പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥയില്‍ നിന്നും

'ന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമയിലൂടെ ഇപ്പോള്‍ എല്ലാ മലയാളികളും അറിയുന്ന ബി.പി. മൊയ്തീന്‍ എന്റെ സുഹൃത്തായിമാറിയതും ഈ കാലത്താണ്. എന്റെ കാമുകിയായ 'സ്‌നേഹിത'യാണ് മൊയ്തീനുമായി എന്നെ പരിചയപ്പെടുത്തിയത്. മൊയ്തീന്റെ കാമുകി കാഞ്ചനമാലയും സ്‌നേഹിതയും അപ്പോള്‍ അടുത്ത സുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു. ഞാനും മൊയ്തീനും വളരെ പെട്ടെന്ന് അടുത്തു. മൊയ്തീന്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്നു. രണ്ട് സോഷ്യലിസ്റ്റുകള്‍ തമ്മിലുള്ള അടുപ്പംകൂടിയായിരുന്നു അത്. ഞാനും മൊയ്തീനും നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ കടുത്ത ആരാധകരായിരുന്നു. നേതാജിയുടെ മകള്‍ അനിതാ ബോസ് ആദ്യമായി കേരളം സന്ദര്‍ശിച്ചപ്പോള്‍ പ്രധാന ആതിഥേയനായത് മൊയ്തീന്‍തന്നെ. അവരുടെ കേരളയാത്രയില്‍ വഴികാട്ടിയായി ഒപ്പം മൊയ്തീന്‍ ഉണ്ടായിരുന്നു. സ്വന്തം മകനെ വധിക്കാന്‍ശ്രമിച്ച പിതാവിനെ ശിക്ഷയില്‍നിന്ന് രക്ഷിക്കാനായി കോടതിയില്‍ സത്യം മറച്ചുവെച്ച മൊയ്തീനെ വാഴ്ത്തിക്കൊണ്ട് കൗമുദിവാരികയില്‍ പത്രാധിപര്‍ കെ. ബാലകൃഷ്ണന്‍ ഒരു മുഖപ്രസംഗംതന്നെ എഴുതുകയുണ്ടായി. ഒന്നാംപേജില്‍ ബി.പി. മൊയ്തീന്‍ എന്ന യുവാവിന്റെ വലിയ ചിത്രവുമായി പുറത്തിറങ്ങിയ കൗമുദി വാരികയുടെ ആ ലക്കം ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്.

ഒരുദിവസം എന്നെ കാണാന്‍ മാത്രമായി മൊയ്തീന്‍ തൃശ്ശൂരില്‍ എന്റെ ഹോസ്റ്റല്‍മുറിയില്‍ വന്നു. ഞങ്ങള്‍ ഏറെ നേരം സംസാരിച്ചിരുന്നു. വൈകീട്ട് ഞങ്ങള്‍ ഒരുമിച്ച് തൃശ്ശൂര്‍ ജോസ് തിയേറ്ററില്‍ സിനിമ കാണാന്‍പോയി. മൊയ്തീനും ചില സിനിമാസ്വപ്നങ്ങളുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. എല്ലാ സങ്കല്പങ്ങളും യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്ന മൊയ്തീന്‍ ബന്ധുക്കളുടെ എതിര്‍പ്പുകളെ മറികടന്ന് പ്രണയിക്കുന്ന പെണ്ണിനെ എന്തുകൊണ്ട് സ്വന്തമാക്കാന്‍ ശ്രമിക്കുന്നില്ല എന്ന് ഞാന്‍ ചോദിച്ചു.

''ഇരുവീട്ടുകാരുടെയും സമ്മതത്തോടെ മാത്രമേ വിവാഹം നടത്തുകയുള്ളൂ'' എന്നായിരുന്നു മൊയ്തീന്റെ ഉത്തരം. ഞാന്‍ അതിനോട് യോജിച്ചില്ല. ''ഇഷ്ടപ്പെട്ട പെണ്ണിനെയുംകൊണ്ട് ഏതെങ്കിലും നാട്ടില്‍ പോയി സുഖമായി ജീവിക്കണം.'' എന്ന് ഞാന്‍ പറഞ്ഞു.
''വര്‍ഷങ്ങള്‍ മുന്നോട്ടുപോകും. നിങ്ങളുടെ യൗവനം നഷ്ടപ്പെടും'', എന്റെ ദൃഢമായ വാക്കുകള്‍ കേട്ട് മൊയ്തീന്‍ ചിരിക്കുകമാത്രം ചെയ്തു.

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

ഞങ്ങളുടെ ക്‌ളാസുകള്‍ തുടങ്ങി. രാവിലെയും വൈകീട്ടും ക്‌ളാസുകള്‍. പകല്‍ മുഴുവന്‍ വിശ്രമം. എന്റെ റൂംമേറ്റായ വിജയകുമാര്‍ കടുത്ത ആസ്മാരോഗിയാണ്. രാത്രിയില്‍ ശ്വാസംമുട്ടല്‍നിമിത്തം അദ്ദേഹം എഴുന്നേറ്റിരിക്കും. ഇന്‍ഹേലര്‍ ഉപയോഗിച്ച് ശ്വാസതടസ്സം ഒഴിവാക്കാന്‍ പ്രയാസപ്പെടുന്ന സുഹൃത്തിന്റെ വിഷമം എന്നെയും ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കും. കുട്ടിക്കാലത്ത് ഞാനും ഈ രോഗംമൂലം വളരെയേറെ കഷ്ടപ്പെട്ടതാണല്ലോ വിജയകുമാര്‍ പകല്‍സമയത്ത് ഉറങ്ങും. അപ്പോള്‍ ഞാന്‍ എന്റെ എഴുത്തിലേക്ക് നീങ്ങും. സാംസ്‌കാരികനഗരമായ തൃശ്ശൂരിലെ താമസം വീണ്ടും എന്നെ പരന്ന വായനയിലേക്കും സാഹിത്യരചനയിലേക്കും നയിച്ചു. അതേസമയം അന്നന്ന് പഠിപ്പിക്കുന്ന പാഠങ്ങള്‍ അന്നന്നുതന്നെ ഹൃദിസ്ഥമാക്കാന്‍ ഞാന്‍ ശ്രദ്ധവയ്ക്കുകയും ചെയ്തു.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥയില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: Sreekumaran Thampi about BP Moitheen and Kanchanamala