ജീവിതം ഒരു പെന്‍ഡുലം 56
വിദ്യാര്‍ഥിയൂണിയന്‍ പ്രവര്‍ത്തനവും സാഹിത്യപ്രവര്‍ത്തനവും എന്റെ സമയത്തിലേറെയും കവര്‍ന്നെടുത്തു. ഗണിതം ഒരു വിദ്യാര്‍ഥിയുടെ മുഴുവന്‍ സമയവും ആവശ്യപ്പെടുന്ന വിഷയമാണ്. ആ സത്യം ഞാന്‍ മറന്നു. എന്റെ നാശത്തിന്റെ കുഴി ഞാന്‍തന്നെ തോണ്ടുകയായിരുന്നു. കാല്‍ക്കുലസ്സും കോ ഓര്‍ഡിനേറ്റ് ജ്യോമട്രിയും ആള്‍ജിബ്രയും പ്രൊജെക്ടീവ് ജ്യോമട്രിയും സ്റ്റാറ്റിസ്റ്റിക്‌സും സാഹിത്യത്തോടും മുദ്രാവാക്യങ്ങളോടും നിരന്തരം സമരംചെയ്ത് പരാജയപ്പെട്ടു. കണക്കില്‍ മാര്‍ക്ക് ലേശം കുറഞ്ഞാലെന്ത്? എനിക്ക് മലയാളത്തില്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടിയാല്‍മതിയല്ലോ. ഞാന്‍ ഡിഗ്രി കഴിഞ്ഞാല്‍ മലയാളം എം.എ.യ്ക്ക് ആണല്ലോ പഠിക്കാന്‍പോകുന്നത് എന്ന ചിന്ത എല്ലാ സമയത്തും എന്റെ ബോധത്തെ ആശ്ലേഷിച്ചിരുന്നു. കുറ്റബോധം തോന്നുമ്പോള്‍ ഞാന്‍ എന്റെ കവിതകളില്‍ ആശ്വാസം കണ്ടെത്തി. അതിന് എനിക്ക് പ്രചോദനം നല്‍കാന്‍ സഹൃദയത്വത്തിന്റെ പ്രതിരൂപമായ ഒരു ചങ്ങാതിയെയും കിട്ടി. ആ ചങ്ങാതിയുടെ പേരാണ് കെ.പി. അപ്പന്‍.
മലയാളസാഹിത്യത്തിലെ അത്യന്താധുനികതയെ വാഴ്ത്തുകയും 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം' എന്ന പ്രഥമകൃതിയിലൂടെ മലയാളവിമര്‍ശനസാഹിത്യത്തില്‍ ഒരു പുതിയ വഴി തുറക്കുകയുംചെയ്ത കെ.പി. അപ്പനെ നിങ്ങള്‍ക്കെല്ലാം നന്നായറിയാം. എന്നാല്‍ എന്റെ ഉറ്റസുഹൃത്തും സഹായിയുമായിരുന്ന അന്നത്തെ കെ.പി. അപ്പനെ എനിക്കും ആ കാലത്ത് എസ്.ഡി. കോളേജില്‍ പഠിച്ചിരുന്ന അപ്പന്റെ സഹപാഠികള്‍ക്കും മാത്രമേ അറിയൂ. ഞാന്‍ ഡിഗ്രി രണ്ടാംവര്‍ഷത്തിലെത്തിയപ്പോഴാണ് അപ്പന്‍ അവിടെ ഡിഗ്രി ഒന്നാംവര്‍ഷ ക്ലാസില്‍ വന്നുചേര്‍ന്നത്. ബോട്ടണിയായിരുന്നു വിഷയം. അന്നുതന്നെ അപ്പനെ കണ്ടാല്‍ ഒരു വിദ്യാര്‍ഥിയാണെന്ന് തോന്നുകയില്ല. ആലപ്പുഴ പൂങ്കാവ് സ്വദേശിയായ അപ്പന്‍ ബസ്സില്‍നിന്ന് ഇറങ്ങി നടന്നുവരുന്നത് കണ്ടാല്‍ കോളേജില്‍ പുതുതായി വന്ന ലെക്ചററാണെന്നേ ആര്‍ക്കും തോന്നുകയുള്ളൂ. ഒത്ത ഉയരം, സൂക്ഷ്മതയോടെ പാദങ്ങള്‍ മുന്നോട്ട് വെച്ചുള്ള നടത്തം. വെള്ള മുണ്ടും വെള്ള ഷര്‍ട്ടും മാത്രമേ ധരിക്കൂ. ആരോടും അധികം സംസാരിക്കയില്ല. സുഹൃത്തുക്കള്‍ വളരെ കുറവും.
ഒരുദിവസം ഞാന്‍ കോളേജിന്റെ പടികള്‍ ഇറങ്ങിവരുമ്പോള്‍ അപ്പന്‍ മുകളിലേക്ക് വരുകയായിരുന്നു. എന്നെ തടഞ്ഞുനിര്‍ത്തി അപ്പന്‍ ചോദിച്ചു: ''ഹരിപ്പാട്ട് ശ്രീകുമാരന്‍ തമ്പി അല്ലേ?''
''അതെ.''
''എന്റെ പേര് കെ.പി. അപ്പന്‍. ഇവിടെ ബോട്ടണി ബി.എസ്സി. ഫസ്റ്റ് ഇയറിലാണ്. ശ്രീകുമാരന്‍തമ്പിയുടെ ബന്ധുവായ വേലായുധന്‍തമ്പി എന്റെ ക്ലാസിലാണ്. അയാളോട് ചോദിച്ചിട്ടാണ് എഴുത്തുകാരനായ തമ്പി നിങ്ങള്‍തന്നെയാണെന്ന് ഉറപ്പുവരുത്തിയത്. ഞാന്‍ പതിവായി കൗമുദി ആഴ്ചപ്പതിപ്പ് വായിക്കുന്ന ആളാണ്. എനിക്കൊന്ന് സംസാരിക്കണം. ഉച്ചയ്ക്ക് ലൈബ്രറിയില്‍ കണ്ടാലോ?''
''അതിനെന്താ, കാണാമല്ലോ.''
ഞങ്ങള്‍ രണ്ടുപേരും ഉച്ചഭക്ഷണം കഴിഞ്ഞ് ലൈബ്രറിയില്‍ കണ്ടുമുട്ടി. സാഹിത്യത്തില്‍ വളരെ താത്പര്യമുള്ള ഒരു സുഹൃത്തിനെ ലഭിച്ചതില്‍ ഞാന്‍ ആഹ്ലാദിച്ചു. കോളേജിലെ ലൈബ്രേറിയനായ പൂണിയില്‍ സുരേന്ദ്രനും ഒരു സാഹിത്യകാരനായിരുന്നു. അദ്ദേഹത്തിന്റെ ഒന്നുരണ്ട് ചെറുകഥകള്‍ അതിനുമുന്‍പ് കൗമുദിയില്‍ വന്നിരുന്നു. പരന്ന വായനയുള്ള വ്യക്തിയാണ് കെ.പി. അപ്പന്‍ എന്ന് ആദ്യത്തെ കൂടിക്കാഴ്ചയില്‍തന്നെ ഞാന്‍ മനസ്സിലാക്കി. പിന്നെ ഉച്ചനേരങ്ങളിലും വൈകുന്നേരങ്ങളിലും ഞങ്ങള്‍ കണ്ടുമുട്ടുകയും സാഹിത്യസല്ലാപം തുടരുകയും ചെയ്തു. എന്റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളോട് അപ്പന്‍ ഒരു താത്പര്യവും പ്രകടിപ്പിച്ചില്ല. അതേസമയം എന്റെ എല്ലാ സാഹിത്യസൃഷ്ടികളെയും മനസ്സുതുറന്ന് അഭിനന്ദിക്കും.

''അപ്പന്‍ എല്ലാ വിഷയങ്ങളെക്കുറിച്ചും യുക്തിപൂര്‍വം സംസാരിക്കുന്നു. എന്തുകൊണ്ട് ഇതൊക്കെ എഴുതിക്കൂടാ?'' എന്ന് ഞാന്‍ ചോദിച്ചു.
''ഞാന്‍ എഴുത്തുകാരനല്ല. ആസ്വാദകന്‍ മാത്രം.''
എന്ന് പറഞ്ഞ് അപ്പന്‍ നിഗൂഢത നിറഞ്ഞ ഒരു ചിരി ചിരിച്ചു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥയായ 'ജീവിതം ഒരു പെന്‍ഡുല'ത്തില്‍ നിന്നും
Content Highlights: Sreekumaran Thampi autobiography Mathrubhumi weekly KP Appan