ചെറുക്കന്‍വീട്ടുകാരന്‍ എന്നനിലയില്‍ ആദ്യത്തെ പന്തിയിലിരുന്ന് സദ്യയുണ്ടുകഴിഞ്ഞ് ഞാന്‍ കൈ കഴുകുമ്പോള്‍ വെളുത്ത് സുന്ദരനായ ഒരു പയ്യന്‍ എന്റെയടുത്ത് വന്നു. ഒരു പത്തുവയസ്സ് കാണും. കല്യാണം നടക്കുന്നതിനിടയിലും ആ പയ്യന്‍ കൂടെക്കൂടെ എന്നെ ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടിരുന്നു. ആ പയ്യന് എന്നോട് സംസാരിക്കണമെന്നുണ്ട്. പക്ഷേ, ലജ്ജാശീലനാണ്. ഞാന്‍ ഒരു കസേരയില്‍ പോയിരുന്നപ്പോള്‍ ആ പയ്യന്‍ എന്റെ തൊട്ടടുത്ത കസേരയില്‍ വന്നിരുന്നു. സംസാരത്തിന് ഞാന്‍ മുന്‍കൈയെടുത്തു: ''കുട്ടിയേതാ?'' ഞാന്‍ ചോദിച്ചു. 

''ഞാന്‍ കല്യാണപ്പെണ്ണിന്റെ അനിയനാ.''
''എന്താ പേര്?''
''രാജന്‍.''
''രാജന്‍ ഊണ് കഴിച്ചോ?''
''ഇല്ല. ഞങ്ങളൊക്കെ അവസാന പന്തിയിലേ ഇരിക്കൂ'', വീണ്ടും അല്പനേരത്തെ മൗനം. പിന്നെ രാജന്‍  എന്നോട് ചോദിച്ചു: ''ആഴ്ചപ്പതിപ്പില്‍ ബാലപംക്തിയില്‍ എഴുതുന്ന ആളല്ലേ?''
എന്റെ മനസ്സിലാകെയൊരു ചലനം. ഞാന്‍ ചോദിച്ചു: ''ആഴ്ചപ്പതിപ്പൊക്കെ വായിക്കുമോ?''
''ഞാന്‍ വായിക്കും. അറിയാന്‍വയ്യാത്തതൊക്കെ അമ്മ പറഞ്ഞുതരും.''

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

എന്റെ ബന്ധുവാകാന്‍പോകുന്ന ഒരു കുട്ടി, എഴുത്തുകാരന്‍ എന്ന നിലയില്‍ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു! എത്ര അഭിമാനകരം! അന്ന്, ആ കല്യാണസ്ഥലത്തുവെച്ച് എന്നോട് സംസാരിച്ച രാജന്‍ എന്ന പത്തുവയസ്സുകാരനാണ് പില്‍ക്കാലത്ത് മലയാളസാഹിത്യത്തിലും സിനിമയിലും അദ്ഭുതങ്ങള്‍ സൃഷ്ടിച്ച പി. പത്മരാജന്‍.

പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ശ്രീകുമാരന്‍ തമ്പിയുടെ ജീവിതം ഒരു പെന്‍ഡുലം എന്ന പംക്തിയില്‍ നിന്നും

പൂര്‍ണരൂപം വായിക്കാം

Content Highlights: Sreekumaran Thampi autobiography Mathrubhumi weekly Padmarajan