മാതൃഭൂമി ഓണപ്പതിപ്പില്‍ ശശി തരൂരുമായുള്ള അഭിമുഖത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം

ജോണി എം.എല്‍: ' ഭാര്യയുടെ മരണം ഒരു ആഘാതമായിരുന്നു. എങ്ങനെയാണ് അതിനെ തരണം ചെയ്തത്? 

ശശി തരൂര്‍: വേട്ടയാടല്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇടയ്ക്കിടെ അത് തല പൊക്കാറുണ്ട്. ഞാന്‍ അതേക്കുറിച്ച് ഒന്നും പറയാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. ഒരു വനിത, എന്റെ ഭാര്യയായ സുനന്ദാ പുഷ്‌കറിനെക്കുറിച്ച് ഒരു പുസ്തകം എഴുതി. എന്റെ ഭാഗം എന്ത് എന്നറിയുന്നതിനായി അവര്‍ എന്നെ ബന്ധപ്പെട്ടു. ഞാന്‍ ഉത്തരം പറയാന്‍ വിസമ്മതിച്ചു. അങ്ങനെ ഏകപക്ഷീയമായ ഒരു കഥ പുറത്തിറങ്ങി. അതില്‍ സുനന്ദയുടെ കഥയാണ്. അതില്‍ നിറയെ തെറ്റുകളാണുള്ളത്, എന്തിനേറെപ്പറയുന്നു, അവളുടെ ജന്മവര്‍ഷംപോലും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എനിക്കൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല; അത് കോടതിയലക്ഷ്യമാകും. എന്നാല്‍ ഒരു ദിനം എനിക്ക് ആ ചരിത്രം പറയാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. 

എനിക്ക് എന്റെതന്നെ പ്രതിരോധനിര തീര്‍ത്തേ കഴിയൂ. ആ സംഭവം നടന്ന ദിവസങ്ങളില്‍ ഞാന്‍ പത്രവായന അപ്പാടെ നിര്‍ത്തി. മറ്റുള്ളവര്‍ എന്താണ് പറയുന്നത് എന്നറിയാന്‍ എനിക്ക് താത്പര്യം ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ എനിക്ക് ഒന്നും അറിയണമെന്ന ആഗ്രഹം ഉണ്ടായില്ല. ഞാന്‍ പങ്കെടുക്കുന്ന വിരുന്നുസല്‍ക്കാരങ്ങളില്‍ എനിക്കൊപ്പം നില്‍ക്കുന്നവര്‍, സംസാരിക്കുന്നവര്‍ ഒക്കെ ഞാന്‍ പുറത്തേയ്ക്കിറങ്ങുന്ന ഉടന്‍ എനിക്കെതിരേ സംസാരിക്കുന്ന കാര്യം സുഹൃത്തുക്കള്‍ പറഞ്ഞറിയുന്നുണ്ടായിരുന്നു.

എന്റെ ഭാര്യ മരിച്ചപ്പോള്‍ അനുശോചിക്കാന്‍ വന്നവര്‍പോലും വിരുന്നുസല്‍ക്കാരങ്ങളില്‍ പോകുമ്പോള്‍ എനിക്കെതിരേ കൊള്ളാത്ത കാര്യങ്ങള്‍ പറയും. പക്ഷേ, ഈ വസ്തുതയുമായി ചേര്‍ന്ന് ജീവിച്ചേ കഴിയൂ. എനിക്ക് ആളുകളെ മുഖവിലയ്‌ക്കെടുക്കുന്നതാണ് എളുപ്പമായി തോന്നിയിട്ടുള്ളത്. നിങ്ങളോട് നന്നായി പെരുമാറുന്നവരെ നന്നായിത്തന്നെ നിങ്ങള്‍ കരുതൂ. നിങ്ങളുടെ സ്ഥിതസ്വത്വം ആണ് നിങ്ങളുടെ ഏറ്റവും വലിയ സ്വത്ത്. 

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

നിങ്ങള്‍ക്ക് രാവിലെ ഉണര്‍ന്നെഴുന്നേറ്റ് കണ്ണാടിയില്‍ നോക്കി, ഏതൊരു ദൈവത്തെയാണോ നിങ്ങള്‍ ആരാധിക്കുന്നത് അദ്ദേഹത്തോട്, 'ഞാന്‍ ഒരു തെറ്റും ചെയ്തില്ലെന്ന് എനിക്കറിയാം', എന്ന് പറയാന്‍ കഴിയുകയാണ് എങ്കില്‍ അതാണ് നിങ്ങളെ മുന്നോട്ട് നയിക്കാന്‍ പോരുന്ന ശക്തിയാകുന്നത്. 

(വിശദമായ അഭിമുഖം മാതൃഭൂമി ഓണപ്പതിപ്പിൽ വായിക്കാം)

Content Highlights: shashi tharoor about sunanda pushkar death controversy