'ഇപ്പോള്‍ പൂര്‍ണ്ണമായും ഉണര്‍ന്നിരിക്കുന്നു, ഇതുവരെ ഞാന്‍ ജനിച്ചിരുന്നില്ല'


By ഹെര്‍മന്‍ ഹെസ്സേ / മൊഴിമാറ്റം: രമാ മേനോന്‍

6 min read
Read later
Print
Share

"ഏതു കൂട്ടത്തിലാണ് അയാള്‍ പെടുന്നത്? ആരോടൊപ്പമാണ് അയാള്‍ തന്റെ ജീവിതം പങ്കുവെക്കുക? ആരുടെ ഭാഷയാണ് അയാള്‍ സംസാരിക്കുക?" ഇപ്പോഴാണ് ഞാന്‍ യഥാര്‍ത്ഥത്തില്‍ ജനിച്ചത്.

വര: ശ്രീലാൽ എ.ജി.

ബുദ്ധദര്‍ശനത്തെ അടിസ്ഥാനമാക്കി എഴുതപ്പെട്ട, നൊബേല്‍ സമ്മാന ജേതാവ് ഹെര്‍മന്‍ ഹെസ്സേയുടെ ക്ലാസിക് നോവലിന്റെ മാതൃഭൂമി പതിപ്പാണ് 'സിദ്ധാര്‍ത്ഥ'. പ്രശസ്ത പരിഭാഷക രമാ മേനോന്‍ മൊഴിമാറ്റം നിര്‍വഹിച്ച പുസ്തകത്തിലെ 'ഉണര്‍വ്വ്' എന്ന ഭാഗത്തില്‍നിന്ന്;

സിദ്ധാര്‍ത്ഥന്‍ ജേതവനത്തില്‍നിന്നു യാത്രയായി. പരിപൂര്‍ണ്ണനായ ബുദ്ധനും ആത്മസുഹൃത്തായ ഗോവിന്ദനും അവിടെത്തന്നെ ഉണ്ടായിരുന്നു. അതോടൊപ്പം സിദ്ധാര്‍ത്ഥന്‍ തന്റെ പൂര്‍വ്വകാലത്തേയും അവിടെ വിട്ടുപോന്നു. മെല്ലെമെല്ലെ വഴിനടക്കവേ അവന്റെ മനസ്സു നിറയെ ആ ഒരു തോന്നലായിരുന്നു. അതിനെക്കുറിച്ചുതന്നെ അവന്‍ ഗാഢമായി ആലോചിച്ചുകൊണ്ടിരുന്നു. ആഴമുള്ള ഒരു ജലാശയത്തിലേക്കു മുങ്ങിത്താഴുന്നതുപോലെ അവന്‍ ആ വികാരത്തിന്റെ അഗാധതയിലേക്ക് ആണ്ടിറങ്ങി. അവസാനം അതിന്റെ അടിത്തട്ടില്‍ കാരണങ്ങള്‍ അടിഞ്ഞു കിടക്കുന്നിടത്തു ചെന്നെത്തി. ഒരു സംഗതി അവന് ബോദ്ധ്യമായിരുന്നു. കാരണങ്ങള്‍ കണ്ടറിയുക. അതുതന്നെയാണ് ചിന്തയുടെ ഉദ്ദേശ്യം. ആ വഴിയിലൂടെമാത്രമേ അറിവുകളെ യാഥാര്‍ത്ഥ്യമാക്കി മാറ്റാന്‍... സാക്ഷാത്കരിക്കാന്‍ സാധിക്കൂ. അല്ലെങ്കില്‍ അവ നഷ്ടമായിപ്പോകും. അറിവ് താനായി മാറണം. ആ ജ്ഞാനത്തിന്റെ പ്രഭ പ്രകാശകിരണങ്ങളായി പുറത്തേക്കൊഴുകി വരണം.

ചിന്തയില്‍ മുഴുകിക്കൊണ്ട് സിദ്ധാര്‍ത്ഥന്‍ സാവധാനം നടന്നു. താനിപ്പോള്‍ ഒരു യുവാവല്ല. ഒത്ത ഒരു പുരുഷനായിക്കഴിഞ്ഞിരിക്കുന്നു. പാമ്പില്‍നിന്നും പടം ഊര്‍ന്നുവീഴുമ്പോലെ പഴയ ആ ചിന്ത തന്നില്‍ നിന്നും പൊഴിഞ്ഞുപോയിരിക്കുന്നതായി അയാള്‍ മനസ്സിലാക്കി. ഗുരുക്കന്മാരെ കണ്ടെത്തുക, അവരില്‍നിന്നും അറിവു നേടുക. ആ ഒരു ചിന്ത മനസ്സില്‍നിന്നും ഇപ്പോള്‍ നിശ്ശേഷം വിട്ടുപോയിരിക്കുന്നു. ആചാര്യന്മാരുടെ പ്രവചനങ്ങള്‍ കേള്‍ക്കാനുളള താല്പര്യം ഇപ്പോള്‍ തീരെയില്ല. മാത്രമല്ല, തന്റെ വഴിയിലേക്കു കടന്നു വന്ന അവസാനത്തെ ആചാര്യനേയും താന്‍ കൈവിടുകയാണുണ്ടായത്. അദ്ദേഹം ആചാര്യന്മാരില്‍ ഏറ്റവും ജ്ഞാനിയും ഉത്കൃഷ്ടനുമായിരുന്നു. ഏറ്റവും വിശുദ്ധന്‍.... ബുദ്ധന്‍. അദ്ദേഹത്തേയും താന്‍ ഉപേക്ഷിച്ചു. അവിടുത്തെ പ്രമാണങ്ങള്‍ അംഗീകരിക്കാന്‍ മനസ്സു തയ്യാറായില്ല. അതുകൊണ്ട് വേര്‍പിരിഞ്ഞു. ചിന്തകളുടെ ആഴം കൂടിയപ്പോള്‍ നടന്നു. കുറച്ചു കൂടി മന്ദഗതിയിലായി.

'നീ തേടിച്ചെന്ന ഗുരുക്കളില്‍നിന്നും അവര്‍ ചൊല്ലിത്തന്ന പാഠങ്ങളില്‍നിന്നും നീ വാസ്തവത്തില്‍ മനസ്സിലാക്കാന്‍ ആഗ്രഹിച്ചതെന്താണ്?' സിദ്ധാര്‍ത്ഥന്റെ ചോദ്യം തന്നോടുതന്നെയായിരുന്നു. 'അവര്‍ വളരെയധികം കാര്യങ്ങള്‍ നിനക്കു മനസ്സിലാക്കിത്തന്നിരുന്നുവല്ലോ. അവരാല്‍ ഇനിയും നിന്നെ പഠിപ്പിക്കാന്‍ കഴിയാത്തതായി എന്താണുള്ളത്?'
'എനിക്കറിയേണ്ടത് എന്നെക്കുറിച്ചുതന്നെയാണ്,' അയാള്‍ സ്വരം ഉറപ്പിച്ചു പറഞ്ഞു. 'എന്റെ അന്വേഷണങ്ങളുടെ സാരവും, ലക്ഷ്യവും അതുമാത്രമാണ്. എനിക്ക് എന്നില്‍നിന്നും മോചനം നേടണം. ഞാന്‍ എന്ന ബോധത്തെ എനിക്കു മറികടക്കണം. എന്നാല്‍ എനിക്കതിനു സാധിച്ചില്ല. അതിനെ കബളിപ്പിക്കാനേ എനിക്കായുള്ളൂ. അതില്‍നിന്നും മറഞ്ഞുനില്ക്കാന്‍, ഓടിപ്പോകാന്‍.... അത്രയേ എനിക്കായുള്ളൂ. 'ഞാന്‍' എന്ന ചിന്ത. ലോകത്തില്‍ മറ്റൊന്നുംതന്നെ എന്റെ മനസ്സിനെ ഈവിധം പിടിച്ചുനിര്‍ത്തിയിട്ടില്ല. 'ഞാന്‍' എന്ന ഈ സത്ത ഏറ്റവും നിഗൂഢവും വിസ്മയകരവുമായതുതന്നെ! ഞാന്‍ ജീവിച്ചിരിക്കുന്നു. ഞാന്‍ ഏകനാണ്... മറ്റുള്ളവരില്‍നിന്നും വിഭിന്നനാണ്. അവരില്‍നിന്നൊക്കെ ഞാന്‍ വേര്‍തിരിഞ്ഞു നില്ക്കുന്നു. ഞാന്‍ സിദ്ധാര്‍ത്ഥന്‍ എന്ന വ്യക്തിയാണ്! ലോകത്തില്‍ എനിക്കേറ്റവും കുറച്ചറിയാവുന്നത് എന്നെക്കുറിച്ചു തന്നെയാണ്.... ഈ സിദ്ധാര്‍ത്ഥനെക്കുറിച്ച്.'
ഇപ്രകാരം ആലോചനയില്‍ ആമഗ്നനായി അയാള്‍ പതുക്കെ പതുക്കെ നടന്നു.

പുസ്തകത്തിന്റെ കവര്‍

ചിന്തകള്‍ പിടിച്ചുനിര്‍ത്തിയിട്ടെന്നപോലെ സിദ്ധാര്‍ത്ഥന്‍ പെട്ടെന്നു നിന്നു. അപ്പോഴേക്കും അതില്‍നിന്നുതന്നെ പുതിയൊരു ചിന്ത നാമ്പെടുത്തു. ആ ചിന്ത ഈ വിധത്തിലായിരുന്നു: 'എനിക്ക് എന്നെക്കുറിച്ച് ഒന്നുംതന്നെ അറിഞ്ഞുകൂട. യഥാര്‍ത്ഥത്തിലുള്ള സിദ്ധാര്‍ത്ഥന്‍ എനിക്കെന്നും അന്യനും പരിചിതനുമായിരുന്നു. ഈ തോന്നല്‍ നാമ്പിടുന്നത് ഒരേയൊരു കാരണത്തില്‍നിന്നാണ്. എനിക്ക് എന്നെത്തന്നെ ഭയമായിരുന്നു. ഞാന്‍ എന്നില്‍നിന്നുതന്നെ പലായനം ചെയ്യുകയായിരുന്നു. ഞാന്‍ ആത്മനെ തേടി...... ബ്രഹ്‌മനെ തേടി. ഞാന്‍ എന്നെത്തന്നെ കീറിമുറിച്ചു പരിശോധിക്കാനും എന്റെതന്നെ അടരുകള്‍ ഓരോന്നായി അടര്‍ത്തിയെടുക്കാനും തയ്യാറായിരുന്നു. അങ്ങനെ എല്ലാ അടരുകള്‍ക്കുമിടയിലുള്ള ഉള്‍ത്തടത്തിലെത്താമെന്നും അതിന്റെ അകക്കാമ്പ് കണ്ടെത്താമെന്നും ഞാന്‍ ആശിച്ചു..... ജീവന്‍... ഈശ്വരാംശം... ആത്യന്തികമായ ആ ഘടകം. എന്നാല്‍ ആ ശ്രമത്തില്‍ എനിക്ക് എന്നെത്തന്നെ നഷ്ടമായിരിക്കുന്നു.

സിദ്ധാര്‍ത്ഥന്‍ കണ്ണുകള്‍ തുറന്ന് ചുറ്റും നോക്കി. മുഖത്ത് ഒരു ചെറുചിരിയുടെ തെളിച്ചം പടര്‍ന്നു. വളരെ നീണ്ട ഒരു സ്വപ്നത്തില്‍ നിന്നും സാവധാനം ഉണരുകയാണെന്ന തോന്നല്‍... തലമുതല്‍ കാല്‍വിരല്‍ തുമ്പുകളോളം ഒഴുകിപ്പരന്നു. അധികം കാത്തുനിന്നില്ല. സിദ്ധാര്‍ത്ഥന്‍ വീണ്ടും നടത്തം തുടങ്ങി. ഇത്തവണ നടത്തം കൂടുതല്‍ വേഗത്തിലായിരുന്നു. എന്താണു ചെയ്യേണ്ടത് എന്ന് നിശ്ചയിച്ചുറപ്പിച്ച ഒരാളുടെ മനസ്സിന്റെ ദൃഢത അതില്‍ പ്രകടമായിരുന്നു.

'ഓ...' ദീര്‍ഘമായി ശ്വസിച്ചുകൊണ്ട് സിദ്ധാര്‍ത്ഥന്‍ വിചാരിച്ചു. ഇനിയൊരിക്കലും സിദ്ധാര്‍ത്ഥനെ രക്ഷപ്പെട്ടുപോകാന്‍ ഞാന്‍ അനുവദിക്കില്ല. ആത്മനെക്കുറിച്ചും ലോകത്തിലെ യാതനകളെക്കുറിച്ചുമുള്ള ചിന്തകളില്‍ മുഴുകാന്‍ ഇനി ഒട്ടും തന്നെ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എന്നെത്തന്നെ കൊല്ലാനോ കീറിമുറിച്ച് വിശദമായ പരിശോധനയ്ക്കു വിധേയമാക്കാനോ വിചാരിക്കുന്നില്ല. ചിന്നിച്ചിതറി കിടക്കുന്ന ആ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നും ആ വലിയ രഹസ്യം കണ്ടുപിടിക്കാനും എനിക്കു താത്പ്പര്യമില്ല. ഒരു യോഗത്തിനും വേദത്തിനും കൂടുതലായി എന്തെങ്കിലും എനിക്കു പറഞ്ഞുതരാന്‍ ആകില്ല. അഥര്‍വ്വവേദത്തിനോ മറ്റേതെങ്കിലും ശാസ്ത്രങ്ങള്‍ക്കോ സന്ന്യാസിമാര്‍ക്കോ ഒന്നും പുതിയതായി ഒരറിവ് പകര്‍ന്നു നല്‍കാനില്ല. എനിക്കു പഠിക്കാനുള്ളത് എന്നില്‍നിന്നുള്ളതുതന്നെയാണ്. എനിക്ക് എന്റെതന്നെ വിദ്യാര്‍ത്ഥിയാവണം. എനിക്ക് എന്നെ മനസ്സിലാക്കണം.... സിദ്ധാര്‍ത്ഥന്റെ രഹസ്യം കണ്ടെത്തണം. വീണ്ടും സിദ്ധാര്‍ത്ഥന്‍ തനിക്കുചുറ്റും നോക്കി. ഈ ലോകത്തെ ആദ്യമായി കാണുകയാണെന്ന ഭാവം. എത്രമനോഹരമാണ്... വര്‍ണ്ണ ശബളമാണ് ഈ ലോകം!

അതേസമയം, ലോകം അറിയാനാവാത്തതാണ്; നിഗൂഢമാണ്. ഒരിടത്ത് നീല, ഒരിടത്ത് മഞ്ഞ, വേറെ ഒരിടത്ത് പച്ച. ആകാശവും പുഴകളും ഒഴുകുന്നു. കാടും മലകളും നിശ്ചലമായി ഉറച്ചുനില്‍ക്കുന്നു. കാണുന്നതിലൊക്കെയും സൗന്ദര്യമുണ്ട്. നിഗൂഢതയുമുണ്ട്. ഓരോന്നിനും അതിന്റേതായ ഒരു മായികതയുമുണ്ട്. അതിന്റെയൊക്കെ നടുവിലായി താന്‍ എന്ന സിദ്ധാര്‍ത്ഥന്‍. അവനവനിലേക്കുള്ള വഴിയില്‍ അയാള്‍ ഉയര്‍ന്നുവരികയാണ്. അവിടെയുള്ളതെല്ലാം നീലയും മഞ്ഞയും കാടും മലകളുമെല്ലാം സിദ്ധാര്‍ത്ഥന്റെ ഉള്ളിലേക്കു പ്രവേശിച്ചു, ആദ്യമായി അയാളുടെ കണ്ണുകളിലൂടെ. അത് മാരന്‍ കാണിച്ച ഒരു ജാലവിദ്യയായിരുന്നില്ല. കണ്‍മുമ്പില്‍ മായ ഒരു യവനിക നിവര്‍ത്തുകയായിരുന്നില്ല. പ്രത്യേകിച്ചൊരു അര്‍ത്ഥവുമില്ലാതെ പലതരം കാഴ്ചകള്‍ യാദൃച്ഛികമായി അയാളുടെ ശ്രദ്ധ ആകര്‍ഷിക്കുകയായിരുന്നില്ല. വിചാരശീലനായ ആ ബ്രാഹ്‌മണനെ സംബന്ധിച്ചിടത്തോളം ആ കാഴ്ചകളിലെ വൈവിദ്ധ്യം മടുപ്പുളവാക്കുന്നതായിരുന്നു. വൈവിദ്ധ്യത്തെയല്ല, ഏകത്വത്തെയാണ് അയാളുടെ മനസ്സ് തേടിയിരുന്നത്. അയാളുടെ നോട്ടത്തില്‍ നീല നീലയാണ്. പുഴ പുഴയാണ്. നീലയിലും പച്ചയിലും പുഴയിലും സിദ്ധാര്‍ത്ഥനിലുമെല്ലാം ഏകനായ ഈശ്വരന്‍ മറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഇത് ഈശ്വരന്റെതന്നെ ഇച്ഛയാണ്... രീതിയാണ്. നീലയായും പച്ചയായും കാടായും ആകാശമായും ഇവിടെ ഈ സിദ്ധാര്‍ത്ഥനായുമൊക്കെ പ്രകടമാവുക. ഓരോ വസ്തുവിനും അതിന്റേതായ ലക്ഷ്യമുണ്ട്. അതിനെ അതായി നിലനിര്‍ത്തുന്ന ഘടകമുണ്ട്. അത് രണ്ടുമുള്ളത് ആ വസ്തുവിന്റെ പുറകിലെവിടെയോ അല്ല. അതിന്റെ ഉള്ളില്‍ത്തന്നെയാണ്.

'ഞാന്‍ ശരിക്കും ഒരു വിഡ്ഢിയായിരുന്നു. കേള്‍വിയില്ലാത്തവനായിരുന്നു,' സിദ്ധാര്‍ത്ഥന്‍ തനിയെ പറഞ്ഞു. മുമ്പില്‍ കണ്ട വഴിയേ അയാള്‍ വേഗത്തില്‍ നടന്നു. 'ഒരാള്‍ ഒരു ഗ്രന്ഥം വായിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍, അതിന്റെ അര്‍ത്ഥം വ്യക്തമായി ഗ്രഹിക്കാന്‍ ശ്രദ്ധിക്കുമ്പോള്‍ അതിന്റെ അക്ഷരങ്ങളെയും ചിഹ്നങ്ങളെയും അയാള്‍ ഒരിക്കലും അവഗണിക്കുകയില്ല. അതിനൊന്നും അര്‍ത്ഥമില്ലെന്നും അസംബന്ധമാണെന്നും വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനായി കുറിച്ചിട്ടിരിക്കുന്നതാണെന്നും പറയുകയില്ല. അയാള്‍ ആ പുസ്തകത്തില്‍ കാണുന്ന ഓരോന്നും സൂക്ഷിച്ചു വായിച്ച് മനസ്സിലാക്കും. ഓരോ അക്ഷരമായി അയാള്‍ ഹൃദിസ്ഥമാക്കും... അവയെ സ്‌നേഹിക്കും. എന്നാല്‍ ഞാന്‍ ചെയ്തതോ? ഈ ലോകമാകുന്ന പുസ്തകം, എന്റെ സ്വന്തം ജീവിതമാകുന്ന പുസ്തകം വായിച്ചു പഠിക്കാന്‍ ആഗ്രഹിച്ചു. ഞാന്‍ മനസ്സില്‍ നിരൂപിച്ച അര്‍ത്ഥംതന്നെ ഈ പുസ്തകത്തിലും കണ്ടെത്താനാണ് ഞാന്‍ ശ്രമിച്ചത്. വായിക്കാന്‍ തുടങ്ങുന്നതിനു മുമ്പേതന്നെ അതിലെ വാക്കുകളെയും ചിഹ്നങ്ങളെയും പരിഹസിച്ചു. ഈ ദൃശ്യപ്രപഞ്ചമാകെത്തന്നെ മിഥ്യയാണെന്ന് ഉറപ്പിച്ചു. എന്റെ കണ്ണും നാക്കുമൊക്കെ യാദൃച്ഛികമായി ഉണ്ടായതാണെന്നും അവ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലാത്ത ഓരോ രൂപങ്ങളാണെന്നും നിശ്ചയിച്ചു. അങ്ങനെയുള്ള ചിന്തകളെല്ലാം അവസാനിച്ചിരിക്കുന്നു. എന്റെ തോന്നലുകള്‍ തെറ്റായിരുന്നു. ഇപ്പോള്‍ ഞാന്‍ പൂര്‍ണ്ണമായും ഉണര്‍ന്നിരിക്കുന്നു. ഇപ്പോഴാണ് ഞാന്‍ യഥാര്‍ത്ഥത്തില്‍ ജനിച്ചത്. ഇതുവരെ ഞാന്‍ ജനിച്ചിരുന്നില്ല.'

ഇങ്ങനെയുള്ള ചിന്തകളില്‍ സ്വയംമറന്ന് നടന്നുകൊണ്ടിരുന്ന സിദ്ധാര്‍ത്ഥന്‍, പൊടുന്നനെ വീണ്ടും നിന്നുപോയി... വഴിയില്‍ തൊട്ടുമുമ്പില്‍ ഒരു പാമ്പ് കിടക്കുന്നത് കണ്ടിട്ടെന്നപോലെ. അതിനു കാരണമുണ്ടായിരുന്നു. അത്രയും പെട്ടെന്നാണ് അയാളില്‍ ആ ബോദ്ധ്യം തെളിഞ്ഞു വന്നത്. നീണ്ട ഒരു മയക്കത്തില്‍നിന്നും ഓര്‍ക്കാപ്പുറത്ത് ഉണര്‍ന്നവന്റെ സ്ഥിതി. അപ്പോള്‍ പിറന്നുവീണ ഒരു കുന്നിന്റെ അവസ്ഥ. ജീവിതം പുതിയതായി തുടങ്ങുന്നു. എല്ലാം തുടക്കത്തില്‍ നിന്നുതന്നെ ഒരിക്കല്‍ക്കൂടി തുടങ്ങണം. അന്ന്... അതിരാവിലെ ബുദ്ധന്റെ സങ്കേതമായ ജേതവനം വിട്ട് ഇറങ്ങിയപ്പോള്‍ത്തന്നെ സിദ്ധാര്‍ത്ഥന്റെ മനസ്സില്‍ ഒരു ഉള്ളുണര്‍വ്വ് തോന്നിത്തുടങ്ങിയിരുന്നു; താന്‍ ഇപ്പോള്‍ തന്നിലേക്കുള്ള വഴിയിലാണ്. വര്‍ഷങ്ങളോളം സന്ന്യാസിയായി ജീവിച്ചതിനുശേഷം താന്‍ സ്വന്തം വീട്ടിലേക്ക്... അച്ഛന്റെ അരികിലേക്ക് തിരിച്ചുചെല്ലുമെന്നുതന്നെയായിരുന്നു സിദ്ധാര്‍ത്ഥന്റെ സങ്കല്പം. അതില്‍ അസ്വാഭാവികതയൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല, അങ്ങനെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന ഒരു തോന്നലുമുണ്ടായിരുന്നു.

എന്നാല്‍ ആ നിമിഷം, ഒരു പാമ്പിനെ കണ്ടിട്ടെന്നപോലെ പൊടുന്നനെ വഴിയില്‍ നിന്നുപോയ നിമിഷം ആ യാഥാര്‍ത്ഥ്യത്തിലേക്ക് അയാള്‍ ഉണരുകയായിരുന്നു. 'ഞാനിപ്പോള്‍ പഴയ ഞാനല്ല. ഒരു സന്ന്യാസിയാണെന്ന് ഇനിയും പറയാനാവില്ല. അതുപോലെത്തന്നെ ഇനിമുതല്‍ ഞാനൊരു പുരോഹിതനല്ല... ബ്രാഹ്‌മണനുമല്ല. വീട്ടില്‍ ചെന്ന് അച്ഛനോടൊപ്പം എന്താണ് ഞാന്‍ ചെയ്യേണ്ടത്? ഇനിയും പഠിക്കുകയോ? ബലികളും യാഗങ്ങളും നടത്തുകയോ? ധ്യാനം പരിശീലിക്കുകയോ? എന്നെ സംബന്ധിച്ചിടത്തോളം അതെല്ലാം കഴിഞ്ഞുപോയതല്ലേ? അതൊന്നുംതന്നെ ഇനിയുള്ള എന്റെ വഴിയിലില്ലല്ലോ!'
സിദ്ധാര്‍ത്ഥന്‍ നിശ്ചലനായി ആ വഴിയില്‍ വെറുതെ നിന്നു. ഒരു നിമിഷനേരത്തേക്ക്, ഒരു ശ്വാസമെടുക്കുന്ന വേള... അയാളുടെ ഹൃദയം ആകെ തണുത്തുപോയി. നെഞ്ചില്‍ വല്ലാത്തൊരു തണുപ്പ്. ഏതെങ്കിലും ഒരു പക്ഷിയോ മുയലിനെപ്പോലെയുള്ള ഒരു ചെറിയ മൃഗമോ ഒറ്റയ്ക്കു പെട്ടുപോകുമ്പോള്‍ അതിന്റെ മനസ്സില്‍ തോന്നുന്ന ആ മരവിപ്പ്. എത്രയോ വര്‍ഷങ്ങളായി തനിക്കു വീടില്ലാതായിട്ട്. അപ്പോഴൊന്നും ഇങ്ങനെയൊരു ഒറ്റപ്പെടല്‍ അനുഭവിച്ചിട്ടില്ല. ഇപ്പോള്‍ ആ തോന്നല്‍ തീവ്രമായി അനുഭവപ്പെടുന്നു. ധ്യാനത്തിന്റെ ആഴങ്ങളില്‍ ആണ്ടിരിക്കുമ്പോഴും അയാള്‍ തന്റെ അച്ഛന്റെ മകനായിരുന്നു. ബ്രാഹ്‌മണനായിരുന്നു. ഉന്നതകുലജാതന്‍... പുരോഹിതന്‍. എന്നാല്‍ ഇപ്പോള്‍ താന്‍ കേവലം സിദ്ധാര്‍ത്ഥന്‍മാത്രം. ഉള്ളുണര്‍ന്നവന്‍...

വേറൊന്നുംതന്നെ അയാള്‍ അറിഞ്ഞില്ല. ദീര്‍ഘമായി അയാള്‍ ശ്വാസമെടുത്തു. ഒരു മാത്ര... കഠിനമായ തണുപ്പുതോന്നി... ആകെ വിറച്ചു. അയാളെപ്പോലെ ഒരാളും അങ്ങനെ തനിച്ചായിട്ടില്ല! ഒരു പ്രഭുവും പ്രഭുവല്ലാതിരുന്നിട്ടില്ല. പ്രഭുക്കന്മാരുടെ കൂട്ടത്തില്‍പ്പെടാതിരുന്നിട്ടില്ല. ഒരു തൊഴിലാളിയും തൊഴിലാളികളുടെ കൂട്ടത്തില്‍ കൂടാതിരുന്നിട്ടില്ല. അവനവന്റെ ആളുകള്‍ക്കിടയില്‍ അഭയം തേടാതിരുന്നിട്ടില്ല. അവരുടെ ജീവിതം പങ്കുവെക്കാതിരുന്നിട്ടില്ല. അവരുടെ ഭാഷ സംസാരിക്കാതിരുന്നിട്ടില്ല. ബ്രാഹ്‌മണന്‍ എന്ന് തീര്‍ത്തും നിശ്ചയമില്ലാത്ത ഒരാളും ബ്രാഹ്‌മണരോടൊപ്പം താമസിച്ചിട്ടില്ല. ശ്രമണന്മാരുടെ സമൂഹത്തില്‍ ഒരു സന്യാസിക്കും സമയം ലഭിക്കാതിരിക്കില്ല. കാട്ടില്‍ ഒറ്റതിരിഞ്ഞലയുന്ന ഒരു മുനിപോലും നിസ്സഹായനായിരുന്നില്ല. അദ്ദേഹത്തിനും സ്വന്തമെന്നു പറയാന്‍ ഒരു കൂട്ടമുണ്ടായിരുന്നു, കൂട്ടരും. അത് അദ്ദേഹത്തിന് സ്വന്തം വീടായിരുന്നു. ഗോവിന്ദന്‍ ഇപ്പോള്‍ ഒരു ഭിക്ഷുവാണ്. ഒരായിരം ഭിക്ഷുക്കള്‍ സഹോദരന്മാരായി അവനോടൊപ്പമുണ്ട്. അവരും അവന്റേതുപോലെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നു. അവന്‍ വിശ്വസിക്കുന്ന പ്രമാണങ്ങളില്‍ വിശ്വസിക്കുന്നു. ഒരേ ഭാഷ സംസാരിക്കുന്നു. എന്നാല്‍ സിദ്ധാര്‍ത്ഥന്‍... ഏതു കൂട്ടത്തിലാണ് അയാള്‍ പെടുന്നത്? ആരോടൊപ്പമാണ് അയാള്‍ തന്റെ ജീവിതം പങ്കുവെക്കുക? ആരുടെ ഭാഷയാണ് അയാള്‍ സംസാരിക്കുക?

തന്റെ ചുറ്റും ലോകം മുഴുവന്‍ അലിഞ്ഞില്ലാതായ ആ നിമിഷത്തില്‍നിന്ന്, ആകാശത്തിലെ ഏകനക്ഷത്രംപോലെ ആ വഴിയില്‍ അയാള്‍ ഒറ്റയ്ക്കു നിന്ന ആ നിമിഷത്തില്‍നിന്ന്, കടുത്ത നിരാശയുടേയും മരവിപ്പിന്റേയും നിമിഷത്തില്‍നിന്നും സിദ്ധാര്‍ത്ഥന്‍ ഉയിര്‍കൊണ്ടു. ആ അസ്തിത്വം മുമ്പുണ്ടായിരുന്നതിനേക്കാള്‍ സുദൃഢമായിരുന്നു... കേന്ദ്രീകൃതമായിരുന്നു. അയാള്‍ക്കു തോന്നി: അത് ഉണര്‍വിനു മുമ്പുള്ള അവസാനത്തെ പിടച്ചിലായിരുന്നു. ജനനത്തിനു തൊട്ടുമുമ്പായുള്ള അവസാനത്തെ വലിച്ചിലായിരുന്നു. പിന്നെ അയാള്‍ താമസിച്ചില്ല. കാലുകള്‍ നീട്ടിവെച്ച് വീണ്ടും നടക്കാന്‍ തുടങ്ങി. നല്ല വേഗത്തില്‍... ഏതാണ്ടൊരു അക്ഷമയോടെ. അയാള്‍ നടന്നിരുന്നത് സ്വന്തം വീട്ടിലേക്കായിരുന്നില്ല. അച്ഛന്റെ അരികിലേക്കായിരുന്നില്ല. അതൊരു തിരിച്ചുപോക്കായിരുന്നില്ല.

Content Highlights: Siddhartha novel, Hermann Hesse, Book excerpt, Mathrubumi books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
gandhinagar second street, sathyan anthikkad Mamukoya movies, sreenivasan

8 min

'ഗ്ലാമറിനോടുള്ള ഒരുതരം വൈരാഗ്യബുദ്ധി ശ്രീനിവാസന് അക്കാലംതൊട്ടേ ഉണ്ട്, അതു തെളിഞ്ഞിരിക്കയാണ്!'

Jun 4, 2023


Manu S Pillai, Book Cover

12 min

എത്ര മായ്ക്കാന്‍ ശ്രമിച്ചാലും മായാത്ത മുഗള്‍ചരിത്രം; മനു എസ്. പിള്ളയുടെ റിബല്‍ സുല്‍ത്താന്‍മാര്‍!

Jun 3, 2023


Madhavikkutti and Gandhi

11 min

മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും തമ്മിലെന്ത് ബന്ധം?

May 31, 2023

Most Commented