സവണ്ണ, അക്ക മഹാദേവി, അല്ലമാ പ്രഭു, ദേവര ദാസിമയ്യാ എന്നിവരുടെ വചനകവിതകൾക്ക് കവി സച്ചിദാനന്ദൻ നൽകിയ വിവർത്തനം 'ശിവോഹം 'മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പുസ്തകത്തിൽ നിന്നും ഒരു ഭാഗം വായിക്കാം.

ബസവ ('അണ്ണാ' എന്ന് ആദരവോടെ ചേർക്കുന്നതാണ്, മഹാദേവിയെ 'അക്കാ' എന്ന് പറയുംപോലെ തന്നെ) 1106-ൽ ജനിക്കുകയും 1167-ലോ 68-ലോ മരിക്കുകയും ചെയ്തു എന്നാണ് പണ്ഡിതമതം. മാതാപിതാക്കൾ ചെറുപ്പത്തിലെ മരിച്ചതിനാൽ ബാഗേവാഡിയിലെ മാഡിരാജാ, മാഡാംബികെ എന്നിവർ ബസവയെ വളർത്തി, സംസ്കൃതം പഠിപ്പിച്ചു. പതിനാറു വയസ്സിൽത്തന്നെ തന്റെ ജീവിതം ബസവ ശിവനു സമർപ്പിച്ചു.

ജാതിവ്യവസ്ഥയും ആചാരങ്ങളും അദ്ദേഹത്തെ മടുപ്പിച്ചു. തന്റെ പൂണുനൂൽ വലിച്ചുപൊട്ടിച്ചു പിതൃക്കളുടെ പാപത്തിൽനിന്ന് മോചനം നേടി. വളർന്ന നാട് വിട്ടു ഭ്രാന്തനെപ്പോലെ അലഞ്ഞു, നദികളുടെ സംഗമസ്ഥലമായ 'കപ്പടിസംഗമ' എന്ന സ്ഥലത്തെത്തി. അവിടത്തെ ദേവൻ, കൂടലസംഗമദേവൻ (ശിവൻതന്നെ) അദ്ദേഹത്തിന്റെ ആരാധനാമൂർത്തിയായി. അവിടെ വെച്ച് ഒരു ഗുരുവിനെ കണ്ടെത്തി വേദങ്ങൾ പഠിച്ചു. ഐതിഹ്യം പറയുന്നത് ശിവൻ ഒരു സ്വപ്നത്തിൽ വന്നു ബസവയോടു ബിജ്ജള രാജാവിനെ കാണാൻ പറഞ്ഞെന്നും, സമ്മതമില്ലാതിരുന്ന ബസവയ്ക്ക് ശിവൻ തന്റെ വാഹനമായ നന്ദിയുടെ വായിലൂടെ ഒരു ശിവലിംഗം നല്കി എന്നും അപ്പോൾ അദ്ദേഹം സ്ഥലമുക്തനായി എന്നുമാണ്. അങ്ങനെ അദ്ദേഹം കല്യാണ എന്ന സ്ഥലത്തെത്തി തന്റെ അമ്മാവന്റെ മകളെ- ഗംഗാംബികെ- വിവാഹം ചെയ്തു. ആ അമ്മാവൻ, ബലദേവൻ, രാജാവിന്റെ മന്ത്രിയായിരുന്നു. ബലദേവൻ മരിച്ചപ്പോൾ ബസവ ബിജ്ജളന്റെ മന്ത്രിയായി. കല്യാണ ഇതോടെ ഒരു പുണ്യസ്ഥലമായി. തന്റെ ഔദ്യോഗികമായ ചുമതലകളും ഭക്തിയും ഒന്നിച്ചുകൊണ്ടു പോകുന്നതിലെ വിഷമം ചില കവിതകളിൽ ബസവ ആവിഷ്കരിക്കുന്നുണ്ട്. പക്ഷേ തന്റെ പദവി അദ്ദേഹം ഭക്തർക്ക് ധർമം നല്കാനും ദരിദ്രരെ പരിരക്ഷിക്കാനും ഉപയോഗിച്ചു; ക്രമേണ കല്യാണയിൽ മത-വർണ- ജാതി- ലിംഗ ശ്രേണികൾ ഒന്നും അംഗീകരിക്കാത്ത ഒരു സമുദായം വളർത്തിയെടുത്തു. ഇതിൽ അസ്വസ്ഥരായ ബ്രാഹ്മണർ രാജാവിനോട് അപവാദങ്ങൾ പറഞ്ഞു വിശ്വസിപ്പിച്ചു. അതിനിടെ ഒരു താഴ്ന്നജാതിക്കാരനും ബ്രാഹ്മണവിശ്വാസം ഉപേക്ഷിച്ച ഒരു സ്ത്രീയും തമ്മിലുള്ള വിവാഹം ബസവ നടത്തിക്കൊടുത്തു. ഇത് ബ്രാഹ്മണർക്ക് തീരെ സഹിച്ചില്ല. അവരുടെ പ്രേരണയ്ക്കു വഴങ്ങി രാജാവ് വരനെയും വധുവിനെയും വധശിക്ഷയ്ക്കു വിധിച്ചു. അതോടെ വീരശൈവർ ബ്രാഹ്മണർക്കും രാജാവിനുമെതിരെ തിരിഞ്ഞു. അവർ ആയുധമെടുത്തപ്പോൾ അഹിംസാവിശ്വാസിയായ ബസവ അവരെ വിലക്കി. പക്ഷേ തീവ്രവാദികളായ യുവാക്കൾ രാജാവിനെ കുത്തിക്കൊന്നിട്ടേ അടങ്ങിയുള്ളൂ. എങ്കിലും ബസവ തന്റെ ആദർശങ്ങളുമായി മുന്നോട്ടു പോയി ഒരു സമത്വാധിഷ്ഠിതസമുദായം നിർമിച്ചു. ജാതി, ആചാരം, വിലക്കുകൾ ഇവയുടെ നിർമാർജനം, അദ്ധ്വാനമാണ് മോക്ഷം (കായകവേ കൈലാസ)
എന്ന തത്ത്വം, ശിവനിലുള്ള സമർപ്പണം ഇവയായിരുന്നു ഈ സമുദായത്തിന്റെ മൂലതത്ത്വങ്ങൾ. (വീരശൈവമതം ഹിന്ദുമതമല്ല എന്ന് പ്രഖ്യാപിച്ചതിനാണ് എം.എം. കാൽബുർഗി കൊല്ലപ്പെട്ടത് എന്നുകൂടി പറയട്ടെ.)

വചനരൂപം പരിഭാഷ ചെയ്യുക എളുപ്പമല്ല. മൂലം കവിസുഹൃത്ത് ശിവപ്രകാശിൽനിന്ന് ചൊല്ലിക്കേട്ടും, ഗായകർ പാടുന്നതു കേട്ടുമാണ് ഞാൻ ചില രീതികളിൽ എത്തിച്ചേർന്നത്. കഴിയുന്നത്ര സരളമായ പദങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. പ്രധാനമായും എ.കെ. രാമാനുജന്റെയും ശിവപ്രകാശിന്റെയും പരിഭാഷകളെയാണ് ആശ്രയിച്ചിട്ടുള്ളത്. 'കൂടലസംഗമദേവാ' എന്ന ശിവസംബോധന കഴിവതും അതുപോലെ നിർത്തിയിട്ടുണ്ട്. ചിലയിടത്ത് മഹാദേവാ, സംഗമദേവാ എന്നും ഉപയോഗിച്ചിരിക്കുന്നു. 'ലോഡ്' എന്ന ഇംഗ്ലീഷ് പദം, മൂലത്തിൽ 'അയ്യാ' എന്നാണ്, അത് അതേപടി ഉപയോഗിച്ചിരിക്കുന്നു.

വചനങ്ങൾ
*
ആന വലിയത്, എന്നാൽ പറയില്ല-
യാരുമീ പാപ്പാന്റെ തോട്ടി
തീരെച്ചെറുതെന്നെന്നയ്യാ.

മാമല കൂറ്റൻ, എന്നാലും പറയില്ല-
യാരുമിടിമിന്നലിന്നു
നീളം കുറവാണെന്നയ്യാ.

കൂരിരുളെത്ര വിശാലം, പറയില്ല-
യാരുമീ കൊച്ചുവിളക്കും
തീരെച്ചെറുതെന്നെന്നയ്യാ.

വിസ്മൃതി വിസ്തൃതം, പക്ഷേ നിന്നെ-
യോർക്കും ഹൃദയം ചെറുതെ-
ന്നെത്ര പേർ ചൊല്ലിടുമയ്യാ,
കൂടലസംഗമദേവാ?1
(വചനം 3)
*
അടുപ്പു കത്തുമ്പോൾ
അടുത്തു നിന്നിടാം,
ഉലകം കത്തുമ്പോൾ
എവിടെപ്പോവും നാം?
പുഴ മുഴുവനും കര കുടിക്കുമ്പോൾ,
വിളവുകൾ വേലി വിഴുങ്ങിത്തീർക്കുമ്പോൾ,
കളവു വീട്ടിൽ വീട്ടുകാരി ചെയ്യുമ്പോൾ,
മുലപ്പാലിൻവിഷം ശിശുവെക്കൊല്ലുമ്പോൾ,
പരാതിയാരോടു പറയുവാനയ്യാ?
(വചനം 7)
*
കാണുക തിരതിരയായ് സംസാരം2
ഓളംകൊള്ളുവതെന്നുടെ കവിളിൽ
എന്തിനു പൊങ്ങണമതു നെഞ്ചോളം
എന്തിന്നിപ്പോൾ എൻ കുരലോളം?
എന്റെ ശിരസ്സിനു മേലതുയർന്നാൽ
അയ്യാ, മിണ്ടുവതെങ്ങിനെ നിന്നോ,-
ടയ്യാ, കേൾക്കെൻ നിലവിളി, അയ്യാ,
കൂടലസംഗമദേവാ!

(വചനം 8)
*
ദിവസംതോറും തിങ്കളിനെപ്പോൽ
ഇവനും ചേർത്തൊരു പാളി വെളിച്ചം
നരനെത്തിന്നും സംസാരത്തിൻ
രാഹുവിതാ വന്നെന്നെ വിഴുങ്ങീ
ഇന്നെന്നുടലിൻ വൃദ്ധിക്ഷയമായ്,3
എന്നിനി നേടാനയ്യാ മുക്തി
കൂടലസംഗമദേവാ!
(വചനം 9)
*
ചന്ദ്രോദയം:
വേലിയേറ്റംകടലിന്;
ചന്ദ്രക്ഷയം:
കടൽ വേലിയിറക്കമായ്.
ചന്ദ്രനെ രാഹു മറച്ചിടുമ്പോൾ കടൽ
വല്ലാതലറിടാറുണ്ടോ?
ഉഗ്രതപസ്വി കടൽ കുടിക്കുമ്പൊഴാ-
ച്ചന്ദ്രൻ തടഞ്ഞിടാറുണ്ടോ?

ആർക്കുമില്ലാരും, പതിതർക്കു പോകുവാൻ
ഓർക്കുകിൽ വേറിടമില്ലാ,
നീ കേവലം ജഗദ് ബന്ധു, ഹേ, കൂടല-
സംഗമദേവ, നീ മാത്രം.
(വചനം 11)
*
തൃഷ്ണ തൻ പച്ചപ്പു-
ല്ലെൻ പിതാവേ മുൻപി-
ലെന്തിനേ വാരി വിരിച്ചൂ?

എന്തറിയാം പശു-
വി,ന്നതു പോകുന്നു
എന്നുമീപ്പച്ചയെത്തേടി.

തൃഷ്ണയിൽ നിന്നെന്നെ
മുക്തനാക്കീടുവാൻ
ഭക്തിരസം കുടിപ്പിക്കൂ.


ശുദ്ധമാം ജ്ഞാനത്തിൻ
നീരിൽ കുളിപ്പിക്കൂ,
രക്ഷിക്കൂ, സംഗമദേവാ!
(വചനം 14)

*
അയ്യാ, നീ ഞാനറിയാതമ്മ-
വയറ്റിൽ കൂടി, വിചിത്രം പല പല
യുലകിൽ കൂടി, വരുത്തീയെന്നെ
ജനനം കുറ്റം താനോ, അയ്യാ?

ഒരു കുറി മുൻപേ ജന്മമെടുത്തൂ
അതു മാപ്പാക്കൂ, വാക്കു തരുന്നൂ
ഇനിയൊരു ജന്മമെനിക്കില്ലെന്നായ്
കൂടലസംഗമദേവാ!
(വചനം 21)

*
മരമുകളേറിയ വാനരനെപ്പോൽ4
അതു ചാടുന്നൂ കൊമ്പിൽ കൊമ്പിൽ:
എങ്ങിനെയിങ്ങിനെയെരിയും ഹൃത്തിൽ
ഇന്നിവനുണ്ടാകും വിശ്വാസം?
എന്നെപ്പരമപിതാവിൻ വീട്ടിൽ
ചെല്ലാൻ സമ്മതമേകുകയില്ലതു,
കൂടലസംഗമദേവാ!
(വചനം 33)

*
മിണ്ടിക്കാം പാമ്പു കടിച്ചവരെ,
മിണ്ടിക്കാം പ്രേതം ബാധിച്ചവരെ,
മിണ്ടിക്കാനാവില്ലെന്നാൽ, സോദര,
സമ്പത്തു തലയ്ക്കു പിടിച്ചവരെ.
മാന്ത്രികനാം ദാരിദ്ര്യം വന്നെത്തുമ്പോൾ
മിണ്ടാൻ തുടങ്ങുമവരും,
കൂടലസംഗമദേവാ!
(വചനം 35)
*
ഒരു മുയലിനുമേൽ ചങ്ങലയൂരീ-
ട്ടൊൻപതു വേട്ടപ്പട്ടിയെ വിട്ടി-
ട്ടുടലിന്നാർത്തികളാർത്തു വിളിപ്പൂ,
വേഗം, പോട്ടേ, വേഗം, ഊം, ഊം,
ഇഷ്ടംപോലെ നടക്കട്ടേ, ഊം,
മനമതിനാർത്തികളാർത്തു വിളിപ്പൂ
എങ്ങിനെയെത്തും നിൻ സവിധത്തിൽ
ഇന്ദ്രിയമോഹത്തിന്റെ കൊടിച്ചിക-5
ളെന്നെ സ്പർശിക്കും മുൻപേ,
പിടികൂടും മുൻപേ,
കൂടലസംഗമദേവാ?
(വചനം 36)
*
ദേവലോകം, അതു വേറെയെന്നോ
മാനവരുടെ ലോകത്തിൽ നിന്നും?
ഈ ലോകത്തിന്നകത്തുണ്ട് വേറെ-
യേറെലോകങ്ങളെത്ര, അനന്തം!
എത്രയുണ്ട് ശിവന്നു ഗുണങ്ങൾ
അത്രയുണ്ട് ശിവന്റെ ലോകങ്ങൾ.
ദേവതയുള്ളിടത്താണു ഭക്തൻ,
പാവനം കാശി ഭക്തന്നു മുറ്റം.
ഈ ശരീരമാം കൈലാസമല്ലോ
നേരായുള്ളത്, സംഗമദേവാ!
(വചനം 47)
*
നീ വലുതേ ലോകത്തോളം,
വലുതേയാകാശത്തോളം
വലു,തതിലും വലുതായ്
പരമപവിത്രം നിൻ കാലടികൾ
പാതാളത്തോളം
വലുത,തിലും വലുതായ് നിൻ മകുടം
ബ്രഹ്മാണ്ഡത്തോളം
ഹാ, പ്രഭു, കൂടലസംഗമലിംഗ
നീ അജ്ഞേയൻ, അതുല്യൻ, അനുഭവവേദ്യൻ
ചെറുതായ് ചെറുതായ്
ഇന്നെന്നുള്ളംകയ്യിലിരിക്കുന്നൂ!
(വചനം 48)
*
കല്ലിന്റെ സർപ്പത്തെ-
ക്കണ്ടാലവർ ചൊല്ലും,
ചങ്ങാതീ, 'പാലു കൊടുക്കൂ'.
ജീവിക്കും സർപ്പത്തെ-
ക്കണ്ടാലവർ ചൊല്ലും,
ചങ്ങാതീ, 'പാമ്പാണ്, കൊല്ലൂ'.

ജീവിച്ചിരിപ്പവൻ
ആഹാരം ചോദിച്ചാൽ,
'പോ പുറത്തെ'ന്നു പറയും.
മൂകം ശിവലിംഗം
കാണുകിൽ ചങ്ങാതീ,
'ചോറു നൽകെ'ന്നു കൽപ്പിക്കും.

കൂടലസംഗമ-
ദേവന്റെയാളിനെ-
ക്കാണുമ്പോൾ വാതിലടയ്ക്കും.
കല്ലേറുകൊണ്ടൊരു
മൺകട്ട പോലവർ
ചിന്നിച്ചിതറിയകലും.
(വചനം 50)
*
പെരിയ കുരുക്കിൽ പെട്ടൊരു പശു പോൽ6
നിലവിളിയിൽ ഞാൻ വായ് കോട്ടുന്നൂ
ഈ മൂലയിലും ആ മൂലയിലും
വെറുതെ, വരവില്ലെന്നെത്തേടീ-

ട്ടൊരുവനും, ആരും കാണ്മതുമില്ലാ,
ഒടുവിൽ എന്നുടെ പ്രഭു വരുവോളം
ഇവനെക്കൊമ്പു പിടിച്ചു കുരുക്കിൽ
നിന്നുമുയർത്താൻ, പ്രഭു വരുവോളം
(വചനം 52)
*
എൻ കൈകാലുകൾ തല്ലിയൊടിക്കുക
എങ്ങും വേറേ പോകാതയ്യാ
എൻ മിഴി രണ്ടും പൊട്ടിപ്പോട്ടേ
ഒന്നും വേറേ നോക്കാതയ്യാ
കേൾക്കാതാക്കുക ചെവി, അയ്യാ, ഞാൻ
കേൾക്കാതാട്ടേ പേരുകൾ വേറെ.

എന്നെശ്ശിവശരണർ തൻ കാൽക്കൽ-
ത്തന്നെ കിടത്തുക, തേടാതൊന്നും
കൂടലസംഗമദേവാ.
(വചനം 59)
*
എന്നും കേൾപ്പിക്കരുതേയെന്നെ
'ആരുടെ,യാരുടെ, യാരുടെയാളിവൻ?'
പകരം കേൾക്കട്ടേ ഞാനെന്നും
'എന്നുടെ, എന്നുടെ, എന്നുടെയാളിവൻ.'

വീട്ടിലൊരാളായ്, മകനായ്, എന്നെ-
ക്കൂട്ടുക, കൂടലസംഗമദേവാ!
(വചനം 62)
*
സ്നേഹകാരുണ്യങ്ങളില്ലാ-
താകുമോ വിശ്വാസിയാകാൻ?
ഏതു മനുഷ്യനും വേണം
പ്രേമം, കരുണയും, തോഴാ!

സ്നേഹം കലർന്ന ദയയാ-
ണേതു വിശ്വാസത്തിൻ വേരും
സോദരാ,നീയറിഞ്ഞാലും!
കൂടലസംഗമദേവാ!
(വചനം 63)
*
ശിവ, നിനക്കില്ലാ കരുണ,
ശിവ, നിനക്കില്ലാ ഹൃദയം.

എന്തിനു മറ്റേ ലോകത്തിൽ നി-
ന്നെന്നെ ബഹിഷ്കൃതനാക്കീട്ടുലകിൽ
തന്നൂ കീടത്തിൻ ചെറുജന്മം,
പറയുകയയ്യാ.
ഒരു ചെറുചെടി, യൊരു
മരമതു നടുവാ-
നില്ലെന്നോ നിൻ
കയ്യിലെനിക്കായ്,
പറയുകയയ്യാ.
(വചനം 64)
*
തീയിനു മീതേ,
മൂർഖനു മീതേ
കൈ വെയ്ക്കുന്നൊരു
കുഞ്ഞിനു പിറകേ-
യോടും തായ് പോൽ
കൂടെ വരുന്നൂ
ഓരോ ചുവടിലു-
മെന്നുടെ വഴിയിൽ,
കാക്കുന്നൂ നീ,
കൂടലസംഗമദേവാ !
(വചനം 70)

*
ചകോരത്തിനു മോഹം
ചന്ദ്രിക, കമലത്തി-
ന്നുദയം, തേനീച്ചയ്ക്കു
മധുരം നിറയും തേൻ
എനിക്കോ നീയെത്തുന്ന
സുദിനം, മഹാദേവാ!
(വചനം 91)
*
പക്ഷിയെക്കൂട്ടിലടച്ചൂ,
എണ്ണ വിളക്കിൽ നിറച്ചൂ,
എണ്ണത്തിരിയും തെറുത്തൂ
ഇപ്പോഴവൻ വരുമമ്മേ.

കാറ്റിലിലകൾ വിറച്ചാൽ
ഉറ്റുനോക്കിച്ചെവിയോർക്കും
ഭ്രഷ്ടമെൻ ഹൃത്തപ്പൊഴമ്മേ,
പെട്ടെന്നു കോളു കൊള്ളുന്നൂ.

എത്തുന്നൂ സംഗമദേവൻ
ഭക്തരായ് വാതിൽക്കലപ്പോൾ
അശ്ശിവനാമത്തിൽ സ്വർഗ-
മെത്തുന്നൂ എന്മനമമ്മേ!
(വചനം 94)

*
വീടിന്നേമാനുണ്ടോ വീട്ടിൽ?
കാടുപിടിച്ചു കിടപ്പൂ മുറ്റം
വീടിൽ നിറയെച്ചേറും പൊടിയും
വീടിന്നേമാനില്ലേ വീട്ടിൽ?

ഉടലിൽ നുണകൾ
ഉയിരിൽ കാമം
വീടിന്നേമാനില്ലാ വീട്ടിൽ,
കൂടലസംഗമദേവൻ.
(വചനം 97)

പുസ്തകം വാങ്ങാം

Content Highlights : Shivoham Translation by Satchidanadan Basavanna AkkaMahadevi Allama Prabhu Devara Dasimayya