''ഇപ്പോള്‍ കാണുന്ന മനുഷ്യനിര്‍മിതമായ ജാതിവിഭാഗത്തിന് ഒരര്‍ഥവുമില്ല, അനര്‍ഥകരവുമാണ്. അതു നശിക്കതന്നെ വേണം... സാമുദായികസംഗതികള്‍ക്കും മതത്തിനും സംബന്ധമൊന്നും പാടില്ല. മതം മനസ്സിന്റെ കാര്യമാണ്. ആരുടെയും മതസ്വാതന്ത്ര്യത്തെ തടയരുത്... ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്ക് യാതൊരു പ്രത്യേക സംബന്ധവുമില്ല. നാമായിട്ട് ഒരു പ്രത്യേക മതം സ്ഥാപിച്ചിട്ടുമില്ല. എല്ലാ മതങ്ങളും നമുക്ക് സമ്മതവുമാണ്. ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള മതം ആചരിച്ചാല്‍ മതി. നാം ചില ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളില്‍ ചിലരുടെ ആവശ്യം അനുസരിച്ചാണ്. ഇതുപോലെ ക്രിസ്ത്യാനികള്‍, മുഹമ്മദീയര്‍ തുടങ്ങിയ മറ്റു മതക്കാരും ആഗ്രഹിക്കുന്നപക്ഷം അവര്‍ക്കായും വേണ്ടതുചെയ്വാന്‍ നമുക്കെപ്പോഴും സന്തോഷമാണുള്ളത്.'' 

(കൊല്ലം പട്ടത്താനത്ത് അച്യുതന്‍ മേസ്തിരിയുടെ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗുരു നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങള്‍).

കേരളചരിത്രത്തിലെ എക്കാലത്തെയും വലിയ സാമൂഹിക-നൈതിക വിപ്ലവത്തിന്റെ പ്രഭവവും പ്രയോഗവുമായിരുന്നു നാരായണഗുരു. ഗുരുവിന് മുന്‍പോ അതിനുശേഷമോ അത്രമേല്‍ മഹിമയുറ്റ മറ്റൊരു അതുല്യസംയോഗത്തെ കേരളം അഭിമുഖീകരിച്ചിട്ടില്ല. പ്രാകൃതവും ശ്രേണീകൃതവുമായ ജാതിബന്ധങ്ങളുടെ മനുഷ്യവിരുദ്ധത കണ്ട് ഗുരുവിന്റെ സമകാലികനായ മറ്റൊരു സന്യാസി 'ഭ്രാന്താലയം' എന്നു വിശേഷിപ്പിച്ച ഈ നാടിനെ, മനുഷ്യര്‍ക്ക് സ്വാഭിമാനത്തോടെ പാര്‍ക്കാവുന്ന ഇടമാക്കിത്തീര്‍ത്തത്, മറ്റെന്തിലുമുപരിയായി, ഗുരു ഉദ്ഘാടനംചെയ്ത നൈതികവിപ്ലവമാണ്. 'സോദരത്വേന...' എന്ന അടിസ്ഥാനമൂല്യത്തെ നമ്മുടെ ജീവിതത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിന്റെ മഹിമയുറ്റ പ്രാരംഭമായിരുന്നു അത്. നിത്യജീവിതനൈമിത്തികങ്ങള്‍ മുതല്‍ ദൈവഭാവനയെ വരെ പുതുക്കിപ്പണിത മൂല്യസംഹിതയായിരുന്നു അത്. സാമൂഹികവും ദൈവികവുമായ അനുഭവലോകങ്ങളെ അത് നൈതികമായി പുതുക്കിപ്പണിതു. അവിടെ ആത്മബോധം അതിരില്ലാത്ത അപരോന്മുഖത്വമായി; ദൈവം നീതിയായി; 'അരുള്‍' അനുകമ്പയായി. ഗുരു തുറന്നിട്ട ആ വഴിയില്‍നിന്ന് കേരളം പിന്നീടൊരിക്കലും പൂര്‍ണമായി തിരിഞ്ഞുനടന്നില്ല.

ചരിത്രവുമായുള്ള അഗാധമായ മുഖാമുഖമായിരുന്നു നാരായണഗുരുവിന്റെ ജീവിതം. ആധുനികതയുമായുള്ള കേരളത്തിന്റെ ധാര്‍മികവും ദാര്‍ശനികവും സാമൂഹികവുമായ മുഖാമുഖം. ബഹുശാഖിയായ ചരിത്രത്തിന്റെ വൈരുധ്യങ്ങള്‍ക്കു നടുവില്‍, അധൃഷ്യമായ നൈതികശക്തിയുടെ കൊടുമുടിയെന്നപോലെ, ഗുരു സ്വച്ഛമായി നിലകൊണ്ടു. തമ്മിലിണങ്ങുന്നതും ഇടയുന്നതുമായ അതിന്റെ ഭിന്നപ്രകാരങ്ങളോട് സംവദിച്ചു. ആധുനികതയിലേക്കുള്ള കേരളത്തിന്റെ വഴിത്താരയായി സ്വയം നിലകൊണ്ടു. അപ്പോള്‍ത്തന്നെ അതിന്റെ വിഭജനയുക്തികളെയും ആധുനികതയില്‍ നിലീനമായ ഹിംസാത്മകതയെയും മറികടന്നുപോവുകയും ചെയ്തു. ആത്മവും അപരവും തമ്മിലും ആത്മീയതയും സാമൂഹികതയും തമ്മിലും പ്രവൃത്തിയും നിവൃത്തിയും തമ്മിലും കല്പിക്കപ്പെട്ടിരുന്ന അതിര്‍വരമ്പുകള്‍ക്ക് കുറുകെയാണ് ഗുരു പ്രശാന്തമായി നടന്നുനീങ്ങിയത്. 'ഒരുപീഡയെറുമ്പിനും വരുത്തരുതെ'ന്ന്, അപരോന്മുഖമായി പ്രവഹിക്കുന്ന, അനന്തമായ സ്‌നേഹവും കരുണയുമായിരുന്നു ആ യാത്രയുടെ ആധാരമത്രയും.

നിവൃത്തിയെന്നതുപോലെ, ഗുരു പ്രവൃത്തിയുമായിരുന്നു. ''ഇപ്പോള്‍ പ്രവര്‍ത്ത്യാരാണല്ലേ?'' എന്നു ചോദിച്ച ചട്ടമ്പിസ്വാമിയോട് ''പ്രവൃത്തിയുണ്ട്; ആരില്ല'' എന്നദ്ദേഹം അഗാധമായ ചരിത്രവിവേകത്തോടെ ഉത്തരം പറഞ്ഞു. ജീവിതത്തിന്റെയും ചരിത്രപ്രവാഹത്തിന്റെയും നടുക്കുനില്‍ക്കുന്ന ഒരാള്‍ക്ക് വൈരുധ്യങ്ങളെ അഭിമുഖീകരിക്കാതിരിക്കാനാവില്ലെന്ന് ഗുരുവിനറിയാമായിരുന്നു. അനിവാര്യതകളെ അഭിസംബോധന ചെയ്യുന്നതിലാണ് സ്വാതന്ത്ര്യം കുടികൊള്ളുന്നതെന്ന ആഴമേറിയ ദാര്‍ശനികബോധം അദ്ദേഹം ഉടനീളം നിലനിര്‍ത്തി. ചരിത്രം തനിക്കുമുന്നില്‍ നിരത്തിവെച്ച വൈരുധ്യങ്ങളില്‍നിന്ന് ഗുരു ഒഴിഞ്ഞുമാറിയില്ല. അവയോട് സംവദിച്ചും അവയില്‍ ഇടപെട്ടും അവയെ തിരുത്തിയും അദ്ദേഹം ആധുനികകേരളത്തിന് നടന്നുനീങ്ങാന്‍ വേണ്ട വഴിയൊരുക്കി. കേരളത്തിന്റെ ഭാവിചരിത്രം നടന്നത്, ഏറിയപങ്കും, ആ വഴിയിലൂടെയായിരുന്നു.

weekly
പുസ്തകം വാങ്ങാം

ആധുനികമായ ഉപകരണയുക്തികള്‍കൊണ്ടുമാത്രം ധാര്‍മികമായ ഒരു പുതിയലോകം നിര്‍മിക്കാനാവില്ലെന്ന അഗാധമായ ബോധ്യം ഗുരുവിനുണ്ടായിരുന്നു. അതേസമയംതന്നെ ആധുനികമായ ജീവിതബോധത്തെയും അതിന്റെ സംഭാവനകളെയും ഏകപക്ഷീയമായി തള്ളിക്കളയാതിരിക്കാന്‍ വേണ്ട ചരിത്രവിവേകം അദ്ദേഹം നിലനിര്‍ത്തുകയും ചെയ്തു. ''നമുക്ക് സന്ന്യാസം തന്നത് അവരാണല്ലോ'' എന്ന് ബ്രിട്ടീഷ് ഭരണത്തെക്കുറിച്ച് പറയുന്നതുമുതല്‍ വ്യവസായപ്രദര്‍ശനത്തിന്റെ അധ്യക്ഷനായിരുന്നതുവരെയുള്ള എത്രയോ സന്ദര്‍ഭങ്ങളില്‍ ആധുനിക പരിഷ്‌കൃതിയെക്കുറിച്ചുള്ള ഗുരുവിന്റെ തിരിച്ചറിവ് നമുക്ക് കാണാനാവും. ''വിദ്യകൊണ്ടു പ്രബുദ്ധരാവാനും സംഘടനകൊണ്ട് ശക്തരാകാനു''മുള്ള ഗുരുവിന്റെ ആഹ്വാനം നിസ്സംശയമായും ആധുനികമാണ്. ശിവഗിരിതീര്‍ഥാടനത്തിന്റെ ഉദ്ദേശ്യങ്ങളായി വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക പരിശീലനങ്ങള്‍ എന്നീ കാര്യങ്ങളിലുള്ള ആശയപ്രചാരണം നിര്‍ദേശിക്കുമ്പോഴും നമുക്കത് കാണാനാവും. ഇതില്‍ ഈശ്വരഭക്തി മാറ്റിവെച്ചാല്‍, തീര്‍ഥാടനത്തിന്റെ ഉദ്ദേശ്യങ്ങളായി ഗുരു നിര്‍ദേശിക്കുന്ന ഏഴുകാര്യങ്ങളും പ്രകടമായും ആധുനികപരിഷ്‌കൃതിയിലേക്കു കൂടിയുള്ള വാതായനങ്ങളാണ് എന്നത് വ്യക്തമാണല്ലോ. പില്‍ക്കാലത്ത് ആ വഴികളിലൂടെ നടന്നാണ് കേരളം ആധുനികമായതും. (ശിവഗിരിതീര്‍ഥാടനത്തിന് സമയം നിശ്ചയിച്ചുനല്കണമെന്നാവശ്യപ്പെട്ട കിട്ടന്‍ റൈറ്ററോടും വല്ലഭശ്ശേരില്‍ ഗോവിന്ദന്‍ വൈദ്യരോടും 'യൂറോപ്യന്‍മാരുടെ ആണ്ടുപിറപ്പിന് ആയിക്കൊള്ളട്ടെ, ജനുവരി മാസം ഒന്നാം തീയതി' എന്നാണ് ഗുരു മറുപടി നല്കിയത്!). മദ്യം ഉണ്ടാക്കുകയോ വില്‍ക്കുകയോ കഴിക്കുകയോ ചെയ്യരുത് എന്ന ഗുരുവിന്റെ നിര്‍ദേശത്തിനു പിന്നിലും സാമൂഹികാഭിവൃദ്ധിയെയും ആരോഗ്യത്തെയും സംബന്ധിച്ചുള്ള വലിയ കരുതലുകള്‍ കാണാനാവും. തിരുവനന്തപുരത്ത് മുത്തറയില്‍ ചേര്‍ന്ന പുലയമഹാസഭയില്‍ വിദ്യാഭ്യാസവും ധനവും ശുചിത്വവും ആര്‍ജിക്കലാണ് ഏറ്റവും പ്രധാനം എന്നുപദേശിക്കുന്നതോടൊപ്പം 'മദ്യപാനം നിറുത്തണം' എന്നും ഗുരു നിര്‍ബന്ധമായി പറയുന്നതു കാണാം.

പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ നിന്നും

Content Highlights: Sree Narayana Guru Sunil P Ilayidam Mathrubhumi weekly

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം