മാതൃഭൂമി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം

ജോണി എം.എല്‍: കാംപിയോണ്‍ സ്‌കൂളില്‍വെച്ചാണ് താങ്കള്‍ക്ക് 'ജാതി' എന്തെന്ന അറിവുണ്ടായതായി പറഞ്ഞുകേട്ടിട്ടുണ്ട്. എന്തായിരുന്നു അതിലേയ്ക്ക് നയിച്ച സംഭവം?

 ശശി തരൂര്‍: കാംപിയോണ്‍ സ്‌കൂള്‍ എനിയ്ക്ക് വളരെയധികം ആഹ്ലാദം നല്‍കി. അവിടെ വളരെയധികം പാഠ്യേതര പരിപാടികള്‍ ഉണ്ടായിരുന്നു എന്ന് മാത്രമല്ല വളരെ നല്ലൊരു നാടകവേദി കൂടി ഉണ്ടായിരുന്നു. ഈ കാലയളവിലാണ് ഈ 'ജാതി' സംഭവം ഉണ്ടാകുന്നത്. നാടകവേദിയില്‍ വിലസുന്ന കാലത്താണ് എന്റെ സഹപാഠി കൂടിയായ ഋഷി കപൂര്‍, സിനിമാനടന്‍ രാജ് കപൂറിന്റെ ഇളയ മകന്‍, ഒരു ചോദ്യം എന്നോട് ചോദിക്കുന്നത്. നിന്റെ ജാതി എന്താണ്? ഞാന്‍ അന്തംവിട്ടുപോയി. ഈ ചോദ്യത്തിലേക്ക് ഋഷിയെ നയിച്ചത് ക്‌ളാസില്‍ നടന്ന ചില സംഭവങ്ങളാണ്. ഞാന്‍ ഒരിക്കല്‍ ഒരു തമാശക്കവിത ചൊല്ലി കുട്ടികളെ ചിരിപ്പിക്കുകയും ചില പരിപാടികളുടെ മാസ്റ്റര്‍ ആയി കയ്യടി വാങ്ങുകയും ചെയ്തു. ഇതില്‍ കൗതുകമോ ഈര്‍ഷ്യയോ തോന്നിയ ഋഷി എന്നോട് ചോദിച്ചതാണ് ആ ചോദ്യം, എന്താണ് നിന്റെ ജാതി.

എന്റെ അച്ഛന്‍ എന്നോട് ജാതിയെക്കുറിച്ചോ മതത്തെക്കുറിച്ചോ ഒന്നും പറഞ്ഞിരുന്നില്ല. അതേക്കുറിച്ച് തന്റെ മകനെ അറിയിക്കേണ്ട ആവശ്യമുണ്ടെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവില്ല. എന്നാല്‍ ഋഷിയുടെ പ്രതികരണം മറിച്ചായിരുന്നു; എല്ലാവര്‍ക്കും അവരുടെ ജാതി അറിയാമല്ലോ, നിനക്കെന്താ അറിയാത്തത് എന്നായിരുന്നു അവന്റെ ചോദ്യം. എനിയ്ക്കറിയില്ല എന്ന് ഞാന്‍ തുറന്നുപറഞ്ഞപ്പോള്‍, എങ്കില്‍ നീ ബ്രാഹ്മണന്‍ ആയിരിക്കില്ല എന്ന് പറഞ്ഞുകൊണ്ട് ഋഷി പോയി. അവന്‍ പിന്നെ എന്നോട് മിണ്ടിയില്ല. വീട്ടില്‍ വന്ന് ഞാന്‍ മാതാപിതാക്കളോട് എന്റെ ജാതി ചോദിച്ചു. എന്റെ അച്ഛന്‍ പാലക്കാട് വിക്ടോറിയ കോളേജില്‍ പഠിക്കുമ്പോള്‍ തന്റെ ജാതിപ്പേര് ഉപേക്ഷിച്ചതായിരുന്നു. അതിനുശേഷം അദ്ദേഹം ജാതിപ്പേരോ മതമോ എങ്ങും സൂചിപ്പിച്ചിരുന്നില്ല.

weekly
ഓണപ്പതിപ്പ് വാങ്ങാം

പിന്നീടാണ് എനിക്ക് സിഖ്, പാഴ്‌സി, മുസ്ലിം, ക്രിസ്ത്യന്‍ എന്നിങ്ങനെ വിവിധ മതങ്ങളിലുള്ള കൂട്ടുകാര്‍ ഉണ്ടെന്ന് തിരിച്ചറിയുന്നത്. വളരെ സമ്പന്നമായ കുടുംബത്തില്‍പ്പെട്ട ഒരു പയ്യന്‍ നമ്മുടെ സുഹൃത്തായുണ്ടായിരുന്നു. അവനെ തിരിച്ചറിഞ്ഞത്, ഫിയറ്റ് കാറില്‍ ടേപ്പ് റിക്കോര്‍ഡര്‍ ഉള്ളവന്‍ എന്നായിരുന്നു. പിന്നീടാണ് അവന്‍ മുസ്ലിം ആണെന്ന് അറിയുന്നത്. എന്തായാലും ഋഷി കപൂര്‍ വിചാരിച്ചപ്പോള്‍ ഞാന്‍ ഒരു നായര്‍ ആണെന്ന് തിരിച്ചറിഞ്ഞു. ഈ സംഭവത്തെ കുറച്ച് ഭാവനാത്മകമായി ഞാന്‍ എന്റെ ഇന്ത്യ; മിഡ്‌നെറ്റ് ടു മില്ലേനിയം എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.

(വിശദമായ അഭിമുഖം മാതൃഭൂമി ഓണപ്പതിപ്പിൽ വായിക്കാം)

Content Highlights: Shashi Tharoor, interview, Mathrubhumi, Rishi Kapoor