രാത്രി പതിനൊന്നേ നാല്പത്തിയഞ്ചിനാണ് ആദ്യത്തെ ആപത്‌സൂചന ആ കൊച്ചു പ്രാദേശിക പോലീസ് സ്റ്റേഷനില്‍ എത്തിയത്. സസ്സെക്‌സ് കോണ്‍സ്റ്റാബുലറിയിലെ സാര്‍ജന്റ് വില്‍സനായിരുന്നു ഇന്‍ചാര്‍ജ്. സെസില്‍ ബാര്‍ക്കര്‍ ഭയങ്കര വികാരാവേശത്തോടെ വാതില്ക്കലേക്കു പാഞ്ഞുചെന്ന് ഉറക്കെ മണിയടിച്ചു. പ്രഭുമന്ദിരത്തില്‍ ഭീകരമായൊരു ദുരന്തം സംഭവിച്ചിരിക്കുന്നു; ജോണ്‍ ഡഗ്ലസ് കൊല്ലപ്പെട്ടു- ഒറ്റശ്വാസത്തില്‍ അയാള്‍ അറിയിച്ച സന്ദേശം അതായിരുന്നു. അയാള്‍ ധൃതിപിടിച്ച് വീട്ടിലേക്ക് തിരിച്ചോടി. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ്, സാര്‍ജന്റ് അയാളെ പിന്തുടര്‍ന്നു കൊല നടന്ന രംഗത്ത് പന്ത്രണ്ടു മണി കഴിഞ്ഞ ഉടനെ എത്തി. പുറപ്പെടുന്നതിനു മുന്‍പ് ഗുരുതരമായ എന്തോ ചില ചലനങ്ങള്‍ ആരംഭിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പുസന്ദേശം അയാള്‍ പെട്ടെന്ന് കൗണ്ടി അധികാരികള്‍ക്കയച്ചിരുന്നു.

പ്രഭുമന്ദിരമെത്തിയപ്പോള്‍, തൂക്കുപാലം താഴ്ത്തിയിട്ടിരിക്കുന്നതാണയാള്‍ കണ്ടത്. ജനലുകളിലൂടെ വെളിച്ചം കാണാം. വീട്ടിലുള്ളവരെല്ലാം വല്ലാതെ പേടിച്ചുവിറച്ചിരിക്കുകയാണ്. വിളറിവെളുത്ത മുഖങ്ങളുമായി ഭൃത്യജനങ്ങള്‍ ഹാളില്‍ തിങ്ങിക്കൂടി നില്ക്കുന്നു. ഭയപ്പെട്ട ബട്‌ളര്‍ കൈകള്‍ പ്രവേശനകവാടത്തിലിട്ട് ഇടിച്ചുകൊണ്ടിരിക്കുന്നു. സെസില്‍ ബാര്‍ക്കര്‍ മാത്രമാണ് സമനിലയില്‍ കാണപ്പെട്ടത്. അയാള്‍ വാതില്‍ തുറന്ന്, തന്നെ പിന്തുടരാനായി സാര്‍ജന്റിന് തലകൊണ്ട് ആംഗ്യം കാണിച്ചു. അതേസമയത്തുതന്നെ ഡോ. വുഡ് എത്തി. ഗ്രാമത്തിലെ ചുറുചുറുക്കും കഴിവുമുള്ള ജനറല്‍ പ്രാക്ടീഷണറാണയാള്‍. മൂന്നുപേരും അത്യാഹിതം നടന്ന മുറിയിലേക്ക് ഒന്നിച്ചു പ്രവേശിച്ചു. ഉടനെ പേടിച്ചുവിരണ്ട് ബട്‌ളര്‍ അവരെ പിന്തുടര്‍ന്ന വേലക്കാരികള്‍ ആ ഭീകരരംഗം കാണാതിരിക്കാനായി വാതില്‍ അടച്ചുവെച്ചു.

മൃതിയടഞ്ഞ മനുഷ്യന്‍ മലര്‍ന്നുകിടക്കുകയാണ്. കൈകാലുകള്‍ നീട്ടിവെച്ച് മുറിയുടെ മധ്യത്തിലാണ് കിടപ്പ്. നിശാവസ്ത്രങ്ങള്‍ക്കു മീതേ പിങ്ക് നിറമുള്ളൊരു ഡ്രെസ്സിങ് ഗൗണാണയാള്‍ ധരിച്ചിട്ടുള്ളത്. നഗ്നമായ കാലുകളില്‍ കാര്‍പ്പെറ്റ് സ്ലിപ്പറുകള്‍ ഇട്ടിട്ടുണ്ട്. മേശപ്പുറത്തുണ്ടായിരുന്ന 'ഹാന്‍ഡ് ലാമ്പ്' എടുത്ത് താഴ്ത്തിപ്പിടിച്ച് ഡോക്ടര്‍ മൃതദേഹത്തിനടുത്ത് മുട്ടുകുത്തി ഇരുന്നു. ഒറ്റനോട്ടംകൊണ്ട് തന്റെ സാന്നിധ്യം ആവശ്യമില്ലെന്ന് ഡോക്ടര്‍ മനസ്സിലാക്കി. ബീഭത്സമായ രീതിയിലായിരുന്നു അയാളുടെ മുറിവുകള്‍. അയാളുടെ നെഞ്ചില്‍, ഒരു പ്രത്യേകതരം ആയുധം കിടക്കുന്നു; കുഴല്‍ ഒരടി വെട്ടിച്ചെറുതാക്കിയ ഒരു 'ഷോട്ട് ഗണ്‍' ആണത്. വളരെ അടുത്തുനിന്നാണ് വെടിവെച്ചതെന്ന് വ്യക്തം. നേരേ മുഖത്താണ് വെടിയുണ്ട ഏറ്റിട്ടുള്ളത്. തല മിക്കവാറും തകര്‍ന്ന് കഷണങ്ങള്‍ ആയിരിക്കുന്നു. വെടിയുണ്ടകള്‍ തുരുതുരെ പൊട്ടാവുന്ന വിധത്തിലാണതിന്റെ തിര ഒന്നിച്ച് ഒരുക്കിയിരിക്കുന്നത്. അങ്ങനെ എല്ലാംകൂടി ഒരേസമയം പൊട്ടിച്ച് കൂടുതല്‍ ഭീകരമായ അപായം സൃഷ്ടിക്കപ്പെട്ടു.

ഭയങ്കരമായ ഉത്തരവാദിത്വം തന്റെ തലയില്‍ പെട്ടെന്ന് വന്നുപെട്ടപ്പോള്‍ ആ ഗ്രാമീണ പോലീസുകാരന്‍ വല്ലാതെ പരിഭ്രമിച്ചു. 'എന്റെ മേലധികാരികള്‍ എത്തുന്നതുവരെ നമ്മള്‍ ഒന്നും സ്പര്‍ശിക്കില്ല.' ബീഭത്സമായി തകര്‍ന്നുകിടക്കുന്ന ആ തലയിലേക്ക് തുറിച്ചുനോക്കിക്കൊണ്ട് അടക്കിയ സ്വരത്തില്‍ അയാള്‍ പറഞ്ഞു. 
'ഇതുവരെ ആരും ഒന്നും സ്പര്‍ശിച്ചിട്ടില്ല,' സെസില്‍ ബാര്‍ക്കര്‍ പറഞ്ഞു, 'ഞാനതിന്റെ ഉത്തരവാദിത്വം എടുത്തുകൊള്ളാം. ഞാന്‍ കണ്ടതുപോലെ തന്നെയാണ് ഇപ്പോഴും എല്ലാം കിടക്കുന്നത്.' 

'എപ്പോഴാണത് നടന്നത്?' സാര്‍ജന്റ് തന്റെ നോട്ടുപുസ്തകം എടുത്തു. 
'പതിനൊന്നരയ്ക്കായിരുന്നു അത്. ഞാന്‍ വസ്ത്രം മാറാന്‍ തുടങ്ങിയിട്ടില്ല. ആ സംഭവം കേട്ടപ്പോള്‍ ഞാന്‍ കിടപ്പുമുറിയില്‍ തീച്ചൂളയ്ക്കു മുന്നില്‍ ഇരിക്കുകയായിരുന്നു. അതത്ര ഉറക്കെ ആയിരുന്നില്ല. അമര്‍ത്തപ്പെട്ട സ്വരമായിരുന്നു. ഞാന്‍ താഴേക്കു കുതിച്ചുചെന്നു. മുപ്പതു സെക്കന്‍ഡിനുള്ളില്‍ ഞാന്‍ ആ മുറിയിലെത്തിയെന്നാണെനിക്കു തോന്നുന്നത്.'

'വാതില്‍ തുറന്നുകിടന്നിരുന്നോ?'
'അതെ, അത് തുറന്നിരുന്നു. നിങ്ങള്‍ കണ്ടതുപോലെ പാവം ഡഗ്ലസ് കിടക്കുകയാണ്. അയാളുടെ ബെഡ്‌റൂം മെഴുകുതിരി മേശപ്പുറത്തിരുന്നു കത്തുന്നുണ്ട്. ഏതാനും മിനിറ്റുകള്‍ക്കു ശേഷം ഞാനാണ് വിളക്കു കത്തിച്ചത്.'
'നിങ്ങള്‍ ആരെയും കണ്ടില്ലേ?'
'ഇല്ല. എനിക്കു പിന്നാലെ മിസ്സിസ് ഡഗ്ലസ് കോണി ഇറങ്ങിവരുന്നത് ഞാന്‍ കേട്ടു. ആ ബീഭത്സരൂപം അവള്‍ കാണാതിരിക്കാന്‍വേണ്ടി ഞാനവളെ തടഞ്ഞു. വീട്ടുകാര്യസ്ഥ, മിസ്സിസ് അല്ലന്‍ വന്ന് അവളെ കൊണ്ടുപോയി. അമിസ് വന്നു. ഞങ്ങള്‍ വീണ്ടും ആ മുറിയിലേക്ക് തിരിച്ച് ഓടി.'
'ആ തൂക്കുപാലം രാത്രി മുഴുവന്‍ പൊക്കി നിര്‍ത്തിയിരുന്നെന്ന് ഞാന്‍ കേട്ടത് ശരിയാണോ?'
'അതെ, ഞാന്‍ അത് താഴ്ത്തിയിടുന്നതുവരെ.'
'അപ്പോള്‍ എങ്ങനെയാണൊരു കൊലപാതകിക്ക് രക്ഷപ്പെടാനാകുക? അതുകൊണ്ട് എനിക്ക് യാതൊരു സംശയവുമില്ല: 
മിസ്റ്റര്‍ ഡഗ്ലസ് സ്വയം വെടിവെച്ചിരിക്കണം!'

'ഞങ്ങള്‍ ആദ്യം കരുതിയത് അങ്ങനെത്തന്നെ ആയിരുന്നു. എന്നാല്‍, നോക്കൂ!' ബാര്‍ക്കര്‍ കര്‍ട്ടന്‍ ഒരു വശത്തേക്ക് വലിച്ചുനീക്കി, കല്ലുകള്‍ പതിച്ച നീണ്ട ജനല്‍പ്പാളികള്‍ പൂര്‍ണമായും തുറന്നുവെച്ചിരിക്കുന്നത് കാണിച്ചുകൊടുത്തു. 'ഇതിലേക്കു നോക്കൂ!' അയാള്‍ വിളക്കെടുത്ത് താഴ്ത്തിപ്പിടിച്ച്, ജനല്‍പ്പടിയില്‍ പതിഞ്ഞുകിടക്കുന്ന രക്തം പുരണ്ട 'ബൂട്ട് സോള്‍' കാണിച്ചു. പുറത്തു ചാടാനായി ആരോ അവിടെ നിന്നിട്ടുണ്ട്.'
'ആരോ കിടങ്ങിലെ വെള്ളത്തിലൂടെ നടന്നു പോയിട്ടുണ്ടെന്നാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്?'
'ശരിക്കും!'
'അപ്പോള്‍ കൊല നടന്ന് അര മിനിറ്റിനുള്ളില്‍ നിങ്ങള്‍ മുറിയിലെത്തിയ അതേ നിമിഷം അയാള്‍ വെള്ളത്തിലായിരുന്നിരിക്കണം.' 
'എനിക്ക് അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. എനിക്ക് ജനാലയിലേക്ക് പാഞ്ഞുചെല്ലാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നു ഞാന്‍ ദൈവത്താണേ ആഗ്രഹിച്ചതാണ്. എന്നാല്‍, നിങ്ങള്‍ കാണുന്നതുപോലെ അത് കര്‍ട്ടനിട്ട് അടച്ചിരുന്നു. അതുകൊണ്ട്, പെട്ടെന്നത് എന്റെ തലയില്‍ കയറിയില്ല! അതേസമയം മിസ്സിസ് ഡഗ്ലസിന്റെ കാലടിസ്വരം കേള്‍ക്കുകയും ചെയ്തു; അവളെ മുറിയിലേക്കു കടക്കാന്‍ അനുവദിക്കാനെനിക്ക് കഴിയില്ല. അതത്രയ്ക്ക് ഭീകരമായിരുന്നു!'

'അതിഭീകരം!' തകര്‍ന്ന തലയും അതിനു ചുറ്റുമുള്ള ഭയാനകമായ അടയാളങ്ങളും നോക്കിക്കൊണ്ട് ഡോക്ടര്‍ പറഞ്ഞു, 'ബേള്‍സ്റ്റന്‍ റെയില്‍വേ അപകടത്തിനുശേഷം ഇത്തരം ഒരു പരുക്ക് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല.
'എന്നാല്‍, ഞാന്‍ പറയട്ടെ,' പോലീസ് സാര്‍ജന്റെ സാവധാനം ഇഴഞ്ഞുപോകുന്ന കോമണ്‍സെന്‍സ് അപ്പോഴും തുറന്ന ജനാലയെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. 'ഈ കിടങ്ങിലെ വെള്ളത്തിലൂടെ നടന്ന് കൊലയാളി രക്ഷപ്പെട്ടെന്ന് നിങ്ങള്‍ പറഞ്ഞത് ശരിതന്നെ, എന്നാല്‍ ഞാന്‍ നിങ്ങളോടു ചോദിക്കുന്നത്, തൂക്കുപാലം പൊക്കിവെച്ചിരുന്നപ്പോള്‍ അയാള്‍ക്ക് എങ്ങനെ വീട്ടിലേക്ക് കടക്കാന്‍ കഴിഞ്ഞു എന്നാണ്?'
'ആഹ്, അതാണ് പ്രശ്‌നം,' ബാര്‍ക്കര്‍ പറഞ്ഞു.
'എത്ര മണിക്കാണത് പൊക്കിയത്?'
'ഏകദേശം ആറു മണിക്ക്,' ബട്‌ളര്‍ അമിസ് മറുപടി നല്കി.
'അത് പതിവായി സന്ധ്യയ്ക്കാണ് ഉയര്‍ത്താറെന്ന് ഞാന്‍ കേട്ടു. അപ്പോള്‍ ഈ കാലാവസ്ഥയില്‍, ആറുമണിക്കു പകരം നാലരയ്ക്കായിരിക്കും പൊക്കുന്നത്.'

'മിസ്സിസ് ഡഗ്ലസ് ചായ കുടിക്കാനായി വന്നു,' അമിസ് പറഞ്ഞു, 'അവര്‍ പോകുന്നതുവരെ എനിക്ക് പാലം പൊക്കാനായി പോകാന്‍ കഴിഞ്ഞില്ല. പിന്നീടാണ് ഞാന്‍ പോയി പാലം പൊക്കിയത്.'
'അപ്പോള്‍ അത് ഇങ്ങനെ ആയിരിക്കും,' സാര്‍ജന്റ് പറഞ്ഞു, 'പുറമേനിന്നാണ് ആളു വന്നതെങ്കില്‍, ആറുമണിക്കു മുന്‍പ് പാലം കടന്ന് ഉള്ളില്‍ പ്രവേശിച്ചിരിക്കണം. എന്നിട്ട് പതിനൊന്നു മണിക്കുശേഷം മിസ്റ്റര്‍ ഡഗ്ലസ് മുറിയില്‍ വരുന്നതുവരെ ഏതോ സ്ഥലത്ത് ഒളിച്ചിരുന്നിരിക്കണം.'
'അതപ്രകാരംതന്നെയാണ്! മിസ്റ്റര്‍ ഡഗ്ലസ് എല്ലാ രാത്രിയും വിളക്കുകളെല്ലാം കത്തുന്നുണ്ടോ മറ്റെന്തെങ്കിലും കുഴപ്പമുണ്ടോ എന്നെല്ലാം വീടിനു ചുറ്റും നടന്നു പരിശോധിച്ചശേഷമാണ് കിടപ്പുമുറിയിലേക്കു വരാറുള്ളത്. അപ്രകാരം അയാള്‍ എത്തി. അവിടെ കാത്തിരുന്ന ആ മനുഷ്യന്‍ അയാളെ വെടിവെച്ചു. പിന്നെ അയാള്‍ ജനാലയിലൂടെ രക്ഷപ്പെട്ടു. തന്റെ തോക്ക് അയാള്‍ അവിടെ വിട്ടു പോയി. അങ്ങനെയാണ് ഞാനത് വായിച്ചെടുത്തത്. കാരണം, മറ്റൊന്നും വസ്തുതകളുമായി യോജിച്ചുപോകില്ല.'

മരിച്ച മനുഷ്യനരികില്‍ നിലത്തു കിടന്നിരുന്ന ഒരു കാര്‍ഡ് സാര്‍ജന്റ് എടുത്തു. 'വി.വി.' എന്ന ഇനീഷ്യലും, 341 എന്ന അക്കവും പരുക്കനായി അതിനുമേല്‍ മഷികൊണ്ട് കുറിച്ചിട്ടിരിക്കുന്നു. ബാര്‍ക്കര്‍ അതിലേക്ക് ജിജ്ഞാസയോടെ നോക്കി. 'ഞാനത് മുന്‍പ് ശ്രദ്ധിച്ചതേയില്ല,' അയാള്‍ പറഞ്ഞു, 'കൊലപാതകി വിട്ടുപോയതായിരിക്കാം അത്.'
'വി.വി.-341. എനിക്കൊരു പിടിയും കിട്ടുന്നില്ല.'

സാര്‍ജന്റ് തന്റെ തടിച്ച വിരലുകള്‍ക്കിടയില്‍ ഇട്ട് അത് തിരിച്ചും മറിച്ചും നോക്കി. 'എന്താണ് വി.വി.? ആരുടെയെങ്കിലും ഇനീഷ്യലാണോ? ആയിരിക്കാം. അവിടന്ന് എന്താണ് നിങ്ങള്‍ക്കു കിട്ടിയത്, ഡോ. വുഡ്?'
അത് ഒരുവിധം വലിപ്പമുള്ള ചുറ്റികയാണ്. തീച്ചൂളയുടെ മുന്നിലെ കാര്‍പ്പെറ്റില്‍ കിടക്കുകയായിരുന്നു. ജോലിക്കാര്‍ ഉപയോഗിക്കുന്ന നല്ല ബലമുള്ള ചുറ്റിക. പിച്ചളത്തലയുള്ള ആണികളുടെ ഒരു ബോക്‌സ് പാതി പുറത്തിരിക്കുന്നത് സെസില്‍ ബാര്‍ക്കര്‍ ചൂണ്ടിക്കാട്ടി.

'ഇന്നലെ മിസ്റ്റര്‍ ഡഗ്ലസ് ചിത്രങ്ങള്‍ സ്ഥലംമാറ്റി വെച്ചിരുന്നു,' അയാള്‍ പറഞ്ഞു, 'അയാള്‍ ആ കസേരയില്‍ കയറിനിന്ന് ആ വലിയ ചിത്രം അതിനു മുകളില്‍ അടിച്ചുറപ്പിക്കുന്നത് ഞാന്‍ സ്വയം കണ്ടതാണ്. അതുകൊണ്ടാണ് ആ ചുറ്റിക അവിടെ വന്നത്.'
'നമ്മള്‍ ചുറ്റിക കണ്ടെത്തിയ ആ കാര്‍പ്പെറ്റില്‍ത്തന്നെ അതു വെക്കുന്നതാണ് ഏറ്റവും നല്ലത്,' ആശയക്കുഴപ്പത്തോടെ തല ചൊറിഞ്ഞുകൊണ്ട് സാര്‍ജന്റ് അഭിപ്രായപ്പെട്ടു, 'കാര്യങ്ങളുടെ അടിത്തട്ടിലേക്കിറങ്ങിച്ചെല്ലാന്‍ ഏറ്റവും നല്ല തലച്ചോറുകള്‍തന്നെ വേണം. ആ പണി ചെയ്തു തീര്‍ക്കുവാന്‍ ലണ്ടന്‍കാര്‍തന്നെ വരണം.' അയാള്‍ ഹാന്‍ഡ് ലാമ്പ് പൊക്കിപ്പിടിച്ച് റൂമിനുള്ളില്‍ ചുറ്റിനടന്നു.

'ഹല്ലൊ!' അയാള്‍ ജനല്‍ക്കര്‍ട്ടന്‍ ഒരു വശത്തേക്ക് വലിച്ചുമാറ്റിക്കൊണ്ട് ആവേശത്തോടെ വിളിച്ചുകൂവി, 'എത്ര മണിക്കാണ് ആ കര്‍ട്ടന്‍ വലിച്ചുനോക്കിയത്?'
'വിളക്കു കത്തിച്ചപ്പോള്‍,' ബട്ട്‌ളര്‍ പറഞ്ഞു, 'നാലുമണി കഴിഞ്ഞിട്ടുണ്ടാകും.'
'ആരോ ഇവിടെ ഒളിച്ചിരുന്നിട്ടുണ്ടാകണം, തീര്‍ച്ചയാണ്. അയാള്‍ വിളക്ക് താഴേ വെച്ചു. അതിന്റെ മൂലയില്‍ ചളിപുരണ്ട ബൂട്ടിന്റെ അടയാളങ്ങള്‍ നന്നായി കാണാം.'

'നിങ്ങളുടെ നിഗമനം ശരിയാണെന്ന് ഇതു കാണിക്കുന്നു, മിസ്റ്റര്‍ ബാര്‍ക്കര്‍. കര്‍ട്ടന്‍ ഇട്ടപ്പോള്‍, നാലുമണിക്കുശേഷം ഈ മനുഷ്യന്‍ വീട്ടിനുള്ളിലേക്കു കടന്നിട്ടുണ്ട്, ആറുമണിക്ക് പാലം പൊക്കുന്നതിനു മുന്‍പായിട്ട് അയാള്‍ ആ മുറിയിലേക്ക് പതുങ്ങിക്കയറി. കാരണം, അവന്‍ കണ്ട ആദ്യത്തെ മുറിയായിരുന്നു അത്. മറ്റൊരു സ്ഥലവും അയാള്‍ക്ക് ഒളിച്ചിരിക്കാന്‍ പറ്റിയതായി ഇല്ലായിരുന്നു. അതുകൊണ്ടയാള്‍ കര്‍ട്ടനു പിന്നില്‍ ഒളിച്ചിരുന്നു. എല്ലാം ഇപ്പോള്‍ വ്യക്തമായി കാണപ്പെടുന്നു. അയാളുടെ മുഖ്യലക്ഷ്യം വീടു കൊള്ളയടിക്കലായിരുന്നു. എന്നാല്‍, സന്ദര്‍ഭവശാല്‍ മിസ്റ്റര്‍ ഡഗ്ലസ് അയാളുടെ മേല്‍ ചാടിവീണു. അതുകൊണ്ട് അയാള്‍ മിസ്റ്റര്‍ ഡഗ്ലസിനെ കൊന്നു രക്ഷപ്പെട്ടു.'
'ഞാനും അങ്ങനെത്തന്നെയാണ് കാണുന്നത്,' ബാര്‍ക്കര്‍ പറഞ്ഞു, 'വിലപ്പെട്ട സമയം നമ്മള്‍ എന്തിനു പാഴാക്കണം എന്നാണ് ഞാന്‍ ചോദിക്കുന്നത്! ആ മനുഷ്യന്‍ രക്ഷപ്പെട്ടുപോകുന്നതിനു മുന്‍പ് അയാളെ പിന്തുടര്‍ന്ന് നാടു മുഴുവന്‍ പരിശോധിക്കുവാന്‍ പുറപ്പെടുകയല്ലേ വേണ്ടത്?'

സാര്‍ജന്റ് ഒരു നിമിഷം ചിന്തിച്ചു: 'രാവിലെ ആറു മണിക്കു മുന്‍പ് ട്രെയിന്‍ ഒന്നുമില്ല. അതുകൊണ്ട് കാലില്‍ ചോരയൊലിപ്പിച്ചുകൊണ്ട് റോഡുവഴി അയാള്‍ പോയാല്‍, ആരെങ്കിലും അയാളെ ശ്രദ്ധിക്കാതിരിക്കില്ല. എന്തായാലും, ആരെങ്കിലും വന്ന് എന്നെ പോകാന്‍ അനുവദിക്കുന്നതുവരെ എനിക്കിവിടം വിടാനാവില്ല. നമ്മുടെ നില വ്യക്തമാകുന്നതുവരെ നിങ്ങള്‍ക്കാര്‍ക്കും ഇവിടം വിടാനാകില്ലെന്നാണ് ഞാന്‍ കരുതുന്നത്.'
ഡോക്ടര്‍ വിളക്കെടുത്ത്, മൃതദേഹം സൂക്ഷ്മമായി പരിശോധിക്കാന്‍ തുടങ്ങി. 'ഈ അടയാളം എന്താണ്?' അയാള്‍ ചോദിച്ചു, 'കുറ്റകൃത്യവുമായി ഇതിനെന്തെങ്കിലും ബന്ധമുണ്ടോ?'

മരിച്ച ആളുടെ വലതുകൈ ഡ്രസ്സിങ് ഗൗണില്‍നിന്ന് മാറിക്കിടക്കുകയാണ്. മുട്ടുവരെ അത് പുറത്തു കാണാം. കൈത്തണ്ടയുടെ മധ്യഭാഗത്തായി വിചിത്രമായൊരു അടയാളം കാണാം; തവിട്ടുനിറത്തിലുള്ള ഒരു വട്ടത്തിനുള്ളില്‍ ഒരു ത്രികോണം. വെളുത്ത തൊലിയിലത് തെളിഞ്ഞുകിടക്കുന്നു.
'അത് പച്ചകുത്തിയതല്ല,' കണ്ണടയിലൂടെ സൂക്ഷ്മപരിശോധന നടത്തിക്കൊണ്ട് ഡോക്ടര്‍ അഭിപ്രായപ്പെട്ടു, 'ഞാന്‍ ഇത്തരം ഒന്ന് ഒരിക്കലും കണ്ടിട്ടില്ല. കന്നുകാലികളെ മുദ്രകുത്തുന്നതുപോലെ എപ്പോഴെങ്കിലും മനുഷ്യനെ മുദ്രകുത്തിയിട്ടുണ്ടോ? എന്താണിതിന്റെ അര്‍ഥം?'

ഭീതിയുടെ താഴ്‌വര എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

'അതിന്റെ അര്‍ഥം അറിയാമെന്നൊന്നും ഞാന്‍ ഭാവിക്കുന്നില്ല,' സെസില്‍ ബാര്‍ക്കര്‍ പറഞ്ഞു, 'കഴിഞ്ഞ പത്തു വര്‍ഷത്തിടയില്‍ പല പ്രാവശ്യം ഞാനീ അടയാളം ഡഗ്ലസിനുമേല്‍ കണ്ടിട്ടുണ്ട്.'
'ഞാനും,' ബട്‌ളര്‍ പറഞ്ഞു, 'പലപ്പോഴും യജമാനന്‍ ഷര്‍ട്ടിന്റെ കൈ ചുരുട്ടിവെക്കുമ്പോള്‍, ആ അടയാളം ഞാന്‍ കണ്ടിട്ടുണ്ട്. എന്തായിരിക്കും അതെന്നോര്‍ത്ത് ഞാന്‍ അദ്ഭുതപ്പെടാറുണ്ട്!'
beethiyude thazhavara'അപ്പോള്‍ കൊലയുമായി അതിന്, എന്തായാലും, യാതൊരു ബന്ധവുമില്ല,' സാര്‍ജന്റ് പറഞ്ഞു, 'ഈ കേസിനെക്കുറിച്ചുള്ളതെല്ലാം അതിശയകരമായി തോന്നുന്നു. കൊള്ളാം, എന്താണിത്?' മരിച്ച മനുഷ്യന്റെ നീട്ടിവെച്ച വിരലിലേക്ക് ചൂണ്ടിക്കാട്ടി ബട്‌ളര്‍ ആശ്ചര്യം പ്രകടിപ്പിച്ചു.

'അവര്‍ അദ്ദേഹത്തിന്റെ വിവാഹമോതിരം എടുത്തിരിക്കുന്നു!' അയാള്‍ കിതച്ചുകൊണ്ട് പറഞ്ഞു.
'എന്ത്!'
'അതെ, തീര്‍ച്ചയായും. യജമാനന്‍ എപ്പോഴും തന്റെ ഒഴുക്കന്‍മട്ടിലുള്ള സ്വര്‍ണവിവാഹമോതിരം ചെറുവിരലിലാണ് ഇടാറുള്ളത്, സ്വര്‍ണക്കട്ടി പതിച്ച ഒരു പരുക്കന്‍മോതിരം അതേ വിരലില്‍ വിവാഹമോതിരത്തിന്റെ മീതെയും. മൂന്നാംവിരലില്‍ പിരിഞ്ഞ സര്‍പ്പമോതിരമാണ് ഇട്ടിട്ടുള്ളത്. സ്വര്‍ണക്കട്ടി പതിച്ച മോതിരവും, പിരിഞ്ഞ സര്‍പ്പമോതിരവും ആ വിരലുകളിലുണ്ട്. എന്നാല്‍, വിവാഹമോതിരം പോയിരിക്കുന്നു!'
'അയാള്‍ പറഞ്ഞത് ശരിയാണ്,' ബാര്‍ക്കര്‍ പറഞ്ഞു.
'നിങ്ങള്‍ പറയുന്നത,്' സാര്‍ജന്റ് ചോദിച്ചു, 'വിവാഹമോതിരം സ്വര്‍ണക്കട്ടി പതിച്ച മോതിരത്തിനു കീഴേ ആയിരുന്നു എന്നാണോ?'
'എല്ലായ്‌പോഴും!'
'അപ്പോള്‍ ആ കൊലപാതകി ആരായാലും, ആദ്യം സ്വര്‍ണക്കട്ടി പതിച്ച മോതിരം ഊരിയെടുത്തു. പിന്നെ സ്വര്‍ണമോതിരം ഊരി. അതിനുശേഷം വീണ്ടും സ്വര്‍ണക്കട്ടി പതിച്ച മോതിരം വിരലിലിട്ടു.'
'അപ്രകാരം തന്നെയാണ്!'
യോഗ്യനായ പോലീസുകാരന്‍ തല കുലുക്കി. 

( സര്‍ ആര്‍തര്‍ കൊനന്‍ ഡോയ്‌ലിന്റെ ഭീതിയുടെ താഴ്‌വര എന്ന നോവലില്‍ നിന്നും. )

content highlights : Sherlock holmes books, beethiyude thazhavara, Arthar Konan Doyil