പെണ്‍കുട്ടികളുടെ ശരീരങ്ങള്‍ മരത്തില്‍ തൂങ്ങിയാടുന്നവിധം; ലിംബാളെയുടെ 'തൊട്ടുകൂടായ്മയുടെ കഥ' 


ശരണ്‍കുമാര്‍ ലിംബാളെകയര്‍ കൊമ്പില്‍ മുറുക്കിക്കെട്ടി ശ്രീരംഗ് താഴേക്കുചാടി. കൊമ്പൊന്നുലഞ്ഞു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം പൂത്തതായിരുന്നു ആ മാവ്. വര്‍ഷങ്ങള്‍ കുറേയായി അതില്‍ മാങ്ങപിടിച്ചിട്ട്. സുനിത ആന്റി, ബാപ്പുവിന്റെ ചെറിയമ്മ, മാവ് പൂത്തതു ശ്രദ്ധിച്ചിരുന്നു

ചിത്രീകരണം: ബാലു

ന്ത്യന്‍ ദളിത് സാഹിത്യത്തിലെ കിടയറ്റ പേരുകളിലൊന്നാണ് ശരണ്‍കുമാര്‍ ലിംബാളെ. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ഇന്ത്യയാണ് ലിംബാളെയുടെ എഴുത്തിലെ മുഖ്യപ്രമേയം. ബ്രാഹ്‌മണികമൂല്യങ്ങള്‍ കെട്ടിപ്പൊക്കുന്ന അധികാരസ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം പ്രസക്തമാണ് തൊട്ടുകൂടായ്മയുടെ കഥ. സവര്‍ണജാതിമതബോധങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന ബഹുസ്വരങ്ങളെ അടയാളപ്പെടുത്തുന്നു ശരണ്‍കുമാര്‍ ലിംബാളെ എഴുതിയ 'ഓ' എന്ന നോവല്‍. മറാത്തിയില്‍ എഴുതിയ നോവല്‍ 'തൊട്ടുകൂടായ്മയുടെ കഥ' എന്ന പേരില്‍ ഷൈമ പി യാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നോവലില്‍ നിന്നും ഒരു ഭാഗം വായിക്കാം.

'ഇവളെ കൊല്ലണം, ഇല്ലെങ്കില്‍ നമ്മള്‍ അകത്താകും.'
'വീണ്ടും ഒരു കുറ്റംകൂടി ചെയ്യാനോ?'
'ഈ മാരണത്തില്‍നിന്നും രക്ഷപ്പെടാന്‍ നമുക്ക് അതേ വഴിയുള്ളൂ. ഇവളെ കൊല്ലണം.'

കഴിഞ്ഞ രണ്ടുമൂന്ന് മണിക്കൂറുകളായി മരണത്തിനപ്പുറമുള്ള ദാരുണ അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയായിരുന്നു അവള്‍. പേടികാരണം അവള്‍ വിറയ്ക്കാന്‍ തുടങ്ങിയിരുന്നു. തന്റെ അഭിമാനം നഷ്ടപ്പെട്ടപോലെ തോന്നി അവള്‍ക്ക്. വേട്ടയാടിയ മൃഗത്തോടെന്നപോലെയാണ് അവര്‍ അവളോടു പെരുമാറിയത്. ഇനിയെന്തു സംഭവിക്കുമെന്ന് ഊഹിക്കാന്‍പോലും അവള്‍ക്കുകഴിഞ്ഞില്ല. അവള്‍ക്കു ശരീരമാസകലം വേദനിച്ചു. തലയ്ക്ക് അനക്കാന്‍ പറ്റാത്തവിധം ഭാരമുള്ളതായി തോന്നി. വന്യമൃഗങ്ങളെന്നപോലെ അവര്‍ അവളെ പൊതിഞ്ഞു. അവരുടെ ക്രൂരമായ കണ്ണുകള്‍ അവളില്‍ തറച്ചു. വേട്ടക്കാരാല്‍ കീഴ്‌പ്പെടുത്തപ്പെട്ട ഒരു ഇരയെപ്പോലെ അവള്‍ അവരുടെ മുന്നില്‍ അനങ്ങാന്‍പറ്റാതെ കിടന്നു. അവരുടെ കണ്ണുകളില്‍ തിളങ്ങിയ ക്രൗര്യം അവരെ കൂടുതല്‍ ഭീകരരാക്കി. ക്രൂരരായ വന്യജീവികളെയാണ് അവള്‍ക്ക് ഓര്‍മ്മ വന്നത്. അവളുടെ അപേക്ഷകള്‍, നിലവിളികള്‍, നിസ്സഹായത, ഒന്നും അവരില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല. കാമം അവരെ ഉന്മത്തരാക്കിയിരുന്നു. തങ്ങളുടെ ശരീരങ്ങളില്‍നിന്ന് അവര്‍ക്കതിനെ എങ്ങനെയെങ്കിലും ഒഴിപ്പിക്കണമായിരുന്നു.

'ഇവളെ എന്തിനാണിനി കൊല്ലുന്നത്. ഇവള്‍ ഇനി നമ്മളെ എന്തുചെയ്യാനാണ്?'
'ഒരുതവണ ഇവളെ ആസ്വദിച്ച സ്ഥിതിക്ക് ഇനിയും അതു തുടരുന്നതില്‍ എന്താണു തടസ്സം?'
'ഇവള്‍ ആരോടെങ്കിലും പറഞ്ഞാലോ?'
'പറഞ്ഞാല്‍ അവളുടെ പുര നമ്മള്‍ ചാമ്പലാക്കും എന്ന് ഇതിനോടകം അവള്‍ മനസ്സിലാക്കിയിട്ടുണ്ടാകും. അല്ലെങ്കിലും നമ്മളോട് ആരാ ചോദിക്കാന്‍ ധൈര്യപ്പെടുക?'
'ഞാന്‍ ആ സാഹസത്തിന് ഒരുക്കമല്ല. എന്തായാലും നടന്നതുനടന്നു. ഇനി ഇവളെ കൊല്ലാതെ വിടുന്നത് അപകടമാണ്. മറ്റൊരു വഴിയുമില്ല. തീകൊണ്ട് കളിക്കാതിരിക്കുന്നതാണ് നല്ലത്.'

'അങ്ങനെയാണെങ്കില്‍ എനിക്ക് ഒരവസരംകൂടി വേണം.'
ശ്രീരംഗ് അവളുടെ മുടിപിടിച്ച് അയാളുടെ അടുത്തേക്കുവലിച്ചു. അവളുടെ മുഖം മരവിച്ചിരുന്നു. വായില്‍ തൂവാല തിരുകിക്കയറ്റിയതുകാരണം അവളുടെ ചുണ്ട് നീരുവന്നു വീര്‍ത്തിരുന്നു. അവരുടെ വിരല്‍പ്പാടുകള്‍ അവളുടെ മുഖത്ത് തിണര്‍ത്തുകിടന്നു. ഒന്നുച്ചത്തില്‍ കരയാന്‍പോലും പറ്റാതെ, അനങ്ങാന്‍പറ്റാതെ അവള്‍ അവരുടെ മുന്നില്‍ കിടന്നു.
'അവളെ വിടൂ.' ഗുരുനാഥ് വാക്കടെ ദേഷ്യപ്പെട്ടു. അയാളായിരുന്നു അവരുടെ നേതാവ്. അയാളുടെ ഇടത്തും വലത്തുമായി ധര്‍മ്മ്യയും ബാപ്പു ദേസായിയും നിന്നു. ശ്രീരംഗ് അവളുടെ മുടിയില്‍നിന്നും പിടിവിട്ടു.

'എന്നെ വിടൂ. വീട്ടില്‍ എല്ലാവരും എന്നെ കാത്തുനില്‍ക്കുകയാവും. ദയവായി എന്നെ പോകാന്‍ അനുവദിക്കൂ.' അവള്‍ കരഞ്ഞപേക്ഷിച്ചു. കൂട്ടബലാത്സംഗത്തിന്റെ ജീവിക്കുന്ന തെളിവായിരുന്നു അവളുടെ ശരീരം. സ്‌ഫോടനത്തില്‍ തരിപ്പണമാക്കപ്പെട്ട ഒരു സ്ഥലം പോലെയായിക്കഴിഞ്ഞിരുന്ന ആ ശരീരം ഗുരുവില്‍ ആശങ്കയുണ്ടാക്കി.

സദ്ബ മഹറിന്റെ മകള്‍ കിരണ്‍ കാംബ്ലേ, ബുദര്‍ഗാദിലെ ശിവാജി കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. കോളേജില്‍നിന്നും സൈക്കിള്‍ ഓടിച്ചുവരുന്ന വഴിയാണ് അവള്‍ അവരുടെ പിടിയിലായത്. ശ്രീരംഗ് അവളുടെ സൈക്കിള്‍ പിടിച്ചുനിര്‍ത്തി. അവള്‍ അതില്‍നിന്നും ഇറങ്ങി ഓടാന്‍ തുടങ്ങുമ്പോഴേക്കും ധര്‍മ്മ്യ അവളുടെ കൈയില്‍ കയറിപ്പിടിച്ചു. ഗുരു അവളുടെ ബാഗ് എടുത്ത് വലിച്ചെറിഞ്ഞു. അവര്‍ അവളെ ബാപ്പു ദേസായിയുടെ പറമ്പിലേക്കാണ് കൊണ്ടുപോയത്. അവള്‍ ഉച്ചത്തില്‍ കരഞ്ഞു. 'മിണ്ടരുത്... ഒരഞ്ചു മിനുട്ട്. അതിനുശേഷം നിനക്കുപോകാം.' ശ്രീരംഗ് ഒരു വഷളന്‍ ചിരിയോടെ പറഞ്ഞു. 'നിനക്കൊന്നും അമ്മയും പെങ്ങന്മാരും ഇല്ലേ?' അവള്‍ കണ്ണീരോടെ ചോദിച്ചു. 'ഒരു മഹര്‍ പെണ്ണ് എങ്ങനെയാണ് നമ്മുടെ അമ്മയോ പെങ്ങളോ ആവുക? നീതന്നെ പറ.' ധര്‍മ്മ്യ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. അവള്‍ നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ ശ്രീരംഗ് അവളുടെ മുഖമടച്ച് ഒന്നുകൊടുത്തു. അവളുടെ കണ്ണില്‍ ഇരുട്ടു കയറി. ഒരവസാന ശ്രമമെന്നനിലയില്‍ അവള്‍ കുതറി ഓടാന്‍ ശ്രമിച്ചു. പക്ഷേ, ഒന്നും ചെയ്യാന്‍ പറ്റാത്തവിധം മൂന്നുപേരും അവളെ പിടിച്ചുവെച്ചു. ഗുരു അവന്റെ തൂവാല അവളുടെ വായില്‍ തിരുകിക്കയറ്റി.

പറമ്പത്ത് പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്ന ബാപ്പു ദേസായി അപ്പോഴേക്കും ഓടിയെത്തി. 'ഇപ്പോ ഇവിടുന്ന് ഇറങ്ങണം എല്ലാവരും.'
ശ്രീരംഗ് അയാളെ കഴുത്തിനുപിടിച്ച് ഭീഷണിപ്പെടുത്തി. 'മിണ്ടിപ്പോകരുത്.' അതോടെ ബാപ്പു അടങ്ങി. 'അങ്ങനെയെങ്കില്‍ എനിക്കും വേണം ഇവളെ. ഇത് എന്റെ സ്ഥലമാണ്.'

'മിണ്ടാതിരി.' പ്രതിഷേധങ്ങള്‍ക്കിടെ ഗുരു അവളുടെ ദുപ്പട്ട ഊരിമാറ്റി. അവള്‍ അവരോടു യാചിച്ചുകൊണ്ടിരുന്നു. തൊഴുത്തിന്റെ മറ്റൊരുഭാഗത്ത് ഒരു പശു അയവിറക്കിക്കൊണ്ടുനിന്നു. ചാണകത്തിന്റെ ചൂര് മുറ്റിനിന്ന ആ തൊഴുത്തിന്റെ ഓടിട്ട മേല്‍ക്കൂരയിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങി. അങ്ങിങ്ങായി എലികള്‍ ഒളിച്ചുകളിച്ചു. വണ്ടിന്റെ ചിറകടി ശബ്ദം അവിടമാകെ പ്രതിദ്ധ്വനിച്ചു. ചിതലരിച്ച മരത്തൂണുകളില്‍നിന്നു പൊടി ഉതിര്‍ന്നു. ഒരു നായ അതിന്റെ വാതില്‍ക്കല്‍ വന്ന് എത്തിനോക്കി.

'നമുക്കുവേഗം പോകാം,' ബാപ്പു തിരക്കുകൂട്ടി. എന്നാല്‍ അയാളെ ആരും ശ്രദ്ധിച്ചതുപോലുമില്ല. അവിടെയുള്ള ഭീകരമായ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് മാവിന്റെ കൊമ്പില്‍ നിന്നൊരു കാക്ക കരഞ്ഞു.

പൊട്ടിയ അണക്കെട്ടിലെ കുത്തൊഴുക്കില്‍ എല്ലാം തകര്‍ന്ന താഴ്വാരംപോലെയായി കിരണ്‍ കാംബ്ലേയുടെ ശരീരം. ബാപ്പു വാതില്‍ തുറന്ന് പുറത്തിറങ്ങി. വിശാലമായ പാടത്ത് ആളനക്കമുണ്ടായിരുന്നില്ല. റോഡും ഏറക്കുറെ ശൂന്യമായിരുന്നു.

'എന്നെ വിടൂ.' അവള്‍ അപേക്ഷിച്ചു. ധര്‍മ്മ്യ അവളെ ചവിട്ടി താഴെയിട്ടു. അവള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ അവളുടെ നെഞ്ചത്തു കയറിയിരുന്നു. അവളുടെ വലത്തേ കൈ ഗുരുവും ഇടത്തേ കൈ ബാപ്പുവും മുറുക്കെ പിടിച്ചു. ധര്‍മ്മ്യ അവളുടെ കഴുത്തുപിടിച്ചു ഞെരിച്ചു. എലികള്‍ പെട്ടെന്ന് നിശ്ശബ്ദരായി. വണ്ടുകള്‍ എങ്ങോട്ടേക്കോ പറന്നുപോയി. ചെവി വട്ടംപിടിച്ചുകൊണ്ട് പശു അവിടെത്തന്നെ നിന്നു. 'നിങ്ങള്‍ പോയിക്കഴിഞ്ഞാല്‍ ഒറ്റയ്ക്ക് ഞാനീ ശവം എന്തുചെയ്യും?'
'അതു കിണറ്റിലെറിഞ്ഞാല്‍ പോരേ?'
'അതുപറ്റില്ല. അതില്‍നിന്നാണ് കുടിക്കാനുള്ള വെള്ളം എടുക്കുന്നത്. വേറെ എവിടെയെങ്കിലും കൊണ്ടിടുന്നതാണ് നല്ലത്.'

'എവിടെയിടാന്‍? വേറെ എവിടെക്കൊണ്ടിട്ടാലും ആളുകള്‍ പെട്ടെന്നു കണ്ടുപിടിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.'
'നമുക്കീ ശവം മരത്തില്‍ കെട്ടിത്തൂക്കാം. അവള്‍ ആത്മഹത്യചെയ്തതാണെന്ന് ആള്‍ക്കാര്‍ കരുതിക്കൊള്ളും.'
'എന്തായാലും എന്റെ പറമ്പില്‍ പറ്റില്ല.'
'അധികം സംസാരിച്ചാല്‍ നീയാണ് ഇതു ചെയ്തതെന്ന് ഞങ്ങള്‍ എല്ലാവരോടും പറയും, മനസ്സിലായോ?' ധര്‍മ്മ്യ ബാപ്പുവിനെ ഭീഷണിപ്പെടുത്തി.
'പിന്നെന്തുചെയ്യും?'
'നീ വേവലാതിപ്പെടാതെ. ഗുരു ഉണ്ടല്ലോ ഞങ്ങളുടെ കൂടെ. പിന്നെന്താണ് പ്രശ്‌നം. നീ വീട്ടില്‍പോയി വിശ്രമിച്ചോ. ഈ ശവത്തിന്റെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം.' ശ്രീരംഗ് അവനെ ആശ്വസിപ്പിച്ചു.

'വര്‍ത്താനം പറഞ്ഞ് സമയംകളയാതെ ശവം കെട്ടിത്തൂക്കുന്നതിനെക്കുറിച്ച് ആലോചിക്ക്.'
സഹകരിക്കാതെ ബാപ്പുവിനു മറ്റൊരു വഴിയില്ലെന്നായി. അയാള്‍ തൊഴുത്തില്‍പോയി ഒരു കയറെടുത്തു വന്നു. ധര്‍മ്മ്യ ഒരു കുരുക്കുണ്ടാക്കി അത് ശവത്തിന്റെ കഴുത്തിലിട്ടു. ശ്രീരംഗ് അടുത്തുള്ള മരത്തിലേക്കുവലിഞ്ഞുകയറി. നിര്‍ദ്ദേശം കൊടുത്തുകൊണ്ട് ബാപ്പു കൂടെത്തന്നെ നിന്നു. 'ഈ കൊമ്പല്ല, അതല്ല.'

ശ്രീരംഗ് ഒരു കൊമ്പിന്റെ ഇരുവശത്തുമായി കാലുംതൂക്കി ഇരുന്നു. ആ മരത്തിലുണ്ടായിരുന്ന കിളികളും കാക്കകളും ഒച്ചപ്പാടാക്കിക്കൊണ്ട് പറന്നുപോയി. അപ്പോഴും പശു അയവിറക്കിക്കൊണ്ട് എല്ലാത്തിനും സാക്ഷിയായി നിന്നു. മരങ്ങളും ചെടികളും മിണ്ടുന്നതു നിര്‍ത്തി, മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെന്നപോലെ. ഗുരുവും ധര്‍മ്മ്യയുംകൂടി ശവത്തെ ഏറ്റിവന്നു. ബാപ്പു മരത്തിന്റെ മുകളില്‍നിന്ന് കയറിന്റെ ഒരറ്റം ശ്രീരംഗിന് എറിഞ്ഞുകൊടുത്തു. 'പിടിച്ചോ.' ശ്രീരംഗ് കയറിന്റെ മറ്റേയറ്റം എത്തിച്ചുപിടിച്ചു. മാവിന്റെ ഇലകള്‍ ആകെയൊന്ന് ഇളകി.

കയര്‍ കൊമ്പില്‍ മുറുക്കിക്കെട്ടി ശ്രീരംഗ് താഴേക്കുചാടി. കൊമ്പൊന്നുലഞ്ഞു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം പൂത്തതായിരുന്നു ആ മാവ്. വര്‍ഷങ്ങള്‍ കുറേയായി അതില്‍ മാങ്ങപിടിച്ചിട്ട്. സുനിത ആന്റി, ബാപ്പുവിന്റെ ചെറിയമ്മ, മാവ് പൂത്തതു ശ്രദ്ധിച്ചിരുന്നു. മാങ്ങപിടിക്കുന്നതിനായി അവര്‍ കാത്തുനിന്നു. എന്നാല്‍ മാങ്ങയ്ക്കുപകരം അതില്‍ തൂങ്ങിയത് ഒരു ശവമാണ്. ഒരു തോക്കുപോലെ അതു മരത്തില്‍നിന്നും തൂങ്ങിനിന്നു. മരത്തിന്റെ തൊട്ടുതാഴെ വന്നുനിന്ന ഒരു പട്ടി ശവത്തെത്തന്നെ നോക്കി.

ധര്‍മ്മ്യയും ശ്രീരംഗും ഗുരുവും ചെടികളുടെ മറപിടിച്ച് ഒരു ഇടവഴിയിലൂടെ ഓടി. അവരുടെ പിന്നാലെ ബാപ്പുവും. കിരണിന്റെ ബാഗ് അപ്പോഴും വഴിയിലെവിടേയോ വീണു കിടപ്പുണ്ടായിരുന്നു. അവളുടെ ചെരിപ്പും അവള്‍ ഓടിച്ചിരുന്ന സൈക്കിളും അവളുടെ വായിലേക്കു തിരുകിക്കയറ്റാന്‍ ഉപയോഗിച്ച തൂവാലയും അവിടവിടെയായി കിടന്നു.

ബാപ്പു അന്ന് വീട്ടിലേക്കു പോയില്ല. ഭൈരവ്‌നാഥ് അമ്പലം ചുറ്റിപ്പറ്റി അയാള്‍ ആ ദിവസം കഴിച്ചു. കുറച്ചുസമയം അവന്‍ അമ്പലത്തിനു മുന്നിലുള്ള ആല്‍മരത്തിനു ചുറ്റുമായി കെട്ടിയ ഇരുത്തിയില്‍ ഇരുന്നു. കുറേ കാട്ടുപ്രാവുകള്‍ അമ്പലത്തിനുമുകളില്‍ പറന്നിറങ്ങി. ഇരുന്നു മടുത്തപ്പോള്‍ ബാപ്പു തൊട്ടടുത്ത് കിണറുള്ള ഭാഗത്തേക്കുനടന്നു. കിണറിനുള്ളില്‍ ഒരു ആമയും അതിന്റെ കുഞ്ഞുങ്ങളും പിന്നെ നാലഞ്ച് മീനും നീന്തിക്കളിച്ചു. ആഴമുള്ള ആ കിണറ്റിലെ വെള്ളം നോക്കി ബാപ്പു കുറേസമയം നിന്നു. രണ്ടുതവളകള്‍ എവിടെനിന്നോ പ്രത്യക്ഷപ്പെട്ടു. വെള്ളത്തില്‍ നിറയെ കരിയിലകളായിരുന്നു. കിണറിന്റെ ചുമരില്‍ പ്രാവുകള്‍ കൂടുകെട്ടി. കുറേസമയം ബാപ്പു ഇതൊക്കെ നോക്കിനിന്നു. പകല്‍ കഴിയാന്‍ പിന്നെയും സമയം നീണ്ടുകിടന്നു. ഇരുട്ടുപരക്കുന്നതും കാത്ത് അവന്‍ അവിടെത്തന്നെ നിന്നു.

Content Highlights: sharankumar limbale novel thottukoodaymayude kadha translio shyma p mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented