സിപ്പി പള്ളിപ്പുറത്തിന്റെ 'റോമിയോവും സ്‌നേഹമുത്തശ്ശിയും' | ആദ്യ ഭാഗം


മുത്തശ്ശി പലവട്ടം ചൊല്ലിക്കേള്‍പ്പിച്ച 'മേരി ഹാഡ് എ ലിറ്റില്‍ ലാംബും,' 'ഇന്‍ ദ ഹാര്‍ട്ട് ഓഫ് എ സീഡു'മൊക്കെ അവന്റെ നാവിന്‍തുമ്പില്‍ ഇപ്പോഴും തത്തിക്കളിക്കുന്നുണ്ട്. അത്തരമൊരു പുന്നാരമുത്തശ്ശിയെ തനിയേ വിട്ടിട്ടു പോരുമ്പോള്‍ ആര്‍ക്കാണ് സങ്കടമുണ്ടാകാതിരിക്കുക? 'മമ്മാ, എനിക്കിനിയും ക്ഷമിച്ചിരിക്കാന്‍ വയ്യ. എത്രയുംവേഗം ഗ്രാന്‍ഡ്മയുടെ പക്കലെത്തണം,'

സിപ്പി പള്ളിപ്പുറം

മഹാമാരി ലോകമെങ്ങും പടര്‍ന്നുപിടിച്ചകാലത്തെ കഥയാണിത്. പരസ്പരം കാണാനാവാതെ മനുഷ്യര്‍ വ്യസനിച്ച സമയം. അപ്പോഴാണ് ഇറ്റലിയിലെ പലേര്‍മോയിലുള്ള റോമിയോ ലണ്ടനിലുള്ള തന്റെ മുത്തശ്ശിയെ കാണാന്‍ അതിയായി മോഹിച്ചത്. ആ അതിമോഹം അവന്‍ സാധിക്കുക തന്നെ ചെയ്തു. ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് വലിയൊരു മാതൃകയായി മാറിക്കൊണ്ട് ആ പതിനൊന്നു വയസ്സുകാരന്‍ നടത്തിയ സാഹസികയാത്ര കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ സിപ്പി പള്ളിപ്പുറം അവതരിപ്പിക്കുന്നു.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നോവലിന്റെ ആദ്യ ഭാഗം വായിക്കാം

മുത്തശ്ശിയമ്മയെ സ്വപ്‌നം കണ്ടുകൊണ്ടാണ് അന്നു റോമിയോ ഉണര്‍ന്നെണീറ്റത്. എണീറ്റുവന്ന ഉടനെ അവന്‍ പറഞ്ഞു:
'പപ്പാ, മമ്മാ, എനിക്കെന്റെ ഗ്രാന്‍ഡ്മയെ കാണണം. അല്പം മുന്‍പും ഗ്രാന്‍ഡ്മ വന്ന് എന്നെ കൈകാട്ടി വിളിക്കുന്നുണ്ടായിരുന്നു.'
'പക്ഷേ റോമിയോ, ഇതു കൊറോണക്കാലമല്ലേ? ലോകം മുഴുവന്‍ ലോക്ഡൗണിലാണെന്ന് നിനക്കറിഞ്ഞുകൂടേ? പിന്നെ എങ്ങനെ അവിടെ എത്താനാണ്?' മമ്മ അവനെ മടിയിലിരുത്തി ആശ്വസിപ്പിക്കാന്‍ നോക്കി.
'മോനേ, എവിടേയും ഒരു വാഹനവും ഓടുന്നില്ല. നിരത്തുകള്‍ ശൂന്യമാണ്. കാറുകളും ബസ്സുകളും നല്ല ഉറക്കത്തിലാണ്. തീവണ്ടികള്‍ അനങ്ങാതെ കിടക്കുന്നു. ആകാശത്ത് വിമാനങ്ങള്‍ പറക്കുന്നില്ല. കടലിലൂടെ കപ്പലുകള്‍ പായുന്നില്ല. എല്ലാം നിശ്ചലം! പിന്നെ എങ്ങനെയാണ് നിനക്ക് പോകാനാവുക?' പപ്പയും അവനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.

'അതൊന്നും പറഞ്ഞാല്‍ പറ്റില്ല പപ്പാ... അവിടെ എന്റെ പാവം ഗ്രാന്‍ഡ്മ ഒറ്റയ്ക്കല്ലേ? എനിക്ക് ഗ്രാന്‍ഡ്മയെ കണ്ടേ തീരൂ,' റോമിയോ കരയാന്‍ തുടങ്ങി.
മാതാവായ ജിയോവന്നയ്ക്കും പിതാവായ ഫില്‍കോക്‌സിനും മകന്‍ റോമിയോവിന്റെ സങ്കടം താങ്ങാനാവുന്നതായിരുന്നില്ല. തങ്ങളുടെ ഓമനമകന്റെ ഏതാഗ്രഹവും സാധിച്ചുകൊടുക്കാന്‍ അവര്‍ ഒരിക്കലും മടികാണിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്ന് അവര്‍ക്ക് ഒരെത്തുംപിടിയും കിട്ടുന്നുണ്ടായിരുന്നില്ല.
ഇറ്റലിക്കാരിയായ ജിയോവന്നയുടെയും ഇംഗ്ലണ്ടുകാരനായ ഫില്‍കോക്‌സിന്റെയും ഏകമകനാണ് റോമിയോ. ഒരുവര്‍ഷം മുന്‍പുവരെ ലണ്ടനിലുള്ള കോക്‌സിന്റെ വസതിയില്‍ മുത്തശ്ശി റോസ്‌മേരിയോടൊപ്പമാണ് അവരെല്ലാം താമസിച്ചിരുന്നത്. അവിടെനിന്നാണ് ജോലിയുടെ സൗകര്യാര്‍ഥം ഫില്‍കോക്‌സ് ഭാര്യയോടും മകനോടുമൊപ്പം ഇറ്റലിയിലെ 'പലേര്‍മോ' എന്ന സ്ഥലത്തേക്കു താമസം മാറ്റിയത്.
യഥാര്‍ഥത്തില്‍ ലണ്ടനിലുള്ള വീട്ടില്‍ മുത്തശ്ശിയമ്മയെ തനിച്ചാക്കി പോന്നപ്പോള്‍ ഏറ്റവും കൂടുതല്‍ വേദനിച്ചത് ചെറുമകന്‍ റോമിയോയായിരുന്നു. മുത്തശ്ശിയെ ഓര്‍ത്ത് അവന്‍ വീട്ടിലെത്തുംവരെ കരഞ്ഞു.

റോസ്‌മേരിമുത്തശ്ശിയുടെ താളാത്മകമായ മുത്തശ്ശിപ്പാട്ടുകളും കേട്ടാലും കേട്ടാലും മതിവരാത്ത നാടോടിക്കഥകളുമൊക്കെ റോമിയോവിന് ഏറെ ഇഷ്ടമായിരുന്നു. ഏതു നേരത്തും മുത്തശ്ശിയമ്മയുടെ മടിയില്‍ തലചായ്ച്ചു കിടന്ന് പാട്ടും കഥകളുമൊക്കെ കേട്ടു രസിക്കുന്നതായിരുന്നു അവന്റെ പ്രധാന വിനോദം. മുത്തശ്ശി പറഞ്ഞുകൊടുത്ത 'സിന്‍ഡെര്‍ല'യുടെ കഥയും 'റെഡ്‌റൈഡിങ് ഹൂഡ്ഡി'ന്റെ കഥയും, 'ജംഗിള്‍ബുക്കി'ന്റെ കഥയുമൊക്കെ അവനു മനപ്പാഠമാണ്.
മുത്തശ്ശി പലവട്ടം ചൊല്ലിക്കേള്‍പ്പിച്ച 'മേരി ഹാഡ് എ ലിറ്റില്‍ ലാംബും,' 'ഇന്‍ ദ ഹാര്‍ട്ട് ഓഫ് എ സീഡു'മൊക്കെ അവന്റെ നാവിന്‍തുമ്പില്‍ ഇപ്പോഴും തത്തിക്കളിക്കുന്നുണ്ട്. അത്തരമൊരു പുന്നാരമുത്തശ്ശിയെ തനിയേ വിട്ടിട്ടു പോരുമ്പോള്‍ ആര്‍ക്കാണ് സങ്കടമുണ്ടാകാതിരിക്കുക?
'മമ്മാ, എനിക്കിനിയും ക്ഷമിച്ചിരിക്കാന്‍ വയ്യ. എത്രയുംവേഗം ഗ്രാന്‍ഡ്മയുടെ പക്കലെത്തണം,' റോമിയോ ഇടയ്ക്കിടെ മാതാപിതാക്കളെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.

റോമിയോവിനെയും കൂട്ടി ലണ്ടനിലേക്കു പോകാന്‍ അവര്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ അതിനിടയിലാണ് പെട്ടെന്നു കൊറോണയുടെ പടയോട്ടം ആരംഭിച്ചത്. ചൈനയിലെ വുഹാന്‍ എന്ന പ്രദേശത്തുള്ള ഒരു മീന്‍ചന്തയില്‍നിന്നായിരുന്നല്ലോ കൊറോണയുടെ പുറപ്പാട്.
പിന്നെ പിടിച്ചുകെട്ടാനാവാത്തവിധം കൊറോണ ഒരു ഭൂതത്തെപ്പോലെ അരങ്ങില്‍ നിറഞ്ഞാടി. അവനെ പിടിച്ചുകെട്ടാന്‍ എന്തു ചെയ്യേണ്ടൂ എന്നറിയാതെ ഓരോ നാട്ടിലെയും ഭരണാധികാരികള്‍ മുഖത്തോടുമുഖം നോക്കി.

പുസ്തകം വാങ്ങാം

ഇതിനിടയിലാണ് പെട്ടെന്ന് ലോക്ഡൗണിന്റെ മണി മുഴങ്ങിയത്. അതോടെ ലോകം മുഴുവന്‍ സ്തംഭനാവസ്ഥയിലായി. ഓരോ നാടിന്റെയും ഓരോ പ്രദേശത്തിന്റെയും വാതിലുകള്‍ ഒന്നൊന്നായി അടഞ്ഞു. പലരും നാട്ടിലും കൂട്ടിലുമെത്താന്‍ കഴിയാതെ വഴിയോരങ്ങളില്‍ വീണു പിടഞ്ഞുമരിച്ചു!
എന്നിട്ടും കൊറോണഭൂതം ദേശഭേദങ്ങളില്ലാതെ അഴിഞ്ഞാടി. അവന്‍ അനേകായിരങ്ങളെ വലയിലാക്കി. പലരും രോഗം വന്നു കിടപ്പിലായി. അനേകായിരങ്ങള്‍ ചികിത്സ കിട്ടാതെ മരിച്ചുവീണു. ആളുകളെല്ലാം പേടിച്ച് നിലവിളിയായി.
അതിനിടയില്‍ നാട്ടിലെ പള്ളിക്കൂടങ്ങളായ പള്ളിക്കൂടങ്ങളെല്ലാം അടച്ചു. സര്‍ക്കാര്‍ ഓഫീസുകളുമെല്ലാം അടച്ചുപൂട്ടി. എന്തിനു പറയുന്നു, നാട്ടിലൂടെ ഓടുന്ന കാറുകളും ബസ്സുകളും തീവണ്ടികളുമെല്ലാം ഓട്ടം നിര്‍ത്തി. ആളുകളുടെ ചുണ്ടും മുഖവും ചിരിയുമെല്ലാം മാസ്‌കു കെട്ടി മറച്ചു. ലോകമാകെ അലങ്കോലപ്പെട്ടു. മനുഷ്യനെ മനുഷ്യനു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയായി. ആകെ ഉയര്‍ന്നുകേട്ടിരുന്നത് രോഗികളെയും മരിച്ചവരെയുംകൊണ്ടു പായുന്ന ആംബുലന്‍സുകളുടെ പേടിപ്പെടുത്തുന്ന ചൂളംവിളി മാത്രമാണ്.
ഇത്തരമൊരു സന്ദര്‍ഭത്തിലാണ് സ്‌നേഹസമ്പന്നനായ റോമിയോവിന് തന്റെ നല്ലവളായ മുത്തശ്ശിയമ്മയെ കാണണമെന്ന മോഹം കലശലായത്. പക്ഷേ, എന്തു ചെയ്യാനൊക്കും?

Content Highlights: sippi pallippuram novel mathrubhumi books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented