരില്‍ ഒരാള്‍പോലും എന്നോട് ഒരു ദുസ്സ്വാതന്ത്ര്യം കാട്ടാന്‍ ശ്രമിക്കുകയോ, അനാവശ്യമായി അടുപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. കാരണം, ഈ കാവല്‍മാലാഖതന്നെ.' ഭാസിയുടെ സ്വന്തം ആള്‍ എന്ന ലേബല്‍ തന്റെ സിനിമാജീവിതത്തിലുടനീളം കരുത്തും സുരക്ഷയും നല്കി എന്ന സത്യം അഭിമാനത്തോടെ ആരോടും പറയാനും ശ്രീലതയ്ക്ക് മടിയില്ല; അതിന്റെ പേരില്‍ അപവാദപ്രചരണങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ടെങ്കില്‍പ്പോലും. ഭാസി എന്ന വ്യക്തിയെ ഇത്രയേറെ അടുത്തറിഞ്ഞവര്‍ വേറെയുണ്ടോ എന്നതും സംശയമാണ്. സ്‌നേഹവും കാരുണ്യവും കരുതലും ഏറെ ഉണ്ടായിരുന്നു അദ്ദേഹത്തിന് എന്നോട്. എന്നാല്‍, ഒരിക്കല്‍പ്പോലും ഒരു കാമുകനെപ്പോലെ എന്നോട് സംസാരിച്ചിട്ടേയില്ല. നിങ്ങള്‍ എന്നു മാത്രമേ വിളിക്കൂ. 

പതിനാറു വയസ്സിന്റെ പ്രായവ്യത്യാസം. പക്ഷേ, എല്ലാം തുറന്നുപറയാവുന്ന സൗഹൃദം. പൂര്‍ണസ്വാതന്ത്യം. പക്ഷേ, അതു രണ്ടുപേരും ദുര്‍വിനിയോഗം ചെയ്തുമില്ല. ഒരിക്കല്‍ സെറ്റില്‍വെച്ച് എന്തുകൊണ്ടാണ് വിവാഹം ചെയ്യാത്തതെന്ന് ഭാസിയോട് ചോദിച്ചു. 'ഞാനീ ഉണ്ടാക്കിയ കാശ് ഒരു പരിചയവുമില്ലാത്ത ഏതോ ഒരു പെണ്ണിന് തോന്ന്യാസം കാട്ടാന്‍ കൊടുക്കുന്ന പ്രശ്‌നമില്ല' എന്നായിരുന്നു മറുപടി. പക്ഷേ, അതൊന്നുമായിരിക്കില്ല ഭാസി വിവാഹം കഴിക്കാതിരുന്നതിനു കാരണം. ജീവിതത്തില്‍ പരിപൂര്‍ണസ്വാതന്ത്ര്യം, അതാണ് ഭാസിയണ്ണന്‍ ആഗ്രഹിച്ചത്. ഉപദേശം തീരേ ഇഷ്ടമല്ല. സര്‍വതന്ത്ര സ്വതന്ത്രനായി നടക്കണം. ജീവിതം ഒരു ഉത്സവംപോലെ ആഘോഷിക്കണം. അഭിനയിച്ചുകൊണ്ടേയിരിക്കണം. ബാക്കിസമയം സുഹൃത്തുക്കള്‍ക്കൊപ്പം തമാശകള്‍ പറഞ്ഞും മദ്യപിച്ചും ഇഷ്ടഭക്ഷണം കഴിച്ചും ആസ്വദിക്കണം. കല്യാണം കഴിച്ചാല്‍ ഈ സ്വാതന്ത്ര്യമെല്ലാം പോകും. ഒരു പെണ്ണിനായി സമയം ക്ലിപ്തപ്പെടുത്തണം. അതൊന്നും തനിക്കു പറ്റില്ല. അതായിരുന്നു ഭാസിയെ വിവാഹജീവിതത്തില്‍നിന്നും മാറ്റിനിര്‍ത്തിയിരുന്നത്.

എന്നാല്‍ ഇത്രയും പരസ്പരം അറിഞ്ഞൊരാളെ വിവാഹം ചെയ്യാന്‍ ശ്രീലതയ്ക്കും താത്പര്യമുണ്ടായിരുന്നില്ല. കാരണം, അദ്ദേഹം സ്വാര്‍ഥനാണ് എന്നാണ് മിക്കപ്പോഴും എനിക്കു തോന്നിയത്. മറ്റൊരാള്‍ക്കുകൂടി എല്ലാം പങ്കുവെക്കാന്‍ മനസ്സില്ലാത്ത ഒരാളെ എങ്ങനെ ഭര്‍ത്താവാക്കും. അതുകൊണ്ടുതന്നെ എത്ര അടുപ്പമുണ്ടായിട്ടും അദ്ദേഹത്തെ ഭര്‍ത്തൃസ്ഥാനത്തു കാണാന്‍ തനിക്കു കഴിഞ്ഞിട്ടേയില്ല. എത്രയേറെ അപവാദപ്രചരണങ്ങളുണ്ടായി. അതൊന്നും എതിര്‍ക്കാനോ വിശദീകരിക്കാനോ നിന്നിട്ടില്ല. ആ പേരുമായി എന്റെ പേര് ചേര്‍ത്തു പറയുന്നതില്‍ ഞാന്‍ അന്നും ഇന്നും അഭിമാനിക്കുന്നു. നല്ല തറവാടിത്തം, സകലകലാവല്ലഭന്‍, എപ്പോഴും നര്‍മത്തില്‍ കുതിര്‍ന്ന സൗമ്യസംഭാഷണം, കരുതല്‍, സ്‌നേഹം എന്നിട്ടും അദ്ദേഹത്തിന്റെ ഭാര്യയായി ജീവിക്കണം എന്നൊരിക്കല്‍പ്പോലും ആഗ്രഹിച്ചിട്ടില്ല.

എന്നാല്‍ ഭാസിയെ കല്യാണം കഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടായിരുന്നു. സുകുമാരി, ടി.ആര്‍.ഓമന എന്നിവരുമായി കല്യാണാലോചനകള്‍ ഔപചാരികമായിത്തന്നെ നടക്കുകയും ചെയ്തു. സുകുമാരിയുമായി കല്യാണം നടക്കുമെന്ന് ഏതാണ്ട് ഉറപ്പായതുമാണ്. പക്ഷേ, അവസാനനിമിഷം അദ്ദേഹം അതു വേണ്ടെന്നുവെച്ചു. ചോദിച്ചപ്പോള്‍ മറുപടി ഉണ്ടായി.

'കല്യാണം കഴിക്കരുത്. ആരെയും കണ്ണടച്ചു വിശ്വസിക്കുകയും അരുത്.' അതായിരുന്നു ഉപദേശരൂപത്തില്‍ പറഞ്ഞത്. ഒടുവില്‍ ഡോക്ടറായ പരമേശ്വരന്‍ നമ്പൂതിരിയെ താന്‍ വിവാഹം ചെയ്യാന്‍ പോകുന്നു എന്നു പറഞ്ഞപ്പോഴും ഉപദേശം വന്നു: 'കല്യാണം കഴിക്കാതിരിക്കുന്നതാണ് കലാകാരന്മാര്‍ക്ക് നല്ലത്. ഒരു കലാകാരനും കുടുംബജീവിതത്തില്‍ ആത്മാര്‍ഥത പുലര്‍ത്താന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഇല്ലെങ്കില്‍ അഭിനയം പൂര്‍ണമായും നിര്‍ത്തണം. ഭര്‍ത്താവിന് സംരക്ഷണത്തിനുള്ള കഴിവുണ്ടോ, വീട്ടുകാര്‍ എങ്ങനെ എന്നൊക്കെ വിശദമായി അന്വേഷിക്കണം.' 'എല്ലാം അന്വേഷിച്ചു. ഇങ്ങോട്ടു വന്ന പ്രൊപ്പോസലാണ്. വേനല്‍മഴ എന്ന ശ്രീകുമാരന്‍ തമ്പിയുടെ ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള പരിചയം. ഒന്നിച്ചഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ ഡോ.നമ്പൂതിരി ചോദിച്ചു, 'തന്നെ വിവാഹം കഴിക്കുമോ' എന്ന്. പിന്നെ എന്റെ കലാപരിപാടികള്‍ക്കും കച്ചേരിക്കും ഒക്കെ വരാറുണ്ട്. നല്ല മനുഷ്യനാണ്.' 

ശ്രീലതയുടെ വിശദീകരണത്തിന് ഉടന്‍ വന്നു ഭാസിയുടെ മറുപടി: 'ശരി, കൊള്ളാം. പക്ഷേ, വിവാഹാനന്തരം സിനിമയിലേക്ക് തിരിച്ചുവരരുത്. പക്ഷേ, ദൈവം അനുഗ്രഹിച്ചുതന്ന കഴിവുണ്ടല്ലോ, പാടാനുള്ള കഴിവ്. അത് വിടരുത്. കച്ചേരികള്‍ക്ക് പോവണം.' ആ വാക്കുകള്‍ അപ്പടി അനുസരിച്ചു. പിന്നീട് ഭര്‍ത്താവിന്റെ മരണംവരെ അഭിനയിച്ചിട്ടില്ല. ശ്രീലതയുടെ കല്യാണത്തില്‍ ഭാസി സജീവമായി പങ്കെടുത്തു. കല്യാണച്ചടങ്ങിനും റിസപ്ഷനും അദ്ദേഹം പങ്കെടുത്തു. അപവാദങ്ങള്‍ പറഞ്ഞ പത്രക്കാരെ നോക്കി സ്വതസ്സിദ്ധമായ ചിരിയും പാസാക്കി. അപവാദങ്ങള്‍ ഉണ്ടായിട്ടും ഭാസി ഒരിക്കല്‍പ്പോലും അതൊന്നും നിഷേധിച്ചില്ല. പത്രക്കാര്‍ സെറ്റില്‍ വരുമ്പോള്‍ ഭാസി ശ്രീലതയോട് മനഃപൂര്‍വം കൂടുതല്‍ അടുപ്പം കാട്ടും. ശ്രീലതയെ നോക്കി കള്ളിച്ചിരി ചിരിക്കും. എല്ലാം പത്രക്കാരെ ചൊടിപ്പിക്കാന്‍. എഴുതിക്കോട്ടെ. പബ്ലിസിറ്റികൊണ്ട് ഗുണമേയുള്ളൂ. ദോഷപ്പെടില്ലതാനും. പക്ഷേ, മറ്റ് ഹാസ്യതാരങ്ങള്‍ക്കൊപ്പം ശ്രീലത അഭിനയിക്കുമ്പോള്‍ ഭാസിയിലെ 'പൊസസീവ്‌നെസ്' പുറത്തുചാടിയെന്നിരിക്കും. മാള, കുതിരവട്ടം എന്നിവര്‍ക്കൊപ്പമൊക്കെ ചില സിനിമകളില്‍ വേഷം ചെയ്യാന്‍ പോകുന്നു എന്നറിയുമ്പോള്‍ ഒട്ടും എതിര്‍പ്പ് പ്രകടിപ്പിക്കില്ല. പക്ഷേ പറയും, 'പൊയ്‌ക്കോ, പോയി നന്നായി അഭിനയിച്ചോ. പക്ഷേ, ഞാന്‍ ഉണ്ടാക്കുംപോലെ നിങ്ങള്‍ക്കുവേണ്ടി സിറ്റുവേഷനും സംഭാഷണവും ഒക്കെ എഴുതിക്കൊണ്ടായിരിക്കില്ല അവരു വരുന്നത്.'

സിനിമയില്‍ രണ്ടാളും ഒന്നിച്ച് ഇരുപതില്‍പ്പരം പാട്ടുകള്‍ പാടി അഭിനയിച്ചിട്ടുണ്ട്. അതില്‍ ഹലോ ഡാര്‍ലിങ് എന്ന ചിത്രത്തില്‍ 'ഹം തും ഏക് കമരേ മേം' എന്ന ഗാനചിത്രീകരണം മറക്കാന്‍ വയ്യ. അച്ചാരം അമ്മിണി ഓശാരം ഓമന, ആദ്യപാഠം, രഘുവംശം എന്നീ ചിത്രങ്ങള്‍ അടൂര്‍ ഭാസിയുടെ സംവിധാനത്തില്‍ ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യവും തനിക്കുണ്ടായി.കമലഹാസന്‍ നായകനായ മദനോത്സവം എന്ന ഹിറ്റ് ചിത്രത്തിലെ ഭാസിയും ശ്രീലതയും ഒന്നിച്ചുള്ള എല്ലാ സീനുകളും ഭാസിതന്നെ എഴുതിയതാണ്. മിക്കപ്പോഴും അദ്ദേഹത്തെ സംവിധായകനും നിര്‍മാതാക്കളും മുതലെടുക്കുകയായിരുന്നു. ഭാര്യയും കുട്ടികളും മറ്റ് പ്രാരാബ്ധങ്ങളും ഒന്നുമില്ലാത്തതിനാല്‍ കിട്ടുന്ന സമയം മുഴുവന്‍ തങ്ങളുടെ സിനിമകളില്‍ ഹാസ്യരംഗങ്ങള്‍ സൃഷ്ടിക്കാന്‍ ഭാസിയെ ഈ സംവിധായകര്‍ ഉപയോഗിക്കുമായിരുന്നു. പ്രതിഭാശാലിയായിരുന്നതിനാല്‍ ആ ജോലി ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് തെല്ലും മടി ഉണ്ടായിരുന്നുമില്ല.

ഏറെ ഭക്ഷണപ്രിയനായിരുന്നു. ആരോഗ്യം തീരേ ശ്രദ്ധിക്കാത്ത ആളായിരുന്നു. നല്ല ഭക്ഷണം പക്ഷേ, ഉണ്ടാക്കിക്കൊടുക്കാന്‍ ആരുമില്ലായിരുന്നു. മാറിമാറി വരുന്ന ജോലിക്കാരുണ്ടാക്കുന്ന ഭക്ഷണം കഴിച്ചു മടുത്തിരിക്കുമ്പോള്‍ കൊതി പറയും. അപ്പോള്‍ സുകുമാരിയും മീനയും മാറിമാറി നല്ല ഭക്ഷണം ഉണ്ടാക്കി അദ്ദേഹത്തിന് എത്തിക്കുമായിരുന്നു. വളരെ സന്തോഷത്തോടെയും തൃപ്തിയോടെയുമാണ് അദ്ദേഹം അത് കഴിക്കുക.

ഭാസിയുമൊത്ത് നിരവധി ലൊക്കേഷന്‍ യാത്രകള്‍ ശ്രീലത നടത്തിയിട്ടുണ്ട്. അമേരിക്ക ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചിട്ടുമുണ്ട്. ശാരദ, തിക്കുറിശ്ശി, അടൂര്‍ ഭാസി എന്നിവര്‍ക്കൊപ്പം ഹോളിവുഡ് സന്ദര്‍ശിച്ചിട്ടുമുണ്ട്. അന്ന് കലാപരിപാടികള്‍ക്കിടയില്‍ ഭാസിയണ്ണന് ചന്തിയില്‍ വലിയ കുരു വന്ന് പൊട്ടി. കഠിനമായ വേദനയായിരുന്നു. പ്രമേഹരോഗിയുമാണ്. പക്ഷേ, പരിപാടി നടത്തിയേ തീരൂ. പാട്ടും കഥാപ്രസംഗവും ലഘുനാടകവും ഒക്കെയുണ്ട്. എല്ലാറ്റിലും ഭാസിയണ്ണന്‍ കൂടിയേതീരൂ. പരിപാടി തുടങ്ങുംമുന്‍പ് ചന്തിയിലെ കുരു പൊട്ടി. ശാരദയും തിക്കുറിശ്ശിച്ചേട്ടനും ഞാനുംകൂടി അത് വൃത്തിയായി ഡ്രസ്സ് ചെയ്തു. പക്ഷേ, കഠിനമായ വേദനയാണദ്ദേഹം അപ്പോള്‍ അനുഭവിച്ചത്. കൊച്ചുകുട്ടികളെപ്പോലെ ഭാസിയണ്ണന്‍ കരഞ്ഞു. അതു കണ്ട് ഞങ്ങള്‍ക്കെല്ലാം സങ്കടം വന്നു. പക്ഷേ, സ്റ്റേജിലെത്തിയപ്പോള്‍ ആളാകെ മാറി. അങ്ങനെയൊരു സംഭവം നടന്ന മട്ടേയില്ല. തകര്‍പ്പന്‍പ്രകടനം. ഗംഭീരമായ കരഘോഷം.

വിജയശ്രീലാളിതനായി മുറിയിലെത്തിയപ്പോള്‍ വീണ്ടും വേദന, കരച്ചില്‍; ഒരു കൊച്ചുകുട്ടിയെപ്പോലെ. പക്ഷേ, ബോംബെയിലെ ഷണ്‍മുഖാനന്ദഹാളില്‍ നടന്ന സംഭവം ഇതില്‍നിന്നും തികച്ചും വേറിട്ടുനില്ക്കുന്നു. 1978ലാണെന്നാണ് ഓര്‍മ. അടൂര്‍ ഭാസിയുടെ ഹാസ്യകഥാപ്രസംഗം, നാടകം, ഗാനമേള എന്നിങ്ങനെ ഗംഭീരപരിപാടികള്‍ എന്നു പറഞ്ഞ് സംഘാടകര്‍ നോട്ടീസടിച്ച് കാശു പിരിച്ചു. എന്നാല്‍, ഞങ്ങളെ അതിഥികളായി ചടങ്ങിനു ക്ഷണിക്കുക മാത്രമാണ് സംഘാടകര്‍ ചെയ്തത്. അവിടെ എത്തിയപ്പോഴാണ് നോട്ടീസു കണ്ടതും വിവരമറിഞ്ഞതും. ഹാളില്‍ നിറഞ്ഞുകവിഞ്ഞ ജനം ഭാസിയണ്ണന്റെ കലാപ്രകടനങ്ങള്‍ക്കായി കാത്തിരിക്കുന്നു. ക്ഷണിച്ച സംഘാടകര്‍ മുങ്ങി. 

രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ല. നാടകമോ കഥാപ്രസംഗമോ ഒന്നും നേരത്തേ പ്രാക്ടീസ് ചെയ്തിട്ടുമില്ല. ഞങ്ങള്‍ ആകെ തളര്‍ന്നു. ആരോ കുപ്പിയുമായി എത്തി ഭാസിയണ്ണന് ഒഴിച്ചുകൊടുക്കാനും തുടങ്ങി. കൂക്കുവിളിയും അട്ടഹാസവും കൂടിവന്നു. എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല. ഒടുവില്‍ മദ്യപിച്ചു ഫിറ്റായ ഭാസിയണ്ണന്‍ സ്റ്റേജില്‍ ചാടിക്കയറി. ഞങ്ങള്‍ അമ്പരന്ന് നോക്കിനില്ക്കുമ്പോള്‍ അദ്ദേഹംതന്നെ കൈകള്‍കൊണ്ട് കര്‍ട്ടന്‍ പൊക്കി. കനത്ത കൂവലോടെ ജനം വരവേറ്റു. പെട്ടെന്ന് മൈക്ക് കൈയിലെടുത്ത് അദ്ദേഹം ഒരൊറ്റക്കൂവല്‍. ഹാളിലെ ജനക്കൂട്ടം അമ്പരന്ന് വാപൊളിച്ചു നില്‌ക്കെ ഒന്നുകൂടി ഉച്ചത്തില്‍ കൂവിയിട്ട് അദ്ദേഹം കര്‍ട്ടന്‍ താഴേയിട്ടു. അല്പനേരത്തേക്ക് സ്തബ്ധരായ ജനം ബഹളംകൂട്ടി എത്തുംമുന്‍പേ പിന്‍വാതിലിലൂടെ പോലീസിന്റെ സഹായത്തോടെ ഞങ്ങളെ ചില സുഹൃത്തുക്കള്‍ രക്ഷപ്പെടുത്തി എയര്‍പോര്‍ട്ടിലെത്തിച്ചു.

പിറ്റേന്ന് എറണാകുളത്ത് നസീര്‍ സാറിനൊപ്പമായിരുന്നു ഷൂട്ട്. സെറ്റിലെത്തിയപ്പോള്‍ നസീര്‍സാര്‍ ചോദിച്ചു, 'എങ്ങിനുണ്ടായിരുന്നു ഇന്നലത്തെ ഫങ്ഷന്‍.' 'ഗംഭീരം' എന്നായിരുന്നു ഭാസിയണ്ണന്റെ മറുപടി. 'ഇതേവരെ സ്റ്റേജില്‍ ഞാനവതരിപ്പിക്കാത്ത ഒരു പരിപാടി ഞാനവതരിപ്പിച്ചു. ജനം ഞെട്ടിപ്പോയില്ലേ.' ഭാസിയണ്ണന്‍ എന്നെ നോക്കി കണ്ണിറുക്കിക്കാട്ടിക്കൊണ്ട് നസീര്‍സാറിനോട് പറഞ്ഞു. 'അതേയതേ ഞെട്ടാതിരിക്കുമോ, ഭാസിയുടെ അഭിനയവും പാട്ടുമല്ലേ അവര്‍ കണ്ടിട്ടും കേട്ടിട്ടുമുള്ളൂ. കൂവല്‍ ആദ്യമായി കേള്‍ക്കുകയല്ലേ.' എന്നിട്ട് നസീര്‍ സാര്‍ പതിവുപോലെ സുന്ദരമായി ചിരിച്ചു. ഭാസിയണ്ണന്‍ ചമ്മി. കാര്യങ്ങള്‍ ഞങ്ങളെത്തുംമുന്‍പേ നസീര്‍ സാര്‍ അറിഞ്ഞുകഴിഞ്ഞിരുന്നു. 

പക്ഷേ, എന്തൊക്കെ പറഞ്ഞാലും കളിയാക്കിയാല്‍പ്പോലും നസീര്‍-ഭാസി കൂട്ടുകെട്ടിലെ സൗഹൃദത്തില്‍ ഒരിക്കല്‍പ്പോലും വിള്ളലുണ്ടായതായി കണ്ടിട്ടില്ല. അഭിനയിക്കുമ്പോള്‍ മാത്രമല്ല, സ്റ്റേജിലും നസീറിനെക്കാള്‍ കേമത്തം ഭാസി കാട്ടാറുണ്ട്. ഒപ്പം അഭിനയിക്കുമ്പോള്‍ നസീര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കൗണ്ടര്‍ ഡയലോഗുകളും പ്രകടനങ്ങളും ഉണ്ടാകും. അപ്പോഴെല്ലാം അതാസ്വദിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുക. പല സ്റ്റേജ് പരിപാടികളിലും നസീറിനെക്കാള്‍ ജനങ്ങളുടെ കൈയടി ഭാസിക്കാണ് കിട്ടുക. പക്ഷേ, അസൂയയോ വിദ്വേഷമോ ഒരിക്കല്‍പ്പോലും ഉണ്ടാകാറില്ല. സിനിമയില്‍ അത്യപൂര്‍വമായി കാണാറുള്ള നന്മയുടെ പ്രതീകമായിരുന്നു നസീര്‍-ഭാസി കൂട്ടുകെട്ട്.

സെറ്റുകളില്‍നിന്ന് സെറ്റുകളിലേക്കുള്ള പാച്ചിലിനിടയില്‍ എപ്പോഴും കാണാറുള്ള മുഖങ്ങളാണ് നസീറും ഭാസിയും ബഹദൂറും ശങ്കരാടിയും കെ.പി.ഉമ്മറും ഷീലയും ജയഭാരതിയുമൊക്കെ. തിരക്കിട്ട ഷൂട്ടിങ്. പക്ഷേ, ഇടവേളകള്‍ ഒരിക്കലും മറക്കാനാവാത്ത സന്തോഷം നിറഞ്ഞതായിരുന്നു. ഭാസിച്ചേട്ടന്റെ തമാശകള്‍കൊണ്ട് ശബ്ദമുഖരിതമായ അന്തരീക്ഷം. അതു കേട്ട് നിറഞ്ഞ മനസ്സോടെ ചിരിക്കുന്ന മറ്റുള്ള കലാകാരന്മാരും കലാകാരികളും. എല്ലാം കഴിയുമ്പോള്‍ തന്നോട് പാടാന്‍ പറയും. നിര്‍ബന്ധിച്ച് പാടിക്കും. ശാസ്ത്രീയസംഗീതം പഠിക്കാന്‍ നിര്‍ബന്ധിച്ചതും മഹാ ഗുരുവായ ദക്ഷിണാമൂര്‍ത്തിസ്വാമിയെ വിജയ ഗാര്‍ഡന്‍സില്‍ വെച്ച് പരിചയപ്പെടുത്തിയതും ശിഷ്യയാക്കിയതും ഭാസിയണ്ണനാണ്. ഇന്നും ആ സംഗീതസപര്യ തുടരുന്നതും അന്ന് ഭാസിയണ്ണന്റെ നിര്‍ബന്ധംകൊണ്ട് താന്‍ നേടിയെടുത്ത കഴിവാണ്.

അങ്ങനെ ഉത്സവാഘോഷങ്ങളോടെ ആ ഷൂട്ടിങ്ങുകളും ഇടവേളകളും സ്റ്റേജ് ഷോകളും അസൂയയും സ്പര്‍ധയും ഇല്ലാത്ത സൗഹൃദക്കൂട്ടായ്മകളും പതുക്കെ കാലം മായ്ക്കാന്‍ തുടങ്ങി... ഒരിക്കലും തിരിച്ചുവരാത്തവിധം അടൂര്‍ ഭാസി രോഗിയായി. അതിനുമുന്‍പേതന്നെ ശ്രീലത അഭിനയമൊക്കെ നിര്‍ത്തി കുടുംബിനിയായി ഡോക്ടറായ ഭര്‍ത്താവിനൊപ്പം നാട്ടില്‍ താമസമാക്കി. ഭാസി രോഗിയായി വീട്ടില്‍ വിശ്രമത്തിലാണെന്നറിഞ്ഞ് ഭര്‍ത്താവുമൊത്ത് മദിരാശിയിലെ വീട്ടിലെത്തി കണ്ടു. 'കച്ചേരിക്കൊക്കെ പോകുന്നുണ്ട്' എന്നു പറഞ്ഞപ്പോള്‍ സന്തോഷമായി. 'പാട്ടു ദൈവം തന്ന കഴിവാണ്. അതു വിടരുത.്' അതായിരുന്നു അവസാന കൂടിക്കാഴ്ച.

ഭാസിയണ്ണനോട് എനിക്ക് സ്‌നേഹത്തെക്കാള്‍ ഉറ്റബന്ധുവിനോടു തോന്നുന്ന അടുപ്പവും സഹതാപവുമാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. എല്ലാവരെയും എപ്പോഴും പൊട്ടിച്ചിരിപ്പിക്കുന്ന മനുഷ്യന്‍. അറിവിന്റെ നിറകുടം. അപാരമായ സിദ്ധികള്‍. പക്ഷേ, വഴക്കുപറഞ്ഞാല്‍ കുട്ടികളെപ്പോലെ മുഖം വാടും. ചിലപ്പോഴെങ്കിലും ഒറ്റയ്ക്കിരുന്ന് പൊട്ടിക്കരയും. ആ കരച്ചില്‍ കാണുമ്പോള്‍ സങ്കടം വരും. ഭാര്യയില്ല, കുട്ടികളില്ല. മറ്റുള്ളവര്‍ക്കുവേണ്ടി തന്റെ കഴിവുകള്‍, ജീവിച്ചിരുന്ന ഓരോ നിമിഷവും ഹോമിക്കുന്ന മനുഷ്യന്‍. ആ മനസ്സിന്റെ നൊമ്പരങ്ങള്‍ ആരു കണ്ടു? അതോര്‍ക്കുമ്പോള്‍ കണ്ണു നിറഞ്ഞിട്ടുണ്ട്. പക്ഷേ, മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ പോകണമെന്നു തോന്നി. കഴിഞ്ഞില്ല. ആളും ആരവവും; അതിനുള്ളില്‍ നിശ്ചലനായ ഭാസിയണ്ണന്‍. 'വയ്യ, അങ്ങനെ നിര്‍ജീവമായി കിടക്കുന്ന ഭാസിയണ്ണനെ എനിക്കു കാണണ്ട. അതിനെനിക്ക് കഴിയില്ല.' ശ്രീലത അതു പറഞ്ഞപ്പോള്‍ ശബ്ദമിടറി.

പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അടുത്ത ജന്മം... ഭാസിയണ്ണന്‍ പറഞ്ഞതുപോലെ സംഗീതം വിടരുത്. നല്ലൊരു ഗായികയാവണം. പിന്നെ അഭിനയം. തീര്‍ച്ചയായും ഭാസിയണ്ണനൊപ്പം അഭിനയിക്കാന്‍ വിളിച്ചാല്‍ ഞാന്‍ പോകും. സന്തോഷത്തോടെ നിറഞ്ഞ മനസ്സോടെ ആ ചിരിക്കൊപ്പം പങ്കുചേരും. അങ്ങകലെ, ആ കാലത്തെ... ആ ഷൂട്ടിങ് സെറ്റിലേക്കെന്നവണ്ണം നോക്കിക്കൊണ്ട് ശ്രീലത പറയുന്നു. അതെ, അവിടെ, ആ സെറ്റില്‍, വീണ്ടും അടൂര്‍ ഭാസി എന്ന പ്രതിഭാധനന്റെ നിറമുള്ള തമാശകള്‍ മുഴങ്ങുന്നു. നിത്യഹരിതനായകന്റെ മനോഹരമായ പുഞ്ചിരി പൊട്ടിച്ചിരിയാവുന്നു. അവിടെ വീണ്ടും ശ്രീലതാനമ്പൂതിരിയുടെ ഗാനങ്ങള്‍ അലയടിക്കുന്നു. ആ സിനിമാക്കൂട്ടായ്മയ്ക്ക് ഇനി ഒരു പുനര്‍ജന്മം ഉണ്ടാകുമോ?

( അടൂര്‍ ഭാസി ചിരിയും ചിന്തയും എന്ന പുസ്തകത്തില്‍ നിന്ന് )