മുസ്ലിങ്ങള്‍ക്ക്‌ പാകിസ്താനും ശേഷിച്ചത് ഹിന്ദുക്കള്‍ക്കുള്ള രാജ്യവുമെന്നയുക്തി അംഗീകരിക്കാത്ത നെഹ്രു


ശശി തരൂര്‍/ പരിഭാഷ എന്‍. ശ്രീകുമാര്‍

സ്വന്തം അനുഗാമികളുടെ അപര്യാപ്തതകളാല്‍ ചെറുതായിപ്പോവാത്ത അപൂര്‍വതകളുള്ള നേതാവായിരുന്നു നെഹ്രു.

ജവാഹർലാൽ നെഹ്രു

ജവാഹര്‍ലാല്‍ നെഹ്രുവിന്റെ അന്യാദൃശമായ ജീവിതവും കര്‍മരംഗവും ഓരോ ഇന്ത്യക്കാരനും വേണ്ടി അവശേഷിപ്പിച്ച മഹാപൈതൃകമാണെന്ന നിലയിലുള്ള പുനര്‍വ്യാഖ്യാനമാണ് ശശി തരൂര്‍ എഴുതി എന്‍. ശ്രീകുമാര്‍ പരിഭാഷപ്പെടുത്തിയ നെഹ്രു: ഇന്ത്യയുടെ സൃഷ്ടി എന്ന പുസ്തകം.
ആശയങ്ങളുടെ ശക്തിയിലൂടെ ഇന്ത്യന്‍ രാഷ്ട്രസ്വരൂപത്തെ നിര്‍വചിച്ച, ജീവിതത്തിലൂടെയും നേതൃത്വത്തിലൂടെയും ഇന്നത്തെ ഇന്ത്യയെ സൃഷ്ടിച്ച നെഹ്രുവിന്റെ ജീവചരിത്രം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പുസ്തകത്തിന് തരൂര്‍ എഴുതിയ ആമുഖക്കുറിപ്പ് വായിക്കാം.

ധ്വാനിക്കുന്ന കര്‍ഷകജനസമൂഹവുമായി നിഗൂഢമായി താദാത്മ്യപ്പെട്ട ക്ഷുഭിതനും ആദര്‍ശവാദിയുമായ ധിഷണാശാലി; തീക്ഷ്ണമായ സ്ഥിതിസമത്വവിശ്വാസപ്രമാണങ്ങള്‍ വെച്ചുപുലര്‍ത്തുകയും വിവിധ സവിശേഷാവകാശങ്ങള്‍ പരിചയിച്ചു ശീലിക്കുകയും ചെയ്ത അഭിജാതന്‍; പത്തുവര്‍ഷത്തില്‍പ്പരം കാലം ബ്രിട്ടീഷ് ജയിലുകളില്‍ ചെലവഴിച്ച, ഹാര്‍വാഡിന്റെയും ഹാരോവിന്റെയും ആംഗലേയസന്തതി; വിമലചരിതനായ മഹാത്മാഗാന്ധിയുടെ സന്ദേഹിയായ ശിഷ്യനായിത്തീര്‍ന്ന നാസ്തികനായ ഉല്‍പതിഷ്ണു...എന്നിങ്ങനെ പൂര്‍വാപരവൈരുധ്യങ്ങള്‍ നിറഞ്ഞ ജവാഹര്‍ലാല്‍ നെഹ്രുവായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ആദ്യ പതിനേഴു വര്‍ഷക്കാലത്തെ ഇന്ത്യ.അഴിമതിരഹിതന്‍, ദാര്‍ശനികന്‍, സാര്‍വദേശീയവാദി, രാഷ്ട്രീയത്തിനതീതനായ രാഷ്ട്രസേവകന്‍ എന്നിങ്ങനെ ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ഔന്നത്യം വളരെ വലുതായിരുന്നു; അതിനാല്‍ നെഹ്രു നയിച്ച ഇന്ത്യയെ അദ്ദേഹത്തെക്കൂടാതെ സങ്കല്പിക്കാനാവുമായിരുന്നില്ല. നെഹ്രു മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് പ്രമുഖ അമേരിക്കന്‍ ജേണലിസ്റ്റായ വെല്‍സ് ഹാംഗന്‍ നെഹ്രുവിനുശേഷം ആര് (After Nehru Who?) എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ലോകമെങ്ങും ഉച്ചരിക്കപ്പെടാതെപോയ വാക്കുകള്‍ ഇതായിരുന്നു: 'നെഹ്രുവിനുശേഷം എന്ത്?'
ഇന്ന്, അദ്ദേഹം മരിച്ചിട്ട് ഏതാണ്ട് അഞ്ചര പതിറ്റാണ്ടാകാറായിരിക്കുന്നു. മുകളില്‍ കൊടുത്ത രണ്ടാമത്തെ ചോദ്യത്തിന് നമുക്ക് ഏറക്കുറെ ഒരു ഉത്തരമുണ്ട്. നെഹ്രുവിന്റെ ആശയങ്ങളുടെയും ചിന്തകളുടെയും വിവിധതരം ആടയാഭരണങ്ങളും കവചങ്ങളും അണിഞ്ഞ് ഇന്ത്യ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലേക്ക് ചുവടുവെക്കുമ്പോഴും അദ്ദേഹം അവശേഷിപ്പിച്ചുപോയ പൈതൃകത്തിന്റെ ഭൂരിഭാഗവും ഒട്ടും ക്ഷതമേല്ക്കാതെതന്നെ ഇന്നും നിലനില്ക്കുന്നുണ്ടെന്നു കാണാം. എന്നുതന്നെയല്ല, അത് ചൂടേറിയ വാഗ്വാദത്തിനു വിഷയമാകുകയും ചെയ്യുന്നു. ഇന്ന് നെഹ്രുവിന്റെ മിക്ക വിശ്വാസപ്രമാണങ്ങളില്‍നിന്നും ഇന്ത്യ അകന്നുപോയിരിക്കുന്നു. ഒരുകാലത്ത് നെഹ്രുവിന്റെ ആദര്‍ശങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്ന വികസിതലോകത്തിന്റെ ബാക്കിഭാഗങ്ങളിലെയും സ്ഥിതി (പല തരത്തിലും) ഇതുതന്നെയാണ്. ഇന്ത്യ ബ്രിട്ടീഷ്ഭരണത്തില്‍നിന്നു നേടിയ സ്വാതന്ത്ര്യത്തിന്റെ എട്ടാം ദശകത്തിലേക്കു കടക്കുമ്പോള്‍, കോളനിയനന്തരരാഷ്ട്രത്തെ സംബന്ധിച്ച നെഹ്രുവിന്റെ സങ്കല്പങ്ങളെ അടിസ്ഥാനപരമായിത്തന്നെ മാറ്റിയ, അപൂര്‍ണമായ, ഒരു പരിവര്‍ത്തനം സംഭവിച്ചുകഴിഞ്ഞിട്ടുണ്ട്.
നെഹ്രു, ആര്‍ജവവും അന്വേഷണത്വരയുമുള്ള ഒരു മനസ്സിന്റെ ഉടമയെന്ന നിലയില്‍, തന്റെ അടിസ്ഥാനവിശ്വാസപ്രമാണങ്ങളില്‍ അടിയുറച്ചു നില്ക്കുമ്പോഴും സ്വന്തം പ്രായോഗികചിന്തകളെ കാലാനുസൃതം വികസിപ്പിക്കാന്‍ അനുവദിക്കുമായിരുന്നു. അതിനാലാണ് 2003-ല്‍ ഞാന്‍ നെഹ്രു: ഇന്ത്യയുടെ സൃഷ്ടി (Nehru: The Invention of India) എന്ന ജീവചരിത്രരചനയ്ക്കു തുനിഞ്ഞത്. ഇരുപതാം നൂറ്റാണ്ടിലെ ദേശീയതയുടെ ശ്രേഷ്ഠമായ വ്യക്തിസ്വരൂപത്തെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രാരംഭഘട്ടത്തില്‍ നിന്നുകൊണ്ട് വീക്ഷിച്ച് അപഗ്രഥിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ജീവിതം സ്വതവേതന്നെ ആകര്‍ഷകമായ ഒരു കഥയാണ്. ഞാനത് സമഗ്രമായി പറയാന്‍ ശ്രമിച്ചിട്ടുണ്ട്. കാരണം, അനിഷേധ്യനായ പ്രധാനമന്ത്രി, സാര്‍വലൗകികതലത്തില്‍ അതുല്യനായ രാഷ്ട്രതന്ത്രജ്ഞന്‍ എന്നീ വിശേഷണങ്ങളില്‍നിന്ന് മോചിപ്പിക്കാനാവാത്തതാണ് വിശേഷാവകാശങ്ങളനുഭവിക്കുന്ന കുട്ടി, സവിശേഷതയില്ലാത്ത യുവാവ്, തന്ത്രശാലിയായ യുവ ദേശീയവാദി, സ്വാതന്ത്ര്യസമരനായകന്‍ എന്നിവയെല്ലാം. വിശിഷ്ടഗുണങ്ങളുടെ ഏതെങ്കിലും സൂചനകള്‍ ആ ബാലന്‍ പ്രകടിപ്പിച്ചത് സാവധാനത്തിലായിരുന്നു. 'ഉദാസീന'നെന്ന് പൊതുവേ പറയപ്പെടുന്നതരത്തിലുള്ള വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം. എന്നിരുന്നാലും, 2003-ല്‍ നെഹ്രു: ഇന്ത്യയുടെ സൃഷ്ടി എന്ന് ഞാനെഴുതുന്ന ജീവചരിത്രത്തിന് പേര് സ്വീകരിക്കുന്ന വിധത്തില്‍ മഹത്തരമായിരുന്നു നമ്മുടെ രാജ്യത്തിനുമേല്‍ അദ്ദേഹത്തിനുള്ള പ്രഭാവം.

നെഹ്രു: ഇന്ത്യയുടെ സൃഷ്ടി ഒരു പഠനഗ്രന്ഥമല്ല; കണ്ടെത്തപ്പെടാതെപോയ പൂര്‍വചരിത്രരേഖകള്‍ ഗവേഷണം ചെയ്തതിന്റെ അടിസ്ഥാനത്തിലല്ല ഇതു രചിച്ചിട്ടുള്ളത്. വിവരശേഖരണത്തിനുപയോഗിച്ച രേഖകളെക്കുറിച്ചുള്ള കുറിപ്പും തിരഞ്ഞെടുത്ത പുസ്തകങ്ങളുടെ സൂചികയും ജിജ്ഞാസുക്കള്‍ക്ക് അധികവായനയ്ക്കു മാര്‍ഗദര്‍ശകമാകുമെങ്കിലും ഇതില്‍ അടിക്കുറിപ്പുകള്‍ നല്കിയിട്ടില്ല. പകരം ഇത് പുനര്‍വ്യാഖ്യാനിച്ചിരിക്കുകയാണ്-അന്യാദൃശമായ ഒരു ജീവിതവും കര്‍മവുമെന്ന നിലയിലും ഓരോ ഇന്ത്യക്കാരനുംവേണ്ടി അവ പിന്നിലവശേഷിപ്പിച്ച പാരമ്പര്യമെന്ന നിലയിലുമുള്ള പുനര്‍വ്യാഖ്യാനം. ഇത് ആദ്യമെഴുതുന്ന അവസരത്തില്‍ ഐക്യരാഷ്ട്രസംഘടനയ്ക്കുവേണ്ടി വിദേശത്ത് ജോലി ചെയ്യുന്ന ഒരു നിഷ്പക്ഷനിരീക്ഷകനായിരുന്നു ഞാന്‍; ഇന്ന് ഈ ആമുഖമെഴുതുമ്പോഴാവട്ടെ, ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധാനം ചെയ്യുന്ന ഒരു പാര്‍ലമെന്റംഗവും അതിന്റെ പ്രൊഫഷണല്‍സ് വിഭാഗത്തിന്റെ ചെയര്‍മാനുമാണ്. ഞാനിവിടെ വിവരിക്കാന്‍ ശ്രമിക്കുന്ന ആ മഹാപാരമ്പര്യത്തില്‍ത്തന്നെ എനിക്കൊരു വിശേഷപദവി ലഭിച്ചത് തീര്‍ച്ചയായും ഏറ്റുപറയേണ്ടതാണ്.
1940-കളില്‍ ഗാന്ധി, നെഹ്രു, പട്ടേല്‍, അംബേദ്കര്‍ എന്നീ നാലുപേരാണ് സ്വതന്ത്ര ഇന്ത്യയെന്ന മഹല്‍ദര്‍ശനത്തിന് മൂര്‍ത്തരൂപം നല്കിയത്. ഗാന്ധിയുടെ ധര്‍മനിഷ്ഠമായ സത്യശീലതയെന്ന ഗുണം ജവാഹര്‍ലാല്‍ നെഹ്രുവിന്റെ രാജ്യതന്ത്രവാസനയുമായി ചേര്‍ന്ന് ബ്രിട്ടീഷ്ഭരണത്തിനെതിരായുള്ള പോരാട്ടത്തിനാവശ്യമായ സമരതന്ത്രങ്ങളും നയകൗശലങ്ങളും രൂപപ്പെടുത്തി. ഭരണനിര്‍വഹണത്തില്‍ പട്ടേലിനുണ്ടായിരുന്ന സുദൃഢനിയന്ത്രണം രാഷ്ട്രത്തെയാകെ സംയോജിപ്പിക്കുകയും അവിടെ സമാധാനവും സ്ഥിരതയും സ്ഥാപിക്കുകയും ചെയ്തു.
അംബേദ്കറുടെ പാണ്ഡിത്യവും നിയമസംബന്ധമായ ഗ്രഹണവൈദഗ്ധ്യവും ഒരു തലമുറയുടെ സ്വപ്‌നങ്ങളെയാകെ പ്രവര്‍ത്തനക്ഷമമായ ഒരു നിയമാനുസൃതരേഖയായി പരിവര്‍ത്തിപ്പിക്കുന്നതിനു സഹായകമായി. ആ രേഖ ശാശ്വതമായ ഒരു ജനാധിപത്യത്തിന് അടിത്തറപാകുകയുണ്ടായി. ലോകം ഫാസിസത്തിലേക്കും അക്രമത്തിലേക്കും യുദ്ധത്തിലേക്കും ശിഥിലീകൃതമായപ്പോള്‍ ഗാന്ധിജി സത്യത്തിന്റെയും അക്രമരാഹിത്യത്തിന്റെയും സമാധാനത്തിന്റെയും മൂല്യങ്ങള്‍ പഠിപ്പിച്ചു. രാഷ്ട്രം രക്തച്ചൊരിച്ചിലിലും സാമുദായികമായ കൂട്ടക്കൊലയിലും നട്ടംതിരിഞ്ഞ സന്ദര്‍ഭത്തില്‍ അംബേദ്കര്‍ രാജ്യനീത്യനുവര്‍ത്തനത്തിന്റെ മൂല്യങ്ങളും ധര്‍മശാസ്ത്രനിയമവും ഉപദേശിച്ചു. സങ്കുചിതമായ അതിമോഹങ്ങള്‍ ദേശീയയൈക്യത്തിനു ഭീഷണിയുയര്‍ത്തിയപ്പോള്‍ ഒരു ഐക്യദര്‍ശനത്തിലേക്കും പൊതുലക്ഷ്യത്തിലേക്കും പട്ടേല്‍ രാഷ്ട്രത്തെ നയിച്ചു. ആള്‍ക്കൂട്ടം ആക്രോശിച്ചുകൊണ്ട് പ്രതികാരം ചെയ്യാനാഹ്വാനം ചെയ്തു തെരുവില്‍ പടനയിച്ചപ്പോള്‍ ഒരുകാലത്ത് സ്വന്തമായിരുന്ന യശസ്സ് ലഭിക്കുന്നതിന് വീണ്ടും ആശിക്കാന്‍ നെഹ്രുവിന്റെ കരുണാപൂര്‍ണവും ഹൃദയവിശാലവുമായ വീക്ഷണം ഇന്ത്യയ്ക്കു പ്രേരകമായി.

മറ്റു മൂവരും അധികകാലം ജീവിച്ചിരുന്നില്ല. സ്വാതന്ത്ര്യാനന്തരമുള്ള പതിനേഴു വര്‍ഷം, തന്റെ മരണംവരെ, നെഹ്രു ആധുനിക ഇന്ത്യയുടെ അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ നിശ്ചയദാര്‍ഢ്യത്തോടെ, ബുദ്ധിമുട്ടുകള്‍ വകവെക്കാതെ ഉറച്ചുനിന്നു. നമ്മുടെ പാസ്‌പോര്‍ട്ടുകള്‍ അദ്ദേഹത്തിന്റെ ആശയങ്ങളെ മൂര്‍ത്തീകരിക്കുന്നു- ഈ കടപ്പാട് സമ്മതിക്കാതെ 'ഇന്ത്യന്‍' എന്ന പദം ഉപയോഗിക്കുന്നത് സാധ്യമല്ലാത്തവിധത്തില്‍ നെഹ്രു അതില്‍ നിറഞ്ഞുനില്ക്കുന്നു. ഈ ആശയങ്ങളുടെ ഉദ്ഭവം എവിടെയാണ്, സ്വന്തം ജനയിതാവിനാല്‍ത്തന്നെ അവ സഫലീകരിക്കപ്പെടുകയുണ്ടായോ, അവ ഇന്ന് ഏതു തലംവരെ നിലനിന്നുപോകാന്‍ പര്യാപ്തമാണ് എന്നിവയാണ് ഈ പുസ്തകത്തിന്റെ പ്രമേയം. പൂര്‍ത്തിയാക്കുംവരെയും ആദരവും വിമര്‍ശനവും എന്ന മട്ടില്‍ രണ്ടായി വിഭജിച്ചുകൊണ്ടാണ് ഞാന്‍ പുസ്തകമെഴുതാനാരംഭിച്ചത്. എന്നാല്‍, ആ ജീവിതത്തിലേക്ക് കൂടുതല്‍ ആഴ്ന്നിറങ്ങുംതോറും ആരാധനയാണ് എന്നില്‍ കൂടുതല്‍ തീക്ഷ്ണമായിത്തീര്‍ന്നത്.

നെഹ്രുവിന്റെ പാരമ്പര്യം ഇന്ത്യയ്ക്കു സമ്മാനിച്ച നാലു പ്രധാനപ്പെട്ട ആധാരസ്തംഭങ്ങളെ വിമര്‍ശനാത്മകമായി അപഗ്രഥിക്കാനാണ് ഈ പുസ്തകത്തില്‍ ഞാന്‍ ശ്രമിച്ചിട്ടുള്ളത്- ജനാധിപത്യവ്യവസ്ഥാനിര്‍മാണം, അഖിലേന്ത്യാസ്വഭാവമുള്ള കരുത്തുറ്റ മതനിരപേക്ഷത, ആഭ്യന്തരമായ സോഷ്യലിസ്റ്റ് സമ്പദ്ശാസ്ത്രം, ചേരിചേരായ്മയെന്ന വിദേശനയം. ഇന്ന് മൗലികമായ വെല്ലുവിളി ഉയര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഭാരതീയതയെന്ന ദര്‍ശനത്തിന് ഇവയെല്ലാം അവിഭാജ്യമായിരുന്നു.
എങ്ങനെയാണ് നെഹ്രു ഈ നാലു സ്തംഭങ്ങളും പടുത്തുയര്‍ത്തിയത്; ഇന്ന് ഇവയുടെ അര്‍ഥമെന്താണ്?

ഒന്ന് ജനാധിപത്യം: അനേകം ആഭ്യന്തരകലഹങ്ങളും വൈജാത്യങ്ങളുംകൊണ്ട് ഛിന്നഭിന്നമായ, കൊടുംദാരിദ്ര്യത്താല്‍ ഞെരുങ്ങുകയും വിഭജനത്താല്‍ പിളര്‍ന്നു വേര്‍പെടുകയും ചെയ്ത, ഇന്ത്യയെപ്പോലൊരു രാജ്യം ജനാധിപത്യസ്വഭാവമുള്ളതാവുമെന്നോ അപ്രകാരംതന്നെ തുടരുമെന്നോ ഉള്ളത് യാതൊരു വിധത്തിലും സ്വതേ അംഗീകരിക്കപ്പെട്ടില്ല. പല വികസിതരാജ്യങ്ങളും സ്വാതന്ത്ര്യം ലഭിച്ച ഉടന്‍, ദേശീയയൈക്യം വളരുന്നതിനും വികസനത്തിന് മാര്‍ഗദര്‍ശകമാകുന്നതിനും ദൃഢമായ നിയന്ത്രണം ആവശ്യമാണെന്നു വാദിച്ചുകൊണ്ട് സ്വയം വിപരീതദിശയിലേക്ക് തിരിയുന്നതു കാണാന്‍ കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് കേവലം അഞ്ചു മാസത്തിനുശേഷം, 1948-ല്‍ ഗാന്ധിവധത്തിന്റെ ഫലമായി നെഹ്രു ദേശീയജ്വാലയുടെ സംരക്ഷകനും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പ്രത്യക്ഷമൂര്‍ത്തിയുമായിത്തീര്‍ന്നു. സ്വതന്ത്രവും നിര്‍വിഘ്‌നവുമായ അധികാരത്തിന്റെ ചുമതലയേല്ക്കുന്നതിലേക്ക് ഗാന്ധിയുടെ മരണം നെഹ്രുവിന് വഴിയൊരുക്കിയിട്ടുണ്ടാവാം. പകരം, സ്വേച്ഛാധിപതികളുടെ നേര്‍ക്ക് അവജ്ഞ, പാര്‍ലമെന്ററി നടപടിക്രമങ്ങളോട് ബഹുമാനം, ഭരണഘടനാസംവിധാനത്തില്‍ സ്ഥായിയായ വിശ്വാസം എന്നീ ജനാധിപത്യശീലങ്ങള്‍ സ്വന്തം ജനതയുടെ മനസ്സുകളില്‍ ആഴത്തില്‍ പതിപ്പിക്കാന്‍ യത്‌നിച്ചുകൊണ്ട് അദ്ദേഹം ഒരു ആയുഷ്‌കാലം മുഴുവന്‍ ചെലവഴിച്ചു. സ്വേച്ഛാഭരണത്തിന്റെ ആപല്‍സാധ്യതകളെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്ന, അതീവജാഗ്രത പുലര്‍ത്തിയ ഒരു ജനാധിപത്യവാദിയായിരുന്നു അദ്ദേഹം. അതിനാല്‍ പദവിയുടെ കൊടുമുടിയിലെത്തിനില്ക്കുന്ന ജവാഹര്‍ലാല്‍ നെഹ്രുവിന് സ്വേച്ഛാധിപത്യപ്രേരണകളുണ്ടാകാനുള്ള അവസരം നല്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ഇന്ത്യന്‍ ജനതയ്ക്ക് മുന്നറിയിപ്പു നല്കിക്കൊണ്ട് ഒരു ലേഖനം അദ്ദേഹം പേരു വെക്കാതെ എഴുതുകയുണ്ടായി. തന്നെക്കുറിച്ച് അദ്ദേഹം ഇപ്രകാരമെഴുതി: 'അദ്ദേഹത്തെ നിശ്ചയമായും ചെറുക്കണം; നമുക്ക് സീസര്‍മാരെ ആവശ്യമില്ല.'

നെഹ്രുവിന്റെ പ്രവര്‍ത്തനരീതികള്‍ ചോദ്യംചെയ്തുകൊണ്ട് സ്വന്തം പാര്‍ട്ടിയില്‍നിന്ന് രാജിയാവശ്യമുന്നയിക്കപ്പെട്ടപ്പോള്‍ അദ്ദേഹം എതിര്‍പ്പുകളുണ്ടായിട്ടും തന്റേതായ വഴിക്കു നീങ്ങി. പക്ഷേ, അത് എന്തായാലും ഒരു സീസറിന്റെ സഹജവാസനയായിരുന്നിരിക്കില്ല.
പ്രധാനമന്ത്രിയെന്ന നിലയില്‍ നെഹ്രു ഇന്ത്യയുടെ ശൈശവദശയിലുള്ള ജനാധിപത്യസ്ഥാപനങ്ങളെ സശ്രദ്ധം പരിപോഷിപ്പിച്ചു. ഇന്ത്യയുടെ ആലങ്കാരികമായ രാഷ്ട്രപതിപദത്തോടും ഒരുപരിധിവരെ വ്യര്‍ഥമായ ഉപരാഷ്ട്രപതിപദത്തോടും അദ്ദേഹം വിനയപൂര്‍വം ആദരവുപുലര്‍ത്തി; ആചാരമര്യാദാക്രമങ്ങളില്‍ ഈ വിശിഷ്ടസ്ഥാനങ്ങള്‍ തന്നെക്കാള്‍ ഉയര്‍ന്നതാണ് എന്ന വസ്തുത വിസ്മരിക്കാന്‍ ജനങ്ങളെ ഒരിക്കലും അദ്ദേഹം അനുവദിച്ചില്ല. സംസ്ഥാനമുഖ്യമന്ത്രിമാര്‍ക്ക് തന്റെ നയങ്ങള്‍ വിശദീകരിച്ചുകൊണ്ടും അവരുടെ പ്രതികരണങ്ങള്‍ ആരാഞ്ഞുകൊണ്ടും അദ്ദേഹം പതിവായി കത്തുകളെഴുതി. എണ്ണത്തില്‍ കുറവുള്ളവരും കലഹസ്വഭാവികളുമാണെങ്കില്‍പ്പോലും നിശ്ചയമായും പ്രതിഭാധനരടങ്ങിയ ഒരു പ്രതിപക്ഷത്തിനു മുന്‍പില്‍- അവരുടെ അംഗബലത്തെയപേക്ഷിച്ച് കൂടുതല്‍ പ്രാധാന്യം നല്കിക്കൊണ്ട്- അദ്ദേഹം തന്നെത്തന്നെയും തന്റെ ഗവണ്‍മെന്റിനെയും എതിര്‍വിസ്താരത്തിനു വിധേയമാക്കി. കാരണം, ആരോഗ്യകരമായ ജനാധിപത്യത്തിന് സുശക്തമായ പ്രതിപക്ഷം ആവശ്യമാണെന്ന് അദ്ദേഹത്തിന് ഉറച്ച ബോധ്യമുണ്ടായിരുന്നു. നീതിന്യായവ്യവസ്ഥയില്‍ ഇടപെട്ട് തടസ്സമുണ്ടാക്കാതിരിക്കാന്‍ അദ്ദേഹം പ്രത്യേക ശ്രദ്ധപുലര്‍ത്തി. ഒരിക്കല്‍ ഒരു ന്യായാധിപനെ നെഹ്രു പരസ്യമായി വിമര്‍ശിക്കാനിടയായി. പിറ്റേന്നുതന്നെ അദ്ദേഹം ക്ഷമായാചനം നടത്തുകയും ന്യായാധിപവൃന്ദത്തോട് അനാദരവു കാട്ടിയതില്‍ ഖേദിച്ചുകൊണ്ട് ചീഫ് ജസ്റ്റിസിന് കത്തെഴുതുകയും ചെയ്തു.

തന്റെ അധികാരപദവി ഇന്ത്യയിലെ ജനങ്ങളില്‍നിന്നു നേടിയതാണെന്ന് നെഹ്രു ഒരിക്കലും മറന്നില്ല. തന്റെ സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയെ വിസ്മയിപ്പിക്കുംവിധം അദ്ദേഹം ഏതൊരാള്‍ക്കും പ്രാപ്യനായിരുന്നു. മാത്രമല്ല, പെരുവഴിയില്‍നിന്നു വരുന്ന ഒരാളാണെങ്കില്‍പ്പോലും മുന്‍കൂര്‍ അനുമതി കൂടാതെ നിത്യേന രാവിലെ സന്ദര്‍ശനത്തിന് അവസരമൊരുക്കുന്ന ഒരു കീഴ്‌വഴക്കം അദ്ദേഹം ആരംഭിച്ചു. നെഹ്രുവിന്റെ പിന്‍ഗാമികളുടെ ജനപക്ഷരാഷ്ട്രീയത്തെ സുരക്ഷാനിര്‍ദേശങ്ങള്‍ കീഴടക്കുന്നിടത്തോളം കാലം തുടര്‍ന്നുപോന്ന ഒരു പതിവായിരുന്നു ഇത്.
ജനാധിപത്യത്തിന്റെ ഘടനയുടെയും സത്തയുടെയും നേര്‍ക്ക് തനിക്കുള്ള സുസ്ഥിരനിരീക്ഷണത്താല്‍ നമ്മുടെ രാജ്യത്ത് ജനാധിപത്യശീലങ്ങള്‍ ഉള്‍പ്രവേശിപ്പിച്ചത് നെഹ്രുവായിരുന്നു. പാര്‍ലമെന്റിനോടുള്ള ബഹുമാനം, നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള കരുതല്‍, വ്യത്യസ്ത രാഷ്ട്രീയധാരണകളുള്ളവരോടു കാട്ടിയ അനുനയം, സ്വതന്ത്രവും തടസ്സംകൂടാതെയുള്ളതുമായ തിരഞ്ഞെടുപ്പിനോടുള്ള പ്രതിബദ്ധത, വ്യക്തികളെക്കാളുപരി സുസ്ഥാപിതമായ നിയമങ്ങളോടുള്ള ആദരവ്- നെഹ്രുവിന്റെ ഈ ഗുണങ്ങളെല്ലാം അമൂല്യമായൊരു സ്വാതന്ത്ര്യപൈതൃകമാണ് നമ്മിലവശേഷിപ്പിച്ചിരിക്കുന്നത്.

ഭരണഘടനാനിര്‍മാണപ്രക്രിയയില്‍ രാജ്യത്തിനുവേണ്ടിയുള്ള തന്റെ ജനാധിപത്യവീക്ഷണത്തിന്റെ സാക്ഷാത്ക്കാരം അതിന്റെ പ്രതിഷ്ഠാപനത്തോടു നീതിപുലര്‍ത്തുന്നതും സന്ദര്‍ഭാനുസൃതവുമാണെന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം സ്വയമേല്പിച്ച ഉത്തരവാദിത്വത്തെയും അപാരമായ സമ്മര്‍ദത്തെയും കുറിച്ചുള്ള ഒരു വീക്ഷണം നമുക്കു നല്കുന്നതാണ് 1946 ഡിസംബര്‍ 13ന്, പുതുതായി രൂപവത്കരിച്ച കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ പ്രമേയമവതരിപ്പിച്ചുകൊണ്ട് നെഹ്രു നടത്തിയ ആമുഖഭാഷണം. അദ്ദേഹത്തിന് ഇന്ത്യയുടെ 'ഭൂത'കാലാശയങ്ങളെ സംരക്ഷിക്കുകയും 'ഭാവി'കാല ഇന്ത്യയ്ക്കുവേണ്ടി പടനയിക്കുകയും ചെയ്യേണ്ടിവന്നു. നെഹ്രു പറഞ്ഞു, 'സര്‍, ഇവിടെ നില്ക്കുമ്പോള്‍ എനിക്കു ചുറ്റും തിങ്ങിനിറഞ്ഞിരിക്കുന്ന വ്യത്യസ്തതരം വിഷയങ്ങളുടെ ഭാരം ഞാന്‍ അനുഭവിക്കുന്നു. നാമിന്ന് ഒരു യുഗാന്ത്യത്തിലാണ്. ഒരുപക്ഷേ ഏറെ വൈകാതെ ഒരു നവയുഗത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങാം. എന്റെ മനസ്സ് അയ്യായിരം വര്‍ഷം പഴക്കമുള്ള മഹത്തായ ഇന്ത്യാചരിത്രത്തിലേക്ക്- ഇന്നുവരെയുള്ള മനുഷ്യചരിത്രത്തിന്റെ ഉദയമെന്ന് മിക്കവാറും കരുതപ്പെടുന്ന ആ ചരിത്രത്തിന്റെ പ്രാരംഭം മുതല്‍ക്കുതന്നെ- സഞ്ചരിക്കുകയാണ്. സമസ്ത ഭൂതകാലവും എനിക്കു ചുറ്റും വന്നുനിറഞ്ഞ് എന്നെ ഉല്ലസിപ്പിക്കുകയും അതേസമയം ഏറക്കുറെ ഞെരുക്കുകയും ചെയ്യുന്നു. ആ ഭൂതകാലത്തിനു യോജിച്ച വ്യക്തിയാണോ ഞാന്‍? ഭാവിയെക്കുറിച്ച്, ഞാന്‍ ആശയോടെ കാത്തിരിക്കുന്ന മഹത്തായ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഊര്‍ജസ്വലമായ ഈ ഭൂതകാലത്തിന്റെയും കൂടുതല്‍ പ്രഭാവമാര്‍ന്ന ഭാവിയുടെയും നടുക്കുള്ള വര്‍ത്തമാനകാലത്തിന്റെ വാള്‍മുനയില്‍ നിന്നുകൊണ്ട് ചിന്തിക്കുമ്പോള്‍ ലേശം വിറയ്ക്കുകയും ഈ ഭഗീരഥപ്രയത്‌നത്താല്‍ സമ്മോഹിതനാകുകയും ചെയ്യുന്നു. ഇന്ത്യാചരിത്രത്തിലെ ഒരു അസാധാരണമുഹൂര്‍ത്തത്തിലാണ് നാമിവിടെ വന്നുചേര്‍ന്നിരിക്കുന്നത്. പഴയതില്‍നിന്നും പുതിയതിലേക്കുള്ള ഈ സംക്രമണവേളയില്‍ ഏതോ ചില മാസ്മരികതയുണ്ട്. രാത്രി പകലായി- അത് കാര്‍മേഘാവൃതമായ പകലാണെങ്കില്‍ക്കൂടി എത്രയായാലും പകല്‍തന്നെയാണല്ലോ- മാറുമ്പോള്‍ ആ മാസ്മരികതയുടെ ഫലമായി ചിലത് കാണാന്‍ കഴിയുന്നുണ്ട്. കാരണം, കാര്‍മേഘങ്ങള്‍ അകന്നുമായുമ്പോള്‍ നമുക്ക് സൂര്യനെ കാണാന്‍ സാധിക്കുന്നു.'

ഇന്ത്യയ്ക്ക് നെഹ്രുവിന്റെ പൈതൃകം എന്തായിരിക്കണമെന്നാണാഗ്രഹമെന്ന് അദ്ദേഹത്തോട് ഒരിക്കല്‍ അമേരിക്കക്കാരനായ എഡിറ്റര്‍ നോര്‍മന്‍ കസിന്‍സ് ചോദിക്കുകയുണ്ടായി. 'സ്വയം ഭരിക്കാന്‍ ശേഷിയുള്ള നാനൂറു ദശലക്ഷം ജനങ്ങള്‍' എന്നാണ് നെഹ്രു മറുപടി പറഞ്ഞത്. ഇന്ന് ആ സംഖ്യ വലുതായിരിക്കുന്നു. പക്ഷേ, നിത്യവും നൂറുകോടി ഇന്ത്യക്കാര്‍ ഒരു ബഹുസ്വരജനാധിപത്യവ്യവസ്ഥയില്‍ സ്വയം ഭരിക്കുന്നു എന്ന വസ്തുത ഈ ശ്രേഷ്ഠപുരുഷന്റെയും സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തില്‍ അദ്ദേഹത്തിന്റെ സഹചാരികളായിരുന്ന മഹാപുരുഷന്മാരുടെയും മഹത്തായ ആശയങ്ങള്‍ക്കും സത്കര്‍മങ്ങള്‍ക്കുമുള്ള തെളിവാണ്.

രണ്ട് മതനിരപേക്ഷത: ഇന്ത്യാവിഭജനം ഒഴിവാക്കാന്‍ നെഹ്രു തീവ്രമായി യത്‌നിച്ചുവെങ്കിലും അത് സംഭവിച്ചപ്പോള്‍, സ്പഷ്ടമായും ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കുവേണ്ടിയാണ് പാകിസ്താന്‍ സൃഷ്ടിച്ചത് എന്നതിനാല്‍ അവശേഷിച്ച ഭാഗം ഹിന്ദുക്കള്‍ക്കുള്ള രാജ്യമായിരുന്നു എന്നതിന്റെ യുക്തി അദ്ദേഹം ഒരിക്കലും അംഗീകരിച്ചില്ല.
ഇന്ത്യയുടെ ചരിത്രത്തിനും ഉത്കര്‍ഷത്തിനുംവേണ്ടി പ്രവര്‍ത്തിച്ച് ഭാഗഭാക്കായ സകലമാനപേര്‍ക്കും അവകാശപ്പെട്ടതാണ് ഈ രാജ്യമെന്നും ഇന്ത്യയിലെ ന്യൂനപക്ഷജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ക്ഷേമം അഭിവൃദ്ധിപ്പെടുത്താനും ഭൂരിപക്ഷസമൂഹത്തിന് പ്രത്യേക ബാധ്യതയുണ്ടെന്നും തന്റെ ജീവിതത്തിലുടനീളം പുലര്‍ത്തിയ ദൃഢപ്രത്യയത്തോടെ അദ്ദേഹം പെരുമാറി. സമസ്ത ജാതി-മത-വംശ-ഭാഷാ വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങളെ ഉള്‍ക്കൊണ്ട് സ്വീകരിക്കുന്ന ഇന്ത്യയെന്ന മഹത്തായ ആശയത്തിനുവേണ്ടി നെഹ്രു നിലകൊണ്ടു. പൂര്‍വകാലഭരണാധികാരികളുടെ ശാസനങ്ങള്‍ മായ്ച്ചുകളയാതെ പില്ക്കാല ഭരണകര്‍ത്താക്കളും പ്രജകളും തങ്ങളുടെ വീക്ഷണങ്ങള്‍ കൊത്തിവെച്ചിരിക്കുന്ന ഒരു 'പ്രാചീന താമ്രലിഖിത'മായാണ് നെഹ്രു നമ്മുടെ രാജ്യത്തെ നിരീക്ഷിച്ചത്. ഇന്ത്യയില്‍ അനേകം മതങ്ങള്‍ സഹവസിക്കുക മാത്രമല്ല, പുഷ്ടിപ്പെടുകയും ചെയ്യുന്നു; നമ്മുടെ വൈവിധ്യമാണ് നമ്മുടെ ശക്തി. സ്വതന്ത്ര ഇന്ത്യയുടെ സ്വയംനിര്‍വചിതമുദ്രാവാക്യങ്ങളിലൊന്നായി ഏറ്റവും പവിത്രമാക്കപ്പെടുന്ന 'നാനാത്വങ്ങളില്‍ ഏകത്വ'ത്തെ സൃഷ്ടിച്ചത് ഈ വീക്ഷണമായിരുന്നു.
നെഹ്രുവിന്റെ കാലംമുതല്‍ക്ക് ജാതിയും സാമൂഹികബന്ധങ്ങളും സഹിതംതന്നെ രാജ്യം സാര്‍ഥകമായി പുരോഗമിച്ചു. പ്രചണ്ഡമായ പല മാറ്റങ്ങള്‍ക്കും നാം സാക്ഷ്യംവഹിച്ചു: ഒരുകാലത്ത് ബഹിഷ്‌കൃതരായി കരുതപ്പെട്ടിരുന്ന ദളിതസമുദായത്തില്‍പ്പെട്ട ഒരു സ്ത്രീ ഇന്ത്യയുടെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ് ഭരിക്കുമെന്ന്- മായാവതി മൂന്നുവട്ടം മുഖ്യമന്ത്രിയായിരുന്നതുപോലെ- മൂവായിരം വര്‍ഷക്കാലമായി ആര്‍ക്ക് സങ്കല്പിക്കാനാവുമായിരുന്നു? ഇതുതന്നെയാണ് ഇനി പറയുന്ന കാര്യത്തിലും സ്ഥിതി. ബാല്യത്തില്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ചായ വിറ്റിരുന്ന ഒരു പയ്യന് ഒരു ദിവസം താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിത്തീരുമെന്ന് ആശിക്കാന്‍ സാധിക്കുമായിരുന്നോ? അല്ലെങ്കില്‍ വീടുകള്‍ തോറും കയറിയിറങ്ങി പത്രം കൊണ്ടുനടന്നു വിറ്റിരുന്ന ഒരു ബാലന് പില്ക്കാലത്ത് താന്‍ ഈ രാജ്യത്തിന്റെ രാഷ്ട്രപതിയാവുമെന്ന് ആശിക്കാനാവുമായിരുന്നോ? എന്നിട്ടും ഈ രണ്ടു കാര്യവും യാഥാര്‍ഥ്യമായിത്തീര്‍ന്ന ഒരു ഇന്ത്യയെ നെഹ്രു സൃഷ്ടിച്ചു. വോട്ടു ചെയ്യുമ്പോള്‍ നിങ്ങള്‍ സ്വന്തം ജാതിക്കാണ് വോട്ടു ചെയ്യുന്നത് എന്നത് ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇന്നും യാഥാര്‍ഥ്യമാണ്. പക്ഷേ, ആ സമ്മതിദാനംപോലും 'താഴ്ന്ന' ജാതിക്കാരെന്നു വിളിക്കപ്പെടുന്നവര്‍ അധികാരം പിടിച്ചെടുക്കുന്നതിനുവേണ്ടിയുള്ള അവസരമാക്കി മുതലെടുത്തതുപോലെ നാട്ടില്‍ വന്‍തോതിലുള്ള പരിവര്‍ത്തനങ്ങളുണ്ടാകാന്‍ നിമിത്തമായി. സമീപകാലത്ത്, സാംസ്‌കാരികവിഷയങ്ങളില്‍ ഹിന്ദുത്വമെന്ന ആശയം പരസ്യമായി പ്രഖ്യാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിലൂടെ രാജ്യസ്വത്വത്തെക്കുറിച്ചുള്ള സൂക്ഷ്മമായ ഒരു പുനഃപരിശോധനയ്ക്ക് നമുക്കൊരു അവസരം ലഭിച്ചു. നെഹ്രുവിന്റെ മതേതരവീക്ഷണത്തെ നിരസിക്കുന്ന, അദ്ദേഹത്തിന്റെ പൈതൃകത്തെ അവമതിക്കുന്ന, ശക്തികളുടെ 2014ലെ അധികാരാരോഹണം നെഹ്രുവിന്റെ ആശയാദര്‍ശങ്ങളുടെ ഈ സ്തംഭത്തെ പൂര്‍ണമായും ഉലച്ചു.

ഇന്ത്യക്കാരന്റെ ബഹുവിധ സ്വത്വങ്ങളെയെല്ലാം തുല്യമായി ഉള്‍ക്കൊണ്ട് പരിഗ്രഹിക്കുന്ന ഒരു സംരക്ഷണകവചത്തിനുള്ളില്‍ മാത്രമേ അവ സുരക്ഷിതമായിരിക്കൂ എന്ന് ശഠിക്കുമ്പോള്‍ത്തന്നെയും നെഹ്രു അവയെ എല്ലാത്തിനെയും അംഗീകരിച്ചു. ഇന്ന് മതവിഭാഗങ്ങളെ അടിസ്ഥാനമാക്കി ദേശീയതയെന്തെന്ന് പുനര്‍നിര്‍വചിക്കാനുള്ള ശ്രമത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത് ഈ മതനിരപേക്ഷതയാണ്. നെഹ്രു ഏറ്റവും യുക്തിഭദ്രമെന്നതിനെക്കാള്‍ വൈകാരികമായിത്തന്നെ നിരസിക്കുമായിരുന്ന തരത്തിലുള്ള വിജയഭാവത്തിലുള്ള ഭൂരിപക്ഷവാദത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യക്കാര്‍ക്ക് തിരഞ്ഞെടുക്കാന്‍ കൃത്യമായ ഒരു പോംവഴിയുണ്ട്. പാകിസ്താന്റെ ഒരു ഹിന്ദുപാഠാന്തരമാക്കി നമ്മുടെ നാടിനെ ചുരുക്കാനുള്ള ശ്രമങ്ങളെ തീര്‍ച്ചയായും പ്രതിരോധിക്കുകയെന്നത് ഏതൊരു ഇന്ത്യന്‍ പൗരന്റെയും കടമയാണെന്ന് തുറന്നുപറയാന്‍ എനിക്കു ശങ്കയില്ല. നെഹ്രുവിന്റെ വീക്ഷണത്തോടും ജീവിതത്തോടും അതുപോലെത്തന്നെ ഇന്ത്യനാവുക എന്നതിന്റെ സാരസത്തയോടുതന്നെയുമുള്ള വഞ്ചനയായിരിക്കും അത്.

മൂന്ന് സോഷ്യലിസം: അനേകവര്‍ഷക്കാലം പരിമിതമായ വളര്‍ച്ചാനിലവാരത്തിലേക്ക് ഇന്ത്യയെ തള്ളിവിട്ട നീതിരഹിതവും അപ്രാപ്തവുമായ സംവിധാനമെന്ന് നെഹ്രുവിന്റെ ആദര്‍ശാനുസാരമുള്ള സോഷ്യലിസത്തെ കുറ്റപ്പെടുത്തുന്നത് ഇന്ന് ഒരു പരിഷ്‌കാരമാണ്. നെഹ്രുവിന്റെ സ്വന്തം പൗത്രന്‍ മൂന്നു ദശകം മുന്‍പ് പറഞ്ഞതുപോലെ, ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കിയ സോഷ്യലിസ്റ്റ് മാതൃക കുറച്ചുകാലം കഴിഞ്ഞപ്പോള്‍ നിരവധി ന്യൂനതകള്‍ വളര്‍ത്തിയെടുത്തു.

പക്ഷേ, അതിദാരിദ്ര്യവും അസമത്വവും നിറഞ്ഞ ഒരു നാട്ടില്‍ ജനങ്ങളില്‍വെച്ച് ഏറ്റവും നിര്‍ധനരായവരുടെയും ഏറ്റവും ദുരിതമനുഭവിക്കുന്നവരുടെയും ഏറ്റവും നിസ്സാരരായവരുടെയും ക്ഷേമമായിരിക്കണം ഗവണ്‍മെന്റ് നയത്തിന്റെ ലക്ഷ്യം എന്ന ദൃഢപ്രത്യയം നെഹ്രുവിന്റെ സോഷ്യലിസത്തിന്റെ മര്‍മത്തില്‍ സ്ഥിതിചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് ഈ ലക്ഷ്യം സാധിതമാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം പൊതുഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ദേശീയവിഭവങ്ങള്‍ക്ക് സര്‍ക്കാരിന്റെ നിയന്ത്രണമുണ്ടായിരിക്കുകയും ചെയ്യുക, ഗവണ്‍മെന്റിന്റെ ഇടപെടലിലൂടെ രാഷ്ട്രത്തിന്റെ സാമ്പത്തികശേഷി വര്‍ധിപ്പിക്കുക എന്നിവയായിരുന്നു. ഇന്ന് നെഹ്രുവിന്റെ സ്വന്തം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- ഇന്ന് ഞാന്‍ അതിലെ ഒരംഗമാണ്- സമ്പത്തിന്റെ ഉത്പാദനത്തിലും വിതരണത്തിലും സ്വകാര്യമേഖലയുടെ പങ്കാളിത്തത്തെ സ്വാഗതം ചെയ്യുകയും തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ്. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ഉദാരമാക്കുന്നതിലും ഒരു സാര്‍വലൗകികലോകത്ത് വിജയം കൈവരിക്കാന്‍ നമ്മുടെ യുവസമൂഹത്തിന് അനേകം നൂതനമായ അവസരങ്ങള്‍ സജ്ജമാക്കുന്നതിലും നമുക്കു സ്വന്തമായുള്ള പങ്കില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. പക്ഷേ, നമ്മുടെ സമൂഹത്തിലെ അതിദുര്‍ബലവിഭാഗങ്ങളോടുള്ള നെഹ്രുവിന്റെ ഉത്കണ്ഠയോട് ഞങ്ങള്‍ക്കുള്ള ഗാഢബന്ധം തുടരുന്നു. ഞങ്ങള്‍ സോഷ്യലിസ്റ്റുകള്‍തന്നെയാണ് എന്ന് ഇന്നും അവകാശപ്പെടുന്നതിന്റെ കാരണം ഇതാണ്.

ഞങ്ങളുടെ സോഷ്യലിസം വികസനവിരുദ്ധമല്ല; മറിച്ച്, ഏറ്റവും കൂടുതല്‍ നിസ്വജനവിഭാഗങ്ങള്‍ക്ക് നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ മുഖ്യമായും നല്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് അതിന്റെ ലക്ഷ്യം.

പുസ്തകം വാങ്ങാം

സ്വകാര്യമേഖലയുടെ സ്വത്തുത്പാദനശ്രമങ്ങളിലൂടെ സ്വരൂപിക്കുന്ന ആദായധനം ഒന്നുമില്ലാത്തവര്‍ക്കായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുമ്പോള്‍ത്തന്നെ സ്വതന്ത്രവാണിജ്യസംരംഭത്തില്‍ ഞങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നു. അങ്ങാടിയിലേക്കു പ്രവേശിക്കുകയെന്നത് താങ്ങാന്‍പോലും സാധിക്കാത്തവര്‍ക്ക് അതിന്റെ മാന്ത്രികത വശ്യമായി അനുഭവപ്പെടുകയില്ല- ഞാന്‍ പാര്‍ലമെന്റില്‍ പ്രസ്താവിച്ചതുപോലെ. നമുക്ക് ഒരിക്കല്‍ സാധിച്ചതുപോലെ ഒന്‍പതു ശതമാനം വളര്‍ച്ച കൈവരിച്ചാലും ഇപ്പോഴത്തേതുപോലെ ആറു ശതമാനത്തോളമായിരുന്നാലും നമ്മുടെ മുഖ്യവും മൗലികവുമായ പ്രതിജ്ഞാബദ്ധത സമൂഹത്തിന്റെ താഴേത്തട്ടിലെ ഇരുപത്തഞ്ചു ശതമാനത്തോടായിരിക്കണം.

മറ്റുള്ളവരെയെല്ലാം വേദനിപ്പിച്ചുകൊണ്ട് ചുരുക്കം ചിലയാളുകള്‍ക്കു മാത്രം ഉപകാരമുള്ള വികസനമെന്ന തോന്നലുളവാക്കാനാശിച്ച് സമൂഹത്തിലെ വിപുലവിഭാഗങ്ങളെ കൈയൊഴിയാതിരുന്നതിന്റെ പേരിലായിരിക്കും നെഹ്രു കാലാന്തരത്തില്‍ ഓര്‍മിക്കപ്പെടാന്‍ പോകുന്നത് എന്ന് എനിക്കു തീര്‍ച്ചയുണ്ട്. ഈ തോന്നലിനോടുള്ള ഒരു അര്‍പ്പണമാണിത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയെ വികസിപ്പിക്കുന്നതിന് കാലാനുസൃതം നവീകരിച്ചെടുക്കപ്പെട്ട നെഹ്രൂവിയന്‍ ആശയങ്ങള്‍ പരിഗണിച്ച് അതിന്റെ ജനാധിപത്യസ്വഭാവത്തെ വിവരാവകാശനിയമംപോലുള്ളവയിലൂടെ വിപുലമാക്കിയിട്ടുള്ള ഒന്ന്; നമ്മുടെ രാഷ്ട്രത്തിന്റെ വൈവിധ്യത്തിനു നേര്‍ക്കുള്ള ആക്രമണോത്സുകമായ ഭീഷണികളുടെ മുന്നില്‍ മതനിരപേക്ഷതയെ സംരക്ഷിച്ചുനിര്‍ത്തിയ ഒന്ന്; നിയമനിര്‍മാണചട്ടങ്ങളിലൂടെ- നമ്മുടെ ഏറ്റവും ദരിദ്രരായ ജനസമൂഹത്തെ ശാക്തീകരിക്കുകയും അധികാരപ്പെടുത്തുകയും ചെയ്ത തൊഴിലിനുള്ള അവകാശം, ആഹാരത്തിനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, ഭൂമിക്ക് ന്യായമായ പ്രതിഫലം കിട്ടാനുള്ള അവകാശം എന്നിവയുള്‍പ്പെടെ- സോഷ്യലിസത്തെ കൂടുതല്‍ അഗാധമാക്കിയ ഒന്ന്. പിന്നെ, ലോകരാഷ്ട്രസമൂഹത്തില്‍ സ്വാതന്ത്ര്യവും അഭിമാനവുമുള്ള ഒരു രാഷ്ട്രത്തെ നിലനിര്‍ത്തിയ ഒന്ന്.

പുരോഗതിയെ വീര്‍പ്പുമുട്ടിക്കുന്ന ഭരണകൂടത്തിന്റെ നയങ്ങള്‍ക്കും നടപടികള്‍ക്കും ഇന്ത്യയെ വിധേയമാക്കിയെന്ന് നെഹ്രുവിന്റെ സോഷ്യലിസത്തെ വിമര്‍ശിക്കുന്നവര്‍ പറയുന്നു. അമിതമായ നടപടിക്രമങ്ങളിലൂന്നിയ, മിക്കപ്പോഴും സാമ്പത്തികലാഭം തേടുന്ന, ഉദ്യോഗസ്ഥസംവിധാനം ഇന്ത്യയുടെ വളര്‍ച്ചയെ പല പ്രാവശ്യം വിഘാതപ്പെടുത്തിയിട്ടുണ്ട് എന്നതിനോട് വിയോജിക്കുന്നവര്‍ വിരളമായിരിക്കും. ഇന്ത്യയ്ക്ക് മുന്‍പുണ്ടായിരുന്നിട്ടില്ലാത്തതും സ്വന്തംനിലയ്ക്ക് സൃഷ്ടിക്കാനുള്ള ശേഷി സ്വകാര്യമേഖലയ്ക്ക് ഉണ്ടാവുകയില്ലാത്തതുമായ ഒരു ത്രാണി പല മേഖലകളിലും നെഹ്രുവിന്റെ ഭരണകൂടം ഇന്ത്യയ്ക്കു നല്കുകയുണ്ടായി. ഇന്ത്യയുടെ ബഹിരാകാശ, എന്‍ജിനീയറിങ് രംഗങ്ങളിലെ വിജയങ്ങള്‍ക്കു വേണ്ട ശാസ്ത്രീയ അടിത്തറ സൃഷ്ടിച്ചത് നെഹ്രുവായിരുന്നു. ഇന്നത്തെ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കപ്പെട്ടിരുന്നില്ലെങ്കില്‍ മംഗള്‍യാനും ചാന്ദ്രയാനും, ബഹിരാകാശ ഗവേഷണ പേടകങ്ങളുമുണ്ടാവില്ലായിരുന്നു. അദ്ദേഹം സ്ഥാപിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്ലെങ്കില്‍ എന്‍ജിനീയറിങ് രംഗത്തെ മികവിന് ഇന്ത്യക്കാര്‍ക്ക് ലോകനിലവാരമുണ്ടാകുമായിരുന്നില്ല. അല്ലെങ്കില്‍ സിലിക്കണ്‍ വാലിയിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നാല്പതു ശതമാനം ആരംഭിക്കാനാവുമായിരുന്നില്ല. ഇന്ന്, വിവരസാങ്കേതികവിദ്യയില്‍, ഡിജിറ്റല്‍സേവനരംഗത്ത്, റോക്കറ്റ്-ഉപഗ്രഹ വിക്ഷേപണരംഗത്ത് നമ്മളാണ് ലോകനേതാക്കള്‍.
ഇവയിലെല്ലാം നാമൊരു ഉത്കൃഷ്ടനായ മനുഷ്യന്റെ പൈതൃകം ഉയര്‍ത്തിപ്പിടിക്കുകയും തുടരുകയും ചെയ്യുകയാണ്; കുടിയേറ്റമനോഭാവം രൂപഭേദം വരുത്തിയ തന്റെ നാട്ടിലെ ദാരിദ്ര്യത്തിനും ദുരിതത്തിനും മുകളിലായി അദ്ദേഹത്തിന്റെ ദര്‍ശനം ഉയര്‍ന്നു പറന്നു.

നാല് വിദേശനയം: സുവ്യക്തമായ ധാരണകളുള്ള ഒരു സാര്‍വദേശീയവാദിയായിരുന്നു നെഹ്രു. ശീതയുദ്ധകാലത്തെ ഇരുധ്രുവങ്ങളില്‍ നിലകൊണ്ട വിഭാഗങ്ങളോടും അദ്ദേഹം അനുവര്‍ത്തിച്ച പ്രതികരണം ചേരിചേരായ്മയായിരുന്നു. കോളനിബഹിഷ്‌കരണത്തിന്റെ രണ്ടു നൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ ആഗോളവ്യവസ്ഥയില്‍നിന്നും ഇന്ത്യയുടെ നയതന്ത്രപരമായ സ്വയംഭരണാവകാശം സംരക്ഷിക്കാന്‍ നെഹ്രു ദൃഢനിശ്ചയമെടുത്തിരുന്നു. ശീതയുദ്ധത്തിലെ ഏതെങ്കിലുമൊരു വന്‍ശക്തിയുമായി സ്വയം സഖ്യത്തിലേര്‍പ്പെട്ടുകൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യം പണയംവെക്കാന്‍ നെഹ്രു ഒരുക്കമായിരുന്നില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാറിയ സാഹചര്യങ്ങളില്‍ നെഹ്രുവിന്റെ വീക്ഷണം ഒട്ടുംതന്നെ പ്രസക്തമല്ലെന്ന് വാദമുയര്‍ന്നേക്കാം. ഇന്ന് ഇന്ത്യയ്ക്ക് ചേരി ചേരാതിരിക്കാന്‍ വേണ്ടി രണ്ടു വന്‍ശക്തികള്‍ നിലവിലില്ല. സ്വന്തം കാര്യത്തില്‍ ഇടപെടാന്‍ മറ്റുള്ളവരെ അനുവദിക്കാതെ സ്വന്തം നിലപാടുകള്‍ സ്വീകരിക്കാന്‍ ഇന്ത്യയ്ക്കു സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്ന് ഉറപ്പുവരുത്തുകയായിരുന്നു ചേരിചേരായ്മയുടെ ശക്തി എന്നാണതിന്റെ സാരം. ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള പ്രബലമായ കൈയേറ്റത്തിനെതിരേ സ്വന്തം സ്വാതന്ത്ര്യവും ആത്മാഭിമാനവും സംരക്ഷിക്കുകയെന്നതായിരുന്നു നെഹ്രുവിന്റെ കാഴ്ചപ്പാട്. അന്താരാഷ്ട്രസമൂഹത്തില്‍ നാം വഹിക്കുന്ന പങ്കിന് സമസ്ത ഇന്ത്യക്കാര്‍ക്കും അദ്ദേഹത്തോടു നന്ദിപ്രകടിപ്പിക്കാനാവുന്നു. ഏതെങ്കിലും രാഷ്ട്രത്തോടോ രാഷ്ട്രസംഘടനയോടോ സഖ്യത്തിലല്ല എന്നും നമ്മുടെ സ്വന്തം മനോഭാവത്തിനനുസരിച്ചും ദേശീയതാത്പര്യത്തിനനുസരിച്ചും വിദേശബന്ധങ്ങളിലേര്‍പ്പെടാന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ട് എന്നുമാണ് നമ്മുടെ ചേരിചേരായ്മയുടെ അര്‍ഥം.

മൃദുസമീപനം എന്ന പദം കണ്ടുപിടിക്കുന്നതിനു വളരെക്കാലം മുന്‍പേ നെഹ്രു അതിന്റെ ഒരു വിദഗ്ധപ്രയോക്താവുകൂടിയായിരുന്നു. അക്കാലത്തെ വന്‍ശക്തികളുടെ ആധിപത്യത്തിനെതിരേ അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവത്കൃതരുടെയും ശബ്ദമായി ഇന്ത്യയെ രൂപപ്പെടുത്തിക്കൊണ്ട്, അതിന്റെ സാംസ്‌കാരികചരിത്രത്തിലും ധാര്‍മികസ്ഥാനത്തിലും പൂര്‍ണമായും അധിഷ്ഠിതമായി, ലോകത്ത് ഇന്ത്യയുടേതായ ഒരു പങ്ക് അദ്ദേഹം വളര്‍ത്തിയെടുത്തു. ഇത് വര്‍ഷങ്ങളോളം ലോകമാകെ നമ്മുടെ രാജ്യത്തിന് വിപുലമായ അന്തസ്സും അഭിമാനവും സമ്മാനിച്ചു; ആഗോളവേദിയില്‍ സ്വാതന്ത്ര്യത്തോടും അഭിമാനത്തോടുംകൂടി നാം നിന്നപ്പോള്‍ അത് നമ്മുടെ ആത്മാഭിമാനത്തിന് കരുത്തുപകര്‍ന്നു.

ഈ പാരമ്പര്യങ്ങളില്‍നിന്നും നാം തീര്‍ച്ചയായും ചിലത് സ്വീകരിക്കുകയാണ്. സര്‍വോപരി ഈ വിജ്ഞാനയുഗത്തില്‍ വലിയ സൈനികശക്തികളല്ല ജയിക്കുന്നത്. മറിച്ച്, വിശ്വമാനവികതയുടെ ഉദാത്തമായ കഥ ലോകത്തിനു പറഞ്ഞുകൊടുക്കുന്ന ശക്തികളാണ്. അങ്ങനെയുള്ള ഒരു നാടായി ഇന്ത്യ തുടരുകതന്നെ വേണം. സ്വാതന്ത്ര്യമുള്ള പത്രങ്ങളും തഴച്ചുവളരുന്ന ബഹുജനമാധ്യമങ്ങളുമുള്ള, വശ്യവും വ്യത്യസ്തവുമായ മാര്‍ഗങ്ങളില്‍ സ്വയം ആവിഷ്‌കരിക്കുന്നതിന് നിത്യവും ഉത്തേജിപ്പിക്കപ്പെടുന്ന സര്‍ഗശേഷിയുള്ള ആളുകളും ചേര്‍ന്ന സമൂഹമെന്ന നിലയില്‍ ഇന്ത്യയ്ക്ക് തങ്ങളുടെ എതിരാളികളുടേതിനെക്കാള്‍ കൂടുതല്‍ അനുനയപൂര്‍വവും ആകര്‍ഷകമായും കഥപറയാനുള്ള അനിതരസാധാരണമായ വൈഭവമുണ്ട്. സംഘടിതമായ ആശയപ്രചാരണത്തെക്കുറിച്ചല്ല ഈ പറയുന്നത്. അത് മുകളില്‍നിന്നുള്ള, കുറഞ്ഞപക്ഷം എല്ലാം ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നാണെങ്കില്‍, നിര്‍ദേശപ്രകാരമാണെങ്കില്‍ പ്രവര്‍ത്തനക്ഷമമാവുകയില്ല. പക്ഷേ, അതിന്റെ പ്രഭാവം, അസ്പഷ്ടമാണെങ്കില്‍ക്കൂടിയും അത്യധികമായിരിക്കുവാനിടയുണ്ട്. ഈ മൃദുശക്തിയും നെഹ്രുവിന്റെ പൈതൃകമാണ്. നമ്മുടെ സൈനികശക്തിയുടെയോ സാമ്പത്തികശക്തിയുടെയോ അളവിനെക്കാള്‍ വലിയ ഒരു പദവി ഇന്ത്യയ്ക്കായി അദ്ദേഹം സൃഷ്ടിച്ചു.

എന്നിരുന്നാലും മൃദുസമീപനം നമുക്ക് കരുതിക്കൂട്ടി മനഃപൂര്‍വം പ്രകടിപ്പിക്കാനോ പ്രദര്‍ശനത്തിനു വെക്കാനോ മാത്രമായി ഉള്ള ഒന്നല്ല; മറിച്ച്, നാം എന്താണെന്ന് മറ്റുള്ളവര്‍ എങ്ങനെ കാണുന്നു എന്നതാണ്; അതിനെ ലോകത്തിനു മുന്‍പാകെ നാം കാണിക്കാന്‍ ശ്രമിച്ചാലുമില്ലെങ്കിലും. ഇന്ത്യയുടെ മൃദുസമീപനത്തെ വര്‍ധമാനമാക്കുന്നത് കേവലം ഭൗതികനേട്ടങ്ങളല്ല. ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളുടെ മൂല്യങ്ങളും തത്ത്വങ്ങളുമാണ് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത്. സമീപകാലത്ത് നമ്മുടെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളും ന്യൂനപക്ഷജനതയ്ക്കുമേലുള്ള കൈയേറ്റങ്ങളും ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരുടെ നേര്‍ക്കുള്ള അടിച്ചമര്‍ത്തലുകളും ഇന്ത്യയുടെ അന്തസ്സിനെ ലോകത്തിനു മുന്നില്‍ ക്ഷയിപ്പിക്കുന്നതു കാണാനിടയായാല്‍ നെഹ്രു വിസ്മയിച്ചു നിരാശനായേനേ എന്നു ഞാന്‍ വിശ്വസിക്കുന്നു.

അടുത്തകാലത്ത് ഇന്ത്യ അതിന്റെ രാഷ്ട്രീയം (പ്രബലമായ കോണ്‍ഗ്രസ് സംവിധാനത്തില്‍നിന്നും പ്രാദേശികപാര്‍ട്ടികളുടെ പൊട്ടിമുളയ്ക്കലിലേക്കും സഖ്യസര്‍ക്കാരിന്റെ ആവിര്‍ഭാവത്തിലേക്കും പുതുതായി ആരോഹണം ചെയ്ത ഭാരതീയ ജനതാപാര്‍ട്ടിയിലേക്കും വരെ), അതിന്റെ സാമ്പത്തികവ്യവസ്ഥ (നിയന്ത്രിതമായ സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയില്‍നിന്നും തഴച്ചുവളരുന്ന സ്വതന്ത്രവ്യാപാരസമ്പ്രദായത്തിലേക്ക്), വാണിജ്യം (സംരക്ഷകത്വത്തില്‍നിന്നും ആഗോളവത്കരണത്തിലേക്ക്), സാമൂഹികബന്ധങ്ങള്‍ (ഉലയാത്ത പൗരോഹിത്യശ്രേണിയുള്ള ജാതിവ്യവസ്ഥയില്‍നിന്നും ഏറ്റവും താഴ്ന്നജാതിയില്‍പ്പെട്ടവര്‍ക്ക് അവസരങ്ങളും പരിണതഫലങ്ങളും ഉറപ്പുവരുത്തുന്ന കൂടുതല്‍ സമത്വാധിഷ്ഠിതമായ നയത്തിലേക്കും, മതനിരപേക്ഷമായ രാഷ്ട്രീയസംസ്‌കാരത്തില്‍നിന്നും ഹിന്ദുഭൂരിപക്ഷമുള്ള ഒരു പാര്‍ട്ടി അതിന്റെ ശക്തി പരസ്യമായി സ്ഥാപിക്കുന്ന ഒന്നിലേക്കും) എന്നീ രംഗങ്ങളെ ഗാഢമായ ചില പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാക്കി. മറ്റൊരു രാജ്യമായിരുന്നെങ്കില്‍, അതിനെ സംക്ഷുബ്ധമായൊരു വിപ്ലവത്തിലേക്ക് തള്ളിവിടാന്‍ ഈ പരിവര്‍ത്തനങ്ങളില്‍ ഏതെങ്കിലുമൊന്ന് പര്യാപ്തമായേനെ. ഇവിടെ പക്ഷേ, നമുക്ക് നാലെണ്ണമുണ്ടായിരിക്കുന്നു. എങ്കിലും നാം അവയെ ഉള്‍ക്കൊള്ളുകയും എല്ലാ മാറ്റങ്ങളെയും ഫലദായകമാക്കുകയും ചെയ്തിരിക്കുന്നു. ഓരോ സ്വത്വത്തിനും ലഭിച്ചിട്ടുള്ള പൊതുവായ ഇടത്തെ സംരക്ഷിക്കുന്ന ഇന്ത്യയെന്ന, വൈവിധ്യത്തിനുവേണ്ടി സുരക്ഷിതമായി നിലനില്ക്കുന്ന ഇന്ത്യയെന്ന, വിശാലമായ ആദര്‍ശത്താല്‍ പോഷിപ്പിക്കപ്പെടുന്ന ജനാധിപത്യസ്വഭാവമുള്ള ഒന്നാണ് ഇന്ത്യന്‍ വിപ്ലവം. അതായിരുന്നു നെഹ്രുവിന്റെ ദര്‍ശനം. ഇതാണ് അദ്ദേഹത്തിന്റെ സമര്‍ഥനം.

എഴുത്തുകാരനെന്ന നിലയിലുള്ള അസാധാരണവിജയമായിരുന്നു, ഒരുപക്ഷേ ജവാഹര്‍ലാല്‍ നെഹ്രുവിന്റെ- ന്യായമായ പങ്കിലുമെത്രയോ കൂടുതല്‍ നിന്ദയും അദ്ദേഹത്തിന്റെ ജീവിതം കണ്ടുകഴിഞ്ഞു-ഏറ്റവും അവമതിക്കപ്പെട്ട സവിശേഷത. ഈ പുസ്തകരചനയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ പുസ്തകങ്ങളും മറ്റു രചനകളും സമഗ്രമായി ഗവേഷണം നടത്തിയപ്പോള്‍, ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും പ്രഗല്ഭനായ രാഷ്ട്രീയലേഖകന്മാരിലൊരാളായിരുന്നു ജവാഹര്‍ലാല്‍ നെഹ്രു എന്ന് എനിക്ക് വിശ്വാസപൂര്‍വം ബോധ്യപ്പെട്ടു. അദ്ദേഹം സമ്മാനിച്ച രാഷ്ട്രീയപൈതൃകത്തിന്മേല്‍ വിഘടിച്ചുനില്ക്കുന്ന ഒരു ഇന്ത്യയ്ക്ക് ഇന്ത്യന്‍ സാഹിത്യലോകത്തിന് അദ്ദേഹം നല്കിയ ശ്രദ്ധേയമായ സംഭാവനകളെ വിലമതിച്ചുകൊണ്ട് ഒന്നാകാന്‍ സാധിക്കും.
അദ്ദേഹത്തിന്റെ രചനകളില്‍ വലിയൊരു ഭാഗവും സംഭവിച്ചത് കാരാഗൃഹവാസത്തിന്റെ പരാധീനതകള്‍ക്കു നടുവിലായിരുന്നു എന്നതാണ് ഏറ്റവും അതിശയകരമായിട്ടുള്ളത്- സ്മരണീയമായ തരത്തിലുള്ള ഗദ്യത്തിന്റെ സൃഷ്ടിക്ക് ആവശ്യമായ സ്ഥിരസ്വാസ്ഥ്യം സ്വന്തം ജീവിതം അദ്ദേഹത്തിന് പ്രദാനം ചെയ്ത ഒരേയൊരു കാലയളവായിരുന്നു അത്. 1922നും 1945നും ഇടയ്ക്കുള്ള എട്ടു തവണത്തെ ജയില്‍ജീവിതത്തില്‍, എട്ടു വ്യത്യസ്ത ജയിലുകളിലായി അദ്ദേഹം ആകെ 3262 ദിവസം ചെലവഴിച്ചു. ജീവിതത്തിന്റെ പത്തു വര്‍ഷത്തോളം തടവറയ്ക്കുള്ളില്‍ പാഴാക്കാനുള്ളതായിരുന്നു-എങ്കിലും അവ പൂര്‍ണമായും നിഷ്ഫലമായില്ല. കാരണം, ചിന്താഗ്രന്ഥങ്ങള്‍, ദേശാഭിമാനപ്രബോധകമായ കൃതികള്‍, ആത്മകഥ തുടങ്ങിയ നിരവധി ലോകോത്തരകൃതികള്‍ ചമയ്ക്കാന്‍ ആ ദിനങ്ങള്‍ അദ്ദേഹത്തെ അനുവദിച്ചു. അദ്ദേഹത്തിന്റെ യുക്തിബോധം, ജ്ഞാനവൈപുല്യം, മതനിരപേക്ഷവീക്ഷണഗതി, സ്വന്തം ജനങ്ങളെ അടിമപ്പെടുത്തുന്നതിനു നേര്‍ക്കുള്ള ധാര്‍മികരോഷം, എഴുത്തിലെ പ്രസന്നവും ലളിതവുമായ വാഗ്വിലാസം എന്നിവ ഇപ്പോഴും രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലോകത്തില്‍ അദ്ദേഹത്തിന്റെ തന്നെയും അദ്ദേഹത്തിന്റെ രാജ്യത്തിന്റെയും സ്ഥാനത്തെ സാക്ഷ്യപ്പെടുത്തുന്നു.

വര്‍ത്തമാനകാലത്തെ വ്യാഖ്യാനിക്കാനും ഭാവിയിലേക്കുള്ള പ്രതീക്ഷ നല്കാനുമുള്ള ഒരു രേഖയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഇന്ത്യയെ കണ്ടെത്തല്‍ ആവേശജനകമായൊരു ആഹ്വാനമാണ്. യഥാര്‍ഥത്തില്‍ മൗലികകൃതിയായ അത് ആത്യന്തികമായി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ഇന്ത്യയുടെ കണ്ടുപിടിത്തമാണ്. 1940-ല്‍ ജയിലില്‍ വെച്ച് രചിച്ച ഈ പുസ്തകം ഇന്ത്യന്‍ ജനാധിപത്യത്തിന് നെഹ്രുവിന്റെ ഏറ്റവും പ്രധാന സംഭാവനയെ- ഭാരതീയതയെന്ന സങ്കല്പത്തെ- മൂര്‍ത്തമായവതരിപ്പിച്ചിരിക്കുന്ന ഒരു ജീവിതകാലത്തെ, എഴുത്തിന്റെ പരമകാഷ്ഠയെ അടയാളപ്പെടുത്തുന്നു. ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും ഇന്ത്യയെ ബാഹ്യമായി തിളങ്ങുന്ന ഒരു രാഷ്ട്രമായി വിളക്കിച്ചേര്‍ത്തത് നെഹ്രുവായിരുന്നു- തന്റെ രചനകളിലൂടെ, പ്രസംഗങ്ങളിലൂടെ, ജീവിതത്തിലൂടെയും നേതൃത്വത്തിലൂടെയും. നാമിന്നറിയുന്ന ഇന്ത്യയുടെ കണ്ടുപിടിത്തത്തിന്റെ, സൃഷ്ടിയുടെ ഖ്യാതി നെഹ്രുവിനുള്ളതായിരിക്കും.
അമേരിക്കയില്‍ തോമസ് ജെഫേഴ്‌സണ്‍ ചെയ്തതുപോലെ പല പ്രകാരത്തിലും, നെഹ്രു തന്റെ ആശയങ്ങളുടെ ശക്തിയിലൂടെ ഇന്ത്യന്‍ രാഷ്ട്രസ്വരൂപത്തെ നിര്‍വചിച്ചു. നെഹ്രുവുമായി വളരെയധികം സാമ്യമുള്ള ഒരു വ്യക്തിത്വമായിരുന്നു തോമസ് ജെഫേഴ്‌സണ്‍. മഹാധിഷണയും സമഗ്രമായ വീക്ഷണവുമുള്ള വ്യക്തി, സമാനതകളില്ലാത്ത വാഗ്മി, മഹാമനസ്‌കനും മധുരഭാഷിയും. ഇങ്ങനെയാണെങ്കിലും തന്റെയും തനിക്കു ചുറ്റുള്ളവരുടെയും പിഴവുകള്‍ പലതരത്തിലും മനസ്സിലാകില്ലായിരുന്നു.

നെഹ്രുവിന്റെ ഏറ്റവും സമഗ്രമായ ജീവചരിത്രമെഴുതിയ സര്‍വേപ്പള്ളി ഗോപാലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ഒരു തലമുറയ്ക്കു മുഴുവന്‍ നേതാവാകുന്നതിലുപരി വര്‍ത്തമാനലോകത്തെക്കുറിച്ചുള്ള ഒരു സവിശേഷവീക്ഷണവും ഭാവിദര്‍ശനവും ആവിഷ്‌കരിച്ച് വ്യക്തമാക്കിക്കൊടുത്ത തോഴനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കാലത്ത് ധിഷണാപരവും ധാര്‍മികവുമായ ആധികാരികത അനന്യമായി യോജിച്ചിരുന്നു.

സ്വന്തം അനുഗാമികളുടെ അപര്യാപ്തതകളാല്‍ ചെറുതായിപ്പോവാത്ത അപൂര്‍വതകളുള്ള നേതാവായിരുന്നു നെഹ്രു. ഇന്ന് ബി.ജെ.പിയും അതിന്റെ അനുയായികളും നെഹ്രുവിനെ നിന്ദിക്കാനുള്ള ഒരവസരവും നഷ്ടപ്പെടുത്തുന്നില്ല; പ്രത്യേകിച്ചും സമൂഹമാധ്യമങ്ങള്‍, ചെയ്തതും ചെയ്യാത്തതുമായ എല്ലാ കുറ്റവും അദ്ദേഹത്തിനുമേല്‍ ചുമത്തുന്നു. ഇത് പര്‍വതത്തിനു നേരേ ചരല്‍ വാരിയെറിയുന്നതിനു തുല്യമാണ്. അദ്ദേഹം ഇന്ത്യയ്ക്കു നല്കിയ സംഭാവനകളുടെ കവചത്തിന്മേല്‍ ബാഹ്യമായി ഒരു ക്ഷതമേല്പിക്കാന്‍പോലും അവര്‍ക്കു സാധിക്കുകയില്ല.
നെഹ്രുവിന്റെ അസാധാരണമായ ജീവിതവും കര്‍മരംഗവും ഓരോ ഇന്ത്യക്കാരന്റെയും പൈതൃകത്തിന്റെ ഭാഗമാണെന്നതാണ് സത്യം. നമ്മുടെ പാസ്‌പോര്‍ട്ടുകള്‍ അദ്ദേഹത്തിന്റെ ആദര്‍ശങ്ങളുടെ മൂര്‍ത്തരൂപമാണ്- ഈ കടപ്പാട് ഏറ്റുപറയാതെ പ്രയോഗിക്കാന്‍ സാധിക്കാത്ത വിധത്തില്‍ 'ഇന്ത്യന്‍' എന്ന പദത്തെ നമ്മുടെ മനസ്സില്‍ ശക്തമായി ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ഈ ആശയാദര്‍ശങ്ങള്‍ എവിടെനിന്നു വന്നു, ജനയിതാവുതന്നെ അവയെ സാകല്യത്തിലെത്തിച്ചോ, ഇന്ന് അവ എത്രത്തോളം വിജയപ്രദമായി നിലനില്ക്കുന്നു-ഇവയെല്ലാം ഇന്ന് സംവാദത്തിനുള്ള ഉചിതമായ പ്രശ്‌നങ്ങളാണ്. ഇടയ്ക്കിടെ പുനഃപരിശോധിക്കേണ്ടതില്ലാത്തത്ര മഹത്തരമാണ് ജവാഹര്‍ലാല്‍ നെഹ്രുവിന് ഇന്ത്യയ്ക്കു മേലുള്ള സ്വാധീനം. അദ്ദേഹത്തിന്റെ പൈതൃകം നമ്മുടേതാണ്- അദ്ദേഹത്തിന്റെ നിലപാടുകളോട് നാം യോജിച്ചാലും ഇല്ലെങ്കിലും. നന്മയ്ക്കുവേണ്ടിയായാലും തിന്മയ്ക്കുവേണ്ടിയായാലും, നാം ഇന്ന് എന്തായിരിക്കുന്നുവോ, അതിന് നമുക്ക് വലിയ തോതില്‍ ഒരാളോട് കടപ്പാടുണ്ട്. ഇത് അദ്ദേഹത്തിന്റെ കഥയാണ്.

Content Highlights: Shahi Tharoor, JawaharLal Nehru, N.Sreekumar, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented