വിജയ് മല്യ, ശശി തരൂർ
നേരാംവണ്ണം ചിന്തിക്കുന്ന എല്ലാ ഇന്ത്യക്കാരെയും ഭ്രാന്തുപിടിപ്പിക്കുന്ന ചോദ്യമാണിത്. എന്തുകൊണ്ടാണ്, ചതിയും തട്ടിപ്പും ആരോപിക്കപ്പെടുന്ന ഒരുപാട് ഇന്ത്യക്കാര്‍ വിദേശത്തേക്ക്, പ്രത്യേകിച്ച് ലണ്ടനിലേക്ക് കടക്കുന്നത്? നമുക്ക് അവരെ എന്തുകൊണ്ട് തിരികെക്കൊണ്ടുവന്ന് നീതിന്യായവ്യവസ്ഥയ്ക്കു മുമ്പില്‍ ഹാജരാക്കാന്‍ കഴിയുന്നില്ല?
സമീപകാലത്ത് രാജ്യം വിട്ട ലളിത് മോഡി, വിജയ് മല്യ, നീരവ് മോദി തുടങ്ങിയ വമ്പന്‍സ്രാവുകളും അത്ര അറിയപ്പെടാതെ കടന്നുപോയ ചിലരും ആരോപണവിധേയരുടെ കൈമാറ്റം (എക്‌സ്ട്രഡിഷന്‍) എന്ന വിഷയത്തെ മുഖ്യധാരയിലെത്തിച്ചിട്ടുണ്ട്. ക്രിമിനല്‍ നിയമത്തിന്റെ ഏറ്റവും പ്രാഥമികമായ തത്ത്വങ്ങളിലൊന്ന് അത് ആ നിയമം രൂപവത്കരിക്കപ്പെട്ട രാജ്യത്തു മാത്രമാണ് ബാധകമാവുക എന്നതാണ്. അതിര്‍ത്തിക്കപ്പുറത്തേക്ക് അത് വിപുലപ്പെടുത്താനാവില്ല. എന്നിരുന്നാലും കുറ്റകൃത്യങ്ങളുടെ വര്‍ദ്ധിച്ച ആഗോളസ്വഭാവവും കുറ്റവാളികള്‍ വിദേശരാജ്യങ്ങളില്‍ അഭയം തേടുന്ന പ്രവണതയും പരിഗണിച്ച് ക്രിമിനല്‍നിയമത്തിന്റെ പരിമിതി മറികടക്കാനായി കൈമാറ്റനിയമങ്ങള്‍ (Extradition Laws) രൂപവത്കരിക്കപ്പെട്ടു.
ഒരു വ്യക്തി താമസിക്കുന്ന രാജ്യത്തുനിന്ന് അയാള്‍ കുറ്റവിചാരണയോ ശിക്ഷയോ നേരിടുന്ന രാജ്യത്തിനു കൈമാറുന്ന പ്രക്രിയയാണ് എക്‌സ്ട്രഡിഷന്‍. ഇയാള്‍ അന്വേഷണം നേരിടുകയോ വിചാരണ നേരിടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ കൈമാറാന്‍ ആവശ്യപ്പെടുക.
1962-ലെ കൈമാറ്റനിയമമനുസരിച്ചാണ് ഇന്ത്യയില്‍ ഈ നടപടികള്‍ നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അപേക്ഷ നല്‍കുന്ന രാജ്യങ്ങള്‍ക്ക് ഈ നിയമം ബാധകമാണെന്ന് അതിലെ മൂന്നാംചട്ടം പറയുന്നു. ഇന്ത്യയുമായി കൈമാറ്റക്കരാറില്‍ (extradition treaty) എത്തിയിട്ടുള്ള രാജ്യങ്ങള്‍ക്കേ ഇത്തരത്തില്‍ അപേക്ഷ നല്‍കാന്‍ സാധിക്കൂ. കൈമാറ്റക്കരാറുണ്ടാക്കാന്‍ ധാരാളം കൂടിയാലോചനകള്‍ നടക്കും. ഇരുരാഷ്ട്രവും ധാരണയിലെത്തിയാല്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള കൈമാറ്റനിയമ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ നടപടികളും നിര്‍ദ്ദേശങ്ങളുമുള്‍ക്കൊള്ളിച്ച് കരാര്‍ രൂപവത്കരിക്കും.
കൈമാറ്റം ചെയ്യാന്‍തക്ക കുറ്റമാണോ (extraditable offence) എന്നതിനെ ആശ്രയിച്ചിരിക്കും ഇതിനുള്ള അപേക്ഷ. എല്ലാ ക്രിമിനല്‍ക്കുറ്റങ്ങളും ഇതിന്റെ പരിധിയില്‍ വരില്ല. ഓരോ രാജ്യത്തിന്റെയും കരാറില്‍ ഇത് വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന്, ഇന്ത്യയും അമേരിക്കയും 1997-ല്‍ എത്തിയ കൈമാറ്റക്കരാറിലെ രണ്ടാം ചട്ടപ്രകാരം ഒരു വര്‍ഷത്തില്‍ക്കൂടുതല്‍ തടവുശിക്ഷ വിധിക്കപ്പെട്ട കേസുകള്‍ കൈമാറ്റപരിധിയില്‍ വരുന്നതാണ്. കൈമാറ്റക്കരാറുകള്‍ പ്രകാരം ഇത്തരം കുറ്റങ്ങള്‍ ഇരുരാജ്യങ്ങളിലും കുറ്റകൃത്യമായി കണക്കാക്കുകയും വേണം. അതായത്, കുറ്റവാളിയെ ആവശ്യപ്പെടുന്ന രാജ്യത്തും കുറ്റവാളിയുള്ള രാജ്യത്തും ഇവ കുറ്റകൃത്യമായിരിക്കണം.
ഇതുമാത്രം പോരാ. കൈമാറ്റത്തിന് അപേക്ഷിക്കുമ്പോള്‍, അപേക്ഷിക്കുന്ന രാജ്യം ആരോപണവിധേയരെ പ്രഥമദൃഷ്ട്യാ കുറ്റക്കാരായി കണക്കാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള തെളിവുകളും ഹാജരാക്കണം. ഈ തെളിവുകള്‍ വ്യക്തി താമസിക്കുന്ന രാഷ്ട്രത്തിന് തൃപ്തികരമാവുകയും വേണം. നിയമപ്രകാരം ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്ന ആളുകളെ ഈ രേഖയില്‍ പറഞ്ഞിരിക്കുന്ന കുറ്റകൃത്യങ്ങള്‍ക്കു മാത്രമേ വിചാരണ ചെയ്യാന്‍ പാടുള്ളൂ. ഇയാളെ മറ്റു കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ ചെയ്യണമെന്നുണ്ടെങ്കില്‍ ഇയാള്‍ താമസിച്ചിരുന്ന രാജ്യത്തെത്തിച്ച് കൈമാറ്റനടപടികള്‍ പുതുതായി ആരംഭിക്കണം.
അവസാനമായി, ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്ന വ്യക്തിയെ അന്താരാഷ്ട്ര മനുഷ്യാവകാശനിയമങ്ങള്‍ക്ക് അനുസൃതമായി മാത്രമേ വിചാരണ ചെയ്യാന്‍ പാടുള്ളൂ. സാധാരണഗതിയില്‍ അപേക്ഷ സ്വീകരിക്കുന്ന രാജ്യം, അപേക്ഷ നല്‍കുന്ന രാജ്യത്തിന്റെ നിയമസംവിധാനത്തില്‍ ഇടപെടാന്‍ പാടില്ല. എന്നാല്‍, ഈ നടപടികള്‍ നീതിയുടെ പ്രാഥമികതത്ത്വങ്ങളെ ലംഘിക്കുന്നുവെന്നു തോന്നിയാല്‍ അവര്‍ക്കിത് ചോദ്യംചെയ്യാം. വിദേശരാഷ്ട്രങ്ങളുടെ പ്രതികാരനടപടികളില്‍നിന്ന് വ്യക്തികളെ സംരക്ഷിക്കാനാണ് ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോഴും വധശിക്ഷ നടപ്പാക്കുന്നുണ്ട് എന്നതിനാല്‍ പല യൂറോപ്യന്‍രാജ്യങ്ങളും കുറ്റവാളികളെ ഇവിടേക്ക് കൈമാറാന്‍ വിസമ്മതിക്കാറുണ്ട്. യൂറോപ്യന്‍രാജ്യങ്ങളില്‍ ഭൂരിഭാഗവും വധശിക്ഷയെ പ്രാകൃതമായാണ് കാണുന്നത്. ചില സന്ദര്‍ഭങ്ങളില്‍ വധശിക്ഷ നടപ്പാക്കില്ല എന്ന ഇന്ത്യയുടെ ഉറപ്പിന്റെ പേരില്‍ മാത്രം കുറ്റവാളികളെ കൈമാറിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അങ്ങനെയാണ് കുപ്രസിദ്ധ കുറ്റവാളിയായ അബു സലിമിനെ കൈമാറാന്‍ പോര്‍ച്ചുഗല്‍ സമ്മതിച്ചത്. അബു സലിമിനെ ഇന്ത്യയില്‍നിന്നാണ് അറസ്റ്റു ചെയ്തിരുന്നതെങ്കില്‍ അയാള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് തൂക്കുകയര്‍ ഉറപ്പാകുമായിരുന്നു.
പരസ്പരധാരണയുടെ പുറത്താണ് കൈമാറ്റക്കരാറുകള്‍ നിലനില്‍ക്കുന്നത്. ഏതെങ്കിലും വിദേശരാഷ്ട്രം അവരുടെ പൗരന്മാരെ ഇന്ത്യയ്ക്ക് കൈമാറാന്‍ വിസമ്മതിച്ചാല്‍ ഇന്ത്യയും അതേ നയമാണ് സ്വീകരിക്കുക. കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ തുടങ്ങിയ സ്വന്തം പൗരരെ കൈമാറാന്‍ തയ്യാറാകാത്ത രാജ്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഈ നയമാണ് പിന്തുടരുന്നത്.
ഇന്ത്യയ്ക്ക് 42 രാജ്യങ്ങളുമായി കൈമാറ്റക്കരാറുകളും ഒന്‍പതു രാജ്യങ്ങളുമായി പരിമിതമായ ക്രമീകരണങ്ങളുമുണ്ട്. കരാറുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ അപേക്ഷ പരിഗണിക്കാന്‍ ധാര്‍മ്മികമായ ബാദ്ധ്യതയുണ്ട്. എന്നാല്‍, കരാറില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ അപേക്ഷ പരിഗണിക്കണോ വേണ്ടയോ എന്ന കാര്യം തങ്ങളുടെ ആഭ്യന്തരനിയമങ്ങളുടെയും നയങ്ങളുടെയും അടിസ്ഥാനത്തില്‍ ആ രാജ്യത്തിന് തീരുമാനിക്കാം. എന്നിരുന്നാലും, കരാറില്ലെങ്കിലും പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് കുറ്റവാളികളെ ഇങ്ങോട്ട് കൊണ്ടുവരാന്‍ സാധിക്കും. അതായത്, ഇന്ത്യയില്‍ താമസിക്കുന്ന ഒരു വ്യക്തിയെ ഭാവിയില്‍ കൃത്യമായ അപേക്ഷ നല്‍കി കൈമാറാന്‍ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ കൈമാറാമെന്ന ഉറപ്പില്‍, നിലവില്‍ കരാറുണ്ടാക്കിയിട്ടില്ലാത്ത രാജ്യങ്ങളില്‍നിന്ന് ഇന്ത്യയ്ക്ക് കുറ്റവാളികളെ ആവശ്യപ്പെടാം. എന്നാല്‍, കരാറുണ്ട് എന്നതുകൊണ്ടുമാത്രം നമുക്ക് ഒരു വ്യക്തിയെ പെട്ടെന്ന് വിട്ടുകിട്ടണമെന്നില്ല. അതിന് ചില നടപടിക്രമങ്ങളുണ്ട്. നാമാകട്ടെ, അവ പിന്തുടരുന്നതില്‍ അത്ര ശ്രദ്ധാലുക്കളുമല്ല.
ഉചിതമായ നയതന്ത്രമാര്‍ഗ്ഗങ്ങളിലൂടെയാണ് സാധാരണഗതിയില്‍ കൈമാറ്റ അപേക്ഷ നല്‍കാറ്. ഇന്ത്യന്‍ കോടതിയില്‍ ഒരു കേസ് നിലനില്‍ക്കുകയും പ്രതി വിദേശത്തേക്ക് കടന്നുകളയുകയും ചെയ്‌തെങ്കില്‍ കോടതിക്ക് അറസ്റ്റുവാറന്റ് പുറപ്പെടുവിക്കാം. നമ്മുടെ രാജ്യത്തെ കുറ്റവിചാരണച്ചട്ടത്തിലെ 105ാം വകുപ്പുപ്രകാരം ഇത് വിദേശസര്‍ക്കാരിന് അയച്ച് അവിടെവെച്ച് അയാളെ അറസ്റ്റുചെയ്യാന്‍ ആവശ്യപ്പെടാവുന്നതാണ്. ഇത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര നിയമസഹായക്കരാറുകള്‍ (എംലാറ്റ്‌സ്)ക്കനുസരിച്ചാണ് നടപ്പാക്കുക.
എന്നിരുന്നാലും ഇത്തരം നിയമങ്ങളുടെ പിന്‍ബലമുണ്ടായിട്ടും മറ്റു രാഷ്ട്രങ്ങളെ, പ്രത്യേകിച്ച് ബ്രിട്ടനെ, കുറ്റവാളിക്കൈമാറ്റം നടത്തുന്ന കാര്യം വിശ്വസിപ്പിക്കുന്നതില്‍ ഇന്ത്യ പലപ്പോഴും പരാജയപ്പെടുകയാണ് പതിവ്. ഇന്ത്യന്‍ തട്ടിപ്പുകാര്‍ക്ക് ലണ്ടന്‍ എങ്ങനെയാണ് ഒരു സുരക്ഷിതതാവളമാകുന്നത്? ഇന്ത്യന്‍ജയിലുകളുടെ ദയനീയാവസ്ഥ, നമ്മുടെ കുറ്റവിചാരണാനടപടികളില്‍ വരുന്ന കാലതാമസം, വധശിക്ഷ എന്നിവയാണ് ഇന്ത്യയുടെ കൈമാറ്റ അപേക്ഷകള്‍ തള്ളിക്കളയാനുള്ള കാരണങ്ങളായി ബ്രിട്ടീഷ് കോടതികള്‍ ചൂണ്ടിക്കാട്ടാറ്. 2000-ല്‍ ക്രിക്കറ്റ് വാതുവെപ്പുകേസ് പ്രതി സഞ്ജീവ് കുമാര്‍ ചൗളയുടെ കാര്യത്തില്‍ ഇതാണു സംഭവിച്ചത്. ഇയാള്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ലണ്ടനിലെ കോടതിക്ക് ബോധ്യമായിട്ടും തിഹാര്‍ ജയിലിലെ ദയനീയ സാഹചര്യം പ്രാഥമികമായ മനുഷ്യാവകാശം ഇയാള്‍ക്ക് നിഷേധിക്കും എന്നു പറഞ്ഞ് കൈമാറ്റ അപേക്ഷ തള്ളുകയായിരുന്നു. അതുപോലെ, 1990-കളില്‍ നടന്ന സാമ്പത്തികത്തട്ടിപ്പുകേസില്‍ പ്രതിയായ ജതീന്ദര്‍ അംഗുരാല എന്ന വ്യക്തിയെ കൈമാറാനുള്ള അപേക്ഷ ബ്രിട്ടനിലെ കോടതി 2015-ല്‍ തള്ളി. ഇത്ര നീണ്ട കാലത്തിനുശേഷം ഇത്ര പ്രായമുള്ള ഒരാളെ കൈമാറുന്നത് നീതിയല്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.
2002-നുശേഷം ഇന്ത്യയ്ക്ക് ഏറ്റവുമധികം കുറ്റവാളികളെ കൈമാറിയത് യു.എ.ഇയാണ് (ഇന്ത്യയിലേക്കു കൊണ്ടുവന്ന 65 കുറ്റവാളികളില്‍ 19 പേര്‍ ഇവിടെനിന്നായിരുന്നു). ഒട്ടേറെ വ്യക്തികളുടെ പേരില്‍ ഒട്ടേറെ അപേക്ഷകള്‍ നല്‍കിയിട്ടും ബ്രിട്ടനില്‍നിന്ന് കഴിഞ്ഞ 25 വര്‍ഷത്തിനിടെ കൈമാറിയത് ഒരൊറ്റ വ്യക്തിയെയാണെന്നത് ദുഃഖകരമായ കാര്യമാണ്. ജയില്‍പരിഷ്‌കരണത്തിലും കുറ്റവിചാരണാനടപടികള്‍ മെച്ചപ്പെടുത്തുന്നതിലുമുള്ള ഇന്ത്യന്‍ അധികൃതരുടെ പരാജയം, വിദേശങ്ങളിലേക്ക് കടന്നവരെ തിരികെക്കൊണ്ടുവരുന്നതില്‍ വലിയ തടസ്സമാണ് ഉണ്ടാക്കിയിരിക്കുന്നത്.
വിജയ് മല്യയ്‌ക്കെതിരേ നടന്നുകൊണ്ടിരിക്കുന്നതും ലളിത് മോഡിക്കെതിരേ നടക്കാത്തതുമായ കേസുകള്‍ ഇന്ത്യന്‍ കൈമാറ്റനടപടികളുടെ ലിറ്റ്മസ് ടെസ്റ്റാണ്. തന്നെ രാഷ്ട്രീയ ബലിയാടാക്കുകയാണെന്ന മല്യയുടെ വാദം ഇന്ത്യയ്ക്ക് ഖണ്ഡിക്കാന്‍ സാധിച്ചില്ലെങ്കില്‍ ബ്രിട്ടീഷ് കോടതികള്‍ ഇന്ത്യയുടെ അപേക്ഷ നേരായ വിധത്തില്‍ പരിഗണിക്കില്ല. മല്യയുടെ അഭിഭാഷകര്‍ ഇന്ത്യന്‍ ജയിലുകളുടെ ദയനീയാവസ്ഥ ആവര്‍ത്തിക്കുമ്പോള്‍, ഇന്ത്യന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ മല്യയെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ താമസിപ്പിക്കുമെന്നാണ് മറുവാദമുന്നയിക്കുന്നത്. ശരാശരി ഇന്ത്യന്‍ജയിലുകളെക്കാള്‍ ഭേദമാണ് ഇവിടത്തെ അവസ്ഥ എന്നതാണ് കാരണം. ഈ വാദത്തോട് മല്യയുടെ കേസ് പരിഗണിക്കുന്ന ബ്രിട്ടീഷ് കോടതി എങ്ങനെ പ്രതികരിക്കുമെന്നത് ഇനി അറിയാന്‍പോകുന്നതേയുള്ളൂ. ലളിത് മോഡിയുടെ കാര്യത്തില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇന്ത്യ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു എന്നാണ് റിപ്പോര്‍ട്ടുകളുള്ളതെങ്കിലും നിലവിലെ സര്‍ക്കാരിലെ വിദേശകാര്യമന്ത്രി ഉള്‍പ്പെടെയുള്ള അയാളുടെ പിന്‍തുണക്കാര്‍, ഔദ്യോഗിക കൈമാറ്റ അപേക്ഷ സമര്‍പ്പിക്കുന്നതില്‍ ഒരു താത്പര്യവും കാണിച്ചിട്ടില്ല. 2017 ഓഗസ്റ്റ് ഒന്‍പതിന് ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി അവകാശപ്പെട്ടത്, 'ലളിത് മോഡിയെ വിട്ടുകിട്ടാന്‍ ഇന്ത്യയിലെ ഏതെങ്കിലും നിയമനിര്‍വ്വഹണ ഏജന്‍സിയില്‍നിന്ന് വിദേശകാര്യമന്ത്രാലയത്തിന് ഔദ്യോഗികമായി അപേക്ഷകളൊന്നും കിട്ടിയിട്ടില്ല' എന്നാണ്.
രാജ്യം വിട്ട കുറ്റവാളികളെ, പ്രത്യേകിച്ച് ബ്രിട്ടനില്‍നിന്ന്, തിരികെയെത്തിക്കുന്നതില്‍ ഇന്ത്യയ്ക്കുള്ള നിരാശാജനകമായ റെക്കോഡ് എത്രയും പെട്ടെന്ന് തിരുത്തപ്പെടണം. ഇതിനായി നാം കൈമാറ്റ അപേക്ഷകള്‍ സമര്‍പ്പിക്കുന്ന രീതി മുതല്‍ നമ്മുടെ നീതിനിര്‍വ്വഹണവ്യവസ്ഥയില്‍വരെ സമൂലമായ പരിവര്‍ത്തനമുണ്ടാകണം. നമ്മുടെ ജയിലുകള്‍ മാലിന്യം നിറഞ്ഞ, കൊടുംപീഡനങ്ങള്‍ നടക്കുന്ന ഭീകരസങ്കേതങ്ങളാണെന്ന കാഴ്ചപ്പാട് തിരുത്തണം. ഒരു പരിവര്‍ത്തനമൂല്യവുമില്ലാത്ത വധശിക്ഷാസമ്പ്രദായം നിരോധിക്കുന്നതും നീതിവ്യവസ്ഥയോട് പ്രതിബദ്ധതയുള്ള രാജ്യമെന്ന നിലയില്‍ നമ്മുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കും.
ഇതിനൊപ്പം രാജ്യം വിട്ടവരെ തിരികെക്കൊണ്ടുവരാന്‍ ശക്തമായ നടപടികള്‍ എടുക്കാന്‍തക്കവിധം നമ്മുടെ കൈമാറ്റക്കരാറുകള്‍ പുനരാലോചിക്കുകയും വേണം. ഇതിനെല്ലാമുപരി നമുക്ക് കേസുകള്‍ യുക്തിഭദ്രമായ അന്ത്യത്തിലെത്തിക്കാനുള്ള ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി വേണം. അല്ലെങ്കില്‍, താമസിയാതെത്തന്നെ ആര്‍ക്കു വേണമെങ്കിലും മോഷ്ടിച്ച് കടന്നുകളയാവുന്ന രാജ്യമെന്ന് ഇന്ത്യ അറിയപ്പെട്ടുതുടങ്ങും.
Content Highlights: Shashi Tharoor, Vijay Mallya, Extradition Treaty, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..