ബ്രിട്ടീഷുകാര്‍ എത്തുമ്പോൾ ലോകസമ്പദ്‌വ്യവസ്ഥയുടെ 23% ഇന്ത്യയുടെ പങ്ക്, അവര്‍ മടങ്ങിയപ്പോൾ അത് 4% ആയി


ശശി തരൂര്‍

നമുക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരാം. ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ച ക്ഷാമങ്ങളില്‍ 15-29 കോടി ഇന്ത്യക്കാരാണ് പട്ടിണി കിടന്നുമരിച്ചത്. ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം രണ്ടാം ലോകമഹായുദ്ധകാലത്ത് 40 ലക്ഷം പേര്‍ മരിക്കാനിടയായ ബംഗാള്‍ ക്ഷാമമാണ്.

ഗാന്ധിജി, ശശി തരൂരിന്റെ പ്രഭാഷണങ്ങൾ പുസ്തകം കവർ

ദേശീയവും അനതര്‍ദേശീയവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ വിവിധ വിഷയങ്ങളെക്കുറിച്ച് ശശി തരൂര്‍ നടത്തിയിട്ടുള്ള പ്രഭാഷണങ്ങളില്‍ നിന്നും തിരഞ്ഞെടുത്തു തയ്യാറാക്കിയ പുസ്തകമാണ് ശശി തരൂരിന്റെ പ്രഭാഷണങ്ങള്‍. വിവിധ വിഷയങ്ങളില്‍ തരൂര്‍ നേടിയ ജ്ഞാനവും ചിന്തയും ദീര്‍ഘവീക്ഷണവും പ്രതിഫലിക്കുന്ന ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് സിസിലിയാണ്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്നും ഒരുഭാഗം വായിക്കാം.

(ഓക്‌സ്‌ഫോഡ് യൂണിയന്‍ സൊസൈറ്റിയില്‍ നടന്ന സംവാദത്തില്‍ തരൂര്‍ സംസാരിച്ചത്. )
നുവദിച്ചിട്ടുള്ള എട്ടു മിനിട്ട് സമയവുമായി അഭിവന്ദ്യവും പ്രൗഢവുമായ ഈ സ്ഥാപനത്തില്‍ നില്ക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു നല്കാനിരുന്ന സമാശ്വാസം പ്രസംഗകലയില്‍ ഞാന്‍ ഹെന്റി എട്ടാമന്റെ ശിഷ്യനാണെന്നുള്ളതാണ്. 'ഞാന്‍ നിന്നെ അധികം മുഷിപ്പിക്കില്ല.' അദ്ദേഹം തന്റെ ഭാര്യമാരോട് ഇങ്ങനെ പറഞ്ഞിരുന്നുവത്രേ. പക്ഷേ, ഇതിനകംതന്നെ സുദീര്‍ഘമായിക്കഴിഞ്ഞ ഈ സായാഹ്നത്തില്‍ എട്ടു പ്രഭാഷകരില്‍ ഏഴാമനായി നിങ്ങള്‍ക്കു മുന്‍പില്‍ നില്ക്കുമ്പോള്‍ ഹെന്റി എട്ടാമന്റെ അവസാനഭാര്യയുടെ അവസ്ഥയാണ് എന്റേത്. പ്രതീക്ഷിക്കപ്പെടുന്നതെന്താണെന്ന് ഏറെക്കുറെ അറിയാമെങ്കിലും വ്യത്യസ്തമായി എന്തു ചെയ്യണമെന്ന് എനിക്ക് വലിയ ധാരണയില്ല.ഒരുപക്ഷേ, ഇന്നിവിടെ പ്രതിപക്ഷം ഉന്നയിച്ച വാദങ്ങളെ സശ്രദ്ധം പരിഗണിക്കുകയാണ് ഞാന്‍ ചെയ്യേണ്ടത്. ഉദാഹരണത്തിന്, ബ്രിട്ടീഷ് കൊളോണിയല്‍ അനുഭവം വാസ്തവത്തില്‍ കോളണികളുടെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയാണ് ചെയ്തതെന്ന ആശയത്തെ, വാദത്തെ തന്നെ വെല്ലുവിളിക്കുകയാണ് തന്റെ പ്രസ്താവനയിലൂടെ സര്‍ റിച്ചാര്‍ഡ് ഒട്ടാവെ ചെയ്തത്.

സര്‍ റിച്ചാര്‍ഡ്, നമുക്ക് ഇന്ത്യയുടെ ഉദാഹരണമെടുക്കാം. ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ തീരത്തടുക്കുമ്പോള്‍ ലോകസമ്പദ്‌വ്യവസ്ഥയുടെ 23 ശതമാനം ആയിരുന്നു ഇന്ത്യയുടെ പങ്ക്, അവര്‍ മടങ്ങിപ്പോകുമ്പോഴത്തേക്കും അത് നാലു ശതമാനമായി ചുരുങ്ങിയിരുന്നു. എന്തുകൊണ്ട്? ബ്രിട്ടന്‍ സ്വലാഭത്തിനു വേണ്ടിയാണ് ഇന്ത്യ ഭരിച്ചിരുന്നത് എന്നതുകൊണ്ടു മാത്രം.
അടുത്ത 200 കൊല്ലത്തെ തങ്ങളുടെ വളര്‍ച്ചയ്ക്കുള്ള ധനം ഇന്ത്യയെ കവര്‍ന്നാണ് ബ്രിട്ടന്‍ കണ്ടെത്തിയത്. വാസ്തവത്തില്‍ ബ്രിട്ടന്‍ വ്യവസായവിപ്ലവത്തിന്റെ ആധേയംതന്നെ ഇന്ത്യന്‍ വ്യവസായങ്ങളുടെ അപച്യുതിയാണ്.

ബ്രിട്ടന്‍ പ്രവേശിക്കുമ്പോള്‍ ലോകപ്രശസ്തരായിരുന്ന, തങ്ങളുടെ ഉത്പന്നങ്ങള്‍ ലോകമെമ്പാടും കയറ്റുമതി ചെയ്തിരുന്ന ഇന്ത്യന്‍ നെയ്ത്തുകാരുടെ ഉദാഹരണംതന്നെയെടുക്കാം. യന്ത്രത്തില്‍ നെയ്ത തുണിയോളം നേര്‍മയേറിയ മസ്‌ലിന്‍ തുണി നെയ്തിരുന്നുവത്രേ അവര്‍. ബ്രിട്ടീഷുകാര്‍ പ്രവേശിച്ചു, അവരുടെ തള്ളവിരല്‍ ചതച്ചു, തറികളുടച്ചു, തുണിത്തരങ്ങള്‍ക്കുമേല്‍ പലവിധമായ നികുതികള്‍ ചുമത്തി, മാത്രവുമല്ല ഇന്ത്യയില്‍നിന്ന് തങ്ങള്‍ക്കാവശ്യമായ അസംസ്‌കൃതപദാര്‍ഥങ്ങളെടുത്ത് തിരിച്ച് ഇംഗ്ലണ്ടില്‍നിന്ന് വിക്‌റ്റോറിയയുടെ ഇരുണ്ട, പൈശാചികമായ മില്ലുകളുടെ ഉത്പന്നങ്ങളായ തുണിത്തരങ്ങള്‍, ലോകവിപണിയില്‍ ഇറക്കുമതി ചെയ്യുകയും ചെയ്തു. ഇവിടെ സംഭവിച്ചത്, ലോകവിപണിയില്‍ തുണിയുടെ ലോകപ്രശസ്തരായ കയറ്റുമതിക്കാര്‍ എന്ന പദവിയില്‍നിന്ന് തുണി ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയിലേക്ക്, ലോകവിപണിയുടെ 27 ശതമാനത്തില്‍നിന്ന് വെറും രണ്ടു ശതമാനത്തിലേക്ക് താഴ്ന്ന ഇന്ത്യന്‍ നെയ്ത്തുകാര്‍ ക്രമേണ പിച്ചക്കാരായി മാറി എന്നതാണ്.

അതേസമയം, റോബര്‍ട്ട് ക്ലൈവിനെപ്പോലുള്ള അധിനിവേശകര്‍ ഇന്ത്യയെ കൊള്ളയടിച്ച പണംകൊണ്ട് ഇംഗ്ലണ്ടില്‍ കുടിയിരിപ്പിടങ്ങള്‍ വാങ്ങി. കൊള്ള എന്നുള്ളതിനുള്ള ഹിന്ദി വാക്കായ ലൂട്ട്, തങ്ങളുടെ ഡിക്ഷ്ണറിയിലേക്കും സ്വഭാവത്തിലേക്കും സ്വാംശീകരിച്ചു അവര്‍.
ബ്രിട്ടീഷുകാരാണെങ്കിലോ സഗര്‍വം ക്ലൈവ് ഓഫ് ഇന്ത്യ എന്നയാളെ വിളിച്ചു, അയാള്‍ ഇന്ത്യയ്‌ക്കൊരു മുതല്‍ക്കൂട്ടാണെന്നപോലെ. സത്യത്തില്‍, ഇന്ത്യയുടെ പരമാവധി സ്വത്തും തന്റെ മുതലിലേക്ക് എങ്ങനെ കൂട്ടാമെന്നേ അയാള്‍ ചിന്തിച്ചിരുന്നുള്ളൂ.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ബ്രിട്ടന്റെ ഏറ്റവും വലിയ കറവപ്പശുവായി ഇന്ത്യ മാറിയിരുന്നു എന്നതാണ് സത്യം, ബ്രിട്ടീഷ് ഉത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായും ബ്രിട്ടീഷ് പൊതുസേവകര്‍ക്ക് ഉയര്‍ന്ന പദവികള്‍ക്ക് ഹേതുവായും സ്വന്തം അടിച്ചമര്‍ത്തലിന് പണം മുടക്കി ഇന്ത്യക്കാര്‍. ഇവിടെ സൂചിപ്പിച്ചതുപോലെ, പത്തൊമ്പതാം നൂറ്റാണ്ടില്‍ അടിമക്കച്ചവടത്തില്‍നിന്ന് പണം സമ്പാദിച്ച് മഹത്തായ വിക്‌റ്റോറിയന്‍ ബ്രിട്ടീഷ് കുടുംബങ്ങളില്‍ ഒന്നില്‍ അഞ്ചും നന്ദി പറയേണ്ടത് തങ്ങള്‍ കടല്‍ കടത്തിയ 30 ലക്ഷം ആഫ്രിക്കക്കാര്‍ക്കാണ്. 1833-ല്‍ അടിമത്തം നിര്‍ത്തലാക്കിയപ്പോള്‍ രണ്ടു കോടിയുടെ നഷ്ടപരിഹാരം നല്കപ്പെട്ടു. ജീവഹാനിയുണ്ടായവര്‍ക്കോ ക്രൂരതയനുഭവിച്ചവര്‍ക്കോ അല്ല, വസ്തു നഷ്ടപ്പെട്ടവര്‍ക്കു മാത്രം.
ഈ യൂണിയനിലെ വൈഫൈ പാസ് വേഡ് മഹാനായ ലിബറല്‍ പോരാളി ശ്രീ ഗ്ലാഡ്‌സ്റ്റോണിന്റെ പേര് ഓര്‍മിപ്പിക്കുന്നതാണെന്ന് ഞാന്‍ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ കുടുംബവും നഷ്ടപരിഹാരം ലഭിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ ഖേദത്തോടെ ഓര്‍ക്കുന്നു.

നമുക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരാം. ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ച ക്ഷാമങ്ങളില്‍ 15-29 കോടി ഇന്ത്യക്കാരാണ് പട്ടിണി കിടന്നുമരിച്ചത്. ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം രണ്ടാം ലോകമഹായുദ്ധകാലത്ത് 40 ലക്ഷം പേര്‍ മരിക്കാനിടയായ ബംഗാള്‍ ക്ഷാമമാണ്. ക്ഷാമത്തിനു കാരണമായത് കടലാസുനയത്തിന്റെ പിന്‍ബലത്തില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മനപ്പൂര്‍വമായി ബംഗാളില്‍ ജനങ്ങള്‍ക്ക് ലഭിക്കേണ്ട ഭക്ഷ്യവസ്തുക്കള്‍ യൂറോപ്യന്‍ പട്ടാളക്കാരുടെ കരുതല്‍ശേഖരത്തിലേക്ക് വഴിതിരിച്ചുവിട്ടതാണ്.

ചര്‍ച്ചില്‍ പറഞ്ഞത് സ്വതവേ അരവയറുകാരായ ബംഗാള്‍ ജനതയുടെ പട്ടിണി ദൃഢഗാത്രരായ ഗ്രീക്കുകാരുടെ വിശപ്പിന്റെയത്ര പ്രാധാന്യമുള്ളതല്ല എന്നായിരുന്നു. മനസ്സാക്ഷിക്കുത്തുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ഈ തീരുമാനംകൊണ്ട് ആളുകള്‍ മരണപ്പെടുന്ന വിവരം എഴുതി അറിയിച്ചപ്പോള്‍ അദ്ദേഹം ഫയലിന്റെ അരികില്‍ അസ്വസ്ഥതയോടെ എഴുതി, 'ഗാന്ധി എന്താണിതുവരെ മരിക്കാത്തത്?'
കുണ്ഠിതമുള്ള വസ്തുതയെന്തെന്നുവെച്ചാല്‍ ബ്രിട്ടീഷുകാരുടെ അധിനിവേശസംരംഭം അജ്ഞാനാന്ധകാരത്തിലകപ്പെട്ട ജനതകളിലേക്ക് സാമ്രാജ്യത്വത്തിന്റെയും നാഗരികതയുടെയും നന്മ കൊണ്ടുവരാനുള്ള ജ്ഞാനദീപ്തമായ സ്വേച്ഛാധിപത്യമാണെന്ന എല്ലാ സങ്കല്പങ്ങളും വെറും മിത്തുകളാണെന്നതിലേക്ക് വെളിച്ചംവീശുന്ന ഒരുദാഹരണം മാത്രമാണ് 1943ലെ ചര്‍ച്ചിലിന്റെ പെരുമാറ്റം.

ഈ പ്രമേയത്തെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞതുപോലെ ഹിംസയും വര്‍ണവെറിയും അധിനിവേശത്തിന്റെ യാഥാര്‍ഥ്യങ്ങളായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനുമേല്‍ സൂര്യനസ്തമിക്കാത്തതില്‍ അദ്ഭുതമേയില്ല. ഇരുട്ടിന്റെ മറവില്‍ ദൈവത്തിനുപോലും ഇംഗ്ലീഷുകാരെ വിശ്വസിക്കാനാവില്ലായിരുന്നു.
ഇക്കാര്യങ്ങള്‍ക്ക് മൂല്യം കല്പിക്കാനാവില്ല എന്ന് ആദ്യപ്രഭാഷകന്‍ ശ്രീ ലീ സൂചിപ്പിച്ചതുകൊണ്ട് ഞാന്‍ ഒന്നാം ലോകമഹായുദ്ധത്തെ മൂര്‍ത്തമായ ഒരുദാഹരണമായി എടുക്കട്ടെ. നിങ്ങള്‍ക്കായി ഒന്നാം ലോകമഹായുദ്ധത്തെ ഞാനൊന്ന് പരിശോധിക്കട്ടെ. മറ്റുള്ള രാജ്യങ്ങളെക്കുറിച്ച് മുന്‍പേ സംസാരിച്ചുകഴിഞ്ഞതിനാല്‍ ഞാന്‍ വീണ്ടും ഇന്ത്യന്‍ ഉദാഹരണം എടുക്കട്ടെ. യുദ്ധത്തില്‍ പോരാടിയ ബ്രിട്ടീഷു പട്ടാളക്കാരില്‍ ഒന്നില്‍ ആറും ഇന്ത്യക്കാരായിരുന്നു. 54,000 ഇന്ത്യക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു, 65,000 പേര്‍ക്ക് പരിക്കേറ്റു, 4000ത്തോളം പേര്‍ ജയിലില്‍ അടയ്ക്കപ്പെടുകയോ കാണാതാവുകയോ ചെയ്തു.

ഇന്ത്യന്‍ നികുതിദായകര്‍ അന്നത്തെ മൂല്യത്തില്‍ 10 കോടിയോളം പൗണ്ട് കൊടുക്കേണ്ടിവന്നു. 1.7 കോടി റൗണ്ട് വെടിക്കോപ്പുകളും 60 ലക്ഷം റൈഫിളുകളും മെഷീന്‍ ഗണ്ണുകളും 4.2 കോടി വസ്ത്രങ്ങളും ഇന്ത്യയില്‍നിന്ന് അയയ്‌ക്കേണ്ടിവന്നു. 13 ലക്ഷം ഇന്ത്യക്കാര്‍ യുദ്ധത്തില്‍ സേവനമനുഷ്ഠിച്ചു. ഈ കണക്കുകള്‍ എനിക്ക് ഇത്ര കൃത്യമായി അറിയാവുന്നത് ഈയിടെ കൊണ്ടാടിയ യുദ്ധത്തിന്റെ നൂറാം വര്‍ഷത്തിന്റെ സ്മരണോത്സവം കാരണമാണ്.
ഇത്ര മാത്രമല്ല, ഇന്ത്യയ്ക്ക് ഒരു ലക്ഷത്തി എഴുപത്തിമൂവായിരം മൃഗങ്ങളെയും 37 കോടി ടണ്‍ ഭക്ഷ്യവസ്തുക്കളും നല്‌കേണ്ടിവന്നു. തത്സമയം ഇന്ത്യ വന്‍ സാമ്പത്തികത്തകര്‍ച്ചമൂലം ദാരിദ്ര്യവും പട്ടിണിയും നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു എന്നോര്‍ക്കണം. യുദ്ധാവസാനമായപ്പോഴേക്ക് ഇന്ത്യയില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോയ വിഭവങ്ങളുടെ മൂല്യം ഇന്നത്തെ 80 കോടി പൗണ്ടാണ്. മൂല്യനിര്‍ണയം വേണ്ടവര്‍ക്കിതാ കണക്കുകള്‍.

രണ്ടാം ലോകമഹായുദ്ധകാലത്തെ സ്ഥിതി ഇതിലും വഷളാണ്. 25 ലക്ഷം ഇന്ത്യക്കാരായിരുന്നു പട്ടാളത്തില്‍. കൃത്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെങ്കിലും 1945-ലെ കണക്കില്‍ ബ്രിട്ടന്റെ യുദ്ധക്കടമായ 30 കോടി പൗണ്ടില്‍ 12.5 കോടി ഇന്ത്യയ്ക്ക് ഇന്നും കിട്ടാക്കടമാണ്. ആരോ സ്‌കോട്‌ലന്‍ഡിനെക്കുറിച്ചിവിടെ പരാമര്‍ശിച്ചു, സത്യത്തില്‍ സാമ്രാജ്യത്വമാണ് സ്‌കോട്‌ലന്‍ഡുമായുള്ള നിങ്ങളുടെ സഖ്യം ദൃഢീകരിച്ചത്. 1707-നു മുന്‍പുതന്നെ സ്‌കോട്‌ലന്‍ഡുകാര്‍ സ്വന്തമായി അധിനിവേശശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അവയെല്ലാം പരാജയപ്പെടുകയായിരുന്നു. പക്ഷേ, അപ്പോഴാണ് ബ്രിട്ടനുമായുള്ള സഖ്യവും ഇന്ത്യന്‍ ഭൂഖണ്ഡത്തിലേക്ക് പ്രവേശനവും സ്‌കോട്ട്‌ലന്‍ഡുകാര്‍ക്ക് അനുപാതമില്ലാത്തതോതില്‍ തൊഴില്‍ നേടിക്കൊടുത്തത്. ശ്രീ മക്കിന്‍സി എനിക്കു ശേഷമാണ് സംസാരിക്കേണ്ടിയിരുന്നത്. അധിനിവേശോദ്യമത്തില്‍ പട്ടാളക്കാരായും കച്ചവടക്കാരായും ജോലിക്കാരായും ഏജന്റുമാരായും സമ്പാദിച്ച പണമാണ് സ്‌കോട്‌ലന്‍ഡിനെ സമ്പന്നമാക്കിയത്, ദാരിദ്ര്യത്തില്‍നിന്നു കരകയറ്റിയതുപോലും.

ഇപ്പോള്‍ ഇന്ത്യയുടെ അഭാവത്തില്‍ സഖ്യവും അയയുന്നുണ്ട്. മറുവശത്തുനിന്നുള്ള വാദങ്ങള്‍ നമ്മള്‍ കേട്ടു. റെയില്‍വേയെക്കുറിച്ചും പരാമര്‍ശമുണ്ടായി. എന്റെ സഹപ്രവര്‍ത്തകനായ ജമൈക്കന്‍ ഹൈക്കമ്മീഷണര്‍ ചൂണ്ടിക്കാണിച്ചതുപോലെ, വാസ്തവത്തില്‍ റെയില്‍വേയും റോഡുകളും ബ്രിട്ടീഷുകാര്‍ സ്വന്തം ആവശ്യത്തിനായി നിര്‍മിച്ചവയായിരുന്നു. മാത്രവുമല്ല, കോളനിവത്കരിക്കപ്പെടാതെതന്നെ എത്രയോ രാജ്യങ്ങള്‍ സ്വയം റെയില്‍വേയും റോഡുകളും നിര്‍മിച്ചിരിക്കുന്നു.
ഉള്‍പ്രദേശങ്ങളില്‍നിന്ന് അസംസ്‌കൃതവസ്തുക്കള്‍ കടല്‍മാര്‍ഗം ബ്രിട്ടനിലേക്കയയ്ക്കാന്‍ തുറമുഖങ്ങളിലേക്കെത്തിക്കുകയായിരുന്നു അവയുടെ ധര്‍മം. പൊതുജനത്തിന്റെ ആവശ്യങ്ങള്‍ അപ്രധാനമായിരുന്നു, അത് ഇന്ത്യയിലായാലും ജമൈക്കയിലായാലും മറ്റ് അധിനിവേശപ്രദേശങ്ങളിലായാലും. ആവശ്യവും ലഭ്യതയും തമ്മില്‍ ചേര്‍ക്കാനുള്ള ഒരു ശ്രമവും നടന്നിരുന്നില്ല, ഒന്നുംതന്നെ.

ഇന്ത്യന്‍ റെയില്‍വേ നിര്‍മിച്ചത് ഇന്ത്യക്കാര്‍ അടയ്ക്കുന്ന കരത്തില്‍നിന്ന് നിക്ഷേപകര്‍ക്ക് വന്‍ ആദായം വാഗ്ദാനം ചെയ്തുകൊണ്ടാണ്. കൊള്ളലാഭം കൊടുക്കേണ്ടിവന്നതുകൊണ്ടുതന്നെ, കാനഡയിലോ ഓസ്‌ട്രേലിയയിലോ ഒരു മൈല്‍ റെയില്‍വേ നിര്‍മിക്കാന്‍ ചെലവാകുന്നതിന്റെ ഇരട്ടിത്തുകയ്ക്കാണ് ഇന്ത്യന്‍ റെയില്‍പ്പാതയുടെ ഓരോ മൈലും നിര്‍മിച്ചത്.
ലാഭം മുഴുവന്‍ കൊയ്തത് ബ്രിട്ടന്‍, സാങ്കേതികവിദ്യ നിയന്ത്രിച്ചത് ബ്രിട്ടന്‍, ഉപകരണങ്ങള്‍ ലഭ്യമാക്കിയത് ബ്രിട്ടന്‍, ഈ സ്വകാര്യ ഉദ്യമത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ബ്രിട്ടന്‍ ആസ്വദിച്ചു, നഷ്ടസാധ്യത മുഴുവന്‍ ഇന്ത്യന്‍ പൊതുജനവും.

സഹായധനത്തെക്കുറിച്ച് ഇവിടെ പ്രതിപാദിക്കുകയുണ്ടായി. സര്‍ റിച്ചാര്‍ഡ് ഒട്ടാവെയാണെന്നു തോന്നുന്നു, സഹായധനത്തെക്കുറിച്ച് സൂചിപ്പിച്ചത്. എന്നാല്‍ ഞാനൊന്നു ചൂണ്ടിക്കാണിക്കട്ടെ, ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ നാലു ശതമാനം മാത്രമാണ് ബ്രിട്ടനില്‍നിന്ന് സ്വീകരിക്കുന്ന സഹായധനം. ഇന്ത്യ കൃഷിക്കാര്‍ക്ക് വളത്തിന് സഹായധനമായി ലഭ്യമാക്കുന്ന തുക ഇതിലും കൂടുതലാണെന്നുള്ളതാണ് രസകരമായ കാര്യം.
എന്റെ സഹവാഗ്മികള്‍ ചൂണ്ടിക്കാണിച്ചതുപോലെ വര്‍ണവെറി, കൂട്ടക്കൊലകള്‍, രക്തച്ചൊരിച്ചില്‍, നാടുകടത്തല്‍; അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിയുടേതടക്കം, ഇവയൊന്നും ഇന്ത്യയ്ക്ക് പുത്തരിയല്ല. ചില കാര്യങ്ങള്‍ക്കൊന്നും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് ഇന്നത്തെ ബ്രിട്ടനല്ല എന്നുള്ളത് ശരിയാണ്. അതേസമയംതന്നെ തങ്ങളുടെ വിദേശധനസഹായത്തെക്കുറിച്ച് ഇതേ പ്രസംഗകര്‍ വാചാലരാവുന്നതും കേട്ടു. സൊമാലിയന്‍ ജനതയുടെ പട്ടിണിക്ക് നിങ്ങളല്ല ഉത്തരവാദികളെങ്കിലും സൊമാലിയയ്ക്ക് നിങ്ങള്‍ സഹായധനം നല്കുന്നുണ്ടല്ലോ. ചെയ്ത അപരാധങ്ങള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം എന്നത് തത്ത്വത്തില്‍ നിഷേധിക്കാനാവില്ല.

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഗുണത്തിനായി കരീബിയന്‍ പ്രദേശത്തെ ആഫ്രിക്കന്‍ ജനതയുടെ അമാനവവത്കരണം, അതിഭീകരമായ മാനസികത്തകര്‍ച്ച, പരമ്പരാഗതമായ സാമൂഹികവ്യവസ്ഥിതിയുടെയും സ്വത്തവകാശങ്ങളുടെയും അധികാരവ്യവസ്ഥയുടെയും ച്യുതി ഒക്കെ ഇവിടെ ഉദാഹരിക്കപ്പെട്ടു. വര്‍ണ ഗോത്ര മതപരമായ സംഘര്‍ഷങ്ങള്‍ക്ക് ആക്കംകൂട്ടിയതും ചിലയിടങ്ങളില്‍ സൃഷ്ടിച്ചതും അടക്കം ഇന്നീ രാജ്യങ്ങളില്‍ നിലനില്ക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് നേരിട്ടു കാരണമായത് അധിനിവേശമാണെന്ന വസ്തുതയും നിഷേധിക്കാനാവില്ല. അതിനാല്‍ത്തന്നെ ധാര്‍മികമായ ബാധ്യതയും നിഷേധിക്കാനാവില്ല.

ആരോ മറ്റിടങ്ങളില്‍ നഷ്ടപരിഹാരം നല്കുന്നുണ്ടോ എന്ന തര്‍ക്കമുന്നയിച്ചു. പറയുന്നതില്‍ വിഷമം തോന്നരുത്, ജര്‍മനി ഇസ്രയേലിനു മാത്രമല്ല നഷ്ടപരിഹാരം നല്കുന്നത്, പോളണ്ടിനുംകൂടി നല്കുന്നുണ്ട്. തങ്ങളുടെ ചെറുപ്രായം കാരണം, എന്റെ സഹപ്രസംഗകരില്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവില്ല ആ ചിത്രം; 1970-ല്‍ വില്യം ഗൈറ്ററിനു മുന്‍പില്‍ മുട്ടുകുത്തി നില്ക്കുന്ന ചാള്‍സ് വില്യം ബ്രണ്ടിന്റെ നാടകീയമായ ചിത്രം.
മറ്റുദാഹരണങ്ങളുമുണ്ട്, ലിബിയയ്ക്ക് ഇറ്റലി നല്കുന്ന നഷ്ടപരിഹാരം, ജപ്പാന്‍ കൊറിയയ്ക്ക് നല്കുന്നത്, ബ്രിട്ടന്‍ തന്നെയും ന്യൂസിലാന്‍ഡിലെ മാഓറികള്‍ക്ക് നഷ്ടപരിഹാരം നല്കിയിട്ടുണ്ട്. അതുകൊണ്ട് അരോചകമായ ഏതോ പണ്ടോറയുടെ പെട്ടി തുറക്കുന്ന കേട്ടുകേള്‍വിപോലുമില്ലാത്ത ഒന്നല്ല ഈ പ്രമേയം.

താന്‍ ടെക്‌സാസില്‍നിന്നാണെന്ന് പ്രൊഫസര്‍ ലൂയിസ് നമ്മളെ ഓര്‍മിപ്പിച്ചതില്‍ അദ്ഭുതമില്ല. ടെക്‌സാസില്‍ നടപ്പുള്ള അതിമനോഹരമായ ഒരു പ്രയോഗമുണ്ട്, 'തൊപ്പി ഗംഭീരം, കന്നുകാലി ഒന്നുപോലുമില്ല.' എതിര്‍ഭാഗത്തിന്റെ വാദങ്ങളുടെ കഴമ്പില്ലായ്മയെ ഇതിലും നന്നായിട്ടെങ്ങനെ ചുരുക്കിപ്പറയാം?
അവര്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ കുത്തിക്കുറിച്ചതൊന്ന് മറിച്ചുനോക്കിക്കൊള്ളട്ടെ. ജനാധിപത്യത്തെയും നിയമവ്യവസ്ഥയെയും കുറിച്ച് സൂചനയുണ്ടായി. അങ്ങേയറ്റത്തെ ബഹുമാനത്തോടെ പറയട്ടെ, ധനസമ്പാദനത്തിനായി 200 വര്‍ഷത്തോളം ഒരു ജനതയെ അടിച്ചമര്‍ത്തുകയും, അടിമപ്പെടുത്തുകയും, ഹനിക്കുകയും, മുറിപ്പെടുത്തുകയും ചെയ്തതിനു ശേഷം ആ ജനത ജനാധിപത്യരാജ്യമായി എന്നത് ആഘോഷിക്കാന്‍ നിങ്ങള്‍ക്കവകാശമില്ല.
ജനാധിപത്യം നിഷേധിക്കപ്പെട്ടതുകൊണ്ടാണ് ഞങ്ങള്‍ക്കത് ബലമായി പിടിച്ചെടുക്കേണ്ടതായിവന്നത്. 150 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണത്തിനു ശേഷവും വളരെ വൈമനസ്യത്തോടെയാണ് പരിമിതമായ പൗരാവകാശത്തോടെയുള്ള ജനാധിപത്യംതന്നെ ഇന്ത്യയുടെ കാര്യത്തില്‍ പരിഗണിക്കപ്പെട്ടത്.

മറ്റ് ഒന്നുരണ്ട് പ്രസംഗകരുടെ വാദങ്ങളെക്കൂടി എടുത്തുപറയട്ടെ. ആദ്യത്തെ പ്രസംഗകന്‍, ശ്രീ ലീ അധിനിവേശത്തിന്റെ എല്ലാ പൈശാചികതകളും സമ്മതിക്കുന്നുണ്ടെങ്കിലും നഷ്ടപരിഹാരം നല്കുന്നത് ഗുണം ചെയ്യില്ല എന്നും, അര്‍ഹിക്കുന്നവരിലേക്ക് അത് എത്തില്ലെന്നും, പണം എതിര്‍പ്രചാരണങ്ങള്‍ക്കുള്ള ആയുധമായിത്തീരുകയും, മുഗാബെയെപ്പോലുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. എനിക്ക് വിഷമം തോന്നുന്ന ഒരു തമാശയെന്തെന്നു വെച്ചാല്‍ പണ്ട് കരീബിയയിലെ ആളുകള്‍ കുട്ടികളെ ഫ്രാന്‍സിസ് ഡ്രേക്ക് വരുമെന്ന ഭയം കാട്ടിയാണ് ചട്ടം പഠിപ്പിക്കുകയും കിടത്തിയുറക്കുകയും ചെയ്തിരുന്നതെങ്കില്‍ ഇന്ന് പകരം മുഗാബെയുണ്ട് നമ്മുടെ കാലഘട്ടത്തിലെ ഫ്രാന്‍സിസ് ഡ്രേക്കായി.
ലളിതമായിപ്പറഞ്ഞാല്‍, നഷ്ടപരിഹാരം ആരെയും ശാക്തീകരിക്കുവാനുള്ള ആയുധമായല്ല ഞങ്ങള്‍ നിര്‍ദേശിക്കുന്നത്, ചെയ്ത തെറ്റുകള്‍ക്ക് നിങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള ഉപാധിയായാണ്. ആളുകള്‍ അനുഭവിച്ച കൊടുംഭീകരതയുടെ മൂല്യം നിര്‍ണയിക്കുക അസാധ്യമാണെന്ന പ്രസ്താവം അംഗീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. ബന്ധുമിത്രാദികളുടെ ജീവനഷ്ടത്തിന് ഒരു തുകയും പകരമാവില്ല. കൃത്യമായ കണക്കുകളല്ല, നഷ്ടപരിഹാരം എന്ന ധാര്‍മിക ഉത്തരവാദിത്വമാണ്, ഏറ്റെടുക്കുകയാണ് പ്രധാനം.

ക്ഷമിക്കണം. പക്ഷേ, വളരെ നിസ്സാരമായി ഇരുവശത്തും ത്യാഗങ്ങളുണ്ടായിട്ടുണ്ടെന്ന് വാദിക്കുന്നത് എനിക്ക് അംഗീകരിക്കാനാവില്ല. നിങ്ങളുടെ വീട്ടില്‍ ഒരു കള്ളന്‍ കയറുകയും വീട്ടില്‍ വെച്ച് അയാളുടെ കാല്‍വിരല്‍ ഒരിടത്ത് കുത്തിമുറിവേല്ക്കുകയും ചെയ്തുവെന്ന് കരുതുക. ഈ സാഹചര്യത്തില്‍ രണ്ടു ഭാഗത്തും ത്യാഗമുണ്ടെന്ന് നിങ്ങള്‍ക്ക് പറയാനാവുമോ? സത്യം പറഞ്ഞാല്‍ വലിയൊരു തുക നഷ്ടപരിഹാരം കൊടുക്കണം എന്നല്ല എന്റെ ആഗ്രഹം. ഈ സദസ്സിനു മുന്‍പിലുള്ള പ്രമേയം തത്ത്വത്തില്‍ നഷ്ടപരിഹാരം നല്കാനുള്ള ധാര്‍മിക ഉത്തരവാദിത്വമാണ്. എത്ര, ആര്‍ക്ക് എന്നിങ്ങനെയുള്ള സൂക്ഷ്മമായ കാര്യങ്ങളല്ല. ബ്രിട്ടന് പ്രായശ്ചിത്തത്തിന്റെ ബാധ്യതയുണ്ടോ, ബ്രിട്ടന്‍ കടക്കാരനാണോ എന്നതാണ് ഇവിടെ ചോദ്യം.
എന്നെ സംബന്ധിച്ചിടത്തോളം, ചെയ്ത തെറ്റ് സമ്മതിക്കാനുള്ള നിങ്ങളുടെ സന്നദ്ധത, വെറും ഒരു മാപ്പു പറച്ചില്‍, ഇത്രയുംതന്നെ ആഭ്യന്തര ഉത്പാദനവളര്‍ച്ചയുടെ എത്രയെങ്കിലും ശതമാനം സഹായധനമായി നല്കുന്നതിലും എത്രയോ മേലെയാണ്. എന്റെ ധാരണയില്‍ നഷ്ടപരിഹാരത്തിനുള്ള തങ്ങളുടെ ഉത്തരവാദിത്വം തത്ത്വത്തില്‍ അംഗീകരിക്കുകയാണു വേണ്ടത്. വ്യക്തിപരമായി പറഞ്ഞാല്‍, കഴിഞ്ഞുപോയ 200 വര്‍ഷങ്ങള്‍ക്ക് പ്രായശ്ചിത്തമായി അടുത്ത 200 വര്‍ഷത്തേക്ക് ഒരു പൗണ്ട് വെച്ച് കണക്കുകൂട്ടിയാലും ഞാന്‍ സന്തുഷ്ടനാവും.

(ഓക്‌സ്‌ഫോഡ്, യുണൈറ്റഡ് കിങ്ഡം മേയ് 28, 2015)

Content Highlights: Shashai Tharoor, Gandhiji, British Rule, Independent India


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented