സിയാഫ് അബ്ദുൽഖാദിർ
ശ്രീധരന് നാടാര്‍ സാറിനോട് 'എഴുത്തുകാരനാകണം' എന്ന് ഗര്‍വ്വോടെ പറഞ്ഞ എന്നോട് ഇരുപത്തിയാറാം വയസ്സില്‍ യന്ത്രഭാഗങ്ങള്‍ ഓടിച്ചുനടക്കുന്ന ആളാക്കി മാറ്റാന്‍ പോവുന്ന ജാതകദോഷത്തെപറ്റി പറഞ്ഞത് പ്രദീപ്കുമാര്‍ എന്നൊരു സഹപ്രവര്ത്തകന് ആയിരുന്നു. 'ഒരു ടുവീലര്‍ പോലും ഓടിക്കാനറിയാത്ത ഞാന്‍ എങ്ങനാടേ ഡ്രൈവറാകുന്നത്? അസംഭവ്യം!' എന്ന് പുച്ഛിച്ചു ഞാന്‍. പക്ഷെ അതാണ് സംഭവിച്ചത്.
ഞാന്‍ തീവണ്ടി ഓടിക്കുന്നയാളായി!
എന്റെ ഘടികാരത്തിന് പേ പിടിച്ച നാളുകള്‍ ആയിരുന്നു പിന്നീട്. അത് ചിലപ്പോള്‍ നില്‍ക്കാതെ സ്പീഡില്‍ ഓടി, ചിലപ്പോള്‍ മയങ്ങിക്കിടന്നു, ചിലപ്പോള്‍ തിരിഞ്ഞു കറങ്ങി. തീയതിയോ ദിവസമോ ഏതെന്നു പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധം എന്നേക്കുമായി എന്റെ ദിനസരികള് യാത്രകളില്‍ മുങ്ങിപ്പോയി.
എനിക്ക് കഴിയുമെന്ന് മറ്റൊന്നിനെക്കുറിച്ചും അത്ര ആത്മവിശ്വാസത്തോടെ എനിക്കു പറയാന്‍ കഴിയില്ലായിരുന്നു എന്നതുകൊണ്ടു മാത്രം ഞാന്‍ കൊണ്ടുനടന്നിരുന്ന ഒരു രഹസ്യദീനമായിരുന്നു എഴുത്ത്. അതെനിക്ക് അത്രയേറെ വേദനാജനകമായിരുന്നു. എഴുത്തിലേക്ക് നയിക്കുന്ന ഒന്നും എന്നില്‍ ഉണ്ടായിരുന്നില്ല. ഇമ്പം തുളുമ്പുന്ന ഭാഷയോ മുനകൂര്‍ത്ത പ്രതിഭയോ, വിരഹാര്ദ്രമായ ഒരു പ്രണയമോ, ഗൃഹാതുരത നിറഞ്ഞ അനുഭവങ്ങളോ, മടുപ്പിക്കുന്ന കുടുംബസാഹചര്യങ്ങളോ; എന്തിനധികം, നല്ലൊരു പ്രണയഭംഗം പോലും എനിക്ക് അക്കാലത്ത് ഉണ്ടായിരുന്നില്ല. മാത്രമല്ല ആരാലൊക്കെയോ ഞാന്‍ സ്നേഹിക്കപ്പെടുകയും ചെയ്തിട്ടുണ്ടാവണം. അങ്ങനെയങ്ങനെ വായനയും എഴുത്തും ഇഷ്ടപ്പെട്ടിരുന്ന എന്നിലെ കാല്പനികജീവി ഞാന്‍ പോലുമറിയാതെ ഒരു ദിവസം അങ്ങ് ചത്തുപോയി. അല്ലെങ്കിലും ആ ജീവിയെക്കൊണ്ട് എനിക്കുപോലും കാര്യമായ പ്രയോജനങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ.
അങ്ങനെയിരിക്കെ മോട്ടോറോള മൊബൈല്‍ ഫോണും പെന്റഗന്‍ ഇന്റര്‍നെറ്റും കണ്ടുപിടിച്ചു. 2ജിയും 3ജിയും വന്നു. ഓര്‍ക്കുട്ടും ഫേസ്ബുക്കും ഉണ്ടായി. ഞാന്‍ കല്യാണം കഴിച്ചു. ഞാനും ഷാനിയും ഒന്നിച്ചു പൂത്തു. അതില്‍ ഉണ്ണികളുണ്ടായി. വിരഹവും പ്രണയവും കലഹവും കാത്തിരിപ്പുമുണ്ടായി. എന്റെയുള്ളില്‍ അപ്പോഴും ചീയാതെ കിടന്നിരുന്ന സര്‍ഗ്ഗാത്മകതയുടെ ഏതെല്ലാമോ വേരുകളിലേക്ക് നീരോട്ടം ഉണ്ടായി. ഓര്‍ക്കുട്ടിനെ പോലെയായിരുന്നില്ല ഫേസ്ബുക്ക്. 'ദിവനെ നീ അറിയോ? ലിവളെ? മറ്റവനെ?' എന്നൊക്കെ ഞാന്‍ ഒരിക്കലും കാണാനൊ അറിയാനോ ഒരു കാരണവശാലും സാധ്യതയില്ലാതിരുന്നവരെപ്പോലും തോണ്ടിക്കൊണ്ടുവന്നു ഇന്‍ട്രോവേര്‍ട്ടുകളുടെ മൂത്താപ്പ ആയിരുന്ന എന്നെ സുക്കര്‍ബെര്‍ഗ് പ്രലോഭിപ്പിച്ചു. ഓര്‍ക്കുട്ടില്‍ പത്തു സുഹൃത്തുക്കളെ തികച്ച് ഉണ്ടാക്കാന്‍ കഴിയാതിരുന്ന ഞാന്‍ പലപ്പോഴും ആ പ്രലോഭനത്തില്‍ വീണുപോയി. ഭാഷയോ ദേശമോ വംശമോ വര്‍ണ്ണമോ അറിയാഞ്ഞിട്ടും കണ്ടവര്‍ക്കെല്ലാം നിരന്തരം നിര്‍ഭയം ഞാന്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു.
സൗഹൃദവിനിമയത്തില് ഫിലിപ്പിനികളെപ്പോലെ വിശാലമനസ്കരായ മറ്റാരെയും ലോകത്ത് ഉണ്ടാവില്ല എന്നാണ് എന്റെ അനുഭവം. അവര്‍ നീട്ടുന്ന കൈകളെ ഒരിക്കലും തട്ടിമാറ്റില്ല. ഞാന്‍ സൗഹൃദങ്ങളുടെ ഗരിമയും സുഗന്ധവും ആസ്വദിച്ച് വെബ്ലോകത്ത് പൂണ്ടുവിളയാടാന്‍ തുടങ്ങി. ഞാനങ്ങനെ പരിചയപ്പെട്ട സിംഗ് നുന്ഗ് റങ്ങ് എന്നൊരു പെണ്‍കുട്ടിയാണ് വീണ്ടും എനിക്ക് എഴുത്തിലേക്കുള്ള വാതില്‍ തുറന്നുതന്നത്. നുങ്ങിന്റെ സുഹൃത്ത് പ്രിന്‍സിന്റെ സുഹൃത്തായ ലിബി ടീച്ചറുടെ സുഹൃത്ത് അന്‍വര്‍ സാദത്തിന്റെ സുഹൃത്തായ നിര്‍മ്മല്‍കുമാര്‍ എന്ന എഴുത്തുകാരന്റെ സൗഹൃദപ്പട്ടികയിലേക്ക് തുറക്കുന്നതായിരുന്നു ആ വാതില്‍. നിര്‍മ്മല്‍കുമാറിന് എന്നെ അറിയാനോ ശ്രദ്ധിക്കാനോ യാതൊരു കാരണവും ഇല്ലാഞ്ഞിട്ടും അയാള്‍ ഇടുന്ന പോസ്റ്റുകളിലെല്ലാം ഞാന്‍ അറഞ്ചംപുറഞ്ചം കമന്റി, ലൈക്കി. അദ്ദേഹത്തിന് വലിയൊരു സൗഹൃദവലയം തന്നെ ഉണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വാളില്‍ എല്ലാവരും ഒത്തു കൂടും. ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ അതിരുകളില്ലാത്ത സൗഹൃദം ഉറന്നൊഴുകും.
അക്കൂട്ടത്തില്‍ ഉള്ള ആരോ ആണ് ഒരു ഫെയ്ക്ക് ഐ.ഡിയില്‍ നിന്നും എന്തോ തമാശക്കഥ പോസ്റ്റ് ചെയ്തത്. എല്ലാവര്ക്കും അതങ്ങു രസിച്ചു. പിന്നെ തമാശക്കഥകളുടെ ആറാട്ടായിരുന്നു. ഞാനും വിട്ടില്ല. ഞാനും ഒരു ഫെയ്ക്ക് ഐ.ഡി തുടങ്ങി (എന്നാലെ ഒരു ഇതുള്ളൂ). തമാശ എന്ന പേരില്‍ എന്തെല്ലാമോ എഴുതിക്കൂട്ടി പോസ്റ്റുചെയ്തു. എനിക്കും കിട്ടി മൂന്നു ലൈക്ക്. തീര്‍ത്തും സ്വാഭാവികം. ബഷീര്‍ മേച്ചേരി, നൗഷാദ് കുനിയില്‍, അഷ്റഫ് സാല്വ എന്നിങ്ങനെ മൂന്നു പേരായിരുന്നു ലൈക്ക് ചെയ്തവര്‍. ആവേശം മൂത്ത് ദുബായില്‍ നിന്ന് അഷറഫ് എനിക്ക് ഗൂഗിള്‍ ടാക്ക് വഴിയും അല്ലാതെയും മിക്കവാറും ഫോണ്‍ ചെയ്യുമായിരുന്നു. അക്ഷരം നട്ടാല്‍ സ്നേഹം മുളച്ചു വരുമെന്ന അറിവ് എന്നെ ശരിക്കും അമ്പരപ്പിച്ചുകളഞ്ഞു. അഷറഫ് തന്നെയാണ് ബ്ലോഗിലേക്കും ബ്ലോഗര്‍ കൂട്ടായ്മയിലേക്കും വഴി കാട്ടിയതും.
ആ കാലത്ത് ബ്ലോഗ് അസ്തമിക്കാന്‍ തുടങ്ങിയിരുന്നു. തുടക്കത്തിലെ ആവേശമെല്ലാം വാര്‍ന്ന് ബ്ലോഗ് ഞൊണ്ടിത്തുടങ്ങിയ കാലം. പക്ഷെ അതൊന്നും എനിക്ക് പ്രശ്നമായിരുന്നില്ല. പ്രദീപ്കുമാര്‍, നിധീഷ്, എസ്. ജയേഷ്, മനോജ് വെള്ളനാട്, ഷീല ടോമി, റോസിലി ജോയ്, എച്ചുമുക്കുട്ടി, മനോരാജ് മനോജ് വെങ്ങോല എന്നിങ്ങനെ പ്രമുഖരായിരുന്ന പലര്‍ക്കൊപ്പം ഞാനും ചറപറാ ചന്നംപിന്നം എഴുതി. എന്തെല്ലാമോ വട്ടുകള്‍, കഥയെന്നു പേരും.
ബ്ലോഗ് വായനക്കാര്‍ പൊതുവേ വിശാലഹൃദയരായിരുന്നു (വായനക്കാര്‍ പലരും എഴുത്തുകാരും ആയിരുന്നത് കൊണ്ടാവാം). 'ആ കൊള്ളാം, പക്ഷെ ആഖ്യാതത്തിന്റെ പിടി ഒന്നു മാറ്റണം, പന്ത്രണ്ടാല്‍ മസജം എട്ടില്‍ പിടിക്കണം' എന്നൊക്കെ നൈസായി നമ്മളെയങ്ങു പ്രോത്സാഹിപ്പിക്കും. അതിനതിനു എന്റെ കഥായഹങ്കാരങ്ങള് ഏറിവന്നു. വെറും മര്യാദ, ആ മര്യാദ ഒന്നുകൊണ്ടു മാത്രമാണ് വായനക്കാര്‍ ഓട്ടോ പിടിച്ചുവന്നു എന്നെ തല്ലാത്തത് എന്നറിയാനുള്ള വിവേകമൊന്നും അക്കാലത്ത് എനിക്ക് ഇല്ലായിരുന്നെന്ന് വെച്ചോ!
ഫേസ്ബുക്കിലെ എഴുത്തുകാലത്ത് ഒരു ചാറ്റിനിടെ ബഷീര്‍ മേച്ചേരിയാണ് ലോക്കോ പൈലറ്റായിട്ടുള്ള എന്റെ അനുഭവങ്ങള്‍ എഴുതാന്‍ എന്നോട് ആവശ്യപ്പെട്ടത്. ആദ്യം എനിക്കൊരു ശൂന്യതയാണ് തോന്നിയത്. എന്തനുഭവം? പകലും ഇരവുമില്ലാതെ ജോലിയെടുക്കുകയും മറ്റുള്ളവരില്‍ നിന്നു വേര്‍പെട്ട് അനിശ്ചിത ഭ്രമണപഥങ്ങളില്‍ ചുറ്റിത്തിരിയുകയും ചെയ്യുന്ന എന്റെ ജീവിതത്തില്‍ എന്തനുഭവം ഉണ്ടാവാന്‍? പക്ഷേ ബഷീര്‍ മേച്ചേരിയെ ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ ബഹുമാനിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തെ ബോധിപ്പിക്കാന്വേണ്ടിയെങ്കിലും എന്തെങ്കിലും എഴുതുകയല്ലാതെ എനിക്ക് നിവൃത്തി ഉണ്ടായിരുന്നില്ല.
ഓര്‍മകള്‍ ചികഞ്ഞെടുക്കാന്‍ ഡയറി തുറന്നു നോക്കുമ്പോള്‍ താളുകള്ക്കുള്ളിലിരുന്ന ഒരു മയില്‍പ്പീലിത്തുണ്ട് എന്റെ കണ്ണില്‍പ്പെട്ടു. ഞങ്ങളുടെ വണ്ടി ഇടിച്ചുചത്ത ഒരു മയിലിന്റെ ചോര പറ്റാത്ത പീലികളില്‍ നിന്നൊരെണ്ണം കൗതുകത്തിനായി എന്റെ ഡയറിക്കുള്ളില് വച്ചതായിരുന്നു ഞാന്‍. നോക്കിനോക്കിയിരിക്കെ ഒരു മഴക്കാലത്ത് പ്രണയം മൂത്ത് മരണനൃത്തം ചെയ്ത വിഡ്ഢിയായ ആ മയിലിന്റെ ചാവ് എന്നെയെത്ര മുറിപ്പെടുത്തിയിരുന്നു എന്നു ഞാനറിഞ്ഞു. ആ മുറിവുകള്‍ എന്റെ ഡയറിക്കുറിപ്പില്‍ കോറിയിട്ടിരുന്നതെങ്ങനെയാണോ അതേപടി ഞാന്‍ ഫേസ്ബുക്കിലും പകര്‍ത്തി വെച്ചു. 'മയൂരനടനം പ്രണയം' എന്നതിന് പേരുമിട്ടു. സംഗതി മോശമായില്ല, മൂന്നു ലൈക്ക് മുപ്പത് ലൈക്കായി ഉയര്‍ന്നു. എന്റെ അഭിമാനത്തിന്റെ ലെവല്‍ മുന്നൂറായും. എന്റെ ഡയറിയില്‍ വേറെയുമുണ്ടായിരുന്നു ഇത്തരം ചോരമണം പോകാത്ത ഓര്‍മ്മക്കുറിപ്പുകള്‍.
കുറച്ചുനാളുകള്‍ക്ക് ശേഷം ഒരു കള്ളപ്പേരില്‍ എന്റെ മയൂരനടനം കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പലയിടത്തും പിന്നെയും എന്റെ തീവണ്ടി അനുഭവക്കുറിപ്പുകളും കഥകളും അച്ചടിച്ചു വന്നു. അനന്തരം പൂക്കളെക്കാള്‍ മണമുള്ള ലലകള്‍ ആയി, ആപ്പിള്‍ ആയി, പന്തലാസ ആയി, കുരുവികളുടെ റിപബ്ലിക്ക് ആയി (ഇതെല്ലാം എന്റെ കഥാസമാഹാരങ്ങളാണ്). മംഗളം ഓണപ്പതിപ്പിലേക്ക് ഒരു തീവണ്ടി യാത്രാനുഭവം എഴുതി തരണമെന്ന് ആവശ്യപ്പെടാന്‍ അതിന്റെ ചുമതലയുണ്ടായിരുന്ന ഐ.വി. ബാബുവിനെ പ്രേരിപ്പിച്ചത് എന്താണെന്നെനിക്കറിയില്ല. ഒരുപക്ഷേ എന്റെ ഫേസ്ബുക്ക് കുറിപ്പുകളുടെ അദൃശ്യവായനക്കാരന് ആയിരുന്നിരിക്കണം അദ്ദേഹം. മടിയുടെ അപ്പോസ്തലനായിരുന്ന ഞാന്‍ ബ്ലോഗില്‍ നേരത്തെ എഴുതിവെച്ച രണ്ട് അനുഭവങ്ങള്‍ അയച്ചുകൊടുത്തു. നിഷ്കരുണം അദ്ദേഹമത് തിരിച്ചയച്ചു. 'എനിക്കിതല്ല വേണ്ടത്'എന്ന കുറിപ്പോടെ. 'എനിക്ക് വേണ്ടത് നിങ്ങളുടെ ഒരു യാത്രയാണ്. ട്രാക്കിലെ കാഴ്ചകളും അനുബന്ധ വിവരങ്ങളും തുരങ്കങ്ങളിലെ വിഹ്വലതകളും എല്ലാം ചേര്‍ന്ന് അത്യാവശ്യം ദീര്‍ഘമായ ഒരു കുറിപ്പ്.' അതിവൈകാരികത ചാലിച്ച് എന്തെങ്കിലും എഴുതിക്കൂട്ടി അയക്കാമെന്ന് കരുതണ്ടെന്നും മുന്നറിയിപ്പ് തന്നിരുന്നു. അതോടെ ഞാന്‍ പെട്ടു. മരങ്ങളെയും മലകളെയും കുറിച്ച് എന്തെഴുതാനാണ്? എങ്കിലും എനിക്കു വായില്‍ തോന്നിയതെല്ലാം കുത്തിക്കുറിച്ച് ഞാന്‍ വീണ്ടും ബാബു സാറിന് അയച്ചുകൊടുത്തു. കെവിന് എന്നൊരു ഫേസ്ബുക്ക് സുഹൃത്ത് എടുത്തുതന്ന കുറെ ഫോട്ടോകളും. 'മാംഗളൂര് സേ മഡ്ഗാവ് ജാനേ വാലി ഒരു പുഴു' എന്നൊരു പേരും കാച്ചിക്കൊടുത്തു.
ആ ഓണപ്പതിപ്പ് ഇറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ ഫോണ്‍ റിംഗ് ചെയ്തു ഘനഗാംഭീര്യമുള്ള ഒരു ശബ്ദം തികഞ്ഞ സൗഹൃദത്തോടെ ഇങ്ങനെ പരിചയപ്പെടുത്തി.
'ഞാന്‍ മാതൃഭൂമി ബുക്സില്‍ നിന്നാണ്.'
അതായിരുന്നു തീവണ്ടി യാത്രകളുടെ ആദ്യ ചൂളം വിളി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..