ചില ജീവിതസന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ മരണം വരെ നമ്മെ പിന്‍തുടരും. ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന അത്യാഹിതങ്ങളുടെ സൂചനകള്‍ കാലം നമ്മുടെ ബോധത്തില്‍ കൊത്തിവയ്ക്കും. തിരുവനന്തപുരത്ത് പേയാട്ടുള്ള പുതിയ കരിമ്പാലേത്ത് മുറ്റത്ത് സൂക്ഷിച്ചിരുന്ന അമ്മയുടെ അസ്ഥി വയനാട്ടില്‍ തിരുനെല്ലി ക്ഷേത്രത്തിന് പിന്നിലുള്ള പാപനാശിനിയില്‍ നിക്ഷേപിക്കാന്‍ ഞാന്‍ തീരുമാനിച്ചു. വിവരം ഞാന്‍ രാജിയെ അറിയിച്ചു. അന്ന് രാത്രിയില്‍ കണ്ണന്‍ എനിക്ക് ഫോണ്‍ ചെയ്തു. ''അച്ഛാ. അമ്മച്ചിയുടെ അസ്ഥി ഒഴുക്കാന്‍ അച്ഛന്‍ പോകുന്നെന്ന് അമ്മ പറഞ്ഞു. അച്ഛന്റെ കൂടെ ഞാനും വരുന്നു. എനിക്കും കൂടെ ടിക്കറ്റ് ബുക്ക് ചെയ്യണം.''

അങ്ങനെ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് തിരുനെല്ലിയില്‍ എത്തി. പോകുന്നവഴിയില്‍ തൃശ്ശിലേരി ശിവക്ഷേത്രത്തിലും തൊഴുതു. തിരുനെല്ലിയില്‍ എത്തി ആചാരപ്രകാരം തിലഹോമം പോലെയുള്ള പൂജകള്‍ നടത്തിയതിനുശേഷം അമ്മയുടെ അസ്ഥിയിരിക്കുന്ന മണ്‍കുടവുമായി ഞങ്ങള്‍ പാപനാശിനിനദിയില്‍ അധികം തിരക്കില്ലാത്ത സ്ഥലത്തുവന്നു. അമ്മയെയും അച്ഛനെയും മരിച്ചുമണ്‍മറഞ്ഞ മറ്റ് പിതൃക്കളെയും ധ്യാനിച്ച് ഞാന്‍ അസ്ഥി ആറ്റില്‍ നിക്ഷേപിച്ചു... കുറച്ചുനേരം ഞാനും കണ്ണനും കണ്ണടച്ച് നിന്നു. അമ്മയുടെ ശരീരത്തിന്റെ അവശേഷിച്ച അംശവും പ്രകൃതിയില്‍ ലയിച്ചു. ഞാന്‍ വികാരാധീനനായി പറഞ്ഞു:
                                                                                                                           
''മോനേ...അച്ഛന്റെ അസ്ഥിയും നീ ഇവിടെ തന്നെ കൊണ്ടുവന്നിടണം....'' കണ്ണന്റെ മുഖത്ത് ദുഃഖം നിഴലിച്ചു.                                                                                   ''അച്ഛനെന്തിനാ ഇപ്പം അച്ഛന്റെ മരണത്തെപ്പറ്റി എന്നോടു പറഞ്ഞെ? അച്ഛന്‍ വളരെ അറിവൊള്ള ആളല്ലേ...? മരണവും വയസ്സും തമ്മില്‍ എന്തെങ്കിലും ബന്ധമൊണ്ടോ അച്ഛാ...?''   

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

അവന്റെ ആ ചോദ്യത്തില്‍ ഞാന്‍ നടുങ്ങിപ്പോയി.  മൂക്കില്‍ ഓപ്പറേഷന്‍ നടത്താനായി മദ്രാസ് വിജയാ ഹോസ്പിറ്റല്‍ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കയറിയപ്പോള്‍ ഭയത്തോടെ എന്റെ മുഖത്തുനോക്കി 'ഞാന്‍ ചത്തു പോമോ അച്ഛാ...' എന്ന് ചോദിച്ച മൂന്നുവയസ്സുകാരന്‍ എന്റെ ഓര്‍മ്മയില്‍ നിറഞ്ഞു. എന്റെ മനസ്സിനെ എരിയിച്ചുകൊണ്ടിരിക്കുന്ന ഭീതി അന്ന് രാത്രി എന്നെ ഉറക്കിയില്ല. അടുത്ത കട്ടിലില്‍ കിടന്ന് എന്റെ മകന്‍ സുഖമായി ഉറങ്ങി. 

വര്‍ഷങ്ങള്‍ക്കുശേഷം ഈ അനുഭവം ഞാന്‍ കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം കഠോപനിഷത്തിലെ നചികേതസ്സിനെ ഓര്‍മ്മിച്ചുകൊണ്ട് പറഞ്ഞു.       ''തമ്പി ബുദ്ധിമാനാണ്. പക്ഷേ മകന്‍ ചെറുപ്പമാണെങ്കിലും അച്ഛനെക്കാള്‍ ജ്ഞാനിയായിരുന്നു. ഹി വാസ് വൈസര്‍ ദാന്‍ ഹിസ് ഫാദര്‍'

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥയില്‍ നിന്നും

പൂര്‍ണരൂപം വായിക്കാം

Content Highlights: Sreekumaran Thampi, Rajakumaran Thampi